കുട്ടികൾക്കും ക്രൂരപീഡനം, കൊന്നുതള്ളിയത് 20000 പേരെ;മുന്നിൽ നിന്നത് യുവ പ്രധാനമന്ത്രി
നൊബേൽ പുരസ്കാരവും പരിഷ്കരണ നടപടികളുമായി രാജ്യത്തിനകത്തും പുറത്തുമായി സ്വാധീനം വർധിച്ചതോടെ അബി അഹ്മദ് തനിനിറം കാട്ടിത്തുടങ്ങി. എതിരാളികളെയും എതിർപ്പുള്ള പത്രപ്രവർത്തകരെയും ജയിലിലാക്കി. ഇന്റർനെറ്റിനു നിയന്ത്രണം കൊണ്ടുവന്നു.....;Ehiopia News, Ehiopia Updates, Ethiopia Latest News
നൊബേൽ പുരസ്കാരവും പരിഷ്കരണ നടപടികളുമായി രാജ്യത്തിനകത്തും പുറത്തുമായി സ്വാധീനം വർധിച്ചതോടെ അബി അഹ്മദ് തനിനിറം കാട്ടിത്തുടങ്ങി. എതിരാളികളെയും എതിർപ്പുള്ള പത്രപ്രവർത്തകരെയും ജയിലിലാക്കി. ഇന്റർനെറ്റിനു നിയന്ത്രണം കൊണ്ടുവന്നു.....;Ehiopia News, Ehiopia Updates, Ethiopia Latest News
നൊബേൽ പുരസ്കാരവും പരിഷ്കരണ നടപടികളുമായി രാജ്യത്തിനകത്തും പുറത്തുമായി സ്വാധീനം വർധിച്ചതോടെ അബി അഹ്മദ് തനിനിറം കാട്ടിത്തുടങ്ങി. എതിരാളികളെയും എതിർപ്പുള്ള പത്രപ്രവർത്തകരെയും ജയിലിലാക്കി. ഇന്റർനെറ്റിനു നിയന്ത്രണം കൊണ്ടുവന്നു.....;Ehiopia News, Ehiopia Updates, Ethiopia Latest News
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയയാൾ ഇരുപതിനായിരത്തിലധികംപേരുടെ കൂട്ടക്കൊലയ്ക്കു കാരണക്കാരനാകുക, ജനങ്ങളോട് ആയുധമെടുക്കാൻ പരസ്യ ആഹ്വാനം നടത്തി നേരിട്ടു യുദ്ധരംഗത്തിറങ്ങുക, വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു ഭക്ഷണവും മരുന്നും തടഞ്ഞ് അവരെ കൊടുംപട്ടിണിക്കിടുക, ലോകരാഷ്ട്രങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സമാധാനശ്രമങ്ങൾ അവഗണിക്കുക– ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ് അലിക്ക് 2019ലെ സമാധാന നൊബേൽ സമ്മാനിച്ചതോർത്തു ദുഃഖിക്കുകയാണ് നോർവേയിലുള്ള നൊബേൽ സമിതി.
ഒടുവിൽ കഴിഞ്ഞ ദിവസം സമിതിക്കു പരസ്യമായി പറയേണ്ടിവന്നു: ഇത്യോപ്യയുടെ വടക്കൻ പ്രദേശത്തെ വംശീയ കലാപത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രിയെന്ന നിലയിലും നൊബേൽ സമ്മാനജേതാവ് എന്ന നിലയിലും അബി അഹ്മദിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇത്യോപ്യയിലെ സ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്നു മാത്രം ഇതുവരെ പറഞ്ഞിരുന്ന സമിതി ഇതാദ്യമായാണു സ്വന്തം സമ്മാനജേതാവിനെ നേരിട്ടു കുറ്റപ്പെടുത്തുന്നത്. സമിതി അധ്യക്ഷൻ ബെരിറ്റ് റീസ് ആൻഡേഴ്സൻ മറ്റൊന്നുകൂടി പറഞ്ഞു: സമ്മാനജേതാവിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ എപ്പോഴും വിലയിരുത്തുക സമിതിക്ക് അസാധ്യമാണ്.
