യുപി കേരളം പോലെയായാൽ ഇതൊക്കെയാണ് സംഭവിക്കുക;യോഗി കണ്ടിട്ടുണ്ടോ ഈ കണക്ക്?
2021 അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ നിതി ആയോഗ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തിൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്നു പരിശോധിച്ചായിരുന്നു റിപ്പോർട്ട്. 2019-20ലെ രാജ്യത്തെ ആ ആരോഗ്യ സൂചികയിൽ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നിലുണ്ടായിരുന്നതാകട്ടെ ഉത്തർപ്രദേശും. കണക്കുകൾ ഇനിയുമേറെയാണ്... UP Election 2022
2021 അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ നിതി ആയോഗ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തിൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്നു പരിശോധിച്ചായിരുന്നു റിപ്പോർട്ട്. 2019-20ലെ രാജ്യത്തെ ആ ആരോഗ്യ സൂചികയിൽ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നിലുണ്ടായിരുന്നതാകട്ടെ ഉത്തർപ്രദേശും. കണക്കുകൾ ഇനിയുമേറെയാണ്... UP Election 2022
2021 അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ നിതി ആയോഗ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തിൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്നു പരിശോധിച്ചായിരുന്നു റിപ്പോർട്ട്. 2019-20ലെ രാജ്യത്തെ ആ ആരോഗ്യ സൂചികയിൽ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നിലുണ്ടായിരുന്നതാകട്ടെ ഉത്തർപ്രദേശും. കണക്കുകൾ ഇനിയുമേറെയാണ്... UP Election 2022
ഫെബ്രുവരി 10: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട നിയമസഭാ വോട്ടെടുപ്പു നടക്കുകയാണ്. രാവിലെത്തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോടായി പറഞ്ഞു: ‘നിങ്ങൾ വോട്ട് കൃത്യമായി വിനിയോഗിക്കൂ, അല്ലെങ്കിൽ ഉത്തർപ്രദേശ് കേരളമോ ബംഗാളോ കശ്മീരോ ഒക്കെയായി മാറും...’ തൊട്ടുപിന്നാലെ കേരളത്തിന്റെ മറുപടിയെത്തി. ‘യോഗി പേടിക്കുന്നതു പോലെ എന്നെങ്കിലും യുപി കേരളം പോലെയാവുകയാണെങ്കിൽ ആ സംസ്ഥാനത്തിന് മികച്ച വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങള്‍, സാമൂഹിക വികസനം, മികച്ച ജീവിതനിലവാരം, മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം കൊലപ്പെടുക്കാത്ത സമാധാനപൂര്‍ണമായ ജീവിതം എന്നിവ ഉറപ്പായും ലഭിക്കും’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
‘പ്രിയപ്പെട്ട യുപി, കേരളത്തെപ്പോലെയാകാൻ ദയവു ചെയ്ത് വോട്ടു ചെയ്യൂ...’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ട്വീറ്റ്. യഥാർഥത്തിൽ, ഏതെങ്കിലും മേഖലയിൽ കേരളം ഉത്തർപ്രദേശിനേക്കാൾ പിന്നിലാണോ? കേന്ദ്ര സർക്കാരിനു കീഴിലുള്ള നിതി ആയോഗ് തന്നെ അതിനുള്ള ഉത്തരം പലപ്പോഴായി നൽകിയിട്ടുണ്ട്. നിതി ആയോഗിന്റെ വിവിധ റിപ്പോർട്ടുകളിൽ കേരളത്തിന്റെയും ഉത്തർപ്രദേശിന്റെയും സ്ഥാനം എങ്ങനെയാണ്? ഒരന്വേഷണം.
ആ റിപ്പോർട്ട് യോഗി കണ്ടിട്ടുണ്ടോ?
