‘ഗോഡ്സെയെയും ഗാന്ധിജിയെയും ഞാൻ പിന്തുണയ്ക്കുന്നു’; ആ വിവാദ ട്വീറ്റ് ആരുടെ?
ശാന്തിശ്രീ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഭാഷാ പ്രശ്നങ്ങൾ കാട്ടിയാണു വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇവരുടെ നിലവാരം കാട്ടുന്നതാണെന്നായിരുന്നു വിമർശനം. ഇത്തരം തരംതാണ നിയമനങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയ്ക്കാണു ദോഷം ചെയ്യുകയെന്നും വരുൺ പറയുന്നു. അതേസമയം, പ്രധാനമന്ത്രി വിഭാവനം ചെയ്ത...
ശാന്തിശ്രീ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഭാഷാ പ്രശ്നങ്ങൾ കാട്ടിയാണു വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇവരുടെ നിലവാരം കാട്ടുന്നതാണെന്നായിരുന്നു വിമർശനം. ഇത്തരം തരംതാണ നിയമനങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയ്ക്കാണു ദോഷം ചെയ്യുകയെന്നും വരുൺ പറയുന്നു. അതേസമയം, പ്രധാനമന്ത്രി വിഭാവനം ചെയ്ത...
ശാന്തിശ്രീ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ഭാഷാ പ്രശ്നങ്ങൾ കാട്ടിയാണു വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇവരുടെ നിലവാരം കാട്ടുന്നതാണെന്നായിരുന്നു വിമർശനം. ഇത്തരം തരംതാണ നിയമനങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയ്ക്കാണു ദോഷം ചെയ്യുകയെന്നും വരുൺ പറയുന്നു. അതേസമയം, പ്രധാനമന്ത്രി വിഭാവനം ചെയ്ത...
ന്യൂഡൽഹി∙ വിവാദങ്ങളോടെയാണു ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ നിയമനം. ജെഎൻയുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറുടെ തീവ്രഹിന്ദു നിലപാടുകളാണ് അക്കാദമിക് ലോകത്തെ ഇപ്പോഴത്തെ സജീവ ചർച്ച. കർഷക സമരത്തെ വിമർശിച്ചും ഗാന്ധിജിയെയും ഗോഡ്സെയെയും താരതമ്യപ്പെടുത്തിയും ഇവരുടേതെന്നു കരുതപ്പെടുന്ന ട്വിറ്റർ അക്കൗണ്ടിലുണ്ടായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ വിവാദത്തിനു തൊട്ടുപിന്നാലെ ശാന്തിശ്രീയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് (@SantishreeD) ഡിലീറ്റ് ചെയ്യപ്പെട്ടു. മാത്രവുമല്ല, തനിക്ക് ഇന്നേവരെ ട്വിറ്ററിൽ യാതൊരു അക്കൗണ്ടും ഉണ്ടായിട്ടില്ലെന്നു ശാന്തിശ്രീ വ്യക്തമാക്കുകയും ചെയ്തു.
2008–09 വർഷങ്ങളിൽ ഇവർക്കെതിരെയുണ്ടായ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും മറ്റൊരു വശത്തുണ്ട്. നിയമനത്തിനു പിന്നാലെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് ഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പും ഇപ്പോൾ ചർച്ചയാണ്. കുറിപ്പിലെ വ്യാകരണപ്പിഴവ് ചൂണ്ടിയാണു വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുന്നത്.
ജെഎൻയുവിന്റെ മുൻ വിസിയും നിലവിൽ യുജിസി ചെയർമാനുമായ പ്രഫ. എം. ജഗദേഷ് കുമാറിന് ഒത്ത പിൻഗാമിയെയാണു കേന്ദ്രം കണ്ടെത്തിയിരിക്കുന്നതെന്നാണു ജെഎൻയുവിലെ വിദ്യാർഥികളുടെ പരിഹാസം. ഒന്നിനു പുറകേ ഒന്നൊന്നായി സമരങ്ങൾ നിറഞ്ഞ വർഷമായിരുന്നു ജെഎൻയുവിൽ കടന്നു പോയത്. വിദ്യാർഥികൾക്കു നേരെയുണ്ടായ അതിക്രമങ്ങളും മറ്റു വിവാദങ്ങളുമൊന്നും ജഗദേഷ് കുമാറിനെ ബാധിച്ചുമില്ല. രാജ്യത്തെ എണ്ണം പറഞ്ഞ, മലയാളികൾ ഉൾപ്പെടെയുള്ള പല അധ്യാപകരും സ്വയം വിരമിക്കൽ പ്രഖ്യാപിച്ചു. ചിലർ വിദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള ജോലിവാഗ്ദാനങ്ങൾ സ്വീകരിച്ചു. അടുത്തകാലത്തൊന്നും ജെഎൻയുവിന്റെ അന്തരീക്ഷം ഇത്ര മോശമായിട്ടില്ലെന്ന് അധ്യാപകരും വിദ്യാർഥികളും ഒരേ ശബ്ദത്തിൽ പറയുന്നതും വെറുതയെല്ല.
