യച്ചൂരി മുതൽ കനയ്യ വരെ; പോരാട്ടവീര്യം ജെഎൻയുവിന്റെ ജനിതകഗുണം
എന്തിനെക്കുറിച്ചും ചർച്ചകൾ. അതാണ് ജെഎൻയുവിന്റെ സ്വഭാവം. നക്സലിസത്തെക്കുറിച്ചായാലും ജനാധിപത്യത്തെക്കുറിച്ചായാലും സംവാദങ്ങൾക്കാണ് അവിടെ പ്രാധാന്യം. മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ ജെഎൻയുവിലെ പൂർവവിദ്യാർഥികളാണ്. ധനകാര്യ മന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും. ..JNU
എന്തിനെക്കുറിച്ചും ചർച്ചകൾ. അതാണ് ജെഎൻയുവിന്റെ സ്വഭാവം. നക്സലിസത്തെക്കുറിച്ചായാലും ജനാധിപത്യത്തെക്കുറിച്ചായാലും സംവാദങ്ങൾക്കാണ് അവിടെ പ്രാധാന്യം. മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ ജെഎൻയുവിലെ പൂർവവിദ്യാർഥികളാണ്. ധനകാര്യ മന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും. ..JNU
എന്തിനെക്കുറിച്ചും ചർച്ചകൾ. അതാണ് ജെഎൻയുവിന്റെ സ്വഭാവം. നക്സലിസത്തെക്കുറിച്ചായാലും ജനാധിപത്യത്തെക്കുറിച്ചായാലും സംവാദങ്ങൾക്കാണ് അവിടെ പ്രാധാന്യം. മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ ജെഎൻയുവിലെ പൂർവവിദ്യാർഥികളാണ്. ധനകാര്യ മന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും. ..JNU
കനയ്യ കോൺഗ്രസിലേക്കു പോയപ്പോൾ നഷ്ടപ്പെട്ടത് ഒരു തരി കനൽ മാത്രമെന്നൊക്കെ സിപിഐ നേതാക്കൾ പറയുന്നുണ്ടാവാം. പക്ഷേ, സിപിഐക്കാരുടെ ഉള്ളിലുണ്ടായ പൊള്ളൽ ഒരു തീഗോളം പതിച്ചുണ്ടായത്ര വലുതാണ്. ജെഎൻയുവിൽനിന്നുള്ള നേതാക്കൾക്ക് കമ്യൂണിസ്റ്റ് പാർട്ടികളിൽ പഞ്ഞമില്ല. പക്ഷേ, കൂടുതലും സിപിഎമ്മിലാണെന്നു മാത്രം. രാജ്യത്തെ മറ്റു യൂണിവേഴ്സിറ്റികളിൽനിന്നു വ്യത്യസ്തമായി ജെഎൻയുവിൽനിന്നു മാത്രമെന്തേ ഇത്രയധികം രാഷ്ട്രീയക്കാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരുമെല്ലാം ഉണ്ടാകുന്നു? ഉത്തരം ലളിതമാണ്; അതാണ് ജെഎൻയു.
ചുവടുമാറാതെ ഇടതുറച്ച്
രാജ്യത്ത് എന്തു സംഭവങ്ങളുണ്ടായാലും ഉടൻ പ്രതിഷേധിക്കാനാണെങ്കിലും പ്രതികരിക്കാനാണെങ്കിലും ജെഎൻയുവിലെ വിദ്യാർഥികളുണ്ട്. അതിൽതന്നെ കൂടുതലും കമ്യൂണിസ്റ്റ് അനുഭാവികളും. 1969ൽ സ്ഥാപിതമായതിനുശേഷം ചുരുക്കം അവസരങ്ങളിലൊഴികെ ജെഎൻയു സ്റ്റുഡന്റ് യൂണിയന്റെ ഭരണം ഇടതു വിദ്യാർഥി സംഘടനകളിൽ, പ്രത്യേകിച്ച് എസ്എഫ്ഐയുടെ കൈകളിലായിരുന്നു. രാജ്യത്തു പല സംസ്ഥാനങ്ങളിൽനിന്നും ഇടതുപക്ഷം തുടച്ചുനീക്കപ്പെട്ടപ്പോഴും ജെഎൻയുവിന്റെ സ്വഭാവത്തിനു മാറ്റമുണ്ടായില്ല.
