‘തിരഞ്ഞെടുപ്പ് പ്രലോഭനം അതിജീവിച്ച ബജറ്റ്; വളർച്ചാ കണക്കിൽ പൂർണവിശ്വാസം വേണ്ട’
5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായി ധാരാളം ക്ഷേമ പദ്ധതികൾ ബജറ്റിൽ നിറയേണ്ടതാണ്. തിരഞ്ഞെടുപ്പു ജയത്തിനായി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താനുള്ള പ്രലോഭനം ഭരണത്തിലിരിക്കുന്ന ഏതു സർക്കാരിനും ഉണ്ടാകും. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന തിരിച്ചറിവിൽ അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ ധനമന്ത്രിക്ക്..

കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് ധനകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു:
രാജ്യത്തിലെ അഞ്ചു പ്രമുഖ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായി ധാരാളം ക്ഷേമ പദ്ധതികൾ ബജറ്റിൽ നിറയേണ്ടതാണ്. തിരഞ്ഞെടുപ്പു ജയത്തിനായി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താനുള്ള പ്രലോഭനം ഭരണത്തിലിരിക്കുന്ന ഏതു സർക്കാരിനും ഉണ്ടാകും. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതിന് അനുകൂലമല്ലെന്ന തിരിച്ചറിവിൽ അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ ധനമന്ത്രിക്കു കഴിഞ്ഞിരിക്കുന്നു.
റവന്യൂ കമ്മി 6.8 ശതമാനമായി ഉയർന്നു നിൽക്കുന്ന ഒരു രാജ്യത്ത് അത്തരം പ്രഖ്യാപനങ്ങൾ വലിയ പണപ്പെരുപ്പത്തിനു വഴിവയ്ക്കുമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അതു പതിയെ ആണെങ്കിലും സാധാരണക്കാരുടെ കയ്യിലേക്കു പണം എത്തിക്കാൻ സഹായകമാണ്. അതുകൊണ്ടുതന്നെ സ്വാഗതം ചെയ്യേണ്ട ബജറ്റാണിത്.
‘എല്ലാം കണ്ണടച്ചു വിശ്വസിക്കേണ്ട’
ഈ ബജറ്റിന്റെ ലക്ഷ്യം ഉൽപാദന രംഗത്തെ വളർച്ചയും അടിസ്ഥാന സൗകര്യ വികസനവുമാണ്. വളരുന്ന സാമ്പത്തിക ഘടനയിലേ ക്ഷേമപദ്ധതികൾ യാഥാർഥ്യമാകൂ എന്ന സങ്കൽപവും ബജറ്റ് പങ്കു വയ്ക്കുന്നു. കോവിഡ് മഹാമാരിയെ നമ്മുടെ സമ്പദ്ഘടന ചെറുത്തു നിൽക്കുന്നുണ്ടെന്നാണ് ബജറ്റിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് എന്നാൽ വളർച്ചാ നിരക്കിലെ കണക്കുകളിൽ പൂർണമായി വിശ്വസിക്കേണ്ടതില്ല. അതിൽ കൃത്രിമങ്ങൾക്കു സാധ്യതയുണ്ട്. റവന്യൂ കമ്മി 6.8 ശതമാനമായി ഉയർന്നു നിൽക്കുന്നുവെന്നതും കാണാതിരുന്നു കൂടാ.
പൊതുവെ നോക്കിയാൽ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽ കൊടുക്കുന്ന ബജറ്റാണ്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഊന്നൽ പ്രകടമാണ്. പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തൽ, മെയ്ക് ഇൻ ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ശ്രമം എന്നിവയും സ്വാഗതം ചെയ്യേണ്ട കാര്യങ്ങളാണ്. പല ഉൽപന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറച്ചത് ചെറുകിട വ്യവസായങ്ങളെ ഉത്തേജിപ്പിക്കും. ജ്വല്ലറിയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും നല്ലതാണ്. ആദായ നികുതി ഇളവുകൾ ഈ മഹാമാരിക്കാലത്ത് നൽകാത്തതും നന്നായി.
എന്നെത്തും കയ്യില്‍ പണം?
സാധാരണ ജനങ്ങളുടെ കയ്യിൽ പണം എത്തിക്കുന്നതിനുള്ള ഒരു പദ്ധതി പ്രഖ്യാപിക്കാത്തത് പോരായ്മയാണ്. വ്യാവസായിക ഉൽപാദനത്തിന് ആവശ്യം വർധിക്കണമെങ്കിൽ സാധാരണ ജനങ്ങളുടെ കയ്യിൽ പണം എത്തണം. അതിന് ആകെ പറഞ്ഞിരിക്കുന്ന പദ്ധതി കർഷകർക്കു താങ്ങുവിലയായി 2.7 ലക്ഷം കോടി രൂപ അവരുടെ അക്കൗണ്ടുകളിൽ എത്തിക്കുമെന്നതാണ്. ഇത്തരത്തിൽ സാധാരണക്കാരിലേക്കു കൂടി നേരിട്ടു പണം എത്തിക്കുന്ന പദ്ധതി പ്രതീക്ഷിച്ചിരുന്നു.
കേരളത്തിനെന്തു കിട്ടി?
ജിഎസ്ടി നഷ്ടപരിഹാരത്തെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നത് സംസ്ഥാനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കും. വരും മാസങ്ങളിൽ അത് പരിഹരിക്കുമായിരിക്കാം. വായ്പ എടുക്കുന്നതിൽ നൽകിയ ഇളവുകൾ സംസ്ഥാനങ്ങളെ സഹായിക്കും. കേരളം പോലെയുള്ള സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള വികസന പദ്ധതികളെപ്പറ്റി ബജറ്റിൽ ഒന്നും പറയുന്നില്ല. ഒരുപക്ഷേ ബജറ്റിന്റെ വിശദാംശങ്ങളിൽ ഏതെങ്കിലും പദ്ധതി സ്ഥാനം പിടിച്ചേക്കാം.
കോവിഡ് മൂന്നാം തരംഗം ശക്തമായില്ലെങ്കിൽ സമ്പദ്ഘടന ശക്തമായി തിരിച്ചുവരുമെന്നുതന്നെയാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഈ മാസത്തെ ജിഎസ്ടി വരുമാനം റെക്കോർഡായിരുന്നുവെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. അതു സൂചിപ്പിക്കുന്നത് സാമ്പത്തിക നില വളർച്ചയിലാണെന്നതാണ്. ചെറുകിട–സൂക്ഷ്മ സംരംഭങ്ങൾക്ക് 2 കോടി വായ്പ നൽകുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സമ്പദ്ഘടനയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.
English Summary: Union Budget 2022 Analysis- Economist Dr. Jose Sebastian