ഇന്ത്യയിലെ ലെനിൻഗ്രാഡെന്നാണു ജെഎൻയു അറിയപ്പെടുന്നത്. ചുവപ്പു നിറഞ്ഞ തട്ടകം. പുറത്തെ രാഷ്ട്രീയം എന്തൊക്കെയാണെങ്കിലും ജെഎൻയു ഇടതിനൊപ്പം നിൽക്കുന്നതാണ് ചരിത്രം. അൽപം തീവ്രവുമാണ് ഈ ഇഷ്ടം. എസ്എഫ്ഐയേക്കാൾ തീവ്ര ഇടത് അനുഭാവക്കാരായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനാണ് (ഐസ) ജെഎൻയുവിലെ രാഷ്ട്രീയത്തിന്റെ കരുത്തെന്നതാണ് വാസ്തവം. ബിജെപി അനുകൂല വിദ്യാർഥി സംഘടന എബിവിപിയുടെ വെല്ലുവിളികളെ നേരിടാൻ ഇടതു വിദ്യാർഥി സംഘടനകൾ ഒരുമിച്ചു നിൽക്കുന്നതാണ് സമീപകാലത്തെ ജെഎൻയുവിന്റെ വിദ്യാർഥി രാഷ്ട്രീയം. പദവികൾ വീതം വയ്ക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
ഡൽഹി ഐഐടിയിൽ നിന്നുള്ള ജഗദേഷ് കുമാറിനെ ജെഎൻയു വിസിയായി 2016ലാണ് കേന്ദ്രം നിയമിച്ചത്. ഇതിനു പിന്നാലെയാണു ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന വിവാദം ജെഎൻയുവിൽ രൂപപ്പെട്ടത്. കനയ്യ കുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. അക്കാദമിക് ബ്ലോക്കിനു മുന്നിൽ സമരവും ആസാദി മുദ്രാവാക്യങ്ങളും നിറഞ്ഞു. പിന്നെ സമരകോലാഹലങ്ങളായിരുന്നു. ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ട സമരം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ തടയൽ, ഹോസ്റ്റലിൽ ഗുണ്ടകൾ അഴിഞ്ഞാടിയത്... ഒന്നിനു പിറകേ ഒന്നൊന്നായി പ്രകമ്പനങ്ങൾ. അക്കാദമിക് രംഗത്തെ അഴിച്ചുപണിക്കെതിരെയും അധ്യാപകർ ശക്തമായ പ്രതിഷേധങ്ങളുയർത്തി.
അധ്യാപക നിയമനം, സിലബസ് പരിഷ്കരണം, ഇതെല്ലാം അധ്യാപകരെയും തളർത്തി. ജഗദേഷ് കുമാറിന്റെ നിലപാടുകളെക്കാൾ തീവ്രമായിരിക്കുമോ ശാന്തിശ്രീയുടേതെന്നാണ് ഇനി കണ്ടറിയേണ്ടതെന്നു അധ്യാപകർ തന്നെ വേദനയോടെ പറയുന്നു. കൂടുതൽ സുതാര്യവും സമാധാനപരവുമായിരിക്കും ശാന്തിശ്രീയുടെ ഇടപെടലുകളെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ദ് ജെഎൻയു ടീച്ചേഴ്സ് അസോസിയേഷനും പ്രസ്താവനയിൽ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, വിദ്യാർഥികളുടെ ആവശ്യങ്ങളടങ്ങിയ പത്രികയുമായി വിസിയുടെ ഓഫിസിലെത്തിയെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ് ട്വീറ്റ് ചെയ്തു. എന്നാൽ എബിവിപി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ വിസി തയാറാവുകയും ചെയ്തു.
ആരാണ് ശാന്തിശ്രീ?
