ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ മഴയൊരൽപം മാറി നിന്നെങ്കിലും താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ടിൽ കുതിർന്ന അവസ്ഥയിലാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു നീട്ടാൻ സാധ്യതയേറെയാണ്. മധുര ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കു മാറി. വെള്ളക്കെട്ട് കാരണം  ഗതാഗതം സ്തംഭിച്ച മേഖലകളിൽ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പോലീസ്, റവന്യൂ, ഫയർ സർവീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടേറെ  മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി. 

മഴയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ചെന്നൈയിലെ 169 ക്യാംപുകളിലായി ആയിരത്തോളം  പേരാണ് കഴിയുന്നത്. തമിഴ്നാട്ടിലാകെ 5106 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികളോടു തീരത്ത് തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായത്തിന് ഹെലികോപ്റ്ററും ഒരുക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ഗ്രേറ്റർ ചെന്നൈ കോർപറേഷൻ 3.36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 15 അടുക്കളകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ 200 ഡിവിഷനുകളിലും മെഡിക്കൽ ക്യാംപുകളും വാക്സിനേഷൻ ക്യാംപുകളും തുടരുകയാണ്. 

കഴിഞ്ഞ ഒന്നു മുതൽ ഇന്നലെ വരെ 44% കൂടുതൽ മഴ ലഭിച്ചെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതിനു പിന്നാലെയാണു പുതിയ ന്യൂനമർദ ഭീഷണി ഉയരുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ഇന്നു ന്യൂനമർദം രൂപപ്പെടുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസത്തേക്ക് തമിഴ്‌നാട്ടിൽ അതിശക്തമായ മഴ പെയ്തേക്കും. നാളെ മുതൽ 12 വരെ 3 ദിവസത്തേക്ക് ചെന്നൈ നഗരം, തിരുവള്ളൂർ, കാഞ്ചിപുരം, ചെങ്കൽപേട്ട്, കടലൂർ, വില്ലുപുരം, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും 11നും കനത്ത മഴയെന്നാണു പ്രവചനം.

English Summary: Chennai rain IMD forecasts more rainfall on November 10-11

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com