രാഷ്ട്രപതി ആരെന്ന് നിര്‍ണയിക്കുക യുപി; നരേന്ദ്ര മോദിക്കും ബിജെപിക്കും നെഞ്ചിടിപ്പ്
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.
2022 ജൂലൈയിലാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അഞ്ചുവര്‍ഷ കാലാവധി അവസാനിക്കുക. ഒക്‌ടോബറില്‍ അദ്ദേഹത്തിന് 76 വയസ്സാകും. 75 വയസ്സിനു ശേഷം പദവികള്‍ പാടില്ലെന്ന വ്യവസ്ഥ പാലിക്കപ്പെട്ടാല്‍ പുതിയൊരാളെയാകും രാഷ്ട്രപതി ഭവനിലേക്ക് ബിജെപി എത്തിക്കുക. പുതിയ രാഷ്ട്രപതിയും അദ്ദേഹത്തിന്റെ ആദ്യ രണ്ടുവര്‍ഷ കാലാവധിയും 2024 പൊതു തിരഞ്ഞെടുപ്പിലും നിര്‍ണായകമാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ പ്രതിപക്ഷത്തിനു വീണുകിട്ടിയ രണ്ട് അവസരങ്ങളാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും രാഷ്ട്രപതി തിരഞ്ഞെടുപ്പും. അതിനാൽതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഇവ രണ്ടും ഒരുപോലെ നിര്‍ണായകം. യുപിയില്‍ ബിജെപിക്ക് നഷ്ടപ്പെടുന്ന ഓരോ സീറ്റും രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഗതി തിരിച്ചുവിടും. ആ സാഹചര്യത്തില്‍ യുപിയില്‍ ബിജെപിയെ തീര്‍ത്തും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്.
ഉത്തര്‍പ്രദേശ് (403), ഉത്തരാഖണ്ഡ് (70), പഞ്ചാബ് (117), ഗോവ (40), മണിപ്പുര്‍ (60) എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ 690 നിയമസഭാ സീറ്റിലേക്കാണ് വരും മാസങ്ങളില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് പത്തിന്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് ഇതില്‍ മൂന്നു സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരികയും ചെയ്യും.
∙ വോട്ട് മൂല്യം ഇങ്ങനെ
രാജ്യത്തെ ലോക്‌സഭാ, രാജ്യസഭാ എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരും ചേര്‍ന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എംപിമാരുടെ വോട്ടിനാണു മൂല്യം കൂടുതല്‍. എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആണ്. നിലവില്‍ ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 334 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 116 ഉം. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെയും സീറ്റിന്റെയും അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. 2011ലെ സെന്‍സസിനു പകരം 1971ലെ സെന്‍സസാണ് ജനസംഖ്യക്കുവേണ്ടി പരിഗണിക്കുന്നതെന്നതാണ് ഏറെ കൗതുകകരം.
∙ യുപി, ഉത്തരാഖണ്ഡ് ബിജെപിക്ക് നിര്‍ണായകം
യുപിയിലും ഉത്തരാഖണ്ഡിലും നിലവിലുള്ള പ്രകടനം തുടര്‍ന്നും കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിക്കു കടുത്ത തലവേദനയാകും. 2017 ല്‍ യുപിയിലെ 403 സീറ്റുകളില്‍ 325 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്വന്തമാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 57 എണ്ണവും എന്‍ഡിഎ നേടിയിരുന്നു. അതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പും പാര്‍ട്ടിക്ക് ഏറെ സുഗമമായി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ യുപിയിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടുതല്‍ മൂല്യം.
നിലവില്‍ ബംഗാള്‍, തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ വിവിധ പ്രതിപക്ഷ കക്ഷികളാണു ഭരിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒരു പൊതു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചു രംഗത്തെത്തിയാല്‍ ബിജെപിക്ക് അഗ്നിപരീക്ഷയാകുമെന്നാണ് കണക്കുകൂട്ടല്‍.
