‘അത് ശുദ്ധ കളവ്; മുഖ്യമന്ത്രി എന്താണ് ഒളിക്കുന്നത്? നടന്നത് വൻ ഗൂഢാലോചന’
ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് എറണാകുളം മഹാരാജാസ് കോളജ്. ‘ചുവപ്പു കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡാണ് അവിടെയുള്ളത്. കുറേ ചുവപ്പു തുണികളൊക്കെ അവിടെ തൂക്കി ഇട്ടിട്ടുണ്ട്. കൊടിയെന്നാണതിനെ വിശേഷിപ്പിക്കുന്നത്. കീറത്തുണിയുടെ വേദാന്തമെന്ന ഇടശേരിയുടെ വരികളാണ് അതു കാണുമ്പോൾ ഓർമ വരുന്നത്. ബൊളീവിയൻ കാടുകളിലൂടെ ചെ ഗവേര നടക്കുന്നതുപോലെയാണ് എസ്എഫ്ഐക്കാർ അതുവഴിയൊക്കെ നടക്കുന്നത്...
ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് എറണാകുളം മഹാരാജാസ് കോളജ്. ‘ചുവപ്പു കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡാണ് അവിടെയുള്ളത്. കുറേ ചുവപ്പു തുണികളൊക്കെ അവിടെ തൂക്കി ഇട്ടിട്ടുണ്ട്. കൊടിയെന്നാണതിനെ വിശേഷിപ്പിക്കുന്നത്. കീറത്തുണിയുടെ വേദാന്തമെന്ന ഇടശേരിയുടെ വരികളാണ് അതു കാണുമ്പോൾ ഓർമ വരുന്നത്. ബൊളീവിയൻ കാടുകളിലൂടെ ചെ ഗവേര നടക്കുന്നതുപോലെയാണ് എസ്എഫ്ഐക്കാർ അതുവഴിയൊക്കെ നടക്കുന്നത്...
ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് എറണാകുളം മഹാരാജാസ് കോളജ്. ‘ചുവപ്പു കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡാണ് അവിടെയുള്ളത്. കുറേ ചുവപ്പു തുണികളൊക്കെ അവിടെ തൂക്കി ഇട്ടിട്ടുണ്ട്. കൊടിയെന്നാണതിനെ വിശേഷിപ്പിക്കുന്നത്. കീറത്തുണിയുടെ വേദാന്തമെന്ന ഇടശേരിയുടെ വരികളാണ് അതു കാണുമ്പോൾ ഓർമ വരുന്നത്. ബൊളീവിയൻ കാടുകളിലൂടെ ചെ ഗവേര നടക്കുന്നതുപോലെയാണ് എസ്എഫ്ഐക്കാർ അതുവഴിയൊക്കെ നടക്കുന്നത്...
‘സർവകലാശാലകളുടെ ചാൻസലർ പവി എടുത്തോളൂ’ എന്നു നിർദേശിച്ച് സംസ്ഥാന ഗവർണർ കെ.എം. ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വിവാദമായി കത്തിപ്പടരുകയാണ്. സർവകലാശാലകളുടെ സ്വയംഭരണം, രാഷ്ട്രീയ സമ്മർദങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം എന്നിവയൊക്കെ ഇതോടനുബന്ധിച്ച് സജീവമായി ചർച്ചയിലേക്കു വരികയാണ്. ഈ വിഷയങ്ങളിൽ മനോരമ ഓൺലൈനുമായി സംവദിക്കുകയാണ് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ.
‘ചാൻസലർക്കെതിരെ നടന്നത് ഗൂഢാലോചന’
മുഖ്യമന്ത്രി, മന്ത്രിസഭയിലെ മറ്റംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ, അഡ്വക്കേറ്റ് ജനറൽ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി ചാൻസലറുടെ അധികാരം തട്ടിപ്പറിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റമാണിത്. അതിൽ ഏറ്റവും അവസാനത്തേതാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ വീണ്ടും നിയമിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ. ഇത്തരം കാര്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കാര്യമായ വിവരം ഉണ്ടായിക്കൊള്ളണമെന്നില്ല. മന്ത്രി പ്രവർത്തിച്ചത് പാർട്ടി പറഞ്ഞത് അനുസരിച്ചു മാത്രമായിരിക്കാം. എന്നാൽ അതു തെറ്റാണെന്നു ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കുണ്ടായിരുന്നു.