ഇടത് ആശയങ്ങളുടെ കോട്ടയായ ജെഎൻയുവിനെ കൂടുതൽ വരുതിയിലാക്കാൻ, പഴയ സോവിയറ്റ് യൂണിയനിലെ ലെനിൻഗ്രാഡിൽ (ഇന്നു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ്) ജനിച്ചു ജെഎൻയുവിൽ ഉപരിപഠനം നടത്തിയ ശാന്തിശ്രീയെത്തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തിരഞ്ഞെടുത്തുവെന്നതു തികച്ചും യാദൃശ്ചികം. കമ്യൂണിസ്റ്റ് ആശയങ്ങൾ നിറഞ്ഞിരുന്ന പഴയ സോവിയറ്റ് യൂണിയനിൽ 1962 ജൂലൈ 15നാണു ശാന്തിശ്രീയുടെ ജനനം. അമ്മ ആദിലക്ഷ്മി ലെനിൻഗ്രാഡിലെ ഓറിയന്റൽ ഫാക്കൽറ്റി ഡിപ്പാർട്ട്മെന്റിലെ തമിഴ്, തെലുങ്ക് പ്രഫസറായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ധുലിപുടി ആഞ്ജനേലുവാണു പിതാവ്.
സംസ്ഥാന റാങ്കോടെയാണു 1978ൽ പത്താം ക്ലാസ് മെട്രിക്കുലേഷൻ പാസായത്. 12ലും ഒന്നാം റാങ്ക്. ചരിത്രവും സോഷ്യൽ സൈക്കോളജിയും ഐച്ഛിക വിഷയങ്ങളായെടുത്ത് മദ്രാസ് (ഇന്നത്തെ ചെന്നൈ) പ്രസിഡൻസി കോളജിൽനിന്നു ബിരുദം ഒന്നാം റാങ്കോടെ പാസായി. അവിടെനിന്നു തന്നെ രണ്ടാം റാങ്കോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം 1985ൽ പൂർത്തിയാക്കിയ ശേഷമാണു ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഉപരിപഠനത്തിനെത്തിയത്. ‘ജവാഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ പാർലമെന്റും ഇന്ത്യയുടെ വിദേശനയവും’ എന്ന വിഷയത്തിൽ 1990ൽ ജെഎൻയുവിൽ നിന്നു പിഎച്ച്ഡിയും ‘പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിൽ’ സ്വീഡനിലെ ഉപ്പ്സാല സർവകലാശാലയിൽ നിന്നു 1996ൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും സ്വന്തമാക്കി.
ഗോവ സർവകലാശാലയിൽ അധ്യാപികയായി 1988ൽ സേവനമാരംഭിച്ച ശാന്തിശ്രീ 1992ൽ പുണെ സർവകലാശാല പൊളിറ്റിക്സ് ആൻഡ് പബ്ലിക് വിഭാഗത്തിൽ സീനിയർ ലക്ചറർ പദവിയിൽ പ്രവേശിച്ചു. 2007ൽ പ്രഫസർ പദവി ലഭിച്ചു. വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, യുജിസി ബോർഡംഗം തുടങ്ങിയ പദവികളിലെല്ലാം പ്രവർത്തിച്ചു.
പ്രവേശന തിരിമിറി; വിവാദം 1
സാവിത്രി ഫുലെ സർവകലാശാല (2014 വരെ പുണെ സർവകലാശാല) മുൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം അതുൽ ബാഗുൽ 2008ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ശാന്തിശ്രീയ്ക്കെതിരെ അന്വേഷണം നടത്തുകയും സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കുകയും ചെയ്തത്. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്കുള്ള സംവരണ സീറ്റിൽ പ്രവേശനം നടത്തിയതിൽ ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. സർവകലാശാലയുടെ ഇന്റർനാഷനൽ സ്റ്റുഡന്റ് സെന്റർ ഡയറക്ടറായിരുന്നു ആ സമയത്തു ശാന്തിശ്രീ.
ബാഗുലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല അന്നത്തെ മാനേജ്മെന്റ് കൗൺസിലംഗം സുനന്ദ പവാർ അധ്യക്ഷയായി നാലംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചു. 2008 ഏപ്രിൽ 30നായിരുന്നു അത്. പദവി ദുർവിനിയോഗം ചെയ്തുവെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയായിരുന്നു 2008 ഓഗസ്റ്റിൽ ഇവരുടെ റിപ്പോർട്ട്. പിന്നാലെ അന്നത്തെ വൈസ് ചാൻസലർ നരേന്ദ്ര ജാദവ് റിട്ട. ഹൈക്കോടതി ജഡ്ജി ജെ.എ. പാട്ടിലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. 2002 മുതൽ 2007 വരെയുള്ള സമയത്തു ശാന്തിശ്രീ ക്രമക്കേട് നടത്തിയെന്നു വ്യക്തമാക്കി 2009 ജൂലൈയിൽ ഇദ്ദേഹവും റിപ്പോർട്ട് സമർപ്പിച്ചു.
