ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു ജയിൽപുള്ളി 21 ദിവസത്തേക്ക് പ്രത്യേക അവധിയിൽ പുറത്തിറങ്ങിയാൽ എന്തു സംഭവിക്കും? അതും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. എന്തും സംഭവിക്കാം എന്നാണു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ പറയുക... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു ജയിൽപുള്ളി 21 ദിവസത്തേക്ക് പ്രത്യേക അവധിയിൽ പുറത്തിറങ്ങിയാൽ എന്തു സംഭവിക്കും? അതും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. എന്തും സംഭവിക്കാം എന്നാണു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ പറയുക... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു ജയിൽപുള്ളി 21 ദിവസത്തേക്ക് പ്രത്യേക അവധിയിൽ പുറത്തിറങ്ങിയാൽ എന്തു സംഭവിക്കും? അതും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. എന്തും സംഭവിക്കാം എന്നാണു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ പറയുക... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു ജയിൽപുള്ളി 21 ദിവസത്തേക്ക് പ്രത്യേക അവധിയിൽ പുറത്തിറങ്ങിയാൽ എന്തു സംഭവിക്കും? അതും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. എന്തും സംഭവിക്കാം എന്നാണു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ പറയുക. അനിഷ്ടമൊന്നും സംഭവിക്കാതിരിക്കാൻ ‘പുള്ളിയോടും സംഘാംഗങ്ങളോടും’ തിരക്കിട്ട കൂടിക്കാഴ്ചകളും വിലപേശലുകളും രഹസ്യമായും പരസ്യമായും മുറയ്ക്കു നടക്കുന്നു. അത്രയ്ക്കും വേണ്ടപ്പെട്ട, വിലപ്പെട്ട ആൾ ആരാണെന്നല്ലേ? ഗുർമീത് റാം റഹിം സിങ്; ഉത്തരേന്ത്യൻ മണ്ണിൽ ആഴത്തിൽ വേരൂന്നിയ ദേരാ സച്ചാ സൗദയുടെ തലവൻ. ആരു ജയിക്കണം ആരെ തോൽപിക്കണം എന്നു തീരുമാനിക്കാൻ പ്രാപ്തിയുള്ള ‘ആത്മീയ ഗുരു’!

കൊലക്കേസിലും ലൈംഗിക പീഡനക്കേസിലും ശിക്ഷ അനുഭവിക്കുന്ന വിവാദ ആത്മീയ നേതാവായ ഗുർമീതിന്റെ വളർച്ചയിൽ രാഷ്ട്രീയകക്ഷികൾ നൽകിയ സംഭാവന ചെറുതല്ല; തിരിച്ചുമതെ. അതുതന്നെയാണു വോട്ടെടുപ്പിനു തൊട്ടുമുൻപായി ജയിലിൽനിന്ന് ഇറങ്ങിയ ഗുർമീതിനു കിട്ടുന്ന വലിയ ശ്രദ്ധയുടെ കാരണവും. പഞ്ചാബിൽ വലിയ തോതിൽ അനുയായികളുള്ളതാണു ദേരാ സച്ചാ പ്രസ്ഥാനം. പത്രപ്രവർത്തകനെ കൊന്ന കേസിലാണു ഗുർമീതിനും മറ്റു 3 പേർക്കും 2017ൽ സിബിഐ കോടതി ജീവപര്യന്തം വിധിച്ചത്. ദേരാ മാനേജരെ കൊലപ്പെടുത്തിയ കേസിൽ 2021ൽ ഗുർമീതിനും 4 അനുയായികൾക്കും വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷയും ഗുർമീത് അനുഭവിക്കുകയാണ്.

ADVERTISEMENT

ഹരിയാനയിലെ റോത്തക്ക് ജയിലിൽനിന്നാണു താൽക്കാലിക മോചനം നേടി ഗുർമീത് പുറത്തിറങ്ങിയത്. പ്രായാധിക്യ പ്രശ്നങ്ങളുള്ള മാതാവിനെ കാണാനും ചികിത്സയ്ക്കുമായി നേരത്തേ മൂന്നു തവണ അടിയന്തര പരോളും ഇയാൾ നേടിയിരുന്നു. ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ഗുർമീത് 21 ദിവസമാണ് പുറത്തുണ്ടാവുക. പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ ഉത്സാഹിക്കുന്ന ബിജെപിക്ക്, ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ‘ഒരു കൈ സഹായമാണ്’ ഗുർമീതിന്റെ ജയിൽ അവധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രോട്ടോക്കോൾ പ്രകാരമാണ് അവധി അനുവദിച്ചതെന്നാണു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രതികരണം.