2021 ജൂണിൽ നിതി ആയോഗ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു–സസ്‌റ്റെയ്നബിൾ ഡവലപ്മെന്റ് ഗോൾസ് ഇൻഡക്സ് അഥവാ സുസ്ഥിര വികസന സൂചിക. ഐക്യരാഷ്ട്ര സഭ രൂപം നൽകിയ ഗ്ലോബൽ എസ്ഡിജി ഫ്രെയിംവർക്കിന്റെ ചുവടുപിടിച്ചാണ് 2018- 19ൽ ആദ്യമായി നിതി ആയോഗ് ഈ സൂചിക കൊണ്ടുവന്നത്. ദാരിദ്ര്യ നിർമാർജനം, വിശപ്പു രഹിത സമൂഹവികസനം, സമ്പൂർണ ആരോഗ്യവും-സന്താഷവും, ഗുണപരമായ വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജല ലഭ്യതയും ശുചീകരണവും, അസമത്വ ലഘൂകരണം, മാന്യമായ ജോലി-സാമ്പത്തിക വളർച്ച തുടങ്ങി ഒരു സമൂഹത്തെ പരിഷ്‌കൃതമാകാൻ സഹായിക്കുന്ന 16 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചികയ്ക്ക് രൂപം നൽകിയത്.
2020–21ലെ റിപ്പോർട്ടിൽ കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വിവിധ മേഖലകളിൽ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഉത്തർപ്രദേശ് ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഏറെ പിന്നിലും. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അതിന്റെ പിന്നാക്കാവസ്ഥ കാരണം ബിമാരി (രോഗഗ്രസ്തമായ) സംസ്ഥാനങ്ങളെന്നാണു പലയിടത്തും വിളിക്കപ്പെടുന്നതുതന്നെ (അങ്ങനെയല്ലെന്ന് പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ആവർത്തിക്കുന്നുണ്ടെങ്കിൽപ്പോലും) എന്നാൽ നിതി ആയോഗിന്റെതന്നെ വിവിധ സൂചികകൾ പറയുന്നതാകട്ടെ ഈ സംസ്ഥാനങ്ങൾ ഇപ്പോഴും രോഗാവസ്ഥയിലാണെന്നും!
പൂജ്യത്തിൽ ആരംഭിക്കുന്ന സുസ്ഥിര വികസന സൂചിക 100 പോയിന്റിലാണ് അവസാനിക്കുന്നത്. ഇതിനെ 4 സ്കെയിലുകളായി തിരിച്ചിരിക്കുന്നു. 0 മുതൽ 49 പോയിന്റ് വരെ സ്കോർ ചെയ്യുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആസ്‌പിരന്റ് (ആഗ്രഹമുണ്ട്, വലിയ പുരോഗതിയില്ല) വിഭാഗത്തിലും, 50 പോയിന്റ് മുതൽ 64 പോയിന്റ് വരെ സ്കോർ ചെയ്യുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പെർഫോർമർ വിഭാഗത്തിലും 65 പോയിന്റ് മുതൽ 99 പോയിന്റ് വരെ ലഭിക്കുന്നവരെ ഫ്രണ്ട് റണ്ണർ വിഭാഗത്തിലും 100 പോയിന്റ് കിട്ടുന്നവരെ അച്ചീവർ വിഭാഗത്തിലും ഉൾപ്പെടുത്തും.
ഈ 16 ഘടകങ്ങളിൽ, ഓരോ ഘടകത്തിലും ഓരോ സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും നേടുന്ന പുരോഗതി വിലയിരുത്തി, സൂചികയിലെ സ്‌കെയിലിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകും. ഇങ്ങനെ 16 ഘടകങ്ങൾക്കും ലഭിക്കുന്ന സ്കോറുകളുടെ സംയോജിത (കോംപോസിറ്റ്) സ്കോർ അനുസരിച്ച് ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്ര ഭരണപ്രദേശത്തിന്റെയും ദേശീയ റാങ്ക് നിശ്ചയിക്കും. ഒരു ഘടകത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കിട്ടുന്ന സ്കോറുകളുടെ സംയോജിത സ്കോർ ആയിരിക്കും ആ ഘടകത്തിലെ ദേശീയ സ്കോർ (ദേശീയ ശരാശരി).
