ആഭ്യന്തര തർക്കങ്ങളും അന്തർ സംഘർഷങ്ങളും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുത്തരിയല്ല. മോൺ ജില്ലയിൽ ഞായറാഴ്ച രാത്രി സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ Armed force Special Protection Act, Nagaland, Central Government, BJP, Manorama News

ആഭ്യന്തര തർക്കങ്ങളും അന്തർ സംഘർഷങ്ങളും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുത്തരിയല്ല. മോൺ ജില്ലയിൽ ഞായറാഴ്ച രാത്രി സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ Armed force Special Protection Act, Nagaland, Central Government, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര തർക്കങ്ങളും അന്തർ സംഘർഷങ്ങളും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുത്തരിയല്ല. മോൺ ജില്ലയിൽ ഞായറാഴ്ച രാത്രി സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ Armed force Special Protection Act, Nagaland, Central Government, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര തർക്കങ്ങളും അന്തർ-സംസ്ഥാന സംഘർഷങ്ങളും രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പുത്തരിയല്ല. മോൺ ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതോടെ തെല്ലൊരു ഇടവേളയ്ക്കു ശേഷം നാഗാലാൻഡ് വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. നാട്ടുകാരുമായുണ്ടായ സംഘർഷത്തിൽ ഒരു ജവാനും ജീവൻ നഷ്ടമായി. ഒട്ടേറെ സൈനികർക്കു പരുക്കേറ്റു. വെടിവയ്പ്പിനു പിന്നാലെ വടക്കുകിഴക്കിലെ ‘സാധാരണ’ നടപടിക്രമം എന്ന വിധം, സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കി. നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ നടക്കേണ്ടിയിരുന്ന പ്രധാന ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവൽ പോലും നിർത്തലാക്കേണ്ടിവന്നു.

തെറ്റിദ്ധാരണ മൂലമാണു വെടിവയ്പ്പ് ഉണ്ടായതെന്ന ഖേദപ്രകടനത്തോടെ സേന രംഗത്തെത്തിയെങ്കിലും അതിനോടകം, സൈന്യത്തിനെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. ഗ്രാമീണരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ, മോൺ ജില്ലയിൽ മാത്രമല്ല, സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പരമ്പരകൾ അരങ്ങേറുകയാണ്. മോൺ പട്ടണത്തിൽ ഇപ്പോഴും നിരോധനാജ്ഞ തുടരുന്നു.

ADVERTISEMENT

സംഭവത്തെ അപലപിച്ച് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. പിന്നാലെ കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടു ഖേദപ്രകടനം നടത്തി. ഇതിനിടെ, വെടിവയ്പ്പിൽ പരുക്കേറ്റ ഒരു ഗ്രാമവാസി കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 14 ആയി. വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ, 21 പാരാ സ്പെഷൽ ഫോഴ്സ് ജവാൻമാർക്കെതിരെ നാഗാലാൻഡ് പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു.

സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങൾക്കു പിന്നാലെ, സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം പിൻവലിക്കണമെന്ന, കാലങ്ങളായുള്ള ആവശ്യവുമായി വീണ്ടും തെരുവിലിറങ്ങുകയാണ് ജനം. നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ അടക്കമുള്ള നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. 

∙ 2018 തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രം

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം, നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)– ബിജെപി സഖ്യം അധികാരത്തിൽ എത്തിയതിനു ശേഷം ആദ്യമായാണു നാഗാലാൻഡ് വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തുന്നത്. എൻഡിപിപി നേതാവായ നെഫ്യു റിയോ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയുമായി. പിന്നീട്, സമാധാന ശ്രമങ്ങൾക്കു വേഗം കൂട്ടാനും സംസ്ഥാനത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) കൂടി സർക്കാരിൽ ചേർന്നതോടെ നാഗാലാൻഡിൽ പ്രതിപക്ഷം തന്നെ ഇല്ലാതായി.

ADVERTISEMENT

60 അംഗ നിയമസഭയിൽ 26 സീറ്റുള്ള എൻപിഎഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എൻഡിപിപിക്കു 18 ഉം ബിജെപിക്കു 12 ഉം സീറ്റുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണു ബിജെപി. വഴിക്കുവഴിയായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരും നാഗാലാൻഡിനെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു. കേന്ദ്രത്തിന്റെയും ബിജെപിയുടെയും ‘പ്രത്യേക പരിഗണന’യുള്ള നാഗാലാൻഡിൽ കലാപം ഇനിയും കെട്ടടങ്ങാത്തത് എന്തുകൊണ്ടാണ്? 

