'ഐസിയു’ വിട്ടു; തിരിച്ചുകയറി ഇന്ത്യൻ സാമ്പത്തികരംഗം, മോദിക്ക് കയ്യടി, പക്ഷേ...’
‘ഇന്ത്യൻ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണോ?’ തീർച്ചയായും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജന്റെയും ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെയും അഭിപ്രായം. രണ്ടു വർഷത്തിന് മുൻപ് രാജ്യത്തിന്റെ സമ്പദ്ഘടന അത്ര നല്ല നിലയിലല്ല എന്നു പറഞ്ഞ രഘുറാം രാജനും കുറച്ചുകൂടി കടുപ്പിച്ച് ഇന്ത്യൻ സാമ്പത്തികരംഗം തീവ്രപരിചരണ വിഭാഗത്തിലാണ്...
‘ഇന്ത്യൻ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണോ?’ തീർച്ചയായും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജന്റെയും ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെയും അഭിപ്രായം. രണ്ടു വർഷത്തിന് മുൻപ് രാജ്യത്തിന്റെ സമ്പദ്ഘടന അത്ര നല്ല നിലയിലല്ല എന്നു പറഞ്ഞ രഘുറാം രാജനും കുറച്ചുകൂടി കടുപ്പിച്ച് ഇന്ത്യൻ സാമ്പത്തികരംഗം തീവ്രപരിചരണ വിഭാഗത്തിലാണ്...
‘ഇന്ത്യൻ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണോ?’ തീർച്ചയായും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജന്റെയും ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെയും അഭിപ്രായം. രണ്ടു വർഷത്തിന് മുൻപ് രാജ്യത്തിന്റെ സമ്പദ്ഘടന അത്ര നല്ല നിലയിലല്ല എന്നു പറഞ്ഞ രഘുറാം രാജനും കുറച്ചുകൂടി കടുപ്പിച്ച് ഇന്ത്യൻ സാമ്പത്തികരംഗം തീവ്രപരിചരണ വിഭാഗത്തിലാണ്...
‘ഇന്ത്യൻ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണോ?’ തീർച്ചയായും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജന്റെയും ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്റെയും അഭിപ്രായം. രണ്ടു വർഷത്തിന് മുൻപ് രാജ്യത്തിന്റെ സമ്പദ്ഘടന അത്ര നല്ല നിലയിലല്ല എന്നു പറഞ്ഞ രഘുറാം രാജനും കുറച്ചുകൂടി കടുപ്പിച്ച് ഇന്ത്യൻ സാമ്പത്തികരംഗം തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) എന്ന് തുറന്നടിച്ച അരവിന്ദ് സുബ്രഹ്മണ്യവുമാണ് ഇപ്പോൾ മോദി സർക്കാരിന് കയ്യടി നൽകിയിരിക്കുന്നത്.
പക്ഷേ രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ താക്കോൽസ്ഥാനത്ത് ഇരുന്ന, അതിനെക്കുറിച്ച് ആഴത്തിൽ അറിവുള്ള ഇവർ ഉയർത്തുന്ന അതിപ്രധാനമായൊരു ചോദ്യമുണ്ട്. സാമ്പത്തിക രംഗത്തെ ഈ പ്രകടനം എത്രനാൾ തുടരും? സർക്കാരിന്റെ നയങ്ങൾക്കും സമീപനങ്ങൾക്കും മാറ്റമില്ലെങ്കിൽ ഇപ്പോൾ കുതിക്കുന്ന ഇന്ത്യൻ സാമ്പത്തികരംഗം കിതച്ചുകൊണ്ട് നിൽക്കും. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. രണ്ടു പേരും മുന്നറിയിപ്പ് നൽകുന്നു.
‘സാമ്പത്തിക രംഗം മുന്നേറി, പക്ഷേ...’
രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പദ്ധതികളെയും പരിപാടികളെയും (ഹാർഡ്‌വെയർ) സ്വാഗതം ചെയ്യുന്ന അവർ, അത് നടപ്പാക്കാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നയങ്ങളെയും സമീപനങ്ങളെയും (സോഫ്റ്റ്‌വെയർ) നിശിതമായിമായി വിമർശിക്കുന്നു. അടുത്തിടെ ബ്രൗൺ സർവകലാശാലയുടെ വാസ്‌റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ‘ഇന്ത്യ മടങ്ങി വരവിന്റെ പാതയിലോ?’ എന്ന സെമിനാറിലാണ് രഘുറാം രാജനും അരവിന്ദ് സുബ്രഹ്മണ്യനും ഈ വിലയിരുത്തൽ നടത്തിയത്. സെമിനാറിൽ വിഷയം അവതരിപ്പിച്ച അരവിന്ദ് സുബ്രഹ്മണ്യൻ ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ വർത്തമാനകാല യാഥാർഥ്യങ്ങളും അവയുടെ കാരണങ്ങളും വരച്ചുകാട്ടി.
‘ഞാൻ രണ്ടുവർഷം മുമ്പ് വിമർശിച്ചിരുന്ന അവസ്ഥയിൽനിന്നും സാമ്പത്തികരംഗം വളരെ മുന്നേറിയിട്ടുണ്ട്. പക്ഷേ അടിസ്ഥാനപരമായ മാറ്റം ഉണ്ടായിട്ടുണ്ടോ എന്നതാണ് കാതലായ വസ്തുത’–അരവിന്ദ് സുബ്രമണ്യൻ ആമുഖമായി പറഞ്ഞു. അദ്ദേഹം തുടരുന്നു: വിപണിക്ക് ഇന്ത്യയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. എന്നാൽ ഇന്ത്യൻ ജനതയ്ക്ക് ആ വിശ്വാസമില്ല. 1980-2010 വരെയുള്ള മൂന്നു പതിറ്റാണ്ട് ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ അസാധാരണ വളർച്ചയുടെയും മാറ്റങ്ങളുടെയും കാലമായിരുന്നു. എന്നാൽ 2010ൽ തുടങ്ങുന്ന പതിറ്റാണ്ട് സാമ്പത്തിക രംഗത്ത് മനസ്സില്ലാ മനസ്സോടെ ഘടനാപരമായ മാറ്റങ്ങൾ നടത്തിയ കാലഘട്ടമായിരുന്നു.
എങ്ങനെ ഇന്ത്യയ്ക്കു വളർച്ചയിൽ നഷ്ടപെട്ട കുതിപ്പ് തിരിച്ചുപിടിക്കാൻ കഴിയും? അതിന് കൂടുതൽ സ്വകാര്യനിക്ഷേപം ആകർഷിക്കുകയും തൊഴിൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾ കൂടിയ തോതിൽ കയറ്റി അയക്കുകയുമേ മാർഗമുള്ളൂ. ഇതിനുള്ള സുശക്തമായ പദ്ധതികളും പരിപാടികളും സർക്കാരിനുണ്ട് പക്ഷേ അത് നടപ്പാക്കാനുള്ള നയങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും എനിക്ക് ആകാംക്ഷയും ആശങ്കയും ഉണ്ട്. ഇത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് വലിയ തടസ്സം സൃഷ്ടിക്കും.
ഇന്ത്യൻ ഓഹരി വിപണി വികിസിത രാജ്യങ്ങളിലെ വിപണികളെപോലും പിന്നിലാക്കി കുതിക്കുകയാണ്. ലോക വിപണിയിലെ പണ ലഭ്യത മാത്രമല്ല ഇതിനു കാരണം. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതും കാരണമാണ് അതുകൊണ്ടുതന്നെയാണ് അടുത്തിടെ റേറ്റിങ് ഏജൻസി ആയ മൂഡി പൂജ്യത്തിനു താഴെപോയ ഇന്ത്യയുടെ വളർച്ചാനിരക്കു സ്ഥിരാവസ്ഥയിലാകും എന്ന് വിലയിരുത്തിയത്. വിദേശനിക്ഷേപങ്ങളുടെ ഒഴുക്കും ശക്തമാണ്– ഒരു മാസം ഏതാണ്ട് 550 കോടി ഡോളറാണ് വന്നുകൊണ്ടിരിക്കുന്നത്.
മറ്റൊരു വിസ്മയിപ്പിക്കുന്ന കാര്യം സ്റ്റാർട്ടപ്പുകളുടെ വളർച്ചയാണ്. ഇതിൽ പലതും 100 കോടി ഡോളർ മൂല്യമുള്ള യൂണികോൺ സംരംഭം എന്നറിയപ്പെടുന്നവയാണ്. ചില്ലറവ്യാപാരം, ധനകാര്യം, ഗതാഗതം, വിദ്യാഭ്യാസം, ക്‌ളൗഡ് കംപ്യൂട്ടിങ്, ഭക്ഷണം, ഹോട്ടൽ, വിനോദസഞ്ചാരം എന്നീ മേഖലകളിൽ നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് ഈ കാലഘട്ടത്തിൽ രാജ്യത്ത് ഉയർന്നു വന്നത്. ഇവയുടെ ആകെ മൂല്യം 300- 400 ബില്യൻ (1 ബില്യൻ=100 കോടി) ഡോളറോളം വരും.
ചെലവു കുറഞ്ഞ നിക്ഷേപത്തിന്റെ ലഭ്യത, സംരംഭങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള മിടുക്ക്, സോഫ്റ്റ്‌വെയറിലുള്ള വൈദഗ്ധ്യം, സാങ്കേതിക വിദ്യയിലുള്ള കഴിവ് എന്നിവയുടെ സംയോജനം തുടങ്ങിയവ പ്രത്യേക ഉടമസ്ഥരില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു വഴിതെളിച്ചു. ഈ ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ സഹായത്താലാണ് സ്റ്റാർട്ടപ്പുകളെല്ലാം പ്രവർത്തിക്കുന്നത്. ഇന്ത്യ ഒരു ‘ഡിജിടെക്’ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്.
‘എന്തുകൊണ്ട് ശുഭപ്രതീക്ഷ?’
എന്തുകൊണ്ടാണ് വിപണി ഇന്ത്യയെക്കുറിച്ച് ഇത്രയധികം ശുഭപ്രതീക്ഷ വച്ചുപുലർത്തുന്നത്? അതിനുള്ള അടിയന്തര കാരണങ്ങളിൽ മുഖ്യം കയറ്റുമതിയും സർക്കാരിന്റെ വരവും വളരെയധികം മെച്ചപ്പെട്ടു എന്നതാണ്. കൂടാതെ കോവിഡിന്റെ പിടിയിൽനിന്ന് രാജ്യം ഏതാണ്ട് മുക്തമായി എന്നതും. രണ്ടാമത്തേത് സാമ്പത്തിക രംഗത്ത് രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ പരിഷ്കാരങ്ങളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 68 വർഷം സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിച്ച എയർ ഇന്ത്യ സ്വകാര്യ കമ്പനിക്ക് കൈമാറിയത്.
അതുപോലെത്തന്നെ സർക്കാരിന്റെ അനവധി ആസ്തികൾ കുത്തകപ്പാട്ടത്തിനോ തീറായോ സ്വകാര്യമേഖലയ്ക്ക് കൊടുക്കാനുള്ള (മോണിട്ടൈസേഷൻ ) തീരുമാനം. പിന്നെ വ്യവസായ നയത്തിലും (മേക്ക് ഇൻ ഇന്ത്യ) തൊഴിൽ നിയമങ്ങളിലും കൊണ്ടുവന്ന സമഗ്ര പരിഷ്‌ക്കാരം. പശ്ചാത്തല വികസനത്തിന്, പ്രത്യകിച്ചും ദേശീയപാതയ്ക്കും റെയിൽവേ ലൈനുകൾക്കും നൽകുന്ന പ്രാധാന്യവും എടുത്തു പറയണം. കൂടുതൽ ദേശീയപാതകളൂം റെയിൽവേ ലൈനുകളും അതിവേഗം തീർത്തു രാജ്യത്ത് യാത്രയും ചരക്കുനീക്കവും കൂടുതൽ വേഗത്തിലാക്കുന്നു. ഡൽഹി- മുംബൈ 8 വരി പാത, ഉത്തർപ്രദേശിലെ എക്സ്പ്രസ് ഹൈവേ ജമ്മുവും കാശ്മീരും തമ്മിൽ ബന്ധിപ്പിക്കുന്ന പാത എന്നിവ ഇതിന് ഉദാഹരണമാണ്.