ഗുർമീത് റാം റഹിം സിങ്. ഫയൽ ചിത്രം: AFP

∙ 6 കോടി അനുയായികൾ; വോട്ട് നിർണായകം

ഒരു രാഷ്ട്രീയ പാർട്ടിയോടും സ്ഥിരമായ മൈത്രിയോ ശത്രുതയോ ഗുർമീത് പുലർത്താറില്ല. പല കാലങ്ങളിൽ പലരെയും മാറിമാറി പിന്തുണച്ചു. ജയിലിൽ പോകുന്നതിനു മുൻപ് 6 കോടിയോളം അനുയായികൾ ഉണ്ടെന്നായിരുന്നു ദേരാ സച്ചാ സൗദയുടെ അവകാശവാദം. ചിന്നിച്ചിതറി പോയെങ്കിലും വിശ്വാസിസമൂഹത്തിന്റെ ചുക്കാൻ ഇപ്പോഴും ഗുർമീതിന്റെ കയ്യിലാണെന്നു രാഷ്ട്രീയക്കാർക്ക് അറിയാം. 117 സീറ്റുള്ള സംസ്ഥാനത്ത് 69 സീറ്റുള്ള മാൾവ മേഖലയാണു ഭരണത്തിലേക്കുള്ള വഴി. മാൾവയിൽ നിർണായക സ്വാധീനമാണ് ഗുർമീതിനുള്ളത്. മാൾവയിൽനിന്നു നിയമസഭയിലേക്കും ലോക്സഭയിലേക്കും ആരു പോകണമെന്നു തീരുമാനിക്കുന്നതിൽ ഗുർമീതിനും അനുയായികൾക്കും പങ്കുണ്ട്.

ദലിത് വിഭാഗക്കാരാണു ഗുർമീതിന്റെ അനുയായികളിൽ കൂടുതലും. ഇത്തവണ പതിവുവിട്ട് എല്ലാ പാർട്ടികളും ദലിത് വോട്ട് നേടാൻ കൂടുതൽ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. ശിക്ഷിക്കപ്പെട്ടതിനു ശേഷം ആദ്യമായാണു ഗുർമീതിനു ജയിലിൽനിന്ന് ഇത്രയും നീണ്ട അവധി കിട്ടുന്നത്. ഫെബ്രുവരി 27ന് അവധി തീരുംവരെ ഗുരുഗ്രാം വിട്ടു പുറത്തു പോകരുതെന്നാണു നിബന്ധന. അതിനാൽത്തന്നെ പതിവുപോലെ കാണാനും ‘അനുഗ്രഹം’ വാങ്ങാനും രാഷ്ട്രീയക്കാർ ഗുർമീതിന്റെ അരികിലേക്കു വന്നുകൊണ്ടിരിക്കുന്നു. ഗുർമീതിന്റെ ആഹ്വാനങ്ങൾ ശിരസ്സാ വഹിക്കുന്നവരാണ് അനുയായികൾ എന്നതിനാൽ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണു വിവിധ പാർട്ടികളിലെ നേതാക്കൾ.

ADVERTISEMENT

‘മാൾവ മേഖലയിൽ ഞങ്ങൾക്ക് അനുയായികളുടെ വലിയ സ്വാധീനമുണ്ട്. മുക്തസർ, ഭട്ടിൻഡ, മൻസ, ഫിറോസ്പുർ, ഫസിൽക, ബർനാല, സൻഗ്‍രുർ, മോഗ, പട്യാല, ലുധിയാന തുടങ്ങിയ ഇടങ്ങളിലെല്ലാം ശക്തമാണു പ്രസ്ഥാനം. ഹോഷിയാപുർ, ജലന്ധർ, ഭഗ്‍വാര, തരൺ താരൺ, അമൃത്‍സർ തുടങ്ങിയ ദോബ, മാജ മേഖലകളിലും കരുത്തരാണ്. 40 ലക്ഷത്തിലേറെ അനുയായികൾ പഞ്ചാബിൽ മാത്രമുണ്ട്’– ദേരാ സച്ചാ സൗദയുടെ രാഷ്ട്രീയ സമിതിയംഗം റാം സിങ് ഇൻസാൻ അവകാശപ്പെട്ടു. ആകെ ജനസംഖ്യയുടെ 32 ശതമാനം ദലിതരുള്ള സംസ്ഥാനമാണു പഞ്ചാബെന്നും ഇവരിൽ വലിയൊരു ശതമാനം തങ്ങളുടെ അനുയായികളാണെന്നും ദേരാ സച്ചാ സൗദ പറയുന്നു.

ഗുർമീത് റാം റഹിം സിങ്ങിന്റെ ആശ്രമത്തിനു സമീപത്തെ ദൃശ്യം. ചിത്രം: AFP

ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുമായി നല്ല സൗഹൃദമാണ് ഗുർമീതിന്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബിജെപിയെ പിന്തുണച്ചു. ഹരിയാനയിൽ ആദ്യത്തെ ബിജെപി സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ചതിൽ ദേരയുടെ പിന്തുണയ്ക്കു വലിയ പങ്കുണ്ട്. അതിനു മുൻപു ഹരിയാനയിൽ കോൺഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. ഗുർമീതിന്റെ വളർച്ചയിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ടെന്നു പറയാം.

