‘സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്ന് പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചു’....Naxal Varghese, Naxal Police Attack

‘സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്ന് പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചു’....Naxal Varghese, Naxal Police Attack

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്ന് പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചു’....Naxal Varghese, Naxal Police Attack

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കേരളത്തിൽ രാഷ്ട്രീയാധികാരം ലക്ഷ്യമിട്ടു നടന്ന ആദ്യ നക്സൽ സായുധ ഇടപെടൽ, തലശ്ശേരി–പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 53 വയസ്സ് തികയുന്നു. കേരളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കമാകുമെന്ന് ഒരു വിഭാഗം സ്വപ്നം കണ്ടതാണ് 1968 നവംബറിലെ തലശ്ശേരി–പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾ. വിപ്ലവത്തിന്റെ ജയപരാജയങ്ങളെക്കുറിച്ചു പല വിശദീകരണങ്ങളുണ്ടായെങ്കിലും ഒരു കാര്യം സത്യമാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയിൽ പ്രത്യക്ഷമായും പരോക്ഷമായും വലിയ സ്വാധീനങ്ങൾ ആ വിപ്ലവങ്ങൾ ഉണ്ടാക്കിയിരുന്നു. 

പൊലീസിനും ജന്മിമാര്‍ക്കും നടുവിൽ!

ADVERTISEMENT

ഇ.എം.എസ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മിനിമം വേതന നിയമത്തെ തുടർന്നു ജോലി നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ബീഡിത്തൊഴിലാളികൾക്കാണ്. മംഗലാപുരത്തെ ബീഡിക്കമ്പനികൾ ഒറ്റ രാത്രി കൊണ്ട് പൂട്ടി ഉടമകൾ സ്ഥലം വിട്ടപ്പോൾ ജോലി നഷ്ടപ്പെട്ട ബീഡിത്തൊഴിലാളികളും ദുരിതത്തിൽനിന്നു ദുരിതത്തിലേക്കു നീങ്ങിയ നെയ്ത്തു തൊഴിലാളികളുമാണ് ഒരർഥത്തിൽ വിപ്ലവത്തിനു വഴിമരുന്നിട്ടത്. 

നക്സൽബാരിയിലെ വിപ്ലവം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗത്തെ ആവേശം കൊള്ളിച്ച നാളുകളായിരുന്നു അത്. തൊഴിലാളികളുടെ ജീവിത ദുരിതം തീർക്കാൻ മുന്നിട്ടിറങ്ങാൻ അവർ തീരുമാനിച്ചു. അക്കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ചു കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ ചില പ്രവർത്തനങ്ങൾ നടന്നിരുന്നു. അവർക്കിടയിലേക്കാണു തീ കൊളുത്തിയതു പോലെ ഒരു കത്ത് വന്നു വീഴുന്നത്. ‘വിപ്ലവം പറഞ്ഞിരിക്കാതെ പ്രവർത്തിക്കാൻ തയാറുണ്ടോ’ എന്നു ചോദിച്ചുള്ള കത്ത് വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്നുള്ള ഒരു തയ്യൽ തൊഴിലാളിയുടേതായിരുന്നു. 

മന്ദാകിനി നാരായണൻ. ഫയൽ ചിത്രം

വയനാട്ടിലെ തൊഴിലാളി ജീവിതം അങ്ങേയറ്റം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന കാലം. ഒരു വശത്ത് ജന്മിമാരുടെ ക്രൂരത, മറുവശത്ത് പൊലീസിന്റെ നെറികേടുകൾ. കുടിയേറ്റ കർഷകർക്ക് ഒരു തരത്തിലും മുന്നോട്ടു പോകാനാകാത്ത സ്ഥിതി. നക്സൽ നേതാക്കളുടെ നേതൃത്വത്തിൽ വയനാട്ടിൽ നേരിട്ടെത്തി സ്ഥിതിവിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. പറഞ്ഞു കേൾക്കുന്നതിനേക്കാൾ ദുസ്സഹമാണു ജീവിതമെന്നു മനസിലായത് വയനാട്ടിലെത്തിയപ്പോഴാണ്. കുന്നിക്കലിന്റെ കോഴിക്കോട്ടെ വീട്ടിൽ ഭാര്യ മന്ദാകിനി, മകൾ അജിത, എ.വർഗീസ്, കെ.പി.നാരായണൻ, കാന്തലോട്ട് കരുണൻ, ടി.വി. അപ്പു, തേറ്റമല കൃഷ്ണൻകുട്ടി, മാധവൻ നമ്പ്യാർ, പുന്നോൽ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കൂടിയാലോചന നടത്തി. 