ഈ വര്‍ഷം ഒഴിയുന്ന 75 രാജ്യസഭാ സീറ്റില്‍ 73 എണ്ണത്തിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുൻപുതന്നെ എംപിമാരെ നിശ്ചയിക്കണം. ഏപ്രില്‍, ജൂണ്‍, ജൂലൈ ആദ്യം എന്നിങ്ങനെയാണ് ഈ എംപിമാര്‍ കാലാവധി പൂർത്തിയാക്കുന്നത്. ഈ 73 സീറ്റില്‍ ഏഴ് നോമിനേറ്റ് അംഗങ്ങള്‍ ഒഴികെ തിരഞ്ഞെടുക്കപ്പെടുന്ന 66 പേർക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് വിനിയോഗിക്കാം. ഇതില്‍തന്നെ 17 സീറ്റ് - യുപി (11), പഞ്ചാബ് (5), ഉത്തരാഖണ്ഡ് (1) ഒഴികെ 49 രാജ്യസഭാ സീറ്റുകള്‍ മഹാരാഷ്ട്ര (6), രാജസ്ഥാന്‍ (4), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (2), കേരളം (3), കര്‍ണാടക (4), ഒഡിഷ(3), ആന്ധ്രപ്രദേശ് (4), തെലങ്കാന (2), അസം (2), ത്രിപുര(1), ഛത്തിസ്ഗഡ് (2), മധ്യപ്രദേശ് (3), ഹിമാചല്‍ പ്രദേശ്(1), നാഗാലാൻഡ്(1), തമിഴ്നാട്(6) എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഒഴിവു വരുന്നത്.
ഇതില്‍ മിക്ക സംസ്ഥാനങ്ങളും എന്‍ഡിഎ ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ 11 രാജ്യസഭാ സീറ്റ് ഒഴിയുന്ന യുപിയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്. 11 സീറ്റില്‍ അഞ്ചെണ്ണമാണ് നിലവില്‍ ബിജെപിയുടേത്. രാജ്യസഭയിലെ 12 നോമിനേറ്റ് അംഗങ്ങളില്‍ ഏഴ് പേര്‍ ഒഴിയുമ്പോള്‍ സര്‍ക്കാരിന് ഈ സീറ്റുകളില്‍ നിയമനം നടത്താന്‍ കഴിയുമെങ്കിലും അവര്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടില്ലാത്തതിനാല്‍ ഗുണം ചെയ്യില്ല.
∙ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ്
2017 ല്‍ റാം നാഥ് കോവിന്ദിനെയാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. അന്ന് രാജ്യത്തെ 70 ശതമാനത്തോളം മേഖലകള്‍ ഭരിച്ചിരുന്നത് ബിജെപിയും സഖ്യകക്ഷികളുമായിരുന്നു. എന്നാല്‍ നിലവില്‍ അത് 45 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2017ല്‍ ഇലക്ടറല്‍ കോളജിലെ 66.65 ശതമാനം വോട്ടുകളും കോവിന്ദിനു ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 34.35 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്.
കോവിന്ദ് 7,02,044 മൂല്യമുള്ള 2,930 വോട്ടുകള്‍ നേടി. മീരാകുമാറിന് ലഭിച്ചത് 3,67,314 മൂല്യമുള്ള 1,844 വോട്ടുകളും. 77 വോട്ടുകള്‍ അസാധുവായി. 2017ല്‍ ബിജെപിക്ക് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സഖ്യകക്ഷികളുണ്ടായിരുന്നു. അകാലിദളും ശിവസേനയും ടിഡിപിയും ബിജെപിക്കൊപ്പമുണ്ടായിരുന്നതിനാല്‍ വന്‍ ഭൂരിപക്ഷമാണ് കോവിന്ദിന് ലഭിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, ജെഡി-യു എന്നിവരുടെ പിന്തുണയും എന്‍ഡിഎയ്ക്ക് അന്ന് ലഭിച്ചു.
