ആ പേടിയിലാണ് പഞ്ചാബിൽ ആം ആദ്മി; ബിജെപി സ്വപ്നം ‘59ൽ’, സിദ്ദുവിന് ആശങ്ക
ആകെയുള്ള 117ൽ ഇക്കുറി ഒരു മണ്ഡലത്തിൽ പോലും 2017നേക്കാൾ ഉയർന്ന പോളിങ് ശതമാനമില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഭേദപ്പെട്ട പോളിങ് ഉള്ളത്. ദലിത് വോട്ടർമാർക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്തി ഛന്നിക്കുള്ള പിന്തുണയായി ഇതിനെ കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. കണക്കുകൂട്ടലിൽ പക്ഷേ ..Punjab Polls, Punjab Voters, Manorama Online
ആകെയുള്ള 117ൽ ഇക്കുറി ഒരു മണ്ഡലത്തിൽ പോലും 2017നേക്കാൾ ഉയർന്ന പോളിങ് ശതമാനമില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഭേദപ്പെട്ട പോളിങ് ഉള്ളത്. ദലിത് വോട്ടർമാർക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്തി ഛന്നിക്കുള്ള പിന്തുണയായി ഇതിനെ കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. കണക്കുകൂട്ടലിൽ പക്ഷേ ..Punjab Polls, Punjab Voters, Manorama Online
ആകെയുള്ള 117ൽ ഇക്കുറി ഒരു മണ്ഡലത്തിൽ പോലും 2017നേക്കാൾ ഉയർന്ന പോളിങ് ശതമാനമില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഭേദപ്പെട്ട പോളിങ് ഉള്ളത്. ദലിത് വോട്ടർമാർക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്തി ഛന്നിക്കുള്ള പിന്തുണയായി ഇതിനെ കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. കണക്കുകൂട്ടലിൽ പക്ഷേ ..Punjab Polls, Punjab Voters, Manorama Online
ഒറ്റഘട്ടത്തിൽത്തന്നെ വോട്ടെടുപ്പ് പൂർത്തിയായതോടെ പഞ്ചാബിലെ രാഷ്ട്രീയക്കളത്തിൽ ഇനി കാത്തിരിപ്പിന്റെ നാളുകൾ. കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ടും കൊടുത്തും പോരടിച്ച നേതാക്കൾക്ക് ഇനി മാർച്ച് 10നു ഫലം വരുന്നതു വരെ വിശ്രമിക്കാം. വോട്ട് രേഖപ്പെടുത്തിയ ശേഷം നേതാക്കളെല്ലാം വിജയപ്രതീക്ഷ പങ്കുവച്ചു. കോൺഗ്രസ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ശിരോമണി അകാലിദൾ – ബിഎസ്പി സഖ്യം 80 സീറ്റുകൾ നേടുമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ആവേശത്തോടെ പറയുന്നു. ഇത്തവണ ആം ആദ്മി പാർട്ടി അധികാരം പിടിക്കുമെന്ന കാര്യത്തിൽ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാന് തെല്ലുമില്ല സംശയം.
ചങ്കിടിപ്പിൽ നേതാക്കൾ
പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നേതാക്കൾ ചങ്കിടിപ്പിലാണ്. പഞ്ചാബിൽ മുൻപെങ്ങുമില്ലാത്ത വിധം വാശിയേറിയ ചതുഷ്കോണ പോരാട്ടമായിരുന്നു ഇക്കുറി. കോൺഗ്രസ്, ആം ആദ്മി, അകാലിദൾ–ബിഎസ്പി സഖ്യം, ബിജെപി–പഞ്ചാബ് ലോക് കോൺഗ്രസ്–സംയുക്ത ശിരോമണി അകാലിദൾ സഖ്യം എന്നിവർ പോരടിച്ച ഗോദയിൽ രാഷ്ട്രീയത്തിനു പുറത്തു നിന്നുള്ള കർഷക പാർട്ടിയായ സംയുക്ത സമാജ് മോർച്ചയും രംഗത്തിറങ്ങി. ഇത്രയുമധികം പാർട്ടികളുടെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന ചോദ്യത്തിന് നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല.
