മണിപ്പുരിൽ വിരിയുമോ വീണ്ടും താമര?; അമിത ആത്മവിശ്വാസം വിനയാകുമോ ബിജെപിക്ക്?
Mail This Article
‘മണിപ്പുരികളുടെ വേദന എനിക്കറിയാം, ആരെക്കാളും നന്നായി ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്,’ പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. വിവിധ സംസ്‌കാരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ, അസ്ഥിരതയുടെയും കലാപങ്ങളുടെയും നാട്ടിൽ മണിപ്പുരിന്‍റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച്, ചെണ്ടകൊട്ടി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ മണിപ്പുരി ജനതയുടെ ഹൃദയം കവർന്നോ എന്നതിന് വോട്ടെണ്ണൽ ദിനമായ മാർച്ച് 10 ഉത്തരം നൽകും.
കേന്ദ്ര സർക്കാരിനെ, താൻ മണിപ്പൂരിന്റെ പടിവാതിലിൽ എത്തിച്ചുവെന്നായിരുന്നു മോദിയുടെ അവകാശവാദം. ഭീകരവാദവും വിഘടനവാദവും അടിമുടി അസ്ഥിരതയും പേറുന്ന ദേശത്തെ വീണ്ടെടുത്തുവെന്ന ബിജെപിയുടെ പ്രഖ്യാപനം എത്രത്തോളം സത്യമായിരുന്നുവെന്നു മണിപ്പുർ വിധിയെഴുതും. ഫെബ്രുവരി 27നും മാർച്ച് 13നുമായി രണ്ടു ഘട്ടങ്ങളിലായാണ് മണിപ്പുരിലെ തിരഞ്ഞെടുപ്പ്.
അരാജകത്വം, അസ്ഥിരത, അസമത്വം എന്നിവയായിരുന്നു കോൺഗ്രസ് സർക്കാർ മണിപ്പുരിന് സംഭാവന ചെയ്തതെന്നും ബിജെപി സർക്കാർ വെറും അഞ്ചുവർഷം കൊണ്ട് പുരോഗതിയിലേക്കും സമാധാനത്തിലേക്കും കൈപിടിച്ചുയർത്തിയെന്നു തിരഞ്ഞെടുപ്പിനു മുന്നോടിയായി മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞുവയ്ക്കുന്നു.
എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ മേഖലയിലും വികസനം കൊണ്ടുവന്നെന്നാണ് ബിജെപിയുടെ അവകാശവാദം. ഇംഫാല്‍ താഴ്‌വരകളിലും സമതലങ്ങളിലും വസിക്കുന്ന മണിപ്പുരികളും പര്‍വതമേഖലകളില്‍ താമസിക്കുന്ന നാഗാ, കുക്കി ഗോത്രജനതയ്ക്കും തമ്മിൽ സമാധാനവും സഹവർത്തിത്വവും ഉറപ്പിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം.
എന്നാൽ മണിപ്പുരിൽ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ബിജെപിയെന്നാണ് കോൺഗ്രസിന്റെ വിമർശനം. നാഗാലാൻഡിലെ മോൺ ജില്ലയിൽ പാരാ സ്പെഷൽ ഫോഴ്സസ് കമാൻഡോകളുടെ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യം നിരന്തരം ഉയർത്തിയാണ് കോൺഗ്രസ് ബിജെപിയുടെ അവകാശവാദങ്ങൾക്ക് തടയിടുന്നത്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യത്തെ മന്ത്രിസഭായോഗം തീരുമാനിക്കുന്ന കാര്യം അഫ്സ്പ പിൻവലിക്കുന്നതായിരിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. അഫ്സ്പ ഒരു പ്രശ്നമേയല്ലെന്നാണ് ബിജെപിയുടെ അഭിപ്രായം. സാധാരണ ജനത്തിനു വേണ്ടത് സമാധാനവും വികസനവുമാണ്. ഇത് രണ്ടും ഇവിടെ ഉണ്ടെന്ന് ബിജെപി പറയുന്നു.
∙ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ ബിജെപി
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാകും ബിജെപി മണിപ്പുരിൽ പോരാട്ടത്തിന് ഇറങ്ങുക. മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാളിനെ മറികടന്ന് സംസ്‌ഥാനത്തെ ഏറ്റവും കരുത്തനായ മന്ത്രി എന്ന് പേരെടുത്ത ഹിമന്ത ബിശ്വ ശർമയെ വാഴിച്ച അസം മാതൃകയായിരിക്കും മണിപ്പുരിലും ബിജെപി ഇത്തവണ പിന്തുടരുകയെന്നാണ് സൂചന.
ഭരണത്തുടർച്ചയുണ്ടാക്കിയ സോനോവാളിനെക്കാൾ കേന്ദ്ര നേതൃത്വത്തിലും 60 എംഎൽഎമാർക്കിടയിലും പിന്തുണ കൂടുതൽ ലഭിച്ച ഹിമന്ത ബിശ്വ ശർമയ്ക്കാണ് അസമിൽ നറുക്ക് വീണത്. 2017 ൽ കപ്പിനും ചുണ്ടിനും ഇടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യുവനേതാവ് തോങ്ഗം ബിശ്വജിത് സിങ്ങിനാകും മണിപ്പുരിൽ കൂടുതൽ സാധ്യത.