പ്രതീക്ഷ നൽകി തുടക്കം
അയൽ രാജ്യമായ എറിട്രിയയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട അതിർത്തി സംഘർഷത്തിനു പരിഹാരം കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾക്കായിരുന്നു അബി അഹ്മദിനു നൊബേൽ കിട്ടിയത്. നാൽപത്തിയഞ്ചുകാരനായ അബി നിലവിൽ ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. 2018 ഏപ്രിലിലാണ് അഹ്മദ് അലി പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ദീർഘകാലം രാജ്യം ഭരിച്ച ഹെയ്‍ലി മറിയം ദെസാലെ, 3 വർഷം നീണ്ട രാഷ്ട്രീയ, ആഭ്യന്തര സംഘർഷങ്ങൾക്കൊടുവിൽ രാജിവച്ചതിനെത്തുടർന്നായിരുന്നു ഇത്.
ഭരണത്തിലെത്തിയ ശേഷം അബി അഹ്മദിന്റെ ആദ്യ പ്രധാന തീരുമാനം എറിട്രിയയുമായി സമാധാന ഉടമ്പടിക്കു തയാറാണെന്ന പ്രഖ്യാപനമായിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദീർഘമായ സംഘർഷങ്ങളിലൊന്നിന് അതോടെ അന്ത്യമായി. ആഴ്ചകൾക്കകം എറിട്രിയയുടെ പ്രസിഡന്റ് ഇസായിസ് അഫ്‌വെർകി ഇത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെത്തി, രണ്ടു പതിറ്റാണ്ടു മുടങ്ങിക്കിടന്ന ഗതാഗത പാതകൾ തുറന്നു, എംബസികൾ പ്രവർത്തനം പുനരാരംഭിച്ചു, കുടുംബങ്ങൾ ഒത്തുചേർന്നു. യുഎൻ ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കപ്പെട്ടു.
എൺപതിനായിരത്തോളം പേർ കൊല്ലപ്പെട്ട 20 വർഷം നീണ്ട യുദ്ധം 2000ത്തിൽ അവസാനിച്ചിരുന്നെങ്കിലും യുദ്ധസാഹചര്യം നിലനിൽക്കുകയായിരുന്നു. ഇത്യോപ്യയുടെ മുൻ പ്രവിശ്യയായ എറിട്രിയ 1993ലാണു സ്വതന്ത്രരാജ്യമായത്. നിരോധിത പ്രതിപക്ഷ സംഘടനകൾക്കു പ്രവർത്തന സ്വാതന്ത്ര്യം തിരികെ നൽകിയതും ആയിരക്കണക്കിനു തടവുകാരെ വിട്ടയച്ചതും സമൂഹമാധ്യമങ്ങൾക്കു മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും യുവനേതാവിന്റെ ശ്രദ്ധേയമായ തീരുമാനങ്ങളായിരുന്നു. ഇതിന്റെ പിൻബലത്തിലായിരുന്നു നൊബേൽ പുരസ്കാരവും.
മുൻപത്തെ ശത്രു, ഇപ്പോൾ മിത്രം
നൊബേൽ പുരസ്കാരവും പരിഷ്കരണ നടപടികളുമായി രാജ്യത്തിനകത്തും പുറത്തുമായി സ്വാധീനം വർധിച്ചതോടെ അബി അഹ്മദ് തനിനിറം കാട്ടിത്തുടങ്ങി. എതിരാളികളെയും എതിർപ്പുള്ള പത്രപ്രവർത്തകരെയും ജയിലിലാക്കി. ഇന്റർനെറ്റിനു നിയന്ത്രണം കൊണ്ടുവന്നു. പ്രതിപക്ഷ നേതാക്കളെ അഴിമതി ആരോപണം ഉന്നയിച്ചു വേട്ടയാടിത്തുടങ്ങി.
2019ൽ രാജ്യത്ത് ഏകകക്ഷി ഭരണത്തിലേക്കുള്ള നടപടികൾക്കൂടി ആരംഭിച്ചതോടെ ഇത്യോപ്യൻ രാഷ്ട്രീയത്തിലെ പ്രബല പാർട്ടിയും രണ്ടര പതിറ്റാണ്ടിലേറെ ഭരണകക്ഷിയുമായിരുന്ന ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) പ്രധാനമന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നു. രാജ്യത്തെ വിവിധ പ്രാദേശിക, വംശീയ പാർട്ടികളുടെ സഖ്യമായിരുന്ന ഇത്യോപ്യൻ പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ട് (ഇപിആർഡിഎഫ്) പിരിച്ചുവിട്ടു സഖ്യത്തിലെ പാർട്ടികളെ പുതുതായി രൂപീകരിച്ച പ്രോസ്പെരിറ്റി പാർട്ടിയിലേക്കു ലയിപ്പിക്കുകയായിരുന്നു. ടിപിഎൽഎഫ് ലയിക്കാൻ കൂട്ടാക്കിയില്ല.