1969ൽ യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ അധ്യാപകരായി നിയമിക്കപ്പെട്ടവരിലധികവും കൽക്കട്ട പ്രസിഡൻസി കോളജിൽനിന്നുള്ളവരായിരുന്നു. കമ്യൂണിസ്റ്റ് കോട്ടയിൽനിന്നെത്തിയ ആ അധ്യാപകരാകാം ജെഎൻയുവിന് അടിസ്ഥാനപരമായ വിപ്ലവ സ്വഭാവം സംഭാവന ചെയ്തത്. സംവാദത്തിന്റെയും പ്രതിഷേധത്തിന്റെയും അന്തരീക്ഷം അന്നുമുതലേ അവിടെയുള്ളതാണ്. അതിന്നും നിലനിന്നുപോരുന്നു.
ഇന്ദിരയെ വിറപ്പിച്ച യച്ചൂരി
ഇപ്പോൾ സിപിഎം സെക്രട്ടറിയായ സിതാറാം യച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കാലത്ത് സാക്ഷാൽ ഇന്ദിരാ ഗാന്ധിയുടെ വീടിനു മുൻപിൽ പോയി സമരംചെയ്തു വിജയം കൊയ്ത ചരിത്രമുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് ഇന്ദിര അധികാരത്തിനു വെളിയിലായി. ജനതാ സർക്കാർ അധികാരത്തിലെത്തി. പക്ഷേ, ജെഎൻയു ചാൻസലർ സ്ഥാനം ഇന്ദിര ഒഴിഞ്ഞില്ല. പ്രതിഷേധവുമായി യച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്ദിരയുടെ വീടിനു മുൻപിലെത്തി. വീട്ടിൽനിന്നിറങ്ങി വന്ന ഇന്ദിരയെ വിദ്യാർഥികളുടെ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം യച്ചൂരി വായിച്ചു കേൾപ്പിച്ചു. ക്ഷമയോടെ അവർ കേട്ടുനിന്നു. എന്തായാലും പിറ്റേന്നുതന്നെ ഇന്ദിര രാജിവച്ചു.
കനലുകൾ ഇനിയുമുണ്ട്
‘ആകെയുണ്ടായിരുന്ന ഒരു കനലും നഷ്ടപ്പെട്ടു’ എന്ന് സിപിഐയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളിറങ്ങി. പക്ഷേ, സത്യം അതല്ല. ജെഎൻയുവിൽനിന്നുള്ള കനലുകൾ ഇനിയും കമ്യൂണിസ്റ്റ് പാർട്ടികളിൽ ധാരാളമുണ്ട്. അധികവും സിപിഎമ്മിലാണെന്നു മാത്രം. കേരളത്തിൽ പട്ടാമ്പി എംഎൽഎ സിപിഐ അംഗം മുഹമ്മദ് മുഹ്സിൻ ജെഎൻയുവിൽ കനയ്യയ്ക്കൊപ്പം പഠിച്ചയാളാണ്. കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ സാമാജികനായിരുന്നു അദ്ദേഹം.
