'ഇനി സിപിഎം–സിപിഐ ഒന്നാകലിന്റെ ഘട്ടം; കെ–റെയിലിനായി ജനങ്ങളെ ഭയപ്പെടുത്തരുത് '
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ യാഥാർഥ്യമായി അടിവരയിട്ട് ഞാൻ കാണുന്നത് സിപിഎം–സിപിഐ ബന്ധമാണ്. ആ ബന്ധം എല്ലാറ്റിന്റെയും തിരികുറ്റിയാണ്. അതിന് ഒരു തകർച്ച ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ തമ്മിൽ സംവാദങ്ങൾ നടക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഒന്നാകണമെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. Binoy Viswam, Binoy Viswam News, Binoy Viswam Latest News, Binoy Viswam Interview,
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ യാഥാർഥ്യമായി അടിവരയിട്ട് ഞാൻ കാണുന്നത് സിപിഎം–സിപിഐ ബന്ധമാണ്. ആ ബന്ധം എല്ലാറ്റിന്റെയും തിരികുറ്റിയാണ്. അതിന് ഒരു തകർച്ച ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ തമ്മിൽ സംവാദങ്ങൾ നടക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഒന്നാകണമെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. Binoy Viswam, Binoy Viswam News, Binoy Viswam Latest News, Binoy Viswam Interview,
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ യാഥാർഥ്യമായി അടിവരയിട്ട് ഞാൻ കാണുന്നത് സിപിഎം–സിപിഐ ബന്ധമാണ്. ആ ബന്ധം എല്ലാറ്റിന്റെയും തിരികുറ്റിയാണ്. അതിന് ഒരു തകർച്ച ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ തമ്മിൽ സംവാദങ്ങൾ നടക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഒന്നാകണമെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. Binoy Viswam, Binoy Viswam News, Binoy Viswam Latest News, Binoy Viswam Interview,
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാറ്റി നിർത്തിയാൽ സിപിഐയുടെ പരമോന്നത സമിതിയായ കേന്ദ്ര സെക്രട്ടേറിയറ്റിൽ കേരളത്തിൽ നിന്ന് ഒരു നേതാവ് മാത്രമേയുള്ളൂ: രാജ്യസഭാംഗം കൂടിയായ ബിനോയ് വിശ്വം. സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളെ കൂട്ടിയിണക്കുന്ന കണ്ണി കൂടിയാണ് ഇന്നു ബിനോയ്. ഡൽഹിയിലെ ചുമതലകൾക്കൊപ്പം കേരള നേതൃത്വത്തെ സഹായിക്കുക എന്ന ദൗത്യവും അദ്ദേഹം നിർവഹിക്കുന്നു.
വിഎസ് സർക്കാരിന്റെ കാലത്ത് വനം–പരിസ്ഥിതി മന്ത്രി ആയിരുന്ന ബിനോയ് വിശ്വം പരിസ്ഥിതി വിഷയങ്ങളിൽ പുലർത്തുന്ന പ്രതിബദ്ധത അദ്ദേഹത്തെ രാഷ്ട്രീയ നേതൃനിരയിൽ വ്യത്യസ്തനാക്കുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ ഒഴിച്ചു നിർത്തിയുള്ള ഒരു ബദലിനു പ്രസക്തിയില്ലെന്ന ബിനോയിയുടെ നിലപാട് വലിയ രാഷ്ട്രീയ സംവാദത്തിന് കളമൊരുക്കി. ദേശീയ ബദലും കെ–റെയിലും കമ്മ്യൂണിസ്റ്റ് ഏകീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബിനോയ് വിശ്വം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ ബിനോയ് വിശ്വം നടത്തിയ സംഭാഷണം:
∙കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിനു സാധിക്കില്ലെന്ന താങ്കളുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചയ്ക്കു തുടക്കമിട്ടു. രാജ്യത്ത് പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസിനു മാത്രമെ സാധിക്കൂ എന്നാണോ നിലപാട്?
അത് എഴുതാപ്പുറം വായിക്കലാണ്. രാഷ്ട്രീയത്തിൽ ചർച്ചകളെ ഭയപ്പെടേണ്ടതില്ല. പക്ഷേ വാർത്ത സൃഷ്ടിക്കാനുള്ള ബഹളത്തിനിടയിൽ ഞാൻ ആ യോഗത്തിൽ പറഞ്ഞ പല ഗൗരവമുള്ള കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി. കോൺഗ്രസിന്റെ നേതൃത്വത്തിൽ മാത്രമെ ബിജെപി വിരുദ്ധ മുന്നേറ്റം ഉണ്ടാകൂ എന്നു ഞാൻ ചിന്തിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. പക്ഷേ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നതും കഴിയേണ്ടതുമായ പാർട്ടിയാണ് കോൺഗ്രസ്. ഞാൻ കോൺഗ്രസിനെ പുകഴ്ത്തിയെന്നാണ് പലരും ആക്ഷേപിക്കുന്നത്. യഥാർഥത്തിൽ കോൺഗ്രസിനു സംഭവിച്ച അപചയങ്ങളെ വിമർശിക്കുകയാണ് ഞാൻ ചെയ്തത്. ഉദാരവൽക്കരണത്തിന്റെ വഴിയിലേക്ക് കോൺഗ്രസ് പാഞ്ഞു കയറിയപ്പോൾ അവർ നെഹ്റുവിനെ മറന്നു. അതോടെ കോൺഗ്രസിന്റെ തകർച്ചയും തുടങ്ങി. ആ കുറ്റപത്രമാണ് ഞാൻ അവതരിപ്പിച്ചത്.
∙പക്ഷേ കോൺഗ്രസിനോടുള്ള മമത ആ പ്രസംഗത്തിൽ പ്രകടമായിരുന്നില്ലേ?