വിപ്ലവതന്ത്രം ഇങ്ങനെയായിരുന്നു: ആദ്യഘട്ടത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തോക്കുകൾ കൈവശപ്പെടുത്തി പാൽചുരം വഴി വയനാട്ടിലേക്കു കടക്കുന്നു; അപ്പോഴേക്കും വയനാട്ടിലെ സഖാക്കൾ പുൽപള്ളി എംഎസ്പി ക്യാംപിൽനിന്ന് ആയുധങ്ങൾ സംഭരിക്കുക. രണ്ടു ബറ്റാലിയനുകളും തിരുനെല്ലിയിൽ ഒരുമിക്കുക. പിന്നീട് വയനാട്ടിലാകെ ജന്മിത്വ-ഭരണകൂട വിരുദ്ധ സായുധകലാപം! രണ്ടു ചുരങ്ങളും ഉപരോധിച്ച് ചുവപ്പു സൈന്യത്തിന്റെ വയനാട് കീഴടക്കൽ! തലശ്ശേരിയിലേക്കും പുൽപ്പള്ളിയിലേക്കും പ്രത്യേക സംഘങ്ങളെ ഇതിനായി രൂപപ്പെടുത്തി. 

ADVERTISEMENT

തലശ്ശേരി ആക്രമണം പാളിയതെങ്ങനെ?

ആദ്യ സംഘം തലശ്ശേരിയിലെത്തി. കെ.പി. നാരായണന്റെ കെപീസ് ട്യൂട്ടോറിയലിലാണ് എല്ലാവരും തമ്പടിച്ചത്. സ്റ്റേഷൻ ആക്രമണത്തിനും ലോങ് മാർച്ചിനുമായി നാലു സംഘങ്ങൾ രൂപീകരിച്ചു. കെ.പി. നാരായണൻ, വി.കെ.ബാലൻ, കാന്തലോട്ട് കരുണൻ, പൊന്ന്യം ബാലകൃഷ്ണൻ എന്നിവരായിരുന്നു കമാൻഡന്റുമാർ. എന്നാൽ സ്റ്റേഷനിൽ കൂടുതൽ പൊലീസുണ്ടെന്നറിഞ്ഞതിനാൽ അന്നു പദ്ധതി നടന്നില്ല. പിറ്റേന്ന് എല്ലാവരും തലശ്ശേരി കുണ്ടുചിറയിലും അവിടെനിന്നു സ്റ്റേഡിയത്തിലുമെത്തി. അവിടെവച്ച് നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടു. 

കെ.അജിത.ഫയൽ ചിത്രം

സ്റ്റേഷൻ ആക്രമിച്ച് ആയുധമെടുക്കൽ പ്രായോഗികമല്ലെന്നും ഉപേക്ഷിക്കാമെന്നുമായിരുന്നു കാന്തലോട്ടിന്റെ നിർദേശം. പോകേണ്ടവർക്കു പോകാമെന്നും മാർച്ച് മുന്നോട്ടു തന്നെയെന്നും കുന്നിക്കൽ പ്രഖ്യാപിച്ചു. കാന്തലോട്ടിന്റെ നേതൃത്വത്തിൽ കുറെപ്പേർ പിരിഞ്ഞുപോയി. അങ്ങനെ വിഭജിക്കപ്പെട്ട മനസ്സോടെയാണ് ബാക്കിയുള്ളവർ സ്റ്റേഷൻ ആക്രമണത്തിനിറങ്ങിയത്. നവംബർ 22നു പുലർച്ചെ 3നു സ്റ്റേഷനു മുന്നിൽ വിപ്ലവകാരികൾ എത്തി. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു സംഭവിച്ചത്. 