സിപിഐ സെക്രട്ടറി ഡി. രാജയുടെ മകൾ അപരാജിത രാജ ജെഎൻയു വിദ്യാർഥിനിയായിരുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. നിലവിലെ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗം ഡോ.ജിനു സക്കറിയ ഉമ്മൻ 2001–02ൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. എഐഎസ്എഫ് ദേശീയ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
കർഷകസമര നായകൻ വിജു
കേരളക്കാർക്ക് അത്ര പരിചയമില്ലാത്ത ഒരു മലയാളി നേതാവുണ്ട് സിപിഎമ്മിൽ; വിജു കൃഷ്ണൻ. രക്തസാക്ഷികളുടെ നാടായ കരിവെള്ളൂരിൽനിന്നുള്ള പോരാട്ട വീര്യം. അടുത്തകാലത്ത് ഇന്ത്യ കണ്ട ഉജ്വല കർഷക സമരങ്ങളുടെയെല്ലാം സംഘാടകനായി ഇദ്ദേഹമുണ്ടായിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയന്റെ 1998–99 കാലത്തെ പ്രസിഡന്റ്. എസ്എഫ്ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അധ്യക്ഷനായിരുന്നു. ഇപ്പോൾ സിപിഎം കേന്ദ്രക്കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം. അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി.
മഹാരാഷ്ട്രയിൽ ഏതാനും വർഷംമുൻപ് ചെങ്കൊടിയേന്തി കർഷകർ ലോങ് മാർച്ചുനടത്തി കടലുപോലെ ഒഴുകിയെത്തിയതിന്റെ ചിത്രങ്ങൾ പലരും മറന്നിട്ടുണ്ടാവില്ല. പിന്നീട് ഉത്തരേന്ത്യയിൽ നടന്ന ഒട്ടേറെ കർഷക സമരങ്ങളുടെയെല്ലാം മുൻനിരയിൽ ഈ നേതാവുണ്ടായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം കോൺഗ്രസിന് ഭരണം കിട്ടാൻ പ്രധാന കാരണവും ഈ സമരങ്ങളായിരുന്നു. ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽനിന്ന് ബിരുദമെടുത്ത വിജു അതേ കോളജിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് തലവനായിരിക്കെ ജോലി രാജിവച്ചാണ് കർഷക പ്രക്ഷോഭങ്ങളുടെ നായകസ്ഥാനം ഏറ്റെടുത്തത്.
ബംഗാളിലെ തീപ്പൊരി
ഫീസ് വർധനവിനും നിയന്ത്രണങ്ങൾക്കുമെതിരെ ജെഎൻയു വിദ്യാർഥികൾ നടത്തിയ സമരത്തെ തോൽപിക്കാൻ മുഖംമൂടിയണിഞ്ഞ അക്രമികൾ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റു ചോരയൊലിപ്പിച്ചുനിന്ന ഒരു തീപ്പൊരി പെൺകുട്ടിയെ ആരും മറന്നിട്ടുണ്ടാവില്ല. ജെഎൻയു യൂണിയൻ പ്രസിഡന്റായിരുന്ന അയിഷെ ഘോഷ്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരിക്കെത്തന്നെ അവർ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
മോദിക്കൊപ്പവും
തീവ്ര ഇടതു പ്രത്യയശാസ്ത്രത്തിന്റെ ഈറ്റില്ലമാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമെല്ലാം ജെഎൻയു ക്യാംപസിനെക്കുറിച്ച് ബിജെപി നേതാക്കൾ ആരോപണമുന്നയിക്കുമ്പോഴും മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ ജെഎൻയുവിലെ പൂർവവിദ്യാർഥികളാണ്. ധനകാര്യ മന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും. തീർന്നില്ല, ഉദ്യോഗസ്ഥരിൽ നിതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്തടക്കം വലിയൊരു നിര ജെഎൻയുവിൽനിന്നുള്ളവരാണ്.
