വർഷം 2018; സൗദിയിൽ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായി.......Sukumara Kurup

വർഷം 2018; സൗദിയിൽ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായി.......Sukumara Kurup

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 2018; സൗദിയിൽ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായി.......Sukumara Kurup

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ഒരുറപ്പുമില്ലാത്ത അന്വേഷണം– 37 വർഷമായി ‘കുറുപ്പി’നു വേണ്ടി പൊലീസ് നടത്തുന്ന തിരച്ചിലുകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ആ അന്വേഷണങ്ങൾക്കൊടുവിൽ സുകുമാരക്കുറുപ്പിന് ഒരു വിശേഷണവും കിട്ടി, കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപ്പുള്ള‍ി. സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം ഇതിനകം പല സിനിമകൾക്കും കഥകൾക്കും നോവലുകൾക്കും പ്രചോദനമായിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേത്. 1984 ജനുവരി 21ന് അർധരാത്രി കൊല്ലപ്പെട്ട ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിന്റെയും ക്രൂരമായ ആ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെയും ജീവിതത്തിലേക്ക്...

സുകുമാരക്കുറുപ്പിന്റെ ‘കു’പ്രസിദ്ധ കഥ

ADVERTISEMENT

ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകന്റെ യഥാർഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേരുമ്പോഴും അയാളുടെ പേര് അതായിരുന്നു. എയർഫോഴ്സിൽ നിന്ന് അവധിയെടുത്തു മുങ്ങിയ കുറുപ്പ്, സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്കു റിപ്പോർട്ട് അയപ്പിച്ചതോടെയാണ് ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ പേരിലേക്കു മാറിയത്. അബുദാബിയിലേക്കു പോകാൻ പാസ്പോർട്ട് എടുത്തത് സുകുമാരപിള്ള എന്ന പേരിലാണ്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് ബോംബെയിൽ (ഇപ്പോൾ മുംബൈ) കണ്ടുമുട്ടിയ നാട്ടുകാരിയായ സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പു മറികടന്ന് പ്രണയിച്ചു വിവാഹം കഴിച്ചു. 

സുകുമാരക്കുറുപ്പ് (Image Creative: ദ് വീക്ക്).

അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവ‍ും തുടങ്ങി. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ അതു നാടറിയുന്ന ആഘോഷമാകും. പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകും.

അമ്പലപ്പുഴയിൽ വീടു പണി തുടങ്ങിയതോടെ അവിടേക്കുള്ള യാത്രയ്ക്കും മറ്റ് ഉല്ലാസ യാത്രകൾക്കുമായി കെഎൽവൈ 5959 നമ്പർ ടൂറിസ്റ്റ് കാർ വാങ്ങി. ആലപ്പുഴയിൽ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണ ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി അയാളുടെ ചിന്ത നിറയെ. കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. പക്ഷേ ആഡംബര ജീവിതം കാരണം മിച്ചമൊന്നുമുണ്ടായിരുന്നില്ല. 

സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട് (ചിത്രം: ദ് വീക്ക്)

അക്കാലത്ത്, ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ല‍ിഷ് ഡിറ്റക്ടീവ് മാഗസിന്‍ കയ്യിൽ കിട്ടിയത്. അതിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ ചിന്തകളിൽ കുരുങ്ങിക്കിടന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലേക്കെത്തിയത്.

ADVERTISEMENT

ചാക്കോയുടെ കൊലയിലേക്കുള്ള വഴി

അബുദാബിയിലെ  കമ്പനിയിൽ കുറുപ്പിന്റെ വിശ്വസ്തനായിരുന്നു ചാവക്കാട് സ്വദേശിയായ ഓഫിസ് ബോയ് ഷാഹു. അവനോട് കുറുപ്പ് തന്റെ ലക്ഷ്യം തുറന്നു പറഞ്ഞു. ജോലിയിലെ അസ്ഥിരതയിലുണ്ടായ അസംതൃപ്തിയും വലിയ തുക കൈയിൽ കിട്ടുമെന്ന അത‍‍ിമോഹവും കാരണം ഷാഹു കുറുപ്പിന് കൈകൊടുത്തു. നാട്ടിൽ, സരസമ്മയുടെ സഹോദരീഭർത്താവ് ഭാസ്കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു. തന്റെ പദ്ധതി വിശദമാക്കിയ ശേഷം, പഴയൊരു കാർ വാങ്ങണമെന്നും മെഡിക്കൽ കോളജിലെ പരിചയക്കാരൻ മുേഖന ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും ഭാസ്കരപിള്ളയോടു പറഞ്ഞു. പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡർ കാർ വാങ്ങി. 

തുടർന്ന്, അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടിൽനിന്നു കമ്പിയടിപ്പിച്ച് കുറുപ്പും ഷ‍ാഹുവും ഒരേ വിമാനത്തിൽ തിരുവനന്തപുരത്ത് വന്നിറങ്ങി. തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കുള്ള യാത്രയിൽ അവർ പദ്ധതി പ്ലാൻ ചെയ്തു. മോർച്ചറിയിൽനിന്ന് അനാഥ ശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയിൽനിന്നു ശവം  കുഴിച്ചെടുക്കാൻ ആലോചിച്ചെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. പിന്നീടാണ്, ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവച്ചത്. ജനുവരി 21ന് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. 

പൊന്നപ്പനും ഭാസ്കരപിള്ളയും.

