അന്ന് വലിയ ശബ്ദം, നീളത്തിൽ ഭൂമി പിളർന്നു, ചുമർ വിണ്ടുകീറി; ഭയന്നു ജീവിക്കണോ ഇവർ?
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമൊപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കുടി ഭയപ്പെടേണ്ട സ്ഥിതിയിലാണ് മലയോര ജനത. ഭൂമി വിണ്ടുകീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കറുകണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ...
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമൊപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കുടി ഭയപ്പെടേണ്ട സ്ഥിതിയിലാണ് മലയോര ജനത. ഭൂമി വിണ്ടുകീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കറുകണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ...
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമൊപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കുടി ഭയപ്പെടേണ്ട സ്ഥിതിയിലാണ് മലയോര ജനത. ഭൂമി വിണ്ടുകീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കറുകണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ...
‘മഴ, കട്ടൻ ചായ, ജോൺസൻമാഷ്...’ മഴക്കാലത്തെ സൂപ്പർഹിറ്റ് ട്രോളുകളിലൊന്നിലെ വാചകങ്ങളാണിത്. മനോഹരമായ മഴച്ചിത്രവും ഈ വാചകങ്ങളും കാണുമ്പോൾ നെഞ്ചുപിടയ്ക്കുന്നവുരുമുണ്ട് നമ്മുടെ മലയോരത്ത്. പുറത്തു മൂടിക്കെട്ടി മഴപെയ്യുമ്പോൾ നേർത്ത സംഗീതത്തോടെ അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല ഇവരാരും. ഏതു നിമിഷവും നിരങ്ങി നീങ്ങാവുന്ന മണ്ണ്, വിള്ളൽ വീഴാവുന്ന പുരയിടം, അപകടമുണ്ടാകുമ്പോൾ മാത്രം വന്നുപോകുന്ന അധികൃതർ... പതിറ്റാണ്ടിലേറെയായി പ്രശ്നം ഗുരുതരമായി തുടരുമ്പോഴും പുനരധിവാസത്തിനോ ശാസ്ത്രീയ പഠനം നടത്തി പരിഹാരം കണ്ടെത്തുന്നതിനോ ശ്രമങ്ങളുണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഭൂമി പിളർന്നു, കിണർ ഇടിഞ്ഞു...
ഒരായുസ്സിന്റെ അധ്വാനവും ബാങ്ക് വായ്പയും സ്വരൂക്കൂട്ടിയാണ് മാരിപ്പുറത്ത് ജോസഫ് കണ്ണൂർ പയ്യാവൂരിലെ ഷിമോഗ കോളനിയിൽ വീടു പണി തുടങ്ങിയത്. അതൊന്നു പൂർത്തിയാക്കാൻപോലും കഴിയാതെ വാടകവിട്ടീലേക്ക് പറിച്ചെറിയപ്പെട്ടിട്ട് വർഷം രണ്ടായി. 2019 ഓഗസ്റ്റ് 8നായിരുന്നു ജോസഫിന്റേത് ഉൾപ്പെടെ 9 കുടുംബങ്ങളെ വഴിയാധാരമാക്കി ഭൂമി പിളർന്നത്. കിണർ ഇടിഞ്ഞു താണു, വീടിനും തൊഴുത്തിനും വിള്ളൽ.. ഏക്കറുകണക്കിന് സ്ഥലത്ത് നീളത്തിൽ മണ്ണു പിളർന്ന സ്ഥിതി.. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ.
സംഭവമറിഞ്ഞ് പഞ്ചായത്ത്, പൊലീസ്, റവന്യു അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ജിയോളജി വിഭാഗം പ്രദേശത്ത് ദിവസങ്ങളോളം പരിശോധന നടത്തി. വിള്ളലുകളിലേക്ക് മഴവെള്ളമിറങ്ങുന്നത് മണ്ണിടിച്ചിലുണ്ടാക്കുമെന്നും ഇവിടെ താമസിക്കുന്നത് അപകടകരമാണെന്നും ജിയോളജി വിഭാഗം വിലയിരുത്തി. തുടർന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. വീടു മാറണമെന്നു കലക്ടർ നിർദേശിച്ചു. വാടക നൽകാമെന്ന ഉറപ്പും നൽകി. എന്നാൽ വർഷം രണ്ടു പിന്നിട്ടിട്ടും ഒരു മാസത്തെ പോലും വാടകത്തുക ഇവർക്കു ലഭിച്ചിട്ടില്ല.