ഇക്കാര്യത്തിൽ അഡ്വ. ജനറലിന്റെ (എജി) നിയമോപദേശം സ്വീകരിക്കാനുള്ള ബാധ്യത ചാൻസലർ എന്ന നിലയിൽ ഗവർണർക്കില്ല. നിയമോപദേശം നൽകുന്നത് തെറ്റാണെന്ന് എജി പറയണമായിരുന്നു. അതൊന്നും ഉണ്ടായില്ല. ഫലത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെ വൈസ് ചാൻസലർമാരെ ഉപയോഗിച്ച് സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നത്.
രാഷ്ട്രീയക്കാരുടെ ബന്ധുക്കളെയും സിൽബന്ധികളെയും സർവകലാശാലകളിൽ തിരുകിക്കയറ്റുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. അത് തന്റെ പേര് ഉപയോഗിച്ചു വേണ്ടെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. അതിനെ പരമാവധി ചെറുക്കാനും അദ്ദേഹം ശ്രമിക്കുന്നു. ഏതു ഗവർണർക്കും അങ്ങനെയേ ചെയ്യാനാകൂ. ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്തമാണത്.
‘സർക്കാരിന്റെ ആജ്ഞകൾ അനുസരിക്കേണ്ടതില്ല’
സർവകലാശാല വൈസ് ചാൻസലർമാരെ കണ്ടെത്തേണ്ടത് സേർച് കമ്മിറ്റിയാണ്. ഈ സമിതി രൂപീകരിക്കാനുള്ള പൂർണ അവകാശവും അധികാരവും ചാൻസലർക്കാണ്. മൂന്നു വിഭാഗത്തിൽപെട്ടവരുടെ പ്രതിനിധികളാണ് അതിൽ ഉണ്ടാകേണ്ടത്. ഒന്ന് സർവകലാശാലകളുടെ പ്രതിനിധി. ആ പ്രതിനിധിയെ നിശ്ചയിക്കുന്നത് സിൻഡിക്കറ്റോ ഭരണസമിതിയോ ആണ്. അവർ യോഗം ചേർന്ന് മൂന്നു പേരുടെ പാനൽ ചാൻസലർക്കു നൽകണം.
ചാൻസലറുടെ പ്രതിനിധിയെ വേണമെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനു ശുപാർശ ചെയ്യാം. അങ്ങനെ വരുമ്പോൾ മൂന്നു പേരുടെ പാനലാണ് നൽകേണ്ടത്. യുജിസിയുടെ പ്രതിനിധിയുടെ പാനൽ അവർ നൽകും. ഈ പാനലുകളിൽനിന്നു മൂന്നുപേരെ വീതം നിശ്ചയിച്ച് സേർച് കം സിലക്‌ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. എന്നാൽ ചാൻസലറിൽ നിന്ന് ആ അധികാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് കവർന്നെടുക്കുകയായിരുന്നു.
കണ്ണൂർ സർവകലാശാലയിൽ നിലവിലുള്ള വൈസ് ചാൻസലർ തുടരണമെന്ന സിപിഎമ്മിന്റെ തീരുമാനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. വൈസ് ചാൻസലറുടെ കാലാവധി നീട്ടി നൽകാൻ സർക്കാരിന് അവകാശമില്ല. സേർച് കമ്മിറ്റി രൂപീകരിക്കുകയും കൃത്യമായ പാനലുണ്ടാക്കുകയും ചെയ്ത് അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്യുകയായിരുന്നു വേണ്ടത്. വൈസ് ചാൻസലർമാരെ പുനർ നിയമിക്കാനാകില്ല. പഴയ ആൾക്കു വീണ്ടും ഒരു അവസരം നൽകുകയാണെങ്കിൽപോലും അതു പുതിയ നിയമനമായിത്തന്നെ കണക്കാക്കേണ്ടി വരും. അതാണ് യുജിസി നിയമം.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഒരു ഉപദേശവും സ്വീകരിക്കാൻ ചാൻസലറെന്ന നിലയിൽ ഗവർണർക്കു ബാധ്യതയില്ല. എജിയുടെ നിയമോപദേശം സ്വീകരിക്കേണ്ട കാര്യവും ഇല്ല. ചാൻസലറെന്ന നിലയ്ക്ക് ഗവർണർക്കു നിയമോപദേശം നൽകാൻ വേറെ അഭിഭാഷകനുണ്ട്. സർവകലാശാലകളുടെ നിയമപരമായ കാര്യങ്ങൾ നോക്കുന്നത് അഡ്വ. ജനറലോ ഗവൺമെന്റ് പ്ലീഡറോ അല്ല. സർവകലാശാലകളുടെ സ്റ്റാൻഡിങ് കൗൺസിലാണ്. ഈ വസ്തുകൾ നിലനിൽക്കുമ്പോഴാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ വീണ്ടും നിയമിക്കുന്നതിനായി ചാൻസലറോടു ചോദിക്കാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് എജിയുടെ നിയമോപദേശം തേടിയത്. അതിനു പിന്നിൽ പ്രവർത്തിച്ചത് സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ താൽപര്യം മാത്രമാണ്.