പഞ്ചാബിൽ ആരു ജയിക്കുമെന്ന് ചോദിച്ചാൽ ജനങ്ങളിൽനിന്ന് ഏറ്റവുമധികം കേൾക്കുന്ന പേര് ആം ആദ്മി പാർട്ടിയുടേതാണ്. ആം ആദ്മി തരംഗമാണെന്നു ചിലർ ഉറപ്പിച്ചു പറയുന്നു. ആം ആദ്മിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ പോരാട്ടമാണെന്നു മറ്റു ചിലർ. അകാലിദൾ നേട്ടമുണ്ടാക്കുമെന്ന പ്രതികരണവും സുലഭം. വിവാദ കൃഷി നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ് പഞ്ചാബിൽ ഇപ്പോഴും പ്രകടമാണ്. ബിജെപി കാര്യമായ സീറ്റുകൾ നേടില്ലെന്ന അഭിപ്രായം പലരും പങ്കുവച്ചു..
തമ്മിലടിയിൽ കോൺഗ്രസിന് ആശങ്ക
പഞ്ചാബിൽ ഭരണം പിടിക്കുക കോൺഗ്രസിന് അഭിമാനപ്രശ്നമാണ്. തിരഞ്ഞെടുപ്പിനു മാസങ്ങൾ മുൻപ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മാറ്റി ദലിത് നേതാവായ ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വമായ ഹൈക്കമാൻഡ് സമീപകാലത്തൊന്നും ഒരു സംസ്ഥാനത്തും പരീക്ഷിക്കാത്ത നീക്കമാണു പയറ്റിയത്. ഭരണം നിലനിർത്താൻ സാധിച്ചാൽ, അത് ഹൈക്കമാൻഡിന്റെ കൂടി വിജയമാകും.
സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപം നേതാക്കൾക്കിടയിലുള്ള തമ്മിലടിയാണെന്നു പാർട്ടി വൃത്തങ്ങൾ സമ്മതിക്കുന്നു. ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിൽ പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനും മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝാക്കറിനും നീരസമുണ്ട്. സിദ്ദു തന്റെ മണ്ഡലമായ അമൃത്‌സർ ഈസ്റ്റിനു പുറത്ത് കാര്യമായി പ്രചാരണം നടത്തിയിട്ടില്ല. തന്റെ അനന്തരവൻ സന്ദീപ് ഝാക്കർ മത്സരിക്കുന്ന അബോഹർ മണ്ഡലം മാത്രം കേന്ദ്രീകരിച്ചായിരുന്നു ഝാക്കറുടെ പ്രചാരണം.
സിദ്ദു ജാട്ട് സിഖും ഝാക്കർ ഹിന്ദുവുമാണ്. ഇരു വിഭാഗങ്ങൾക്കിടയിലും കോൺഗ്രസിനായി വോട്ട് പിടിക്കാൻ സംസ്ഥാനം മുഴുവൻ പ്രചാരണത്തിനിറങ്ങേണ്ട ഇരുവരും ഒാരോ മണ്ഡലത്തിലേക്കു സ്വയം ഒതുങ്ങിയത് പാർട്ടിക്കു ദോഷം ചെയ്തേക്കും. ഛന്നി മാത്രമാണു സംസ്ഥാനം മുഴുവൻ പ്രചാരണം നടത്തിയത്. സഹായത്തിനായി പ്രചാരണത്തിന്റെ അവസാനനാളുകളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടർച്ചയായി പഞ്ചാബിലേക്കെത്തിയിരുന്നു.