കേരളംതന്നെ മുന്നിൽ
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എന്നതുപോലെ, 2020–21ലും കേരളമായിരുന്നു സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്ത്. ഈ വർഷം 5 പോയിന്റ് നേട്ടത്തിൽ 75 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 66 ആയിരുന്നു ദേശീയ ശരാശരി. 2019ൽ കേരളത്തിന് 70 പോയിന്റായിരുന്നു. 74 പോയിന്റോടെ ഹിമാചൽ പ്രദേശും തമിഴ്നാടും രണ്ടാം സ്ഥാനം പങ്കിട്ടു. എന്നാൽ നിരാശപ്പെടുത്തുന്നത്, സൂചികയിൽ പല വലിയ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെയും സ്കോർ, ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ് എന്നതാണ്. ബിഹാറാണ് 52 പോയിന്റ്മായി പട്ടികയിൽ ഏറ്റവും പിന്നിൽ. അതിനു തൊട്ടു മുന്നിൽ 56 പോയിന്റുമായി ജാർഖണ്ഡും. അസം 57 പോയിന്റോടെയും ഉത്തർപ്രദേശും രാജസ്ഥാനും 60 പോയിന്റോടെയും ഒഡിഷയും ഛത്തിസ്ഗഡും 61 പോയിന്റോടെയും, ബംഗാളും മധ്യപ്രദേശും 62 പോയിന്റോടെയും പട്ടികയിൽ ദേശീയ ശരാശരിയേക്കാൾ വളരെ താഴെ നിൽക്കുന്നു.
ദാരിദ്ര്യനിർമാർജനത്തിൽ കേരളം രണ്ടാമത്, യുപി..?
സൂചികയിൽ ഒന്നാമത്തെ ഘടകം ദാരിദ്ര്യ നിർമാർജനമാണ്. ദാരിദ്ര്യ നിർമാർജനത്തിന്റെ പുരോഗതി വിലയിരുത്താൻ സ്വീകരിച്ച മാനദണ്ഡങ്ങൾ ഇവയാണ്– എത്ര ശതമാനം ആൾക്കാർ ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നു, ഒരാൾക്കെങ്കിലും ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കുടുംബങ്ങളുടെ ശതമാനം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം തൊഴിൽ കിട്ടാൻ ആഗ്രഹിക്കുന്നവരിൽ എത്ര ശതമാനത്തിനു തൊഴിൽ ലഭിച്ചു, സമൂഹത്തിലെ എത്ര ശതമാനത്തിനു പ്രധാനമന്ത്രി മാതൃ വന്ദന യോജന പ്രകാരമുള്ള സംരക്ഷണ ആനുകൂല്യം ലഭിച്ചു എന്നീ വിവരങ്ങൾ വിലയിരുത്തിയാണ്.
ദാരിദ്ര്യ നിർമാർജനത്തിൽ 86 പോയിന്റുമായി തമിഴ്നാടാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 83 പോയിന്റുമായി ഗോവയും കേരളവും തൊട്ടു പിറകിലുണ്ട്. ദാരിദ്ര്യ നിർമാർജനത്തിൽ ദേശീയ ശരാശരി 60 പോയിന്റാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ള ബിഹാറിന്റെ സ്കോർ ദേശീയ ശരാശരിയിൽ നിന്ന് അവിശ്വസനീയമായ വിധം താഴെ 32 പോയിന്റാണ്. ദാരിദ്ര്യ നിർമാർജനത്തിൽ വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവച്ച ഉത്തർപ്രദേശിന്റെയും ജാർഖണ്ഡിന്റെയും ഒഡിഷയുടെയും മധ്യപ്രദേശിന്റെയും ഛത്തിസ്ഗഡിന്റെയും സ്കോറും അൻപതിലും വളരെ താഴെയാണ്. ഉത്തർപ്രദേശിനു കിട്ടിയത് 44 പോയിന്റ്. അതായത്, സംസ്ഥാനത്തു പുരോഗതിക്ക് ആഗ്രഹമുണ്ട്, പക്ഷേ ഒന്നും നടക്കുന്നില്ലെന്നു മാത്രം.
വിശപ്പുരഹിത സമൂഹത്തിലും കേരളം മുന്നിൽ
സൂചികയുടെ രണ്ടാമത്തെ ലക്ഷ്യം വിശപ്പുരഹിത സമൂഹ സൃഷ്ടിയാണ്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പ്രയോജനം സമൂഹത്തിലെ എത്ര ശതമാനത്തിനു കിട്ടുന്നു, 5 വയസിനു താഴെയുള്ള എത്ര ശതമാനം കുട്ടികൾക്ക് തൂക്കക്കുറവുണ്ട്, വളർച്ചക്കുറവുണ്ട്, 15 മുതൽ 49 വയസ്സുവരെയുള്ള ഗർഭിണികളിൽ എത്ര ശതമാനത്തിനും 10നും 19നും ഇടയിലുള്ള എത്ര ശതമാനം കൗമാരക്കാർക്കും വിളർച്ചയുണ്ട്, ഒരു ഹെക്ടറിൽനിന്ന് എത്ര കിലോഗ്രാം നെല്ല്/ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന ഒരു കർഷക തൊഴിലാളി കാർഷിക മേഖലയ്ക്ക് നൽകുന്ന മൊത്ത മൂല്യം എന്നിവയായിരുന്നു വിശപ്പു രഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ഓരോ സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശവും മുന്നേറി എന്നു വിലയിരുത്താൻ സ്വീകരിച്ച മാനദണ്ഡങ്ങൾ.
