ADVERTISEMENT

യുഎസിനെ കഴിഞ്ഞ വർഷം പിടിച്ചു കുലുക്കിയ വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു തിരികൊളുത്തിയ അഹമ്മദ് ആർബറി കൊലപാതക കേസിന്റെ വിചാരണ ജോർജിയ സംസ്ഥാനത്തെ ഗ്ലിൻ കൗണ്ടി സുപ്പീരിയർ കോടതിയിൽ തുടങ്ങി. വെള്ളക്കാർ താമസിക്കുന്ന സ്ഥലത്തു ജോഗിങ് നടത്തുകയായിരുന്ന കറുത്ത വർഗക്കാരനായ ആർബറിയെ മോഷ്ടാവെന്നു സംശയിച്ചു മൂന്നു പേർ ചേർന്നു വെടിവച്ചു കൊന്നത് 2020 ഫെബ്രുവരി 23നാണ്. സംഭവമുണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും മുൻ പൊലീസ് ഓഫിസറും മകനും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ല. പ്രതികളിലൊരാൾ ചിത്രീകരിച്ച വിഡിയോ പിന്നീട് പുറത്തായതാണ് കേസിന്റെ ഗതിമാറ്റിയത്. നിഷ്ഠൂരമായ നരനായാട്ടിന്റെ വിഡിയോ കണ്ടു ജനം കൂട്ടത്തോടെ തെരുവിലിറങ്ങി. 

ഇതിനു പിന്നാലെ 2020 മേയിൽ യുഎസിലെ മിനിയപ്പലിസ് നഗരത്തിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ഓഫിസർ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന്റെ വിഡിയോ കൂടി പുറത്തുവന്നതോടെ യുഎസ് ഇളകി മറിഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ച 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്. 

വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭം ഒടുവിൽ ഡോണൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡന്റ് മോഹത്തിനു വിലങ്ങുതടിയായ കാരണങ്ങളിൽ ഒന്നായെന്നും വിലയിരുത്തലുണ്ടായി. ഫ്ലോയ്ഡ് വിചാരണയ്ക്കു ശേഷം അമേരിക്കയിൽ ശ്രദ്ധാകേന്ദ്രമാകുന്ന മറ്റൊരു വിചാരണയ്ക്കാണ് തുടക്കമായത്. ഇരു കേസുകളിലും കൊലപാതകം ചിത്രീകരിച്ച വിഡിയോ ആണ് നിർണായകമായത്. 

ട്രക്കിൽ പിന്തുടർന്നു വെടിവച്ചു 

ജോർജിയയിലെ കടലോര നഗരമായ ബ്രൺസ്‌വിക്കിനു സമീപമുള്ള സാറ്റില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് വ്യായാമത്തിന് ഇറങ്ങിയതായിരുന്നു അഹമ്മദ് ആർബറി (25). റോഡരികിലൂടെ ആർബറി ഓടുന്നതു കണ്ടപ്പോൾ, എന്തോ മോഷണം നടത്തിയ ശേഷം കടന്നുകളയാനുള്ള ശ്രമമായാണു മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്മൈക്കലിനും (65) മകൻ ട്രാവിസിനും (35) തോന്നിയത്. വീട്ടിനുള്ളിൽ നിന്ന് തോക്കും എടുത്ത് പിക്കപ്പ് ട്രക്കിൽ ഇരുവരും ആർബറിയെ പിന്തുടർന്നു. സമീപവാസിയായ വില്യം ബ്രയാനും (52)ൽ പിക്കപ്പിൽ ഒപ്പംകൂടി. 

മൂന്നു തവണ ആർബറിയെ ട്രക്ക് കൊണ്ട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചെങ്കിലും ആർബറി ഒഴിഞ്ഞുമാറി. അപകടം മണത്ത ആർബറി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും മൂവരും ചേർന്ന് ആർബറിയെ വളഞ്ഞു. ഇതിനിടയിൽ ട്രാവിസ് തോക്കുചൂണ്ടുകയും തോക്കിൽ കടന്നുപിടിച്ച ആർബറിയെ മൂന്നു തവണ വെടിവയ്ക്കുകയും ചെയ്തുവെന്നാണു കേസ്. എലിക്കെണിയിൽ വീഴ്ത്തിയതുപോലെ ആർബിയെ കുടുക്കിയെന്നാണ് ഇവർ പിന്നീടു നൽകിയ മൊഴി. സംഭവത്തിന്റെ വിഡിയോ ബ്രയാൻ ചിത്രീകരിക്കുകയും ചെയ്തു. 

