3 മിനിറ്റിൽ 900 പേരുടെ ജോലി തെറിപ്പിച്ചു; ആരാണ് വിശാൽ ഗാർഗ്, എന്താണ് ബെറ്റർ?
എന്തൊരു മനുഷ്യൻ എന്ന് മാലോകരെല്ലാം മൂക്കത്ത് വിരൽവയ്ക്കുന്നൊരാൾ. പേരിലെ വിശാലമനസ്കതയൊന്നും പ്രവൃത്തിയിൽ കാണിക്കാത്ത ബോസ്. ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ | Who is Vishal Garg | Better.com | Zoom Call | Manorama News
എന്തൊരു മനുഷ്യൻ എന്ന് മാലോകരെല്ലാം മൂക്കത്ത് വിരൽവയ്ക്കുന്നൊരാൾ. പേരിലെ വിശാലമനസ്കതയൊന്നും പ്രവൃത്തിയിൽ കാണിക്കാത്ത ബോസ്. ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ | Who is Vishal Garg | Better.com | Zoom Call | Manorama News
എന്തൊരു മനുഷ്യൻ എന്ന് മാലോകരെല്ലാം മൂക്കത്ത് വിരൽവയ്ക്കുന്നൊരാൾ. പേരിലെ വിശാലമനസ്കതയൊന്നും പ്രവൃത്തിയിൽ കാണിക്കാത്ത ബോസ്. ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ | Who is Vishal Garg | Better.com | Zoom Call | Manorama News
എന്തൊരു മനുഷ്യൻ എന്ന് മാലോകരെല്ലാം മൂക്കത്ത് വിരൽവയ്ക്കുന്നൊരാൾ. പേരിലെ വിശാലമനസ്കതയൊന്നും പ്രവൃത്തിയിൽ കാണിക്കാത്ത ബോസ്. ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ. കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങായി തുടരുന്ന ഒരേയൊരാൾ, 43 കാരനായ വിശാൽ ഗാർഗ്. ആരാണ് വിശാൽ? എന്താണ് എടുത്തടിച്ചുള്ള തീരുമാനത്തിനു പിന്നിൽ? എത്ര ആസ്തിയുണ്ട്? സൈബർ ലോകം തിരയുകയാണ്.
ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ചയാണു സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ വിലയിരുത്തിയായിരുന്നു തീരുമാനം. ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’ എന്നായിരുന്നു വിശാൽ പറഞ്ഞത്. പണി പോകുന്ന കാര്യമായതിനാൽ വാർത്ത യുഎസിൽനിന്നു ലോകമാകെ പടർന്നു.
ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണു വിശാലിന്റെ ‘ശരിയായ മുഖം’ പരസ്യമായത്. മൂന്നു മിനിറ്റ് മാത്രം ദൈർഘ്യമുള്ള സൂം കോളിലാണ് ഇത്രയധികം മനുഷ്യരും അവരുടെ കുടുംബങ്ങളും പെരുവഴിയിലായത്. മൂന്നു മിനിറ്റിന് വിശാലിന്റെ കമ്പനിയിൽ പ്രാധാന്യമേറെയാണ്. ‘കരിയറിൽ രണ്ടാം തവണയാണ് ഞാനിങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ തവണ കരഞ്ഞു. ഇത്തവണ കൂടുതൽ കരുത്തോടെയിരിക്കാൻ ശ്രമിക്കും’ – വിശാലിന്റെ വാക്കുകൾ.
∙ ആരാണ് വിശാൽ ഗാർഗ്?