ചരക്കുനീക്കത്തിന് മാത്രമായി പ്രത്യേക റെയിൽ ഇടനാഴികൾക്കും രൂപം കൊടുത്തുകഴിഞ്ഞു. വെർചൽ പണമിടപാട് സമ്പ്രദായത്തിന്റെ വളർച്ചയാണ് മറ്റൊരു കാരണം. ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് 6 ലക്ഷം കോടിയുടെ ഇടപാടാണ് ഇപ്പോൾ ഇതിലൂടെ നടക്കുന്നത്. വിപണി പ്രതീക്ഷയോടെ ഇന്ത്യയെ കാണാൻ മറ്റൊരു കാരണം സർക്കാറിന്റെ പുതിയ സാമൂഹികക്ഷേമ നയങ്ങളാണ്. അതനുസരിച്ചു നല്ലൊരു വിഭാഗം ജനങ്ങൾക്കും അത്യാവശ്യ സാധനങ്ങളും സേവനങ്ങളും ആയ പാചകവാതകം, വീട്, ശുചിമുറികൾ, വൈദ്യുതി, ബാങ്ക് അക്കൗണ്ട്, പൈപ്പുവെള്ളം തുടങ്ങിയല സൗജന്യമായി ലഭിക്കുന്നു.
കൂടാതെ സബ്സിഡി തുടങ്ങിയവ നേരിട്ട് ഗുണഭോക്താക്കൾക്ക് നൽകുന്നു. 2020-21 ൽ 15 കോടി ആൾക്കാർക്ക് 10,000 കോടി രൂപ ഇങ്ങനെ നൽകിയിട്ടുണ്ട്. ഇങ്ങനെ പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന ഈ സാമൂഹ്യക്ഷേമങ്ങളുടെയെല്ലാം ക്രെഡിറ്റ് പോകുന്നത് പ്രധാനമന്ത്രിക്കും സർക്കാരിനുമാണ്. സർക്കാരിന്റെ തുടർച്ചയായ രാഷ്ട്രീയ വിജയങ്ങളുടെ അടിസ്ഥാനശില ഈ ക്ഷേമപദ്ധതികളാണെന്നാണ് ധനശാസ്ത്രജ്ഞന്മാരുടെയും സാമൂഹികശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം.
ഇതിൽ പലതും പെരുപ്പിച്ചു കാണിക്കുന്നുണ്ടായിരിക്കാം പലതും മുടങ്ങിപ്പോയിരിക്കാം. എന്തായാലും ഇത് സർക്കാരിനു വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിന് സംശയമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബാങ്കിങ്- കോർപ്പറേറ്റ് മേഖലയെ അലട്ടിക്കൊണ്ടിരുന്ന ട്വിൻ ബാലൻസ്‌ഷീറ്റിനും (കോർപറേറ്റുകൾ കൂടുതൽ കൂടുതൽ കടമെടുക്കുകയും അതുമൂലം പൊതുമേഖലാ ബാങ്കുകൾ കൂടുതൽ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന പ്രതിഭാസം) കേന്ദ്ര സർക്കാർ പരിഹാരം കണ്ടു.
‘ജനങ്ങൾ ഇപ്പോഴും ആശങ്കയിൽത്തന്നെ!’
സാമ്പത്തികരംഗം ഇത്ര ഉത്സാഹഭരിതമായിട്ടും ജനങ്ങൾക്ക് വലിയ ശുഭപ്രതീക്ഷ ഇല്ല എന്ന വിരോധഭാസമാണ് രാജ്യം നേരിടുന്നത്. അവർ ഇപ്പോഴും ഉത്കണ്ഠാകുലരാണ്. ആർബിഐ നടത്തിയ ഒരു കൺസ്യൂമർ കോൺഫിഡൻസ് സർവേ പറയുന്നത് 75-80% ജനങ്ങൾക്കും രംഗം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന അഭിപ്രായമാണ് ഉള്ളതെന്നാണ്. ഞാൻ മനസ്സിലാക്കുന്നത് ഇന്ന് രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇതിനു മുഖ്യകാരണമെന്നാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ സാമ്പത്തിക വിഭവങ്ങൾ വിഭജിക്കുന്നതിൽ നിലനിൽക്കുന്ന തർക്കങ്ങൾ, പലതരം പുതിയ റിസർവേഷൻ ഏർപ്പെടുത്തിയതിനെ തുടർന്നുള്ള അസ്വസ്ഥതകൾ..ഇതെല്ലാം 1989 ൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ ശക്തവും വ്യത്യസ്തവുമായ രാഷ്ട്രീയ അടിയൊഴുക്കുകളാണ് സൃഷ്ടിക്കുന്നത്. മണ്ഡൽ കമ്മിഷൻ റിസർവേഷൻ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന റിസർവേഷൻ നീക്കങ്ങളുടെ ലക്ഷ്യം, അതിന്റെ ഗുണം ഒരു പ്രത്യേക വിഭാഗത്തിൽ ഒതുക്കി നിർത്തുക എന്നതാണ്. ഉദാഹരണത്തിനു പല സംസ്ഥാനങ്ങളും അവിടുത്തെ ആൾക്കാർക്കായി മാത്രം തൊഴിലുകൾ നീക്കിവയ്ക്കുന്ന അതീവ ഭീതിജനകമായ തീരുമാനങ്ങൾ എടുക്കുന്നു. ഇത് ഇപ്പോൾ രാജ്യത്തു നിലനിൽക്കുന്ന ഒറ്റ തൊഴിൽ വിപണിക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സാമ്പത്തികരംഗത്ത് അതിവേഗം മാറ്റങ്ങൾ കൊണ്ടുവന്നിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
2010 നഷ്ടങ്ങളുടെ പതിറ്റാണ്ടല്ല, നിരാശയുടെ പതിറ്റാണ്ടാണ്. ലോക സാമ്പത്തിക മാന്ദ്യാനന്തര പ്രശ്നങ്ങളെ നേരിടുന്നതിൽ രണ്ടു സർക്കാരുകൾ കാണിച്ച ഉദാസീനതയാണ് ഈ പതിറ്റാണ്ട് നിരാശയുടെ പതിറ്റാണ്ടാക്കി മാറ്റിയത്. ഈ സർക്കാരുകളുടെ നിലപാട് മൂലം പല പരിഷ്ക്കാരങ്ങളുടെയും തുടർച്ച നിലച്ചുപോയി. ഇതോടെ വളർച്ചയുടെ വേഗത കുറഞ്ഞു. സമ്പദ്ഘടനയുടെ പല മേഖലകളും പുറകിലേക്ക് പോയി. ഇതിനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമായി കാണാനോ വിശദീകരിക്കാനോ കഴിയുകയില്ല. കൂടുതൽ വിശാലമായി വേണം കാണാൻ.
എന്റെ അഭിപ്രായത്തിൽ അശ്രദ്ധയോടെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയതു കൊണ്ട് സംഭവിച്ച ഭവിഷ്യത്താണിത്. ഈ പതിറ്റാണ്ടിൽ സമ്പദ്ഘടനയുടെ ആരോഗ്യം നിർണയിക്കുന്ന ഘടകങ്ങളായ നിക്ഷേപങ്ങളും കയറ്റുമതിയും ഇറക്കുമതിയും വ്യവസായ ഉത്പന്ന സൂചികയും വായ്പയും ആസ്തിവളർച്ചയും എല്ലാം തകർന്നുപോയി. ഈ പതിറ്റാണ്ടിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ ചലനാത്മകത തിരിച്ചുവരാനാകാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. ഓരോ മേഖലയിലും തൊഴിലാളികളുടെ സാന്നിധ്യം കഴിഞ്ഞ 5 വർഷത്തിൽ കുത്തനെ ഇടിഞ്ഞു. നിർമാണ മേഖലയിൽ രാജ്യത്ത് ആകെയുള്ള തൊഴിലാളികളുടെ 13 ശതമാനമാണ് പ്രവർത്തിക്കുന്നത്. അതിപ്പോൾ 8 ശതമാനത്തിലേക്കു കൂപ്പുകുത്തി.
‘നോട്ടുനിരോധനവും മഹാമാരിയും’
നോട്ടുനിരോധനം കൊണ്ടുവന്നതിനു സർക്കാർ പറഞ്ഞ പ്രധാന കാരണങ്ങളിൽ ഒന്ന് വിതരണത്തിലുള്ള നോട്ടുകളുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ അന്നത്തേതിനേക്കാൾ ജിഡിപിയുടെ 3-4 ശതമാനം കൂടുതൽ നോട്ടുകൾ വിതരണത്തിലുണ്ട്. കോവിഡിന്റെ ആക്രമണം കാര്യങ്ങൾ കൂടുതൽ വഷളാക്കി. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിൽ അധികം പേർക്കും രോഗം ബാധിച്ചു. ജി-20 രാഷ്ട്രങ്ങളുടെ ശരാശരി മരണ നിരക്കുകളേക്കാൾ കൂടുതലായിരുന്നു ഇന്ത്യയിലെ മരണനിരക്ക്. അതുപോലെ മറ്റ് ഓരോ ജി–20 രാജ്യങ്ങളിൽ നടന്ന മരണങ്ങളേക്കാൾ 2.5 മുതൽ 4.5 ദശ ലക്ഷം കോവിഡ് മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചു
മഹാമാരി സമ്പദ്ഘടനയെ തകർത്തുകളഞ്ഞതിന്റെ ഫലമായി ആളോഹരി ഉപഭോഗം അഞ്ചു വർഷത്തിന് മുൻപുള്ളതിലേക്കു താണു. ചില ഭാഗങ്ങളിൽ അത് 10 വർഷത്തിന് മുൻപിലേക്കും. ദാരിദ്ര്യം വല്ലാതെ കൂടി. ലക്ഷക്കണക്കിന് ആൾക്കാർ ദ്രാരിദ്ര്യത്തിന്റെ പിടിയിലായി. ആളോഹരി ജിഡിപി 3 വർഷം പുറകോട്ടുപോയി. കോവിഡ് ഓരോ മേഖലയിലെയും ഘടനാപരമായ തളർച്ച കൂടുതൽ വഷളാക്കി. കോവിഡിനെ തുടർന്ന് നഗരങ്ങളിൽനിന്ന് തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുവന്നു. ഇതുമൂലം കാർഷികമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി.
സ്കൂൾ വിദ്യാഭ്യാസം മഹാമാരിയെ തുടർന്ന് താറുമാറായതിനാൽ ഇന്ത്യയിൽ മാനവ വിഭവശേഷിയുടെ രൂപീകരണത്തെ വല്ലാതെ ബാധിക്കും. നഗരങ്ങളിൽ 24 ശതമാനം കുട്ടികൾക്കും ഗ്രാമങ്ങളിൽ 9 ശതമാനം കുട്ടികൾക്കും മാത്രമേ തുടർച്ചയായി ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിക്കാൻ കഴിയുന്നുള്ളു. നഗരങ്ങളിലെ 19 ശതമാനം കുട്ടികളുടെയും ഗ്രാമങ്ങളിലെ 37 ശതമാനത്തിന്റെയും വിദ്യാഭ്യാസം മുടങ്ങി. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഏതാണ്ട് പകുതിയോളം കുട്ടികൾക്ക് ഏതാനും വാക്കുകളിൽ കൂടുതൽ വായിക്കാൻ കഴിയുകയില്ല. ഒന്നര വർഷത്തിലധികമായി വിദ്യാലയങ്ങൾ പ്രവർത്തിച്ചിട്ട്. ലോകത്തിൽ എല്ലായിടത്തും സമാനസ്ഥിതിയാണ്. എന്നാൽ വലിയൊരുവിഭാഗം കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന ഇന്ത്യയിൽ ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
‘സർക്കാരിന്റെ ഉദാസീനത തിരിച്ചടിയായി’
എന്തുകൊണ്ടാണ് രാജ്യത്തെ ഘടനാപരമായ മാറ്റങ്ങൾ പരാജയപ്പെട്ടതെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ആഗോള മാന്ദ്യവും അതിനെത്തുടർന്നുണ്ടായ സങ്കീർണതകളുമാണ്. 2000 വരെ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്. വളർച്ചാനിരക്കിൽ അന്ന് ഇന്ത്യ ചൈനയേക്കാൾ മുമ്പിലായിരുന്നു. അതിനുശേഷം വന്ന സർക്കാരിന്റെ ഉദാസീനത കൊണ്ടാണ് സംഗതി കൂടുതൽ വഷളായത്. ഇക്കാലത്തു അധികാരത്തിൽ ഉണ്ടായിരുന്ന രണ്ടാം യുപിഎ സർക്കാർ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിൽ വന്നതിൽ വലിയ വീഴ്ചയാണു വരുത്തിയത്.