∙ രക്ഷകനായി അവതരിച്ച ‘പിതാജി’

മാനവരാശിയുടെ രക്ഷകൻ എന്നാണ് ഗുർമീത് സ്വയവും അനുയായികളും വിശേഷിപ്പിക്കുന്നത്. പുതുതലമുറ ബൈക്കോട്ടക്കാരനാണ് അൻപത്തഞ്ചുകാരനായ ഈ ആത്മീയ നേതാവ്. പാക്കിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഷാ മസ്താന 1948ൽ സ്ഥാപിച്ചതാണു ഗുർമീത് തലവനായ ആത്മീയ സാമൂഹിക സംഘടനയായ ദേരാ സച്ചാ സൗദ. ഷാ മസ്താനയ്ക്കുശേഷം ഷാ സത്‌നം 1960 മുതൽ തലവനായി. സത്‌നത്തിന്റെ ഭക്തനായിരുന്നു ഗുർമീതിന്റെ പിതാവ്. 1990 സെപ്റ്റംബർ 23നാണു ഷാ സത്‌നം തന്റെ പിൻഗാമിയായി ഗുർമീതിനെ പ്രഖ്യാപിച്ചത്. അന്നു ഗുർമീതിന് 23 വയസ്സ്.

ADVERTISEMENT

രാജ്യത്ത് വിവിഐപി പദവിയും സെഡ് കാറ്റഗറി സുരക്ഷയുമുള്ള 36 പേരിൽ ഒരാളായാണു ഗുർമീത് വിരാജിച്ചിരുന്നത്. ട്വിറ്ററിൽ പിന്തുടരുന്നത് 37 ലക്ഷത്തിലേറെപ്പേർ. ആത്മീയഗുരു മാത്രമല്ല ഗായകനും അഭിനേതാവും വ്യവസായിയുമാണ്. മെസഞ്ചർ ഓഫ് ഗോഡ്, എംഎസ്‌ജി 2 എന്നീ സിനിമകളും നിർമിച്ചു. ഈ സിനിമകളിൽ വെട്ടിത്തിളങ്ങുന്ന ഉടയാടകളണിഞ്ഞു ബൈക്കിൽ പറന്നെത്തുന്ന, മാനവരാശിയുടെ രക്ഷകനായി ഗുർമീത് അവതരിക്കുന്നു. മെസഞ്ചർ ഓഫ് ഗോഡിന്റെ രണ്ടാം ഭാഗമായ എംഎസ്‌ജി 2 വിലെ ആറു പാട്ടുകളും വ്യത്യസ്ത സ്വരങ്ങളിൽ പാടിയത് ഗുർമീതാണ്. റോക്ക്സ്റ്റാർ ബാബ എന്നാണ് ഇരട്ടപ്പേര്.

സ്വയം ചിട്ടപ്പെടുത്തിയ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയുടെ പേര് റിലീജിയസ് റോക്ക്. സംഗീത പരിപാടികളിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങൾ പതിവ്. 30 അടി മുകളിൽ ക്രെയിനിൽ തൂങ്ങിയാടിയും എഴുന്നേറ്റുനിന്ന് ഒരു കാലിൽ വാഹനമോടിച്ചും പാട്ടുകൾ പാടും. ഗുർമീതിനു പത്മശ്രീ നൽകാൻ ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത് 1600 ശുപാർശകൾ. 19 ഗിന്നസ് റെക്കോർഡുകളുടെ ഉടമയാണ്. 5 ലക്ഷം പേരെ ഉൾപ്പെടുത്തി രക്തദാന ക്യാംപ് സംഘടിപ്പിച്ചതിനാണ് ആദ്യ തവണ ഗിന്നസിൽ ഇടം നേടിയത്. ലക്സസ്, മെഴ്സിഡീസ്, ഒൗഡി, ബിഎംഡബ്ല്യു തുടങ്ങിയവയാണ് ആഡംബര കാർ ശേഖരത്തിലുള്ളത്. മൊബൈൽ ജാമറുകൾ ഘടിപ്പിച്ചിരിക്കുന്ന വാഹനങ്ങൾക്കെല്ലാം ഒരേ നിറവും ഒരേ നമ്പറുമാണ്.

