മുടിനീട്ടി ജാപ്പനീസ് ചാരൻ,തീ തുപ്പി ബോംബർ വിമാനങ്ങൾ; പേൾ ഹാർബർ–നടുക്കുന്ന ഓർമ
1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്‍ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു..
1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്‍ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു..
1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്‍ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു..
1941 മാർച്ച് 27. ഹവായ് ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ ഹൊനോലുലുവിൽ നിന്നിറങ്ങുന്ന ‘നിപ്പു ജിജി’ എന്ന പത്രത്തിൽ ഒരു ചെറിയ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു. അതിങ്ങനെയായിരുന്നു– ‘ഹവായിയിലെ ജാപ്പനീസ് കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി തദാഷി മോറിമുറ നിയമിക്കപ്പെട്ടിരിക്കുന്നു. ജപ്പാൻകാരുടെ യാത്രാ സംബന്ധിയായ വിഷയങ്ങളും മറ്റു കാര്യങ്ങളും വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം’. അധികമാരും ശ്രദ്ധിച്ചില്ല ആ ഒറ്റക്കോളം വാർത്ത. ഹവായ് ദ്വീപുകളുടെ അധിപരായിരുന്ന, ലോകത്തെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനമുണ്ടെന്ന് അഹങ്കരിക്കുന്ന യുഎസിനു പോലും യാതൊരു സംശയവും തോന്നിയില്ല.
ജപ്പാൻ നൽകിയിരിക്കുന്ന വിദേശകാര്യ ഉദ്യോഗസ്ഥരുടെ പട്ടികയിൽ പോലും തദാഷിയുടെ പേരുണ്ടായിരുന്നില്ല. അതിനർഥം ഒന്നുകിൽ അയാൾ പുതുതായി വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്നയാൾ, അല്ലെങ്കിൽ മറ്റെന്തോ ലക്ഷ്യത്തിന് എത്തിയ അജ്ഞാതൻ! ഇതൊന്നും പക്ഷേ അന്ന് യുഎസിന്റെ ചിന്തയിലെത്തിയതേയില്ല. സാധാരണക്കാരനെപ്പോലെ അയാൾ ദ്വീപിൽ ചുറ്റി നടന്നു. ഒരു ടൂറിസ്റ്റിന് എത്താവുന്ന ദൂരത്തിൽ യുഎസിന്റെ കപ്പലുകളുടെ സമീപത്തെത്തി. അവയെ വെറുതെ നോക്കിനിന്നു, ദിവസവും പത്രം അരിച്ചുപെറുക്കി വായിച്ചു. ഓഫിസിൽ ഒരു യന്ത്രത്തെപ്പോലെ പ്രവർത്തിച്ചു.
യഥാർഥത്തിൽ തദാഷിയെന്നായിരുന്നില്ല അയാളുടെ പേര്. ജാപ്പനീസ് നാവികസേനയിലെ ഏറ്റവും സമർഥനായ ചാരനായിരുന്നു അയാൾ– ടക്കേയോ യോഷിക്കാവ. കോൺസുലേറ്റിൽ അയാൾക്കൊപ്പം ജോലി ചെയ്തിരുന്നവർക്കു പോലും അറിയില്ലായിരുന്നു അക്കാര്യം. എന്നാൽ ആ പേര് അധികം വൈകാതെ ലോകമറിഞ്ഞു. പേൾ ഹാർബർ ആക്രമണത്തിന് ജാപ്പനീസ് സൈന്യത്തിനു വേണ്ട വിവരങ്ങളെല്ലാം ചോർത്തി നൽകിയ ഇന്റലിജൻസ് ഏജന്റായി ജപ്പാനിലെ പത്രങ്ങൾ അയാളെ വാഴ്ത്തിപ്പാടി. രണ്ടാം ലോക മഹായുദ്ധത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞ ഹവായ് ദ്വീപുകളിലെ പേൾ ഹാർബർ ആക്രമണത്തിനു പിന്നിൽ ഇങ്ങനെ എത്രയോ പേർ!