കോൺഗ്രസ് തകർന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനല്ല ഞാൻ. കോൺഗ്രസ് തകർന്നാലുള്ള ശൂന്യത നികത്താൻ ഇടതുപക്ഷത്തിനു കഴിയില്ല. അങ്ങനെ കഴിയുമായിരുന്നെങ്കിൽ നല്ല കാര്യം. പക്ഷേ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ ക്ഷയിച്ചാൽ ആ ഇടം കൂടി കവരുന്നത് ബിജെപിയാകും. ബിജെപിയെ ശക്തിപ്പെടുത്തൽ അല്ല ഞങ്ങളുടെ ലക്ഷ്യം.
∙ സിപിഐയുടെ നിലപാട് കോൺഗ്രസ് വേദിയിൽ പോയല്ല വ്യക്തമാക്കേണ്ടതെന്നും താങ്കളുടെ പ്രതികരണം അനവസരത്തിലായിപ്പോയെന്നും താങ്കളുടെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നല്ലോ?
അങ്ങനെ ചില സുഹൃത്തുക്കൾ പറയുന്നുണ്ട്. കോൺഗ്രസിനെതിരെ ഉള്ള വിമർശനം അവരുടെ വേദിയിൽ അല്ലേ പറയേണ്ടത്. കോൺഗ്രസുകാരുടെ കയ്യടി കിട്ടാൻ വേണ്ടി അവർക്ക് ഇഷ്ടമുള്ള കാര്യം പറയുകയല്ല ഞാൻ ചെയ്തത്. പി.ടി.തോമസിനെപ്പോലെ ഒരു നേതാവിനെ അനുസ്മരിക്കുന്ന വേദിയിൽ കഴമ്പുള്ള ഒരു രാഷ്ട്രീയ നിലപാട് പ്രകടിപ്പിക്കേണ്ടതാണെന്ന് എനിക്കു തോന്നി. വേണമെങ്കിൽ തോമസുമായുള്ള അടുത്ത സ്നേഹബന്ധവും അദ്ദേഹത്തിന്റെ സവിശേഷതകളും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കാം.. പകരം അദ്ദേഹത്തിന്റെ സ്മരണയോടു നീതി കാട്ടുകയാണ് ഞാൻ ചെയ്തത്. കോൺഗ്രസിന്റെ വേദിയിൽ തന്നെയാണ് ആ പ്രസംഗം ചെയ്യേണ്ടിയിരുന്നത്. പ്രസംഗം മുഴുവൻ കേൾക്കാൻ ക്ഷമയില്ലാത്തവർ വിമർശിക്കുന്നതിന് മറുപടിയില്ല.
∙ പഴയ ഡാങ്കെയിസത്തിന്റെ തികട്ടലാണ് താങ്കളുടെ വാക്കുകളിൽ എന്നതിന് എന്താണ് മറുപടി?
അതെല്ലാം അതിരു കവിഞ്ഞ വായനയാണ്. അതിനൊന്നും നിന്നു തരാൻ എന്നെ കിട്ടില്ല. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാണ്. എന്റെ പാർട്ടിയുടെ രാഷ്ട്രീയമാണ് ഞാൻ പറയുന്നത്. ഉൾപ്പാർട്ടി സമരങ്ങൾ എക്കാലത്തും പാർട്ടിയിൽ ഉണ്ടായിട്ടുണ്ട്. ഡാങ്കെയുടെ ലൈനിനെ എതിർത്തപ്പോഴും ഡാങ്കെയെ പുറത്താക്കിയപ്പോഴും പാർട്ടിയായിരുന്നു ശരി. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഒരാളാണ് ഡാങ്കെ എന്നൊന്നും ഞങ്ങൾ നോക്കിയിട്ടില്ല. തികട്ടൽ ഉണ്ടെങ്കിൽ അതു നിങ്ങളുടെ പ്രശ്നമാണ്.
∙ കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ ‘ഹാങ് ഓവറും’ താങ്കളുടെ വാക്കുകളിൽ ദർശിക്കുന്നവരുണ്ടല്ലോ?
എന്തിന്! കനയ്യകുമാറിനോട് ഞങ്ങളെല്ലാം വലിയ വാത്സല്യവും സ്നേഹവും കാണിച്ചു. മറ്റാർക്കു നൽകാത്ത പരിഗണന പാർട്ടി അദ്ദേഹത്തിനു നൽകി. സിപിഐയിൽ ചേർന്നു പത്തു കൊല്ലത്തിനുള്ളിൽ അദ്ദേഹത്തെ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി. നാൽപതും അൻപതും കൊല്ലം പ്രവർത്തിച്ചവർക്ക് എത്തിപ്പെടാൻ കഴിയാത്ത ഉന്നതമായ പദവിയിലാണ് അദ്ദേഹത്തെ അവരോധിച്ചത്. ഉൾക്കൊള്ളാൻ കഴിയാത്ത പ്രമോഷൻ ലഭിച്ചെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാകും. പാർട്ടി വിട്ടു പോകുന്നതിനു തലേന്നു വരെയും കനയ്യയോട് സംസാരിച്ചയാളാണ് ഞാൻ.
സിപിഐ ഉപേക്ഷിച്ച് എങ്ങോട്ട് പോകാനെന്നും ഈ പാർട്ടിക്ക് അപ്പുറം എനിക്ക് ഒന്നുമില്ലെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഇക്കാര്യം പറയാനായി എന്നെ അടിക്കടി വിളിക്കരുതെന്നും അഭ്യർഥിച്ചു. എന്നെ പോലെ ഒരാൾ സംശയിച്ചാൽ ദു:ഖമുണ്ടാക്കുമെന്നു വരെ പറഞ്ഞു. പിറ്റേന്നു രാവിലെ പത്തു മണിക്ക് കോൺഗ്രസ് ഓഫിസിൽ പോയി നിൽക്കുന്നതാണ് കണ്ടത്!