സ്റ്റേഷൻ ആക്രമിക്കാൻ മുന്നോട്ടു നീങ്ങിയ സംഘം പറയാതെതന്നെ പിന്തിരിഞ്ഞോടി. ഏറ്റവും മുന്നിലുള്ള സംഘം ചിതറി ഓടിയതോടെ പുറകിലുണ്ടായിരുന്നവരും ഓടി. ഈ പിന്തിരിഞ്ഞോട്ടത്തിനു കാരണമായി പിന്നീട് പലരും പറഞ്ഞിട്ടുള്ളത് പല കഥകളാണ്. ചുറ്റുമുള്ള കെട്ടിടങ്ങളിലും മറ്റും പൊലീസ് പതിയിരിക്കുന്നു എന്നറിഞ്ഞു പിൻവാങ്ങിയെന്നായിരുന്നു ഒരു കഥ. സ്റ്റേഷനു മുന്നിൽ കിടന്നിരുന്ന ഏതാനും കന്നുകാലികൾ ആളുകൾ വരുന്ന ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടിയിരുന്നു. ഈ ശബ്ദം കേട്ട വിപ്ലവകാരികൾ പൊലീസുകാരുടെ ബൂട്ടിന്റെ ശബ്ദമാണെന്നു കരുതി തിരിഞ്ഞോടുകയായിരുന്നെന്ന് മറ്റൊരു കഥ.  

ADVERTISEMENT

തോക്കുമായി സ്റ്റേഷനു മുൻപിലുണ്ടായിരുന്ന പൊലീസുകാരൻ ആൾക്കൂട്ടത്തെ കണ്ട് അലറിയപ്പോൾ മുൻപിലുണ്ടായിരുന്നവർ തിരിഞ്ഞോടിയെന്ന് മറ്റൊരു കഥ. എല്ലാവരും ഓടിയിട്ടും അച്ഛൻ കുന്നിക്കൽ നാരായണൻ മാത്രമാണു സ്റ്റേഷനു മുൻപിൽ ബാക്കിയായതെന്നു മകൾ അജിത പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. കുന്നിക്കലാകട്ടെ ഓടുകയായിരുന്നില്ല, പൊലീസുകാരന്റെ തോക്കിനു മുൻപിലൂടെ സാവകാശം പിന്തിരിഞ്ഞു നടന്ന് അപ്രത്യക്ഷനാവുകയായിരുന്നു... തോക്കിൽ െവടിയുണ്ട ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് അന്ന് അച്ഛൻ മരിച്ചു വീഴാതിരുന്നതെന്നും മകൾ അജിത പറയുന്നു. ഇതിനിടെ വെള്ളത്തൂവൽ സ്റ്റീഫൻ വലിച്ചെറിഞ്ഞ പടക്കം പൊട്ടാതെ സ്റ്റേഷന്റെ നോട്ടിസ് ബോർഡിൽ തട്ടി വലിയ ഒച്ചയോടെ നിലത്തു വീണു. മറ്റൊരു പടക്കം വീണതു റോഡരികിൽ. അങ്ങനെ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണം പാളി. 

വിപ്ലവം പാളിപ്പോയെങ്കിലും കലാപം നടത്തിയതായി വിപ്ലവകാരികളുടെ പ്രഖ്യാപനമുണ്ടായി. ‘1948 ആവർത്തിക്കാനായല്ല, മറ്റൊരു തെലങ്കാന ആവർത്തിക്കാനല്ല, മറ്റൊരു പുന്നപ്ര–വയലാർ ആവർത്തിക്കാനല്ല ഞങ്ങൾ ഇതു ചെയ്യുന്നത്. പിന്നെയോ, ഈ ധീരോദാത്തമായ സമരങ്ങളുടെ പരാജയങ്ങളിൽ നിന്നുള്ള പാഠങ്ങൾ പഠിച്ച് ദീർഘിപ്പിച്ചതും ദുർഘടവുമായ ഒരു ജനകീയ യുദ്ധത്തിൽ കൂടി തൊഴിലാളി വിരുദ്ധ–സാമ്രാജ്യത്വ ജന്മിത്ത മുതലാളിത്ത വ്യവസ്ഥയെ എതിർക്കാനും പുതിയ ജനാധിപത്യ വ്യവസ്ഥിതി പടിപടിയായി കെട്ടിപ്പടുക്കാനുമാണു ഞങ്ങൾ ഇതിനിറങ്ങിയത്’– എന്നായിരുന്നു പ്രഖ്യാപനം. 