∙ അഫ്സ്പ – വർഷങ്ങളുടെ പഴക്കം

1958 ൽ നിലവിൽവന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട് (അഫ്സ്പ) സംസ്ഥാനത്തുനിന്നു പിൻവലിക്കണമെന്ന രാഷ്ടീയ കക്ഷികളുടെയും പൗരൻമാരുടെയും ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. തർക്കമോ കലാപമോ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ കേന്ദ്ര സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. സേനയ്ക്ക് അസാധാരണ സ്വഭാവമുള്ള അധികാരങ്ങളും അതോടൊപ്പം നിയമപരിരക്ഷയും ഇതിലൂടെ ഉറപ്പാക്കുന്നു. 

ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ ബാക്കിപത്രമായും അഫ്സ്‌പയെ വ്യാഖ്യാനിക്കാം. 1942 ൽ മഹാത്മാ ഗാന്ധി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യ സമരത്തിനു പിന്നാലെ, ദേശീയവാദം അടിച്ചമർത്താൻ ബ്രിട്ടിഷ് സർക്കാർ ഓര്‍ഡിനൻസ് മൂലം ഈ നിയമം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും  ആഭ്യന്തര കലഹം തുടരുന്ന പശ്ചാത്തലത്തിലാണ്, അസമിലും മണിപ്പുരിലും അഫ്സ്പ തുടർന്നും ഏർപ്പെടുത്താൻ ജവാഹർലാൽ നെഹ്റു സർക്കാർ തീരുമാനിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായതോടെ, രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1958 മേയ് 22 ന് ഓർഡിനൻസിന് അംഗീകാരം നൽകി.

ADVERTISEMENT

വടക്കുകിഴക്കൻ മേഖലയിൽ അസമിനു പുറമേ കേന്ദ്ര ഭരണ പ്രദേശങ്ങളായ മണിപ്പുരും ത്രിപുരയുമാണ് അന്നുണ്ടായിരുന്നത്. ആഭ്യന്തര കലഹങ്ങൾ രൂക്ഷമായിരുന്ന അസമിന്റെ മലനിരകളിലും നാഗാ കുന്നുകളിലും അങ്ങനെ അഫ്സ്പ വീണ്ടും നിലവിൽവന്നു. പിന്നീട് നാഗാ ഹിൽസ് ജില്ല നാഗാലാൻഡ് സംസ്ഥാനമായി, അതോടൊപ്പം വടക്കുകിഴക്കിലെ മറ്റു സംസ്ഥാനങ്ങളും രൂപീകൃതമായി. ഇതോടെ വടക്കു കിഴക്കിലെ ഏഴു സംസ്ഥാനങ്ങളും (അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര, മണിപ്പുർ, നാഗാലൻഡ്) അഫ്സ്പയുടെ നിയന്ത്രണത്തിലായി.

പിന്നീട് അടിയന്തരാവസ്ഥക്കാലത്തു ജമ്മു കശ്മീരിലും പഞ്ചാബിലും ഈ നിയമം ഏർപ്പെടുത്തി, 2008ൽ പഞ്ചാബിലും പിന്നീട് ത്രിപുര (2015), മേഘാലയ (2018) എന്നീ സംസ്ഥാനങ്ങളിലും അഫ്സ്പ പിൻവലിച്ചു. നാഗാലാൻഡിനു പുറമേ, ജമ്മു കശ്മീർ, അസം, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലണ് അഫ്സ്പ ഇപ്പോൾ നിലവിലുള്ളത്. ആഭ്യന്തര കലഹങ്ങൾ ശമിച്ചതായി ബോധ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിന് ഈ നിയമം പൂർണമായോ ഭാഗികമായോ പിൻവലിക്കാം.  

∙ ‘പ്രത്യേക അധികാരങ്ങൾ’ എന്തൊക്കെ?

ആഭ്യന്തര കലഹങ്ങള്‍ അടിച്ചമർത്താനും സംസ്ഥാനത്തു സമാധാനം പുലർത്താനും സർക്കാരിനെ സഹായിക്കുകയാണു ലക്ഷ്യം എന്ന ആമുഖത്തോടെയാണ് അഫ്സ്പ ഏർപ്പെടുത്തുന്നത്. എന്നാൽ, ഈ അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് വ്യാപക വിമർശനം. ഉദാഹരണത്തിന്, നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ വെടിയുതിർക്കാൻ സേനയ്ക്ക് അധികാരമുണ്ട്. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും നിയമവിരുദ്ധരെന്നു മുദ്രകുത്തി ആർക്കെതിരെയും പ്രയോഗിക്കപ്പെടാമെന്നും വിമർശകർ പറയുന്നു. നാഗാലാൻഡിൽ സംഭവിച്ചത് ഇതാണെന്നാണ് ആരോപണം.