∙ അതു വലിയ വഞ്ചനയാണല്ലോ?
ആ വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. പക്ഷേ തലേന്നെങ്കിലും അക്കാര്യം പറയാമായിരുന്നു.
∙ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസ് വിശ്വസിക്കാവുന്ന ബദൽ അല്ലെന്നാണല്ലോ സിപിഎമ്മിന്റെ അഭിപ്രായം?
ഒരു ബദൽചേരിയെ നയിക്കാനുള്ള ശേഷി ഇന്നത്തെ കോൺഗ്രസിന് ഇല്ല. അവരുടെ പഴയ പ്രതാപമെല്ലാം പോയി. ഇന്നത്തെ കോൺഗ്രസ് ബിജെപി വിരുദ്ധ ചേരിയിലെ പല പാർട്ടികളിൽ ഒന്നു മാത്രമാണ്. പക്ഷേ എന്തെല്ലാം വിയോജിപ്പുള്ളപ്പോഴും മതനിരപേക്ഷത എന്ന ആശയത്തോട് പ്രതിപത്തി കാണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും അവരുണ്ട്. അങ്ങനെ ഒരു പാർട്ടിക്ക് ബിജെപി വിരുദ്ധ സഖ്യത്തിൽ ഒരു പങ്ക് വഹിക്കാനുണ്ട്.ആ സത്യം എല്ലാവർക്കും അംഗീകരിക്കാൻ കഴിയണം. ബിജെപി വിരുദ്ധ– കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഇന്ത്യൻ യാഥാർഥ്യങ്ങൾക്കു ചേർന്നതല്ല.
ബിജെപിയും കോൺഗ്രസും ഒരു പോലുള്ള രണ്ടു ശത്രുക്കളുമല്ല. ഒരേ സമയം രണ്ടു ശത്രുക്കൾക്കെതിരെ പോരാടരുത് എന്നതു രണ്ടാം ലോകമഹായുദ്ധക്കാലം മുതൽ കമ്യൂണിസ്റ്റുകാർ പഠിച്ച പാഠമാണ്. ഏതു സമരത്തിലും നിങ്ങൾക്ക് ഒരു മുഖ്യശത്രു ഉണ്ടാകണം. ഞങ്ങളുടെ ദൃഷ്ടിയിൽ ആ മുഖ്യശത്രു ആർഎസ്എസിന്റെ ഫാഷിസ്റ്റ് ആശയസംഹിതകളാൽ നയിക്കപ്പെടുന്ന ബിജെപിയാണ്. ഇന്ത്യയിൽ ഫാഷിസം വരുമെങ്കിൽ അതിന്റെ വാഹനം ബിജെപിയായിരിക്കും. വംശാഭിമാനം അതിന്റെ ഉത്തുംഗതയെ പ്രാപിച്ച മാതൃകാഭൂമിയാണ് ജർമനി എന്നാണ് ഗോൾവൽക്കർ പറഞ്ഞിട്ടുള്ളത്.ജർമനിയുടെ അനുഭവത്തിൽ നിന്ന് ഹിന്ദുസ്ഥാന് പല പാഠങ്ങളും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അർഥം എന്താണ്! ഹിറ്റ്ലറുടെയും മുസോളിനിയുടെയും ആശയങ്ങളാണ് ബിജെപിയെ നയിക്കുന്നത്. കോൺഗ്രസ് ബൂർഷ്വാ പാർട്ടിയായിരിക്കുമ്പോൾ തന്നെ അവരെ ഒരു ഫാഷിസ്റ്റ് പാർട്ടിയായി ഞങ്ങൾ കാണുന്നില്ല ഒരു മതനിരപേക്ഷ പാർട്ടി ആയി തുടരുന്നയിടത്തോളം കാലം അവർക്ക് ബിജെപിക്കെതിരെ ഒരു റോൾ വഹിക്കാനുണ്ട്. പക്ഷേ കോൺഗ്രസിനെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അവർ തന്നെ ആ കടമ നിർവഹിക്കണം.
∙ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ സഖ്യമാണ് ഇപ്പോൾ ആവശ്യം, ദേശീയ ബദലിന് പ്രസക്തി ഇല്ല എന്ന സിപിഎം നിലപാടിനോട് എന്താണ് സമീപനം?
സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ കോൺഗ്രസ് വിരുദ്ധ, ബിജെപി വിരുദ്ധ രാഷ്ട്രീയങ്ങൾ രണ്ടും കൂടി അവർ പറയാൻ പോകുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. മൗലികമായി സിപിഎമ്മും സിപിഐയും പറയുന്ന കാര്യങ്ങളിൽ വ്യത്യാസമില്ല. കോൺഗ്രസ് ഇല്ലാത്ത ഒരു ബദലിനെപ്പറ്റി ചിന്തിക്കാൻ സാധിക്കില്ല. എന്നാൽ കോൺഗ്രസിന് ആ ബദലിൽ മുഖ്യപങ്കില്ല. ആ മുന്നണിയെ നയിക്കാനും അവർക്ക് സാധിക്കില്ല. അതിനുള്ള ശേഷി ഇന്ന് കോൺഗ്രസിനില്ല. പക്ഷേ കോൺഗ്രസ് വർജ്ജിക്കപ്പെടേണ്ട പാർട്ടിയല്ല. കോൺഗ്രസിനെയും ബിജെപിയെയും ഒരു പോലെ കാണണമോ എന്നു ചോദിച്ചാൽ അതിന്റെ ആവശ്യമില്ല.ദേശീയ ബദൽ പല രീതിയിൽ രൂപപ്പെടാം.സംസ്ഥാനങ്ങളിലെ സഖ്യങ്ങൾക്കും അതിൽ ഒരു പങ്കുണ്ടാകും. ഒരു സംസ്ഥാനത്ത് ഞങ്ങൾ കോൺഗ്രസുമായി സഖ്യത്തിലായിരിക്കും, തൊട്ടടുത്ത സംസ്ഥാനത്ത് മുഖ്യശത്രു കോൺഗ്രസ് ആയിരിക്കും.