ചെങ്ങന്നൂരിലെത്തിയ ഷാഹുവിനെയും കൊണ്ട് ഡ്രൈവർ പൊന്നപ്പനും ഭാസ്കരപിള്ളയും കരുവാറ്റയിലെത്തി. കുറുപ്പ്, അമ്പലപ്പുഴയിലെ വീട്ടിൽ പോയതിനു ശേഷം രാത്രി 8 മണിയോടെ കരുവാറ്റയിലെത്തി. ഭക്ഷണവും മദ്യവും കഴിച്ച ശേഷം പത്തു മണിയോടെ ഇരയെ തേടി സംഘം പുറപ്പെട്ടു. പൊന്നപ്പൻ കെഎൽവൈ– 5959 കാറിൽ ഡ്രൈവർ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. കെഎൽക്യു 7831 കാറിൽ കുറ‍ുപ്പ് പിന്നാലെ വിട്ടു. തെക്കോട്ട് ഓച്ചിറ വരെ പോയിട്ടും ആരെയും കിട്ടാതെ അവർ ആലപ്പുഴയിലേക്കു തിരിച്ചു. ദേശീയപാതയിൽ കരുവാറ്റയ്ക്കു സമീപം ഹരി തീയറ്ററിനു മുന്നിൽ ആറടി പൊക്കമുള്ള ഒരാൾ ‘ലിഫ്റ്റ്’ ചോദിക്കുന്നതു കണ്ടപ്പോൾ കുറുപ്പിനും സംഘത്തിനും ഇരയെ മനസ്സിലായി. ആലപ്പുഴയിൽ ഇറക്കാമെന്നു പറഞ്ഞ് ഭാസ്കരപിള്ള അയാളെ അകത്തു കയറ്റി നടുവിലിരുത്തി.

ADVERTISEMENT

‘ഞാൻ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്–’ വാഹനത്തിൽ കയറിയ ആൾ സ്വയം പരിചയപ്പെടുത്തി. ആലപ്പുഴയിലെ വീട്ടിലേക്കു പോകുകയാണെന്നും അയാൾ പറഞ്ഞു. ഭാസ്കരപിള്ള കുപ്പിയിൽനിന്ന് ഒരു ഗ്ലാസ് മദ്യം ഗ്ലാസിലൊഴിച്ചു നൽകിയെങ്കിലും മദ്യപിക്കാറില്ലെന്നു പറഞ്ഞു ചാക്കോ നിരസിച്ചു. കാർ ദേശീയപാതയിലൂടെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയിൽ ഒരാളെ കാണാനുണ്ടെന്നും, ഉടൻ മടങ്ങാമെന്നും ഭാസ്കരപിള്ള പറഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി ചാക്കോയെ മദ്യം കഴിപ്പിച്ചു. ഈഥർ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോൾ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേർന്ന് ടൗവൽ ഉപയോഗിച്ച് കഴുത്തു മുറുക്കി ചാക്കോയെ കൊലപ്പെടുത്തി.

(കൊല്ലപ്പെട്ട ചാക്കോ– Creative Image: Manorama Online)

കത്തുന്ന രഹസ്യം

മാവേലിക്കരയ്ക്കു സമീപം തണ്ണിമുക്കം വയലിനടുത്ത് ഒരു കാർ കത്തുന്നുണ്ടെന്നും അതിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കാണുന്നുണ്ടെന്നും മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഫോൺ സന്ദേശമെത്തിയത് 1984 ജനുവരി 22നു പുലർച്ചെയാണ്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉടൻ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം.ഹരിദാസിനെ വിവരമറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തി. 

പൊലീസ് സ്റ്റേഷനിൽ കിടന്നു നശിച്ച കുറുപ്പിന്റെ കാറിന്റെ അവശിഷ്ടങ്ങൾ.

എസ്ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാർ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു പൊലീസിന് കൊള്ളികൾ നിറച്ച തീപ്പെട്ടിയും റബർ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലിൽ ആരോ ഓടിപ്പോയതു പോലെ കാൽപ്പാടുകളുണ്ടായിരുന്നു. ഗ്ലൗസിൽനിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയിൽ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാംപിളായി ശേഖരിച്ചു. 

സാധ്യതകൾ വഴിതിരിയുമ്പോൾ...

പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനെത്തി. 

‘ആരാണു കൊല്ലപ്പെട്ടത്?’ ഡോ.ഉമാദത്തൻ ഡിവൈഎസ്പി പി.എം.ഹരിദാസിനോടു ചോദിച്ചു. 

‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ...’

കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാൽ പോരെ, ‘പറയപ്പെടുന്ന ഒരാൾ’ എന്ന് പറയാൻ എന്താണു കാരണം? ഉമാദത്തനു സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ടു സർ. പക്ഷേ, തെളിവു ശേഖരിക്കണം...’

കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന സുകുമാരക്കുറുപ്പ് ദീർഘകാലം അബുദാബിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തയാളാണ്. നാട്ടിൽ വീട്, ആലപ്പുഴയിലെ പുതിയ ഇരുനില വീടിന്റെ നിർമാണം അവസാനഘട്ടത്തിൽ. അപകടം നടക്കുമ്പോൾ സഞ്ചരിച്ചിരുന്ന പഴയ കാറിനു പുറമെ, പുതിയ കാർ വാങ്ങിയിട്ടുണ്ട്. ആഡംബര ജീവിതത്തിൽ വലിയ താൽപര്യമുണ്ട്. കാറിന്റെ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകൾ, വാച്ച്, മോതിരം എന്നിവ മൃതദേഹത്തിൽ കണ്ടില്ല. 

‘പുതിയൊരു കാർ വീടിന്റെ പോർച്ചിൽ കിടക്കുമ്പോൾ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ, നിലവാരം വളരെ കുറഞ്ഞ അടിവസ്ത്രം ധരിച്ച് സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ പ്രവാസി സമ്പന്നൻ പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?’

അന്വേഷണോദ്യോഗസ്ഥൻ ഹരിദാസിന്റെ ഈ ചോദ്യത്തിനായിരുന്നു ഉത്തരം വേണ്ടിയിരുന്നത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ

വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു. കേട്ടറിവ് വച്ച്, ശരീരത്തിന്റെ രൂപവും ഉയരവും വണ്ണവും വച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടുന്ന കാറിനു തീപിടിച്ചാൽ, സാധാരണഗതിയിൽ ഡ്രൈവറുടെ ദേഹത്തു പെട്രോള്‍ വീഴില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്തവിധം ലോക്കായിട്ടുമില്ല. ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു. അവിടെ കരിയുടെ അംശമില്ല. 