വീടുപണിക്കായി ഗ്രാമീണ ബാങ്കിൽനിന്നു 3 ലക്ഷം രൂപ വായ്പയെടുത്തിരുന്നു ജോസഫ്. വാടകവീട്ടിലേക്കു മാറിയതോടെ തിരിച്ചടവു മുടങ്ങി. ഇപ്പോൾ പലിശ സഹിതം അടയ്ക്കാനുള്ള തുക 5 ലക്ഷത്തോളമായി. 75 വയസ്സുള്ള ജോസഫിന് അറിയാവുന്ന തൊഴിൽ കൃഷിയാണ്. ഈ പ്രായത്തിലും മണ്ണിലിറങ്ങാൻ മടിയുമില്ല. എന്നാൽ സ്വന്തം പറമ്പിൽ തൂമ്പയെടുത്തു കിളയ്ക്കാൻ ഇവർക്ക് അനുമതിയില്ല. റബർ വെട്ടാൻ പോലും പറമ്പിലേക്കു വരാൻ പറ്റാത്ത സ്ഥിതിയിൽ കാട്ടുപന്നി ശല്യമാണ്. വീടും പറമ്പും വാങ്ങാനും ആരും വരാത്ത സ്ഥിതി. കാർഷിക വായ്പയെടുത്ത കുടുംബങ്ങളുമുണ്ട് കൂട്ടത്തിൽ. കൃഷി നിലച്ചതോടെ തിരിച്ചടവു മുടങ്ങി അവരും കടക്കെണിയിലാണ്.
പുരയിടത്തോടു ചേർന്ന് മൂന്നേക്കർ ഭൂമിയിൽ 43,000 രൂപ വായ്പയെടുത്താണ് കമുക് കൃഷി ചെയ്തതെന്നു വടയാട്ടുകുന്നേൽ മാത്യു പറയുന്നു. ഭൂമി താഴാൻ തുടങ്ങിയതോടെ കമുകെല്ലാം ചരിഞ്ഞു വീഴാൻ തുടങ്ങി. ഇതോടെ കൃഷി ഉപേക്ഷിക്കേണ്ടിവന്നു. നഷ്ടപരിഹാരത്തിനായി പലവട്ടം ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും വാഗ്ദാനങ്ങൾക്കപ്പുറം ഒന്നും സംഭവിച്ചില്ല. അവസാനം വായ്പയെടുത്ത തുക 3.65 ലക്ഷമായി തിരിച്ചടയ്ക്കാൻ നോട്ടിസ് ലഭിച്ചതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ ഇടപെട്ടതോടെ തുക ഒന്നര ലക്ഷമായി കുറച്ചു. മൂന്നിരട്ടി തുക അടച്ച് കടബാധ്യത തീർത്തെങ്കിലും രണ്ടേക്കറോളം ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ് മാത്യു ഇപ്പോൾ.
ലൈഫ് പദ്ധതിയിലാണ് വെൺമരക്കോട്ടിൽ ബൈജുവിനു വീട് ലഭിച്ചത്. പണി പൂർത്തിയായി ദിവസങ്ങൾകക്കം ബൈജുവും കുടുംബവും വീടുവിട്ടിറങ്ങേണ്ടി വന്നു. പീടിയേക്കൽ ആന്റണി, തോമസ് വെളുത്തോടത്തുപറമ്പിൽ, ബേബി ഏർത്തുകോട്ടയിൽ, ജോസ് പീടിയേക്കൽ, ജീവൻരാജ് വെള്ളാപ്പള്ളി, മൈക്കിൾ ഐപ്പൻപറമ്പിൽ, പുരുഷോത്തമൻ വെട്ടുകല്ലുംപുറത്ത് എന്നിവരുടെ കുടുംബങ്ങളും വാടക വീടുകളിലാണ്. വീട്ടുപറമ്പിലെ ആദായം പോലും എടുക്കാൻ കഴിയാതെ ഇനിയും വാടകവീടുകളിൽ തുടരാൻ കഴിയില്ലെന്ന് ഇവർ പറയുന്നു. ഉറപ്പുകളൊന്നും പാലിച്ചില്ലെങ്കിലും ചെറുമഴ പെയ്യുമ്പോഴേക്കും ഇവരുടെ ഫോണുകളിലേക്ക് വില്ലേജിൽനിന്നു വിളിയെത്തും, ആരും സ്വന്തം വീടുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ. ആ വിളിയിൽ തീരും സർക്കാരിന്റെ ജാഗ്രതയെന്നും ഇവർ പറയുന്നു.
