കല്ലമ്പലങ്ങള്‍ കാടുമൂടിയിട്ടും വേരറ്റുപോകാതെ വയനാട്ടിലെ ജൈനർ
‘അഹിംസ പരമോധര്‍മ’ ജീവിതചര്യയാക്കിയവരാണ് ജൈനര്‍. മരം വെട്ടുന്നതു പോലും ഹിംസയാണെന്നു കരുതിയിരുന്നതിനാല്‍ ജൈനര്‍ ക്ഷേത്രനിര്‍മാണം കല്ലുകള്‍ മാത്രമുപയോഗിച്ചാണ് നടത്തിയിരുന്നത്. ഉറുമ്പിനെപ്പോലും നോവിക്കുന്നത് തെറ്റായിക്കരുതി, അത്രയേറെ പ്രകൃതിയോട് Jains, history, rituals, wayanad
‘അഹിംസ പരമോധര്‍മ’ ജീവിതചര്യയാക്കിയവരാണ് ജൈനര്‍. മരം വെട്ടുന്നതു പോലും ഹിംസയാണെന്നു കരുതിയിരുന്നതിനാല്‍ ജൈനര്‍ ക്ഷേത്രനിര്‍മാണം കല്ലുകള്‍ മാത്രമുപയോഗിച്ചാണ് നടത്തിയിരുന്നത്. ഉറുമ്പിനെപ്പോലും നോവിക്കുന്നത് തെറ്റായിക്കരുതി, അത്രയേറെ പ്രകൃതിയോട് Jains, history, rituals, wayanad
‘അഹിംസ പരമോധര്‍മ’ ജീവിതചര്യയാക്കിയവരാണ് ജൈനര്‍. മരം വെട്ടുന്നതു പോലും ഹിംസയാണെന്നു കരുതിയിരുന്നതിനാല്‍ ജൈനര്‍ ക്ഷേത്രനിര്‍മാണം കല്ലുകള്‍ മാത്രമുപയോഗിച്ചാണ് നടത്തിയിരുന്നത്. ഉറുമ്പിനെപ്പോലും നോവിക്കുന്നത് തെറ്റായിക്കരുതി, അത്രയേറെ പ്രകൃതിയോട് Jains, history, rituals, wayanad
‘അഹിംസ പരമോധര്‍മ’ ജീവിതചര്യയാക്കിയവരാണ് ജൈനര്‍. മരം വെട്ടുന്നതു പോലും ഹിംസയാണെന്നു കരുതിയിരുന്നതിനാല്‍ ജൈനര്‍ ക്ഷേത്രനിര്‍മാണം കല്ലുകള്‍ മാത്രമുപയോഗിച്ചാണ് നടത്തിയിരുന്നത്. ഉറുമ്പിനെപ്പോലും നോവിക്കുന്നത് തെറ്റായിക്കരുതി, അത്രയേറെ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ജൈനമതവിശ്വാസികളുടെ കേരളത്തിലെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.
ഒരു കാലഘട്ടത്തില്‍ ഇന്ത്യയിൽ പ്രബലമായിരുന്ന ജൈനമതം ഇന്ന് പല സംസ്ഥാനങ്ങളിലും നാമാവശേഷമായി. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലും വ്യാപിച്ച ജൈനര്‍ നാടുവാഴികളും വാണിജ്യ വ്യവഹാരങ്ങള്‍ നിയന്ത്രിക്കുന്നവരുമായി. എന്നാല്‍ ഇന്ന് കേരളത്തില്‍ രണ്ടു ജില്ലകളില്‍ മാത്രമാണ് ജൈനരുള്ളത്; വയനാട്ടിലും എറണാകുളത്തും. അതില്‍ത്തന്നെ കൂടുതലുള്ളത് വയനാട്ടിലാണ്. രണ്ടായിരത്തില്‍ താഴെ മാത്രമാണ് വയനാട്ടില്‍ ജൈനരുടെ അംഗസംഖ്യ. ഒരു കാലത്ത് വയനാട്, നീലഗിരി, കബനീ തീരത്തോട് ചേര്‍ന്ന കര്‍ണാടകയുടെ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളുടെ അധീശന്‍മാരായിരുന്ന ജൈനരാണ് ഇന്ന് നാമമാത്രമായി ചുരുങ്ങിയത്.