സുകുമാരക്കുറുപ്പ്.

തീ പിടിക്കുമ്പോൾ ഡ്രൈവർക്ക് ജീവനുണ്ടായിരുന്നെങ്കിൽ കരിയുടെ അംശം ശ്വാസകോശത്തിൽ ഉണ്ടാകേണ്ടതാണ്. അതായത്, ഡ്രൈവർ മരിച്ച ശേഷമാണ് കാറിനും ശരീരത്തിനും തീപിടിച്ചതെന്ന് ഉറപ്പ്. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി.  ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. എല്ലുകളും പല്ലുകളും പരിശോധിച്ചു. കൊല്ലപ്പെട്ടയാൾക്ക് ആറടി ഉയരവും 30–35 വയസ്സ് പ്രായവും ഉണ്ടെന്നു വ്യക്തമായി.

ദുഃഖമില്ലാത്ത വീട്ടിലെ കരിപിടിച്ച കുളിമുറി

സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട് സ്മിത ഭവനം പൊലീസ് നിരീക്ഷണത്തിലായിരുന്നു. വേണ്ടപ്പെട്ടയാൾ മരിച്ചെന്നറിഞ്ഞിട്ടും ആ വീട്ടിൽ ആർക്കും ദുഃഖമുണ്ടായിരുന്നില്ലെന്നും അന്നത്തെ ഉച്ചഭക്ഷണത്തിന് വീട്ടുകാർ അക്കാലത്ത് വിശേഷ ദിവസങ്ങളിൽ മാത്രം പാചകം ചെയ്യാറുള്ള കോഴിയിറച്ചിക്കറി തയാറാക്കിയതായും പൊലീസ് കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ മാറാലകൾ കരിപിടിച്ചതായി പൊലീസ് കണ്ടെത്തിയത് മറ്റൊരു വിവരത്തിലേക്കുള്ള ചൂണ്ടുപലകയായി. 

ഭാസ്കരപിള്ളയുടെ കള്ളക്കഥകൾ

വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിലാരോ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു സഹോദരീ ഭർത്താവ് ഭാസ്കരപിള്ള പൊലീസിന് ആദ്യം മൊഴി നൽകിയത്. കത്തിയ കാറിന്റെ ഉടമയും പിള്ളയായിരുന്നു. ഡിവൈഎസ്പി ഹരിദാസ് ഭാസ്കരപിള്ളയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഭാസ്കരപിള്ള മുഴുക്കൈയൻ ഉടുപ്പിന്റെ കൈകൾ താഴ്ത്തി ബട്ടൺ ധരിച്ചിരുന്നു. ഡിവൈഎസ്പി ഹരിദാസിനെ കണ്ടപാടെ ഭാസ്കരപിള്ള ആരും നിർദേശിക്കാതെ തന്നെ കൈകൂപ്പി വണങ്ങി പൊലീസ് സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. സാധാരണ കുറ്റവാളികളാണ് അത്തരം ശരീരഭാഷ പ്രകടിപ്പിക്കാറുള്ളത്. സംശയം തോന്നിയ ഹരിദാസ് അയാളോട് ഷർട്ടിന്റെ കൈകൾ മുകളിലേക്കു തെറുത്തുകയറ്റാൻ നിർദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു

ചാക്കോയുടെ മൃതദേഹം വഹിച്ചുള്ള യാത്ര (ഫയൽ ചിത്രം: ദ് വീക്ക്)

അന്വേഷണോദ്യോഗസ്ഥനായിരുന്ന പി.എം.ഹരിദാസ് പിൽക്കാലത്ത് ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ കുറിപ്പിൽ അതേപ്പറ്റി പറയുന്നു: ‘കത്തിയ കാറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഭാസ്കരപിള്ള പിടിയിലായി. അയാളെ ചെങ്ങന്നൂർ എസ്ഐ ക്രിസ്‌റ്റിബാസ്‌റ്റിൻ കൂട്ടിക്കൊണ്ടുവന്നു. ഭാസ്‌കരപിള്ളയുടെ കൺപോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടു. ഭാസ്‌കരപിള്ളയോട് കാറിന്റെ ഉടമയെപ്പറ്റി ചോദിച്ചപ്പോൾ കാറിന്റെ യഥാർഥ ഉടമ ഭാര്യാസഹോദരീ ഭർത്താവായ സുകുമാരക്കുറുപ്പാണെന്നും അയാൾ തലേദിവസം കാറുമായി അമ്പലപ്പുഴയിൽ പോയിട്ടു വന്നിട്ടില്ലെന്നും അപകടത്തിൽ കാറിനുള്ളിൽപ്പെട്ട് കത്തി മരിച്ചതാകാമെന്നും പറഞ്ഞു. 

ഭാസ്‌കരപിള്ളയുടെ ദേഹത്തിലെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോൾ വെളുപ്പിനെ തണുപ്പകറ്റാൻ തീകാഞ്ഞപ്പോൾ തീപ്പൊരി പൊട്ടിത്തെറിച്ച് മുഖത്തുവീണു പൊള്ളിയതാണെന്നു പറഞ്ഞു. തുടയിലും കയ്യിലും തീപ്പൊരി വീണാൽ പൊള്ളലുണ്ടാകുകയില്ലല്ലോ എന്നു പറഞ്ഞപ്പോൾ ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോൾ അബദ്ധത്തിൽ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണ് എന്നാക്കി വിശദീകരണം. അയാളുടെ സംസാരത്തിലെ പരസ്‌പരവൈരുദ്ധ്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ പുതിയ പുതിയ കഥകൾ അയാളിൽ നിന്നുവന്നു. 