കൊടികുത്തി വാണ അഴിമതി മുൻകാല പ്രാബല്യത്തോടെയുള്ള നികുതി (റെട്രോആക്റ്റിവ് ടാക്സ്) പോലുള്ള നിക്ഷേപകവിരുദ്ധ നടപടികൾ തീരുമാനങ്ങൾ എടുക്കുന്നതിലെ അമാന്തം എന്നിവയെല്ലാം സമ്പദ്ഘടനയ്ക്ക് സാരമായ പരുക്കേൽപിച്ചു. ലോകമാന്ദ്യത്തിന്റെ വല്ലാത്തൊരു കാലഘട്ടത്തിലൂടെയായിരുന്നു ആ സർക്കാർ കടന്നുപോയിക്കൊണ്ടിരുന്നത് എന്നത് മറന്നു കൂടാ. യുപിഎക്കു ശേഷം അധികാരത്തിൽ വന്ന ഒന്നാം എൻഡിഎ സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെ തുടർന്നുള്ള വമ്പൻ പ്രതിസന്ധികൾ, ചരക്കു-സേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകൾ, കോവിഡ് കാല തീരുമാനങ്ങൾ എടുക്കുന്നത് ഒന്നോ രണ്ടോ പേരിൽ മാത്രം കേന്ദ്രികരിച്ചിരിക്കുന്നതിനാൽ നയങ്ങളിലും അവ നടപ്പാക്കുന്നതിലും ഉണ്ടാകുന്ന പോരായ്മകൾ എല്ലാം ഈ പതിറ്റാണ്ടിൽ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ഇതുകൂടാതെ ട്വിൻ ബാലൻസ് ഷീറ്റ് പ്രശ്‍നം 10 വർഷമായി പരിഹരിക്കാൻ കഴിയാതിരുന്നതുമൂലം പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8 ശതമാനത്തിൽ അധികമായി ഉയർന്നു. രാജ്യത്തിന്റെ കടത്തിന്റെ 40 ശതമാനവും ഈ ബാങ്കുകളിൽനിന്ന് കടമെടുത്ത കമ്പനികൾ തിരിച്ചടക്കാത്തതു മൂലം ഉണ്ടായതാണ്. അതുമൂലം ഈ കാലയളവിൽ രാജ്യത്ത് വായ്പകളും നിക്ഷേപങ്ങളും ഏതാണ്ട് നിലച്ചുപോയി.
ഇതിനേക്കാളൊക്കെ ഗുരുതരമായ പ്രശ്നമായി ഞാൻ കാണുന്നത് കഴിഞ്ഞ മൂന്നാലു വർഷമായി ഭരണത്തിനും സ്ഥാപനങ്ങൾക്കും വന്നിരിക്കുന്ന അതീവ ഗുരുതരമായ അപഭ്രംശങ്ങളാണ്. അതുകൊണ്ടുതന്നെ സർക്കാരിന്റെ പ്രധാനപ്പെട്ട വിവരങ്ങളിലെ (ഡേറ്റ) സത്യസന്ധ്യത വല്ലാതെ ക്ഷയിച്ചു, പൂർണത നഷ്ടമായി, അത് പൗരന് ഏതാണ്ട് അപ്രാപ്യമാക്കി. ഉദാഹരണത്തിന് ജിഡിപിയെകുറിച്ചുള്ള വിവരങ്ങളും തൊഴിൽ വിവരങ്ങളും തടഞ്ഞുവച്ചിരിക്കുന്നു അവ പുറത്തുവിടുന്നില്ല കോവിഡ് സംമ്പന്ധിച്ച ആരോഗ്യ വിവരങ്ങൾ സുതാര്യമല്ല. ശരിയായ നയരൂപീകരണത്തിന്റെ ആധാരശിലയാണ് സത്യസന്ധമായ പൂർണമായ വിവരങ്ങൾ. അതിന്റെ അഭാവം നയങ്ങളുടെ ഫലപ്രാപ്തിയെ കാര്യമായി ബാധിക്കും.
ഭരണ നിർവഹണത്തിനും സ്ഥാപനങ്ങൾക്കും സംഭവിച്ച അപഭ്രശം കൊണ്ട് ഉണ്ടായ മറ്റൊരു വീഴ്ചയാണ് സർക്കാരും നിയന്ത്രകരും (ആർബിഐ,സെബി, ഇഡി തുടങ്ങിയവ) സംരംഭകരോട് തുല്യതയോടെ പെരുമാറുന്നില്ല എന്നത്. അതിനാൽ ഇന്ത്യയിലെ വ്യവസായിക ലോകത്ത് ഒരു 2-എ വേരിയന്റ് ഉണ്ടവുകയും ചെയ്തിരിക്കുന്നു. അതായത് രാജ്യത്തെ രണ്ട് വ്യവസായ ഗ്രൂപ്പിന് ഭരണനിർവഹണത്തിന്റെയും നിയന്ത്രകരുടെയും എല്ലാ അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും കിട്ടുന്നു.
‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ...’
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിശ്വാസക്കുറവും സംസ്ഥാനങ്ങളോട് ആലോചിക്കാതെ കേന്ദ്രം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളും (ഉദാ: ജിഎസ്ടി, കോവിഡ്, കാർഷിക നിയമം) രാഷ്ട്രനിർമാണത്തെ വളരെ ദോഷകരമായി ബാധിച്ചു. കേന്ദ്രവിഹിതത്തിലെ കുടിശിക, ഏകപക്ഷീയമായി നികുതി അടിച്ചേപ്പിക്കൽ, സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപങ്ങൾക്കു സംഭവിച്ച സ്വാതന്ത്ര്യ ചോഷണം എന്നിവ നിയമ നിർവഹണത്തിൽ വലിയ തടസങ്ങൾ സൃഷ്ടിക്കുന്നു.
കാർഷികമേഖലയിലെ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയതിനു ശേഷം രാജ്യത്തെ ഭക്ഷ്യവസ്തു ശേഖരത്തിൽ കുറവുണ്ടന്ന് പറഞ്ഞു കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുക, അത്യാവശ്യസാധന നിയന്ത്രണ നിയമം എടുത്തുകളയുക, അതേസമയം സംഭരണത്തിനും കയറ്റുമതിക്കും നിയന്ത്രങ്ങൾ കൊണ്ടുവരിക എന്നിവപോലുള്ള നയങ്ങളിലെ അസ്ഥിരത രാജ്യത്തിന്റെ വളർച്ചയെത്തന്നെ കാര്യമായി ബാധിക്കുന്നു.
രാജ്യത്തെ നികുതി മേഖലയും ഈ നയങ്ങളിലെ അസ്ഥിരതയുടെ ഇരയാണ്. നികുതിദായകരുടെ എണ്ണം ക്രമമായി കൂട്ടി കൊണ്ടുവരുക എന്നതാണ് നയം. പക്ഷേ നയങ്ങളിലെ വൈകല്യം മൂലം ഇവരുടെ എണ്ണം ക്രമാതീതമായി താഴത്തേക്കു പോകുന്നു. ഇതുമൂലം കഴിഞ്ഞ ഒരു ദശകമായി നികുതിയും (ആദായ നികുതി) ജിഡിപിയും തമ്മിലെ അനുപാതം മാറ്റമില്ലാതെ 9.5 ശതമാനമായി തുടരുകയാണ്. 2019ൽ സർക്കാർ നികുതിയിൽനിന്ന് ഒഴിവാക്കുന്ന പരിധി ഇരട്ടിയാക്കി അതോടെ നികുതി അടയ്ക്കുന്ന 75 ശതമാനം (6 കോടി) നികുതിദായകരും നികുതിയുടെ പരിധിക്കു പുറത്തായി
ഇപ്പോൾ സാമ്പത്തിക രംഗം ഐസിയുവിൽ അല്ല. എന്നാൽ സമ്പദ്ഘടനയെ ഊർജസ്വലമാക്കുക എന്നത് അത്ര എളുപ്പമല്ല. ഘടനാപരമായ മാറ്റം പുനഃസ്ഥാപിച്ചു കൊണ്ടും അധ്വാനം വളരെ ആവശ്യമുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടി തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ചുമേ അത് സാധ്യമാകൂ. ഏറ്റവും പ്രധാന ചോദ്യം സമ്പദ്ഘടനയെ ഊർജസ്വലമാക്കാനുള്ള സർക്കാരിന്റെ ഇപ്പോഴത്തെ തന്ത്രങ്ങൾ വിജയിക്കുമോ എന്നതാണ്?
‘വിജയിക്കുമോ ഈ തന്ത്രങ്ങൾ?’
കയറ്റുമതി കൂട്ടാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ച് നോക്കാം. അതിനുള്ള സർക്കാരിന്റെ തന്ത്രമാണ് ആത്മനിർഭർ ഭാരത് അഥവാ സ്വയം പര്യാപ്തത. അത് വിജയിപ്പിക്കുന്നതിന് സർക്കാർ പ്രകടനത്തെ (പെർഫോമൻസ്) അടിസ്ഥാനമാക്കിയുള്ള ഉൽപാദന സബ്സിഡി എന്ന പുതിയ വ്യവസായ നയം കൊണ്ടുവന്നു. ഏതാണ്ട് 12-13 മേഖലകൾക്ക് ഇതിന്റെ പ്രയോജനം കിട്ടും. പല വാണിജ്യ നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഇന്ത്യൻ ഉൽപന്നങ്ങളെ മത്സരങ്ങളിൽ നിന്നും രക്ഷിക്കുന്നു. ഇന്ത്യ ബോധപൂർവം പ്രധാനപ്പെട്ട പല മേഖലാ വ്യാപാര ഉടമ്പടികളിൽനിന്നും പിന്മാറി. സബ്സിഡി സംരക്ഷണം, അന്താരാഷ്ട്ര വ്യാപാര ഉടമ്പടികളിൽനിന്നുള്ള മാറിനിക്കൽ ഇതാണ് ഇന്ത്യൻ വ്യവസായിക രംഗം പുഷ്ടിപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന തന്ത്രങ്ങൾ.
സർക്കാരിന്റെ ഈ തന്ത്രങ്ങൾ വിജയിക്കുമോ? പുതിയതായി ഏർപ്പെടുത്തിയ സബ്സിഡിയെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ മുൻ ധനകാര്യ ഉപദേഷ്ടാവായ ശങ്കരാചാര്യ പറയുന്നത് കേൾക്കൂ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പുതിയതായി ഏർപ്പെടുത്തിയ സബ്‌സിഡിക്ക് പണ്ടേ അവസാനിപ്പിച്ച ‘ലൈസൻസ് രാജിന്റെ’ എല്ലാ ദോഷങ്ങളുമുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ഏകപക്ഷീയമായ ടാർജറ്റ്, ആ ലക്ഷ്യത്തിൽ എത്തുന്നോ എന്ന സർക്കാരിന്റെ നിരീക്ഷണം, അതിനുവേണ്ടിയുള്ള പല ഏജൻസികൾ തുടങ്ങിയവ ഈ ദോഷങ്ങളിൽ ചിലതുമാത്രമാണ്.