തരംഗം പ്രതീക്ഷിച്ച് ആം ആദ്മി
ആം ആദ്മിക്ക് പിന്തുണയേറുന്നുവെന്ന് സൂചനയുള്ളപ്പോഴും പഞ്ചാബിലുടനീളം ശക്തമായ സംഘടനാസംവിധാനമില്ലാത്തത് പാർട്ടിയെ ആശങ്കയിലാഴ്ത്തുന്നു. ജനങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനുള്ള പാർട്ടി സംവിധാനം ചിലയിടങ്ങളിൽ ആം ആദ്മിക്കില്ല. 117ൽ 69 സീറ്റുള്ള മാൾവ മേഖലയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. പക്ഷേ, മാജ, ദോബ മേഖലകളിൽ സംഘടനാ സംവിധാനത്തിന് ഉറപ്പു പോരാ.
ഡൽഹിയിലേതു പോലെ ആം ആദ്മി തരംഗം പഞ്ചാബിലും അടിച്ചാൽ, സംഘടനാ സംവിധാനത്തിന്റെ കുറവ് മറികടന്ന് ജനങ്ങൾ കൂട്ടമായി വോട്ട് കുത്തുമെന്നാണ് ആം ആദ്മിയുടെ കണക്കുകൂട്ടൽ. അത്തരമൊരു തരംഗത്തിന്റെ സാധ്യത ഇക്കുറി പഞ്ചാബിലുണ്ടെന്ന് ആം ആദ്മി നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. ആ തരംഗമുണ്ടായില്ലെങ്കിൽ ആം ആദ്മിയുടെ കണക്കുകൂട്ടൽ പാളും.
കണക്കുകൂട്ടി അകാലിദൾ
ഡൽഹിയിൽനിന്ന് പഞ്ചാബിലേക്കു കടന്നുകയറിയ ആം ആദ്മി പാർട്ടി തങ്ങളുടെ വോട്ട് ബാങ്കിലേക്കു കടന്നുകയറിയേക്കുമെന്ന ആശങ്ക അകാലിദളിനുണ്ട്. ഇക്കാരണത്താൽ പ്രചാരണ സമ്മേളനങ്ങളിൽ സുഖ്ബീർ സിങ് ബാദൽ ആം ആദ്മിയെ നിരന്തരം കടന്നാക്രമിച്ചു.. ഇറക്കുമതി പാർട്ടിയായ ആം ആദ്മി പഞ്ചാബ് വിരുദ്ധ പാർട്ടിയാണെന്നായിരുന്നു മുഖ്യ ആരോപണം.
ദലിത് സിഖ് വിഭാഗക്കാരനായ ഛന്നിയെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസിൽനിന്ന് ജാട്ട് സിഖ് വിഭാഗം അകലുമെന്നും അവർ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അകാലിദൾ കണക്കുകൂട്ടുന്നു. ഛന്നിയിലൂടെ ദലിത് വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകുന്നതു തടയാനാണ് അകാലിദൾ മായാവതിയുടെ ബിഎസ്പിയെ കൂട്ടുപിടിച്ചത്. സംസ്ഥാനത്ത് 32 ശതമാനമുള്ള ദലിത് വോട്ടർമാർക്കു പഞ്ചാബിന്റെ വിധി നിർണയിക്കുന്നതിൽ നിർണായക സ്വാധീനമുണ്ട്.
കിങ് മേക്കർ പദവി സ്വപ്നം കണ്ട് ബിജെപി
പഞ്ചാബിൽ ഭരണം പിടിക്കാമെന്ന അമിതപ്രതീക്ഷകളൊന്നും ബിജെപിക്കില്ല. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായുള്ള സഖ്യത്തിനു പഞ്ചാബിലുടനീളം സ്വാധീനമുണ്ടാക്കാനുള്ള ശേഷിയില്ല. പക്ഷേ, ബിജെപി അവസരം കാണുന്ന മറ്റൊരു സാഹചര്യമുണ്ട് – 4 രാഷ്ട്രീയ മുന്നണികൾ പോരടിക്കുന്ന സംസ്ഥാനത്ത് ആർക്കും കേവല ഭൂരിപക്ഷം (59 സീറ്റ്) ലഭിക്കാതിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ, ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന കിങ് മേക്കറാകാനുള്ള നീക്കം ബിജെപി നടത്തിയേക്കും.