എഐസിടിഇ, യുജിസി ചട്ടങ്ങൾ പാലിക്കാതെ 1800ലേറെ വിദ്യാർഥികൾക്കു പ്രവേശനം നൽകിയെന്നു കണ്ടെത്തി. സർവകലാശാല മാനേജ്മെന്റ് കൗൺസിൽ അനുമതിയും വാങ്ങിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ, ഇവരുടെ അഞ്ചു വർഷത്തെ ശമ്പള വർധനയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞ് 2011 ജൂൺ ഒന്നിന് ഉത്തരവിട്ടു. ദീർഘകാലം അവധിയിലായിരുന്ന ശാന്തിശ്രീ പണ്ഡിറ്റ് 6 മാസം മുൻപാണു ജോലിയിൽ തിരികെ പ്രവേശിച്ചത്.
അതിനിടെ, ശാന്തിശ്രീയെ എന്തടിസ്ഥാനത്തിലാണ് ജെഎൻയു വിസി സ്ഥാനത്തേക്ക് സെൻട്രൽ വിജിലൻസ് കമ്മിറ്റി നിർദേശിച്ചതെന്നു ചോദിച്ച് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് രംഗത്തെത്തിയിട്ടുണ്ട്. സാവിത്രി ഫുലെ സർവകലാശാലയിൽ നടത്തിയ ക്രമക്കേടിന്റെ മുഴുവൻ രേഖകളും വിജിലൻസ് കമ്മറ്റിക്ക് അയച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച വിജിലൻസ് പറയുന്നത് ശാന്തിശ്രീ തെറ്റു ചെയ്തിട്ടില്ലെന്നാണോ? എങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്നും മന്ത്രി സാവന്ത് ആവശ്യപ്പെട്ടു.
ട്വീറ്റ് ആരുടേത്?; വിവാദം 2
പുതിയ ജെഎൻയു വിസിയുടെ നിയമനത്തിനു പിന്നാലെ ഇതാരെന്നു പരതിയവർ കണ്ടതു ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് എന്ന പേരിൽ ‘@santishreeD’ എന്ന വിലാസത്തിലുണ്ടായിരുന്നൊരു ട്വിറ്റർ അക്കൗണ്ടാണ്. അതിലെ പോസ്റ്റുകൾ ഇവരുടെ തീവ്രഹിന്ദു നിലപാടും കർഷകവിരുദ്ധ, ജെഎൻയു വിരുദ്ധ സമീപനങ്ങളും തുറന്നു കാട്ടുന്നവയായിരുന്നു. കർഷകസമരക്കാർ ‘കള്ളം പറയുന്നവരും തോൽവി സമ്മതിച്ചവരു’മാണെന്നും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ ‘ജിഹാദി’കളാണെന്നും തൃണമൂൽ കോൺഗ്രസ് ‘ഭീകരരുടെ’ പാർട്ടിയാണെന്നുമുള്ള ട്വീറ്റുകൾ ഈ അക്കൗണ്ടിലുണ്ടായിരുന്നു.
പൗരത്വ വിരുദ്ധ നിയമത്തിനെതിരായ സമരങ്ങൾ സജീവമായിരുന്ന 2020 ഡിസംബറിൽ ഈ അക്കൗണ്ടിൽനിന്നു വന്ന ട്വീറ്റ് ഇങ്ങനെ– ‘ബിജെപി ഗോഡ്സെയുടെ പാർട്ടിയാണെങ്കിൽ ടിഎംസി പോലെ മുസ്‌ലിം വിഭാഗത്തെ പിന്തുണയ്ക്കുന്ന പാർട്ടികളെല്ലാം ഭീകരരുടേതും അധിനിവേശക്കാരുടേതുമാണ്. ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലങ്ങൾ അതിക്രമിച്ചു കടക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർ. ഇവർ ബംഗാളിലെ കൂട്ടക്കൊലകളെ പിന്തുണയ്ക്കുന്നു’.
മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ് ‘ഗോഡ്സെയെയും ഗാന്ധിയെയും ഞാൻ പിന്തുണയ്ക്കുന്നുണ്ട്. രണ്ടു പേരും ഗീത വായിച്ചു, അതിൽ വിശ്വസിച്ചു. എന്നാൽ വ്യത്യസ്ത ആശയങ്ങൾ സ്വീകരിച്ചു. ആക്‌ഷൻ പ്രധാനമാണെന്നു ഗോഡ്സെ വിശ്വസിച്ചു. മഹാത്മാ ഗാന്ധി എന്ന ഒരു വ്യക്തിയെ കൊലപ്പെടുത്തിയതിലൂടെയാണ് ഒറ്റ ഇന്ത്യ എന്ന ആശയത്തിനൊപ്പം ഗോഡ്സെ നിന്നത്. സങ്കടകരം’. ഇത്തരത്തിലുള്ള ഒട്ടേറെ ട്വീറ്റുകളാണ് ഈ അക്കൗണ്ടിലുണ്ടായിരുന്നത്.