കൈപ്പത്തി തകർത്ത, ജീവനെടുത്ത പുൽപ്പള്ളി ആക്രമണം

തലശ്ശേരി സ്റ്റേഷൻ ആക്രമിച്ച വാർത്ത  കിട്ടിയാൽ ഉടൻ പുൽപ്പള്ളി എംഎസ്പി ക്യാംപും വയർലെസ് സ്റ്റേഷനും പിന്നീട് അടുത്തുള്ള പൊലീസ് സ്റ്റേഷനും ആക്രമിക്കുകയായിരുന്നു വയനാട് കാട്ടിൽ കാത്തു നിന്ന രണ്ടാം സംഘത്തിന്റെ  ലക്ഷ്യം. വർഗീസിന്റെ നേതൃത്വത്തിൽ ഇതിനായി വിപ്ലവകാരികൾ ഒരുങ്ങി നിന്നു. സഹായത്തിന് ഏതാനും ആദിവാസികളും. സംഘത്തിലെ ഏക വനിതയായിരുന്നു കുന്നിക്കലിന്റെ മകളും പ്രീഡിഗ്രി വിദ്യാർഥിനിയുമായിരുന്ന കെ.അജിത. റേഡിയോയിൽ തലശ്ശേരി സ്റ്റേഷൻ ആക്രമണ വാർത്ത അറിഞ്ഞ സംഘം പുൽപ്പള്ളി എംഎസ്പി ക്യാംപ് ആക്രമിക്കാൻ തീരുമാനിച്ചു. 

വയനാട്ടിലെ നക്‌സൽ വർഗീസ് സ്മാരകം. ഫയൽ ചിത്രം

നവംബർ 23നു വർഗീസിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ വയർലെസ് സ്റ്റേഷനും യന്ത്രവും തകർത്തു. വയർലെസ് ഓപറേറ്ററുടെ മുറി തകർത്ത് അകത്തു കയറി ഒളിച്ചിരുന്ന ഓപറേറ്റർ ഹവിൽദാർ കുഞ്ഞികൃഷ്ണൻ നായരെ വെട്ടിക്കൊലപ്പെടുത്തി. വാരിക്കുന്തമായിരുന്നു മറ്റൊരു പ്രധാന ആയുധം.  സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ ശങ്കുണ്ണി മേനോനെയും മാരകമായി ആക്രമിച്ചു പരുക്കേൽപ്പിച്ചു. കലാപത്തിനിടെ കയ്യിലിരുന്ന ബോംബ് പൊട്ടി ഗോപാലൻ എന്ന കുടിയേറ്റ കർഷകന്റെ കൈപ്പത്തി തകർന്നു. ഇതോടെ സംഘം സ്റ്റേഷനിൽനിന്നു പിന്തിരിഞ്ഞു. ഗോപാലനെ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു. 

സ്റ്റേഷനിൽനിന്നെടുത്ത പൊലീസ് യൂണിഫോമണിഞ്ഞു പുറത്തിറങ്ങിയ സംഘം രാവിലെ തിമ്മപ്പൻ ചെട്ടി എന്ന ജന്മിയുടെ വീട് ആക്രമിച്ച് അരിയും നെല്ലും വീതം വച്ച് ആദിവാസികൾക്കു വിതരണം ചെയ്തു. തിമ്മപ്പൻ ചെട്ടിയുടെ വീട് ആക്രമിച്ചതിനു ശേഷം സംഘം തൊട്ടടുത്തുള്ള മറ്റൊരു ജന്മികുടുംബമായ ഐരാടി കെ. ദാസന്റെ വീട്ടിലെത്തി. പത്തായപ്പുര കുന്തം കൊണ്ടു കുത്തിത്തുറന്നു. സാധനങ്ങൾ കൈക്കലാക്കി. പിന്നീട് വെള്ളുചെട്ടിയുടെ കടയിലെത്തിയ മാവോയിസ്റ്റുകൾ സിഗരറ്റും എണ്ണയും ബാറ്ററിയും സോപ്പുമെല്ലാം വാരിയെടുത്തു. കബനി കടന്നു തിരുനെല്ലി കാട്ടിലേക്കു മറഞ്ഞു. 