കോൺഗ്രസിൽ
കോൺഗ്രസിലുമുണ്ടായിരുന്നു ജെഎൻയു നേതാക്കൾ. അവരിൽ പ്രധാനി യൂത്ത് കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റ് അശോക് തൻവർ. യൂത്ത് കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് . പിന്നീട് ഹരിയാന പിസിസി പ്രസിഡന്റ് ആയ അദ്ദേഹം പക്ഷേ, അടുത്തകാലത്ത് പാർട്ടിവിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. അങ്കമാലി എംഎൽഎ റോജി.എം.ജോണും ജെഎൻയുവിലെ കോൺഗ്രസ് സാന്നിധ്യമായിരുന്നു. 2006ൽ അദ്ദേഹം ജെഎൻയു എൻഎസ്‌യുഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ ജെഎൻയു എൻഎസ്‌യുഐ വൈസ് പ്രസിഡന്റായും. കനയ്യയെ അറസ്റ്റ് ചെയ്ത സമയത്ത് ക്യാംപസിൽനടന്ന സമരപരമ്പരയിലും റോജി ശക്തമായ സാന്നിധ്യമായിരുന്നു.
പൂർവവിദ്യാർഥികൾ അതിർത്തി കടന്നും
രാജ്യങ്ങളുടെ തലവൻമാർ മുതൽ നൊബേൽ ജേതാക്കളുടെ വരെ പട്ടികയിൽ ജെഎൻയുവിലെ പൂർവ വിദ്യാർഥികളുണ്ട്. നേപ്പാൾ പ്രധാനമന്ത്രിയായിരുന്ന ബാബുറാം ഭട്ടറായി, ലിബിയൻ പ്രധാനമന്ത്രിയായിരുന്ന അലി സെദാൻ, നൊബേൽ ജേതാവ് അഭിജിത് ബാനർജി, മാഗ്സസെ അവാർഡ് ജേതാവായ പത്രപ്രവർത്തകൻ പി. സായിനാഥ്, മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു, മനേകാ ഗാന്ധി... പ്രമുഖരായ പൂർവ വിദ്യാർഥികൾ ഒട്ടേറെ.
വേറിട്ട ജെഎൻയു
എന്തിനെക്കുറിച്ചും ചർച്ചകൾ. അതാണ് ജെഎൻയുവിന്റെ സ്വഭാവം. നക്സലിസത്തെക്കുറിച്ചായാലും ജനാധിപത്യത്തെക്കുറിച്ചായാലും സംവാദങ്ങൾക്കാണ് അവിടെ പ്രാധാന്യം. ക്യാംപസിലെ സംവാദങ്ങളിൽനിന്ന് ഊർജമുൾക്കൊണ്ട വിദ്യാർഥികൾ ആ സ്വഭാവം ഇന്ത്യയുടെ രാഷ്ട്രീയ സിരകളിലേക്ക് പ്രവഹിപ്പിക്കുന്നു. ആവശ്യം പറയാനെത്തിയ സീതാറാം യച്ചൂരിക്കു മുൻപിൽ കൈകെട്ടി അക്ഷോഭ്യയായി ഇന്ദിര നിന്നത് ജെഎൻയുവിന്റെ ജനാധിപത്യ സ്വഭാവത്തോടുള്ള ബഹുമാനംകൊണ്ടു കൂടിയാവാം.
അടുത്തിടെ ഡൽഹി ഐഐടിക്കു മുൻപിലെ മെട്രോ റെയിൽവേ സ്റ്റേഷന്റെ പേര് ഒരു എൻട്രൻസ് കോച്ചിങ് സെന്ററിന്റെ പേരിലാക്കി. അതിന്റെ പേരിൽ ഒരു പ്രക്ഷോഭവും ഉണ്ടായില്ല. ഈ നടപടിയെ ഐഐടി ഡയറക്ടർ കോടതിയിൽ ചോദ്യംചെയ്യുകയാണുണ്ടായത്. ഇതേ സംഭവം ജെഎൻയുവിന്റെ മുൻപിലായിരുന്നെങ്കിലോ! വിദ്യാർഥികൾ മാറിമാറി വരും. പക്ഷേ, പ്രതികരിക്കാനുള്ള കഴിവ്. അത് ജെഎൻയുവിന്റെ ജനിതക ഗുണമാണ്.
English Summary: Why JNU is a Left bastion and an Active Campus Space in India? Here is the Story and Leaders Behind that