2020 ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന പൊതുതിരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തിൽ നീട്ടിവച്ചതോടെ ഇത്യോപ്യൻ സർക്കാരിനെ വെല്ലുവിളിച്ച് ടിപിഎൽഎഫ് അവരുടെ ശക്തികേന്ദ്രമായ ടിഗ്രേയിൽ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. ഈ തർക്കങ്ങൾ 2020 നവംബർ ആയപ്പോഴേക്കും കൊടിയ വംശീയ യുദ്ധമായി മാറി. 2021ൽ ലോകത്ത് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട രാജ്യമെന്ന ചോരപ്പാട് ഇത്യോപ്യയ്ക്ക് ലഭിക്കാൻ ഇടയാക്കിയത് പ്രധാനമന്ത്രിയുടെ ഏകപക്ഷീയ നടപടികളായിരുന്നു.
2020 നവംബർ മൂന്നിന് ടിഗ്രേയിലെ സൈനിക ക്യാംപ് ടിപിഎൽഎഫിന്റെ സായുധസേനയായ ടിഗ്രേ ഡിഫൻസ് ഫോഴ്സ് (ടിഡിഎഫ്) ആക്രമിച്ചതോടെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇത്യോപ്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ആരംഭിച്ച യുദ്ധം സമീപ മേഖലകളിലേക്കും ബാധിച്ചു. ടിഗ്രേ വംശജരെ അടിച്ചമർത്താനുള്ള പ്രധാനമന്ത്രി അബി അഹ്മദിന്റെ ശ്രമങ്ങൾക്ക് ഇപ്പോൾ മുഖ്യപിന്തുണ നൽകുന്നത് എറിട്രിയയാണ്. അവരും ഇത്യേപ്യൻ സേനയ്ക്കൊപ്പം യുദ്ധമുന്നണിയിലുണ്ട്. ഒപ്പം ടിഗ്രേ വംശജർക്കെതിരെ അംഹാര വംശജരെ അണിനിരത്തുന്നതിലും അബി വിജയിച്ചു. അംഹാരകൾ ടിഗ്രേ വംശജരുടെ ഗ്രാമങ്ങൾ കൊള്ളയടിച്ചു നടത്തുന്ന കൂട്ടക്കൊല വംശഹത്യയാണെന്നു മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
വിമത മുന്നേറ്റം തടഞ്ഞ് ഡ്രോൺ
2020 നവംബർ 28ന് ടിഗ്രേ മേഖലയുടെ തലസ്ഥാനമായ മെക്കെല്ലെ ഇത്യോപ്യൻ സേന പിടിച്ചെടുക്കുകയും സംഘർഷം അവസാനിച്ചതായി അബി അഹമ്മദ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വിമത സേന കീഴടങ്ങാൻ കൂട്ടാക്കിയില്ല. ശക്തമായ പോരാട്ടത്തിനൊടുവിൽ 2021 ജൂണിൽ മക്കല്ലെയുടെ നിയന്ത്രണം വിമതസേന തിരിച്ചുപിടിച്ചു. തുടർന്ന് സമീപ മേഖലകളായ അംഹാരയും അഫാറയും പിടിച്ചെടുക്കുകയം ചെയ്തു.
തലസ്ഥാനമായ ആഡിസ് അബാബയിലേക്കുള്ള ഹൈവേ പ്രദേശങ്ങൾ പിടിച്ചെടുത്ത് വിമതസൈന്യം നീങ്ങിയതോടെ ഇത്യോപ്യൻ ഭരണനേതൃത്വം അങ്കലാപ്പിലായി. ആഡിസ് അബാബ പിടിച്ചെടുക്കുമെന്നായിരുന്നു ടിപിഎൽഎഫ് നേതാവ് ഡെബ്രെറ്റ്സിയൻ ഗെബ്രെമിക്കലിന്റെ പ്രഖ്യാപനം. ഇതോടെ അബി അഹ്മദ് രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. ടിപിഎൽഎഫുമായി ബന്ധമുള്ള ഒട്ടേറെപ്പേരെ തടവിലാക്കി.
ശക്തമായ പോരാട്ടത്തിലൂടെ വിമത സേനയുടെ മുന്നേറ്റം ആഡിസ് അബാബയ്ക്കു 100 മൈൽ അകലെവച്ചു തടയാനായി. വിമത സേനയ്ക്കു കനത്ത തിരിച്ചടി നേരിട്ടതോടെ അവർ ടിഗ്രേ പ്രദേശത്തേക്ക് ഒതുങ്ങി. യുഎഇ, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത സായുധ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു വിമതസേനയെ സൈന്യം നേരിട്ടത്.