വിശപ്പുരഹിത സമൂഹ സൃഷ്ടിയിൽ 80 പോയിന്റോടെ കേരളമാണ് ഒന്നാംസ്ഥാനത്ത്. കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് മാത്രമേ 65 പോയിന്റോ അതിനു മുകളിലോ സ്കോർ ചെയ്യാൻ കഴിഞ്ഞുള്ളൂ. ഏറ്റവും മോശം സ്കോറുള്ള 11 സ്ഥാനങ്ങളുണ്ട്. അതിലൊന്ന് ഉത്തർപ്രദേശാണ്– 44 ആയിരുന്നു സ്കോർ. അവിടെയും സൂചികയുടെ പട്ടികയിൽ ഉത്തർപ്രദേശിനു മേൽ പതിഞ്ഞത് ചുവപ്പുനിറം! ഉത്തർപ്രദേശിലെ ഗർഭിണികളിൽ 51 ശതമാനവും വിളർച്ച ബാധിച്ചവരാണ്. ഉത്തർപ്രദേശിലെ 31 ശതമാനം കൗമാരക്കാർക്കും വിളർച്ച ബാധിച്ചിട്ടുണ്ട്. അവിടെ 5 വയസിനു താഴെയുള്ള കുട്ടികളിൽ 36 ശതമാനവും തൂക്കക്കുറവുള്ളവരും 38 ശതമാനം പേർ വളർച്ച മുരടിച്ചവരുമാണ് എന്നും സൂചിക വ്യക്തമാക്കുന്നു.
‘സന്തോഷത്തിൽ’ കേരളത്തിന് 72
സൂചികയിൽ മൂന്നാമത്തെ ലക്ഷ്യം നല്ല ആരോഗ്യവും, ജനങ്ങളുടെ സന്തോഷവുമാണ്. ലക്ഷം ജനനം നടക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം, ജനിക്കുന്ന 1000 കുട്ടികളിൽ 5 വയസ് എത്തുന്നതിനു മുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം, ലക്ഷം പേരിൽ എത്ര പേർക്ക് ക്ഷയം ഉണ്ട്, 1000 പേരിൽ എത്ര പേർക്ക് എച്ച്ഐവി ബാധ ഉണ്ട്, ലക്ഷം പേരിൽ എത്ര പേർ ആത്മഹത്യ ചെയ്യുന്നു, എത്ര പേർ റോഡപകടത്തിൽ മരിക്കുന്നു, ആശുപത്രിയിൽ നടക്കുന്ന പ്രസവത്തിന്റെ ശതമാനം, ഒരു വ്യക്തിയുടെ ഉപഭോഗ ചെലവിൽ ആരോഗ്യ പരിപാലനത്തതിനായി ചെലവഴിക്കുന്ന തുക, 10,000 പേർക്ക് എത്ര ഡോക്ടർമാരും നഴ്സുമാരും മിഡ്‌വൈഫുകളും ഉണ്ട്. ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യവും സന്തോഷവും വിലയിരുത്തിയത്. ഈ സൂചികയിലും കേരളത്തിന്റെ സ്കോർ മുന്നിലാണ്–72. ഉത്തർപ്രദേശിന്റെയാകട്ടെ 60ഉം.
വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്ത്
ഗുണപരമായ വിദ്യാഭ്യാസമാണ് സൂചികയുടെ നാലാമത്തെ ലക്ഷ്യം. ഇതിൽ 80 പോയിന്റോടെ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളാണ്. 14 സംസ്ഥാനങ്ങളുടെ സ്കോർ 50 മുതൽ 64 വരെയാണ്. അതിലൊന്നാണ് ഉത്തർപ്രദേശ്–51 പോയിന്റ്. ദേശീയ ശരാശരിയായ 57നും താഴെ!