കാട്ടിലെ ഒളിജീവിതം പ്രതീക്ഷിച്ചതിനേക്കാൾ നീണ്ടു പോയി. തലശ്ശേരിയിൽനിന്ന് എത്തുമെന്നറിയിച്ചവരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായപ്പോൾ  വിവരം അറിയാനായി തേറ്റമല കൃഷ്ണൻകുട്ടിയെ വിട്ടു. എന്നാൽ തേറ്റമല പൊലീസ് പിടിയിലായി. കാട്ടിലെ ദുരിത ജീവിതം പലരുടെയും മനസ്സു മടുപ്പിച്ചു. വിപ്ലവകാരികൾ പലരും പിരിഞ്ഞു പോയി. വർഗീസ്, അജിത, ഫിലിപ്പ് എം. പ്രസാദ് തുടങ്ങി  അവശേഷിക്കുന്നവർ കാടിറങ്ങി നാട്ടിൽ ഒളിവിൽ കഴിയാൻ തീരുമാനിച്ചു. ഡിസംബർ രണ്ടിനു കൊട്ടിയൂരിലേക്കുള്ള യാത്രയിൽ അമ്പായത്തോടിൽ വച്ച് സിപിഎം പ്രവർത്തകർ ഇവരെ തിരിച്ചറിഞ്ഞു. 

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അജിത അടക്കമുള്ള 9 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസ് പിടികൊടുക്കാതെ രക്ഷപ്പെട്ടു. കൊള്ളയടിച്ച സ്വർണം സൂക്ഷിക്കാൻ വർഗീസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. കാട്ടിൽ കുഴിച്ചിട്ട ഈ സ്വർണം പിന്നീട് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർക്കു പൊലീസ് കസ്റ്റഡിയിൽ കടുത്ത പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നത്. അജിത മോശം സ്ത്രീയാണെന്നു പരമാവധി പൊലീസ് പ്രചരിപ്പിച്ചു. അറസ്റ്റിലായ രാമൻ നായരുടെ താടി രോമങ്ങൾ മറ്റുള്ളവരെ കൊണ്ട് പിഴുതെടുപ്പിച്ചു. 

ആക്രമണത്തിനൊടുവിൽ...

ഗ്രാമങ്ങൾ മോചിപ്പിച്ച് ലോങ് മാർച്ച് നടത്തി നഗരങ്ങൾ വളയുക, സായുധ കലാപത്തിലൂടെ വിപ്ലവം വിജയിപ്പിച്ച് ജനകീയ ഭരണം സ്ഥാപിക്കുക... ഇതിനായി ആയുധങ്ങൾ സംഭരിക്കാനായിരുന്നു സത്യത്തിൽ പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചത്. ആക്രമണത്തിനിടയിൽ ഗോപാലന്റെ കൈ ബോംബ് പൊട്ടി നഷ്ടപ്പെട്ടത്, ബോംബ് സൂക്ഷിച്ചിരുന്ന ഉശിരുള്ള പ്രവർത്തകനായ കിസാൻ തൊമ്മന്റെ മരണം (ബോംബ് മാറ്റി വയ്ക്കുന്നതിനിടെ അതു വീണു പൊട്ടിയാണു തൊമ്മനു ഗുരുതരമായി പരുക്കേറ്റത്. രക്ഷപ്പെടുത്താനാകാത്ത വിധം പരുക്കേറ്റതിനാൽ കൂടെയുള്ളവർ തന്നെ വെടിവെച്ചു കൊല്ലുകയായിരുന്നു), തലശ്ശേരി സംഘത്തിന് എന്തു സംഭവിച്ചു എന്നറിയാൻ അന്വേഷിക്കാൻ പോയ തേറ്റമല കൃഷ്ണൻകുട്ടി പിടിയിലായത് എന്നിവയെല്ലാം വിപ്ലവ സംഘത്തിന്റെ മനോവീര്യം കെട്ടു പോകാനും അംഗ സംഖ്യ ചുരുങ്ങാനും കാരണമായി.  

