പത്മശ്രീ മിലേന സാൽവിനി അന്തരിച്ചു

Mail This Article
ചെറുതുരുത്തി∙ കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളിൽ പ്രമുഖയും കലാ ഗവേഷകയുമായ പത്മശ്രീ മിലേന സാൽവിനി (84) പാരിസിൽ അന്തരിച്ചു. 1965 ൽ കഥകളി പഠിക്കാനായി ഫ്രാൻസിൽ നിന്നും സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ എത്തിയ മിലേന സാൽവിനി ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി മാറി. കേരള കലാമണ്ഡലത്തിന്റെ വികാസ പരിണാമഘട്ടങ്ങളിൽ മിലേന നടത്തിയ കലാപ്രവർത്തനങ്ങൾ മഹത്തരമാണ്. മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967 ൽ പതിനേഴംഗ കഥകളിസംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്ര വീഥിയിലെ മാർഗ്ഗദർശകമായ നാഴികക്കല്ലായി മാറി.
1975 ൽ മിലേനയും ജീവിത പങ്കാളിയായ റോജർ ഫിലിപ്പ്സിയും ചേർന്ന് പാരിസിൽ മണ്ഡപ സെന്റർ ഫോർ ക്ലാസിക്കൽ ഡാൻസസ് എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളിയും മറ്റു ശാസ്ത്രീയ കലകളും പഠിപ്പിക്കുന്നതിനു നേതൃത്വം നൽകി. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശ പരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001 ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ മിലേനയുടെ കലാപ്രവർത്തനങ്ങൾ വഹിച്ച പങ്കു വലുതാണ്. കഥകളിക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് മിലേന സാൽവിനിയെ 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
കലാമണ്ഡലത്തോടു ജീവിതകാലം മുഴുവൻ സൂക്ഷിച്ച ആത്മബന്ധം അനിർവചനീയവും നിത്യം സ്മരിക്കേണ്ടതാണെന്നും കലാമണ്ഡലം അധികൃതർ അറിയിച്ചു. മിലേന സാൽവിനിയുടെ ദേഹവിയോഗത്തിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനും ഭരണസമിതിയംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും അനുശോചിച്ചു.
English Summary: Padmashree awardee Milena Salvini passes away