കാര്‍ഷികവൃത്തിയായിരുന്നു വയനാട്ടിലെ ജൈനരുടെ ഉപജീവനമാര്‍ഗം. വരുമാനം കുറഞ്ഞതോടെ കൃഷി ഉപേക്ഷിച്ച് പലരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. വയനാട്ടിലെ ജൈന യുവാക്കളില്‍ ഭൂരിഭാഗവും ജോലി തേടി ബെംഗളൂരുവിലേക്കും കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലേക്കും ചേക്കേറി. കല്ലമ്പലങ്ങള്‍ കാടുമൂടിയതുപോലെ ജൈനരുടെ ബൃഹത്തായ സംസ്‌കാരവും പാരമ്പര്യവും അനുദിനം ക്ഷയിക്കുകയാണ്. ഉയര്‍ന്ന ജാതിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ സര്‍ക്കാരില്‍നിന്ന് ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല.
∙ വേരറ്റുപോകാതെ വയനാട്ടിലെ ജൈനര്‍
ബിസി മൂന്നാം നൂറ്റാണ്ടില്‍ മഗധ ദേശത്ത് കടുത്ത ക്ഷാമം ഉണ്ടായപ്പോള്‍ ചന്ദ്രഗുപ്ത മൗര്യന്‍ അദ്ദേഹത്തിന്റെ ഗുരുവായ ഭദ്രബാഹുവിന്റെ നേതൃത്വത്തില്‍, 12000 ത്തോളം ജൈനരുമായി കര്‍ണാടകയിലെ ശ്രാവണബലഗോളയിലെത്തിയതോടെയാണ് ദക്ഷിണേന്ത്യയില്‍ ജൈന മതത്തിന്റെ തുടക്കം. മഗധയില്‍നിന്നു ദക്ഷിണേന്ത്യയിലേക്കു കുടിയേറിയവരെയാണ് കൊങ്കണികള്‍ എന്നു പറഞ്ഞിരുന്നത്. കൊങ്കണം എന്നാല്‍ ഗംഗാതീരത്തുനിന്നു വന്നവരുടെ നാട് എന്നാണര്‍ഥം. 14ാം നൂറ്റാണ്ടില്‍ പോലും കര്‍ണാടകത്തെ ‘കൊങ്കണം’ എന്നാണ് പറഞ്ഞിരുന്നത്.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് വിവിധ മുനി സംഘങ്ങള്‍ ജൈന മതം പ്രചരിപ്പിച്ചു. എട്ടാം നൂറ്റാണ്ടിലാണ് കേരളത്തില്‍ ജൈനമതം ശക്തി പ്രാപിച്ചത്. കര്‍ണാടകയുടെ ഭാഗമായിരുന്ന വയനാട്ടിലേക്ക് ശ്രാവണബലഗോളയില്‍നിന്ന് ആറ് ദിവസത്തെ കാല്‍നടയാത്രയാണുണ്ടായിരുന്നത്. അതുകൊണ്ടാണ് വയനാട്ടിലേക്ക് ജൈനസംസ്‌കാരം വളരെ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നത്. ജൈനര്‍ അവരുടെ വീടുകളിലും ആചാരങ്ങളിലും ഇന്നും മാതൃഭാഷയായി കന്നടയാണ് ഉപയോഗിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ജൈനരുടെ വീടുകളില്‍നിന്നു കന്നട കുടിയൊഴിപ്പിക്കപ്പെട്ടില്ല.