രാജസ്ഥാനിലെ ചെറുഗ്രാമത്തിൽ കർഷക ദമ്പതികളുടെ ഏക മകനായാണു ജനനം. ചെറുപ്പത്തിൽ അച്ഛനെ സഹായിക്കാനായി കൃഷിയിടത്തിൽ ട്രാക്ടർ ഓടിക്കാൻ പോയിട്ടുണ്ട്. ആത്മീയ ഗുരുവായതോടെ ആഡംബര വാഹനമായ റേഞ്ച് റോവറായി പ്രിയം. 100 പുതുതലമുറ വാഹനങ്ങൾ വേറെയുമുണ്ട്. ഫെയ്‌സ്ബുക് പേജിൽ സ്വയം വിശേഷിപ്പിക്കുന്നത് ആത്മീയ വിശുദ്ധൻ, മനുഷ്യസ്നേഹി, ഗായകൻ, സിനിമാ സംവിധായകൻ, നടൻ, ആർട് ഡയറക്ടർ, സംഗീത സംവിധായകൻ, പാട്ടെഴുത്തുകാരൻ എന്നെല്ലാമാണ്. സ്വദേശി–ജൈവ ഉൽപന്ന ബിസിനസുണ്ട്. മക്കളാണു ബിസിനസ് നടത്തുന്നത്.

ഹരിയാനയിലെ സിർസയിലെ ദേര ആശ്രമം ആയിരം ഏക്കറിൽ പരന്നുകിടക്കുന്നു. സ്കൂളുകളും ആശുപത്രികളും സിനിമാശാലകളുമായി അത്യാഡംബര ടൗൺഷിപ്. അനുയായികൾക്കു ഗുർമീത് ജീവനാണ്. രാജസ്ഥാനിൽ 1967ൽ ജനിച്ച ഗുർമീതിന്റെ അൻപതാം പിറന്നാൾ ദിനത്തിൽ അനുയായികൾ തയാറാക്കിയത് 51 ക്വിന്റൽ തൂക്കമുള്ള കേക്കായിരുന്നു. അതിൽ കത്തിച്ചത് ഒന്നേകാൽ ലക്ഷം മെഴുകുതിരികളും. കലാപം അഴിച്ചുവിടുന്നതടക്കം എന്തും ചെയ്യുന്ന സംഘമുണ്ട് ഗുർമീതിന്.

തന്റെ പേരിനൊപ്പം ഗുർമീത് ബ്രായ്ക്കറ്റിൽ ചേർക്കുന്ന ഹിന്ദി വാക്കാണ് ഇൻസാൻ. മനുഷ്യനെന്നർഥം. ഗുർമീത് യഥാർഥത്തിൽ ദൈവമാണെന്നും മനുഷ്യരൂപത്തിൽ അവതരിച്ചെന്നുമാണ് അനുയായികളുടെ വിശ്വാസം. ഹിന്ദു, മുസ്‌ലിം, സിഖ് പേരുകൾ ഒരുമിച്ചാക്കി വിവിധ മതസ്ഥരുടെ രക്ഷകനായി അവതരിച്ച ‘പിതാജി’യാണു ഗുർമീത് റാം റഹിം സിങ് എന്ന് അനുയായികൾ പറയുന്നു. ദലിതരും സമൂഹത്തിൽ താഴേത്തട്ടിലുള്ളവരുമാണ് അനുയായികളിൽ ഭൂരിഭാഗവും.

ഗുർമീത് റാം റഹിം സിങ്ങിനെതിരെയുള്ള കോടതിവിധിയിൽ പ്രതിഷേധിച്ച് വാഹനങ്ങൾക്ക് തീയിടുന്ന അനുയായികൾ. പഞ്ച്‌കുലയിൽനിന്ന് 2017ലെ ചിത്രം–MONEY SHARMA / AFP

ഉന്നത രാഷ്ട്രീയ നേതാക്കൾ ഗുർമീതിനു മുന്നിൽ താണുവണങ്ങുന്നതു കണ്ട അനുയായികൾ, പിതാജി യഥാർഥത്തിൽ ദൈവംതന്നെ എന്നു വിശ്വസിച്ചു. ദൈവിക പരിവേഷമുള്ള കഥാപാത്രങ്ങളെ വെ‌ള്ളിത്തിരയിൽ അവതരിപ്പിച്ച് അനുയായികളുടെ മനസ്സിൽ ഗുർമീത് അവതാര പുരുഷനായി. ലളിത ജീവിതശൈലിക്കു പകരം സൂപ്പർതാര പരിവേഷമാണു ഗുർമീത് സ്വീകരിച്ചത്. കടുപ്പമേറിയ ആക്‌ഷൻ രംഗങ്ങൾ സിനിമയിൽ അവതരിപ്പിച്ചും ആഡംബര വാഹനങ്ങളുടെ നീണ്ടനിര സ്വന്തമാക്കിയും ജീവിതം ആഘോഷിച്ചു.