1941 ഡിസംബർ ഏഴിനു നടന്ന ആക്രമണത്തിന് 80 വർഷമാവുകയാണ്. ചരിത്രത്തിൽ ഒരു രാജ്യമെടുത്ത ഏറ്റവും വലിയ ‘മണ്ടൻ’ തീരുമാനങ്ങളിലൊന്നായാണ് പലരും യുഎസിനു നേരെയുള്ള ജാപ്പനീസ് ആക്രമണത്തെ കണക്കാക്കുന്നത്. എന്നാൽ മാസങ്ങൾക്കു മുൻപേ തങ്ങളുടെ ഏറ്റവും ബുദ്ധിമാനായ ഇന്റലിജൻസ് ഏജന്റിനെത്തന്നെ ചാരപ്പണിക്കായി ഹവായിയിൽ എത്തിച്ച് ജപ്പാൻ നടത്തിയ ആക്രമണത്തെ വെറുമൊരു മണ്ടത്തരമെന്നു പറഞ്ഞു തള്ളിക്കളയാനാകുമോ?
ആരായിരുന്നു ടക്കേയോ?
ഇംപീരിയൽ ജാപ്പനീസ് നേവൽ അക്കാദമിയില്‍നിന്ന് 1933ൽ ജയിച്ചിറങ്ങിയ ടക്കേയോ ഒരു സാധാരണ നാവികനായിട്ടായിരുന്നു തുടക്കം കുറിച്ചത്. ഇടയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാൽ നേവിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. തന്റെ നാവികസേനാ ജീവിതം അവസാനിച്ചുവെന്നു കരുതിയ ടക്കേയോയ്ക്കു മുന്നിലേക്ക് എന്നാൽ മറ്റൊരു ഓഫറാണെത്തിയത്– ജാപ്പനീസ് നാവികസേനയ്ക്കു വേണ്ടി ഇന്റലിജൻസ് പ്രവർത്തനം നടത്തുക. അതോടെ ടക്കേയോയുടെ ശ്രദ്ധ മുഴുവൻ ചാരപ്പണിയിലായി.
ജപ്പാന്റെ വിവിധ കോൺസുലേറ്റുകളിൽനിന്നുള്ള അറ്റാഷെ റിപ്പോർട്ടുകളും വിവിധ രാജ്യങ്ങളിൽനിന്നു ലഭിക്കുന്ന പത്രങ്ങളും കുത്തിയിരുന്നു വായിച്ചു പഠിച്ചു. ഇതിൽത്തന്നെ സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു പ്രാധാന്യം. ചരിത്രത്തിനൊപ്പം കപ്പലുകളെപ്പറ്റിയും വിശദമായി പഠിച്ചു. കടലിൽ ഏതൊരു കപ്പൽ കണ്ടാലും അതിലെ അടയാളങ്ങളോ കൊടിയോ കണ്ടു ടക്കേയോ പറയും അതേതു രാജ്യത്തുനിന്നുള്ളതാണെന്ന്. അമേരിക്കൻ കപ്പലുകളെക്കുറിച്ച് പ്രത്യേകിച്ച്. അങ്ങനെയാണ് അമേരിക്കൻ നേവിയെപ്പറ്റി ഏറ്റവും കിറുകൃത്യം വിവരങ്ങൾ അറിയാവുന്ന ജാപ്പനീസ് നാവികസേന വിദഗ്ധനായി ടക്കേയോ മാറിയത്.
1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്‍ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി ജാപ്പനീസ് സൈന്യത്തിലേക്ക് എത്തിക്കൊണ്ടേയിരുന്നു.