∙കോൺഗ്രസ് ബന്ധം സംബന്ധിച്ച് ഏകാഭിപ്രായത്തിലേക്ക് ഇരുപാർട്ടികളും വരുമോ? സിപിഐ നിലപാടിലേക്ക് സിപിഎമ്മും എത്തുമെന്നാണോ?
സംശയം എന്ത്! ആത്യന്തികമായി അതു സംഭവിക്കും. ബിജെപി മുഖ്യശത്രുവല്ലെന്നോ ആർഎസ്എസിന് ഫാഷിസ്റ്റ് സ്വഭാവം ഇല്ലെന്നോ ഉള്ള അഭിപ്രായങ്ങൾ സിപിഎമ്മിനുമില്ലല്ലോ.
∙പക്ഷേ ബംഗാളിൽ ബിജെപിക്കും തൃണമൂലിനും എതിരെ ഇടതുമുന്നണി കോൺഗ്രസ് സഖ്യത്തിനു പോയത് എന്തു പ്രയോജനമാണ് ഉണ്ടാക്കിയത്? ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയെ തന്നെ ആ സഖ്യം ബാധിച്ചെന്നാണല്ലോ കേരളത്തിലെ സിപിഎം നേതാക്കൾ ആരോപിക്കുന്നത്.
ഒരു തിരിച്ചടി കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല. അതിന്റെ പാഠങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും. ബംഗാൾ രാഷ്ട്രീയത്തിന്റെ അവസാന വാക്ക് പക്ഷേ അതാണെന്ന് പറയാനും കഴിയില്ല. ഞങ്ങൾക്ക് അവിടെ എത്രമാത്രം വിജയിക്കാൻ സാധിച്ചെന്ന് അറിയില്ല. ബംഗാളിലെ വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ, രാഷ്ട്രീയ സഖ്യത്തിന്റെ കാര്യത്തിൽ പോരായ്മ സംഭവിച്ചോ എന്നതെല്ലാം സിപിഐയും സിപിഎമ്മും പരിശോധിക്കും.
∙ ദേശീയ തലത്തിൽ സിപിഎമ്മും സിപിഐയും ബദലിന്റെ കാര്യത്തിൽ വ്യത്യസ്ത സമീപനങ്ങൾ എടുത്താൽ ഇടത് ഐക്യത്തെ ബാധിക്കില്ലേ?
ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ യാഥാർഥ്യമായി അടിവരയിട്ട് ഞാൻ കാണുന്നത് സിപിഎം–സിപിഐ ബന്ധമാണ്. ആ ബന്ധം എല്ലാറ്റിന്റെയും തിരികുറ്റിയാണ്. അതിന് ഒരു തകർച്ച ഉണ്ടാകാൻ പോകുന്നില്ല. ഞങ്ങൾ തമ്മിൽ സംവാദങ്ങൾ നടക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ഒന്നാകണമെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. സിപിഎമ്മും സിപിഐയും പിരിയാൻ വേണ്ടിയാണ് താങ്കൾ കാത്തിരിക്കുന്നതെങ്കിൽ നിരാശനാകേണ്ടി വരും. കേരളത്തിലെ എൽഡിഎഫ് സർക്കാർ സിപിഎം–സിപിഐ ഐക്യത്തിന്റെ വലിയ സമ്പാദ്യമാണ്. ബിജെപി ഭരിച്ചു മുടിക്കുന്ന ഇന്ത്യയ്ക്ക് ഇടതുപക്ഷം കാണിച്ചു കൊടുക്കുന്ന ബദലാണ് ഈ സർക്കാർ.അതിനെ കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങൾ കാത്തു സൂക്ഷിക്കും. അത് എത്രമാത്രം സിപിഎമ്മിന്റെ സർക്കാരാണോ അത്രയും സിപിഐയുടേതുമാണ്.
∙ ബിജെപി വിരുദ്ധ പോരാട്ടത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് തെറ്റായിപ്പോയില്ലേ? കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ദേശീയതലത്തിലെ തകർച്ച അവിടെയല്ലേ തുടങ്ങിയത്?
യുപിഎ സർക്കാരിന്റെ അവസാന ഘട്ടത്തിൽ സർക്കാരിനും മുന്നണിക്കും പാളിച്ചകൾ സംഭവിച്ചു. ഇടതുപക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത പല വ്യതിയാനങ്ങളും ആ സർക്കാരിന് ഉണ്ടായി. അതിന്റെ മൂർധന്യാവസ്ഥയിലാണ് പിന്തുണ പിൻവലിച്ചത്. പക്ഷേ ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിച്ചത് കൂടുതൽ ആലോചിച്ചു ചെയ്യേണ്ടതായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെ ഇന്ത്യൻ ജനതയെ നേരിട്ടു ബാധിക്കുന്ന പല വിഷയങ്ങൾ ഉണ്ടായിരിക്കെ അക്കാര്യങ്ങളിലെ പ്രതിഷേധം ശക്തമാക്കി പിന്തുണ പിൻവലിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കുറച്ചു കൂടി ബോധ്യപ്പെടുമായിരുന്നു. പക്ഷേ അതിനുള്ള രാഷ്ട്രീയ സാവകാശമോ ദൂരക്കാഴ്ച്ചയോ പ്രകടിപ്പിച്ചില്ല.