∙ സ്ത്രീകൾ ശരീരവും ആത്മാവും സമർപ്പിക്കണം

ഗുർമീതിന്റെ അദ്ഭുതപ്രവൃത്തികൾ സിർസയിലെങ്ങും പാട്ടാണ്. ഡോക്ടർമാർക്കു ചികിത്സിച്ചു ഭേദമാക്കാനാവാത്ത ഗുരുതര രോഗങ്ങൾ പിതാജിയെ ഒരുനോക്കു കണ്ടനിമിഷം മാറിയ കഥകളും സുലഭം. ആശ്രമത്തിൽ ചേരുന്ന സ്ത്രീകൾ ശരീരവും ആത്മാവും തന്നിൽ സമർപ്പിക്കണമെന്നാണു ഗുർമീതിന്റെ ചട്ടമെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)  കണ്ടെത്തിയത്. സ്ത്രീകളുടെ പൂർണനിയന്ത്രണം ഗുർമീത് വേറെയാർക്കും വിട്ടുകൊടുക്കില്ല. പിതാജിക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ തയാറാണെന്നു പ്രതിജ്ഞയെടുത്ത ഒരുപറ്റം യുവാക്കൾ ഉൾപ്പെട്ട ഗുർമീത് സൈന്യവും ആശ്രമത്തിലുണ്ട്. കുർബാനി ദൾ (ജീവത്യാഗം ചെയ്യാൻ തയാറായവരുടെ കൂട്ടം) എന്നാണു സേനയുടെ പേര്.

ഗുർമീതിന് ആപത്തു സംഭവിക്കുന്ന സമയത്തു കലാപം അഴിച്ചുവിടുക എന്നതാണു ദൗത്യം. ഷണ്ഡീകരണം നടത്തിയാണ് ഇവർ സേനയിൽ അംഗങ്ങളാകുന്നത്. ഷണ്ഡീകരണത്തിനു ശേഷം ഗുർമീത് തയാറാക്കി നൽകുന്ന ഔഷധപാനീയം കുടിച്ചാൽ വീറോടെ പൊരുതാനുള്ള ഊർജം ലഭിക്കുമെന്നും ദൈവത്തിലേക്ക് അടുക്കാൻ സഹായിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം. ഒൗദ്യോഗിക കണക്കുകൾ പ്രകാരം ദേര സച്ചാ സൗദ ആശ്രമത്തിലെ വാർഷിക വരുമാനം 80 കോടി രൂപയാണ്. നികുതിരഹിത വരുമാനമാണിത്. അനൗദ്യോഗിക കണക്ക് ഇതിലും പലമടങ്ങുയരും.

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ ഗുർമീത് റാം റഹിം സിങ്ങിനൊപ്പം. ഫയൽ ചിത്രം: STR / AFP

ദേരയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും അതുമായി ബന്ധപ്പെട്ടവരുടെയും 504 അക്കൗണ്ടുകളാണു ഹരിയാന സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭാവനകളാണു വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. ആകെ അനുയായികൾ ആറു കോടി. ഇന്ത്യയിലുടനീളം 250 ആശ്രമങ്ങൾ. വിദേശ രാജ്യങ്ങളിലും ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആശ്രമത്തിന്റെ പേരിൽ വൻ ഭൂസ്വത്ത്. ഗുർമീത് നായകനായി അഭിനയിച്ച നാലു ചിത്രങ്ങൾ വാരിക്കൂട്ടിയത് 1000 കോടി രൂപ.

∙ പീഡനക്കേസിൽ ജയിലിൽ, പൊട്ടിക്കരച്ചിൽ

സിർസയിലെ ദേര ആസ്ഥാനത്ത് 1999–2001 കാലയളവിൽ ആശ്രമ അന്തേവാസികളായ രണ്ടു യുവതികളെ പീഡിപ്പിച്ച കേസുകൾ ഗുർമീതിനു കുരുക്കായി. ഈ കേസുകളിൽ ഗുർമീതിന് 2017 ഓഗസ്റ്റിൽ 20 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലും കുറ്റക്കാരനായി കണ്ട ഗുർമീതിന് ഓരോന്നിനും 10 വർഷം വീതം കഠിനതടവും 15 ലക്ഷം രൂപ വീതം പിഴയുമാണു വിധിച്ചത്. സുരക്ഷാ കാരണങ്ങളാൽ പഞ്ച്കുളയിലെ സുനാരിയ ജയിലിലെ ലൈബ്രറി കോടതിമുറിയാക്കി മാറ്റിയാണു ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്.

ശിക്ഷാവിധി കേട്ടതോടെ പൊട്ടിക്കരഞ്ഞ് കൈകൂപ്പി ക്ഷമ യാചിച്ച ഗുർമീത് കോടതിമുറി വിടാൻ വിസമ്മതിച്ചു. കോടതി ഗുർമീതിനെ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്നുണ്ടായ അക്രമങ്ങളിലും പൊലീസ് വെടിവയ്പിലും നാൽപതോളം പേരാണു കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും കോടിക്കണക്കിനു രൂപയുടെ സ്വത്തു നശിപ്പിക്കപ്പെടുകയും ചെയ്തു. 2002 ൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ലഭിച്ച ഊമക്കത്തിനെ തുടർന്നാണു ഗുർമീതിനെതിരെ പീഡനക്കേസെടുത്തത്.