ജൈന സംസ്‌കാരവുമായി ബന്ധപ്പെട്ട ശേഷിപ്പുകള്‍ ഏറെയുള്ളതും വയനാട്ടിലാണ്. കല്‍പറ്റ, മാനന്തവാടി, വരദൂര്‍, പുത്തനങ്ങാടി, വെണ്ണിയോട്, അഞ്ചുകുന്ന്, പുതിയിടം, പാലുകുന്ന് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ജൈനക്ഷേത്രങ്ങളും ജൈനരും അധിവസിക്കുന്നത്. വയനാട്ടിലെ ജൈനര്‍ കൂടുതലും കൃഷിയെ ആശ്രയിക്കുന്നവരാണ്. പുരാതനകാലത്തുതന്നെ നിരവധി കുളങ്ങളും തടാകങ്ങളും നിര്‍മിക്കുകയും ഇവയെല്ലാം കൃഷിക്കായി ഉപയോഗിക്കുകയും ചെയ്തു.
ഹന്നറഡുബീദി എന്നാണ് സുല്‍ത്താന്‍ ബത്തേരി അറിയപ്പെട്ടിരുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ 12 ജൈനത്തെരുവുകള്‍ ഉണ്ടായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നതായി ചരിത്രകാരനായ കെ. ശിവശങ്കരന്‍ നായര്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഒരു ജൈന കുടുംബം പോലും ഇവിടെയില്ല. ബത്തേരിയിലെ ക്ഷേത്രത്തിന് (കിടങ്ങനാട് ബസ്തി. ജൈന ക്ഷേത്രങ്ങളെ ബസ്തി എന്നാണ് വിശേഷിപ്പിക്കുന്നത് ) 800 വര്‍ഷത്തിലധികം പഴക്കമുണ്ട്. മരത്തിന്റെ ഒരു ഭാഗം പോലുമില്ലാതെ കല്ലിലാണ് ക്ഷേത്രം പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്.
ഈ ക്ഷേത്രവും പല കാലഘട്ടങ്ങളിലായി ശിഥിലമാക്കപ്പെട്ടു. 18ാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് സൈന്യത്തിന്റെ വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ ക്ഷേത്രം ഉപയോഗിച്ചതിനാല്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന് പേരുണ്ടാകുകയും പിന്നീട് അത് സുല്‍ത്താന്‍ ബത്തേരിയായി മാറുകയുമായിരുന്നു. അതിന് മുന്‍പ് സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നായിരുന്നു. 18ാം നൂറ്റാണ്ടില്‍ ടിപ്പുവിന്റെ പടയോട്ട കാലത്ത് ജൈനര്‍ ബത്തേരിയില്‍നിന്നു മറ്റു സ്ഥലങ്ങളിലേക്ക് പോയിരിക്കാമെന്നാണ് അനുമാനം. ഹൊയ്‌സാല – വിജയ നഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മിതി. പുരാവസ്തുവകുപ്പിന്റെ കീഴിലാണ് നിലവില്‍ ക്ഷേത്രം. എല്ലാ വര്‍ഷവും മഹാവീരജയന്തി ദിവസം വയനാട്ടിലെ ജൈനര്‍ ഒത്തുകൂടി ഇവിടെ അഭിഷേക പൂജ ചെയ്തു വരുന്നു. വയനാട്ടിലെ ഓടുമേഞ്ഞ ഏക ബസ്തി പാലുകുന്നാണുള്ളത്.