കൈകൾ പിണച്ചു മാറോട് ചേർത്ത്, അകത്ത് വെളുത്ത ഷർട്ടും പുറത്ത് കറുത്ത ടീ ഷർട്ടുമിട്ട്, നിറഞ്ഞു ചിരിക്കുന്ന ചെറുപ്പക്കാരൻ. ഇതാണു പ്രമുഖ ഓൺലൈൻ സർവീസ് പ്രൊവൈഡർ കമ്പനിയായ ലിങ്ക്‌ഡ് ഇന്നിൽ വിശാൽ ഗാർഗ് തന്റെ പ്രൊഫൈൽ ചിത്രമായി നൽകിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനി ബെറ്റർ.കോമിന്റെ ഫൗണ്ടറും സിഇഒയുമാണ് വിശാൽ. എല്ലാ അമേരിക്കക്കാർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഉദാര വ്യവസ്ഥയിൽ, എളുപ്പത്തിൽ വീടിനുള്ള പണം ലഭ്യമാക്കുന്ന സംരംഭം.
10,000 പേർക്കാണു ബെറ്റർ.കോമിൽ തൊഴിൽ നൽകുന്നത്. അതിലെ 9 ശതമാനം പേരെയാണ് കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ പറഞ്ഞുവിട്ടത്. ഇന്ത്യയിലെയും യുഎസിലെയും ജീവനക്കാർക്കാണു തീരുമാനം ദോഷകരമാകുക എന്നാണു റിപ്പോർട്ടുകൾ. ഒരേയൊരു ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനിയാണ് ബെറ്റർ.കോം എന്നാണ് വിശാലിന്റെ അവകാശവാദം. ലിങ്ക്ഡ് ഇൻ ബയോ പ്രകാരം, ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയായ വൺ സീറോ ക്യാപ്പിറ്റലിന്റെ സഹസ്ഥാപകനുമാണ് ഇദ്ദേഹം.
ഇന്ത്യക്കാരനായ വിശാൽ ഏഴാം വയസ്സിലാണു കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്കു താമസം മാറിയത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലാണ് അദ്ദേഹം ഫിനാൻസും ഇന്റർനാഷനൽ ബിസിനസും പഠിച്ചത്. 2000 ൽ സ്വന്തമായി വായ്‌പാ കമ്പനി രൂപീകരിച്ചിരുന്നു. ഹൈസ്‌കൂൾ സുഹൃത്തായ റാസാ ഖാനുമായി ചേർന്നാണ് ‘മൈ റിച്ച് അങ്കിൾ’ (MyRichUncle) എന്ന സ്വകാര്യ വിദ്യാർഥി വായ്പാ കമ്പനി ആരംഭിച്ചത്. കമ്പനി പബ്ലിക് ആയതിനു പിന്നാലെ വിശാൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡ്രോപ് ഔട്ടായി.
മൈ റിച്ച് അങ്കിളിനെ ധനകാര്യ സ്ഥാപനമായ മെറിൽ ലിഞ്ച് ഏറ്റെടുത്തു. പിന്നീട് ബാങ്ക് ഓഫ് അമേരിക്കയായി ഉടമ. പക്ഷേ രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കമ്പനി പാപ്പരായി. വിശാലും കൂട്ടുകാരൻ ഖാനും തളർന്നില്ല. അവർ മറ്റൊരു കമ്പനി തുടങ്ങി. മുൻപത്തേതു പോലെ കാര്യങ്ങൾ മുന്നോട്ടു പോയില്ല. പരസ്പരം മോഷണം ആരോപിച്ചു വിശാലും ഖാനും കേസുകൾ നൽകി. ഖാനുമായുള്ള നിയമയുദ്ധത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ബെറ്റർ.കോം എന്ന കമ്പനിയുമായി വിശാൽ രംഗപ്രവേശം ചെയ്തത്.
∙ എത്ര മികവുണ്ട് ‘ബെറ്ററിന്’?
ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന പഴഞ്ചൊല്ല് വിശാലിന്റെ കാര്യത്തിൽ ശരിയാണ്. 2014ൽ തുടക്കമിട്ട മൂന്നാമത്തെ കമ്പനിയായ ബെറ്റർ.കോം ബിസിനസിന്റെ വിശാലലോകമാണ് അദ്ദേഹത്തിനു മുന്നിൽ തുറന്നിട്ടത്. വീട് കണ്ടെത്തുന്നതും വാങ്ങുന്നതും അമേരിക്കയിൽ തലവേദന പിടിച്ച പരിപാടിയാണ്. നൂലാമാലകളുടെ ടെൻഷൻ ചില്ലറയല്ല. ഒളിഞ്ഞിരിക്കുന്ന കമ്മിഷനുകൾ വേറെ. ഇതെല്ലാം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്താണു ബെറ്ററുമായി വിശാൽ അവതരിച്ചത്.
സ്വന്തം അനുഭവമാണു ബെറ്ററിനു ശിലയിട്ടതെന്നു വിശാൽ പറയുന്നു. ‘2012 അവസാനത്തിലാണ് വീടു വാങ്ങാനുള്ള ഈടു വായ്പയ്ക്ക് ആദ്യമായി അപേക്ഷിച്ചത്. ഞാനും ഭാര്യയും ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ വരവ് കാത്തിരിക്കുന്ന സമയമാണ്. കാലങ്ങളായി വാടകവീടുകളിലായിരുന്നു താമസം. സ്വന്തമായി വീടുണ്ടാകുന്നതു വലിയ നിക്ഷേപമാണെന്നു തോന്നിയപ്പോഴാണു വായ്പയ്ക്കു ശ്രമിച്ചത്. മാസങ്ങളെടുത്തുള്ള തിരച്ചിലിനൊടുവിൽ മൻഹാറ്റൻ നഗരത്തിൽ നല്ലൊരു വീടും കണ്ടുവച്ചിരുന്നു.
വീട്ടുടമസ്ഥനുമായി നേരിട്ടു ബന്ധപ്പെട്ടു. എന്നാൽ, ബ്രോക്കർ വഴിയല്ലാതെ ഇടപാട് നടത്തുന്നതിൽ വീട്ടുടമസ്ഥനു സംശയമായി. വായ്പ ശരിയായതിന്റെ മുൻകൂർ അനുമതി കാണിക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈനിൽ നിരവധി കമ്പനികൾ ഞാൻ തിരഞ്ഞു. ചോദിച്ച വിവരങ്ങളെല്ലാം നൽകിയെങ്കിലും ഞങ്ങളുടെ ആവശ്യമനുസരിച്ചുള്ള അനുമതിപത്രം എവിടെനിന്നും ലഭിച്ചില്ല. ഒരു വെബ്സൈറ്റിനും വ്യക്തിവിവരങ്ങളിൽ പൂർണ സുരക്ഷ ഉറപ്പുനൽകാനായില്ല. ആരെ ആശ്രയിക്കണം, വിശ്വസിക്കണം എന്നറിയാതെ ഞങ്ങൾ വിഷമിച്ചു.
അനേകം ഫോൺ വിളികൾ എന്നെത്തേടിയെത്തി. എല്ലാം പരസ്യ താൽപര്യമുള്ളതായിരുന്നു. ഒടുവിൽ വീട് വാങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്കു നീട്ടിവച്ചു. ഇതിനിടെ, ഭാര്യ ജോലിയെടുത്തിരുന്ന വലിയ ബാങ്ക്, അവിടത്തെ ജീവനക്കാർക്ക് വീടിനുള്ള വായ്പാസൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിച്ചു. അവിടെയും വലിയ ചോദ്യാവലികൾ പൂരിപ്പിക്കേണ്ടിയിരുന്നു, സംശയങ്ങൾ തീർക്കേണ്ടിയിരുന്നു. അത്യാവശ്യം നല്ല ജോലിയുള്ള ഞങ്ങൾക്കുപോലും ഇത്രയും സംശയ നിവാരണവും നടപടിക്രമങ്ങളും വേണ്ടിവരുമെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഈ ചിന്തയിൽനിന്നാണ് 2013ൽ ഒരു ടീം രൂപീകരിച്ചത്. കാര്യങ്ങളെല്ലാം ചർച്ച ചെയ്തു രൂപരേഖയായതിനു പിന്നാലെ അടുത്തവർഷം ബെറ്റർ പ്രവർത്തനം തുടങ്ങി.