എന്നാൽ സർവകലാശാലകളുടെ സ്വയം ഭരണം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ചാൻസലർക്കുള്ളത്. സംസ്ഥാനത്തിന്റെ ഭരണത്തലവനെ ചാൻസലാറാക്കി വച്ചിരിക്കുന്നത് അതിനു വേണ്ടിയാണ്. ഗവർണർ രാഷ്ട്രപതി നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. സംസ്ഥാനത്തിന്റെ ശമ്പളം പറ്റുന്ന ഏറ്റവും വലിയ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നിയമവും ചട്ടവും പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്.
മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് അദ്ദേഹത്തിനു രാഷ്ട്രീയം ആകാം. എന്നാൽ ഗവർണർക്ക് അതു പാടില്ല. സർവകലാശാല സിൻഡിക്കറ്റുകളുടെ ഉപദേശം സ്വീകരിക്കേണ്ട ബാധ്യതയും ഗവർണർക്കില്ല. ചട്ടവിരുദ്ധമായ ഒരു ശുപാർശകളും സ്വീകരിക്കേണ്ട ചുമതല വൈസ് ചാൻസലർമാർക്കു പോലുമില്ല. ചാൻസലർക്ക് തീരെയുമില്ല. ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് സിപിഎം എല്ലാകാലവും സ്വീകരിച്ചിരിക്കുന്നത്.
‘മുഖ്യമന്ത്രിക്ക് എന്താണ് ഒളിക്കാനുള്ളത്?’
ഈ വിഷയത്തിൽ ഗവർണറോടു നേരിട്ടു സംസാരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. അദ്ദേഹത്തിന് അസൗകര്യമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെയാണ് ഗവർണറെ കാണാൻ നിയോഗിക്കേണ്ടിയിരുന്നത്. അതിനു പകരം ഈ വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ധനമന്ത്രിയെയാണ് അയച്ചത്. അതിന്റെ അർഥം മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ്.
ഗവർണർ പറയുന്നത് താൻ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ആരുടെ പേരും നിർദേശിച്ചിട്ടില്ലെന്നാണ്. താൻ ഫയൽ മടക്കിയെന്നും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഒരു അക്കാദമീഷ്യനോട് ഒരു പേരു മാത്രം നിർദേശിക്കാൻ ഗവർണർ പറഞ്ഞുവെന്നാണ്. ഇതു ശുദ്ധ കളവാണ്. അല്ലെങ്കിൽ അതിന്റെ തെളിവ് മുഖ്യമന്ത്രി ഹാജരാക്കണം. ഏത് അക്കാദമീഷ്യനാണത്? അതു മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവർണർക്കെതിരെ ഒരു മുഖ്യമന്ത്രി അപവാദം പ്രചരിപ്പിക്കുന്നതു ശരിയല്ല.