ഭാസ്‌കരപിള്ള ഗൾഫിൽ ജോലി ചെയ്‌തുണ്ടാക്കിയ പണം സുകുമാരക്കുറുപ്പ് കബളിപ്പിച്ചെടുത്തെന്നും വൈരാഗ്യം തീർക്കാൻ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോൾ ഒഴിച്ചുകത്തിച്ചതാണെന്നുമായിരുന്നു ഒരു കഥ. ഡ്രൈവിങ് അറിയാത്ത ഭാസ്‌കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലിൽ എത്തി എന്നു ചോദിച്ചപ്പോൾ, അമ്പലപ്പുഴയിൽനിന്ന് താനും കുറുപ്പും കൂടി മാവേലിക്കരയ്‌ക്ക് വരുമ്പോൾ ഒരാളിന്റെ ദേഹത്ത് യാദൃച്‌ഛികമായി കാറിടിച്ച് അയാൾ മരണപ്പെട്ടുവെന്നും വിവരം പുറത്തറിയാതിരിക്കാൻ അയാളുടെ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്ത കഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവൻ കള്ളക്കഥയാണെന്ന് വ്യക്‌തമായിരുന്നു.’ കള്ളക്കഥകളെല്ലാം പൊളിഞ്ഞപ്പോൾ ഭാസ്കരപിള്ള മനസ്സു തുറന്നു കുറ്റസമ്മതം നടത്തി.

ചാക്കോയ്ക്കു സംഭവിച്ചത്

ചാക്കോയെ കൊലപ്പെടുത്തിയ ശേഷം സുകുമാരക്കുറുപ്പും സംഘവും മൃതദേഹം ചെറിയനാട്ടെ ഭാര്യവീടായ സ്മിതാ ഭവനത്തിലെത്തിച്ചു. കുറുപ്പ് മൃതദേഹത്തിൽ തന്റെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചു. അവിടെ കുളിമുറിയിൽവച്ച് മൃതദേഹത്തിന്റെ മുഖവും തലയും പെട്രോളൊഴിച്ചു കത്തിച്ചു. അതിന്റെ കരിയാണ് പൊലീസ് സ്മിത ഭവനത്തിൽ കണ്ടത്. ശവശരീരം കെഎൽവൈ 5959 കാറിന്റെ ഡിക്കിയിൽ വച്ച് വയലിന്റെ കരയിലെത്തിച്ച ശേഷം കെഎൽക്യു 7831 കാറിന്റെ ഡ്രൈവർ സീറ്റിലേക്കിരുത്തി. ചലനമറ്റ കൈകൾ സ്റ്റിയറിങ്ങിൽ പിടിപ്പിച്ചു. സീറ്റുകൾ കുത്തിക്കീറി പെട്രോൾ ഒഴിച്ചു. എന്നിട്ടു തീപ്പെട്ടിയുരച്ചു കാറിലേക്കെറിയുകയായിരുന്നു എന്ന് ഭാസ്കരപിള്ള കുറ്റസമ്മതം നടത്തി.

സുകുമാരക്കുറുപ്പിന്റെ വഴികൾ

ഭാസ്കരപിള്ള പൊലീസ് കസ്റ്റഡിയിൽ സത്യം തുറന്നു പറയുമ്പോൾ സുകുമാരക്കുറുപ്പ് ആലുവയിലെ അലങ്കാർ ലോഡ്ജിലുണ്ടായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാത്തതിനാൽ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്ന് ബന്ധുക്കളിൽ ഭൂരിപക്ഷവും കരുതി. അവർ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. കേസിൽ സംശയമുള്ളതിനാൽ പൊലീസ് മൃതദേഹം പെട്ടിയിലാക്കി മറവു ചെയ്യാനാണ് നിർദേശിച്ചത്. 

സുകുമാരക്കുറുപ്പാണെന്നു തെറ്റിദ്ധരിച്ച് 2006ൽ പയ്യന്നൂരിൽ പൊലീസ് പിടികൂടിയ വ്യക്തി. ഇദ്ദേഹത്തെ പിന്നീട് വെറുതെവിട്ടു (ഫയൽ ചിത്രം)

നാട്ടിൽ എന്തു നടക്കുന്നുവെന്നറിയാൻ സുകുമാരക്കുറുപ്പ് ഡ്രൈവർ പൊന്നപ്പനെ കാറുമായി നാട്ടിലേക്കയച്ചു. കുറുപ്പിന്റെ മരണത്തിനു പിന്നിൽ പൊന്നപ്പനാണെന്നു ധരിച്ച് ചിലർ അയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മരിച്ചതു കുറുപ്പ് അല്ലെന്നും യാദൃശ്ചികമായി വണ്ടിയിടിച്ചു മരിച്ച ഒരാളെയാണ് കത്തിച്ചതെന്നും കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഉണ്ടെന്നും പൊന്നപ്പൻ ബന്ധുക്കളോടു പറഞ്ഞു. ബന്ധുക്കൾ ഈ വിവരമൊന്നും പൊലീസിനെ അറിയിച്ചില്ല. പൊലീസ് അപ്പോഴും മരിച്ചത് സുകുമാരക്കുറുപ്പ് അല്ല എന്നു വിശ്വസിക്കാൻ തയാറായിരുന്നില്ല എന്നതാണ് സത്യം.

പൊന്നപ്പൻ കുറുപ്പിന്റെ കാർ ചെറിയനാട്ടെ കുറുപ്പിന്റെ ഭാര്യവീട്ടിലെത്തിച്ചതിനു ശേഷം ഭാസ്കരപിള്ളയുടെ ബന്ധുവായ മധുസൂദനൻ നായർക്കൊപ്പം ആലുവയിലേക്കു മടങ്ങി. അതിനിടയിൽ ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫിസിൽ നിന്ന് കുറുപ്പിന്റെ നിർദേശപ്രകാരം അബുദാബിയിലെ കമ്പനിയിലേക്കും കുറുപ്പിന്റെ ഭാര്യ സരസമ്മയ്ക്കും കുറുപ്പ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്നു ടെലിഗ്രാം അയച്ചു. പൊന്നപ്പൻ ആലുവയിലെ ലോഡ്ജിലേക്കു ഫോൺ ചെയ്ത് കുറുപ്പുമായി സംസാരിക്കുകയും ചെയ്തു.

മാവേലിക്കര വഴി ഭൂട്ടാനിലേക്ക്, മദ്രാസ് വഴി മാവേലിക്കരയിലേക്ക്..