∙ നിലവിലെ അവസ്ഥ
നിലവില്‍ എന്‍ഡിഎയുടെ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടിന്റെ മൂല്യം 5,42,957 ആണ്. ആകെ ഇലക്ടറല്‍ കോളജിന്റെ 49.9 ശതമാനം. യുപിഎയുടെ വോട്ട് മൂല്യം (ഡിഎംകെ, ആര്‍ജെഡി ഉള്‍പ്പെടെ) 2,74,665 വോട്ട് (25.3 ശതമാനം). ഇതിലൊന്നും പെടാത്ത മൂന്നാമത്തെ ഗ്രൂപ്പിന്റെ വോട്ട് മൂല്യം 2,70,092 ആണ് (24.8 ശതമാനം). ഈ മൂന്നാമത്തെ ഗ്രൂപ്പാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്.
ഇതില്‍തന്നെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന പാര്‍ട്ടികളും മറ്റിടങ്ങളില്‍ എതിര്‍ക്കുന്ന പാര്‍ട്ടികളും ഉണ്ട്. എന്നാൽ ബിജെപി വിരുദ്ധത എന്ന ആശയത്തിൽ ഇവര്‍ ഒപ്പമുണ്ടാകുകയും ചെയ്യും. ടിഎംസി, ഇടതുപാര്‍ട്ടികള്‍, ശിവസേന, ശിരോമണി അകാലിദള്‍, എഐഎംഐഎം, ബിപിപി, ഗോമന്തക് പാര്‍ട്ടി തുടങ്ങിയവരാണ് ഈ വിഭാഗത്തിലുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ബിജെപിക്കെതിരെ ആകെ ഇലക്ടറല്‍ കോളജ് വോട്ടിന്റെ 50 ശതമാനത്തിനടുത്ത് ഉണ്ടെന്നാണ് കണക്കുകൂട്ടല്‍.
ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ആരൊക്കെ ചേരുന്നു എന്നതാവും ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ബിജെഡിയും ഇതിൽ ഏറെ നിർണായക പങ്കു വഹിക്കും.
1,741 എംഎല്‍എമാരും 447 എംപിമാരും ഉള്‍പ്പെടെ 2,188 പേരാണ് എന്‍ഡിഎയ്ക്കു വേണ്ടി വോട്ട് ചെയ്യുക. 1,220 എംഎല്‍എമാരും 145 എംപിമാരും ഉള്‍പ്പെടെ യുപിഎയ്ക്കുള്ളത് 1,365 പേര്‍. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു മാറ്റം വരാം. 28 എംപിമാരും 150 എംഎല്‍എമാരുമുള്ള വൈഎസ്ആര്‍ കോണ്‍ഗസിന്റെ വോട്ട് മൂല്യം 43,674 ആണ്. ഒഡിഷയില്‍ 21 എംപിമാരും 113 എംഎല്‍എമാരുമുള്ള ബിജെഡിയുടെ വോട്ട് മൂല്യം 31,705.