ജെഎൻയു നക്സലുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും അവരെ നിരോധിക്കണമെന്നുമായിരുന്നു 2020 ജനുവരിയിലെ ട്വീറ്റ്. ഇതെല്ലാം ചർച്ചയായതോടെ നാലായിരത്തിലേറെ ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് ട്വിറ്ററിൽനിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് തന്റെയെല്ലെന്നാണ് ഇവർ പിന്നീട് വിശദീകരിച്ചത്. അങ്ങനെയെങ്കിൽ പിന്നെ അക്കൗണ്ട് അപ്രത്യക്ഷമായതെങ്ങനെ, സ്വന്തം പേരിൽ വർഷങ്ങളായി ഉപയോഗത്തിലിരുന്ന അക്കൗണ്ടിനെതിരെ പരാതി നൽകാതിരുന്നതെന്ത് എന്നീ ചോദ്യങ്ങളും ഉയരുന്നു.
‘ഹിന്ദുത്വ ആസ് എ പൊളിറ്റിക്കൽ ഐഡിയോളജി’, ‘ദ് റൈസ് ഓഫ് ഹിന്ദു നാഷനലിസം ഇൻ ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങളുടെ സഹരചയിതാവായി ഇവരുണ്ടായിരുന്നെന്നു വ്യക്തിവിവര രേഖയിൽ പറയുന്നു. ‘ഹിന്ദുത്വ: ഫ്രം സവർക്കർ ടു ദി ബിജെപി’ എന്നതടക്കമുള്ള പ്രബന്ധങ്ങളും ഇവരുടെ പേരിലുണ്ട്. മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് ഉള്‍പ്പെടെ ഇവർക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ‘മോദി മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ ജെഎൻയുവിൽനിന്നുള്ളവരാണ്. ദൗർഭാഗ്യവശാൽ, ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളിലൊന്ന് എന്ന സ്ഥാനത്തുനിന്ന് ‘ജയ് നാഥുറാം യൂണിവേഴ്‍സിറ്റി’ എന്ന നിലവാരത്തിലേക്ക് ജെഎൻയു മാറുന്നത് കൂടുതൽ ആഴത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’. ശാന്തിശ്രീയുടേതെന്നു പറയപ്പെടുന്ന ഗോഡ്സെ പരാമർശങ്ങളെ ചൂണ്ടിക്കാട്ടി ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
പത്രക്കുറിപ്പും ഭാഷയും: വിവാദം 3
വിസി നിയമനത്തിനു പിന്നാലെ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലെ ഭാഷാ പ്രശ്നങ്ങൾ കാട്ടിയാണു വരുൺ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇവരുടെ നിലവാരം കാട്ടുന്നതാണെന്നായിരുന്നു വിമർശനം. ശാന്തിശ്രീയുടെ ‘നിരക്ഷരത’യാണോ കുറിപ്പിൽ വ്യക്തമാക്കുന്നതെന്നും വരുൺ ഗാന്ധി ചോദിക്കുന്നു. ഇത്തരം തരംതാണ നിയമനങ്ങൾ രാജ്യത്തെ യുവാക്കളുടെ ഭാവിയ്ക്കാണു ദോഷം ചെയ്യുകയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പ്രധാനമന്ത്രി വിഭാവനം ചെയ്തതു പ്രകാരമുള്ള ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ ശാന്തിശ്രീ വ്യക്തമാക്കിയിട്ടുണ്ട്. സംശുദ്ധമായ ഭരണം, മികച്ച അക്കാദമി നേട്ടത്തിനായി വിദ്യാർഥി സൗഹൃദ, സമത്വപൂർണ ഇടപെടൽ എന്നിവയായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നും അവർ പറയുന്നു. ശാന്തിശ്രീയുടെ നിയമനത്തിലോ മറ്റു വിവാദങ്ങളിലോ കൃത്യമായി പ്രതികരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ, ജെഎൻയു അധികൃതരോ ഇതുവരെ തയാറായിട്ടില്ല.
English Summary: Who is Santishree Dhulipudi Pandit, JNU's First Woman VC and What are the Controversies around her?