നക്‌സൽബാരി റെയിൽവേ സ്റ്റേഷൻ.

സംഭവത്തിൽ മരിച്ച ഒരാൾ ഉൾപ്പെടെ 149 പ്രതികളാണ് ഉണ്ടായിരുന്നത്. തലശ്ശേരിയിൽ കാര്യമായ അത്യാഹിതങ്ങൾ ഒന്നുമുണ്ടാകാത്തതിനാൽ നേതാക്കളെ കോടതി വിട്ടയച്ചാലോ എന്നു കരുതി രണ്ടു സംഭവങ്ങളും ഒറ്റക്കേസായാണ് റജിസ്റ്റർ ചെയ്തിരുന്നത്. കുന്നിക്കൽ നാരായണനും കെ.പി.നാരായണനും മന്ദാകിനി നാരായണനുമായിരുന്നു ഗൂഢാലോചനക്കേസിലെ ആദ്യ 3 പ്രതികൾ. തുടർന്ന് രണ്ടു കേസുകളിലെയും പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു റിമാൻഡ് ചെയ്തു. 

സെൻട്രൽ ജയിലിൽ തടവുകാരും ജയിൽ വാർഡന്മാരും തമ്മിലുണ്ടായ പ്രശ്നത്തിനിടയ്ക്കു കിട്ടിയ ചവിട്ടാണു പിന്നീട് കുന്നിക്കൽ നാരായണന്റെ മരണത്തിനു കാരണമായത്. നെഞ്ചിനേറ്റ ചവിട്ടിൽ ഹൃദയവാൽവിനു കേടു പറ്റുകയായിരുന്നു. 1969 ജനുവരിയിൽ മന്ദാകിനി നാരായണനും ഏപ്രിൽ 16ന് അജിതയ്ക്കും ജാമ്യം ലഭിച്ചു. ഏഴര വർഷമാണ് അജിത ഈ കേസിൽ തടവു ശിക്ഷ അനുഭവിച്ചത്. 1970 ഫെബ്രുവരി 18ന് തിരുനെല്ലി കുമ്പാരക്കുനിയിൽ പൊലീസ് പിടികൂടിയ വർഗീസിനെ കണ്ണ് ചൂഴ്ന്നെടുത്ത് വെടിവച്ചു കൊല്ലുകയായിരുന്നു. 

അടിച്ചമർത്താൻ ഭരണകൂടം

ആക്രമണ സംഭവങ്ങളെ ശക്തമായി അടിച്ചമർത്താനായിരുന്നു സർക്കാർ നീക്കം. പുൽപ്പള്ളി സ്റ്റേഷൻ ചുമരിൽ വിപ്ലവകാരികൾ ചോരയിൽ മുക്കിയ കൈപ്പത്തിയുടെ ചിത്രം പതിപ്പിച്ചു. അജിതയുടെ കൈപ്പത്തിയാണ് ഇതെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഈ കൈപ്പത്തി സംബന്ധിച്ച് ‘ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ അജിത എഴുതിയത് ഇങ്ങനെ: ‘സഖാവ് ഗോപാലന്റെ മുറിഞ്ഞ കൈയുടെ അറ്റം പൊലീസ് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിയരച്ചു. ആ മുറിവിൽക്കൂടി പൊട്ടിയൊഴുകി തളംകെട്ടിയ രക്തത്തിൽ സഖാവിന്റെ മറ്റേ കൈ മുക്കി പുൽപള്ളി വയർലെസ് സ്റ്റേഷന്റെ ചുവരിൽ പതിപ്പിച്ചു. ആ കൈപ്പത്തിയുടെ ചിത്രം അജിതയുടെ കൈപ്പത്തി എന്ന് പൊലീസ് നാടൊട്ടുക്കും പ്രചരിപ്പിച്ചു’. ആക്രമണങ്ങൾക്കു നേതൃത്വം നൽകിയവരിൽ ഒരാളായ തേറ്റമല കൃഷ്ണൻകുട്ടി ‘തിരുത്ത്’ എന്ന ഓർമക്കുറിപ്പിൽ എഴുതിയതും സമാനമായ കഥയാണ്