പുതിയ സബ്‌സിഡിക്ക് അർഹതയുള്ള 13 മേഖലകളിൽ ഒന്നോ രണ്ടോ ഒഴിച്ച് ബാക്കിയെല്ലാം സാങ്കേതിക പ്രാധാന്യമുള്ളതും നിക്ഷേപ പ്രാധാന്യമുള്ളതുമായ മേഖലകളാണ് . കൂടുതൽ തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ അവഗണിച്ചു. അതുകൊണ്ടുതന്നെ തൊഴിൽ മേഖലയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല. അതിനാൽത്തന്നെ വളരെ പരിമിതമായ വിഭവങ്ങളിൽ നിന്ന് കൊടുക്കുന്ന സബ്സിഡി ശരിയായ മേഖലയിൽ അല്ല എത്തുന്നത്.
വിപണിയിലെ മത്സരത്തിന് വിട്ടുകൊടുക്കാതെ ഇന്ത്യൻ ഉൽപന്നങ്ങളെ എത്രകാലം സംരക്ഷിക്കാൻ കഴിയും? ബാലാരിഷ്ടം കഴിയുന്നതുവരെ എന്നൊക്കെ പറയും. പക്ഷേ സംഗതി അങ്ങനെയല്ല. സംവരണത്തിന്റെ കാര്യം തന്നെ എടുക്കുക - റിസർവഷനും ഒരു സംരക്ഷണമാണല്ലോ. പത്തു വർഷത്തേക്കാണെന്നാണല്ലോ പറഞ്ഞിരുന്നത്. എന്നാൽ റിസർവേഷൻ ഇപ്പോഴും നിലവിലില്ല? എന്നുമാത്രമല്ല അത് കൂടുതൽ ആഴത്തിലും പരപ്പിലും വ്യാപിച്ചു. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
‘അവസരം മുതലെടുക്കുന്ന ചൈന’
ഇന്ത്യൻ ഉൽപന്നങ്ങളെ വിപണിയിലെ മത്സരങ്ങളിൽനിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നികുതി ചുമത്തുന്നുണ്ട്. ഇത് ഏതാണ്ട് 30,000 കോടി ഡോളർ വരും. അത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ആകെ മൂല്യത്തിന്റെ 70 ശതമാനം വരും. ഇതുമൂലം ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപാദനം നടക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഉൽപാദന രംഗത്തെ മനുഷ്യ മൂലധനം മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറവാണ്.
മനുഷ്യ മൂലധനം ചൂഷണം ചെയ്യുന്നതിൽ ഇന്ത്യ 15 ശതമാനത്തോളം തെറ്റായ ദിശയിൽ നിൽക്കുമ്പോൾ ചൈന 20 ശതമാനത്തിലധികം വളരെ അധികം ശരിയായ ദിശയിലാണ്. കയറ്റുമതിയിൽ മൊത്തത്തിലുള്ള ഇന്ത്യയുടെ പ്രകടനം മോശമില്ലെങ്കിലും മനുഷ്യ അധ്വാന അധിഷ്ഠിത ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ പ്രകടനം തീർത്തും നിരാശാജനകമാണ്. ഉൽപന്നങ്ങളെ വിപണിയിൽ മത്സരത്തിൽനിന്ന് സംരക്ഷിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ജിയോ-പൊളിറ്റിക്സ് വളരെ പ്രധാനമാണ്. ചൈനയുമായുള്ള വിഷയവും വളരെ പ്രധാനമാണ്. പക്ഷേ ലോകത്തിലെ ഏറ്റവും സജീവമായ വിപണിയിൽനിന്ന് മാറിനിൽക്കുന്നതിന്റെ അനന്തരഫലം വളരെ വലുതാണ്. ഏഷ്യയിലെ ഏറ്റവും വലിയ വിപണിയിൽ നിന്നാണ് നിങ്ങൾ മാറിയത്. മിക്ക ഉൽപന്നങ്ങളും നൽകുന്ന വലിയ വിതരണ ശൃംഖലയിൽ നിന്നാണ് പിന്മാറിയത്. അത് സമ്പദ്ഘടനയ്ക്കു വലിയ തിരിച്ചടിയാകും. അതിന്റെ ഉദാഹരണമാണ് ലോക സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചൈന ഉപക്ഷിച്ച 15,000 കോടി ഡോളറിന്റെ തുകൽ തുണിത്തരങ്ങൾ. അതുപോലുള്ള മറ്റു ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്കു ലഭിച്ചത് അതിന്റെ 15 ശതമാനം മാത്രമാണ്.
ലോകത്തിലെ ഏറ്റവും സജീവമായ വിപണികളിൽനിന്നൊക്കെ ഇന്ത്യ മാറിനിൽക്കുകയാണെങ്കിൽ അതിന് എങ്ങനെ കയറ്റുമതിക്കുള്ള അവസരങ്ങൾ കയ്യാളാൻ പറ്റും എന്ന് ആലോചിക്കുമ്പോൾ പോലും നിരാശ തോന്നുന്നു. അതേ സമയം ചൈന, ഏഷ്യ-പസിഫിക് മേഖലയിലെ വലിയ വലിയ വ്യപാരകരാറുകളിൽ പങ്കാളികളാവുകയാണ്. കയറ്റുമതി തന്ത്രങ്ങളെ കുറിച്ച് വിശകലനം ചെയ്യുമ്പോൾ ഒരു കാര്യം മനസിലാകും. ഉൽപന്നങ്ങളെ വിപണിയിലെ മത്സരങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതും ഇറക്കുമതി-കയറ്റുമതി നികുതികളും ഒരിക്കലും തൊഴിൽ അധിഷ്ഠിത ഉൽപന്നങ്ങളുടെ കയറ്റുമതിയെ സഹായിക്കില്ല. വ്യവസായ നയങ്ങൾ അവലോകനം ചെയ്യുമ്പോൾ പഴയകാലങ്ങളിലെ നയങ്ങളിലേക്കു തിരിച്ചു പോക്കും, ലോകത്തെ സജീവമായ വിപണികളിൽ നിന്നും വിതരണ ശൃംഖലകളിൽനിന്നുള്ള പിന്മാറ്റവും വ്യവസായ നയങ്ങൾ അർത്ഥശൂന്യമാക്കുന്നു.
‘നിക്ഷേപങ്ങൾ വന്നോ പോയോ?’
നിക്ഷേപങ്ങൾ ആകർഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നത്? കോർപറേറ്റുകൾക്കു ബാങ്കുകൾ നൽകിയ വായ്പകൾ തിരിച്ചുപിടിക്കാനയി (ട്വിൻ ബാലൻസ്ഷീറ്റ്) ബാങ്കുകൾക്ക് മാത്രമായി ഒരു ‘ബാഡ് ബാങ്ക്’ സൃഷ്ടിച്ചു. അത് ഇനിയും പൂർണ രൂപത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. രാജ്യത്തെ നിക്ഷേപ കാലാവസ്ഥ കുറേക്കൂടി മെച്ചപ്പെടുത്താൻ സർക്കാർ മറ്റെന്തൊക്കെയാണ് ചെയ്തത്? പത്തു വർഷങ്ങൾക്കു മുൻപ് പ്രണബ് മുഖർജി ഏർപ്പെടുത്തിയ അതി ഭീകരമായിരുന്ന റെട്രോആക്റ്റിവ് ടാക്സ് മനസില്ലാ മനസ്സോടെ പുറത്തു നിന്നുള്ള സമ്മർദം അതിജീവിക്കാൻ കഴിയാതെ വന്നതോടെ പിൻവലിച്ചു.
അതുപോലെ തകർച്ചയിലായിരുന്ന രാജ്യത്തെ വാർത്താവിനിമയ (ടെലികമ്യൂണിക്കേഷൻ) വ്യവസായത്തിന് ശ്വാസം വിടാനുള്ള ഒരു ഇട സർക്കാർ ഒരുക്കിക്കൊടുത്തു. അതിനുവേണ്ടി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. വേറെയും കുറേ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. ഇതാണ് നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ എടുത്ത നടപടികൾ. ഇതിനോടൊപ്പം തന്നെ കളങ്കിതമായ സ്വകാര്യമേഖലയിൽ (സർക്കാരിനെ നിയന്ത്രിക്കുന്ന, സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്ത സ്വകാര്യ മേഖല) 2-എ (അംബാനി അദാനി) ജേതാക്കളെ വളർത്തി.
എന്നാൽ ഇതൊന്നും സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ വിജയിച്ചില്ല എന്നാണ് വസ്തുതകൾ പറയുന്നത്. 2010 ൽ 9 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം വന്നപ്പോൾ 2021ൽ ഒരു ലക്ഷം കോടിയിലേക്കു കൂപ്പുകുത്തി. കാര്യമായ പുതിയ സംരംഭങ്ങൾ ഒന്നും തന്നെ വരുന്നില്ല എന്നു പറയാം. അതുപോലെ ശേഷി (കപ്പാസിറ്റി) ഉപയോഗം 15 വർഷത്തിൽ ഏറ്റവും താഴെയാണ്.
‘ബാഡ് ബാങ്ക്’ ട്വിൻ ബാലൻസ് ഷീറ്റ് പ്രശ്നം പരിഹരിച്ചോ? അതിൽ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. കടക്കെണിയിൽപെട്ട കമ്പനികൾക്ക് നൽകിയ വായ്‌പകൾ ഇപ്പോഴും പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കടത്തിന്റെ മൂന്നിലൊന്നു വരും. ലാഭം ഉണ്ടാക്കുന്ന കമ്പനികൾക്കും മുന്നോട്ടുള്ള പോക്ക് പ്രയാസത്തിലാണ്. കോവിഡ് സൂക്ഷ്മ-ചെറുകിട-ഇടത്തര (എസ്എംഇ) മേഖലയെ പൂർണമായും തകർത്തു കളഞ്ഞു.
ബാങ്കുകളുടെ കിട്ടാക്കടങ്ങളിൽ അൽപം പുരോഗതി ഉണ്ട്. എങ്കിലും കിട്ടാക്കടം 10 ശതമാനത്തിൽ നിൽക്കുന്നു.എസ്എംഇ മേഖലയിലെ കിട്ടാക്കടങ്ങളുടെ കണക്കും കൂടി വരുമ്പോൾ ഇത് പിന്നെയും ഉയരും. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ബാങ്കുകൾ വായ്പ നൽകുന്നതിലും വ്യവസായികൾ നിക്ഷേപം നടത്തുന്നതിലും ചെറിയ മാറ്റങ്ങൾ കാണാനുണ്ട്. എന്നാൽ അത് അത്ര വലിയ പ്രതീക്ഷകൾ നൽകുന്നില്ല.
‘അംബാനിയും അദാനിയും മാത്രം മതിയോ?’
ഇനിയും പറയാനുള്ളത് ഇന്ത്യൻ സർക്കാരിന്റെ നിക്ഷേപ തന്ത്രത്തിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്. കഴിഞ്ഞ 30- 40 വർഷമായി ഇന്ത്യയുടെ കളങ്കിത (സ്റ്റിഗ്മറ്റൈസ്ഡ്) സ്വകാര്യ മേഖല വളർന്നത് സർക്കാരുകളോടുള്ള അടുപ്പം കൊണ്ടും സർക്കാരുകൾ സഹായിച്ചിട്ടുമാണ്. അല്ലാതെ വിപണിയിൽ മത്സരിച്ചല്ല. ഐടി മേഖല മാത്രമാണ് ഇതിനു അപവാദം. ഇന്ത്യൻ വ്യവസായ ലോകത്തു ലോകവിപണിയിൽ മത്സരിച്ചു വളർന്ന ഒരേ ഒരു മേഖല വിവര-സാങ്കേതിക മേഖല മാത്രമാണ്. എന്നാൽ ഇതും ‘കളങ്കിതം’ എന്ന ചാപ്പ പേറുന്നതാണ്.
