ഛന്നിയെ മുഖ്യമന്ത്രിയാക്കിയത് അമരിന്ദറിനെ ബിജെപി നിയന്ത്രിച്ചെന്നറിഞ്ഞപ്പോള്: പ്രിയങ്ക
Mail This Article
ന്യൂഡൽഹി∙ ക്യാപ്റ്റൻ അമരിന്ദര്‍ സിങ്ങിനെ ബിജെപി നിയന്ത്രിക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് ചരൺജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോട്ട്കാപുരയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അമരിന്ദർ സിങ്ങിന്റെ പേര് പരാമർശിക്കാതെ പ്രിയങ്ക ഗാന്ധിയുടെ പരാമർശം.
‘അഞ്ച് വർഷമായി ഇവിടെ ഒരു സർക്കാർ ഉണ്ടായിരുന്നു എന്നത് ശരിയാണ്. ആ സർക്കാരിൽ ചില പോരായ്മകൾ ഉണ്ടായിരുന്നു എന്നതും ശരിയാണ്. ആ സർക്കാർ ഡൽഹിയിൽനിന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങി. ആ മറഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇന്ന് പരസ്യമായി പുറത്തുവന്നിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് ആ സർക്കാരിനെ മാറ്റേണ്ടി വന്നത്’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
റാലിക്കിടെ ആം ആദ്മി പാര്‍ട്ടിയെയും (എഎപി) പ്രിയങ്ക വിമർശിച്ചു. ഡല്‍ഹിയില്‍ ഇരുന്ന് പഞ്ചാബ് ഭരിക്കാനാണ് അരവിന്ദ് കേജ്‍രിവാളിന്‍റെ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ‘ഡൽഹിയിൽനിന്നു വന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുണ്ട്. പരസ്യങ്ങളിലൂടെ നിങ്ങളെ ഡൽഹി മോഡൽ കാണിക്കുകയാണ്’– അവർ പറഞ്ഞു. ഡൽഹിയിൽ എഎപി സർക്കാർ പരാജയമാണെന്നും പ്രിയങ്ക പറഞ്ഞു.
English Summary: Amarinder replaced as his govt was being run by BJP from Delhi, says Priyanka