ഗുർമീത് റാം റഹിം സിങ്. 2015ലെ ചിത്രം: Chandan Khanna / AFP

കോടതി വിധിയെ തുടർന്നുണ്ടായ കലാപം ഹരിയാന, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. ബസുകൾക്കും ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും കെട്ടിടങ്ങൾക്കും മറ്റും അക്രമികൾ തീയിട്ടു. കലാപമുണ്ടാക്കാൻ മുടക്കിയത് 5 കോടി രൂപയാണെന്നും പഞ്ചാബിലും ഹരിയാനയിലുമായി തുക മുൻകൂട്ടി വിതരണം ചെയ്തിരുന്നെന്നും എസ്ഐടി കണ്ടെത്തി. സിർസയിലെ ആസ്ഥാനത്തു നടത്തിയ റെയ്ഡിൽ സമാന്തര കറൻസി ഉൾപ്പെടെ കണ്ടെടുത്തിരുന്നു. അനുയായികൾ അഴിച്ചുവിട്ട പ്രക്ഷോഭത്തിൽ ഹരിയാനയ്ക്കുണ്ടായ നഷ്ടം 126 കോടി രൂപയാണെന്നാണ് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 

∙ ‘അച്ഛൻ–മകൾ ബന്ധത്തെ മോശമായി ചിത്രീകരിച്ചു’

ഗുർമീതിന്റെ താമസസ്ഥലമായ ആഡംബര ‘ഗുഹ’യിൽനിന്ന് വനിതാ അനുയായികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കു രഹസ്യ തുരങ്കം സ്ഥാപിച്ചിരുന്നു. ഇവിടെനിന്നു പുറത്തേക്ക് 5 കിലോമീറ്റർ വരുന്ന മറ്റൊരു തുരങ്കവും കണ്ടെത്തി. മണ്ണും ചെളിയും മൂടിക്കിടക്കുന്ന ഈ തുരങ്കം അടിയന്തര ഘട്ടത്തിൽ ഗുർമീതിനു രക്ഷപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണെന്നാണു കരുതുന്നത്. ഗുർമീതിന്റെ പിങ്ക് നിറത്തിലുള്ള ഗുഹയിൽ വച്ചാണു പീഡനം നടന്നതെന്നാണ് ഇരകളായ യുവതികളുടെ പരാതി. ദേരാ സച്ചാ ശ്മശാനത്തിൽ 600 അസ്ഥികൂടങ്ങൾ മറവുചെയ്തിട്ടുള്ളതായും ഇവിടെ വൃക്ഷത്തൈകൾ നട്ടതായും ദേരാ മുൻ ഉപാധ്യക്ഷൻ കൂടിയായ ഡോ. പി.ആർ.നയിൻ വെളിപ്പെടുത്തിയതും ഏവർക്കും ഞെട്ടലായി. 

ഹണിപ്രീതും ഗുർമീതും. ചിത്രം: PTI

ഗുർമീത് നിരപരാധിയാണെന്നാണ്, കലാപത്തിനു പിന്നാലെ 38 ദിവസം ഒളിവിലായിരുന്ന വളർത്തുമകൾ ഹണിപ്രീത് പറഞ്ഞത്. ഗുർമീതിന്റെ ഫിസിയോതെറപ്പിസ്റ്റ് കൂടിയാണ് ഇവർ. ഹരിയാന പൊലീസിന്റെ പിടിയിലാകും മുൻപു സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അഭിപ്രായ പ്രകടനം. താനും ഗുർമീതും തമ്മിലുള്ള പവിത്രമായ അച്ഛൻ–മകൾ ബന്ധത്തെ ചിലർ മോശമായി ചിത്രീകരിക്കുന്നു. ഈ കോടതിവിധി പ്രതീക്ഷിച്ചതല്ല, കേട്ടപ്പോൾ തല മരവിച്ചു. അതിനുശേഷം ആരോടും സംസാരിച്ചിട്ടില്ല. ഏതോ ഒരു കത്തിന്റെ പേരിലാണു ശിക്ഷ. ദേരയിലുള്ള മറ്റു സ്ത്രീകൾക്ക് അദ്ദേഹത്തെക്കുറിച്ചു മോശം അഭിപ്രായമില്ല. ഗുർമീതിന്റെ പ്രിയപ്പെട്ട മാലാഖയാണ് താനെന്നും ഹണിപ്രീത് പറഞ്ഞു.

ഗുർമീത് റാം റഹിം സിങ് ‘മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രത്തിൽ.