പകരം ഇന്റലക്ച്വൽ എന്നു പറയാവുന്ന ഒരു വിഭാഗത്തിന് മാത്രം മനസ്സിലാകുന്ന ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിക്കുകയാണ് ചെയ്തത്. യുപിഎ ബന്ധം വിച്ഛേദിക്കേണ്ടി വന്നേക്കാം.പക്ഷേ അതിനു പറഞ്ഞ കാരണം തീരുമാനം അടവുപരമായി ഉചിതമായിരുന്നോ എന്ന സംശയം അന്നും ഇന്നുമുണ്ട്. ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐക്യ മുന്നണി എന്ന സംവിധാനം ഇനിയും ഇവിടെ തുടരേണ്ടതാണ് എന്നിരിക്കെ ആ അനുഭവം ഒരു പാഠമാണ്.
∙ താങ്കളുടെ പ്രസ്താവനയ്ക്കു ശേഷം പഴയ കോൺഗ്രസ്–സിപിഐ സഖ്യത്തെക്കുറിച്ചുളള ഗൃഹാതുരത്വം ചില കോൺഗ്രസ് നേതാക്കൾ പങ്കുവച്ചു.ആ ഐക്യമുന്നണി സർക്കാരിന് പകരം വയ്ക്കാവുന്ന ഒരു സർക്കാർ പിന്നീട് ഉണ്ടായിട്ടില്ലെന്ന വാദത്തോട് യോജിപ്പുണ്ടോ?
ആ രാഷ്ട്രീയ ഗൃഹാതുരത്വത്തെക്കുറിച്ച് ഒന്നും പറയാനില്ല. എന്നാൽ സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ എന്നും അഭിമാനിക്കാവുന്നതാണ്. ആ സർക്കാരിന് പകരം വയ്ക്കാവുന്ന ഒരു മോഡൽ ഉണ്ടായിട്ടില്ല. അന്നത്തെ രാഷ്ട്രീയത്തെക്കുറിച്ചല്ല ഞങ്ങൾ പറയുന്നത്.ആ സഖ്യം ശരിയല്ലെന്നു കണ്ട് ഞങ്ങൾ തന്നെ തിരുത്തിയതാണ്.
∙പഴയ ആ കോൺഗ്രസ് കൂട്ടുകെട്ടിന് പ്രസക്തി തീരെ കാണുന്നില്ലെന്നാണോ?
അതെ. അത് അന്നത്തെ രാഷ്ട്രീയമായിരുന്നു. അന്നത്തെ ശരി ഇന്നത്തെ ശരി ആകണമെന്നില്ല. അതു കൊണ്ട് ഞങ്ങൾക്ക് ഒരു നോസ്റ്റാൾജിയയുമില്ല.
∙ സിൽവർ ലൈൻ റയിൽ പദ്ധതിയുടെ പേരിൽ ഭരണ–പ്രതിപക്ഷങ്ങൾ ഇന്നു കേരളത്തിൽ ചേരി തിരിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് കരുതുന്നുണ്ടോ?
ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താതെയും അവരുടെ ആശങ്ക അകറ്റാതെയും ഒരു വികസനപദ്ധതിയുമായും എൽഡിഎഫ് സർക്കാർ പോകില്ല.അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.
∙ രാഷ്ട്രീയ നേതാവ് എന്നതിന് അപ്പുറം തികഞ്ഞ പരിസ്ഥിതി വാദിയായാണ് താങ്കളെ കാണുന്നത്. 2018 ലെ പ്രളയത്തിനു ശേഷം നിർമാണ പദ്ധതികളുടെ കാര്യത്തിൽ കേരളം വളരെ സൂക്ഷിച്ചു നീങ്ങേണ്ട സാഹചര്യമില്ലേ?
തീർച്ചയായും. അന്നു പ്രളയം കഴിഞ്ഞ പാടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പുതിയ കേരളത്തെ കെട്ടിപ്പടുക്കും എന്നായിരുന്നു ആ കേരളം ഒരിക്കലും പഴയ കേരളമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പറഞ്ഞതിൽ എല്ലാമുണ്ട്. ഒരു കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും എന്താണോ പറയേണ്ടത് അതു മുഴുവൻ ആ വാക്കുകളിൽ ഞാൻ വായിച്ചു.
∙ സിൽവർ ലൈനിനായി ജലമൊഴുക്ക് തടസ്സപ്പെടുത്തിയാൽ വെള്ളപ്പൊക്കം ഉൾപ്പെടെ പാരിസ്ഥിതികമായ പ്രശ്നങ്ങൾ ഉണ്ടാവില്ലേ?
ജനങ്ങളുടെ ആശങ്കകളെല്ലാം ഉൾക്കൊണ്ടും പരിഹരിച്ചും മാത്രമെ മുന്നോട്ടു പോകൂ എന്നു പറയുമ്പോൾ എല്ലാം അടങ്ങിയിട്ടുണ്ട്.
∙ഇതു പറയുമ്പോഴും കല്ലിടൽ അടക്കമുള്ള കാര്യങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയല്ലേ?
ജനങ്ങളെ അവഗണിച്ചും ഭയപ്പെടുത്തിയും മുന്നോട്ടു പോകുന്ന ഒരു സർക്കാരാകില്ല കമ്യൂണിസ്റ്റ് സർക്കാർ.അവർക്കു ജനങ്ങളെ മാനിച്ചേ കഴിയൂ.അതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മൗലികത
∙എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ പേരിൽ ഒരു പദ്ധതിയെ കണ്ണുമടച്ച് അംഗീകരിക്കേണ്ട കാര്യമുണ്ടോ?
കാലാവസ്ഥാ പ്രശ്നങ്ങൾ, ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വെള്ളപ്പൊക്കം ഇതിനെല്ലാം സർക്കാർ പ്രാധാന്യം കൊടുക്കും. സാമൂഹിക–പാരിസ്ഥിതിക പ്രത്യാഘാതം സംബന്ധിച്ച പഠനങ്ങളും പ്രധാനമാണ്
∙ജനങ്ങളുടെ ആശങ്ക എന്നു പറയുമ്പോൾ അതു സിപിഐ പങ്കുവയ്ക്കുന്ന ആശങ്ക കൂടിയാണോ?