നിലതെറ്റി ഭൂമി, അനങ്ങാതെ അധികൃതർ
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമൊപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കൂടി ഭയപ്പെടേണ്ട സ്ഥിതിയിലാണ് മലയോര ജനത. ഭൂമി വിണ്ടുകീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കറുകണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനോ നഷ്ടപരിഹാരം നൽകാനോ കൃത്യമായ നടപടികളില്ലാത്തത് ജനജീവിതത്തിനുണ്ടാക്കുന്ന ഭീഷണി ചെറുതല്ല.
പഠനസംഘങ്ങൾ മുറതെറ്റാതെ എത്തുന്നുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പിനപ്പുറം മണ്ണിടിച്ചിൽ സംബന്ധിച്ചോ ഭൂമി ഇടിഞ്ഞു താഴുന്നതു സംബന്ധിച്ചോ കൃത്യമായ മുന്നറിയിപ്പു നൽകാനുള്ള സംവിധാനങ്ങളും നിലവിലില്ല. വർഷങ്ങളായി താമസിച്ചിരുന്ന വീടും കൃഷി ചെയ്തിരുന്ന മണ്ണും വിട്ട് പോകേണ്ടിവരുന്നവരിൽ വളരെ ചെറിയ ശതമാനത്തിനു മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
മണ്ണിടിച്ചിൽ ഭീഷണിയിൽ 24 സ്ഥലങ്ങൾ
മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്നു തയാറാക്കിയ പട്ടികയിൽ ജില്ലയിലെ 24 കേന്ദ്രങ്ങളുണ്ട്. ഇതിൽ ഇരിട്ടി താലൂക്കിലെ മൂന്നു പ്രദേശങ്ങൾ അതീവ അപകടാവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. അതീവ അപകടാവസ്ഥയിലെന്നാണ് മുന്നറിയിപ്പു നൽകിയിരിക്കുന്ന സ്ഥലങ്ങള്‍ ചുവടെ:
1) അയ്യൻകുന്ന് വില്ലേജിലെ ബാരാപോൾ പാലത്തുംകടവ്, പാറക്കാമല ഭാഗങ്ങൾ
2) കണിച്ചാർ വില്ലേജിലെ കണ്ടത്തോട്
3) കേളകം പഞ്ചായത്തിലെ പതിനൊന്നാം വാർഡ്, മേലേകണ്ടന്തോട് (വെള്ളൂന്നി) മേഖലകൾ
4) കൊട്ടിയൂർ വില്ലേജിലെ മേലേചപ്പനമല ഭാഗം
ശാന്തിഗിരി, മേമല, ചപ്പമല, നരിക്കോട്ടുമല തുടങ്ങിയ മേഖലകളും അപകടസാധ്യതാ പട്ടികയിലുണ്ട്. ഇരിട്ടി താലൂക്കിലെ അറബിക്കുളം, എടക്കാനം, എടപ്പുഴ–കരിക്കോട്ടക്കരി, അനപ്പന്തിക്കവല, കൈലാസംപടി, കണ്ടപ്പനം, ഉരുപ്പുംകുറ്റി, വാളത്തോട്, കാലാങ്കി, തേർമല, തളിപ്പറമ്പ് താലൂക്കിലെ അരീക്കാമല, പൈതൽമല, പുറത്തോടി, പയ്യാവൂർ വില്ലേജിലെ മടക്കോളി, മുക്കുഴി, തേനൻകയം, കണ്ണൂർ താലൂക്കിലെ മുഴപ്പിലങ്ങാട് എച്ച്എസ്എസ് ഭാഗം എന്നിവയും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളാണെന്നു പട്ടികയിൽ പറയുന്നു.
