ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനം ജനുവരി 14ന് ആരംഭിക്കാനിരിക്കെ, വിഭാഗീയത രൂക്ഷം. കരാട്ടെ അസോസിയേഷൻ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോർട്സ് കൗൺസിലിൽ അഫിലിയേഷനു ശുപാർശ ചെയ്തതായി ആരോപിച്ച് കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷിനോട് സിപിഎം വിശദീകരണം തേടി.

ഇതേ ശുപാർശ നൽകിയ മറ്റു രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളോട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരണം തേടിയില്ല. സെക്രട്ടറിയുടെ ഈ നടപടിയെ ജില്ലാ കമ്മിറ്റി യോഗത്തിൽ ഐ.ബി.സതീഷ് രൂക്ഷമായി വിമർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം.

തനിക്കെതിരെ മണ്ഡലത്തിൽ ഉയരുന്ന പോസ്റ്ററുകൾക്കു പിന്നിൽ ജില്ലാ സെക്രട്ടറിയുടെ ഇടപെടലാണെന്നും സതീഷ് ആരോപിച്ചു. പാർട്ടി അനുഭാവികളില്‍നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചതെന്നാണ് സെക്രട്ടറിയുടെ മറുപടി.

സിപിഎം നേതാവ് വി.കെ.മധുവിനെതിരായ നടപടികളെ എതിർത്തതിന്റെ പേരിലാണ് സതീഷിനോട് വിശദീകരണം തേടിയതെന്നാണ് ആക്ഷേപം. അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിന്റെ പേരിൽ മധുവിനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.

കടകംപള്ളി സുരേന്ദ്രനോടൊപ്പം നിൽക്കുന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഔദ്യോഗികപക്ഷം നീങ്ങുന്നതെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അച്ചടക്ക നടപടി നേരിട്ട വി.കെ.മധുവും സംസ്ഥാന നേതൃത്വത്തിനു പരാതി നൽകി. അച്ചടക്ക നടപടിക്കു ശേഷം പാർട്ടി പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് പരാതി. തനിക്കെതിരെയുള്ള നടപടിയെ എതിർത്ത് സംസാരിച്ചവരെ ഒതുക്കുന്നുവെന്നും മധുവിന്റെ പരാതിയിൽ പറയുന്നു.

English Summary: Recommendation for BJP supporter: CPM seeks explanation from IB Satheesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com