കണക്കുതെറ്റിക്കുമോ കർഷക പാർട്ടി?
കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമാജ് മോർച്ച സംസ്ഥാനത്ത് കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. സ്വന്തമായി ചിഹ്നം ലഭിക്കാത്തതിനാൽ സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്. കർഷക പ്രക്ഷോഭം നയിച്ച സംയുക്ത കിസാൻ മോർച്ചയുടെ പിന്തുണ ലഭിക്കാത്തതും തിരിച്ചടിയായി. പക്ഷേ, കർഷക പാർട്ടിയുടെ സാന്നിധ്യത്തെ മറ്റു പാർട്ടികൾ ഭയക്കുന്നു. വാശിയേറിയ തിരഞ്ഞെടുപ്പിൽ ഒാരോ മണ്ഡലത്തിലും നേരിയ തോതിലെങ്കിലും കർഷക പാർട്ടി വോട്ട് പിടിച്ചാൽ, മറ്റു കക്ഷികളുടെ കണക്കുകൂട്ടൽ തെറ്റും.
കണക്കിലെ കളി
മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചാബിൽ ഇക്കുറി പോളിങ് ശതമാനം താഴ്ന്നതും രാഷ്ട്രീയ കക്ഷികളെ ആശങ്കയിലാക്കുന്നു. 71.95 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2007ൽ 75.42, 2012ൽ 78.30, 2017ൽ 77.20 എന്നിങ്ങനെയായിരുന്നു മുൻ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം
കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും അകാലിദളിന്റെ ബിക്രം സിങ് മജീതിയയും പോരടിച്ച അമൃത്‌സർ ഈസ്റ്റിൽ 59% പേർ മാത്രമാണു വോട്ട് രേഖപ്പെടുത്തിയത്. 2017ൽ ഇത് 64.50 ശതമാനമായിരുന്നു. പഞ്ചാബിൽ ഇത്തവണ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് അമൃത്‌സർ ഈസ്റ്റ്.
മറ്റു പ്രധാന മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ (ബ്രായ്ക്കറ്റിൽ 2017ലെ ശതമാനം):
∙ ചംകോർ സാഹിബ്– 70 (77.30).
∙ ഭദൗർ– 78.89 (82.60) (ഇരു മണ്ഡലങ്ങളിലും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി മത്സരിക്കുന്നു)
∙ പട്യാല (മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്)– 62.10 (66.20)
∙ ധുരി (ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാൻ)– 72 (80.60)
∙ ജലാലാബാദ് (അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ)– 77 (86.30).
∙ ലംബി (സുഖ്ബീറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ)– 80.10 (85).
∙ മോഗ (കോൺഗ്രസ് സ്ഥാനാർഥി മാളവിക സൂദ്, ബോളിവുഡ് നടൻ സോനു സൂദിന്റെ സഹോദരി)– 67.20 (74.80).
മേൽപ്പറഞ്ഞ മണ്ഡലങ്ങളിലെല്ലാം 2017നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആകെയുള്ള 117ൽ ഇക്കുറി ഒരു മണ്ഡലത്തിൽ പോലും 2017നേക്കാൾ ഉയർന്ന പോളിങ് ശതമാനമില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഭേദപ്പെട്ട പോളിങ് ഉള്ളത്. ദലിത് വോട്ടർമാർക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്തി ഛന്നിക്കുള്ള പിന്തുണയായി ഇതിനെ കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ തലപുകച്ച് കണക്കുകൂട്ടുന്നത് തുടരുകയാണ് രാഷ്ട്രീയ കക്ഷികൾ. മാർച്ച് 10ന് ഫലം വരും വരെ അതു തുടരുകയും ചെയ്യും...
English Summary: Punjab sees 71.95% Voter Turnout, Lower than 2017; What it Means for Political Parties?