ഭാസ്കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നറി‍ഞ്ഞ സുകുമാരക്കുറുപ്പ് ജനുവരി 23ന് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി. ഈരേഴയിലെ ബന്ധുവീട്ടിലെത്തി, ഭാസ്കരപിള്ളയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊലീസിനെ സ്വാധീനിക്കാൻ കഴിയില്ലെന്നു മനസ്സിലായതോടെ ബന്ധു ഏർപ്പെടുത്തിയ ഓട്ടോറിക്ഷയിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തി കൊല്ലത്തേക്കു ട്രെയിൻ കയറി. പൊന്നപ്പനെയും കൂട്ടി അവിടെനിന്നു ഭൂട്ടാനിലേക്കു പുറപ്പെട്ടു. ഭൂട്ടാനിലേക്കുള്ള എൻട്രി പെർമിറ്റിന് സുകുമാരക്കുറുപ്പ് പ്രേംകുമാർ എന്ന പേരിലും പൊന്നപ്പൻ സത്യൻ എന്ന പേരിലുമാണ് അപേക്ഷ നൽകിയത്.

പത്തു ദിവസത്തിനു ശേഷം കുറുപ്പും പൊന്നപ്പനും മദ്രാസിലേക്കു മടങ്ങി. അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. നാട്ടിൽപ്പോയി പണം സംഘടിപ്പിച്ചെത്താമെന്നു പറഞ്ഞ് കുറുപ്പ് പൊന്നപ്പനെ അവിടെയാക്കി മാവേലിക്കരയിലേക്കു പുറപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമായതിനാൽ ഒളിവിൽ പോകാൻ മാവേലിക്കരയിലെ ബന്ധു നിർദേശിക്കുകയും ചെറിയനാട്ടെ വീട്ടിലെത്തി ഭാര്യയുടെ കയ്യിൽനിന്നു പണം വാങ്ങി കുറുപ്പിനെ ഏൽപിക്കുകയും ചെയ്തു. 

കൊട്ടാരക്കര വഴി പിടികിട്ടാത്ത യാത്രയിലേക്ക്...

പണവുമായി കുറുപ്പ് കൊട്ടാരക്കര റെ‍യിൽവേ സ്റ്റേഷനിലാണ് എത്തിയത്. അവിടെനിന്നു പൊള്ളാച്ചിയിലേക്കു പോകുമെന്നാണു പറഞ്ഞത്. ഇതിനിടയിൽ മദ്രാസിൽ കുറുപ്പിനെ കാത്തിരുന്നു മടുത്ത പൊന്നപ്പൻ നാട്ടിലേക്കു പുറപ്പെട്ടു. ചങ്ങനാശേരിയിൽനിന്ന് ആലപ്പുഴയിലേക്കു ബോട്ട് കയറുന്നതിനിടയിൽ ഒരു പരിചയക്കാരൻ തിരിച്ചറിഞ്ഞതോടെ പൊന്നപ്പൻ പൊലീസ് പിടിയിലായി. ഷാഹുവും ഇതിനോടകം പിടിയിലായിരുന്നു. 

കുറുപ്പ് കൊട്ടാരക്കരയിൽനിന്നു മദ്രാസിലേക്കാണു പോയത്. അവിടെനിന്നു ഭോപ്പാലിലെ ഇറ്റാർസിയിൽ ഒരു ബന്ധുവീട്ടിലെത്തി. അവിടെ ഒരാഴ്ച താമസിച്ച ശേഷം ബോംബെയിലെ ബന്ധുവീട്ടിൽ ചെന്നതായും അവിടെ അബുദാബിയിൽ ജോലി ചെയ്തിരുന്ന സാക്ക് എന്നയാളെ കണ്ടതായും അന്വേഷണോദ്യോഗസ്ഥനായ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെയിൽനിന്നു സുകുമാരക്കുറുപ്പ് വീട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. പഞ്ചാബിലേക്കു ജോലി തേടി പോകുന്നു എന്നായിരുന്നു കത്തിലെ വിവരം. പക്ഷേ, കത്ത് നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരം ലഭിച്ചില്ല.

കൊല്ലപ്പെട്ടതാര്? ചാക്കോയെ തിരിച്ചറിഞ്ഞതിന്റെ കഥ

കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്കരപിള്ളയുടെ മൊഴിയിൽനിന്നുതന്നെ പൊലീസിനു വ്യക്തമായി. ഇതോടെ, കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്തുകയായി പൊലീസിന്റെ തലവേദന. അടുത്ത ദിവസങ്ങളിൽ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽനിന്നു മറുപടി ലഭിച്ചു– ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ എൻ.ജെ.ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ രണ്ടു ദിവസമായി കാണാനില്ലെന്നു സഹോദരൻ നൽകിയ പരാതിയായിരുന്നു അത്. 

പൊന്നപ്പൻ ചെറിയനാട്ട് എത്തിച്ച കെഎൽവൈ 5959 നമ്പർ കാറിൽനിന്നു പറിഞ്ഞു വീണ ബട്ടണും പഞ്ഞിയും കരിഞ്ഞ മുടിയും പൊലീസിനു ലഭിച്ചു. മൃതദേഹത്തിൽനിന്നു ലഭിച്ച പകുതി കത്തിയ അടിവസ്ത്രം ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കോയുടെ ഭാര്യ ശ‍ാന്തമ്മ തിരിച്ചറിഞ്ഞു. ഭാസ്കരപിള്ള കുറ്റസമ്മതം നടത്തിയതോടെ എറണാകുളത്തു നിന്ന് ചാക്കോയുടെ മോതിരവും വാച്ചും കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടവും കണ്ടെത്താനായി. അതും ചാക്കോയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