‘പ്രിൻസിപ്പൽമാരുടെ യോഗ്യത മുദ്രാവാക്യം വിളിയല്ല’
2016ൽ യുജിസി മാനദണ്ഡങ്ങൾ വരുന്നതിനു മുൻപ് ഓരോ സർവകലാശാലകൾക്കും ഓരോ നിയമമായിരുന്നു. സർക്കാരിന് ഇഷ്ടമുള്ള ആരെയും വിസിയായി നിയമിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സിൻഡിക്കറ്റിന്റെ പ്രതിനിധി, സർക്കാരിന്റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി എന്നിവർ ചേർന്ന സേർച് കമ്മിറ്റിയാണ് വിസിമാരെ തീരുമാനിച്ചിരുന്നത്. ഓരോരുത്തർക്കും ഓരോ പേരുകളോ എല്ലാവരും കൂടി ഒരു പേരോ നൽകുന്നതായിരുന്നു രീതി.
മൂന്നുപേരും ചേർന്ന് ഒരു പേരു തീരുമാനിക്കുകയാണെങ്കിൽ അദ്ദേഹത്തെ വിസിയായി അംഗീകരിക്കാൻ ചാൻസലർക്കു ബാധ്യതയുണ്ടായിരുന്നു. എന്നാൽ 2016ൽ യുജിസി പദ്ധതി വന്നതോടെ ഇതിനു മാറ്റം വന്നു. ആദ്യം യുജിസി സ്കെയിൽ നടപ്പിലാക്കുകയും യുജിസി പദ്ധതി നടപ്പിലാക്കാതിരിക്കുകയും ചെയ്തു. അതു ശരിയല്ലെന്നും യുജിസി പദ്ധതിയും മാനദണ്ഡവും പാലിക്കണമെന്നും ഹൈക്കോടതി വ്യക്തിമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എല്ലാ ചട്ടങ്ങളെയും മറികടക്കാൻ യുജിസി നിയമങ്ങൾക്കു കഴിയുമെന്നു സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇത് അധ്യാപകരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയിൽ മാത്രമല്ല വൈസ് ചാൻസലർമാരെ നിയമിക്കുന്ന കാര്യത്തിലും ബാധകമാണ്, സംസ്ഥാനത്ത് 57 കോളജുകളിൽ ഇപ്പോൾ പ്രിൻസിപ്പൽമാരില്ല. ഇൻ ചാർജ് ഭരണമാണ്. പ്രിൻസിപ്പലാകാനുള്ള യോഗ്യത പിഎച്ച്ഡിയും പബ്ലിഷ്ഡ് വർക്കുകളുമാണ്. എന്നാൽ പല അധ്യാപകർക്കും മുദ്രാവാക്യം വിളിച്ച പരിചയമേയുള്ളൂ. അതുവച്ച് ആരെയും പ്രിൻസിപ്പലാക്കാൻ കഴിയില്ലെന്നാണ് യുജിസിയുടെ നിലപാട്. അതുകൊണ്ടാണ് ഈ കോളജുകളുടെ തലപ്പത്ത് ഇൻചാർജ് ഭരണം നടത്തേണ്ടി വന്നിരിക്കുന്നത്.
‘സമ്മർദങ്ങളെ ചെറുത്തതിന് വേട്ടയാടി’
വൈസ് ചാൻസലർമാർക്ക് പല വിധത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദവും നേരിടേണ്ടി വരാറുണ്ട്. ഞാൻ കാലടി സർവകലാശാല വൈസ് ചാൻസലറായിരുന്ന കാലത്തും അത്തരത്തിലുള്ള ധാരാളം അനുഭവങ്ങളുണ്ട്. പ്യൂണിന്റെ സ്ഥലം മാറ്റം മുതൽ പിഎച്ച്ഡി തീസിസ് വരെയുള്ള കാര്യങ്ങളിൽ അതു പ്രകടമായി. അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ക്രൂരമായ വേട്ടയാടപ്പെട്ട അനുഭവം എനിക്കുണ്ട്.
സർവകലാശാലകളുടെ സ്വയംഭരണത്തിൽ കൈകടത്താൻ ശ്രമിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ് അച്യുതാനന്ദൻ. അദ്ദേഹം ചുമതല ഏറ്റ ഉടൻ കാലടി സംസ്കൃത സർവകലാശാലയിലെ ഒരു പ്യൂണിനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചുകൊണ്ടുള്ള ഒരു കത്ത് എനിക്ക് അയച്ചു തന്നു. ‘മുഖ്യമന്ത്രിക്ക് സർവകലാശാലകളുടെ അധികാരത്തിൽ ഇടപെടാൻ ഒരു വിധ അവകാശവുമില്ലാത്തതിനാൽ ഈ കത്തിനെ അവഗണിക്കുക’യെന്ന് ഞാൻ ഫയലിൽ എഴുതി. അതിന്റെ വൈരാഗ്യം അദ്ദേഹത്തിന് എന്നോട് എല്ലാ കാലവും ഉണ്ടായിരുന്നു.