1941 ഡിസംബർ 7ന് അർധരാത്രി 1.20നായിരുന്നു ഹൊനോലുലുവിൽനിന്നുള്ള ടക്കേയോയുടെ അവസാനത്തെ സന്ദേശം–‘കപ്പലുകളെല്ലാം പേൾ ഹാർബറിൽ നങ്കൂരമിട്ടിരിക്കുകയാണ്. അമേരിക്കൻ കപ്പൽപ്പടയുടെ വിന്യാസത്തിൽ യാതൊരു മാറ്റവുമില്ല, എല്ലാം പതിവുപോലെ..’ എന്നായിരുന്നു അത്. തുറമുഖത്തെ മറ്റു കപ്പലുകളുടെയും ചെറുബോട്ടുകളുടെയും വിശദീകരണവുമുണ്ടായിരുന്നു ജപ്പാന്റെ ‘അക്കാഗി’ യുദ്ധക്കപ്പലിലേക്ക് അയച്ച ആ സന്ദേശത്തിൽ. പേൾ ഹാർബർ ആക്രമണത്തിന്റെ തുടക്കം അതായിരുന്നു. ഡിസംബർ ഏഴിനു പുലർച്ചെ 7.55 നു ജാപ്പനീസ് യുദ്ധവിമാനങ്ങള്‍ ഇരച്ചെത്തി പേള്‍ ഹാര്‍ബറിലെ നാവിക താവളം ആക്രമിച്ചു തകർത്തു.
എങ്ങനെ ധൈര്യം വന്നു ജപ്പാന്?
അമേരിക്കയിലെ ജാപ്പനീസ് സ്ഥാനപതിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ സന്ധി സംഭാഷണങ്ങൾ നടക്കുന്നതിനിടെയായിരുന്നു പേൾ ഹാർബർ ആക്രമണം. സംഭവത്തിനു തൊട്ടുപിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെൽറ്റ് ഉന്നതതലയോഗം വിളിച്ചു. അതുവരെ രണ്ടാം ലോകമഹായുദ്ധത്തില്‍നിന്നു മാറി നിൽക്കുകയായിരുന്നു അമേരിക്ക. ബ്രിട്ടനാകട്ടെ ജർമനിയുടെ മുന്നേറ്റത്തിനു മുന്നിൽ കുടുങ്ങിപ്പോയ അവസ്ഥയിലും. ഒരുവിധത്തിലും യുഎസ് യുദ്ധത്തിലേക്കില്ലെന്നു പറഞ്ഞിരിക്കുമ്പോഴായിരുന്നു പേൾ ഹാർബറിലെ ആക്രമണം.
രണ്ടാം ലോകയുദ്ധാരംഭം മുതല്‍ സഖ്യശക്തികളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്ക അതുവരെ യുദ്ധത്തില്‍ ചേരാതെ മാറി നില്‍ക്കുകയായിരുന്നു. അതേസമയം യുഎസ് കോണ്‍ഗ്രസ് പാസാക്കിയ ലെൻഡ് ലീസ് ആക്ടിന്റെ മറവില്‍ ബ്രിട്ടനു വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുകി സഹായിച്ചിരുന്നു. ഇങ്ങനെ പരോക്ഷമായി സഹായം നല്‍കി യുദ്ധത്തില്‍ ചേരാതെ അകന്നു നിന്ന അമേരിക്ക പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ പിറ്റേന്ന്, ഡിസംബർ എട്ടിന്, കോണ്‍ഗ്രസ് ചേര്‍ന്നു ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
ഫാഷിസ്റ്റ് രാജ്യങ്ങളെ പോലെ ആക്രമണോത്സുകമായ വിദേശനയമാണ് ജപ്പാൻ അക്കാലത്തു പിന്തുടര്‍ന്നിരുന്നത്. ജപ്പാനില്‍ എടുത്തു പറയത്തക്ക പ്രകൃതി വിഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അസംസ്‌കൃത വിഭവങ്ങളാല്‍ സമ്പന്നമായ മലയ, ബര്‍മ, ഡച്ച് ഈസ്റ്റ് ഇന്‍ഡീസ്, ചൈന, ഇന്തോ-ചൈന തുടങ്ങിയ രാജ്യങ്ങളും കോളനികളും കൈവശപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. പലയിടത്തും അധിനിവേശം വിജയകരമായി നടത്തുകയും ചെയ്തു. ജപ്പാന്റെ ഈ നയമാണ് അമേരിക്കയുമായുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചതെന്നു പറയാം.