സംസ്ഥാനത്ത് അരങ്ങേറിയ വ്യാപക പ്രതിഷേധങ്ങൾക്കു പിന്നാലെ, നിരപരാധികളായ ഗ്രാമീണരെ പ്രകോപനം കൂടാതെ വെടിവച്ചുകൊന്നെന്നാണു സേനയ്ക്കെതിരായ കേസിൽ നാഗാലാൻഡ് പൊലീസ് ഇപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഒരു മാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും പറഞ്ഞ അമിത് ഷാ, പക്ഷേ കുറ്റക്കാരെന്നു കണ്ടെത്തിയാൽ സൈനികർക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യാം, വാഹനങ്ങളോ വീടുകളോ പരിശോധിക്കാം, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതും ആയുധങ്ങൾ കൈവശം വയ്ക്കുന്നതു നിരോധിക്കാം തുടങ്ങിയ അധികാരങ്ങളും അഫ്സ്പ സേനയ്ക്കു നൽകുന്നു. പ്രത്യേക അധികാര പ്രകാരം കസ്റ്റഡിയിൽ എടുക്കുന്ന ആളുകളെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥനു മുൻപാകെ, അറസ്റ്റിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സഹിതം ഹാജരാക്കണം എന്നും അഫ്സ്പ വ്യവസ്ഥകളിൽ പറയുന്നു.

∙ വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം? 

പ്രത്യേക സൈനിക നിയമം വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അഫ്സ്പയ്ക്കെതിരെ ഒട്ടേറെ മനുഷ്യാവകാശ സംഘടനകളും കാലങ്ങളായി രംഗത്തുണ്ട്. 2000 മുതൽ 2016 വരെ, 16 വർഷം നീണ്ട നിരാഹാര സമരം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ ഇറോം ശർമിളയാണ് ഇതിൽ പ്രധാനി.

മണിപ്പുരിൽ ബസ് കാത്തുനിന്ന പത്തു നാട്ടുകാർ സേനയുടെ വെടിയേറ്റു മരിച്ചതോടെയാണു ശർമിള പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. ലോകത്തെതന്നെ ഏറ്റവും ദീർഘമായ നിരാഹാര സമരമായി ഇറോം ശർമിളയുടെ പോരാട്ടം വിലയിരുത്തപ്പെടുന്നു. 500 ആഴ്ചകളാണു ശർമിളയുടെ സമരം നീണ്ടത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതോടെ വീട്ടുതടങ്കലിലാക്കിയതിനു ശേഷം മൂക്കിൽ ട്യൂബിട്ട്, നിർബന്ധപൂർവമാണ് അവർക്കു ഭക്ഷണം നൽകിയിരുന്നത്.

ഒടുവിൽ അഫ്സ്പ പിൻവലിക്കാനുള്ള പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്ന ആമുഖത്തോടെ 2016 ൽ ശർമിള നിരാഹാര സമരം അവസാനിപ്പിച്ചു. 2017ൽ നടന്ന മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ശർമിള മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ്ങിനെതിരെ മത്സരിച്ച ശർമിളയ്ക്കു ലഭിച്ചതാകട്ടെ, 90 വോട്ടുകൾ മാത്രമാണ്. ഇതോടെ ഇനി തിര‍ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അവർ പ്രഖ്യാപിച്ചിരുന്നു.

∙ നാഗാലൻഡിൽ എന്നു പുലരും സമാധാനം?

സേനയുടെ വെടിവയ്പ്പിൽ 14 ഗ്രാമീണർക്കു ജീവൻ നഷ്ടമായത്, നാഗാലാൻഡിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയാണ്. സംസ്ഥാനത്തെ സൈനികാധികാരം സംബന്ധിച്ച് കേന്ദ്രവുമായി ആശയവിനിമയം നടത്തുന്ന പ്രധാന സംഘടനയായ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം (ഇസാക്–മുയ്‌വ) അല്ലെങ്കിൽ, എൻഎസ്‌സിഎൻ (ഐഎം) വെടിവയ്പ്പു നടന്ന ദിവസത്തെ നാഗാലാൻഡ് ചരിത്രത്തിലെ കരിദിനമെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

സേനയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രവുമായി പല തരത്തിലുള്ള ചർച്ചകൾ പല സംഘടനകളും നടത്തിയിട്ടുണ്ടെങ്കിലും നിലപാടിലെ കാർക്കശ്യം കൊണ്ടും സംഘടനാശേഷി കൊണ്ടും എൻഎസ്‌സിഎൻ (ഐഎം) ആണ് സംസ്ഥാനത്തെ കരുത്തുറ്റ സാന്നിധ്യം. നാഗാലാൻഡ് സംസ്ഥാനത്തിനു പ്രത്യേക ഭരണഘടനയും പതാകയും എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സന്ധിയില്ല എന്നാണ് ഇവരുടെ നിലപാട്.

അതേസമയം ഇവ രണ്ടും അനുവദിക്കാനാകില്ലെന്നാണു കേന്ദ്രത്തിന്റെ നയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അയൽ രാജ്യമായ മ്യാൻമറിലെയും നാഗാ ഭൂരിപക്ഷ പ്രദേശങ്ങൾ അടങ്ങുന്ന നാഗാലിം എന്ന പ്രദേശം രൂപീകരിക്കണമെന്ന ആശയവും എൻഎസ്‌സിഎൻ മുന്നോട്ടുവയ്ക്കുന്നു. കേന്ദ്രത്തിന്റെ പല ബദൽ നിര്‍ദേശങ്ങളും ഇവർ തള്ളുകയും ചെയ്തു.

പ്രത്യേക ദേശീയ പതാകയ്ക്കു പകരം സാംസ്കാരിക പതാക, കരാറിൽ ഒപ്പിട്ടതിനു ശേഷം പ്രത്യേക ഭരണഘടന എന്ന ആവശ്യത്തിൽ അനുഭാവ പൂർണ നിലപാടു സ്വീകരിക്കൽ തുടങ്ങിയ കേന്ദ്ര നിർദേശങ്ങൾ എന്‍എസ്‌സിഎൻ (ഐഎം) നേരത്തേ തള്ളിയിരുന്നു. 2015ൽ ധാരണാചട്ടം (ഫ്രെയിംവർക് ഓഫ് എഗ്രിമെന്റ്) നിലവിൽവന്നതോടെ ആശയവിനിമയം അവസാനിച്ചെന്നും സംസ്ഥാനത്തു സ്ഥായിയായി സമാധാനം പുലരാനുള്ള അന്തിമ ഉടമ്പടി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും കേന്ദ്രം സൂചിപ്പിച്ചിരുന്നു.

∙ എന്താണു ധാരണാ ചട്ടം? 

നാഗാലാൻഡിൽ സമാധാനം പുനസ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് 2015 ലാണു എൻഎസ്‌സിഎൻ (ഐഎം) കേന്ദ്രവുമായി ധാരണാ ചട്ടം ഒപ്പിടുന്നത്. 80 വട്ടം നീണ്ട ചർച്ചകൾക്കൊടുവിൽ ഒപ്പിട്ട കരാറിനെ ചരിത്രപരമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. കേന്ദ്ര ധാരണ പ്രകാരം മുന്നോട്ടുപോകുന്നതിനെതിരെ ശക്ത‌മായ വാദഗതികൾ ഉയർത്തി 2020 ൽ എൻഎസ്‌സിഎന്‍ ചെയർമാൻ തുയിൻഗലേങ് മുവിയ രംഗത്തെത്തി. പിന്നാലെ പ്രത്യേക പതാക, ഭരണഘടന എന്നീ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നു കേന്ദ്ര പ്രതിനിധിയും അന്നു നാഗാലാൻഡ് ഗവർണറുമായിരുന്ന ആർ.എൻ. രവിയും അഭിപ്രായപ്പെട്ടു. ഒത്തുതീർപ്പു പൂർണമാകാതിരിക്കാന്‍ എൻഎസ്‌സിഎൻ (ഐഎം) ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  2020 ഒക്ടോബറിൽ ഇരു വിഭാഗങ്ങളും വീണ്ടും ചർച്ച നടത്തിയെങ്കിലും അന്തിമ ധാരണയിലെത്താൻ കഴിഞ്ഞില്ല.

