കോഴിക്കോടിന്‍റെ മലയോരത്ത് കനത്തമഴ; തിരുവമ്പാടി ടൗണില്‍ വെള്ളംകയറി
Mail This Article
കോഴിക്കോട്∙കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ കനത്ത മഴ. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ രണ്ട് തെങ്ങുകൾ ഇടിമിന്നലേറ്റു കത്തി നശിച്ചു. മലയോര മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വിവിധ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ടുണ്ടായെങ്കിലും കടകളിലേയ്ക്ക് വെള്ളം കയറിയിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ വ്യാപാരികള്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മഴ ശമിക്കാത്തതിനാല്‍ വെള്ളക്കെട്ടിന് കാര്യമായ കുറവുണ്ടായിട്ടില്ല.
കൊടിയത്തൂര്‍ എട്ടാം വാര്‍ഡിലെ ഷാനവാസിന്‍റെയും സുരേഷിന്‍റെയും വീട്ടുപറമ്പിലുണ്ടായിരുന്ന തെങ്ങുകളാണ് ഇടിമിന്നലേറ്റു കത്തിനശിച്ചത്. ഉടന്‍ പൊലിസെത്തി തെങ്ങിനു താഴെയുണ്ടായിരുന്ന വാഹനങ്ങളെല്ലാം മാറ്റി. ആളുകളെയും തല്‍ക്കാലത്തേയ്ക്ക് ഒഴിപ്പിച്ചു. ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ തന്നെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണു നിര്‍ദേശം. വീടിന്‍റെ ടെറസിന്‍റെ മുകളിലും തുറസായ സ്ഥലങ്ങളിലും നില്‍ക്കുന്നതു പൂര്‍ണമായും ഒഴിവാക്കണം. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണു നിര്‍ദേശം.
English Summary: Kozhikode rain updates