ഉധം സിങ്: ഒ‘ഡയറിന്റെ ജീവനെടുത്ത പ്രതികാരക്കനൽ, പഞ്ചാബിന്റെ ‘സിംഹക്കുട്ടി’
യൂറോപ്പില്‍ രണ്ടാം മഹാ ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു. ഡയറിനെ വധിക്കാന്‍ നിരവധി അവസരങ്ങള്‍. ഉധം തന്റെ കൃത്യമായ ഊഴത്തിനായി കാത്തിരുന്നു. പൊതുസ്ഥലത്തുവച്ച് ഡയറെ വധിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുക എന്നതായിരുന്നു ഉധമിന്റെ പദ്ധതി. ഒടുവില്‍ ആ ദിവസമെത്തി.. Udham Singh
യൂറോപ്പില്‍ രണ്ടാം മഹാ ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു. ഡയറിനെ വധിക്കാന്‍ നിരവധി അവസരങ്ങള്‍. ഉധം തന്റെ കൃത്യമായ ഊഴത്തിനായി കാത്തിരുന്നു. പൊതുസ്ഥലത്തുവച്ച് ഡയറെ വധിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുക എന്നതായിരുന്നു ഉധമിന്റെ പദ്ധതി. ഒടുവില്‍ ആ ദിവസമെത്തി.. Udham Singh
യൂറോപ്പില്‍ രണ്ടാം മഹാ ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു. ഡയറിനെ വധിക്കാന്‍ നിരവധി അവസരങ്ങള്‍. ഉധം തന്റെ കൃത്യമായ ഊഴത്തിനായി കാത്തിരുന്നു. പൊതുസ്ഥലത്തുവച്ച് ഡയറെ വധിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുക എന്നതായിരുന്നു ഉധമിന്റെ പദ്ധതി. ഒടുവില്‍ ആ ദിവസമെത്തി.. Udham Singh
ഭഗത് സിങ്, സുഖ് ദേവ്, ചന്ദ്രശേഖര്‍ ആസാദ്... ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിപ്ലവത്തിന്റെ തീജ്വാലയായി മാറിയ പേരുകൾ. ഇവർക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുന്ന ഒരു പേരു കൂടിയുണ്ട്– ‘രക്തസാക്ഷികളുടെ രാജാവ്’ എന്നറിയപ്പെട്ട ഉധം സിങ്. കൊലക്കുറ്റത്തിന് ബ്രിട്ടിഷുകാര്‍ തൂക്കിലേറ്റുമ്പോഴും പതറാതെ, നെഞ്ചുവിരിച്ചുനിന്ന ധീരനേതാവ്. നിസ്സാരക്കാരനെയല്ല അദ്ദേഹം കൊലപ്പെടുത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നോവിക്കുന്ന ഓര്‍മയായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കു നിർദേശം നല്‍കിയ, പഞ്ചാബ് ലഫ്. ഗവർണറായിരുന്ന മൈക്കിള്‍ ഒ'ഡയറിനെ.
കൂട്ടക്കൊല നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് ഡയറിന്റെ രാജ്യത്തെത്തി ഉധം തന്റെ പ്രതികാരത്തിന്റെ നിറയൊഴിച്ചത്. ഷൂജിത് സര്‍ക്കാര്‍ ഒരുക്കിയ ‘സര്‍ദാര്‍ ഉധം സിങ്’ എന്ന ചിത്രത്തിലൂടെ മഹാനായ ആ വിപ്ലവകാരിയെ രാജ്യം വീണ്ടും ഓര്‍ക്കുകയാണ്. ആരും അറിയാത്ത, പറയാത്ത കഥ വെള്ളിത്തിരയില്‍ തെളിഞ്ഞതോടെ ഉധമിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ അദ്ദേഹത്തിന്റെ ചരിത്രം തേടുകയാണ്.