ഇപ്പോൾ ഇന്ത്യൻ കളങ്കിത സ്വകാര്യ മേഖല ഒരു പുതിയ വഴിത്തിരിവിലാണ്. അവിടെ സർക്കാർ രണ്ടു ജേതാക്കളെ മാത്രം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോക സ്വകാര്യ മേഖലയുടെ ചരിത്രം പരിശോധിച്ചാൽ ഈ രണ്ടു കോർപറേറ്റ് ഗ്രൂപ്പുകളെ പോലെ മറ്റൊരു ഗ്രൂപ്പിനും ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വിചാരിക്കാൻ കഴിയാത്തവിധത്തിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. സമ്പദ്ഘടനയുടെ എല്ലാ മേഖലയിലും ഈ രണ്ടു ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ട്. ചില മേഖലകളിലാകട്ടെ അവരുടെ സ്വാധീനം അതീവ പ്രകടവുമാണ്.
ഈ മേഖലകളുടെ പട്ടിക നോക്കുമ്പോൾ മാത്രമേ അത് ബോധ്യമാകൂ. പെട്രോളിയം/പെട്രോകെമിക്കൽസ്, ടെക്സ്റ്റയിൽസ്, ടെലി–കമ്യൂണിക്കേഷൻസ്, ചില്ലറ വ്യപാരം, ഓൺലൈനിൽ കൂടിയുള്ള വ്യാപാരം, നേരിട്ടുള്ള വ്യാപാരം, ഡിജിറ്റൽ പ്ലാറ്റ്ഫോംസ്, ഫിനാൻഷ്യൽ പേയ്മെന്റ് സിസ്റ്റം, വിനോദ വ്യവസായങ്ങൾ വിദ്യാഭ്യാസം, മാധ്യമങ്ങൾ, പ്രതിരോധ സേനകൾക്കുവേണ്ടിയുള്ള നിർമാണങ്ങൾ, പാരമ്പര്യ–പാരമ്പര്യേതര ഊർജം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി, ഖനി, പ്രകൃതി വാതകം തുടങ്ങി വ്യവസായ രംഗത്തെ പ്രധാനപ്പെട്ട മേഖലകളെല്ലാം ഈ രണ്ടു ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്.
ലോകത്തിൽ മറ്റൊരു കോർപറേറ്റ് ഗ്രൂപ്പിനും ഇത് സാധിച്ചിട്ടില്ല. ഇതിൽ ഒരു ഗ്രൂപ്പിന് (അദാനി) അതിന്റെ മൂല്യത്തിൽ കഴിഞ്ഞ ഒരുവർഷംകൊണ്ടു കൂട്ടിച്ചേർക്കാൻ കഴിഞ്ഞത് 5000 കോടി ഡോളറാണ്. അങ്ങനെ ആ ഗ്രൂപ്പിന്റെ മൂല്യം ഒറ്റ വർഷം കൊണ്ട് 2500 കോടി ഡോളറിൽനിന്ന് 7500 കോടി ഡോളറായി വളർന്നു. സർക്കാരിന്റെ ഈ ‘ദേശീയ ജേതാവ് തന്ത്രം’ രാജ്യത്തിന് ഗുണം ചെയ്യുമോ? മുകളിൽ പറഞ്ഞ ലിസ്റ്റ് പരിശോധിക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലാകുക. അതിൽ പറഞ്ഞ മേഖലകളെല്ലാം കച്ചവടേതര (നോൺ-ട്രേഡിങ്ങ് ) വിഭാഗത്തിൽ പെട്ടതും സർക്കാർ സംരക്ഷണം നൽകുന്ന മേഖലകളുമാണ്.
സർക്കാർ ഇവർക്ക് ധാരാളം സഹായം ചെയ്യുന്നു. അപ്പോൾ അവർക്കു വിപണിയിൽ മത്സരിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രൂപ്പുകളും അടിസ്ഥാനപരമായി കഴിവുള്ള നിക്ഷേപകരാണോ ബിസിനസിന്റെ ശക്തികൊണ്ടാണോ ലാഭം ഉണ്ടാക്കുന്നത് എന്നു പറയാൻ കഴിയില്ല. ലോകത്തിലെ ഒരു വമ്പൻ കോർപറേറ്റ് ഗ്രൂപ്പിനും ഈ സൗകര്യം ലഭിച്ചിട്ടില്ല. അവർ അന്താരാഷ്ട്ര വിപണിയിൽ മത്സരിച്ചുതന്നെയാണ് വിജയങ്ങൾ കൊയ്യുന്നത്. ദക്ഷിണ കൊറിയൻ കോർപറേറ്റ് ഭീമനായ ചായിബോൾ തന്നെ എടുക്കുക. അവിടുത്തെ നിയമ സംവിധാനങ്ങളെ പോലും കവച്ചുവയ്ക്കാനുള്ള സാധീനം അവർക്കുണ്ട്. എന്നാൽ വിപണിയിൽ മത്സരിച്ചാണ് അവർ ശക്തരായത്. അതുകൊണ്ടുതന്നെ അവരുടെ ബിസിനസിലുള്ള കഴിവിനെക്കുറിച്ച് ആർക്കും സംശയമില്ല.
ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? മറ്റുള്ള കമ്പനികൾക്ക് ഇവരുമായി മത്സരിക്കാൻ പറ്റുന്നില്ല. ടെലികമ്യൂണിക്കേഷൻ മേഖലതന്നെ ഏറ്റവും നല്ല ഉദാഹരണം. ജിയോ ഇന്റർനെറ്റ് വിപ്ലവംതന്നെ രാജ്യത്ത് ഉണ്ടാക്കി. കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നു. ഇന്റർനെറ്റ് ഉപയോഗത്തിൽ ഒരു ജനാധിപത്യം കൊണ്ടുവന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതിന്റെ മറുപുറം എന്താണ്? വിപണിയിൽ മത്സരം ഇല്ലാതാകുന്നു. ഇപ്പോൾ ഐഡിയയുടെയും വോഡഫോണിന്റെ ഗതി എന്താണ്?
ജിയോയ്ക്കു രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളുടെ പൂർണ നിയന്ത്രണം കിട്ടിയാൽ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കുമോ അന്ന്? അതുപോലെ തന്നെയാണ് ഈ രണ്ടു ഗ്രൂപ്പിലെ ഒരു ഗ്രൂപ്പിനെ സഹായിക്കാൻ സർക്കാർ മനുഷ്യനിർമിത നാരിന്റെ (മാൻമെയ്ഡ് ഫൈബർ- പോളിസ്റ്റർ) ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളിൽ നിലനിൽക്കുന്നതിനേക്കാൾ വളരെ കൂടിയ നികുതി ചുമത്തിയത്. ഈ ഗ്രൂപ്പിനാകട്ടെ നാരു നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള സംവിധാനമുണ്ട്, നാരു നിർമാണശാലയുണ്ട്. ഈ നാരുകൊണ്ടു വസ്ത്രങ്ങൾ നിർമിക്കാനുള്ള വസ്ത്ര നിർമാണശാലയുമുണ്ട്.
നാരിന്റെ ഉയർന്ന ഇറക്കുമതി നികുതി മൂലം മറ്റു വസ്ത്രനിർമാതാക്കൾക്ക് ഉൽപാദനം നടത്താൻ കഴിയുന്നില്ല. വിപണിയിൽ യാതൊരു മത്സരവും ഇല്ലാത്തതുകൊണ്ട് മനുഷ്യനിർമിത നാരു വസ്ത്രങ്ങളുടെ എല്ലാ മേഖലയും ആ ഗ്രൂപ്പിന്റെ കുത്തകയായി. മനുഷ്യനിർമിത വസ്ത്ര മേഖല അധ്വാന അധിഷ്ഠിത മേഖലയാണ്. ഇങ്ങനെയുള്ള ഉൽപന്നങ്ങൾ വലിയ തോതിൽ കയറ്റുമതി ചെയ്താലേ കയറ്റുമതി രംഗത്ത് രാജ്യത്തിന് മുന്നേറാൻ കഴിയു. സർക്കാരിന്റെ നയം കാരണം വിപണിയിൽ മത്സരം ഇല്ലാതായി. കയറ്റുമതിയിൽനിന്ന് കൂടുതൽ വരുമാനം ലഭിക്കാനുള്ള മാർഗം അടച്ചു. രാജ്യത്തെ സ്വകാര്യവൽകരിച്ച വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും വാതക വിതരണ ശൃംഖലകളുടെയും കുത്തക ഈ രണ്ടു ഗ്രൂപ്പുകൾക്കാണ്.
‘വികസനത്തിന്റെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും’
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ സർക്കാരുകൾ വികസനത്തിന്റെ ഹാർഡ്‌വെയർ മേഖലയ്ക്ക് വലിയ സമ്പത്താണ് നൽകിയത്. അനേകം ലക്ഷം കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. അങ്ങനെ റെയിൽ–റോഡ് അടക്കമുള്ള വലിയ പശ്ചാത്തല വികസനം ഉണ്ടായി. സബ്സിഡികളും മറ്റു ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്കു ലഭിക്കുന്ന ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സമ്പ്രദായം ഉണ്ടായി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വന്നു പൊതുവിതരണം ശക്തമാക്കി ചരക്കു- സേവന നികുതി വന്നു. തത്സമയം പണം കൈമാറുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് നിലവിൽ വന്നു. ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നു.
എന്നാൽ വികസനമെന്ന നാണയത്തിന്റെ മറുപുറമായ ‘സോഫ്റ്റ്‌വെയർ’ തീർത്തും നിരാശാജനകമാണ്. സമ്പൂർണമായ ഡേറ്റയില്ല. ഉള്ളത് പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നില്ല. നീതിപൂർവമായ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. ഒരേ പ്രതലത്തിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കുന്നില്ല. പരസ്പര വിശ്വാസമില്ല. കൂട്ടായ തീരുമാനമില്ല. ശക്തമായ സ്വതന്ത്രമായ സ്ഥാപനങ്ങളില്ല നയങ്ങളിൽ സ്ഥിരതയില്ല. സാമൂഹ്യ പാരസ്പര്യമില്ല. ഹ്രസ്വകാല വികസനത്തിൽ വലിയ പ്രശ്നമുണ്ടാകാൻ വഴിയില്ല എന്നാൽ വികസനത്തിന്റെ രാഷ്ട്രീയ സാമൂഹിക ഭൂമിക കലുഷിതമായതുകൊണ്ടു ഭാവി വളരെ ആശങ്കാകുലമാണ്...’ അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു നിർത്തി.
‘ഓഹരി വിപണിയാകരുത് വളർച്ചാ മാനദണ്ഡം’
അരവിന്ദ് സുബ്രഹ്മണ്യൻ വരച്ചിട്ട ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ വർത്തമാനകാല ചിത്രത്തോട് രഘുറാം രാജൻ പൊതുവെ യോജിക്കുന്നുണ്ടങ്കിലും സുബ്രഹ്മണ്യന്റെ ചില നിരീക്ഷണങ്ങളോടുള്ള വിയോജിപ്പ് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് ഉയരത്തിലാണെന്നു സമ്മതിക്കുമ്പോൾ പോലും അത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ പ്രതിഫലനമല്ലെന്ന് അദ്ദേഹം വാദിക്കുന്നു–‘ചൈന ഒഴികെ ലോകത്തിലെ എല്ലാ ഓഹരിവിപണികളും കുതിപ്പിലാണ്. അതുകൊണ്ട് ഈ രാജ്യങ്ങളുടെ എല്ലാ സാമ്പത്തികനില മെച്ചമാണെന്നു വിചാരിക്കേണ്ട.
ഒന്നോ രണ്ടോ രാജ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം പ്രതിസന്ധിയിലാണ്. ഇവിടെ പ്രസക്തമായ ചോദ്യം ചൈനയിൽനിന്ന് എത്രമാത്രം പണം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകി എത്തുന്നു, അവയിൽ എത്രമാത്രം ദീർഘകാലം ഇവിടെ തങ്ങിനിൽക്കും, എത്രമാത്രം പണം ഒരു ചെറിയകാലം ഇന്ത്യൻ വിപണിയിൽ നിന്നതിനു ശേഷം ചൈനയിലെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ തീരുമ്പോൾ അവിടേക്കു തിരിച്ചൊഴുകും എന്നതാണ്. രാജ്യത്തെ സാമ്പത്തികസ്ഥിതി ശോഭനമെങ്കിൽ ഈ പണത്തിന്റെ മുക്കാൽ പങ്കും ലോക ഓഹരിവിപണിയിൽ ഏറ്റവും അധികം നേട്ടം കൊയ്യുന്ന ഇന്ത്യൻ ഓഹരിവിപണിയിൽ നിൽക്കണം.