സിറ്റിസൻ അറസ്റ്റ്: വിവാദ നിയമം 

ആർബറി കൊല്ലപ്പെട്ടു ദിവസങ്ങൾക്കു ശേഷവും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ല. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പൗരന്മാർക്ക് അക്രമികളെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന നിയമം ജോർജിയ സംസ്ഥാനത്തു നിലവിലുണ്ടായിരുന്നതിനാൽ തങ്ങൾ മോഷ്ടാവിനെ പിന്തുടരുകയായിരുന്നു എന്നാണ് കേസിലെ പ്രതികൾ അവകാശപ്പെട്ടത്.

1248-wanda-cooper-jones
അഹമ്മദ് ആർബറിയുടെ മാതാവ് വാൻഡ കൂപ്പർ ജോൺസ് (Photo by Sean Rayford / GETTY IMAGES NORTH AMERICA / Getty Images via AFP)

 പ്രദേശത്തെ വീടുകളിൽ ഒട്ടേറെ മോഷണങ്ങളുണ്ടായെന്നും സംശയാസ്പദമായി കണ്ട യുവാവിനെ പിടികൂടുന്നതിനിടയിൽ യുവാവ് ആക്രമിച്ചെന്നും തുടർന്നു സ്വയരക്ഷയ്ക്കായി വെടിവച്ചുവെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രദേശത്ത് ഒരു മോഷണം മാത്രമാണു നടന്നതെന്നും ആർബറിയുടെ കയ്യിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീടു വ്യക്തമായി. നിർമാണം നടക്കുന്ന ഒരു വീട്ടിൽ  ആർബറി ഓടിക്കയറിയിരുന്നെങ്കിലും അവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉടമ സാക്ഷ്യപ്പെടുത്തി. ആർബറി മദ്യപിക്കുകയോ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.

ആർബറിയെ പിന്തുടരുന്നതും കൊലപ്പെടുത്തുന്നതും ഉൾപ്പെട്ട ദൃശ്യങ്ങൾ സംഭവമുണ്ടായി രണ്ടു മാസത്തിനു ശേഷം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി. തുടർന്ന് 2020 മേയ് 7ന് ട്രാവിസിനെയും പിതാവ് ഗ്രിഗറിയെയും അറസ്റ്റ് ചെയ്തു. മേയ് 21ന് ബ്രയാനും അറസ്റ്റിലായി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിനു പുറമേ വംശീയ വെറിക്കുറ്റവും ചുമത്തി. പ്രതിഷേധം ശക്തമായതോടെ പൗരന്മാർക്ക് അറസ്റ്റിന് അധികാരം നൽകുന്ന നിയമം ജോർജിയ അസാധുവാക്കി. 

ഉദ്യോഗസ്ഥർ മാറിമാറി 

കൊലപാതകികളെ രക്ഷിക്കാൻ പൊലീസും നിയമ വകുപ്പും നടത്തിയ നഗ്നമായ അധികാര ദുർവിനിയോഗത്തിന് ഉദാഹരണം കൂടിയാണ് ഈ കേസ്. ഗ്ലിൻ കൗണ്ടി പൊലീസ് വകുപ്പിനും ബ്രൻസ്‌വിക്ക് ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിനുമായിരുന്നു കേസ് അന്വേഷണത്തിന്റെ ചുമതല. എന്നാൽ ഡിസ്ട്രിക്ട് അറ്റോർണി ജാക്കി ജോൺസൻ പിന്നീട് കേസിൽനിന്ന് ഒഴി‍ഞ്ഞു. പ്രതികളിലൊരാളായ ഗ്രിഗറി മുൻ പൊലീസ് ഓഫിസറാണെന്നും അറ്റോർണിയുടെ ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ടെന്നും വ്യക്തമായതോടെയാണിത്. പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഇടപെട്ടുവെന്നും അന്വേഷണത്തിനു തടസ്സം നിന്നുവെന്നും ജാക്കി ജോൺസനെതിരെ പിന്നീടു കേസെടുത്തു.