പഞ്ചാബിന്റെ ‘സിംഹക്കുട്ടി’
1899 ഡിസംബര്‍ 26ന് പഞ്ചാബിലെ സംക്രൂര്‍ ജില്ലയിലെ സുനാം ഗ്രാമത്തിലായിരുന്നു ഉധം സിങ്ങിന്റെ ജനനം. റെയില്‍വേ വാച്ച്മാനായ സര്‍ദാര്‍ തെഹല്‍ സിങ്ങിന്റെ രണ്ടാമത്തെ മകന്‍. അവര്‍ അവനു പേരിട്ടത് ഷേര്‍ സിങ് എന്നായിരുന്നു. അവന്റെ ഏഴാം വയസ്സില്‍ മാതാവും 13-ാം വയസ്സില്‍ പിതാവും മരിച്ചതോടെ ഷേര്‍ സിങ്ങും സഹോദരന്‍ മുക്താ സിങ്ങും ഒറ്റപ്പെട്ടു. പിന്നീട് ഇരുവരുടെയും ജീവിതം അമൃത്‌സറിലെ പുതലിഗറിലുള്ള സെന്‍ട്രല്‍ ഖല്‍സ അനാഥാലയത്തിൽ. അവിടെവച്ച് ഷേര്‍ സിങ് എന്ന പേര് ഉപേക്ഷിച്ച് ഉധം സിങ് എന്ന നാമം സ്വീകരിച്ചു. മുക്താ സിങ് സാധു സിങ് ആയും മാറി. പത്തു വര്‍ഷത്തിന് ശേഷം ജ്യേഷ്ഠന്റെ മരണം ഉധമിനെ പൂര്‍ണമായും ഒറ്റപ്പെടുത്തി. 1918ല്‍ മെട്രിക്കുലേഷന്‍ പാസായി. 1919ല്‍, ഇരുപതാം വയസ്സിൽ ഉധം അനാഥാലയം വിട്ടു.
ബിരുദധാരി, ഇലക്ട്രീഷ്യന്‍, എൻജിനീയര്‍, വെല്‍ഡര്‍
ഉധം സിങ്ങിന്റെ വിദ്യാഭ്യാസ യോഗ്യത അവ്യക്തമാണ്. ചരിത്രകാരന്‍ നവതേജ് സിങ്ങിന്റെ പുസ്തകത്തില്‍ (Challenge to imperial hegemony: The life story of a great Indian patriot Udham Singh) അമൃത്‌സറിലെ ഖല്‍സ കോളേജില്‍ ഉധം പഠിച്ചുവെന്നാണ് പറയുന്നത്. ഒരു ബ്രിട്ടിഷ് രേഖ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് വിദ്യാഭ്യാസമില്ലെന്ന് ഉധം തന്നെ പറഞ്ഞതായും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മറ്റു ചില രേഖകളില്‍ ഇലക്ട്രീഷ്യന്‍, എൻജിനീയര്‍, വെല്‍ഡര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ഉധമിന് ഉറുദു, ഇംഗ്ലിഷ്, ഗുര്‍മുഖി ഭാഷകളില്‍ നന്നായി എഴുതാന്‍ കഴിവുണ്ടെന്നും ഇംഗ്ലിഷ് നന്നായി സംസാരിക്കുമെന്നും നവതേജ് സിങ്ങിന്റെ പുസ്തകത്തില്‍ പറയുന്നു.
പ്രതികാരത്തിന്റെ തുടക്കം
1919, ഏപ്രില്‍ 13. കോണ്‍ഗ്രസ് നേതാക്കളെ റൗലറ്റ് നിയമപ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരുപറ്റം ആളുകള്‍ അമൃത്‌സറിലെ ജാലിയന്‍ വാലാ ബാഗില്‍ ഒത്തുചേര്‍ന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. ജാഥയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ അനാഥാലയത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഉധമും ഉണ്ടായിരുന്നു. പൊടുന്നനെയായിരുന്നു കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നരവേട്ട.
ജാലിയൻ വാലാ ബാഗിൽ കൂടിയവർക്കു നേരെ, ബ്രിട്ടിഷ് സൈന്യം തുടരെ നിറയൊഴിച്ചു. മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. സുഹൃത്തുക്കള്‍ അടക്കമുള്ള ഉറ്റവരുടെ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്നത് നോക്കിനില്‍ക്കാനേ ആ പത്തൊന്‍പതുകാരനു കഴിഞ്ഞുള്ളൂ. അന്ന് പഞ്ചാബ് ലഫ്. ജനറലായിരുന്ന മൈക്കിള്‍ ഒ'ഡയറിന്റെ നിർദേശ പ്രകാരമായിരുന്നു റെജിനാൾഡ് ഡയറിന്റെ വെടിവയ്പ്. മാത്രവുമല്ല, പിന്നീട് പല വേദികളിലും തന്റെ തീരുമാനത്തെ ഒ'ഡയർ ന്യായീകരിക്കുകയും ചെയ്തു. ജാലിയൻ വാലാ ബാഗ് സംഭവത്തോടെയാണ് ബ്രിട്ടിഷ് ഭരണകൂടത്തോടും ഒ'ഡയറോടുമുള്ള വെറുപ്പ് ഉധമില്‍ ആഴ്ന്നിറങ്ങിയത്.