കാറിൽനിന്നും ചെറിയനാട്ടെ സ്മിതാ ഭവനത്തിലെ കുളിമുറിയിൽനിന്നും കിട്ടിയ കരിഞ്ഞ മുടിനാരുകൾ ചാക്കോയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതോടെ, കൊല്ലപ്പെട്ടത് ചാക്കോ ആണെന്നു പൊലീസിനു വ്യക്തമായി. പൊലീസ് സർജൻ ഡോ.ബി.ഉമാദത്തൻ റീപോസ്റ്റ്മോർട്ടം നടത്തി തലയോട്ടി സൂപ്പർ ഇംപോസിഷൻ നടത്തി ചാക്കോയുടേതാണെന്നു തെളിയിച്ചു. കാർ കത്തിയ സ്ഥലത്തുനിന്നു കിട്ടിയ ഗ്ലൗസ‍ിലെ മുടിനാരുകൾ ഭാസ്കരപിള്ളയുടേതാണെന്നും കണ്ടെത്താനായി. ആലുവയിലെ അലങ്കാർ ലോഡ്ജ്, മദ്രാസിലെ ന്യൂലാൻഡ്സ് ലോഡ്ജ്, ഭൂട്ടാനിലെ എൻട്രി പെർമിറ്റിനുള്ള അപേക്ഷ എന്നിവയിലെ കൈപ്പടകൾ സുകുമാരക്കുറുപ്പിന്റേതാണെന്നും വ്യക്തമായതോടെ തെളിവുകളെല്ലാം പൊലീസിനു കിട്ടി.

തുടർച്ചയായി വന്ന ആ ഫോൺ കോളുകൾ?

കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ സുകുമാരക്കുറുപ്പിനെ സൗദിയിൽ ഒരു മത കേന്ദ്രത്തിൽ കണ്ടു എന്നുപോലും പറഞ്ഞു. ഉത്തരേന്ത്യയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പൊലീസും തടഞ്ഞുവച്ച് ദിവസങ്ങളോളം ചോദ്യം ചെയ്ത സംഭവങ്ങളുണ്ടായി. സുകുമാരക്കുറുപ്പിനെത്തേടി 37 വർഷമായി പൊലീസ് നടത്തുന്ന അന്വേഷണങ്ങൾക്ക് ഒരു തുമ്പും ഇക്കാലം വരെ ലഭിച്ചിട്ടില്ല. 

1984ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

സുകുമാരക്കുറുപ്പ് അപ്രതീക്ഷിതമായാണ് ഒരിക്കൽ പിടിയിൽനിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥർ. വർഷം 2018; സൗദിയിൽ ഒരു മതകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. അയാളുടെ നമ്പർ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണിൽനിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാൾ സുകുമാരക്കുറുപ്പാണെന്ന് 70 ശതമാനത്തോളം ഉറപ്പായി. സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിൽ 2018ൽ ഒരു മാധ്യമത്തിൽ ഈ വിവരങ്ങൾ വന്നു. അതോടെ ഫോൺ കോളുകൾ പൂർണമായി നിലച്ചു. ആ നമ്പരും ഉപേക്ഷിക്കപ്പെട്ടു. പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങൾ പൊലീസിനു ലഭിച്ചില്ല. 

കുറുപ്പ് എവിടെ?

കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയായായിരുന്നെന്ന് പൊലീസ് വിശ്വസിക്കുന്നു. കേരളത്തിൽ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാൻ, ആൻഡമാൻ, ഭോപ്പാൽ, ഗ്വാളിയോർ, ഡൽഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങൾ കുറുപ്പിനെ അന്വേഷിച്ചു. ഹിമാലയത്തിലെ സന്യാസിയെ ഒരിക്കൽ പൊലീസ് ചോദ്യം ചെയ്‌തു. ബിഹാറിൽ ആശുപത്രിയിൽ എത്തിയ ജോഷിയെന്ന വ്യക്‌തി കുറുപ്പാണെന്നു കരുതി പൊലീസ് അവിടെ എത്തി. ആൻഡമാനിലും ഗൾഫിലും പൊലീസ് പലവട്ടം പോയി. മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാർക്കിടയിലും ആശുപത്രിയിൽ രോഗബാധിതനായി എത്തുന്ന അനാഥർക്കിടയിലും കുറുപ്പിനെ പൊലീസും മലയാളികളും തിരഞ്ഞു. 

കുറുപ്പിനും ഭാര്യയ്‌ക്കും വീട്ടിലേക്കും വരുന്ന കത്തുകൾ പതിവായി പൊലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. ഫോണും നിരീക്ഷിച്ചു. തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥൻ എന്ന പേരിൽ പൊലീസിന്റെ ചാരൻ കുറുപ്പിന്റെ ഭാര്യ വീട്ടിൽ സ്‌ഥിരമായി എത്തിയിരുന്നു. ബന്ധുക്കളിൽനിന്നു വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുറുപ്പിന്റെ മകന്റെ വിവാഹം വർഷങ്ങൾക്ക് മുൻപ് തിരുവല്ലയിൽ നടന്നപ്പോൾ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ഒരാഴ്‌ച മുൻപേ തമ്പടിച്ചു. നിരാശയായിരുന്നു ഫലം. 

സംസ്‌ഥാന ഫൊറൻസിക് ലബോറട്ടറിയുടെ ഡയറക്‌ടറായിരുന്ന ഡോ. മുരളീകൃഷ്‌ണയുടെ കുറിപ്പുകള്‍ വിശ്വസിക്കാമെങ്കിൽ സുകുമാരക്കുറുപ്പ് ഇപ്പോൾ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്: ‘സുകുമാരക്കുറുപ്പ് എവിടെയെന്ന് ഇന്നും ആർക്കുമറിയില്ല. ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിലുണ്ടെന്ന് നഴ്‌സ് ഫോണിൽ വിളിച്ചു പറഞ്ഞതാണ് അയാളെക്കുറിച്ചുള്ള അവസാന വിവരം. പിന്നെ വന്നതെല്ലാം വെറും ഗോസിപ്പുകളാണ്. സൗദിയിലുണ്ടെന്നു വരെ പറഞ്ഞു. എൽടിടിഇയിൽ ചേർന്നതായി മറ്റു ചിലർ. ഒന്നുറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഇരിക്കാൻ സാധ്യത കുറവാണ്. 