ഇന്ത്യയിലെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വൻകിട കമ്പനികളെല്ലാം കോവിഡ് കാലത്ത് ജോലിക്കാരുടെ എണ്ണം കുറച്ചും മറ്റ് ചെലവുകൾ വളരെയധികം ചുരുക്കിയും കോവിഡിന്റെ കാലത്തു ലാഭം കാണിച്ചു. അതുകൊണ്ട് അവയുടെ വാല്യുവേഷൻ മുകളിലോട്ടു പോയി. എന്നാൽ ഇതിന്റെ വെളിച്ചത്തിൽ ഇന്ത്യൻ സാമ്പത്തികരംഗം വിലയിരുത്താനാകുമോ? അതിനു ചെറുകിട - ഇടത്തരം കമ്പനികളുടെയും വീട്ടുപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനികളുടെ ഇക്കാലത്തെ പ്രവർത്തനം കൂടി കണക്കിലെടുക്കേണം. എന്നാൽ ഈ കമ്പനികളെല്ലാം ഗുരുതരമായ പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ ഓഹരിവിപണി വച്ച് സാമ്പത്തികരംഗം അളക്കാൻ കഴിയില്ല.
‘ഇന്ത്യൻ സമ്പദ്‌ഘടന വളരുന്നില്ല’
ഇന്ത്യൻ സമ്പദ്‌ഘടന വളരുന്നില്ല എന്നത് ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം. കഴിഞ്ഞ 10 വർഷമായി കാർ ഉൽപാദനത്തിൽ കാര്യമായ യാതൊരു മാറ്റവുമില്ലാതെ പ്രതിവർഷം ശരാശരി 30 ലക്ഷം കാറുകളായി തുടരുകയാണ്. ഇത് ജനങ്ങളുടെ കയ്യിൽ പണമില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യൻ കാർ വിപണി വളരാത്തതുകൊണ്ട് ഏറ്റവും അവസാനം ഇന്ത്യ വിട്ട കാർ നിർമാതാക്കളാണ് ഫോഡ്.
യുണികോൺ കമ്പനികളുടെ കാര്യം പറഞ്ഞതു ശരിയാണ്. പക്ഷേ നാം നോക്കേണ്ടത് ഇവയുടെ വളർച്ചയിൽ സർക്കാരിന്റെ പങ്ക് ഇതിൽ എത്ര എണ്ണം ഇന്ത്യയിലെ സൗകര്യങ്ങൾ പ്രയാജനപ്പെടുത്തി, എത്ര എണ്ണം ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്, എത്ര യൂണികോൺ കമ്പനികൾക്ക് ഇന്ത്യൻ വെഞ്ചർ ക്യാപിറ്റൽ കമ്പനികളുടെ സഹായം കിട്ടിയിട്ടുണ്ട് എന്നാണ്. ഇത് അറിഞ്ഞുകഴിഞ്ഞാൽ നമുക്‌ക് മനസ്സിലാകും യുണികോൺ കമ്പനികളുടെ നേട്ടങ്ങളും ഇന്ത്യൻ സാമ്പത്തികരംഗവും തമ്മിൽ വലിയ ബന്ധമില്ലെന്ന്.
അതുപോലെതന്നെയാണ് വിദേശനിക്ഷേപങ്ങളുടെ കാര്യവും. ഇതിൽ എത്ര നിക്ഷേപങ്ങൾ പുതിയ സംരംഭങ്ങൾ (ഗ്രീൻ ഫീൽഡ്) തുടങ്ങി, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു എന്നതാണ് നോക്കേണ്ടത്. വിദേശനിക്ഷേപങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് വന്നതുകൊണ്ട് രാജ്യത്തിന് വലിയ നേട്ടമൊന്നും ഇല്ല. അതുകൊണ്ടുതന്നെ രാജ്യത്തേക്ക് വിദേശനിക്ഷേപത്തിന്റെ വലിയ ഒഴുക്കുണ്ടാങ്കിലും അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനയൊന്നും നൽകുന്നില്ല.
എയർ ഇന്ത്യ സ്വകാര്യവൽകരിച്ചതു നല്ലകാര്യമാണ്. അതിനെ സ്വാഗതം ചെയ്യുന്നു എന്നാൽ ഇത് ഇന്ത്യയിൽ നടക്കേണ്ട സ്വകാര്യവൽക്കരണത്തിലെ വെറും ഒരു തുള്ളി മാത്രമാണ്. ഇന്ത്യയുടെ പശ്ചാത്തലവികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് എത്രയുണ്ട്? ഇന്ത്യയിൽ വളരെയധികം റോഡുകൾ പുതുതായി നിർമിച്ചു എന്ന് അരവിന്ദ് (സുബ്രമണ്യൻ) ഇവിടെ പറഞ്ഞു. ഇതിൽ സ്വകാര്യ നിക്ഷേപം എത്രയുണ്ട്. ഒട്ടുമില്ല. റോഡുകളെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന്റ പണം കൊണ്ട് പണിതതാണ്. ഇത് എത്രകാലം സാധ്യമാകും?
സാമൂഹ്യസുരക്ഷാ പദ്ധതികൾ നല്ലതാണ്. തീർച്ചയായും സർക്കാർ അഭിനന്ദനം അർഹിക്കുന്നു. ധാരാളം പദ്ധതികൾ കൊണ്ടുവന്നു. പക്ഷെ ഇതെല്ലാം കോവിഡ് നാളുകളിൽ തകർന്നുപോയ കാഴ്ചയാണ് നാം കണ്ടത്. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത ലക്ഷക്കണക്കിനുള്ള തൊഴിലാളികളുടെ തുണയ്ക്കെത്തിയത് യുപിഎ സർക്കാരിന്റെ സംഭാവനയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ഭൂപരിഷ്ക്കരണ നിയമവുമാണ്. ഇത്രയും സാമൂഹ്യസുരക്ഷാ പദ്ധതികൾ ഉണ്ടായിട്ടും മഹാമാരിയുടെ കാലത്തു ചെറിയ-ഇടത്തരം വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങൾ ദുരിതത്തിലായി. ധാന്യങ്ങൾ ഒഴിച്ച് മറ്റു ഭക്ഷ്യവസ്തുക്കൾ ഒന്നും അവർക്കു ലഭ്യമായിരുന്നില്ല.
അരവിന്ദ് ഈ സർക്കാരിന്റെ പല വീഴ്ചകൾക്കും യുപിഎ സർക്കാരിനെക്കൂടി പഴിചാരുന്നു. യുപിഎ സർക്കാരും എൻഡിഎ സർക്കാരും ജനങ്ങൾക്ക് പണം നൽകുന്നതിലാണ് (റീഡിസ്ട്രിബ്യൂഷൻ ഓഫ് ഫണ്ട്) താൽപര്യം കാണിക്കുന്നത്. ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് അത് ആവശ്യമാണ്. എന്നാൽ വളർച്ചയിലൂടെ അധിക വരുമാനമുണ്ടാക്കി അത് വിതരണം ചെയ്തെങ്കിൽ മാത്രമേ ഇത് തുടരാൻ കഴിയു. വളർച്ച സൂചിപ്പിക്കുന്ന അക്കങ്ങളുടെ വീഴ്ച അരവിന്ദ് യുപിഎ സർക്കാരിനാണ് ചാർത്തികൊടുക്കുന്നത്. എന്നാൽ അത് അടുത്ത കാലത്തു സംഭവിച്ചതാണ്. ശരിയാണ് രണ്ടാം യുപിഎ സർക്കാരിന്റെ അവസാന രണ്ട് വർഷങ്ങളിൽ രാജ്യം വലിയ വളർച്ച നേടിയില്ല.
എന്നാൽ കുട്ടികളിലെ വിളർച്ച, വളർച്ച മുരടിപ്പ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാജ്യം വളരെ താഴോട്ടുപോയത് അടുത്ത നാളുകളിലാണ്. യുപിഎ സർക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തിൽ അവർ റീഫോം അജണ്ട നടപ്പാക്കിയില്ല പകരം പണവിതരണത്തിലാണ് റീഫോം അജണ്ട നടപ്പാക്കിയത്. ഇപ്പോഴത്തെ സർക്കാരും അതേ നയം തന്നെ പിന്തുടരുന്നു. അതിനോടൊപ്പം പണവിതരണത്തിനു ലക്ഷ്യങ്ങളും (എത്ര കോടി ) ടാർജറ്റുകളും (എത്ര പേര്) നിശ്ചയിച്ചു. ഇത് വളർച്ചയെ കാര്യമായി ബാധിക്കും. അതാണ് എന്നെ ദുഃഖിപ്പിക്കുന്നത്.
‘ദുരിതപൂർണമാക്കരുത് ജീവിതം’
ഇനിയും ഹാർഡ്‌വെയറിലേക്കും സോഫ്റ്റ്‌വെയറിലേക്കും പോകാം. ഹാർഡ്‌വെയർ എന്ന് പറഞ്ഞാൽ ജൻ ധൻ യോജന. റോഡ് നിർമാണം പോലുള്ള സർക്കാർ പദ്ധതികളും പരിപാടികളുമാണ്. ഹാർഡ്‌വെയർതന്നെ രണ്ടായിട്ടു തിരിക്കാം. ഒന്ന് ഹാർഡ് ഇൻഫ്രാസ്ട്രക്ചർ. റോഡ്, പാലം, വിമാനത്താവളം, തുറമുഖം, ഗതാഗതം, വീടുകൾ തുടങ്ങിയവ ഈ വിഭാഗത്തിൽ പെടും. രണ്ട് സോഫ്റ്റ് ഹാർഡ്‌വെയർ. ഈ മേഖലയിൽ ചൈന ചെയ്തതുപോലെ നിക്ഷേപത്തിലും വളർച്ചയിലും വലിയ നേട്ടങ്ങൾ കൊയ്യണമെങ്കിൽ നാം ഇനിയും ഏറെ കാര്യങ്ങൾ ചെയ്യണം.
റോഡ്-റെയിൽ നിർമാണത്തിൽ വലിയ വേഗത കൈവരിച്ചെന്ന് അരവിന്ദ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വലുതായിട്ടൊന്നും ചെയ്തിട്ടില്ലെന്ന് ഏറെ വർഷങ്ങളായി പറയുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ നിർമാണ പുരോഗതിയിൽനിന്ന് അറിയാം. 2023 ഡിസംബറിൽ തീരുമെന്ന് പറഞ്ഞ പദ്ധതി ഇപ്പോഴത്തെ റിപ്പോർട്ടുകൾ അനുസരിച്ച് 2028 ഡിസംബറിലേ പൂർത്തീകരിക്കുകയുള്ളൂ. അന്നും തീരാൻ സാധ്യതയില്ല എന്നതാണ് വസ്തുത. പദ്ധതിക്ക് വേണ്ട സഥലമെടുപ്പുൾപ്പടെ പലതും പദ്ധതി പിന്നെയും വൈകിപ്പിക്കും.
സോഫ്റ്റ്‌വെയർ ആണ് കുറച്ചുകൂടി പ്രാധാന്യം അർഹിക്കുന്നത്. പ്രശ്നങ്ങൾ ഇല്ലാതെ ബിസിനസ് നടത്തിക്കൊണ്ട് പോകാവുന്ന കാലാവസ്ഥ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്), ടാക്സ് താരിഫ്, സബ്സിഡി, ഭരണനിർവഹണം, കോടതി, പാപ്പർ നിയമങ്ങൾ തുടങ്ങി ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഘടകങ്ങളെ സോഫ്റ്റ്‌വെയർ ആയി പരിഗണിക്കാം. കൂടാതെ മനുഷ്യന്റെ കഴിവുകൾ വളർത്തുന്ന സ്‌കൂളുകൾ, കോളജുകൾ, ആരോഗ്യസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി സാമ്പത്തിക മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്ന സംവിധാനങ്ങളെയും സോഫ്റ്റ്‌വെയർ ആയി കണക്കാക്കാം.