ആളില്ലാതെ ജിയോളജി വിഭാഗം
മൺസൂൺ ആരംഭിക്കുന്ന ജൂൺ മുതലാണ് ഇത്തരത്തിലുള്ള പ്രതിഭാസങ്ങളും ആരംഭിക്കുക. എന്നാൽ ജൂൺ മുതൽ ജില്ലയിൽ ജിയോളജിസ്റ്റ് തസ്തികയിൽ ആളില്ല. കാസർകോട്ടെ ജിയോളജിസ്റ്റിന് ആഴ്ചയിൽ 2 ദിവസം ചുമതല നൽകിയാണ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം. മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിലും ജീവനക്കാർ കുറവാണ്. കൊട്ടിയൂരിലെ നെല്യോടി മലകയറി ആലക്കോട്ടെ മലയോരം വരെ ഒരേ ദിവസം ഓടിയെത്താൻ കഴിയാത്ത വിസ്തൃതമായ ഭൂപ്രദേശത്താണ് സർക്കാരിന്റെ ഈ ആളില്ലാ അഭ്യാസം.
അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തക്ക സമയത്ത് എത്താൻ ഇവർക്കു കഴിയാറില്ല. പിന്നീട് ദുരന്തമായി മാറുമ്പോൾ വൻ സംഘമായി പരിശോധന നടത്തും. എന്നാൽ തുടർ നടപടികളെടുക്കാനും അവയുടെ പുരോഗതി വിലയിരുത്താനും ഭൂമിയിൽ മറ്റെന്തെങ്കിലും മാറ്റം വരുന്നുണ്ടോ എന്നു പരിശോധിക്കാനും ആരും പിന്നീട് വന്നിട്ടില്ലെന്ന് ദുരന്തസാധ്യതാ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലുള്ളവർ പറയുന്നു.
മണ്ണിന്റെ മനസ്സുമാറ്റത്തിന്റെ നാൾവഴി
2007ൽ നിയോ ടെക്‌ടോനിസം
അയ്യംകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ 15 ഏക്കറോളം സ്ഥലത്ത് ഭൂമി വിണ്ടുകീറുന്നതും താഴുന്നതും ശ്രദ്ധയിൽപ്പെട്ടത് 14 വർഷങ്ങൾക്കു മുൻപ് 2007 ജൂലൈയിലായിരുന്നു. മലയാള മനോരമ വാർത്തയെത്തുടർന്ന് സംഭവത്തിന്റെ ഗുരുതരാവസ്ഥ അന്നത്തെ കലക്ടർ ഇഷിത റോയ് സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്തി. തുടർന്ന് സംസ്‌ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്‌ഞർ സ്ഥലത്തെത്തി പഠനം നടത്തി. 2007 ഒക്ടോബറിൽ ഇവർ സർക്കാരിനു റിപ്പോർട്ട് നൽകി.
പാലത്തുംകടവിലേത് നിയോ ടെക്‌ടോനിസം എന്ന പ്രതിഭാസമാണെന്നായിരുന്നു ഇവരുടെ പ്രാഥമിക നിഗമനം. ഭൂമിയിൽ ചെറിയ പുതുചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ഭൂമിയുടെ ചെരിവ് 28 ഡിഗ്രിയാണ്. അതിനാലാണ് വൻപൊട്ടൽ ഉണ്ടാവാത്തത്. മാത്രമല്ല ഭൂമിയുടെ നിരങ്ങൽ വളരെ സാവകാശവുമാണ്. പ്രദേശത്ത് ഉരുൾ പൊട്ടലിന് സാധ്യതയുണ്ട്. എന്നാൽ ഗുരുതരമല്ല.
വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഭൂമിക്കടിയിൽ പുഴയ്‌ക്ക് സമാനമായ ഒഴുക്ക് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനാൽ ഭൂമിയിൽനിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുക മാത്രമാണ് വഴിയുള്ളത്. നൂറ്റാണ്ടുകൾക്ക് മുൻപ് മൂടപ്പെട്ടുപോയ നീരൊഴുക്കാവാം ഇത്. പ്രശ്‌നം പരിഹരിക്കണമെങ്കിൽ കോടികൾ ചെലവു വരും. മാത്രമല്ല ഇത്തരം സംവിധാനം കേരളത്തിൽ നിലവിലില്ല. നടയ്‌ക്കൽ ജോസഫ്, വടയാറ്റുകുന്നേൽ സെബാസ്‌റ്റ്യൻ എന്നിവരുടെ വീടുകൾ ഏതു സമയവും തകർന്നു വീണ് ദുരന്തം വരുത്തിയേക്കാമെന്ന മുന്നറിയിപ്പും സംഘം നൽകിയിരുന്നു. തുടർന്ന് ഇവർ ഇവിടെ നിന്നു താമസം മാറി.