ജനങ്ങളുടെ ഉത്കണ്ഠ പരിഹരിക്കുക എന്നത് എൽഡിഎഫിന്റെ പൊതു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിൽ സിപിഐയുമുണ്ട്.
∙അത്തരം ആശങ്കകൾ താങ്കൾക്കും ഉള്ളതു കൊണ്ടല്ലേ പദ്ധതിക്കു വേണ്ടി കേന്ദ്രമന്ത്രിയെ സന്ദർശിച്ച എൽഡിഎഫ് സംഘത്തിൽ നിന്നു താങ്കൾ വിട്ടു നിന്നത്?
ആ വിഷയം വിടൂ, അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച വേണ്ട.
∙ചൈന ആർജിച്ച പുരോഗതിയെ സമീപകാലത്തായി കേരളത്തിലെ സിപിഎം നേതാക്കൾ അവരുടെ സമ്മേളനങ്ങളിൽ ഉയർത്തിക്കാണിക്കാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ചൈനീസ് വികസന മാതൃകയെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യയുടെ സോഷ്യലിസ്റ്റ് നിർമാണത്തിൽ അന്ധമായി അനുകരിക്കേണ്ട ഒരു മാതൃകയില്ല.ലോകത്തിലെ എല്ലാ അനുഭവങ്ങളും ഞങ്ങൾക്ക് പഠിക്കാം. ഞങ്ങൾക്ക് സോവിയറ്റ് മാതൃകയുമില്ല, ചൈനീസ് മാതൃകയുമില്ല.എന്നാൽ രണ്ടിടത്തെയും അനുഭവങ്ങളുണ്ട്. ഈ രണ്ടു രാജ്യങ്ങളുടെ പേരിൽ ഞങ്ങൾ കലഹിച്ചിട്ടുണ്ട്.അന്നത്തെ രൂപത്തിൽ സോവിയറ്റ് യൂണിയനും ഇല്ല, ചൈനയും ഇല്ല. അമേരിക്കയെ പോലും അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക പുരോഗതി ചൈന കൈവരിച്ച നേട്ടമാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം, പെരുകുന്ന അഴിമതി ഇതെല്ലാം അവരും സമ്മതിക്കുന്ന കോട്ടങ്ങളുമാണ്. അവരുടെ ശരികളെ മാനിക്കും, തെറ്റുകളെ തള്ളിപ്പറയും. ഞങ്ങൾക്കു വഴികാട്ടി ഇന്ത്യൻ അനുഭവങ്ങളാണ്. ചൈനയുടേതല്ല
∙ അതിർത്തിയിൽ അടിക്കടി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ചൈനയെ പുകഴ്ത്തുന്നത് നമ്മുടെ സമൂഹം തുറന്ന മനസ്സോടെ സ്വീകരിക്കുമോ?
ഞങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ചൈനയുടെ ഭാഗത്തു നിന്ന് ഇന്ത്യയുടെ മേൽ എന്തെങ്കിലും കയ്യേറ്റം ഉണ്ടായാൽ ഞങ്ങൾ ഇന്ത്യയ്ക്കൊപ്പം നിൽക്കും. തർക്കങ്ങൾ തീർക്കാൻ യുദ്ധമല്ല പരിഹാരം.അതിർത്തി പ്രശ്നങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ചർച്ചകളിലൂടെ അതിനു പരിഹാരം കണ്ടെത്തണം.
∙ രവീന്ദ്രൻ പട്ടയം വീണ്ടും ഇടുക്കിയിൽ വിവാദമായി ഉയർന്നല്ലോ? നിയമ സാധുതയില്ലാത്ത ഈ പട്ടയം അടിക്കടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ആവശ്യമല്ലേ?
അക്കാര്യം റവന്യൂമന്ത്രി കെ.രാജൻ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ആ പട്ടയത്തിന് കടലാസിന്റെ പോലും വിലയില്ല. അത് ഉള്ളവർക്ക് വീട് നിർമിക്കാനുള്ള അനുമതിക്കായി അപേക്ഷ കൊടുക്കാൻ പോലും കഴിയില്ല. അതു കൊണ്ടു തന്നെ സാധുതയുള്ള പട്ടയം അർഹരായവർക്ക് കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനൊപ്പം നിൽക്കാനാണ് തീരുമാനമെന്ന് സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. പശ്ചിമ ഘട്ടം ഉണ്ടെങ്കിൽ മാത്രമേ കൃഷിക്കാരനും കൃഷിഭൂമിയും ഉള്ളൂവെന്നതും ഇക്കൂട്ടത്തിൽ മനസ്സിലാക്കണം.അവിടുത്തെ പുഴകളും നദികളും എല്ലാം സംരക്ഷിച്ചാൽ മാത്രമെ കൃഷി നിലനിൽക്കൂ. ഇക്കാര്യം പറഞ്ഞാൽ കൃഷിക്കാരനെ പോലെ മനസ്സിലാകുന്ന ആരും ഉണ്ടാകില്ല.
∙ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ സിപിഐ അടക്കം പാർട്ടിയുടെ പരിപാടികൾ മാറ്റിവച്ചു. കോടതി ഇടപെടലിനു മുൻപു തന്നെ സമ്മേളനങ്ങൾ നീട്ടിവച്ച് സിപിഎം മാതൃക കാണിക്കേണ്ടതായിരുന്നില്ലേ?
തുടങ്ങിയ സമ്മേളനം നടുക്കു വച്ചു നിർത്താനുള്ള മാതൃക സിപിഎം കാണിച്ചു എന്നാണ് ഞാൻ കാണുന്നത്.