എന്നെ പിഎസ്‌സി അധ്യക്ഷനാക്കാൻ ശ്രമിച്ചപ്പോൾ എനിക്കതിന് യോഗ്യതയില്ലെന്ന് അദ്ദേഹം കത്തെഴുതി. പലരും അദ്ദേഹം മഹാനാണെന്നു കരുതുന്നുണ്ടെങ്കിലും ഈ അനുഭവം ഉള്ളതുകൊണ്ട് എനിക്ക് അങ്ങനെ കരുതാനാവില്ല. ഒരു അധ്യാപകന്റെ പിഎച്ച്ഡി തീസിസ് തമസ്കരിക്കപ്പെട്ടതു പിൽക്കാലത്തു വിവാദമായിരുന്നു. ഗവേഷണ പ്രബന്ധത്തിലെ കണ്ടെത്തലുകൾ കോപ്പിയടിയെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് പിഎച്ച്ഡി നൽകുന്നതിനായി കനത്ത സമ്മർദ്ദമാണുണ്ടായത്. മറ്റു പല അനുഭവങ്ങളും തൽക്കാലം പറയുന്നില്ല.
ഇത്തരത്തിൽ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളും കനത്ത സമ്മർദ്ദങ്ങളും ചെറുത്തു നിൽക്കാൻ വൈസ് ചാൻസർമാർക്കു കഴിയണം. അതിനാണ് അവർക്കു നിയമപരമായ സംരക്ഷണം നൽകി ഈ പദവിയിൽ ഇരുത്തിയിരിക്കുന്നത്. വിസിമാർക്കെതിരെ നടപടി എടുക്കാനാവില്ല, അവരെ ഇംപീച്ച് ചെയ്യാനേ കഴിയൂ. അത് അത്ര എളുപ്പമല്ല.
എന്നാൽ രാഷ്ട്രീയ പിൻബലത്തിൽ മാത്രം ആ പദവിയിലേക്കു വരികയും ഇരിക്കുന്ന പദവിയുടെ മഹത്വം അറിയാതിരിക്കുകയും ചെയ്യുന്നവർ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയെന്നു വരും. അങ്ങനെ ആജ്ഞാനുവർത്തികളെ സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്. അതിനു വഴങ്ങാത്തവരോട് പകവച്ചു പുലർത്തുന്ന കമ്യൂണിസ്റ്റ് പാരമ്പര്യം പിണറായി വിജയനും ഉണ്ടോ എന്ന് എനിക്കു സംശയമുണ്ട്.
‘കീറത്തുണിയുടെ വേദാന്തം’
അക്കാദമിക രംഗത്ത് കേരളത്തിലെ സർവകലാശാലകൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ്. അതുകൊണ്ടാണ് ഗൗരവമായ പഠനത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഏതെങ്കിലും ഒരു വിഷയത്തിൽ ഏറ്റവും മികച്ചതെന്നു പറയാവുന്ന ഒരു സ്ഥാപനവും കേരളത്തിലില്ല. ഇവിടത്തെ സർവകലാശാലകളെപ്പറ്റിയല്ല പറയുന്നത്. അതിന് ഇവിടെ ക്ഷാമമില്ല. എന്നാൽ മലയാള ഭാഷ പോലും ഏറ്റവും മികച്ച രീതിയിൽ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഇവിടെയില്ല.