എന്നാൽ സമീപത്തെ വീടുകളിലുള്ളവർ ഇന്നും ഭയപ്പാടോടെ ഓരോ മഴക്കാലവും തള്ളിനീക്കുകയാണ്. അക്കാലത്തുതന്നെ കൊട്ടിയൂരിലെ ചപ്പമല, കേളകത്തെ ശാന്തിഗിരി എന്നിവിടങ്ങളും സമാനമായ രീതിയിൽ വിള്ളലുകളും ഭൂമി താഴലും സംഭവിച്ചിരുന്നു. തുടർന്ന് സംഘം ഈ പ്രദേശങ്ങളും സന്ദർശിച്ചു. പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുണ്ടെന്നും ആധുനിക ഉപകരണങ്ങൾ ഉൾപെടെ സജ്‌ജീകരിച്ചുകൊണ്ടുള്ള വിശദമായ പഠനവും ജിയോളജിക്കൽ ഫിസിക്കൽ സർവേയും നടത്തിയാൽ മാത്രമേ വ്യക്‌തമായ ചിത്രം ലഭ്യമാകൂ എന്നു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പിന്നീട് കാര്യമായൊന്നും നടന്നില്ല.
2018ലെ വിള്ളൽ
രണ്ടു ദിവസത്തോളം തുടരെപ്പെയ്ത മഴയ്ക്കുശേഷം ഓഗസ്റ്റ് 10നാണ് കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിലെ കൈലാസം പടിയിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ വ്യാപിച്ചതോടെ പ്രദേശത്തെ ഇരുപതോളം വീടുകൾ അപകടാവസ്ഥയിലായി. നാൽപതിലധികം കുടുംബങ്ങളെ ശാന്തിഗിരി സ്കൂളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പരിശോധനകൾ മുറതെറ്റാതെ നടന്നു. 2 വീടുകൾ പൂർണമായി തകർന്നു. ഇവരെ പിന്നീട് സർക്കാർ സഹായത്തോടെ മാറ്റി പാർപ്പിച്ചു.
പത്തോളം കുടുംബങ്ങൾ പല തവണയായി ഇവിടെനിന്നു താമസം മാറി. ഓഗസ്റ്റ് 17ന് ആണ് അമ്പായത്തോട് മേഖലയിൽ വിള്ളൽ കണ്ടത്. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. നാൽപതോളം കുടുംബങ്ങളെ താൽക്കാലികമായി മാറ്റി പാർപ്പിച്ചു. വിള്ളൽ വികസിക്കാതിരുന്നതിനാൽ പിന്നീട് ഗൗരവതരമായ പരിശോധകളോ നടപടികളോ ഉണ്ടായില്ല. പലരും അവിടെനിന്ന് താമസം മാറ്റി. അന്നുതന്നെയാണ് കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടിക്കു സമീപം കണ്ടപ്പുനം മേലെ ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത്. ഈ വിള്ളലിന് താഴെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായി തകർന്നു. മറ്റൊരു വീട് ഭാഗികമായും തകർന്ന് വാസയോഗ്യമല്ലാതായി.