ടിഗ്രേയിലെ അഭയാർഥി ക്യാംപുകൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി ആരോപണമുണ്ട്. ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്രസംഘടനയും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരം അകലെയാണ്. മേഖലയിൽ സമാധാനമുണ്ടാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരിട്ട് ഇടപെട്ടു. അബി അഹമ്മദിനെ ബൈഡൻ ഫോണിൽ വിളിച്ചതിനു പിന്നാലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഇത്യോപ്യ തയാറായെങ്കിലും ടിഗ്രേ മേഖലയിൽ ശക്തമായ സൈനിക നടപടി തുടരുകയാണ്.
വംശഹത്യ, പീഡനം, പലായനം
ഒരു വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ ഇതിനോടകം 20,000 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. 20 ലക്ഷം പേർ അഭയാർഥികളായി. കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരപീഡനത്തിന് ഇരയായി. ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ദിവസേന ഒട്ടേറെപ്പേർ കൊല്ലപ്പെടുന്നു.
ടിഗ്രേ മേഖലയിലേക്കുള്ള ഭക്ഷ്യസാമഗ്രികളുടെയും മരുന്നുകളുടെയും വിതരണം സർക്കാർ തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 15നുശേഷം മേഖലയിലേക്ക് ഒരു ട്രക്ക് പോലും ഭക്ഷ്യസാമഗ്രികളുമായി എത്തിയിട്ടില്ല. വിദേശത്തുനിന്നെത്തിക്കുന്ന ഭക്ഷ്യസാമഗ്രികളും അവശ്യവസ്തുക്കളും ഇത്യോപ്യൻ സൈന്യം തട്ടിയെടുക്കുന്നുവെന്നാണ് സന്നദ്ധസംഘടനകളുടെ ആരോപണം. ഇതോടെ ഭക്ഷ്യക്ഷാമം ഉൾപ്പെടെ സമാനതകളില്ലാത്ത ദുരിതമാണ് ടിഗ്രേ വംശജർ നേരിടുന്നത്.
ഭക്ഷ്യവിതരണം തടസ്സപ്പെടുത്തി ജനങ്ങളെ പട്ടിണിക്കിടുന്നതിനെതിരെ ഐക്യരാഷ്ട്രസംഘടനയും ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റ് ടെഡ്രോസ് അഥാനം ടിഗ്രേ വംശജനാണ്. ഇത്യോപ്യയുടെ മുൻ ആരോഗ്യ, വിദേശകാര്യ മന്ത്രിയായിരുന്നു. തന്റെ ജന്മനാട്ടിലേക്കു സഹായം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഇത്യോപ്യൻ സർക്കാർ തടസ്സം നിൽക്കുകയാണെന്ന് അഥാനം തുടരെയുള്ള ട്വീറ്റുകളിലുടെ ആരോപിച്ചു. ഭക്ഷണവും മരുന്നും കിട്ടാതെ ഈ പ്രദേശത്തെ 90 ശതമാനം ജനങ്ങളും നരകിക്കുകയാണെന്നും സർക്കാർ ഉപരോധം നീക്കണമെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ടെഡ്രോസ് അഥാനം വിമതസേനയ്ക്ക് ആയുധസഹായവും നയതന്ത്ര പിന്തുണയും നൽകുകയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ഇത്യോപ്യൻ സർക്കാർ ആവശ്യപ്പെട്ടു. കുപ്രചാരണങ്ങൾ നടത്തുക വഴി ലോകാരോഗ്യ സംഘടനയുടെ വിശ്വസ്യതയ്ക്കും സ്വതന്ത്രനിലപാടിനും കളങ്കം വരുത്തുകയാണെന്നും ഇത്യോപ്യ ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും പോരടിക്കുമ്പോഴും ടിഗ്രേ ജനതയ്ക്ക് ദുരിതത്തിൽനിന്നു മോചനമില്ല. സമാധാനത്തിന്റെ അപ്പോസ്തലനായി ലോകം വാഴ്ത്തിയ ആളിൽനിന്നാണ് ഈ കൊടിയ പീഡനങ്ങൾ എന്നതാണ് ലോകത്തെ ഞെട്ടിപ്പിക്കുന്നത്.
English Summary: Ethiopia War and The Nobel Peace Prize-Winning Prime Minister who now Leads Mass Killings!