രണ്ടു തവണ ഹൃദയസ്‌തംഭനം സംഭവിച്ച വ്യക്‌തിയാണ്. ഉത്തർപ്രദേശിലെ ആശുപത്രിയിലെ ചികിൽസാ രേഖകൾ പരിശോധിച്ചപ്പോൾ കുറുപ്പ് കടുത്ത രോഗിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കുറുപ്പാണോ എന്നു തിരിച്ചറിയാൻ 25 ലേറെ മൃതദേഹങ്ങളാണ് ഞാൻ പരിശോധിച്ചത്. വിശ്രമമില്ലാതെ ഓടിച്ചാടി ഒളിച്ചു നടക്കാൻ അയാളുടെ ആരോഗ്യ സ്‌ഥിതി അനുവദിക്കില്ല. കുറുപ്പിന്റെ തലമുടിയുടെ സാംപിൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. മറ്റു പല തലമുടി സാംപിളുകളും പരിശോധിച്ചിരുന്നു’ 15 വർഷം മുൻപ് ഡോ.മുരളീകൃഷ്ണ എഴുതിയ കുറിപ്പിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 1989 മുതൽ ‘ലോങ് പെൻഡിങ്’ ആയി ക്രൈംബ്രാഞ്ചിന്റെ 16/89 ഫയൽ ഉറങ്ങുന്നു. സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ 75 വയസ്സുണ്ടാകും.

കേസിന്റെ ചരിത്രം

സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ഇന്നും പിടികിട്ടാപ്പുള്ളിയായി സുകുമാരക്കുറുപ്പ് തുടരുന്നു. 

ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള പുലിയൂരിലെ വീട്ടിൽ കുടുംബസമേതം കഴിയുന്നു. പൊന്നപ്പൻ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ അടുത്തകാലത്ത് വിദേശത്തുനിന്നു നാട്ടിലെത്തി. കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങൾ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാൻ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയിൽ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വർഷമായി സേനയുടെ സൽപ്പേരിനു കളങ്കം ചാർത്തി തുടരുന്നു. 

ചാക്കോയുടെ കുടുംബം

ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ ആറു മാസം ഗർഭിണിയായിരുന്നു. വിവാഹവാർഷികത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊലപാതകം നടന്നത്. അച്ഛന്റെ മുഖം കാണാനാകാതെയാണ് മകൻ ജിതിൻ ജനിച്ചുവീണത്. അന്ന് ആരോഗ്യമന്ത്രിയായിരുന്ന കെ.പി.രാമചന്ദ്രൻ നായർ ഇടപെട്ട് ശ‍ാന്തമ്മയ്ക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകി. 2007 ഡിസംബറിൽ അവർ വിരമിച്ചു. മകൻ ജിതിൻ വിവാഹിതനായി. 

ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും (ചിത്രം: ദ് വീക്ക്)

ആലപ്പുഴയിലെ വീട്

സുകുമാരക്കുറുപ്പ് ഒളിവിൽ പോകുന്ന കാലത്ത് ആലപ്പുഴ മെഡിക്കൽ കോളജിനു സമീപം വണ്ടാനത്ത് വലിയ വീട് നിർമിച്ചു തുടങ്ങിയിരുന്നു. ഉടമ കൊലക്കേസിൽപ്പെട്ടതോടെ ആ ഭൂമി ആർക്കും വേണ്ടാതായി. ഇപ്പോൾ കാടു പിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി പണിതീരാത്ത ആ വീട് കിടക്കുന്നു. കാർ കത്തിയ നിലയിൽ കണ്ടെത്തിയ മാവേലിക്കര തണ്ണിമുക്കത്തെ വയൽ ഇപ്പോഴും അതുപോലെയുണ്ട്. കുറുപ്പിന്റെ ഭാര്യവീടായ സ്‌മിതഭവനവും അതേപടിയുണ്ട്. 

സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട്.

ചാക്കോയെ ഒടുവിൽ കണ്ടയാൾ

1984 ജനുവരി 21ന് ചാക്കോ കരുവാറ്റയിലെത്തിയത് ഫിലിം റപ്രസന്റേറ്റീവ് എന്ന നിലയിൽ ഹരി തിയറ്ററിലേക്കാണ്. വിജയമനോഹർ കമ്പനിയുടെ ‘ഒരു മുഖം പല മുഖം’ എന്ന സിനിമയാണ് ആ ദിവസങ്ങളിൽ അവിടെ ഓടിക്കൊണ്ടിരുന്നത്. ചാക്കോയാണ് ഫിലിം റപ്രസന്റേറ്റീവ്. നേരത്തേയുള്ള കരാർ അനുസരിച്ച് പുതിയ സിനിമയായ ‘ഊതിക്കാച്ചിയ പൊന്നി’ന്റെ ഷോ തുടങ്ങാൻ തീയറ്റർ ഉടമ കുട്ടപ്പൻനായർ തീരുമാനിച്ചു. അതിനു വേറെ റപ്രസന്റേറ്റീവാണ്. പുതിയ സിനിമയായതിനാൽ വരുമാനം കൂടും. 

എന്നാൽ ഒരാഴ്‌ച കൂടി തന്റെ സിനിമ നിലനിർത്താൻ ചാക്കോ ആവശ്യപ്പെട്ടു. കുട്ടപ്പൻനായർ സമ്മതിച്ചു. ഒരാഴ്‌ച കൂടി ബത്ത നേടാമെന്നും ദിവസവും വീട്ടിലെത്താമെന്നും കരുതിയാണു ചാക്കോ സമ്മർദം ചെലുത്തിയത്. കുട്ടപ്പന്‍ നായരുടെ മകൻ അഡ്വ.ശ്രീകുമാർ അന്നു തീയറ്ററിലുണ്ടായിരുന്നു. 1984 ജനുവരി 21നു രാത്രി സെക്കൻഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്ത് കണക്ക് തിട്ടപ്പെടുത്തിയ ശേഷം ചാക്കോ ആലപ്പുഴയിലേക്കു പോകുമ്പോൾ ശ്രീകുമാറും അനുഗമിച്ചു. 