ഒട്ടേറെ വീടുകൾ ഒറ്റപ്പെടുകയും മുപ്പതോളം കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താൽക്കാലിക അഭയം തേടുകയും ചെയ്തു. വീട് നഷ്ടപ്പെട്ട 2 പേർക്കും വീടു വയ്ക്കാൻ നാട്ടുകാരുടെയും സർക്കാരിന്റെയും സഹായം ലഭിച്ചെങ്കിലും പ്രദേശത്ത് മണ്ണിടിച്ചിൽ ഭീതി ബാക്കിയാണ്. പാലത്തുംകടവ് മേഖലയിലും വീണ്ടും ഭൂമി വിണ്ടുകീറലും താഴലും സംഭവിച്ചു. ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം പരിശോധിച്ചു മടങ്ങിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
2019ൽ ഭൂമി വിണ്ടുകീറി
പയ്യാവൂർ പഞ്ചായത്തിലെ ഷിമോഗ കോളനിയിൽ ഭൂമി വിണ്ടു കീറിയത് 2019 ഓഗസ്റ്റ് 8ന് ആയിരുന്നു. രാവിലെ 9ന് വലിയ ശബ്ദം കേട്ടു. ഭിത്തിയിലും ഭൂമിയിലും വിള്ളൽ. മുറ്റത്തും തൊഴുത്തിലും വിള്ളൽ. തൊഴുത്ത് ഏത് സമയവും വീഴാവുന്ന നിലയിൽ. പല സ്ഥലത്തും ഇതേ പ്രതിഭാസം. പഞ്ചായത്ത്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രദേശവാസികളെ മാറ്റി. ജിയോളജി വിഭാഗം പ്രദേശത്ത് ദിവസങ്ങളോളം പരിശോധന നടത്തി. തുടർന്ന് പ്രദേശവാസികൾ മാറിത്താമസിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
2020ൽ റോഡിൽ ഗുഹ
ഉളിക്കൽ–അറബി-കോളിത്തട്ട്-പേരട്ട റോഡു പണിക്കിടെ 2020 സെപ്റ്റംബറിലാണ് റോഡിൽ ഗുഹ കണ്ടെത്തിയത്. ഇതോടെ സമീപത്തെ ബിബി ഇഞ്ചിക്കാല, കരുണാകരൻ കരിന്താറ്റിൽ എന്നിവരുടെ വീടുകൾ ഭീഷണിയിലുമായി. ജീവഭയം കാരണം ഇവർ സ്വന്തംനിലയിൽ വീടുമാറി. ഒരു വർഷത്തോളം ഗുഹ അതേപടി കിടന്നതോടെ ഇവർക്ക് ഇപ്പോഴും സ്വന്തം വീടുകളിലേക്കു തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല.
കേന്ദ്ര റോഡ് ഫണ്ടിൽനിന്നു 13 കോടി രൂപ മുടക്കിയാണ് 10 കിലോമീറ്റർ റോഡ് നിർമാണം ആരംഭിച്ചത്. ഗുഹ കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവാഹമായിരുന്നു. എംഎൽഎ, എംപി തുടങ്ങിയ ജനപ്രതിനിധികളും ജിയോളജി, പുരാവസ്തു, ദുരന്ത നിവാരണം, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സോയിൽ പൈപ്പിങ് പ്രതിഭാസമാണ് കാരണമെന്ന് കണ്ടെത്തി.
ദുരന്ത നിവാരണ അതോറിറ്റി മുഖേന ഫണ്ട് കണ്ടെത്തി നവീകരണം നടത്തുന്നതിനായിരുന്നു പിന്നീടുള്ള ശ്രമം. ഇത്രയും കാലം റോഡു പണിയും തടസപെട്ടു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മരാമത്ത് ദേശീയപാതാ വിഭാഗം നിലവിലെ ഫണ്ട് ഉപയോഗപ്പെടുത്തി ഗുഹ അടയ്ക്കാനുള്ള നടപടി ആരംഭിച്ചു. ഗുഹ കണ്ടെത്തിയ ഭാഗം ഇടിച്ചു നിരത്തി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ഗുഹ അടയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഒരു മാസം മുൻപ് പ്രവൃത്തി ആരംഭിച്ചു. റോഡ് അടച്ചിട്ട് നടക്കുന്ന പ്രവൃത്തി, 2 മാസം കൊണ്ട് പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
നടന്നത് പഠനം മാത്രം, നടപടികളില്ല
അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ 2018ൽ ഭൂമി താഴ്ന്നതിനെത്തുടർന്ന് പഠനം നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ പറഞ്ഞു. പ്രദേശത്തെ സ്ഥിതി സംഘത്തെയും റവന്യു അധികൃതരെയും ബോധ്യപ്പെടുത്തിയിരുന്നു. ഇപ്പോഴും മഴക്കാലത്ത് ഇതേ പ്രതിഭാസം നിലനിൽക്കുന്നുണ്ട്. എന്നാൽ കൃഷി നാശത്തിന് ഉൾപ്പെടെ നഷ്ടപരിഹാരം നൽകണമെന്ന ഇവരുടെ ആവശ്യം ഇതേവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
English Summary: Geological Disturbances in Kannur; No Govt. Sources to Solve the Problem