പല പേരില്‍ പലയിടങ്ങളില്‍...
പ്രായത്തില്‍ ഇളയവനായ ഭഗത് സിങ് ആയിരുന്നു ഉധമിന്റെ ആരാധനാപാത്രം. ബ്രിട്ടിഷ് ഭരണത്തെ അട്ടിമറിക്കാന്‍ ഇന്ത്യന്‍ വിപ്ലവകാരികളെ സംഘടിപ്പിക്കാനായി ഉധം വിദേശയാത്രകള്‍ നടത്തി. യാത്രകളെല്ലാം കള്ളപാസ്പോർട്ടുകളുടെ ബലത്തിൽ. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഉധം അറിയപ്പെട്ടിരുന്നത്. ഉദാന്‍ സിങ്, ഉദയ് സിങ്, ഫ്രാങ്ക് ബ്രസീല്‍ എന്നിങ്ങനെ..!
അമേരിക്കയില്‍ ഗദര്‍ വിപ്ലവപ്രസ്ഥാനത്തില്‍ മൂന്നുവര്‍ഷം പ്രവർത്തിച്ച ശേഷം 1927ല്‍ ഭഗത് സിങ്ങിനാല്‍ ആകര്‍ഷിതനായി ഇന്ത്യയിലേക്ക് എത്തി. ഓഗസ്റ്റില്‍ തോക്കുകളുമായി ഉധമിനെ അമൃത്‌സറില്‍ അറസ്റ്റ് ചെയ്തു. ബോള്‍ഷെവിക്കുകളെപ്പോലെ ഇംപീരിയലിസ്റ്റ് ബ്രിട്ടിഷുകാരെ തുരത്തുകയെന്നതാണ് ലക്ഷ്യമെന്ന് കോടതിമുറിയില്‍ ഉധം തുറന്നടിച്ചു. ഇതിന്റെ പരിണിത ഫലം നാലുവര്‍ഷത്തെ ജയില്‍വാസമായിരുന്നു. ഇതിനിടയ്ക്കാണ് 1931 മാര്‍ച്ച് 2ന് ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും തൂക്കിലേറ്റുന്നത്. ഒക്ടോബര്‍ 23ന് ജയില്‍മോചിതനായ ഉധം, മുഹമ്മദ് സിങ് ആസാദ് എന്ന പേരില്‍ സൈന്‍ബോര്‍ഡ് പെയിന്റ് കട തുറന്നു. ഒപ്പം രഹസ്യമായി വിപ്ലവപ്രവര്‍ത്തനം ശക്തമാക്കി.
പഞ്ചാബ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഉധം 1934ല്‍ ജര്‍മനിയിലേക്കും അവിടെനിന്ന് ഇറ്റലി-ഫ്രാന്‍സ് വഴി ലണ്ടനിലേക്കും കടന്നു. കിഴക്കന്‍ ലണ്ടനിലെ വൈറ്റ് ചാപ്പലിലെ ആഡ്‌ലര്‍ തെരുവില്‍ താമസം തുടങ്ങി. അവിടത്തെ ഒരു ഇരുമ്പ് ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തു. ലണ്ടനിൽ പലയിടങ്ങളിലായി പല ജോലികളും ചെയ്തായിരുന്നു അന്നത്തെ ജീവിതം. നിരോധിത സംഘടനയായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസോസിയേഷന്റെ (എച്ച്എസ്ആർഎ) ഭാഗമായും ഉധം പ്രവർത്തിച്ചു. എല്ലാറ്റിനും പിന്നിൽ ഒരേ ഒരു ലക്ഷ്യം– മൈക്കല്‍ ഒ'ഡയറിന്റെ മരണം.
കാത്തിരുന്ന നിമിഷം...
യൂറോപ്പില്‍ രണ്ടാം മഹാ ലോകയുദ്ധത്തിന്റെ തുടക്കമായിരുന്നു. ഡയറിനെ വധിക്കാന്‍ നിരവധി അവസരങ്ങള്‍. ഉധം തന്റെ കൃത്യമായ ഊഴത്തിനായി കാത്തിരുന്നു. പൊതുസ്ഥലത്തുവച്ച് ഡയറെ വധിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ ലോകത്തോടു വിളിച്ചു പറയുകയും ചെയ്യുക എന്നതായിരുന്നു ഉധമിന്റെ പദ്ധതി. ഒടുവില്‍ ആ ദിവസമെത്തി. 1940 മാര്‍ച്ച് 13. കാക്സ്റ്റണ്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടെയും സംയുക്ത യോഗത്തില്‍ പ്രസംഗകരില്‍ ഒരാളായി മൈക്കിള്‍ ഒ'ഡയര്‍ എത്തി.