സൂചികയിൽ അഞ്ചാമത്തെ ലക്ഷ്യമായ ലിംഗ സമത്വത്തിൽ ഫ്രണ്ട് റണ്ണർ എന്ന് സൂചിപ്പിക്കുന്ന 65 പോയിന്റ് മുതൽ 99 പോയിന്റ് വരെയുള്ള സ്കോർ ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. പക്ഷേ 64 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ഛത്തീസ്ഗഡും 63 പോയിന്റോടെ രണ്ടാം സ്ഥാനത്ത് കേരളവുമാണ്. ഇവർക്ക്, കാര്യമായ പ്രവർത്തനം നടത്തുന്നുവെന്നതിന്റെ പെർഫോമർ സ്കോറാണ് ലഭിച്ചിരിക്കുന്നത്. ഉത്തർപ്രദേശിന്റെ സ്കോർ 50. ദേശീയ ശരാശരിയായ 47ലും താഴെ!
സൂചികയുടെ ആറാമതു ലക്ഷ്യമായ ശുദ്ധജല ലഭ്യതയിൽ 100 പോയിന്റോടെ ഇപ്പോഴേ ലക്ഷ്യം നേടിയ ഗോവയാണു പട്ടികയിൽ മുന്നിൽ. 89 പോയിന്റ് നേടി ഫ്രണ്ട് റണ്ണറായ കേരളം എട്ടാം സ്ഥാനത്താണ്. ഉത്തർപ്രദേശിന് ഇക്കാര്യത്തിൽ അൽപം ആശ്വസിക്കാം, സ്കോർ 83 ഉണ്ട്. പക്ഷേ 2019ൽ 94 ഉണ്ടായിരുന്നിടത്തുനിന്ന് 83ലേക്ക് ഇടിയുകയായിരുന്നുവെന്നതാണു യാഥാർഥ്യം.
വൃത്തിയുള്ള ഊർജം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിൽ കേരളത്തിന് ഒപ്പമാണ് ഉത്തർപ്രദേശ്. ഇരു സംസ്ഥാനവും ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ 100 പോയിന്റും നേടി. ദേശീയ ശരാശരി 92.
മാന്യമായ തൊഴിൽ നൽകുന്നതിലും സാമ്പത്തിക വളർച്ചയിലും കേരളത്തിന് 62 പോയിന്റാണുള്ളത്. പക്ഷേ ദേശീയശരാശരിയായ 61നും മുകളിലാണത്. ഉത്തർപ്രദേശിന് സ്കോർ 53. 2019ൽ 64 പോയിന്റ് ആയിരുന്നതാണ് ഇടിഞ്ഞ് 53ലെത്തിയത്.
വ്യവസായത്തിൽ ആര്?
വ്യവസായം, നവീകരണം, പശ്ചാത്തലം എന്നിവയുടെ പേരു പറഞ്ഞാണ് ഉത്തർപ്രദേശ് സർക്കാർ ഇപ്പോൾ പല വാദങ്ങളും മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ കേരളത്തിന് അക്കാര്യത്തിൽ 60 ആണ് സ്കോർ. എട്ടാം സ്ഥാനവുമുണ്ട്. യുപിയ്ക്കാകട്ടെ 42ഉം. അതായത് ദേശീയ ശരാശരിയായ 55 പോയിന്റിനേക്കാൾ ഏറെ താഴെ! അതിൽ മറ്റൊന്നു കൂടി എടുത്തുപറയണം. 2019ൽ ഇതേ വിഭാഗത്തിൽ യുപിയുടെ സ്കോർ 63 ആയിരുന്നു. അതായത് പെർഫോമർ വിഭാഗത്തിൽ. അതാണ് ഇടിഞ്ഞ് 42ൽ എത്തിയത്.
അസമത്വം ഏറെ യുപിയിൽ!
അസമത്വ ലഘൂകരണത്തിൽ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഫ്രണ്ട് റണ്ണേഴ്‌സ് ആണ്. 88 പോയിന്റ് സ്കോർ ചെയ്ത മേഘാലയയാണ് മുന്നിൽ. 69 പോയിന്റ് കിട്ടിയ കേരളം 13–ാമത്. 41 പോയിന്റ് കിട്ടിയ ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും പിറകിൽ. 2019ൽ 46 ആയിരുന്നു സ്കോർ. അതാണ് ഇടിഞ്ഞ് 41ൽ എത്തിയത്.