ആർഎസ്എസിന്റെ ഗുഡ്ബുക്കിലുള്ള ബിശ്വജിത് സിങ് പാർട്ടിയിൽ ഏറെ സ്വീകാര്യനായ നേതാവാണ്. 2017 ൽ ബിശ്വജിത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കൂകൂട്ടലെങ്കിലും അവസാന നിമിഷം കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ ബിരേൻ സിങ്ങിനായി വഴിമാറുകയായിരുന്നു.
ബിരേൻ സിങ്ങിനെ ബിജെപിയിൽ എത്തിക്കാൻ ചരടുവലിച്ച ബിശ്വജിത് പിന്നീട് സംഘടനാ പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. പാർട്ടിയിൽ നിന്നുയരുന്ന എതിർപ്പുകൾ കണക്കിലെടുത്താൽ തുടർഭരണമുണ്ടായാലും ബിരേൻ സിങ് മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നതും.
ബിജെപി ഒരു കുടംബമാണെന്നും പാർട്ടി എന്ത് ചുമതല തന്നാലും ഭംഗിയായി നിർവഹിക്കുമെന്നുമായിരുന്നു ബിശ്വജിത് സിങ്ങിന്റെ പ്രതികരണം. 2017 ലെ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ വെറും ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടത്, 6 മണ്ഡലങ്ങളിൽ വെറും 500 വോട്ടിനും. ഇത്തവണ പോരായ്മകൾ പരിഹരിക്കുമെന്നും കോൺഗ്രസിനെ പത്ത് സീറ്റുകളിൽ ഒതുക്കുമെന്നും ബിശ്വജിത് പറയുന്നു.
∙ അമിത ആത്മവിശ്വാസം ബിജെപിക്കു വിനയാകുമോ?
കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചു നിന്നത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒക്രാം ഇബോബി സിങ്ങിന്റെ വ്യക്തി പ്രഭാവത്തിലാണെങ്കിൽ ഇത്തവണ കോൺഗ്രസിനെ ജനം തിരസ്കരിക്കുമെന്നു അനുയായികൾക്കു പോലും 75 പിന്നിട്ട ഇബോബി സിങ്ങിൽ വിശ്വാസമില്ലെന്നും ബിജെപി നേതാവ് അശോക് സിൻഹൽ പറയുന്നു.
40 എന്ന മാന്ത്രിക സംഖ്യ ബിജെപി ഒറ്റയ്ക്ക് നേടിയാലും അത്ഭുതപ്പെടാനില്ലെന്നും അശോക് സിൻഹൽ പറയുന്നു. കോൺഗ്രസ് നേതാക്കൾക്കു പുറമേ മണിപ്പൂരിലെ കായികമന്ത്രിയും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ എംഎല്‍എയുമായ െറ്റ്പാവോ ഹാവോകിബ് ബിജെപിയില്‍ ചേര്‍ന്നത് പ്രവർത്തകർക്ക് പുത്തൻ ഉണർവാണ് നൽകിയത്.
പാർട്ടിയിൽ സീറ്റിനെ ചൊല്ലിയുള്ള അടിപിടിയാണ് കോൺഗ്രസിനെക്കാൾ വലിയ ശത്രുവെന്നും കോൺഗ്രസിന്റെ വിടവ് നികത്താൻ എന്‍പിപിയെ പോലുള്ള പ്രാദേശിക പാർട്ടികൾക്കു സാധിക്കുമെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
∙ വലിയ ഒറ്റക്കക്ഷിയാകാൻ ബിജെപിയുടെ സഖ്യകക്ഷിയും
മണിപ്പുർ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനാണ് എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി)യുടെ ശ്രമമെന്ന് തുറന്നു പറയുകയാണ് എൻപിപി നേതാവ് വൈ. ജ്യോതികുമാർ. കുറഞ്ഞത് 20 സീറ്റുകളെങ്കിലും നേടുമെന്നാണ് എൻപിപിയുടെ അവകാശവാദം. അപ്പോൾ ബിജെപിക്കോ കോൺഗ്രസിനൊ ആർക്കൊപ്പം നിൽക്കണമെന്ന് പാർട്ടിക്ക് തീരുമാനിക്കുമെന്നും ജ്യോതികുമാർ പറയുന്നു.
എൻഡിഎ സഖ്യത്തിനൊപ്പമുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഒരു ഡസനോളം സ്ഥാനാർഥികളെ കളത്തിലിറക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ബിജെപിയുമായി സഖ്യം തുടരുമോയെന്ന അവർ കാര്യത്തിൽ വ്യക്തത വരുത്തിയില്ല. നാഷനൽ പീപ്പിൾസ് പാർട്ടി മണിപ്പുരിൽ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുമെന്ന് പാർട്ടി അധ്യക്ഷൻ കോൺറാഡ് സാങ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അധികാരം പിടിച്ചടുക്കാനുള്ള കാട്ടിക്കൂട്ടലുകളാണ് ബിജെപി നടത്തുന്നതെന്നും ജനത്തോടു യാതൊരു തരത്തിലുള്ള പ്രതിബദ്ധതയും അവർക്കില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് 2017 ൽ ഒറ്റയ്ക്ക് 28 സീറ്റുകൾ നേടി. എന്നാൽ പ്രാദേശിക കക്ഷികളെ ചാക്കിട്ടു പിടിച്ചാണ് ബിജെപി അധികാരം പിടിച്ചതെന്നും ഈ തിരഞ്ഞെടുപ്പിൽ ബിജെപി ദാരുണമായി തകരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ലോകേൻ സിങ്ങും പറഞ്ഞുവയ്ക്കുന്നു.
English Summary: BJP hopes high in Manipur Assembly Elections 2022