ഹയർ സെക്കൻഡറിതലം വരെയുള്ള മികവ് അതിനു ശേഷം ഇല്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ വിസിമാർക്കും ഉത്തരവാദിത്തമുണ്ട്. സർവകലാശാലകളിൽ ഭരണം നടത്തുന്നത് അധ്യാപക–അനധ്യാപക യൂണിയനുകളാണ്. അതിനെ ചെറുത്തു നിൽക്കാൻ ശ്രമിച്ചാൽ തെറിയഭിഷേകവും വ്യക്തിഹത്യയും നടത്തുന്ന അക്കാദമിക പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. നമ്മുടെ സിൻഡിക്കറ്റുകളിൽ അക്കാദമികമായ ഏതെങ്കിലും വിഷയം ചർച്ച ചെയ്യാറുണ്ടോ? അത്തരം ഫയലുകൾ വന്നാൽ പെട്ടെന്നു പാസാക്കും. അവർക്കു താൽപര്യം നിയമനത്തിൽ കൈകടത്തുന്നതിൽ മാത്രമാണ്.
ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് എറണാകുളം മഹാരാജാസ് കോളജ്. ‘ചുവപ്പു കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡാണ് അവിടെയുള്ളത്. കുറേ ചുവപ്പു തുണികളൊക്കെ അവിടെ തൂക്കി ഇട്ടിട്ടുണ്ട്. കൊടിയെന്നാണതിനെ വിശേഷിപ്പിക്കുന്നത്. കീറത്തുണിയുടെ വേദാന്തമെന്ന ഇടശേരിയുടെ വരികളാണ് അതു കാണുമ്പോൾ ഓർമ വരുന്നത്. ഇങ്ങനെ വിപ്ലവം വമിപ്പിക്കുന്ന സ്ഥലങ്ങളാണെന്ന തോന്നലുണ്ടാക്കാനുള്ള ശ്രമമാണു പല കോളജുകളിലും നടക്കുന്നത്. ബൊളീവിയൻ കാടുകളിലൂടെ ചെ ഗവേര നടക്കുന്നതുപോലെയാണ് എസ്എഫ്ഐക്കാർ അതുവഴിയൊക്കെ നടക്കുന്നത്. അതൊന്നും അക്കാദമിക മികവിന്റെ മാനദണ്ഡമായി കണക്കാക്കാനാവില്ല.
‘ഗവർണർ തുടങ്ങിവയ്ക്കുന്നത് ശുദ്ധീകരണം’
ഉന്നത വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമം സിപിഎം നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമപരമായി തെറ്റാണെങ്കിലും പാർട്ടിക്കു വേണ്ടി അതു ചെയ്തു കൊടുക്കാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും ‘ബാധ്യത’യുണ്ട്. മാർക്ക് ദാനത്തിലൂടെ മുൻ മന്ത്രി കെ.ടി ജലീൽ തുടങ്ങിവച്ചത് അതാണ്. അക്കാദമിക രംഗത്തുനിന്നു വരുന്നവരാണ് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. കോളജിലെ വിദ്യാർഥി സഖാവിന് കോപ്പിയടിക്കാൻ വേണ്ടത്ര ഒത്താശ ചെയ്യേണ്ടതും കാവൽ നിൽക്കേണ്ടതും തന്റെ ധാർമിക ഉത്തരവാദിത്തമാണെന്നു കരുതുന്ന അധ്യാപക സഖാക്കളാണ് ഇവിടെയുള്ളത്.
അങ്ങനെയുള്ളവരെ ആത്മാവിൽ ഹീനന്മാരെന്നാണു വിശേഷിപ്പിക്കേണ്ടത്. ജാതി–മതങ്ങൾക്ക് അതീതനായി ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്പീക്കറുടെ ഭാര്യയ്ക്ക് മത സംവരണത്തിന്റെ ആനുകൂല്യത്തിൽ ജോലി ലഭിക്കുന്നു. പിഎച്ച്ഡി വ്യാജമെന്നു തെളിഞ്ഞ അധ്യാപകൻ അക്കാദമിക ധാർമികതയെക്കുറിച്ചു പ്രസംഗിച്ചു നടക്കുന്നു. ഇത്തരം ആത്മവഞ്ചനകൾക്കു ശിക്ഷയില്ല. ഇതിനൊക്കെ എതിരായ ശുദ്ധീകരണ പ്രക്രിയയാണു ഗവർണർ തുടങ്ങിവച്ചിരിക്കുന്നത്. ഈ ജാഗ്രതാ സന്ദേശം പൊതു സമൂഹത്തിനും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
English Summary: Interview with Former Kalady University Vice Chancellor Dr. K S Radhakrishnan