അതിപുരാതന കാലംമുതല്‍ക്കെ വയനാട്ടില്‍ ജൈനരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന് പല തെളിവുകളുമുണ്ട്. എടക്കല്‍ ഗുഹയിലെ കല്ലുകളില്‍ കൊത്തിവയ്ക്കപ്പെട്ട വിവിധതരം സ്വസ്തികങ്ങള്‍, ചന്ദ്രബിംബം എന്നിവ ജൈന തീര്‍ഥങ്കരന്‍മാരുമായി ബന്ധപ്പെട്ടതാണെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ഹൊയ്‌സാല ലിപിയും കണ്ടെത്തിയിട്ടുണ്ട്. ഹൊയ്‌സാലക്കാര്‍ ജൈനരായിരുന്നു. അഞ്ചര നൂറ്റാണ്ടുകാലം കര്‍ണാടക, നീലഗിരി, വയനാട് ഉള്‍പ്പെടുന്ന സ്ഥലം ജൈനരായിരുന്നു ഭരിച്ചിരുന്നത്. ഹൊയ്‌സാല രാജക്കന്‍മാരുടെ ഭരണകാലത്തായിരുന്നു വയനാട്ടില്‍ പല ക്ഷേത്രങ്ങളും നിര്‍മിച്ചത്. അതിനാല്‍ മിക്ക ക്ഷേത്രങ്ങളും നിര്‍മിക്കപ്പെട്ടത് കല്ലിലാണ്. ടിപ്പുവിന്റെ പടയോട്ടവും കോട്ടയം രാജാവായിരുന്ന പഴശിയും ബ്രിട്ടിഷുകാരും തമ്മിലുള്ള യുദ്ധവും വയനാട്ടിലെ ജൈനമതത്തെ ക്ഷയിപ്പിച്ചു. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ പല ക്ഷേത്രങ്ങളും മണ്‍മറഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ക്ഷേത്രങ്ങള്‍ പോലും നാശത്തിന്റെ വക്കിലാണ്. ഇതിനുദാഹരണമാണ് പനമരത്ത് റോഡരികില്‍ കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രം.
∙ കേരളത്തില്‍ ജൈനമതത്തിന് സംഭവിച്ചത്
ഒരു കാലഘട്ടത്തില്‍ നിരവധി ജൈനര്‍ അധിവസിച്ചിരുന്ന സ്ഥലമാണ് പാലക്കാട്. ഇപ്പോള്‍ അവിടെ രണ്ട് കുടുംബങ്ങള്‍ മാത്രമാണുള്ളത്. പാലക്കാട് ഒലവക്കോട് ജൈനമേടില്‍ എട്ടാമത്തെ തീര്‍ഥങ്കരനായ ചന്ദ്രപ്രഭ തീര്‍ഥങ്കരന്റെ ക്ഷേത്രം നിലനില്‍ക്കുന്നു. 6 വര്‍ഷം മുന്‍പ് ഇത് പുതുക്കിപ്പണിതു. കോയമ്പത്തൂരില്‍നിന്നു ജൈനവിശ്വാസികളെത്തിയാണ് പൂജയും മറ്റു കര്‍മങ്ങളും നിര്‍വഹിക്കുന്നത്.
ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചേരമാന്‍ പെരുമാള്‍ നായനാര്‍ കൊടുങ്ങല്ലൂര്‍ രാജാവായി വന്നതുമുതല്‍ ശൈവബ്രാഹ്മണരുടെ കുടിയേറ്റം ശക്തിപ്പെട്ടു. പത്താം നൂറ്റാണ്ടുമുതല്‍ പെരുമാക്കന്‍മാര്‍ ചോളസാമ്രാജ്യത്തിന്റെ പ്രവിശ്യാധിപന്‍മാരായിരുന്നു. ചോളന്‍മാര്‍ ശൈവമതക്കാരായിരുന്നെങ്കിലും പത്താം നൂറ്റാണ്ടിന്റെ അന്ത്യം വരെ അവര്‍ ജൈന, വൈഷ്ണവ മതങ്ങളോട് ഉദാരമായാണ് പെരുമാറിയത്. പിന്നീട് ചോളചക്രവര്‍ത്തിയായ രാജരാജനും രാജേന്ദ്രനും കടുത്ത ശൈവമതാനുയായികളായി. വടക്കുനിന്നും ധാരാളം ശൈവബ്രാഹ്മണര്‍ കേരളത്തിലേക്ക് എത്തുന്നതിനും ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതിനും അവര്‍ സൗകര്യം ചെയ്തതായും ചരിത്രകാരനായ കെ. ശിവശങ്കരന്‍ നായര്‍ പറയുന്നു.