ആയിടയ്ക്ക്, അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെൽറ്റ് ജപ്പാനിലേക്കുള്ള എണ്ണ വിതരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. മാത്രവുമല്ല ജപ്പാൻ കടന്നു കയറിയ ഇന്തോ-ചൈനയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതു ജപ്പാനെ ചൊടിപ്പിച്ചു. യുദ്ധോത്സുകനായ ജനറല്‍ ടോജോ ജപ്പാന്റെ പ്രധാനമന്ത്രിയായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അനിവാര്യമായിത്തീര്‍ന്നു. അഡ്മിറല്‍ യമാമോട്ടോ ആയിരുന്നു ജാപ്പനീസ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.
നേരത്തേ തുടങ്ങി തയാറെടുപ്പ്
എണ്ണ വിതരണത്തിൽ അമേരിക്ക വിലക്കേർപ്പെടുത്തിയതോടെ ജപ്പാന്റെ അധിനിവേശ സ്വപ്നങ്ങൾക്കു കൂടിയാണു വിലങ്ങു വീണത്. 80 ശതമാനം എണ്ണയും ജപ്പാനു ലഭിച്ചത് അമേരിക്കയിൽനിന്നായിരുന്നു. ഇതു നിലച്ചതോടെ ചൈനയുൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ജാപ്പനീസ് സൈനികനീക്കത്തെ ബാധിച്ചു. എന്നാൽ എണ്ണ ലഭിക്കുന്നതിനുള്ള പുതുവഴിയായി ജപ്പാൻ കണ്ടതു ഡച്ച് ഈസ്റ്റ് ഇൻഡീസിനെയായിരുന്നു. അവിടേക്ക് എത്തണമെങ്കിൽ അമേരിക്കൻ കോളനിയായ ഫിലിപ്പീൻസ് കടക്കണം. ഫിലിപ്പീൻസിനെ ആക്രമിക്കാമെന്നു വച്ചാൽ പുതിയൊരു പ്രശ്നമുണ്ട്. അമേരിക്കൻ നാവികസേനയുടെ പസിഫിക് ഫ്ലീറ്റ് പേൾ ഹാർബറിൽ തമ്പടിച്ചിരിക്കുന്നു!
ഫിലിപ്പീൻസിനു നേരെ ഏതൊരാക്രമണം വന്നാലും പസിഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ അതിനെ ചെറുക്കാനാകും. പേൾഹാർബറിലെ അമേരിക്കയുടെ ആ കപ്പൽപ്പട വിന്യാസവും ജപ്പാനു മുന്നറിയിപ്പു നൽകുകയെന്നതായിരുന്നു. എന്നാൽ എന്തു വിലകൊടുത്തും ഡച്ച് ഈസ്റ്റ് ഇൻഡിസിലേക്കു കടക്കുകയെന്നതായിരുന്നു ജാപ്പനീസ് തീരുമാനം. അങ്ങനെയാണ് പേൾ ഹാർബറിനെതിരെ ആക്രമണം ആസൂത്രണം ചെയ്തതും. യമാമോട്ടോയുടെ ആഭിമുഖ്യത്തിലായിരുന്നു ആസൂത്രണം. നാവിക ആസ്ഥാനവുമായുള്ള ഏറെ തർക്കങ്ങൾക്ക് ശേഷമാണ് ഇംപീരിയൽ ജാപ്പനീസ് നേവി ജനറൽ സ്റ്റാഫിൽനിന്ന് ആക്രമണത്തിനുള്ള ഔപചാരികമായ ആസൂത്രണത്തിനും പരിശീലനത്തിനും അദ്ദേഹം സമ്മതം നേടിയെടുത്തത്.