സുസ്ഥിര നഗരവും സമൂഹവും വിഭാഗത്തിൽ ഉത്തർപ്രദേശിന് കേരളത്തെ മറികടക്കാനായി, അതും രണ്ടു പോയിന്റിന്. കേരളത്തിന് 75ഉം യുപിയ്ക്ക് 77ഉം. ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും വിഭാഗത്തിലും യുപി കേരളത്തെ മറികടന്നു– കേരളത്തിന്റെ സ്കോർ 65, യുപിയുടെ 79.
എന്നാല്‍ പരിസ്ഥിതിയെ മറന്നാണ് ഉത്തർപ്രദേശിന്റെ മുന്നേറ്റമെന്നത് വ്യക്തമാക്കുന്നു അടുത്ത വിഭാഗത്തിലെ സ്കോർ. ‘കരയുടെയും കടലിന്റെയും പരിരക്ഷയും കാലാവസ്ഥാവ്യതിയാനത്തെ നേരിടലും’ വിഭാഗത്തിൽ 39 ആണ് യുപിയുടെ സ്കോർ. അതായത് ഏറ്റവും മോശം സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഏറ്റവും മോശം സ്കോർ ബിഹാറിനാണ്–16. പിന്നാലെ ജാർഖണ്ഡും–25. കേരളത്തിന്റെ സ്കോറാകട്ടെ 69ഉം. പരിസ്ഥിതി സംരക്ഷണത്തിൽ 2019ൽ ഉത്തർപ്രദേശിന്റെ സ്കോർ 48 ആയിരുന്നു. അത് ഇടിഞ്ഞാണ് 39ൽ എത്തിയത്. പരിസ്ഥിതിയെ നശിപ്പിച്ചാണോ ഉത്തർപ്രദേശ് സർക്കാരിന്റെ വികസനമെന്ന ചോദ്യവും ഇവിടെ ഉയരുന്നു. ‘നീതിയും സമാധാനവും’ വിഭാഗത്തില്‍ കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളാണ് 80നു മുകളിൽ. ഉത്തർപ്രദേശിന്റെ സ്കോർ 79 പോയിന്റും.
എന്നിട്ടും കേരളമേറെ മുന്നിൽ!
ആകെയുള്ള 16 വിഭാഗങ്ങളിൽ 11 വിഭാഗങ്ങളിലും കേരളം മികച്ച പോയിന്റുമായി ഫ്രണ്ട് റണ്ണർ വിഭാഗത്തിലാണ്. നാലെണ്ണത്തിൽ പെർഫോമർ വിഭാഗത്തിലും–അതായത് പുരോഗതിയോടെ മുന്നേറുന്നുവെന്നു ചുരുക്കം. ഒരെണ്ണത്തിൽ അച്ചീവറുമായി. എന്നാൽ യുപിയുടെ സ്ഥിതിയോ? 5 വിഭാഗത്തിൽ അവർക്ക് പുരോഗതിക്ക് ആഗ്രഹമുണ്ട്, പക്ഷേ ഒന്നും നടക്കുന്നില്ല. 5 വിഭാഗത്തിൽ പെർഫോമർ സ്കോറാണ്. നാലെണ്ണത്തിൽ ഫ്രണ്ട് റണ്ണറാണ്. ഒരെണ്ണത്തിൽ അച്ചീവറും. കേരളത്തിനൊപ്പമെത്താൻ ഉത്തർപ്രദേശ് കുറച്ചേറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് നിതി ആയോഗ് റിപ്പോർട്ടു തന്നെ പറഞ്ഞു വയ്ക്കുന്നു.
2019നെ അപേക്ഷിച്ച് കേരളത്തിന്റെ സ്കോർ കുറഞ്ഞ നാലു വിഭാഗങ്ങളുണ്ടെന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. അതിൽപ്പോലും മൂന്നെണ്ണത്തിൽ കേരളം ഫ്രണ്ട് റണ്ണറാണ്. ഒരെണ്ണത്തിൽ പെർഫോമറും. അവിടെയും ഒരിടത്തു പോലും ‘ആസ്പിരന്റ്’ വിഭാഗത്തിലെ ചുവപ്പു മഷി കേരളത്തിനു മേൽ പതിഞ്ഞിട്ടില്ല. മാത്രവുമല്ല, കേരളം 2019നേക്കാൾ പിന്നിലായിപ്പോയ നാലിൽ മൂന്നു വിഭാഗത്തിലും യുപി ഇപ്പോഴും പുരോഗതി ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഒന്നും നടക്കുന്നില്ലെന്നു മാത്രം. കേരളം റാങ്കിങ്ങിൽ 2019നേക്കാൾ പിന്നോട്ടു പോയ ‘ലൈഫ് ഓൺ ലാൻഡ്’ വിഭാഗത്തിൽ 77 പോയിന്റാണുള്ളത്. 2019ൽ അത് 98 ആയിരുന്നു. ഉത്തർപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല, ഈ വിഭാഗത്തിൽ 62ൽനിന്ന് 61ലേക്കാണ് എത്തിയത്.