ഈടിന്മേലുള്ള വായ്പയുടെ നൂലാമാലകൾ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. സമാനലക്ഷ്യമുള്ള മറ്റു സ്ഥാപനങ്ങളും വ്യക്തികളും ഞങ്ങൾക്കൊപ്പം ചേർന്നു. കമ്മിഷൻ കൈപ്പറ്റാത്ത ലോൺ ഓഫിസർമാരുടെ സേവനം ഓൺലൈനായി നൽകിക്കൊണ്ട് കമ്പനി മുന്നോട്ടുനീങ്ങി. ഒരു ഫോൺ വിളി പോലും വേണ്ടാത്ത, 100 ശതമാനം ഡിജിറ്റലായി വായ്പ നൽകാനുള്ള സൗകര്യം ഏർപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് മുൻകൂർ അനുമതിപത്രം നൽകാനുള്ള സൗകര്യമായി. നേരത്തേ മൂന്നാഴ്ച വേണ്ടിയിരുന്നത് ഇപ്പോൾ മൂന്ന് മിനിറ്റിലേക്ക് ചുരുങ്ങി. മൂന്ന് മിനിറ്റിൽ ശരിയാക്കാം എന്നതാണ് കമ്പനിയുടെ ആപ്തവാക്യം’– വിശാൽ പറയുന്നു.
∙ ബെറ്ററിന്റെ വളർച്ച അതിവേഗം
ഇതുവരെ 40 ബില്യൻ ഡോളറിലേറെയാണു വിശാലിന്റെ നേതൃത്വത്തിലുള്ള ബെറ്റർ.കോം ഹോം ഫിനാൻസിങ് ആയി നൽകിയത്; ഇൻഷുറൻസ് സെക്‌ഷനിൽ 16 ബില്യൻ ഡോളറിലേറെയും. സോഫ്റ്റ്‌ബാങ്ക്, ഗോൾഡ്‌മാൻ സാക്സ് തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളിൽനിന്നായി 400 ദശലക്ഷം ഡോളറിലേറെ നിക്ഷേപമായും നേടാനായി. മോർഗൻ സ്റ്റാൻലിയിൽ ജോലി ചെയ്തിട്ടുള്ള വിശാൽ, 21–ാം വയസ്സിൽ ആരംഭിച്ച മൈ റിച്ച് അങ്കിൾ യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ വിദ്യാഭ്യാസ വായ്പാ സ്ഥാപനം ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
‘ഞങ്ങളുടെ ഉപയോക്താക്കൾ കൂടുതലും ചെറുപ്പക്കാരാണ്. ഗൂഗിളിലെ സെർച്ച് വഴിയാണ് അവർ ഞങ്ങളിലെത്തുന്നത്. ടെക്‌നോളജി പ്രിയരാണ് ഇവരിൽ കൂടുതലും. ഒറ്റയ്ക്കു താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ത്രീകളും എൽജിബിടിക്യു കമ്യൂണിറ്റിയിൽ പെട്ടവരും എല്ലാം ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നുണ്ട്. വിദഗ്ധരുടെ, പ്രത്യേകിച്ച് മുൻഗാമികളുടെ ഉപദേശം അത്രയ്ക്കു സ്വീകരിക്കേണ്ടെന്നാണു ഞാൻ പഠിച്ച പാഠം. മിടുക്കരായവരെ മാത്രം ജോലിക്കാരായി ഉൾപ്പെടുത്തുക എന്നതും വളർച്ചയ്ക്ക് അത്യാവശ്യമാണ്’– ഫോബ്സിനു നൽകിയ അഭിമുഖത്തിൽ വിശാൽ വ്യക്തമാക്കി.