ക്ലീന്‍ ഷേവ് ചെയ്ത് കറുത്ത കോട്ടും തൊപ്പിയും ധരിച്ച് കയ്യിൽ ഒരു തടിച്ച പുസ്തകവുമായി ഉധമും ഹാളില്‍ പ്രവേശിച്ചു. പുസ്തകത്തിന്റെ പേജുകള്‍ പാകത്തില്‍ വെട്ടിമാറ്റി അവിടെ റിവോള്‍വര്‍ ഒളിപ്പിച്ചായിരുന്നു വരവ്. വൈകുന്നേരം മൂന്നോടെ യോഗം തുടങ്ങി. 450ഓളം പേര്‍ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ ഏറ്റവും പുറകിലായി ഉധം സ്ഥാനം പിടിച്ചു. മീറ്റിങ് അവസാനിച്ച് ആളുകള്‍ എഴുന്നേറ്റു. സ്റ്റേറ്റ് ഫോര്‍ ഇന്ത്യ സെക്രട്ടറി സെറ്റ്‌ലാന്‍ഡ് പ്രഭുവിനടുത്തേക്ക് സംസാരിക്കാനായി ഒ'ഡയര്‍ നീങ്ങി. ഈ സമയം ഉധം അയാളുടെ അടുത്തെത്തി പുസ്തകത്തില്‍ ഒളിപ്പിച്ച റിവോള്‍വര്‍ എടുത്ത് രണ്ടു വട്ടം വെടിയുതിര്‍ത്തു.
ജനറല്‍ ഡയറിന്റെ മരണത്തിന് അതു മതിയായിരുന്നു. പ്രഭുവിനു നേരെയും വെടിയുതിര്‍ത്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. വെടിവയ്പില്‍ സര്‍ ലൂയിസ് ഡാനും ലാമിങ്ടണ്‍ പ്രഭുവിനും പരുക്കേറ്റു. സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ഉധം ശ്രമിച്ചില്ല. പൊലീസ് വളഞ്ഞു. ഉധമിനെ പിടികൂടി. വലിച്ചിഴച്ചു കൊണ്ടുപോകുമ്പോള്‍ ഉധം ചിരിക്കുകയായിരുന്നു. പിന്നീടു ലോകപ്രശസ്തമായി ആ ദൃശ്യം.
(ചരിത്രകാരന്‍ സിക്കന്ദര്‍ സിങ് 2007ല്‍ പുറത്തിറക്കിയ ഉധം സിങ്ങിനെക്കുറിച്ചുള്ള A great patriot and martyr udham singh എന്ന പുസ്തകത്തില്‍ ഡയറിന്റെ കൊലപാതകത്തിന് ഒരു ദിവസം മുൻപ്, ഉധം തന്റെ സുഹൃത്തുക്കളെ പരമ്പരാഗത പഞ്ചാബി ഭക്ഷണം കഴിക്കാനായി ക്ഷണിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദിവസം അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. സല്‍ക്കാരം കഴിഞ്ഞ് സുഹൃത്തുക്കള്‍ പോകുമ്പോള്‍, അടുത്ത ദിവസം ലണ്ടന്‍ ഒരു അദ്ഭുതത്തിന് സാക്ഷ്യം വഹിക്കുമെന്നും ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അടിത്തറ കുലുങ്ങുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു)
വിമര്‍ശിച്ച് ഗാന്ധിജി
ഡയറിന്റെ മരണം ലോകത്തും ഇന്ത്യയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഉധം ആരാണെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അത്രത്തോളം വാര്‍ത്താ പ്രാധാന്യം സംഭവത്തിനു ലഭിച്ചു. സംഭവത്തില്‍ ഗാന്ധിജി ഞെട്ടല്‍ രേഖപ്പെടുത്തി. ഈ അതിക്രമം വേദനിപ്പിക്കുന്നതാണെന്നും ഭ്രാന്തന്‍ പ്രവൃത്തിയാണെന്നുമാണ് ഗാന്ധിജി പറഞ്ഞത്. ജവഹര്‍ലാല്‍ നെഹ്‌റുവും ഉധമിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു.
‘കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയില്‍. ദേശീയനയത്തിന്റെ ഉപാധിയായാണ് അഹിംസയെ കാണുന്നത്’- നെഹ്‌റു നാഷനല്‍ ഹെറാള്‍ഡില്‍ ഇങ്ങനെയാണ് എഴുതിയത്. എന്നാല്‍ സുഭാഷ് ചന്ദ്രബോസ് ഉധമിനെ ന്യായീകരിക്കുകയാണുണ്ടായത്. ഇന്ത്യയില്‍ പലയിടങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.