1248-justice-for-ahmaud
അഹമ്മദ് ആർബറി(Photo by Sean Rayford / GETTY IMAGES NORTH AMERICA / Getty Images via AFP)

ജാക്കി മാറിയതോടെ വേക്രോസ് ജുഡീഷ്യൽ സർക്യൂട്ട് ഡിസ്ട്രിക്ട് അറ്റോർണി ജോർജ് ബാൺബില്ലിനായി ചുമതല. സിറ്റിസൻ അറസ്റ്റ് നിയമം നിലവിലുള്ളതിനാൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ മതിയായ തെളിവില്ലെന്നായിരുന്നു പൊലീസിനു ബാൺബിൽ നൽകിയ ഉപദേശം. ബാൺഹില്ലിന്റെ മകനും ഗ്രിഗറിയും ബ്രൻസ്‌വിക്ക് പ്രോസിക്യുട്ടർ ഓഫിസിൽ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട് എന്ന വിവരം പുറത്തുവന്നതോടെ ബാൺബില്ലിനും കേസിൽ നിന്ന് ഒഴിയേണ്ടി വന്നു. പകരം ചുമതലയേറ്റത് ടോം ഡർഡൻ എന്ന ഡിസ്ട്രിക്ട് അറ്റോർണിയാണ്. കേസ് വിവാദമായതോടെ സമ്മർദം താങ്ങാനാവാതെ ഡർഡനും ഒഴിഞ്ഞു. തുടർന്ന് കോബ് കൗണ്ടിയിലെ ഡിസ്ട്രിക്ട് അറ്റോർണിയായ ജോയറ്റ് ഹോംസിനായി ചുമതല. 

വിവാദമായി ജൂറി നിയമനം 

കേസിന്റെ വിചാരണയ്ക്കായി ജൂറിയെ കണ്ടെത്തുന്നതും വിവാദമായി. 2021 നവംബർ മൂന്നിന് രൂപീകരിച്ച 12 അംഗ ജൂറിയിൽ 11 പേരും വെള്ളക്കാരാണ്. 12 ആഫ്രോ അമേരിക്കൻ വംശജർ ഉൾപ്പെട്ട 50 പേരുടെ പ്രാഥമിക പട്ടികയിൽനിന്നാണ് ജൂറി അംഗങ്ങളെ കണ്ടെത്തിയത്. പ്രതികളുടെ അഭിഭാഷകർക്ക് ജൂറി പ്രാഥമിക പട്ടികയിൽനിന്ന് 8 പേരെ ഒഴിവാക്കാൻ ആവശ്യപ്പെടാം എന്നാണു ചട്ടം. 3 പ്രതികളുടെയും അഭിഭാഷകർ ചേർന്ന് വെട്ടിമാറ്റിയത് 24 പേരെയാണ്. ഇതിൽ 11 ഉം ആഫ്രോ അമേരിക്കൻ വംശജരായിരുന്നു.  ഇതോടെ 12 അംഗ അന്തിമ ജൂറിയിൽ ഒരാൾ മാത്രമായി കറുത്തവർഗക്കാരൻ. വംശീയ പരിഗണന മാത്രം നോക്കിയാണ് ജൂറി അംഗങ്ങളെ നിശ്ചയിച്ചതെന്നും എന്നാൽ നീതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് ആർബറിയുടെ പിതാവ് മാർക്കസ് ആർബറി  പറഞ്ഞു.

1248-ahmaud-arbery
(Photo by Sean Rayford / GETTY IMAGES NORTH AMERICA / Getty Images via AFP)