‘പത്തുമണിയായിക്കാണണം. ജംക്‌ഷനടുത്തുള്ള ചായക്കടയിൽനിന്നു ഞങ്ങൾ കട്ടൻകാപ്പി കുടിച്ചു. ചായക്കടക്കാരനും ഞങ്ങളുമായി എന്തൊക്കെയോ സംസാരിച്ചു. ഞാൻ പോരുമ്പോൾ കടക്കാരനുമായി ചാക്കോ ലോഹ്യം പറയുകയായിരുന്നു. അധികം താമസിയാതെ ചാക്കോ സുകുമാരക്കുറുപ്പിന്റെ കാറിൽ കയറിക്കാണണം’ –ശ്രീകുമാർ ഓർക്കുന്നു.  അതൊരു ശനിയാഴ്‌ചയായിരുന്നു. ഞായറാഴ്‌ച വിവാഹത്തിന്റെ ഒന്നാം വാർഷികമായതിനാൽ അർത്തുങ്കൽ പള്ളിയിൽ പോയതിനു ശേഷമേ തിയറ്ററിൽ എത്തുകയുള്ളൂവെന്നു ചാക്കോ പറഞ്ഞിരുന്നു. 

ജോലി കഴിഞ്ഞു പോയ ചാക്കോയ്‌ക്ക് 20 രൂപ ബാറ്റ നൽകി. കൂടാതെ, സിനിമ നടത്തുമ്പോൾ ഉപയോഗിക്കേണ്ട കാർബൺ വാങ്ങുന്നതിനു 160 രൂപയും നൽകിയിരുന്നു. എന്നാൽ, ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ചാക്കോ തിയറ്ററിലെത്തിയില്ല. അന്ന് ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥിയായിരുന്ന ശ്രീകുമാർ കുട്ടപ്പൻനായരുടെ നിർദേശാനുസരണം ചാക്കോയുടെ വീട്ടിലെത്തി. ഇതേസമയം ചാക്കോയെ അന്വേഷിച്ച് ചാക്കോയുടെ സഹോദരൻ കുട്ടപ്പൻനായരുടെ വീട്ടിലുമെത്തി. ചാക്കോയുടെ തിരോധാനം ബോധ്യമായതിനാൽ പൊലീസിൽ പരാതി നൽകി. 

‘കുറുപ്പി’ന്റെ കഥ

ദുൽഖർ നായകനായ ‘കുറുപ്പ്’ എന്ന സിനിമയുടെ പേരിലാണ് കൊലപാതകം നടന്ന് 37 വർഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ’യാണ് സിനിമയെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 12നാണ് ചിത്രത്തിന്റെ റീലീസ്. മുൻപും സുകുമാരക്കുറുപ്പിന്റെ കഥ സിനിമയായിട്ടുണ്ട്. കൊലപാതകം നടന്ന 1984ൽ തന്നെ ബേബി സംവിധാനം ചെയ്ത ‘എൻഎച്ച് 47’ എന്ന സിനിമയിൽ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പിൽക്കാലത്ത്, ചാക്കോയുടെ കൊലപാതകത്തിലെ ചില അംശങ്ങൾ വികസിപ്പിച്ച് അടൂർ ഗോപാലകൃഷ്ണൻ ‘പിന്നെയും’ എന്ന ചിത്രമൊരുക്കി. 

ദുൽഖർ നായകനായ ‘കുറുപ്പ്’ എന്ന സിനിമയുടെ പോസ്‌റ്റർ. ചിത്രം: ഫെയ്‌സ്ബുക്

‘എന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല. ആ സംഭവത്തിൽനിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ. ഒരാൾ സ്വയം മരിച്ചുവെന്നു കൃത്രിമമായി വരുത്തിത്തീർക്കുന്നതും അത് അയാളെ എങ്ങനെ ബാധിക്കുന്നുവെന്നതുമാണ് ‘പിന്നെയും’ എന്ന സിനിമയിലുള്ളത്. സുകുരമാരക്കുറുപ്പ് നമ്മൾ അറിഞ്ഞിടത്തോളം ഒരു വില്ലനാണ്. എന്റെ സിനിമയിലെ കഥാപാത്രം സാധുവാണ്. അയാൾ അപകർഷതാ ബോധമുള്ളയാളാണ്. തൊഴിലില്ലാതെ നടന്നപ്പോഴുണ്ടായ അപമാനം സഹിക്കാതെയാണ് പെട്ടെന്നു പണക്കാരനാകാൻ അയാൾ ശ്രമിച്ചത്. മധ്യവർഗക്കാരന്റെ അത്യാർത്തിയെപ്പറ്റിയാണ് ആ സിനിമയിലൂടെ പറഞ്ഞത്. സുകുമാരക്കുറുപ്പിന്റെ കഥയേ അല്ല അത്...’– അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു.

'പിന്നെയും' എന്ന സിനിമയിലെ രംഗം. ചിത്രം: ഫെയ്‌സ്ബുക്

10 വർഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ലെങ്കിൽ കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്. അതനുസരിച്ച് കുറുപ്പിന്റെ കേസും പൊലീസ് ക്ലോസ് ചെയ്തു. എന്നാൽ, എപ്പോൾ വേണമെങ്കിലും അത് റീ ഓപ്പൺ ചെയ്യാൻ കഴിയും. സുകുമാരക്കുറുപ്പിന് ഒരു ജാമ്യമില്ലാ വാറണ്ട് പെൻഡിങ് ഉണ്ട്. എന്നു കിട്ടിയാലും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. നേരത്തേതന്നെ കോടതിയിൽ ചാർജ് കൊടുത്തിട്ടുണ്ട്. ‘സാങ്കേതികമായി കേസ് ക്ലോസ് ചെയ്തിട്ടില്ല, എന്നാൽ അന്വേഷണ ലിസ്റ്റിലുമില്ല’– ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

English Summary: Who is Sukumara Kurup and why is his Case so Controversial in Kerala Police History?

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT