കരിമ്പിന്റെ വിളവെടുപ്പുകാലമാണ് പഞ്ചാബില്‍. രാഷ്ട്രീയ പാർട്ടികളാകട്ടെ, ജനം അധികാരത്തിന്റെ കരിമ്പിൻരുചി ആർക്കു സമ്മാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലും. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പിനായി പോളിങ് ബൂത്തിനു മുന്നിൽ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

കരിമ്പിന്റെ വിളവെടുപ്പുകാലമാണ് പഞ്ചാബില്‍. രാഷ്ട്രീയ പാർട്ടികളാകട്ടെ, ജനം അധികാരത്തിന്റെ കരിമ്പിൻരുചി ആർക്കു സമ്മാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലും. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പിനായി പോളിങ് ബൂത്തിനു മുന്നിൽ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമ്പിന്റെ വിളവെടുപ്പുകാലമാണ് പഞ്ചാബില്‍. രാഷ്ട്രീയ പാർട്ടികളാകട്ടെ, ജനം അധികാരത്തിന്റെ കരിമ്പിൻരുചി ആർക്കു സമ്മാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലും. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പിനായി പോളിങ് ബൂത്തിനു മുന്നിൽ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിമ്പിന്റെ വിളവെടുപ്പുകാലമാണ് പഞ്ചാബില്‍. രാഷ്ട്രീയ പാർട്ടികളാകട്ടെ, ജനം അധികാരത്തിന്റെ കരിമ്പിൻരുചി ആർക്കു സമ്മാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലും. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പിനായി പോളിങ് ബൂത്തിനു മുന്നിൽ വരിനിൽക്കുമ്പോൾ ജനം എന്തൊക്കെയാകും ഓർക്കുക? 93 വനിതകളടക്കം 1,304 സ്ഥാനാർഥികൾ ജനഹിതമറിയാൻ കാത്തിരിക്കുന്നു. കൊടുമ്പിരികൊണ്ട പ്രചാരണത്തിന്റെ ഒടുവിലാണു പഞ്ചാബികൾ കയ്യിൽ വോട്ടുമഷി പുരട്ടാനെത്തുന്നത്. തീവ്രമായ ചതുഷ്കോണ മത്സരം പ്രചാരണത്തിന്റെ വീര്യം കൂട്ടി. തിരഞ്ഞെടുപ്പിലായ 5 സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമെന്നതും പഞ്ചാബിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

കഴിഞ്ഞ തവണ പഞ്ചാബിൽ ത്രികോണ മത്സരമായിരുന്നെങ്കിൽ ഇത്തവണ ചതുഷ്കോണ പോരാട്ടമാണ്. കർഷകപ്രക്ഷോഭം ആളിക്കത്തിയതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞതിന്റെ ആശങ്കയിലാണു പാർട്ടികൾ. കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) തമ്മിലാണു മുഖ്യമത്സരം. മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) രൂപീകരിച്ചു ബിജെപിക്കൊപ്പമാണ്. മുൻപു ബിജെപിക്കൊപ്പം മത്സരിച്ച ശിരോമണി അകാലിദൾ (എസ്‍എഡി) മുന്നണിവിട്ടു മായാവതിയുടെ ബിഎസ്‌പിയുമായി കൈകോർത്തു. സംയുക്ത സമാജ് മോർച്ചയിലൂടെ (എസ്എസ്എം) രാഷ്ട്രീയമോഹത്തിനു വിത്തുപാകി കർഷക സംഘടനകളും കാത്തിരിക്കുന്നു.

ADVERTISEMENT

പഞ്ചാബിൽ കർഷകർ ഒറ്റക്കെട്ടായി ഏതെങ്കിലും കക്ഷിയുടെകൂടെ നിൽക്കുന്നില്ലെന്നതാണു സ്ഥിതി. കോൺഗ്രസിനും എഎപിക്കും അകാലിദളിനുമായി അവരുടെ പിന്തുണ ഭിന്നിച്ചിരിക്കുകയാണ്. കർഷക നേതാക്കളും മത്സരരംഗത്തെത്തിയതോടെ കർഷക വോട്ടിൽ ആർക്കും ഉറപ്പില്ലെന്ന അവസ്ഥയാണ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന മേൽക്കൈ ഇപ്പോഴില്ലെന്നും ആം ആദ്മി മത്സരം മുറുക്കിയെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ആം ആദ്മി ഭരണം പിടിക്കുന്നത് അകാലിദളോ ബിജെപിയോ താൽപര്യപ്പെടുന്നില്ലെന്നതിനാൽ അവസാനഫലം അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണു കോൺഗ്രസ്.