‘ഡൗണ്‍ വിത്ത് ബ്രിട്ടിഷ് ഇംപീരിയലിസം’
1940 ഏപ്രില്‍ 1ന്, ജനറല്‍ ഒ'ഡയറിനെ വധിച്ച കുറ്റം ഉധം സിങ്ങിനുമേല്‍ ചുമത്തപ്പെട്ടു. വിചാരണ സമയത്ത് യഥാര്‍ഥ പേരെന്താണെന്ന് ചോദിച്ചപ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ഐക്യവും നാനാത്വവും ഉള്‍ക്കൊള്ളിച്ച് ‘റാം മുഹമ്മദ് സിങ് ആസാദ്’ എന്നാണ് ഉധം മറുപടി നല്‍കിയത്. എന്തെങ്കിലും പറയാനുണ്ടോ, ചെയ്തതില്‍ കുറ്റബോധം ഉണ്ടോ എന്ന ചോദ്യത്തിന് ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെ ഒരു പ്രസംഗംതന്നെ അദ്ദേഹം കോടതിയില്‍ നടത്തി. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെക്കുറിച്ചും രാജ്യത്തെ വിഭജിക്കാനുള്ള ഇംഗ്ലിഷുകാരുടെ കുതന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.
താന്‍ ബ്രിട്ടിഷ് ജനതയ്‌ക്കെതിരല്ലെന്നും എന്നാല്‍ ബ്രിട്ടിഷ് സര്‍ക്കാരിനെതിരാണെന്നും ഉധം പറഞ്ഞു. പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് കേസ് പരിഗണിച്ച അറ്റ്കിന്‍സണ്‍ അറിയിച്ചെങ്കിലും ഉധം നിർത്തിയില്ല. ഒടുവില്‍ കോടതി വധശിക്ഷ വിധിച്ചു. ഉധമിന്റെ വാക്കുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു. വിധി കേട്ട ഉധം കോടതിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു... ‘ഡൗണ്‍ വിത്ത് ബ്രിട്ടിഷ് ഇംപീരിയലിസം, ഡൗണ്‍ വിത്ത് ബ്രിട്ടിഷ് ഡേര്‍ട്ടി ഡോഗ്‌സ്... ഈങ്ക്വിലാബ് സിന്ദാബാദ്, ഈങ്ക്വിലാബ് സിന്ദാബാദ്....’
അവസാന നിമിഷം...
സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ വാദം നടന്ന 42 ദിവസവും ബ്രിക്സ്റ്റണ്‍ ജയിലില്‍ ഉധംസിങ് നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. താന്‍ നടത്തിയ കൊലപാതകത്തെ ന്യായീകരിച്ച സിങ് അതില്‍ ഒരിക്കലും ഖേദം പ്രകടിപ്പിച്ചില്ല. ജയിലില്‍ കഴിഞ്ഞ കാലമത്രയും നിരന്തര പീഡനങ്ങള്‍... ഒടുവില്‍ 1940 ജൂലായ് 31ന് പെന്റോണ്‍വില്ലെ ജയിലില്‍വച്ച് ഉധം സിങ് തൂക്കുകയര്‍ ഏറ്റുവാങ്ങി.
ഉധം സിങ് സിന്ദാബാദ്...
മരണത്തിലും അണഞ്ഞില്ല ആ വിപ്ലവജ്വാല. ഇന്ത്യയില്‍ ഒരു വിഭാഗം ആളുകള്‍ ഉധമിനെ വാഴ്ത്തിത്തുടങ്ങിയിരുന്നു. ജാലിയന്‍ വാലാബാഗിന്റെ 21-ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാം നഗറില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഉധമിന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സ്വാതന്ത്ര്യപോരാളി എന്നാണ് ലണ്ടന്‍ ടൈംസ് ഉധമിനെ വിശേഷിപ്പിച്ചത്. ജര്‍മന്‍ റേഡിയോ പ്രക്ഷേപണം ചെയ്തത് ഇങ്ങനെ: ‘ഇന്ത്യക്കാര്‍ ആനകളെപ്പോലെയാണ്. ശത്രുക്കളെ ഒരിക്കലും മറക്കില്ല. 20 വര്‍ഷം കഴിഞ്ഞാലും അവര്‍ പകവീട്ടും...’
English Summary: Udham Singh: All you Need to Know about Revolutionary who Killed Michael O'Dwyer