1941 മാർച്ചോടെ പൂർണ തോതിലുള്ള ആസൂത്രണം ആരംഭിച്ചു. 1940 നവംബറിൽ ടറന്റോയിലെ ഇറ്റാലിയൻ കപ്പലുകൾക്ക് നേരെ നടന്ന ബ്രിട്ടിഷ് വ്യോമാക്രമണമായിരുന്നു ജപ്പാന്റെ പാഠപുസ്തകം. മെഡിറ്ററേനിയൻ കടലിൽ നടന്ന ആ ആക്രമണത്തിൽ വിമാനവാഹിനിക്കപ്പലുകൾ നേർക്കു നേർ ആയിരുന്നു ആക്രമണം. ടോർപിഡോകളും വിമാനങ്ങളിൽനിന്നു നിർലോഭം എത്തി. അതേ മാതൃകയായിരുന്നു പേൾഹാർബറിലും പരീക്ഷിക്കാൻ ജപ്പാൻ ആഗ്രഹിച്ചത്. അടുത്ത ഏതാനും മാസം പൈലറ്റുമാർക്ക് പരിശീലനം നൽകി, യുദ്ധോപകരണങ്ങൾ ശരിപ്പെടുത്തി, ആയുധം സംഭരിച്ചു. രഹസ്യവിവരങ്ങൾ പലയിടങ്ങളില്‍നിന്നായെത്തി. പക്ഷേ, ഇത്രയും തയാറെടുപ്പുകൾ നടത്തിയിട്ടും ജപ്പാന്റെ ഹിരോഹിതോ ചക്രവർത്തി നവംബർ 5 വരെ ആക്രമണ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ജാപ്പനീസ് നേതാക്കളുമായുള്ള ചർച്ചകൾക്കു ശേഷം ഡിസംബർ ഒന്നിനുശേഷമാണ് ചക്രവർത്തി അംഗീകാരം നൽകുന്നത്.
നിരീക്ഷിച്ചു, പിന്നാലെ ആക്രമണം
പോള്‍ ഹാര്‍ബര്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് 1941 നവംബര്‍ 26ന്, ആറ് വിമാനവാഹിനിക്കപ്പലുകളടങ്ങിയ ജാപ്പനീസ് ടാസ്‌ക് ഫോഴ്സ് പഴയ സ്റ്റാലൻ ദ്വീപിലെ (ഇപ്പോള്‍ ഇറ്റെറപ്പ്) ഹിറ്റോകാപു ബേയില്‍നിന്ന് പുറപ്പെട്ടു. അമേരിക്കൻ സൈന്യം തിരിച്ചടിക്കാതിരിക്കാന്‍, തുറമുഖത്തു നിർത്തിയിട്ടിരുന്ന വിമാനങ്ങള്‍ പരമാവധി നശിപ്പിക്കാനായിരുന്നു ജപ്പാന്റെ നിര്‍ദേശം. ആക്രമണം ആരംഭിക്കുന്നതിന് മുൻപ്, ഇംപീരിയല്‍ ജാപ്പനീസ് നേവി ചിക്കുമ, ടോണ്‍ എന്നീ ക്രൂസുകളില്‍ നിന്ന് യഥാക്രമം ഒവാഹുവിനെയും മൗയിയിലെ ലഹൈനയെയും നിരീക്ഷിക്കാനായി ഫ്ലോട്ട് വിമാനങ്ങൾ വിക്ഷേപിച്ചു. വെള്ളത്തിലിറങ്ങാൻ ശേഷിയുള്ളതാണ് ഈ ചെറുവിമാനങ്ങൾ.
അമേരിക്കയുടെ കപ്പല്‍പ്പടയുടെ സ്ഥാനം അറിയുകയായിരുന്നു ഇവയുടെ ലക്ഷ്യം. എന്നാല്‍, ചാരൻ ടക്കേയോയുടെ റിപ്പോര്‍ട്ടിലൂടെ പേള്‍ ഹാര്‍ബറിലെ യുഎസ് കപ്പലുകളുടെ ഘടനയും തയാറെടുപ്പ് വിവരങ്ങളും അതിനോടകം ജപ്പാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ലഹൈനയില്‍ നങ്കൂരമിട്ടിരിക്കുന്ന അമേരിക്കന്‍ കപ്പലിന്റെ അഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലോട്ട് വിമാനത്തിൽനിന്നും ലഭിച്ചു. മറ്റൊരു നാല് നിരീക്ഷണ വിമാനങ്ങള്‍ പ്രത്യാക്രമണം ഉണ്ടാകുമോയെന്നറിയാൻ ജാപ്പനീസ് കാരിയര്‍ ഫോഴ്‌സിനും നിഹാവുവിനും ഇടയിലുള്ള പ്രദേശത്ത് പട്രോളിങ് നടത്തി.