സ്വന്തമായൊരു കമ്പനി പടുത്തുയർത്തി മാതൃക കാണിച്ച വിശാൽ പക്ഷേ, മികച്ച മേധാവിയാണോ? ഈ ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ കൂലങ്കഷമായി ചർച്ച ചെയ്യുന്നത്. ആണെന്നും അല്ലെന്നും പറയാനാവില്ല. പക്ഷേ, മാനുഷിക പരിഗണനകളില്ലാതെ, തൊഴിൽ നിയമങ്ങൾ പാലിക്കാതെയുള്ള പിരിച്ചുവിടൽ ശരിയോ എന്ന വലിയ ചോദ്യം അന്തരീക്ഷത്തിലുണ്ട്; കൂട്ടപ്പിരിച്ചുവിടൽ വിശാലിന് പുതുമയുള്ളതല്ലെങ്കിലും. ഇപ്പോൾ പിരിച്ചുവിട്ടവരിൽ 250 പേരെങ്കിലും ദിവസം ശരാശരി 2 മണിക്കൂർ സമയം പണിയെടുത്തിരുന്നവരാണ്. അതേസമയം 8 മണിക്കൂറോ അതിൽ അധികമോ സമയം ജോലി ചെയ്യുന്നതിനുള്ള വേതനമാണ് ഇവർ കൈപ്പറ്റിയിരുന്നത്.
ഞങ്ങളിൽനിന്നും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളിൽനിന്നും അവർ പണം കൊള്ളയടിക്കുകയായിരുന്നു എന്നാണ് വിശാലിന്റെ വാദം. ഒരിക്കൽ വിശാൽ തന്റെ ജീവനക്കാരന് അയച്ച ഇമെയിൽ അദ്ദേഹത്തിന്റെ മനോഭാവം എന്തെന്നു വെളിവാക്കുന്നതാണ്. ‘നിങ്ങൾ വളരെയേറെ പതുക്കെയാണ്. നിശബ്ദമായ ഡോൾഫിനുകളുടെ കൂട്ടമാണ്. മൗനികളായ ഡോൾഫിനുകൾ വലയിൽ കുടുങ്ങും, സ്രാവുകൾ അകത്താക്കും. അതിനാൽ ഇതു നിർത്തുക. ഇപ്പോൾത്തന്നെ അവസാനിപ്പിക്കുക. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു..’
ലിങ്ക്ഡ് ഇന്നിന്റെ 2020, 2021 വർഷങ്ങളിലെ ടോപ് സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാം റാങ്ക്, സിഎൻബിഎസിയുടെ 2020ലെ ഡിസറപ്‌ടർ 50 ൽ 15–ാം റാങ്ക്, 2020 ലെ ഫോബ്‍സ് ഫിൻടെക് 50 ൽ സ്ഥാനം എന്നിങ്ങനെ വിശേഷങ്ങൾ ഏറെയാണ് വിശാലിന്റെ ബെറ്ററിന്. 2021 ൽ ന്യൂയോർക്കിലെ ഫണ്ട് ഫോർ പബ്ലിക് സ്കൂൾസുമായി കൈകോർത്ത വിശാൽ കോവിഡ് പ്രതിസന്ധി നേരിടാൻ ക്രോംബുക്, ഐപാഡ്, വൈഫൈ ഹോട്സ്പോട്, പുസ്തകം, യൂണിഫോം തുടങ്ങിയവ വാങ്ങുന്നതിലേക്കായി 2 ദശലക്ഷം ഡോളറോളം സംഭാവന ചെയ്തിട്ടുണ്ട്. അതിവേഗ ഡിജിറ്റലിന്റെ ഇക്കാലത്ത്, എല്ലാം ജോലി കിട്ടുന്നതും പോകുന്നും അതിവേഗമായിരിക്കും എന്നുകൂടി പറയുകയാണോ വിശാൽ?
English Summary: Who is Vishal Garg? The Better.com CEO Who Fired 900 Employees Over Zoom Call