തെലങ്കാനയില്‍ 16 എംപിമാരും 103 എംഎല്‍എമാരുമുള്ള ടിആര്‍എസിന്റെ വോട്ട് മൂല്യം 24,924. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും കൂലി 65 എംപിമാരും 366 എംഎല്‍എമാരുമാണുള്ളത്. ആകെ വോട്ട് മൂലം 1,00,303. ഇവരുടെ പിന്തുണ നേടിയെടുക്കാന്‍ എന്‍ഡിഎയ്ക്കു കഴിഞ്ഞാല്‍ അവര്‍ക്ക് ആകെ ഇലക്ടറല്‍ കോളജിന്റെ 59 ശതമാനമാകും. എങ്കിലും കഴിഞ്ഞ തവണ കോവിന്ദിനു ലഭിച്ചതിനേക്കാള്‍ ഏഴ് ശതമാനം വോട്ട് കുറയും. മറ്റുള്ള കക്ഷികളുടെ പിന്തുണ യുപിഎയ്ക്കാണു ലഭിക്കുന്നതെങ്കില്‍ പ്രതിപക്ഷത്തിന്റെ വോട്ട് 51.1 ശതമാനമാകും. ഈ നേരിയ ഭൂരിപക്ഷത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
∙ യുപിയിലേക്ക് ഉറ്റുനോക്കി
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് എന്‍ഡിഎയാണ്. എന്നാല്‍ ഇവിടങ്ങളില്‍നിന്നുള്ള എംഎല്‍എമാരുടെ വോട്ട് മൂല്യം കുറവാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലൂടെയാവും 2022 ല്‍ രാഷ്ട്രപതിഭവനിലേക്കും 2024ല്‍ ഡല്‍ഹിയിലെ അധികാരകേന്ദ്രത്തിലേക്കുമുള്ള വഴി നീളുക.
2017ല്‍ കാഴ്ചവച്ച ഏറ്റവും മികച്ച പ്രകടനം ആവര്‍ത്തിക്കുകയെന്നതാണ് ബിജെപി യുപിയില്‍ ഇക്കുറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 403 സീറ്റുള്ള ഇവിടെ ഓരോ എംഎല്‍എയുടെയും രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മൂല്യം 208 ആണ്. യുപി നിയമസഭയുടെ ആകെ വോട്ട് മൂല്യം 83,824 (ഇലക്ടറല്‍ കോളജിലെ ആകെ എംഎല്‍എമാരുടെ 15.25 ശതമാനം).
2022 ല്‍ നഷ്ടമാകുന്ന ഓരോ സീറ്റും ബിജെപിക്ക് തിരിച്ചടിയാകും. ഇക്കുറി 100 സീറ്റ് നഷ്ടമായാലും ബിജെപിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാവും. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മൂല്യത്തില്‍ 1.8 ശതമാനത്തിന്റെ കുറവ് നേരിടേണ്ടിവരും. യുപിയിലെ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായാല്‍ മറ്റ് കക്ഷികളില്‍നിന്നുള്ള പിന്തുണ നേടിയെടുക്കാനും ബിജെപി പണിപ്പെടേണ്ടിവരുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജെഡിയു പോലെയുള്ള സഖ്യകക്ഷികളും വിലപേശാന്‍ സാധ്യതയുണ്ട്.
∙ പവാർ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമോ?
എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ അടക്കംപറച്ചില്‍. പ്രതിപക്ഷ നേതാക്കളുമായും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും നടത്തിയ കൂടിക്കാഴ്ചകള്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നുവെന്നും സൂചനയുണ്ട്.
യുപിയില്‍ ബിജെപി തകര്‍ന്നടിയുകയാണെങ്കില്‍ ഉരുത്തിരിഞ്ഞു വരാവുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ കണ്ണുനട്ടാണ് പവാറിന്റെ കളികള്‍. മമത ബാനര്‍ജി, എം.കെ.സ്റ്റാലിന്‍, അരവിന്ദ് കേജ്‌രിവാള്‍, തേജസ്വി യാദവ് എന്നിവരുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് കിഷോര്‍ ഡീല്‍മേക്കറായി രംഗത്തിറങ്ങുമെന്നാണു കരുതുന്നത്.
∙പ്രതിപക്ഷം വിജയിച്ചാല്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്റെ പല നീക്കങ്ങളും ചോദ്യം ചെയ്യപ്പെടുമെന്നതാണ് ബിജെപി മുന്‍കൂട്ടി കാണുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രതിപക്ഷത്തുനിന്നുള്ള ആളാണ് രാഷ്ട്രപതി ഭവനിലെങ്കില്‍ 370-ാം വകുപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടാം. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയെ പലതവണ വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
English Summary: 2022 Assembly polls in five states crucial for Presidential election - Analysis