ഒന്ന്, രണ്ട്...മൂന്ന്!
കിഴക്കന്‍ കാറ്റിലെ മഴ- ഇതായിരുന്നു അമേരിക്കയുമായി യുദ്ധം പ്രഖ്യാപിക്കുന്നതിനു ജാപ്പനീസ് സൈനിക അധികാരികള്‍ നല്‍കിയ കോഡ്. 354 വിമാനങ്ങളാണു പേൾ ഹാർബറിൽ ബോംബ് വര്‍ഷിക്കാന്‍ പറന്നത്. കമാന്‍ഡര്‍ മിത്‌സുവോ ഫുചിഡയുടെ നേതൃത്വത്തില്‍ 183 വിമാനങ്ങളുടെ ആദ്യ ആക്രമണം ഹവായി ദ്വീപിലെ ഒവാഹുവിന്റെ വടക്കുഭാഗത്തേക്കായിരുന്നു. നിരവധി യുഎസ് വിമാനങ്ങളെ വെടിവച്ചു വീഴ്ത്തി. ടോർപിഡോ ബോംബറുകള്‍ യുദ്ധക്കപ്പലുകളെ നശിപ്പിച്ചു. പേൾ ഹാർബറിലെ തുറമുഖത്തിന് ആഴം കുറവാണെന്നു നേരത്തേ മനസ്സിലാക്കിയ ജപ്പാൻ അതിന് അനുയോജ്യമായ ടോർപിഡോകളാണ് വിമാനങ്ങളിൽനിന്നു വർഷിച്ചത്.
ഡൈവ് ബോംബറുകള്‍ ഒവാഹു, ഹിക്കാം ഫീല്‍ഡ്, വീലര്‍ ഫീല്‍ഡ് എന്നിവിടങ്ങളിലെ നാവിക കേന്ദ്രങ്ങളെ ആക്രമിച്ചു. ആദ്യ ആക്രമണശേഷം 50 മിനിറ്റ് കഴിഞ്ഞാണ് രണ്ടാമത്തെ ആക്രമണം നടത്തിയത്. 171 വിമാനങ്ങള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ ആക്രമണത്തിൽ കാനോഹെയ്ക്ക് സമീപമുള്ള ബെല്ലോസ് എയർഫോഴ്സ് സ്റ്റേഷൻ നശിപ്പിച്ചു. ശേഷം, പോൾ ഹാർബർ പൂർണമായി നശിപ്പിക്കാൻ മൂന്നാം തവണയും ജാപ്പനീസ് വിമാനങ്ങള്‍ ആക്രമണത്തിനു പറന്നെത്തിയെങ്കിലും നാവികകേന്ദ്രത്തില്‍ അവശേഷിച്ചവര്‍ പ്രത്യാക്രമണം നടത്തിയതോടെ തിരിച്ചുപറന്നു.
സൂചന കിട്ടി, പക്ഷേ...