ചരൺജിത് സിങ് ഛന്നി. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്കാണു കോൺഗ്രസ് ശ്രമം. ഭരണവിരുദ്ധവികാരം അനുകൂലമാക്കി വോട്ടു നേടാനാകുമെന്ന് എഎപി കരുതുന്നു. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ ഛന്നി നടത്തിയ ‘ഭയ്യ പരാമര്‍ശം’ എതിരാളികള്‍ ആഘോഷിച്ചതിന്റെ പേടി കോൺഗ്രസിനുണ്ട്. യുപി, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ‘ഭയ്യാമാരെ’ പഞ്ചാബിൽ പ്രവേശിപ്പിക്കരുതെന്നാണു ഛന്നി പറഞ്ഞത്. ഛന്നിയുടേതു വിഭാഗീയ ചിന്താഗതിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതോടെ വിഷയം ആളിക്കത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ഖലിസ്ഥാന്‍ ബന്ധമുണ്ടെന്നു മുൻ എഎപി നേതാവ് കുമാര്‍ വിശ്വാസിന്റെ ആരോപണം എഎപിക്കും തിരിച്ചടിയായി.

∙ ജയമുറപ്പിക്കാൻ ഛന്നിയും സിദ്ദുവും

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉൾപ്പെടെയുള്ളവർ പൊടിപാറിച്ച പഞ്ചാബിൽ, പൊടുന്നനെ ഉദിച്ചുയർന്ന താരമാണു മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. കഴിഞ്ഞ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തിയതു മുതൽ തന്റെയും സർക്കാരിന്റെയും ജനകീയ പ്രതിഛായ മിനുക്കുകയാണ് ഛന്നി. ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു പറഞ്ഞാണു ഛന്നി വോട്ടു തേടുന്നത്.

ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നു. സിദ്ദു സമീപം.
ADVERTISEMENT

പരമ്പരാഗത മണ്ഡലമായ ചംകോർ സാഹിബിനു പുറമെ ഭദോറിലും ഛന്നി മത്സരിക്കുന്നു. ഛന്നിയിലൂടെ സംസ്ഥാനത്തെ 32% ദലിത് വോട്ടുകളിലാണു കോൺഗ്രസിന്റെ കണ്ണ്. കോൺഗ്രസിനു വേണ്ടി സംസ്ഥാനം മുഴുവൻ ഛന്നി പറന്നെത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി വാശിപിടിച്ച പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദം അതിജീവിച്ച ആത്മവിശ്വാസം ഛന്നിയുടെ മുഖത്തുകാണാം. നേരത്തേ, സിദ്ദുവുമായുള്ള പോരിനിടയിൽ അമരിന്ദറിനു രാജിവയ്ക്കേണ്ടി വന്നതോടെയാണു ഛന്നിക്കു നറുക്കുവീണത്. രാഹുൽ നേരിട്ടെത്തി ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായും പ്രഖ്യാപിച്ചു.

കോൺഗ്രസിന്റെ വിജയമുറപ്പാക്കി സംസ്ഥാനം രാഹുൽ ഗാന്ധിക്കു നൽകുകയാണു ലക്ഷ്യമെന്നാണു അമൃത്‍സർ ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സിദ്ദു പറയുന്നത്. ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാവ് ബിക്രം സിങ് മജീതിയ എതിരാളി. പഞ്ചാബിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഈ മണ്ഡലത്തിലേത്. മുൻപ് ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇത്തവണ പോരടിക്കുന്നത്. സിദ്ദു തട്ടിപ്പുകാരനും കോമാളിയുമാണെന്നു മജീതിയ ആരോപിക്കുന്നു; ഗുണ്ടയായ മജീതിയയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നു സിദ്ദു തിരിച്ചടിക്കുന്നു. മുന്നോട്ടു പോകാൻ വിജയം അനിവാര്യമായതിനാൽ, സംസ്ഥാന പര്യടനം മാറ്റിവച്ച്, മണ്ഡലത്തിൽതന്നെയാണു സിദ്ദു ശ്രദ്ധിച്ചത്.

∙ ആവേശപ്പോരിന്റെ ‘പോർമുഖങ്ങൾ’

ഡൽഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തു പഞ്ചാബിന്റെ മനസ്സുമാറ്റാമെന്നും, ആഞ്ഞുപിടിച്ചാൽ ഭരണത്തിലേറാമെന്നുമുള്ള പ്രതീക്ഷയിലാണ് എഎപി. കേജ്‌രിവാളിനു പകരം പഞ്ചാബിന്റെ സ്വന്തം നേതാവ് ഭഗവന്ത് സിങ് മാനെയാണ് എഎപി പാർട്ടിമുഖമായി അവതരിപ്പിച്ചത്. നടനും ഹാസ്യാവതാരകനും ആയ മാൻ നിലവിൽ എംപിയാണ്; എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും. ആഘോഷത്തിമിർപ്പിലാണു മാന്റെ പ്രചാരണ പരിപാടിക‍ൾ സമാപിച്ചത്. അഴിമതിരഹിത ഭരണം നൽകാൻ കഴിയുന്ന ഏക പാർട്ടിയാണെന്നാണു വാഗ്ദാനം. 2014 മുതൽ പഞ്ചാബിലെ സംഗ്‌രൂർ എംപിയായ ഭഗവന്തിന്റെ ജീവിതരീതിയും വിവാദങ്ങളും വീണ്ടും ചർച്ചയുമായി.

ഭഗവന്ത് മാൻ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
ADVERTISEMENT

സംസ്ഥാനത്തു ജീവന്മരണ പോരാട്ടത്തിലാണു രാജ്യത്തെതന്നെ പഴക്കമേറിയ പാർട്ടികളിലൊന്നായ അകാലിദൾ. ഇത്തവണയും ഭരണമില്ലെങ്കിൽ അണികളെ ചേർത്തുനിർത്തുക പ്രയാസമാകുമെന്നു നേതൃത്വം ഭയക്കുന്നു. മറ്റു പാർട്ടികൾക്കൊന്നും അവകാശപ്പെടാനില്ലാത്ത ‘യഥാർഥ പഞ്ചാബിയത്’ സ്വന്തമാണെന്നു പറയുന്ന അകാലിദളിന്റെ മുഖമാണു സുഖ്ബീർ സിങ് ബാദൽ. പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ ലാംബി മണ്ഡലത്തിൽ മത്സരിക്കുന്നു. 94 വയസ്സുള്ള പ്രകാശ് കാര്യമായ പ്രചാരണത്തിനിറങ്ങുന്നില്ല.

പ്രകാശ് സിങ് ബാദലും മകൻ സുഖ്‍ബീർ സിങ് ബാദലും. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

താൻ മത്സരിക്കുന്ന ജലാലാബാദ് മണ്ഡലത്തിലെ പ്രചാരണച്ചുമതല ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗറിനെ ഏൽപിച്ച്, സംസ്ഥാനം മുഴുവൻ ഓടിയെത്തി സുഖ്ബീർ. വിവാദ കൃഷി നിയമങ്ങളുടെ പേരിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൽനിന്നു 2020ൽ രാജിവച്ചപ്പോൾ, അകാലിദൾ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യമാണു പഞ്ചാബ് തിരഞ്ഞെടുപ്പ്. ഇക്കുറി വിജയിക്കാനായില്ലെങ്കിൽ, നഷ്ടം വളരെ വലുതാണെന്നു പാർട്ടിക്കറിയാം. 97 മണ്ഡലങ്ങളിൽ അകാലിദൾ മത്സരിക്കുന്നു; സഖ്യകക്ഷിയായ ബിഎസ്പി 20 സീറ്റിലും.

പഞ്ചാബിന്റെ സിംഹം, പട്യാലയുടെ മഹാരാജ, ക്യാപ്റ്റൻ സാബ്... വിശേഷണങ്ങൾ ഏറെയാണ് അമരിന്ദറിന്. മുഖ്യമന്ത്രി പദവിയിൽനിന്നു കോൺഗ്രസ് നീക്കിയതിനു പിന്നാലെ, കഴിഞ്ഞ നവംബറിലാണു പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി അമരിന്ദർ പ്രഖ്യാപിച്ചത്. 2017ൽ ബിജെപിയെയും മോദിയെയും വെല്ലുവിളിച്ച് കോൺഗ്രസിനെ വിജയിപ്പിച്ച ക്യാപ്റ്റൻ ഇക്കുറി മോദിക്കൊപ്പമാണ്. സ്വന്തം പാർട്ടിയെ മാത്രമല്ല, ബിജെപിയെ കൂടി വിജയത്തിലേക്കു നയിക്കേണ്ടതു ക്യാപ്റ്റന് അഭിമാനപ്രശ്നം.

സ്ഥിരം തുറുപ്പുചീട്ടുകളായ ഭീകരവാദവും ദേശീയതയും ബിജെപി പഞ്ചാബിലും സജീവ ചർച്ചയാക്കി. സിറ്റിങ് സീറ്റായ പട്യാല അർബൻ മണ്ഡലത്തിലാണു ക്യാപ്റ്റന്റെ അങ്കം. മോദിയുടെ പ്രഭാവവും അമരിന്ദറിന്റെ പ്രതിച്ഛായയും ചേരുമ്പോൾ വോട്ടൊഴുകുമെന്നു ബിജെപി പറയുന്നു. 35 സീറ്റുകളെങ്കിലും നേടണമെന്ന വാശിയിലാണു ബിജെപി കരുക്കൾ നീക്കിയത്.

സിഖ് നേതാക്കൾക്കൊപ്പം നരേന്ദ്ര മോദി.

∙ വോട്ടുവയൽ കൊയ്യുക ആരാകും?

മോദി സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾക്കെതിരായ സമരം വിജയിച്ചതിന്റെ ആവേശത്തിൽ കർഷകർ നേരെയിറങ്ങിയതു തിരഞ്ഞെടുപ്പ് പാടത്തേക്കാണ്. കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളം സമരം ചെയ്ത 32 സംഘടനകളിൽ 22 എണ്ണം സംയുക്ത സമാജ് മോർച്ച രൂപീകരിച്ചാണു രാഷ്ട്രീയ കളത്തിലിറങ്ങിയത്. കർഷക നേതാവ് ബൽബീർ സിങ് രാജേവാളിന്റെ നേതൃത്വത്തിലുള്ള എസ്എസ്എമ്മിനു പക്ഷേ, പഞ്ചാബിലെ ഏറ്റവും വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) പിന്തുണ നേടാൻ സാധിച്ചില്ല.

സമരം ചെയ്യുന്ന കർഷകർ

ഗ്രാമങ്ങളിൽ മികച്ച അടിത്തറയുള്ള എസ്എസ്എം നേതാക്കളും സ്ഥാനാർഥികളും പ്രയാസം നേരിട്ടതു നഗരങ്ങളിലാണ്. എതിർപാർട്ടികൾ നഗരകേന്ദ്രീകൃതമായി നടത്തിയ വൻ പ്രചാരണങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർ പാടുപെട്ടു. ഉറച്ച നിലപാടുകളുമായി കർഷകർ സമരഭൂമിയിൽ അണിനിരന്നപ്പോൾ ഒരു ശക്തിക്കും ഇളക്കാനാവാത്ത ഉഗ്രപ്രക്ഷോഭമാണു രാജ്യം കണ്ടത്. സമരത്തീച്ചൂളയിൽനിന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കർഷകർ കാലെടുത്തുവച്ചപ്പോൾ പക്ഷേ, ഐക്യത്തുടർച്ച ഉണ്ടായതുമില്ല.

2017ൽ എഎപിയുടെ ഉദയത്തിനാണു പഞ്ചാബ് സാക്ഷിയായത്. 2022ലെ പുതുശക്തിയായി കർഷകർ മാറുമെന്ന ആത്മവിശ്വാസത്തിലാണ് എസ്എസ്‍എം. തൊഴിലില്ലായ്മ, ലഹരിക്കടത്ത്, വൈദ്യുതി നിരക്ക്, അഴിമതി, നടപ്പാക്കാത്ത വാഗ്ദാനങ്ങൾ... തിരഞ്ഞെടുപ്പിൽ ചർച്ചയായ വിഷയങ്ങൾ നിരവധിയാണ്. ലഹരി വലിയ പ്രശ്നമാണെന്നു പാർട്ടികൾ പറയുമ്പോഴും പരിഹരിക്കാൻ വ്യക്തമായ പദ്ധതി ആരും നിർദേശിക്കുന്നില്ല. അതിർത്തി സംസ്ഥാനമായതിനാൽ സുരക്ഷാ വെല്ലുവിളികളുമേറെയാണ്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദലിതർ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും ആവശ്യങ്ങളുടെ വലിയ പട്ടികയാണു നിരത്തുന്നത്. വോട്ടുപാടത്തുനിന്നു നൂറുമേനി കൊയ്തെടുക്കുക ആരാകും? അതിന് മാർച്ച് 10 വരെ കാത്തിരിക്കണം.

English Summary: Who will win Punjab 2022 Election? A multi-cornered contest makes it a cliff-hanger