പിന്നൊരു പ്രധാനപ്പെട്ട കാര്യം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ളതാണ്. ഏറെ നാളുകളായി കുട്ടികൾ സ്കൂളിൽ പോകാതായിട്ട്. അവർ പല കാര്യങ്ങളും മറന്നുപോയതുകൊണ്ടു സ്മാർട്ട്ഫോണുകൾ ഉണ്ടായാലും അവരെ പഠിത്തത്തിലേക്കു തിരിച്ചുകൊണ്ടുവരുവാൻ വളരെ പ്രയാസമാണ്. ഇത് പരിഹരിക്കാൻ പ്രത്യേക വിദ്യാഭ്യാസ പരിപാടികൾ ആവിഷ്കരിച്ചില്ലെങ്കിൽ വരും തലമുറയ്ക്കു മുഴുവൻ, പ്രത്യേകിച്ചും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുകയായിരിക്കും ഫലം. അങ്ങനെ വന്നാൽ അവരെല്ലാം വളരെ ചെറുപ്പത്തിലേ ജോലികളിൽ ഏർപ്പെടുകയോ വിവാഹിതരാവുകയോ ചെയ്യും. പിന്നെ അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കും.
‘അന്താരാഷ്ട്ര വിപണിയിൽ എങ്ങനെ മത്സരിക്കും?’
സോഫ്റ്റ്‌വെയർ സാധ്യമാക്കുന്ന സേവനങ്ങളും സ്ഥാപനങ്ങളുമാണ് മുകളിൽ പറഞ്ഞത്. എന്നാൽ സോഫ്റ്റ്‌വെയർ എന്താണ്? അത് ഇങ്ങനെ നിർവചിക്കാം. സോഫ്റ്റ്‌വെയർ എന്നാൽ വികസനത്തിന്റെ ഒരു മാസ്റ്റർ പ്രോഗ്രാം അല്ലങ്കിൽ ഇന്ത്യ സാമ്പത്തികമായി ഏതു ദിശയിലേക്കു പോകണമെന്ന കാഴ്ചപ്പാടും അതുപോലെ നിയമങ്ങൾ പറയുന്നത് ഉറപ്പാക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റവും ചേർന്നതാണ് എന്നു പൊതുവെ പറയാം.
എന്നാൽ എന്താണ് ഇന്ത്യയുടെ വികസനത്തിന്റെ മാസ്റ്റർ പ്രോഗ്രാം സാമ്പത്തിക കാഴ്ചപ്പാട്? ഇന്ത്യ കയറ്റുമതിയിൽ കൂടിയാണ് വളർച്ച ലക്ഷ്യമിടുന്നത്. അതിനുവേണ്ടി കയറ്റുമതി കൂട്ടുന്നതിനായാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് രൂപം കൊടുത്ത്. പിന്നെ എന്തിനാണ് ഈ താരിഫുകൾ. അരവിന്ദ് അതിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹം ഇറക്കുമതി-കയറ്റുമതി നികുതികൾ എങ്ങനെ കയറ്റുമതിയെ ബാധിക്കുമെന്നും പറഞ്ഞു. എന്നാൽ കയറ്റുമതി-ഇറക്കുമതി നികുതികൾ എന്ന് പറഞ്ഞാൽ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകണമെന്നില്ല.
അത് ഒരു ഉദാഹരണത്തിൽ കൂടി വ്യക്തമാക്കാം. ഇന്ത്യ സ്റ്റീലിന്റെ നികുതി ഉയർത്തി എന്ന് വിചാരിക്കുക. കാർ നിർമാണത്തിലെ ഏറ്റവും അത്യാവശ്യം വേണ്ട അസംസ്കൃത വസ്തുവാണല്ലോ സ്റ്റീൽ. അപ്പോൾ ഇന്ത്യൻ കാറുകളുടെ വില കൂടും. മറ്റു രാജ്യങ്ങളിൽ ഈ നികുതിയില്ലാത്തതുകൊണ്ട് അവിടെ നിർമിക്കുന്ന കാറുകളുമായി ഇന്ത്യൻ കാറുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിയില്ല. ഇത് അടിവരയിടുന്നത് ഇതുപോലുള്ള താരിഫുകൾ കയറ്റുമതിയിൽ കൂടി വളരാം എന്ന ഇന്ത്യയുടെ തന്ത്രത്തിന് തിരിച്ചടിയാകും എന്നാണ്.
താരിഫുകൾ ഉയർത്തുക എന്നുപറഞ്ഞാൽ ഫലത്തിൽ കയറ്റുമതി തടയുകയാണ്. ആഭ്യന്തര മാന്ദ്യത്തിൽ ആകുമ്പോൾ പിന്നെ പ്രതീക്ഷ വിദേശ വിപണിയാണ്. അതിന് ഇന്ത്യയുടെ ഇപ്പോഴത്തെ നയം സഹായിക്കുമോ? സ്വതന്ത്ര വ്യപാര ഉടമ്പടികളോടും വിദേശനിക്ഷേപകരോടും ഉള്ള സമീപനം കയറ്റുമതി വളർച്ചയ്ക്ക് ഒട്ടും സഹായകമല്ല. കയറ്റുമതി കൂട്ടുന്നതിനെ കുറിച്ചാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. നമ്മുടെ പ്രധാന കയറ്റുമതി എന്താണ്? അത് സേവനങ്ങളാണ്. അതിൽത്തന്നെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഡേറ്റ ആണ്. ഡേറ്റയുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ ഇല്ലാത്ത ഒരു രാജ്യത്തിന് മറ്റു രാജ്യങ്ങൾ എങ്ങനെ അവരുടെ ഡേറ്റ കൈമാറും. ഇന്ത്യയുടെ സേവന കയറ്റുമതിയുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ഏറ്റവും വലിയൊരു ഘടകമാണത് .
‘എങ്ങനെ തീരും ഫണ്ട് ദാരിദ്ര്യം?’
കയറ്റുമതിയുടെ വളർച്ചയ്ക്ക് തടസ്സമുണ്ടങ്കിൽ പിന്നെ ചിന്തിക്കുന്നത് ആഭ്യന്തര വിപണിയെകുറിച്ചാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെ വലിയ ആഭ്യന്തര വിപണിയുള്ള ഒരു രാജ്യം. എന്നാൽ ഇന്ത്യൻ ആഭ്യന്തരവിപണിയിൽ ഡിമാൻഡ് എങ്ങനെ ഉണ്ടാകാനാണ്. ശക്തമായ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അഭാവം കൊണ്ട് ഫിക്സഡ് അസറ്റ്‌സ് (ലാൻഡ് പ്ലാൻഡ് എക്വിപ്മെന്റ്) വളരുന്നില്ല. കുറഞ്ഞ സ്ഥാപിതശേഷി ഉപഭോഗം (കപ്പാസിറ്റി യൂട്ടിലൈസേഷൻ) മൂലം ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റും ആകർഷകമല്ല.
മഹാമാരി മൂലം ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും പ്രത്യേകിച്ച് അതിദുർബല-ദുർബല വിഭാഗങ്ങൾ തൊഴിൽരഹിതരായിരിക്കുന്നതിനാൽ ഗാർഹിക ഉപഭോഗത്തിൽ വലിയ കുറവ് വന്നിരിക്കുന്നു. ഇതുമൂലം ആഭ്യന്തര വിപണിയിൽ ഒരു കുതിപ്പ് പ്രതീക്ഷിക്കേണ്ട. ജിഡിപിയുടെ 90 ശതമാനം കടമുള്ള സർക്കാരിന് എങ്ങനെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ കഴിയും. സംസ്ഥാനങ്ങൾക്ക് നൽകാതെ കേന്ദ്രം വരുമാനമെല്ലാം കയ്യടക്കി വച്ചിരിക്കുമ്പോൾ. പശ്ചാത്തലവികസനത്തിൽ സംസ്ഥാനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും രൂക്ഷമായ ഫണ്ട് ദാരിദ്രം അനുഭവിക്കുകയാണ്.
സ്ഥിരതയില്ലാത്ത നയങ്ങളും പരിപാടികളും ആയിരിക്കരുത് സർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാട്. നമുക്ക് വേണ്ടത് സ്ഥിരതയുള്ള കാഴ്ചപ്പാടാണ്. അതുണ്ടായാൽ മാത്രം പോരാ. രാജ്യം എന്താകണം എങ്ങനെ ആകണം എന്ന ലക്ഷ്യകൂടി ഉണ്ടാകണം. ഒരു ഭരണകൂടത്തിന്റെ സാമ്പത്തിക കാഴ്ചപ്പാട് പരാജയപ്പെടുന്നതിന്റെ കാരണം ആ ഭരണകൂടത്തിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടാണ്. ഇന്ത്യയ്ക്കുള്ളത് പഴകിയ ഭരണ സംവിധാനം (ഓപ്പറേറ്റിങ് സിസ്റ്റം) ആണ്. ഇത് ചെറുതായി മെച്ചപ്പെടുന്നുണ്ടെങ്കിലും ഒട്ടും തൃപ്തികരമല്ലാത്ത ഒന്നാണ്. ഇതിന്റെ ഒരു പ്രധാന പോരായ്മ, ശക്തമായ നേതൃത്വത്തിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ്.
‘കേന്ദ്രത്തിനു മാത്രം മതിയോ അധികാരം?’
ഭരണ സംവിധാനം തികച്ചും അവിഹിതം എന്ന് തെളിയിച്ച മൂന്ന് അനഭിലഷണീയ കാര്യങ്ങൾ സർക്കാരിന്റെ എല്ലാ കാര്യങ്ങളെയും ഭരിക്കുന്നു. അത് ഇപ്പോൾ കൂടുതൽ ശക്തി പ്രാപിച്ചു വരുന്നു. അരവിന്ദ് അതിവിടെ ചൂണ്ടികാണിച്ചിട്ടുണ്ട്. ഞാൻ തറപ്പിച്ചു പറയുന്നു അത് അധികാര കേന്ദ്രീകരണം (അതോറിറ്റേറിയനിസം), സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള അവിഹിത ബന്ധം (ക്രോണിയിസം), ഭൂരിപക്ഷപ്രീണനം (മെജോറിട്ടേറിയനിസം ) എന്നിവയാണ്. അവ പരസ്പരം പരിപോഷിപ്പിക്കപ്പെടുന്നു.
ഇന്ത്യയിൽ നിലനിൽക്കുന്നത് വെറും അധികാരകേന്ദ്രീകരണമല്ല ത്രീവ്ര അധികാര കേന്ദ്രീകരണമാണ്. അധികാരമെല്ലാം കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അതിൽത്തന്നെ കൂടുതൽ അധികാരം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫിസുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അധികാര കേന്ദ്രീകരണം കൂടാതെ ഫണ്ടിന്റെ കേന്ദ്രീകരണവും നടക്കുന്നു. കേന്ദ്രം സെസുകളുടെയും മറ്റും രൂപത്തിൽ സംസ്ഥാനങ്ങളിൽനിന്ന് നിയമപരമായി കൂടുതൽ ഫണ്ട് സമാഹരിക്കുന്നു. അതിന്റെ വിഹിതം സംസ്ഥാനങ്ങൾക്കു ലഭിക്കുന്നുമില്ല.
നാം ആഗ്രഹിക്കുന്നതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിലനിർത്തേണ്ട സാമ്പത്തിക ഫെഡറലിസം നിലനിർത്തികൊണ്ടുപോകരുതെന്ന് അവർക്കു നിർബന്ധമുണ്ട്. കേന്ദ്ര ഏജൻസികളായ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്, ഇക്കണോമിക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും വരുതിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അടുത്തകാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനായി ചാര സോഫ്റ്റ്‌വെയർ ആയ പെഗസസ് ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നിരിക്കുന്നു. പെഗസസ് സോഫ്റ്റ്‌വെയർ സർക്കാർ ഏജൻസികൾക്കു മാത്രമേ നൽകുകയുള്ളൂ എന്ന് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ച സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ചാരപ്പണി നടത്താൻ കഴിവുള്ള സർക്കാരിന്റെ ഏതോ കൈകളിൽ ഇത് എത്തി എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.
വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് നമ്മുടെ രാജ്യത്തോട് കൂറുള്ള നേതാക്കളെയും സമൂഹത്തിലെ മറ്റ് ഉന്നതരെയും ചാരപ്പണിയിലൂടെ നിരീക്ഷിക്കുക എന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ അപകടം ചെയ്യും. കാരണം ഈ വിദേശ സ്ഥാപനം ഈ ചാര സോഫ്റ്റ്‌വെയർ വഴി ലഭിക്കുന്ന വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തി അവർക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ചോർത്തിയെടുക്കാം, ഇത് മറ്റു ശക്തികൾക്ക് കൈമാറാം. ഇങ്ങനെയുള്ള അധികാര കേന്ദ്രീകരണം വളരെ പ്രശ്നമാണ്.
അഭിപ്രായങ്ങൾ അടിച്ചമർത്തുന്നതുകൊണ്ടു മാത്രമല്ല ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ദോഷമായി തീരുന്നത്. മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന പുതിയ പുതിയ ആശയങ്ങൾ വരുന്നതിനും ഇത് തടസ്സമാകുന്നു. ആരോഗ്യപരമായ വിമർശനവും അത് സ്വീകരിക്കുമെന്നുള്ള നിലപാടും ശരിയായ നയങ്ങൾ രൂപീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മുറികളിൽ മുഖസ്തുതിക്കാർ വലയം ചെയ്തിരിക്കുന്ന നേതാക്കന്മാരോട് ആരും അവരുടെ നയങ്ങളിലെയും തീരുമാനങ്ങളിലെയും തെറ്റുകൾ ചൂണ്ടികാണിക്കുകയില്ല. അതുകൊണ്ടുതന്നെ തെറ്റായ നയങ്ങളുടെ ദിശ മാറ്റാൻ അവർക്കു കഴിയുന്നില്ല.
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളിൽനിന്നാണ് പുതിയ പുതിയ ആശയങ്ങൾ ഉരുത്തിരിയുന്നത്. ലോകത്തിന്റെ ഭാവി പുതിയ ആശയങ്ങളുടെ ലോകത്താണ്. പുതിയ ആശയങ്ങളുടെ നിർമ്മാണം അസാധ്യമാക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ ഭാവിയെ തകർക്കും. അധികാര കേന്ദ്രീകരണത്തിന്റെ മറ്റൊരു ആപത്ത് ഇതാണ്.
‘കേന്ദ്രത്തിന്റെ ആ ബന്ധം അതീവ അപകടകരം’
നമ്മുടെ ഭരണ സംവിധാനത്തെ പിടികൂടിയിരിക്കുന്നു മറ്റൊരു അപകടമാണ് ക്രോണിയിസം അഥവാ ഭരണകൂടവും കോർപറേറ്റുകളും തമ്മിലുള്ള അവിഹിത ബന്ധം. അരവിന്ദ് അംബാനിയുടെയും അദാനിയുടെയും കാര്യങ്ങൾ ഇവിടെ സൂചിപ്പിച്ചു. എന്നാൽ അദ്ദേഹം രാജ്യത്തെ ക്രോണിയിസത്തിന്റെ മറ്റൊരു വലിയ ഉറവിടം വിട്ടുകളഞ്ഞു. അത് സർക്കാരും ആംബാനിയും അദാനിയും തമ്മിലുള്ള ബന്ധത്തേക്കാൾ അപകടകരമാണ്. അതാണ് പുതിയ ഇലക്ടറൽ ഫണ്ടിങ് സംവിധാനം.
അനധികൃതമായ ഫണ്ടിന് സർക്കാർ നിയമസാധുത നൽകുന്നതിനേക്കാൾ അഴിമതിയും ക്രോണിയിസവും പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നടപടിയും ഇല്ല. അതുകൊണ്ടു ഞാൻ പറയും ഇലക്ടറൽ ബോണ്ട്സ് വളരെ അപകടകരമാണെന്ന്. സർക്കാർ ബാങ്കായ എസ്ബിഐക്ക് അല്ലാതെ ആർക്കും ഈ ബോണ്ടുകളിൽ ആരാണ് പണം നിക്ഷേപിച്ചതെന്ന് (ആരാണ് ഒരു രാഷ്ട്രീയപാർട്ടിക്ക് സംഭാവന നൽകിയതെന്ന്) അറിയാൻ കഴിയില്ല. ഇത് സമ്മതിച്ച എസ്‌ബിഐയുടെ കണക്കുകൾ കാണിക്കുന്നത് പ്രതിപക്ഷ കക്ഷികൾക്ക് സംഭാവന നൽകാൻ ആർക്കും ധൈര്യമില്ല, താൽപര്യമില്ല എന്നാണ്.
2020ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ വന്ന സംഭാവനകളിൽ ബിജെപിക്കു 76 ശതമാനം കിട്ടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് വെറും 9 ശതമാനമാണ്. അജ്ഞാതനായ ഒരു സംഭാവനാദാതാവിന് സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടി വല്ല സഹായവും ചെയ്തു കൊടുത്തിട്ടുണ്ടോ? അത് അറിയാൻ സാധാരണ ജനത്തിന് യാതൊരു മാർഗവുമില്ല. ഇലക്ടറൽ ബോണ്ടിന്റെ ആശയം വന്നപ്പോഴേ ഇലക്‌ഷൻ കമ്മീഷനും റിസർവ് ബാങ്കും എതിർത്തതാണ്. ഭാഗ്യമെന്നു പറയാം സുപ്രീം കോടതി വിഷയം പിന്നെയും പരിഗണിച്ചേക്കും. പലതരത്തിലുള്ള താരിഫുകളും അതുപോലുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് വരുന്നതുകൊണ്ട് നമുക്ക് ഒരു കാര്യം ഉറപ്പിക്കാം ക്രോണിയിസ്റ്റിക് എക്കണോമിക്സിനു സർക്കാരിന്റെ സമ്മതമുണ്ട്. ഇത് രാജ്യത്തെ വളരെ അധികം പിന്നിലേക്ക് കൊണ്ടുപോകും.
‘വഷളാക്കുമോ വേർതിരിവ്?’
നമ്മുടെ ഭരണ സംവിധാനത്തെ പിടിമുറുക്കിയിരിക്കുന്ന മറ്റൊരു വിപത്ത് മെജോറിറ്റേറിയനിസം അഥവാ ഭൂരിപക്ഷ പ്രീണനം ആണ്. ഭരണം ജനങ്ങൾക്ക് ഇത്രയൊക്കെ ദുരിതങ്ങൾ നൽകിയിട്ടും സർക്കാരിനോടും അതിനു നേതൃത്വം കൊടുക്കുന്ന നേതാക്കളോടുമുള്ള ജനങ്ങളുടെ താൽപര്യം അൽപവും കുറഞ്ഞിട്ടില്ല. ഭരണകക്ഷിയുടെ, തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ വിജയം അതാണ് പറയുന്നത്. പുറത്ത് അത്ര നല്ല സ്വീകാര്യത കിട്ടിയിട്ടില്ലാത്ത സർക്കാരിന്റെ രണ്ടു നേട്ടങ്ങളുടെ ഫലമാണിത്. രാമ ക്ഷേത്ര നിർമാണവും കശ്മീരിൽ ആർട്ടിക്കിൾ 370 സസ്‌പെൻഡ് ചെയ്തതുമാണ് ആ നേട്ടങ്ങൾ.
സർക്കാരിന്റെ മെജോറിട്ടേറിയസത്തിനു ജനപിന്തുണയുള്ളിടത്തോളം കാലം നയങ്ങളിലെ പരാജയം അവർ ശ്രദ്ധിക്കുകയോ അത് തിരുത്താൻ തയാറാവുകയോ ഇല്ല. ഇതിൽ വരുന്ന ഒരു അപകടം എന്താണന്നു വെച്ചാൽ നയങ്ങൾ പരാജയപ്പെടുന്നതനുസരിച്ചു, സാമ്പത്തിക വിഷമങ്ങൾ രൂക്ഷമാകുന്നതനുസരിച്ചു സർക്കാർ കൂടുതൽ ഭൂരിപക്ഷ പ്രീണനങ്ങളുമായി വരും.
ഇന്ത്യയുടെ അതിർത്തിയിൽ സംഘർഷങ്ങൾ കൂടിയതുകൊണ്ടു ഇന്ത്യ കൂടുതൽ സുരക്ഷിതമാകുമെന്നോ ജനതയിലെ 15- 20 ശതമാനത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾ ചവിട്ടിമെതിച്ചതുകൊണ്ട് രാജ്യം സാമ്പത്തികമായി കൂടുതൽ പുരോഗമിക്കുമെന്നോ വിശ്വസിക്കാൻ കഴിയില്ല. അതിലുപരി ഹിന്ദി–ഹിന്ദു–ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പാഴ്സികളെയും ഒഴിവാക്കുന്നു എന്നതിനേക്കാൾ കൂടുതൽ അപകടം ദീർഘകാലമായി നിലനിൽക്കുന്ന തെക്കേ ഇന്ത്യ, വടക്കെ ഇന്ത്യ എന്ന വേർതിരിവ് കൂടുതൽ വഷളാക്കും എന്നതാണ്.
കൂടുതൽ സംസ്ഥാനങ്ങൾ മണ്ണിന്റെ മക്കൾ നയവുമായി വരുന്നതായി അരവിന്ദ് ഇവിടെ പറഞ്ഞു. അതും ഈ വിഘടന തന്ത്രത്തിന്റെ ഭാഗമായേ കാണാൻ കഴിയൂ. എല്ലാവരും ഇന്ത്യൻ പൗരന്മാരാണ് എന്ന ചിന്തയ്ക്ക് പകരം ഇത്, ‘ഞാൻ ഇവിടെ നിന്നുള്ള ഇന്ത്യക്കാരൻ ആണ്’, ‘അവിടെനിന്നുള്ള ഇന്ത്യക്കാരൻ ആണ്’ എന്ന ചിന്ത തൊഴിലാളികളിൽ വളർത്തും.
ശരിയായ ഒരു ഭരണ സംവിധാനം വേണമെന്നുള്ളത് ഡൽഹിയിലും വിദേശത്തുമുള്ള സർവകലാശാലകളിലെ ഒരു സ്വതന്ത്ര ചെറുവിഭാഗത്തിന്റെ മാത്രം ആവശ്യമായി ഇന്ത്യൻ ജനത കണ്ടാൽ ഇന്നത്തെ ഭരണ സംവിധാനത്തിന്റെ തെറ്റുകൾ തിരുത്താൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു ശക്തമായ സുസ്ഥിര വികസനത്തിലേക്കുള്ള പാത കണ്ടെത്താൻ കഴിയാതെ വരും. ഭരണ സംവിധാനത്തെ രോഗ മുക്തമാക്കിയെങ്കിലേ പുതിയ കാഴചപ്പാടുകൾകൊണ്ട് പ്രയോജനം ഉണ്ടാകൂ. ഇന്ത്യ രക്ഷപെടണമെങ്കിൽ ഭരണ സംവിധാനം ഇപ്പോഴത്തെ വഴിയിൽനിന്ന് മാറി സഞ്ചരിക്കണം. അതിനു വേണ്ടത് രാജ്യത്തിന്റെ മാനസികാവസ്‌ഥയിലെ സമ്പൂർണ മാറ്റമാണ്. അതിനെ ഹാർഡ്‌വെയർ എന്നോ സോഫ്റ്റ്‌വെയർ എന്നോ എന്ത് പേര് വേണമെങ്കിലും വിളിക്കാം...’ രഘുറാം രാജൻ പറഞ്ഞു നിർത്തുന്നു.
(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)
English Summary: Economists Arvind Subramanian and Raghuram Rajan Analyse Indian Economy and Modi Govt's Decisions