ആദ്യ ആക്രമണത്തിന് ജപ്പാന്റെ യുദ്ധവിമാനങ്ങൾ ഒവാഹുവിനെ സമീപിക്കുമ്പോള്‍, ദ്വീപിന്റെ വടക്കേ അറ്റത്തിനടുത്തുള്ള ഓപാന പോയിന്റില്‍ യുഎസ് ആര്‍മിയുടെ എസ്‌സിആർ 270 റഡാര്‍ അത് കണ്ടെത്തിയിരുന്നു. പക്ഷേ ഓപാന പോയിന്റ് മാസങ്ങളായി പരിശീലന ഘട്ടത്തിലായിരുന്നു. പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സൈനികരായ ജോര്‍ജ് എലിയറ്റ് ജൂനിയറും ജോസഫ് ലോക്കാര്‍ഡും, പേള്‍ ഹാര്‍ബറിനടുത്തുള്ള ഫോര്‍ട്ട് ഷാഫ്റ്റേഴ്സ് ഇന്റര്‍സെപ്റ്റ് സെന്ററിലെ സൈനികന്‍ ജോസഫ് പി.മക്ഡൊണാള്‍ഡിനെ വിമാനങ്ങളുടെ വരവറിയിച്ചതാണ്. എന്നാല്‍, ഇന്റര്‍സെപ്റ്റ് സെന്ററില്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥനായ ലഫ്. കെര്‍മിറ്റ് എ.ടൈലര്‍, കലിഫോര്‍ണിയയില്‍ നിന്നുള്ള ആറ് ബി-17 ബോംബര്‍ വിമാനങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത വരവാണെന്ന് അനുമാനിച്ചു. ജാപ്പനീസ് വിമാനങ്ങള്‍ അതോടെ ലക്ഷ്യസ്ഥാനത്തേക്ക് കൂടുതൽ എളുപ്പത്തിൽ അടുത്തു. ജപ്പാൻ വ്യോമാക്രമണം ആരംഭിച്ചപ്പോൾ, പടക്കപ്പലുകളില്‍ നിര്‍ദേശം കാത്തു കിടന്നിരുന്ന പോര്‍വിമാനങ്ങള്‍ക്കു പോലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ആക്രമണം ബാക്കിവച്ചത്...
പേൾ ഹാർബറിലെ ആക്രമണം തുടങ്ങി 90 മിനിറ്റിനു ശേഷം എല്ലാം അവസാനിച്ചു. അതിനോടകം അമേരിക്കയുടെ 2403 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1143 പേര്‍ക്ക് പരുക്കേറ്റു. അഞ്ച് യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 18 കപ്പലുകള്‍ മുങ്ങുകയോ നശിക്കുകയോ ചെയ്തു. ഹവായിയിലെ 402 അമേരിക്കന്‍ വിമാനങ്ങളില്‍ 188 എണ്ണം നശിച്ചു. 159 എണ്ണത്തിനു കേടുപാടുണ്ടായി. ജപ്പാന് 66 സൈനികരെ നഷ്ടമായി. കസുവോ സകാമാകി എന്ന സൈനികൻ അമേരിക്കയുടെ പിടിയിലായി. അവരുടെ 29 വിമാനങ്ങളും 5 കപ്പലുകളും തകർന്നു.
പേൾ ഹാർബർ ആക്രമണത്തിനു പിന്നാലെ ജപ്പാനെതിരെയുള്ള അമേരിക്കൻ യുദ്ധ പ്രഖ്യാപനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം കുറിക്കുന്ന അണുബോംബ് സ്ഫോടനത്തിലേക്കും അങ്ങനെ പേൾ ഹാർബർ ആക്രമണം അമേരിക്കയെ നയിച്ചു. 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഒൻപതിന് നാഗസാക്കിയിലും അണുബോംബുകൾ വർഷിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും മണ്ടൻ തീരുമാനത്തേക്കാൾ, ഏറ്റവും കുപ്രസിദ്ധ തീരുമാനമെന്നാണ് പേൾ ഹാർബർ ആക്രമിക്കാനുള്ള ജാപ്പനീസ് പദ്ധതിയെ ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. പേൾ ഹാർബറിലെയും നാഗസാക്കിയിലെയും ഹിരോഷിമയിലെയും കണ്ണീർനിറഞ്ഞ രക്തരൂഷിത ദിനങ്ങൾ മാത്രം മനസ്സിലുണ്ടായാൽ മതി ആ വാദം എത്രമാത്രം ശക്തമാണെന്നു തിരിച്ചറിയാൻ.
English Summary: 80 Years of Japan's Pearl Harbour Attack; History Explainer