∙ അതിന് അവർ നിർബന്ധിതരായതാണല്ലോ?
ഞാൻ പറഞ്ഞല്ലോ,തുടങ്ങിയ സമ്മേളനം തന്നെ നിർത്തിവച്ച സിപിഎം മാതൃകയാണ് എനിക്ക് കൂടുതൽ സ്വീകാര്യം.
∙ സിപിഎമ്മിന്റെ സമ്മേളനങ്ങളിൽ പൊലിസിന്റെ പ്രവർത്തനങ്ങളോട് വിയോജിപ്പുകൾ ഉയരുന്നു. സിപിഐയുടെ നേതാക്കളിൽ ചിലർ അതു പരസ്യമാക്കി. ഈ വിമർശനങ്ങളെ എങ്ങനയാണ് കാണുന്നത്?
ഭരണത്തിൽ എപ്പോഴെല്ലാം ഉണ്ടോ,അന്നെല്ലാം സിപിഎം–സിപിഐ സമ്മേളനങ്ങളിൽ സർക്കാരിന്റെ കുറവുകൾ ചൂണ്ടിക്കാണിക്കുകയും തിരുത്തൽ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഭരണയന്ത്രം ഒറ്റയടിക്കു മാറുന്നതല്ല. രണ്ടു മുന്നണികൾ ഭരിക്കുമ്പോഴും അത് ഒന്നു തന്നെയാണ്, അതിന് അതിന്റെതായ ചില സ്വഭാവങ്ങളുമുണ്ട്. ഭരണകൂടത്തിന്റെ മർദ്ദനോപാധിയായാണ് പൊലിസിനെ കമ്യൂണിസ്റ്റുകൾ കാണുന്നത്.സിപിഎമ്മിന്റെയോ സിപിഐയുടെയോ മന്ത്രിമാർ അഴിമതിക്കാരാകില്ല എന്നത് ഞങ്ങളുടെ ഗാരന്റിയാണ്.ഞങ്ങളുടെ ഭരണകാലത്ത് എല്ലാ ഉദ്യോഗസ്ഥരും മാലാഖമാരാകുമെന്നോ സർക്കാർ ഓഫിസുകളെല്ലാം അഴിമതി മുക്തമാകുമെന്നോ അവകാശപ്പെടില്ല. അതേ സമയം ഈ സംവിധാനത്തെ നവീകരിക്കാനും തിരുത്താനും ഞങ്ങൾ നിരന്തരം ശ്രമിക്കും.
∙ ഇടതു സർക്കാരുകളിൽ സിപിഐയ്ക്ക് തിരുത്തൽ ശക്തിയുടെ പരിവേഷം ഉണ്ടായിരുന്നു. ഇപ്പോൾ സിപിഎമ്മിന്റെ ബി ടീം ആയി മാറിയോ?
എന്തെങ്കിലും പരിവേഷത്തിന്റെ പിറകെ പോകുന്നവരല്ല ഞങ്ങൾ. നിങ്ങൾ ഔദാര്യപൂർവം ചിലതെല്ലാം ചാർത്തിത്തരാറുണ്ടാകും. ആ വിശേഷണങ്ങൾ ഞങ്ങൾക്ക് ആവശ്യമില്ല.ഞങ്ങളുടെ രാഷ്ട്രീയത്തിന് ആന്തരികമായ ഒരു ശക്തിയുണ്ട്.അത് ഭരണത്തിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാമുണ്ട്.
∙മരംമുറി വിവാദത്തിൽ സിപിഐയും പെട്ടു പോയതു കൊണ്ടാണോ അങ്ങോട്ടും ഇങ്ങോട്ടും ഒത്തുതീർപ്പ് വേണ്ടി വരുന്നത്? പരിസ്ഥിതി വാദിയായ താങ്കൾ ആ വിവാദത്തിൽ ഇതുവരെ പ്രതികരിച്ചു കണ്ടില്ലല്ലോ?
ആരും ഒന്നിലും പെട്ടു പോയിട്ടില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് എന്റെ മാത്രം നിലപാടല്ല, പാർട്ടിയുടെ നിലപാടാണ്.കൃഷിക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് റവന്യൂ വകുപ്പ് അന്ന് ഒരു ഉത്തരവ് ഇറക്കി എന്നതു ശരി. ഉത്തരവ് ദുരുപയോഗപ്പെടുത്തി ഒരു വലിയ ലോബി വ്യാപക മരം മുറിക്ക് കോപ്പു കൂട്ടി രംഗത്തിറക്കിയപ്പോൾ അതു റദ്ദാക്കി. എന്താണ് ആ വശം കാണാത്തത്? സംഭവിച്ചതിനെ ന്യായീകരിക്കാനോ ശരിവയ്ക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല.
∙ വിഎസ് സർക്കാരിന്റെ കാലത്ത് വനം മന്ത്രി എന്ന നിലയിൽ സിപിഐയുടെ കേരളത്തിലെ മുഖങ്ങളിൽ ഒരാളായിരുന്നു താങ്കൾ. പിന്നീട് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്ത കേന്ദ്രം ഡൽഹിയിലേക്കു മാറ്റി. തിരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ?
ഞങ്ങളെല്ലാം പാർട്ടിയുടെ പ്രവർത്തകരാണല്ലോ.ഞങ്ങൾക്ക് വ്യക്തിപരമായ ഒരു ‘ചോയ്സ്’ അക്കാര്യത്തിൽ ഇല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അല്ലാതെ ഇക്കാര്യമെ ചെയ്യൂവെന്ന് ഞങ്ങൾക്ക് നിഷ്കർഷിക്കാൻ കഴിയില്ല.
∙ പാർട്ടി പദവികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ വലിയ സാംഗത്യമുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഉള്ള താങ്കളാകുമോ ഭാവിയിൽ കേരളത്തിലെ സിപിഐയുടെ അമരക്കാരൻ? അങ്ങനെ വിശ്വസിക്കുന്ന ചിലരില്ലേ?
അങ്ങനെ ഉണ്ടാകാൻ വഴിയില്ല. പാർട്ടി അങ്ങനെ ആരെപ്പറ്റിയും മുൻകൂട്ടി തീരുമാനിക്കാറില്ല. ഭാവിയിൽ എന്താകും എന്നെല്ലാമുള്ള നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആലോചനകൾ നടക്കാറില്ല.
∙ ഏപ്രിലിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം എൽഡിഎഫിനു ലഭിക്കും. താങ്കളെ കൂടാതെ ഒരു രാജ്യസഭാംഗത്തെ കൂടി അപ്പോൾ സിപിഐക്ക് പ്രതീക്ഷിക്കാമോ?
അതെല്ലാം തീരുമാനിക്കാനുള്ള രാഷ്ട്രീയ പക്വത എൽഡിഎഫിനും സിപിഐക്കും ഉണ്ട്. അതു പാലിച്ചു കൊണ്ട് തീരുമാനമെടുക്കും.
∙സിപിഐക്ക് അവകാശവാദം ഉണ്ടോ എന്നാണ് എന്റെ ചോദ്യം...
അവകാശവാദത്തിന്റെയും തർക്കത്തിന്റെയും വിഷയം ഇല്ലല്ലോ. അതെല്ലാം രമ്യമായും മാന്യമായും എൽഡിഎഫ് പരിഹാരം ഉണ്ടാക്കും.സിപിഐക്ക് അർഹതപ്പെട്ടത് ഒന്നും ഇല്ലാതാവില്ല.
∙സിപിഎം–സിപിഐ ലയനം,പുനരേകീകരണം എന്നെല്ലാമുള്ള ചർച്ചകൾ ഇടയ്ക്കെല്ലാം ഉയരാറുണ്ട്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ വീണ്ടും യോജിക്കാനുള്ള വിദൂര സാധ്യത ദർശിക്കുന്നുണ്ടോ?
സിപിഐയുടെ തലയിൽ ലയനം എന്ന പ്രയോഗം കെട്ടിവയ്ക്കരുത്.ആ വാക്കോ സങ്കൽപമോ ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണം എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ടു വച്ചിട്ടുള്ളത്. അതു നാളെ നടക്കുന്ന കാര്യമല്ല. പക്ഷേ ആ ലക്ഷ്യം ഞങ്ങൾ ഉയർത്തിപ്പിടിക്കും.അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കാരണം ‘64 ലെ ഭിന്നിപ്പിന് ആധാരമായ കാര്യങ്ങൾക്കെല്ലാം കാലം ഉത്തരം പറഞ്ഞു കഴിഞ്ഞു. സിപിഎമ്മും സിപിഐയും പരസ്പരം അടുത്തും .ദേശീയ, സാർവദേശീയ, സംസ്ഥാന വിഷയങ്ങളിൽ എല്ലാം പൊരുത്തമുള്ള നയ സമീപനങ്ങളാണ് രണ്ടു പാർട്ടികളുടേതും. അപ്പോൾ സാമാന്യമായ പരിണാമം ഈ പാർട്ടികളുടെ ഏകീകരണമാണ്. മാർക്സിസത്തിന്റെ തത്വവും പ്രയോഗവും ഞങ്ങളെ ഒന്നിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.
∙പിളർപ്പിന് ആധാരമായ വിഷയങ്ങളെല്ലാം അപ്രസ്ക്തമായി എന്നാണോ?
അതെ. അങ്ങനെ വരുമ്പോൾ പിന്നെ അടുത്ത ഘട്ടം ഐക്യത്തിന്റെയും ഒന്നാകലിന്റെയുമാണ്. അത് എപ്പോൾ എന്ന് ആർക്കും പറയാൻ കഴിയില്ല. ‘സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’എന്നാണല്ലോ. കമ്യൂണിസ്റ്റ് ദർശനങ്ങളുടെ അടിസ്ഥാനം തന്നെ ഐക്യവും ഒന്നിക്കലുമാണ്. അല്ലാതെ ഭിന്നിപ്പല്ല,പിളർപ്പ് അപംഭ്രംശമായിരുന്നു.
∙ പുനരേകീകരണം എന്ന ആഗ്രഹം സിപിഐ ആവർത്തിക്കുന്നെങ്കിലും സിപിഎം ഗൗരവമായി എടുക്കാറില്ലല്ലോ...
അത് സിപിഎമ്മിന്റെ രാഷ്ട്രീയമായിരിക്കും. അതു കൊണ്ട് ഞങ്ങളുടെ രാഷ്ട്രീയ ശരി ഇല്ലാതാകുന്നില്ല.കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്ന ചിന്ത സിപിഐക്കുള്ളിൽ നല്ല വണ്ണം ഉണ്ട്. സിപിഎമ്മിനകത്തുംആ അഭിപ്രായം ഉണ്ട്. ഐക്യം നിറവേറുന്നതിലെ കാലതാമസം അതു സംഭവിച്ചാലത്തെ വലിയ സാധ്യതകളെ ദുർബലപ്പെടുത്തുന്നതാണ്. പക്ഷേ ഞങ്ങൾ ക്ഷമാപൂർവം യോജിപ്പിനായി കാത്തിരിക്കും.അതിന് അർഥം ഭിക്ഷാപാത്രവുമായി ആരുടെയെങ്കിലും പിന്നാലെ പോകും എന്നല്ല. സിപിഐയുടെ ആശയത്തിന്റയും രാഷ്ട്രീയ സമീപനത്തിന്റെയും ഭാഗമാണ് ആ നിലപാട്.
English Summary: Cross Fire Exclusive Interview with CPI Rajya Sabha MP Binoy Viswam