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ ജൈനമതം ഇപ്പോഴും നിലനില്‍ക്കുമ്പോഴും കേരളത്തില്‍ ഇല്ലാതായത് പത്താം നൂറ്റാണ്ടുമുതല്‍ ഇവിടെ നിലവില്‍ വന്ന ബ്രാഹ്മണ മേധാവിത്വം മൂലമാണ്. 13ാം നൂറ്റാണ്ടു വരെ ജൈനസംസ്‌കാരം കേരളത്തില്‍ ഉച്ചസ്ഥായിയിലായിരുന്നു. ഹിന്ദു, ശൈവ, വൈഷ്ണവ മതങ്ങള്‍ ശക്തി പ്രാപിച്ചതോടെ ജൈനധര്‍മത്തിന് ക്ഷീണം സംഭവിച്ചു. വയനാടു ജില്ലയില്‍ കുറച്ച് ജൈനമതാനുയായികള്‍ ശേഷിക്കുന്നത്, 1799 വരെ വയനാട് കര്‍ണാടകയുടെ ഭാഗമായിരുന്നതുകൊണ്ടാണ്.
∙ ബുദ്ധനും വര്‍ധമാന മഹാവീരനും
ബിസി 1300-900 കാലഘട്ടത്തില്‍ സിന്ധുനദീതീരത്തും അതിനുശേഷം ഗംഗാതടത്തിലേക്കും കടിയേറിയ ആര്യന്‍മാര്‍ക്ക് മുന്‍പ് ഇന്ത്യയില്‍ അധിവസിച്ചിരുന്ന ദ്രാവിഡ വര്‍ഗക്കാരെ പുരാണങ്ങളില്‍ ദാനവന്‍മാര്‍, രാക്ഷസന്‍മാര്‍, യക്ഷന്‍മാര്‍, കിന്നരന്‍മാര്‍, കിംപുരുഷന്‍മാര്‍, വിദ്യാധരന്‍മാര്‍, ചാരണന്‍മാര്‍ എന്നൊക്കെയായിരുന്നു പരാമര്‍ശിച്ചിരുന്നത്. അവരിലെ വേദവിശ്വാസികളല്ലാത്ത മുനിമാരെയാണ് ശ്രമണന്‍മാര്‍ അഥവാ ചാരണന്‍മാര്‍ എന്നു പറയുന്നത്. ബിസി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാര്‍ശ്വനാഥമുനിയുടെ കാലത്താണ് ശ്രമണ സിദ്ധാന്തങ്ങള്‍ക്ക് ഒരു മതത്തിന്റെ രൂപം ലഭിച്ചത്.
ശ്രമണ മതത്തിന്റെ അടിസ്ഥാനത്തില്‍ ബിസി അഞ്ചാം നൂറ്റാണ്ടില്‍ ബുദ്ധമതത്തിനും ജൈനമതത്തിനും രൂപം നല്‍കിയവരാണ് ഗൗതമബുദ്ധനും വര്‍ധമാന മഹാവീരനും. മഹാവീരന്റെ ശിഷ്യപരമ്പരയെ ജൈനര്‍ എന്നു പറയുന്നതുകൊണ്ട് അവരുടെ മതത്തെ ജൈനമതം എന്നു പറയുമെങ്കിലും അതു ശ്രമണമതത്തിന്റെ തുടര്‍ച്ചയായിരുന്നു. ബുദ്ധമതം അശോക ചക്രവര്‍ത്തിയുടെ കാലത്താണ് (ബിസി രണ്ടാം നൂറ്റാണ്ട്) പ്രചാരം നേടിയത്. അതിനും ഏറെ മുന്‍പ് തന്നെ ജൈനമതം വ്യാപിച്ചിരുന്നു. ഒമ്പത് മുതല്‍ 14 വരെ നൂറ്റാണ്ടുകൾ ജൈനമതത്തിന്റെ സുവര്‍ണകാലമായാണ് അറിയപ്പെടുന്നത്.
