അമരിന്ദറിന് വോട്ടുതേടി കോൺഗ്രസ് എംപിയായ ഭാര്യ ബിജെപി വേദിയിൽ: വിവാദം
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനായി ബിജെപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് എംപിയും അമരിന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗർ പങ്കെടുത്തതിൽ വിവാദം. ഭർത്താവിന് വേണ്ടി വോട്ടുചോദിക്കാൻ ഭാര്യ എത്തി എന്നതിനപ്പുറം, കോൺഗ്രസ് എംപി ബിജെപി സഖ്യത്തിലെ സ്ഥാനാർഥിക്ക് വേണ്ടി വോട്ടുചോദിച്ചുവെന്നതാണ് വിവാദമായത്.
ശനിയാഴ്ച സിർഹിന്ദി ഗേറ്റില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് പ്രണീത് കൗർ പങ്കെടുത്തത്. ‘അമരിന്ദർ നിങ്ങളുടെ കുടുംബാംഗമാണെന്ന നിലയിൽ നിങ്ങളോട് വോട്ട് അഭ്യർഥിക്കാനാണ് ഞാൻ വന്നത്. ഞാൻ എന്റെ കുടുംബത്തിനൊപ്പമാണ്. കുടുംബം എല്ലാറ്റിനും മേലെയാണ്’– അവർ പറഞ്ഞു. പട്യാലയിൽ നിന്നുള്ള എംപിയായ പ്രണീത് കൗർ കുറച്ച് നാളായി കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ കോൺഗ്രസ് പ്രണീതിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.
കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയ അമരിന്ദർ സിങ് തന്റെ പരമ്പരാഗത സീറ്റായ പട്യാലയിൽ (അർബൻ) നിന്നാണ് ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിഎൽസി, ബിജെപിയും എസ്എഡിയുമായി (സംയുക്ത്) സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
English Summary: Congress MP Preneet Kaur attends BJP poll meet, seeks votes for husband Amarinder Singh