എന്നാൽ ജൂറി നിയമനം ഏറെ ബുദ്ധിമുട്ടായിരുന്നു എന്നാണ് കോടതിയുടെ നിലപാട്. 85,000 മാത്രം ജനസംഖ്യയുള്ള ചെറിയ നഗരമായ ഗ്ലിൻ കൗണ്ടിയിൽ നിന്ന് നിഷ്പക്ഷ ജൂറി അംഗങ്ങളെ കണ്ടെത്താനും പാടുപെടേണ്ടി വന്നു. കൗണ്ടിയിലെ 70% പേരും വെള്ളക്കാരാണ്. അർബറിയുമായോ പ്രതികളുമായോ ബന്ധമില്ലാത്തവരും കേസിനെക്കുറിച്ച് മുൻവിധി ഇല്ലാത്തവരുമായ ജൂറിയെ നിയമിക്കാൻ മൂന്നാഴ്ച എടുത്തു. വിഡിയോ വ്യാപകമായി പ്രചരിച്ചതിനാൽ അതു കാണാത്തവരും കൗണ്ടിയിൽ കുറവായിരുന്നു. ആർബറിയുടെ പരിചയക്കാരെയും വീഡിയോ കണ്ടവരെയുമാണ് ഒഴിവാക്കിയതെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ ന്യായം.

പ്രോസിക്യൂഷൻ വാദം 

ആർബറിയുടെ കൊലപാതകത്തിനു പിന്നിൽ വംശീയ വിദ്വേഷവുമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ആർബറിയെ വെടിവച്ചശേഷം ട്രാവിസ് വംശീയ പരാമർശം നടത്തുന്നത് വിഡിയോയിലുണ്ട്. പ്രതികൾ വംശീയവാദികളാണെന്നു കാണിക്കാൻ അവരുടെ സമൂഹമാധ്യമ പോസ്റ്റുകളും തെളിവാകും. സിറ്റിസൻ അറസ്റ്റ് നിയമം റദ്ദാക്കിയതിനാൽ അതിന്റെ പരിരക്ഷ പ്രതികൾക്ക് കിട്ടില്ല എന്നും വാദമുണ്ട്. ആർബറിയെ ട്രക്ക് ഉപയോഗിച്ചു വളയാൻ മൂന്നാം പ്രതിയായ ബ്രയാനും ഒപ്പം കൂടിയതിനാൽ ബ്രയാനെതിരെയുള്ള കൊലക്കുറ്റവും നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.   

പ്രതികളുടെ വാദം 

ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതികൾ നിഷേധിച്ചിട്ടുണ്ട്. മോഷ്ടാവെന്നു കരുതിയാണ് ആർബറിയെ പിന്തുടർന്നതെന്നും ഇതിൽ വംശീയ വിഷയം ഉൾപ്പെട്ടിട്ടില്ലെന്നുമാണു പ്രതികളുടെ നിലപാട്. . ആർബറിയെ കൊലപ്പെടുത്താൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നും എന്നാൽ തിരിച്ച് ആക്രമിച്ചതു കൊണ്ടാണു വെടിവച്ചതെന്നും പ്രതികൾ പറയുന്നു. ബ്രയാൻ സംഭവത്തിനു ദൃക്സാക്ഷി മാത്രമാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും ബ്രയാന്റെ അഭിഭാഷകൻ പറഞ്ഞു.

1248-ahmaud-arbery-friends
അഹമ്മദ് ആർബറിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം ആശ്വസിപ്പിക്കുന്നു (Photo by Sean Rayford / GETTY IMAGES NORTH AMERICA / Getty Images via AFP)

ഫ്ലോയ്ഡ് വധക്കേസിൽ 22.5 വർഷം തടവ് 

ആർബറി കേസിനു പിന്നാലെയാണ് ജോർജ് ഫ്ലോയ്‌ഡ് (46) വധക്കേസ് ഉണ്ടായതെങ്കിലും ഈ കേസിൽ കഴിഞ്ഞ ജൂണിൽതന്നെ വിധി വന്നിരുന്നു. ഫ്ലോയിഡിനെ  കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പൊലീസ് ഓഫിസറായിരുന്ന ഡെറക് ഷോവനു (45)  ഇരുപത്തിരണ്ടര വർഷം തടവു ശിക്ഷയാണു വിധിച്ചത്. മിനിയപ്പലിസിലെ കടയിൽനിന്ന് സിഗരറ്റു വാങ്ങിയ ശേഷം 20 ഡോളറിന്റെ കള്ളനോട്ടു കൊടുത്തെന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഫ്ലോയ്ഡിന്റെ കുടുംബത്തിന് സർക്കാർ 2.7 കോടി ഡോളർ നഷ്ടപരിഹാരം നൽകി. 

English summary: Ahmaud Arbery appeared 'tired of running' before he was shot, jury hears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com