നക്സൽബാരി ഗ്രാമത്തിൽനിന്നുള്ള കാഴ്ച. (File Photo: AFP PHOTO/DIPTENDU DUTTA)

ബോംബ് പൊട്ടി കൈ ചിതറിയ ഗോപാലൻ പിറ്റേന്നു തന്നെ പൊലീസ് പിടിയിലായിരുന്നു. ഇതേ തുടർന്നു പൊലീസ് വ്യാപകമായ അറസ്റ്റ് നടത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവ് കുഞ്ഞികൃഷ്ണൻ പണിക്കരും അറസ്റ്റിലായിരുന്നു. പൊലീസുകാർ കുഞ്ഞികൃഷ്ണൻ പണിക്കരെ തുടരെ മർദിച്ചു. ഹവിൽദാർ കുഞ്ഞികൃഷ്ണൻ നായരെ വെട്ടിയിട്ട സ്ഥലത്ത് തളംകെട്ടി നിന്ന ചോരയിൽ പണിക്കരുടെ  കൈമുക്കി ചുവരിൽ പതിപ്പിച്ചു. ഇതിന്റെ അപ്പുറത്തായി ഗോപാലന്റെ കൈ ശങ്കുണ്ണി മേനോന്റെ ചോരയിൽ മുക്കിയും പതിപ്പിച്ചു.

1979 ഓഗസ്റ്റ് 25നു മരിക്കുന്നതിനു മുൻപ്  തലശ്ശേരി– പുൽപ്പള്ളി സ്റ്റേഷൻ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്ന കുന്നിക്കൽ നാരായണൻ മകൾ അജിതയോടു പറഞ്ഞു: ‘പ്രവർത്തനങ്ങളിൽ പാളിച്ച പറ്റി. നമുക്കിവിടെ ആവശ്യം ജനകീയ സമരങ്ങളും ഉയിർത്തെഴുന്നേൽപ്പുകളുമാണ്. അല്ലാതെ ഒറ്റപ്പെട്ട സാഹസിക പ്രവർത്തനങ്ങളല്ല’. അതു ശരിയായിരുന്നു. നക്സൽബാരിയായിരുന്നില്ല, ജനാധിപത്യ ഭരണമായിരുന്നു ശരിയെന്നു പിന്നീട്  അനുഭവങ്ങൾ വ്യക്തമാക്കി. 

എന്നിരുന്നാലും പുൽപ്പള്ളി–തലശ്ശേരി ആക്രമണങ്ങൾ പൂർണ പരാജയമായിരുന്നു എന്നു പറയാനാവില്ല. ജന്മിമാരുടെ ക്രൂരതകൾക്കെതിരെയും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ആത്മാർഥമായി പ്രവർത്തിക്കാൻ സർക്കാരുകൾക്ക് ഇടപെടേണ്ടി വന്നു; നക്സൽബാരി ചിന്ത ഒരു തെറ്റായിരുന്നു എന്നു തെളിയിക്കാൻ വേണ്ടിയെങ്കിലും. സർക്കുലറുകളിലും കടലാസുകളിലും പങ്കിടുന്നതു പോലെ എളുപ്പമല്ല വിപ്ലവമെന്നു വിപ്ലവകാരികൾക്കും മനസ്സിലായി. 53 വർഷം പിന്നിട്ടിട്ടും നവംബറിൽ വരാതെ പോയ ആ വസന്തത്തെക്കുറിച്ച് കേരളം ഇന്നും ഓർക്കുന്നു...

English Summary: 53 Years of Thalassery and Pulpally Police Station Attacks