വടക്കുകിഴക്കൻ ഇന്ത്യയിലെയും മ്യാൻമറിലെയും നാഗാ വിഭാഗത്തിൽപ്പെട്ട ആളുകളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടു നാഗാലിം എന്ന പ്രദേശം രൂപീകരിക്കണമെന്ന എൻഎസ്‌സിഎൻ (ഐഎം) വാദത്തിനെതിരെ, അരുണാചൽ പ്രദേശ്, അസം, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. പ്രാദേശിക വിട്ടുവീഴ്ച്കൾക്ക് യാതൊരു കാരണവശാലും തയാറാകില്ലെന്നു മൂന്നു സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ടെങ്കിലും, എൻഎസ്‌സിഎന്റെ (ഐഎം) സംഘടനാ ശേഷിയാണ് വെല്ലുവിളി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെതന്നെ ഏറ്റവും കരുത്തുറ്റ വിഘടനവാദ സംഘടനകളിൽ ഒന്നാണ് എൻഎസ്‌സിഎൻ. അത്യാധുനിക ആയുധങ്ങൾ വരെ കൈവശമുള്ള സംഘടനയാണ് ഇവർ എന്നതാണു ലഭ്യമായ വിവരം. കടുത്ത നടപടികളിലേക്കു കടന്നാൽ, സംസ്ഥാനത്തെ ജനജീവിതത്തിൽ അതു കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുമെന്നതിനാലാണു സേനയും അൽപം ഉൾവലിഞ്ഞു നിൽക്കുന്നത്. കരാറിന്റെ അന്തിമ രൂപമാകുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അരുണാചൽ, അസം, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങള്‍.

∙ പരിഹാരത്തിനു വിലങ്ങുതടി ധാരണാചട്ടമോ? 

അതേസമയം ധാരണാചട്ടത്തിലെ ചില പരാമർശങ്ങളും വ്യവസ്ഥകളുമാണ് വിഷയത്തിന്റെ സ്ഥായിയായ പരിഹാരത്തിനുള്ള അന്തിമ കരാറിനു വിലങ്ങുതടിയാകുന്നതെന്നും വിലയിരുത്തപ്പെടുന്നു. ‘പരമാധികാരം പങ്കുവയ്ക്കുന്നതു’ സംബന്ധിച്ചു ധാരണാപത്രത്തിൽ ചില വ്യവസ്ഥകൾ ഉള്ളതായും, ‘ഞങ്ങൾ വ്യത്യസ്തരാണെന്നും അതിനാൽ വ്യത്യസ്തതകൾ നിലനിർത്തുക തന്നെ വേണമെന്നും’ നാഗാ വിഭാഗത്തിൽപ്പെട്ടവർ നിർബന്ധം പിടിക്കുന്നതിനാലാണു അന്തിമ കരാറിൽ എത്താനാകാത്തതെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച ധാരണാപത്രത്തിൽ, കേന്ദ്ര സർക്കാരിന്റെയും അതോടൊപ്പം നാഗാ വിഭാഗത്തിന്റെയും പരമാധികാരമാണു നിലനിർത്തപ്പെടേണ്ടതെന്നു എൻഎസ്‌സിഎൻ വാദിക്കുന്നതായാണു കേന്ദ്ര സർക്കാരിന്റെ പക്ഷം. ധാരണാ പത്രത്തിലെ പല വ്യവസ്ഥകളും വ്യാഖ്യാനിക്കുന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് എന്നതാണു മറ്റൊരു വാദഗതി. അതേസമയം നാഗാ വിഭാഗത്തിലെ ആളുകളെ ഭിന്നിപ്പിച്ചു നിർത്തുന്നതാണു കേന്ദ്ര സർക്കാർ തന്ത്രമെന്ന് എഎൻഎസ്‌സിഎൻ നേതാക്കളും വാദിച്ചിരുന്നു. 

∙ പരിഹാരം ഇനിയെന്ത്? 

ശനിയാഴ്ച അരങ്ങേറിയ അനിഷ്ട സംഭവങ്ങളോടെ ജനത്തിനുണ്ടായ അമർഷം അകറ്റുകയെന്നതാണ് കേന്ദ്ര സർക്കാരിന് ഇനി ചെയ്യാനുള്ളത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ച് ജനവിശ്വാസം നേടിയെടുക്കുക എന്നതാണ് ആദ്യ വെല്ലുവിളി. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന ജനതയെ അടക്കി നിർത്താന്‍ പൊടിക്കൈകൾ മതിയാകില്ല. 

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണു കേന്ദ്രം എന്ന തോന്നലുണ്ടായാൽ മാത്രമേ അഫ്സ്പ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കു പ്രസക്തിയുള്ളുവെന്നാണു നാഗാലാൻഡിൽനിന്നുള്ള ഉദ്യോഗസ്ഥരുടെതന്നെ പക്ഷം.

 

English Summary: Nagaland civilian killings and AFSPA analysis