ഇരുവരും തമ്മിലുള്ളതു വഴിവിട്ട ബന്ധമാണെന്നാണ് ഹണിപ്രീതിന്റെ മുൻഭർത്താവ് വിശ്വാസ് ഗുപ്തയുടെ ആരോപണം. ദേരയുടെ നിയന്ത്രണത്തിലുള്ള വാണിജ്യസ്ഥാപനം എംഎസ്ജി ഓൾ ഇന്ത്യ ട്രേഡിങ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സി.പി.അറോറയും പിന്നാലെ അറസ്റ്റിലായി. അക്രമങ്ങളുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി ഖട്ടറിനും എതിരെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിശിത വിമർശനമാണു നടത്തിയത്. പ്രധാനമന്ത്രി ബിജെപിയുടേതല്ല, ഇന്ത്യയുടെ മുഴുവനുമാണ്. അക്രമങ്ങളുണ്ടായശേഷം മാത്രമാണു കേന്ദ്രം ഇടപെട്ടത്. മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയുമാണ്. ഏഴു ദിവസമായി ഒന്നരലക്ഷത്തോളം പേർ തടിച്ചുകൂടുന്നതു തടയാൻ എന്തുകൊണ്ടു സാധിച്ചില്ലെന്നും കോടതി ചോദിച്ചു. 

∙ ഗുർമീത് കേരളത്തിലുമെത്തി, പലവട്ടം

ഗുർമീത് പല തവണ കേരളത്തിൽ എത്തിയിട്ടുണ്ട്. 2010 ൽ മൂന്നാർ ചിന്നക്കനാലിൽ വന്നത് അൻപതോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ആറു കാറുകൾ വിമാനമാർഗമാണു നെടുമ്പാശേരിയിൽ എത്തിച്ചത്. 2012ൽ ആലപ്പുഴയിൽ രണ്ടു നാൾ തങ്ങി. കുമരകത്തും വാഗമണിലും കൊല്ലത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും വന്നിട്ടുണ്ട്. ഗുർമീത് കേരളത്തിൽ 6,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു 2015ൽ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളത്തിൽ ‘സ്പിരിച്വൽ മ്യൂസിക്’ സ്വകാര്യ ചാനൽ തുടങ്ങാനും കൊച്ചിയിൽ‌ ‘മ്യൂസിക് ഷോ’ നടത്താനും ഗുർമീത് പദ്ധതിയിട്ടെങ്കിലും നടന്നില്ല. കേരളത്തിലെ ബിസിനസ് താൽപര്യങ്ങൾക്കു പിന്നിൽ ‘ഇടുക്കി ഗോൾഡ്’ കഞ്ചാവും ലഹരി കടത്തുമാണെന്നും ആരോപണമുണ്ടായിരുന്നു.

വയനാട്ടിലെത്തിയപ്പോൾ താമസിച്ച വൈത്തിരി വില്ലേജ് റിസോർട്ടിന്റെ ഭംഗികണ്ട് ഉടമയോട് ‘ഈ റിസോർട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതൽ വില തരാം’ എന്നായിരുന്നു ഗുർമീത് പറഞ്ഞത്. വയനാട് വൈത്തിരി പഞ്ചായത്തിൽ ഗുർമീത് വാങ്ങിയ 40 ഏക്കർ ഭൂമിയുടെ ഇടപാടുകൾ നടന്നത് അതിവേഗത്തിലായിരുന്നു. സമീപത്തെ പല തോട്ടം ഭൂമികളും പലവിധ ഭൂമിപ്രശ്നങ്ങൾ നേരിടുമ്പോൾ ഗുർമീതിന്റെ ഭൂമി രേഖകളിൽ ‘പെർഫെക്ട്’ ആണ്. സാധാരണ രീതിയിൽ മാസങ്ങളെടുക്കേണ്ട പല നടപടിക്രമങ്ങളും എളുപ്പത്തിൽ നടന്നു. 2012 നവംബറിൽ ട്രസ്റ്റിനു വേണ്ടി ദർശൻ സിങ് എന്നയാളാണു ഭൂമി റജിസ്റ്റർ ചെയ്യാനെത്തിയയത്. ഒരു ബ്രിട്ടിഷ് ട്രസ്റ്റിനു വേണ്ടി 1892ൽ തോമസ് ഗ്രേഹിൽ എന്നയാൾ കൈകാര്യം ചെയ്തിരുന്ന എസ്റ്റേറ്റാണു ഗുർമീതിന്റെ ട്രസ്റ്റിനു സ്വന്തമായത്. 

∙ രാഷ്ട്രീയത്തണലിലെ ഭക്തിക്കച്ചവടം

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിർസയിൽ ദേരയുടെ ആസ്ഥാനത്തേക്കു നേതാക്കളുടെ പ്രവാഹമാണ്. പഞ്ചാബിൽ 2002ലും 2007ലും ദേര കോൺഗ്രസിനെയാണ് സഹായിച്ചത്. എന്നാൽ 2012ലും 2017ലും അവർ ബിജെപി – അകാലിദൾ സഖ്യത്തിനു പിന്തുണ നൽകി. ദേരയുമായി സിഖ് വിശ്വാസികൾ പരസ്യമായി ഏറ്റുമുട്ടിയിരുന്ന കാലത്ത് അവരുമായി ഒരു തരത്തിലുമുള്ള സൗഹൃദത്തിനും അകാലിദൾ തയാറായിരുന്നില്ല. എന്നാൽ, പിന്നീടു ഗുർമീതിനെതിരായ വിലക്ക് അകാൽ തക്ത് നീക്കിയതോടെ അകാലിദൾ രഹസ്യമായി അടുക്കാൻ തുടങ്ങി.