വാരിക്കോരി കേന്ദ്രം കൊടുത്തിട്ടും...
കേന്ദ്രവിഹിതം വൻതോതിൽ ലഭിച്ചിട്ടു പോലും പല മേഖലയിലും ഉത്തർപ്രദേശ് പിന്നിലാണെന്നതാണു സത്യം. കേന്ദ്രത്തിനാകട്ടെ ബിഹാറിനോടും ഉത്തർപ്രദേശിനോടുമെല്ലാം അൽപം മമത കൂടുതലുമാണ്. 2016–17ലെ കണക്കു നോക്കാം. അന്ന് മഹാരാഷ്ട്രയും തമിഴ്‌നാടും കേന്ദ്ര വിഹിതമായി 100 രൂപ നൽകിയെങ്കിൽ തിരികെ കിട്ടിയത് 30 രൂപയാണ്. അതേസമയം ബിഹാറിനും ഉത്തർപ്രദേശിനും അവർ കേന്ദ്രത്തിനു നൽകിയതിന്റെ 200 ശതമാനവും 150 ശതമാനവും കേന്ദ്രവിഹിതമായി തിരിച്ചുകിട്ടി. ഈ നീക്കത്തിനെതിരെ കേരളം ഉള്‍പ്പെടെ പരാതി പറഞ്ഞെങ്കിലും കേന്ദ്രത്തിന്റെ പരിഗണന ഇതുവരെ കാര്യമായി കിട്ടിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. കേന്ദ്രവിഹിതം കിട്ടിയിട്ടും യുപിയിൽ ഇതാണു സ്ഥിതിയെന്നാണ് നിതി ആയോഗും പറഞ്ഞു വയ്ക്കുന്നത്.
കണക്കുകൾ ഇവിടെയും തീർന്നിട്ടില്ല.
2021 അവസാനിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കേ നിതി ആയോഗ് മറ്റൊരു റിപ്പോർട്ട് പുറത്തുവിട്ടു. കോവിഡ് ഉഴുതു മറിച്ച സാഹചര്യത്തിൽ കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്നു പരിശോധിച്ചായിരുന്നു റിപ്പോർട്ട്. 2019-20ലെ രാജ്യത്തെ ആരോഗ്യ സൂചികയിൽ മുന്നിലെത്തിയത് കേരളമായിരുന്നു. ഏറ്റവും പിന്നിൽ ഉത്തർപ്രദേശും. നിതി ആയോഗ്, വേൾഡ് ബാങ്ക്, ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം എന്നിവ ഒന്നിച്ചു ചേർന്നായിരുന്നു റിപ്പോർട്ട് പുറത്തുവിട്ടത്.
ആരോഗ്യ നിലവാരം, സർക്കാരുകളുടെ പ്രവർത്തനം, വിവരങ്ങൾ കൈമാറുന്നതിലെ സുതാര്യത തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയായിരുന്നു ഓരോ സംസ്ഥാനത്തിനും മാർക്കിട്ടത്. സൂചിക പ്രകാരം കേരളത്തിന് 82.2 ആയിരുന്നു സ്കോർ. ഉത്തർപ്രദേശിന്റേത് 30.57ഉം. 2021 ജൂണിൽ പുറത്തിറക്കിയ നിതി ആയോഗിന്റെ ദേശീയ ദാരിദ്ര്യ നിലവാര സൂചികയിലും ഉത്തർപ്രദേശിന്റെ നില പരിതാപകരമായിരുന്നു. റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം കേരളത്തിലാണ്–0.71 ശതമാനം മാത്രം. എന്നാൽ ഉത്തർപ്രദേശിൽ അത് 37.79 ശതമാനമാണ്!
(With inputs from Manorama Online File Stories)
English Summary: Yogi's Uttar Pradesh and Pinarayi's Kerala; How they Compare?