∙ കാടുതെളിച്ച് നെല്ല് വിതച്ചവര്‍
അഹിംസ ജീവിതാടിസ്ഥാനമാക്കിയതിനാല്‍ ജൈനര്‍ സസ്യഭുക്കുകളാണ്. മാംസാഹാരം നിഷിദ്ധമായതിനാല്‍ കൃഷി ചെയ്തായിരുന്നു ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എട്ട് പത്ത് നൂറ്റാണ്ടുകളിലായി, കേരളത്തില്‍ നെല്ലിന്റെയും അരിയുടെയും പ്രചാരകർ ജൈനരാണെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു.
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും നെല്‍കൃഷിക്ക് അനുയോജ്യമല്ലായിരുന്നുവെങ്കിലും മത്സ്യമാംസാദികള്‍ സുലഭമായിരുന്നിട്ടും മാംസാഹാരം കഴിക്കാത്തതിനാലാണ് നാഞ്ചിനാട്ടും ഭാരതപ്പുഴയുടെ തീരത്തും വയനാട്ടിലും കാടുകള്‍ വെട്ടിത്തെളിച്ച് നെല്‍പ്പാടങ്ങള്‍ സൃഷ്ടിക്കാന്‍ ജൈനര്‍ മുന്‍കൈ എടുത്തുതെന്ന് ജൈനബന്ധു മുന്‍ പത്രാധിപരും ജൈനസമാജം മുന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.വി. ജിനേന്ദ്ര പ്രസാദ് പറയുന്നു.
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആപ്തവാക്യം ജൈനരുടെ സംഭാവനയാണ്. വൈദികമതം പൊതുവിദ്യാഭ്യാസത്തിനെതിരായിരുന്ന കാലത്ത് വിജ്ഞാനം സാധാരണക്കാര്‍ക്കും എത്തിച്ചു നല്‍കുന്നത് പുണ്യമായി ജൈനര്‍ കരുതി. മനുഷ്യനും ജന്തുക്കളും ചെടികളും ഒന്നിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്ന വിശ്വാസത്തിന്റെ ഫലമാണ്, മനുഷ്യന്റെ രോഗനിവാരണത്തിനാവശ്യമായ ഔഷധം ചെടികളിലുണ്ടെന്ന ധാരണയില്‍ ജൈനരെത്തിയത്. കേരളം ഔഷധങ്ങളുടെ കലവറയാണെന്നു മനസ്സിലാക്കുകയും ആയുര്‍വേദത്തിന് പ്രധാന ഇടമായി കേരളത്തെ ഉപയോഗപ്പെടുത്താനും ജൈനര്‍ ശ്രമിച്ചു.
ബൃഹത്തായ പാരമ്പര്യവും ചരിത്രവും അവകാശപ്പെടാനുണ്ടെങ്കിലും ജൈനരുടെ സംസ്‌കൃതിയും ജീവിതരീതികളും വലിയ വെല്ലുവിളികളിലൂടെ കടന്നു പോകുകയാണ്. കേരളത്തില്‍ മറ്റിടങ്ങളില്‍ ജൈനമതം തിരോധാനം ചെയ്തപ്പോഴും കര്‍ണാടകയുമായുള്ള ബന്ധം നിമിത്തം വയനാട്ടില്‍ ജൈനര്‍ നിലനിന്നു. ടിപ്പുവിന്റെ പടയോട്ടവും പഴശിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള യുദ്ധവും അതിജീവിച്ച് പിന്നെയും കുറേയേറെ ജൈനര്‍ വയനാട്ടില്‍ അധിവസിച്ചു. ശേഷിക്കുന്ന നാമമാത്രമായ ജൈനരുടെ അതിജീവനവും പ്രതിസന്ധിയിലാണ്. സംരക്ഷിക്കാനോ പരിപാലിക്കാനോ ആരുമില്ലാതെ വയനാട്ടില്‍ കാടുപിടിച്ച്, ഉപേക്ഷിക്കപ്പെട്ടു പോയ ക്ഷേത്രങ്ങള്‍ അതിന് നേര്‍സാക്ഷിയാണ്.
English Summary: History and rituals of Jains in Wayanad