ഗുർമീത് റാം റഹിം സിങ് ‘മെസഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രത്തിൽ.

ഗുർമീതിന്റെ ആശ്രമത്തിലെ കായികവികസന പ്രവർത്തനങ്ങൾക്കു ഹരിയാന സർക്കാർ ലക്ഷങ്ങൾ സംഭാവന ചെയ്തതിനു പിന്നാലെ പിന്തുണയുമായി കേന്ദ്ര കായികമന്ത്രിയും എത്തിയിരുന്നു. ശുചിത്വ ഭാരത യജ്ഞത്തിൽ പങ്കെടുത്തതിനു ഗുർമീതിനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിപ്പിട്ടു. ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ഗുർമീതിനൊപ്പം ചൂലെടുത്ത് ഹരിയാന മുഖ്യമന്ത്രി ഖട്ടർ ഇറങ്ങി. പഞ്ചാബിലെ മുൻ കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ഹർമിന്ദർ സിങ് ജസ്സിയുടെ മകളെയാണു ഗുർമീതിന്റെ മകൻ ജസ്മീത് സിങ് വിവാഹം െചയ്തിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളിൽനിന്നു സമദൂരം പാലിച്ചിരുന്ന ഗുർമീത് 2007ലാണ് രാഷ്ട്രീയ വിഭാഗത്തിനു രൂപം നൽകിയത്.

ഓരോ തിരഞ്ഞെടുപ്പിലും ഏതു കക്ഷിക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കലാണു രാഷ്ട്രീയ വിഭാഗത്തിന്റെ പ്രഥമ ലക്ഷ്യം. 2007ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുർമീതിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു. പക്ഷേ, കണക്കുകൂട്ടൽ തെറ്റി. അകാലിദൾ – ബിജെപി സഖ്യം ഭരണത്തിലേറി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണു രാഷ്ട്രീയത്തിൽ ഗുർമീതിന്റെ രാജയോഗം തെളിഞ്ഞത്. പാർട്ടി കേന്ദ്രത്തിൽ അധികാരമേറിയതോടെ, സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗുർമീതിന്റെ അടുപ്പക്കാരായി. മനോഹർ ലാൽ ഖട്ടർ, വിജയ് ഗോയൽ, കൈലാഷ് വിജയ്‌വർഗിയ, റാം വിലാസ് ശർമ, അനിൽ വിജ്, മനീഷ് ഗ്രോവർ, ദേവേന്ദ്ര ഫഡ്നാവിസ്, സാക്ഷി മഹാരാജ് തുടങ്ങിയ ബിജെപി നേതാക്കളുമായി ഗുർമീതിനു മികച്ച ബന്ധമാണ്. കോൺഗ്രസിലായിരിക്കുമ്പോൾ മുതലേ ക്യാപ്റ്റൻ അമരിന്ദർ സിങ്ങുമായും അടുപ്പമുണ്ട്.

വിവാഹിതരായ രണ്ടു യുവതികൾ ഭർത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുർമീതിനെ പീഡനക്കേസിൽ ശിക്ഷിക്കാനിടയാക്കിയത്. ഹൈക്കോടതി നിർദേശപ്രകാരം 2002 ഡിസംബറിൽ സിബിഐ കേസ് ഏറ്റെടുത്തു. 2007 വരെ ഒരന്വേഷണവും ഉണ്ടായില്ല. 2007ൽ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിൻജ നാരായണന് അന്വേഷണച്ചുമതല നൽകി. അദ്ദേഹവും എഎസ്പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഗുർമീതിനെതിരായ കേസന്വേഷണത്തിനു നേതൃത്വം നൽകിയ, സിബിഐ ജോയിന്റ് ഡയറക്ടറായി വിരമിച്ച മുലിൻജ നാരായണൻ മലയാളിയാണ്; കാസർകോട് ഉപ്പള മുലിൻജ സ്വദേശി. ഇത്തവണ പഞ്ചാബിൽ ‘വിശ്വാസവോട്ട്’ നേടുക ആരാകും? എല്ലാം ഗുർമീന്ദറിന്റെ അനുഗ്രഹമെന്നു കൈകൂപ്പുന്നു സ്ഥാനാർഥികൾ.

English Summary: Will Dera Sacha Sauda and leader Gurmeet Ram Rahim Singh factor help BJP in Punjab Elections? Special Story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT