വാട്സാപ് ഗ്രൂപ്പിൽ അശ്ലീല ദൃശ്യമിട്ടാൽ ഇനി അഡ്മിൻ അകത്താകുമോ? എന്താണാ ‘വിധി’?
വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി...WhatsApp Group Policy, WhatsApp Policy Malayalam News, WhatsApp Group Policy News
വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി...WhatsApp Group Policy, WhatsApp Policy Malayalam News, WhatsApp Group Policy News
വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി...WhatsApp Group Policy, WhatsApp Policy Malayalam News, WhatsApp Group Policy News
കൊച്ചി∙ നിങ്ങൾ ഒരു വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനാണ്. ആ ഗ്രൂപ്പിലെ ഒരംഗം കുറ്റകരമായ ഒരു ഉള്ളടക്കം അതിൽ പോസ്റ്റ് ചെയ്തു. അതിന്റെ പേരിൽ നിങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള നിയമ നടപടി നേരിടേണ്ടി വരുമോ? ‘നേരിടേണ്ടി വരും’ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടായ കാലം മുതൽ ഗ്രൂപ്പ് അഡ്മിൻമാരുടെ തലയ്ക്കു മീതെ നിലനിന്ന ‘ഡെമോക്ലീസിന്റെ വാൾ’ ആയിരുന്നു ഈ പ്രശ്നം.
എന്നാൽ, വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾ കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് ഇല്ലെന്നും അതിന്റെ പേരിൽ അഡ്മിനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള ഹൈക്കോടതിയുടെ സുപ്രധാന വിധി അഡ്മിൻമാർക്കു നൽകുന്ന ആശ്വാസം ചില്ലറയല്ല. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിൻ കേസിൽപ്പെടുന്ന സംഭവങ്ങൾ സമീപകാലത്തായി രാജ്യത്തുതന്നെ ഏറിവരികയാണ്. ഇക്കാര്യത്തിൽ അഡ്മിന് എത്രത്തോളം വൈകാരിക ബാധ്യതയുണ്ട് എന്ന നിയമ പ്രശ്നമാണു ഹൈക്കോടതി പരിഗണിച്ചത്. ഒരുകൂട്ടം ആളുകളെ പൊതു പ്ലാറ്റ്ഫോമിൽ ഒന്നിച്ചു കൂട്ടി ആശയവിനിമയം എളുപ്പമാക്കുന്നു എന്നതാണു വാട്സാപ് ഗ്രൂപ്പിന്റെ പ്രസക്തി എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഈ പ്രശ്നം വിശകലനം ചെയ്തത്.
കേസിന്റെ പശ്ചാത്തലം
‘ഫ്രണ്ട്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ ചേർത്തല സ്വദേശി മാനുവൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കാനാണു കോടതിയിലെത്തിയത്. ഗ്രൂപ്പിലെ ഒരംഗം കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനാണ് എറണാകുളം സിറ്റി പൊലീസ് കേസ് എടുത്തത്. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിൻ ആണ് ഒന്നാംപ്രതി. ഗ്രൂപ്പ് ക്രിയേറ്റർ, സഹ അഡ്മിൻ എന്നീ നിലകളിലാണു ഹർജിക്കാരനെ പ്രതിയാക്കിയത്. പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയ കേസ് ഇപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.
നിയമപ്രശ്നത്തിന്റെ പ്രസക്തി
എന്തുകൊണ്ട് ഈ വിഷയം പരിഗണിക്കണം? വാട്സാപിന്റെ വർധിച്ചുവരുന്ന പ്രധാന്യം ചൂണ്ടിക്കാട്ടിയാണു കോടതി ഇതിനു മറുപടി നൽകിയത്. മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളേക്കാൾ വളരെ വേഗമാണു വാട്സാപിന്റെ വളർച്ച എന്നു കോടതി ചൂണ്ടിക്കാട്ടി. ആശയവിനിമയത്തിന് എസ്എംഎസും വെബ് ചാറ്റ് ബോക്സും ഉപയോഗിച്ചിരുന്ന കാലം പോയി. വാട്സാപ്, മെസഞ്ചർ, വൈബർ തുടങ്ങി വ്യക്തിഗത മെസേജിങ് ആപ്പുകൾ രംഗം കയ്യടക്കി. വളരെ വേഗം വിവരങ്ങൾ കൈമാറാം എന്നതാണു വാട്സാപ്പിന്റെ പ്രസക്തി.
180 രാജ്യങ്ങളിലായി 200 കോടി ജനം വാട്സാപ് സേവനം പ്രയോജനപ്പെടുത്തുന്നു. ദൈനംദിന സജീവ ഉപയോക്താക്കൾ 100 കോടിയിലേറെയാണ്. 10,000 കോടിയിലേറെ മെസേജുകൾ ദിവസേന കൈമാറ്റം ചെയ്യപ്പെടുന്നു. ഫീസ് ഒന്നുമില്ലാതെ, വിഡിയോകളും ടെക്സ്റ്റ് മെസേജുകളും ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും ഷെയർ ചെയ്യാമെന്നതാണ് ആകർഷണീയത. ആഗോള മൊബൈൽ മെസേജിങ് ആപ്പുകളിൽ ജനപ്രിയതയുടെ കാര്യത്തിൽ 2021ൽ ഏറ്റവും മുന്നിലെത്തിയതു വാട്സാപ് ആണെന്നും കോടതി ചൂണ്ടിക്കാട്ടി
കോടതി പറഞ്ഞത്
വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾ ഇടുന്ന കുറ്റകരമായ ഉള്ളടക്കത്തിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്നതു ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണെന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധിന്യായത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് അംഗം ഇടുന്ന നിയമവിരുദ്ധ പോസ്റ്റിന്റെ ഉത്തരവാദിത്തം അഡ്മിനു നൽകുന്ന തരത്തിലുള്ള നിയമവ്യവസ്ഥകൾ ഒന്നുമില്ല. നിയമ വ്യവസ്ഥയുടെ അഭാവത്തിൽ, ഗ്രൂപ്പ് മെംബർ നിയമ വിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന്റെ ബാധ്യത അഡ്മിനു നൽകാനാവില്ല.
വാട്സാപ് പോലുള്ള മെസേജിങ് സേവന ആപ്പിൽ, ഗ്രൂപ്പ് അംഗം ഇടുന്ന നിയമവിരുദ്ധ പോസ്റ്റിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമവ്യവസ്ഥകൾ ഇല്ല. ഐടി ആക്ട് പ്രകാരം വാട്സാപ് അഡ്മിൻ ഒരു ഇടനിലക്കാരൻ അല്ല. അഡ്മിനും ഗ്രൂപ്പ് അംഗങ്ങളും തമ്മിൽ യജമാനൻ– ജോലിക്കാരൻ ബന്ധമോ തലവൻ– ഏജന്റ് ബന്ധമോ ഇല്ല. ഗ്രൂപ്പ് അംഗം അയയ്ക്കുന്ന സന്ദേശം നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ മയപ്പെടുത്താനോ അഡ്മിനു സാധിക്കില്ല. ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം മാത്രമാണു അഡ്മിനു കൂടുതലായി ഉള്ളതെന്നും ബോംബെ, ഡൽഹി ഹൈക്കോടതികൾ പറഞ്ഞതു കോടതി ചൂണ്ടിക്കാട്ടി.
പരോക്ഷ ഉത്തരവാദിത്തം എപ്പോൾ?
ശിക്ഷാ നിയമത്തിൽ പ്രത്യേക വ്യവസ്ഥ ഉണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യത്തിന്റെ ബാധ്യത പരോക്ഷ ബന്ധമുള്ള മറ്റൊരാൾക്കു മേൽ ചുമത്താൻ കഴിയൂ. വാട്സാപ് അഡ്മിനെ ഇത്തരത്തിൽ പരോക്ഷമായി ബാധ്യതപ്പെടുത്തുന്ന പ്രത്യേക വ്യവസ്ഥയില്ല. കലാപമുണ്ടാക്കാൻ നിയമവിരുദ്ധമായി സംഘം ചേരുമ്പോഴും പൊതു ശല്യം ഉണ്ടാക്കുമ്പോഴും സ്ഥല ഉടമയ്ക്കു ബാധ്യത വരുന്നത് നിയമത്തിൽ അത്തരം വ്യവസ്ഥ ഉള്ളതു കൊണ്ടാണ്.
അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തിയാൽ പ്രസിദ്ധീകരണത്തിന്റെ ഉടമയ്ക്കു ബാധ്യത വരുന്നതും നിയമ വ്യവസ്ഥയുടെ ബലത്തിലാണ്. പ്രതിരോധ നിയമം, ഭക്ഷ്യ മായം ചേർക്കൽ തടയൽ നിയമം, ആദായ നികുതി നിയമം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം ഇതിലെല്ലാം സമാന വ്യവസ്ഥകളുണ്ട്. ഈ കേസിൽ ഉൾപ്പെട്ട പോക്സോ, ഐടി നിയമങ്ങളിൽ ഇത്തരം വ്യവസ്ഥയില്ലെന്നു കോടതി വിലയിരുത്തി
മറ്റു കോടതികളിലും ഈ വിഷയം
കേരളത്തിൽ മാത്രമല്ല, പല ഹൈക്കോടതികളിലും ഈ വിഷയം പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. പൊതു ഉദ്ദേശ്യമോ മുൻകൂട്ടിയുള്ള ആസൂത്രണമോ ഇല്ലെങ്കിൽ ഗ്രൂപ്പ് അംഗം പോസ്റ്റ് ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കത്തിന് അഡ്മിനു പരോക്ഷ ബാധ്യത ഉണ്ടാവില്ലെന്നു ബോംബെ ഹൈക്കോടതി ‘കിഷോർ ചിന്താമൻ തരോർ കേസി’ൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ആഷിഷ് ഭല്ല കേസി’ൽ ഡൽഹി ഹൈക്കോടതിയും സമാന നിരീക്ഷണം നടത്തി. സമീപകാലത്ത് ‘ആർ. രാജേന്ദ്രൻ കേസി’ൽ മദ്രാസ് ഹൈക്കോടതിയും കേസിൽ പ്രതി ചേർക്കപ്പെട്ട അഡ്മിന്റെ പേര് അന്തിമ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയിരുന്നു.
ഈ കേസിലെ സാഹചര്യം
ഹർജിക്കാരൻ പോസ്റ്റ് ഇട്ടതായി ഈ കേസിൽ സാക്ഷികളായ മറ്റു ഗ്രൂപ്പ് അംഗങ്ങൾ ആരോപിക്കുന്നില്ല. ഇത്തരമൊരു കുറ്റകൃത്യത്തിന് മുൻകൂട്ടി പദ്ധതിയിട്ടതായി ആക്ഷേപമില്ല. ഹർജിക്കാരൻ അശ്ലീല ദൃശ്യം നെറ്റിൽ തിരയുകയോ ഡൗൺലോഡ് ചെയ്യുകയോ കൈമാറുകയോ ചെയ്തുവെന്നു കരുതാവുന്ന വസ്തുതകളില്ല. കുറ്റകരമായ നടപടികൾക്കു കുട്ടികളെ ഉപയോഗിച്ചുവെന്നോ ദൃശ്യങ്ങൾ പകർത്തിയെന്നോ ആരോപണമില്ല. പോക്സോ കുറ്റകൃത്യം ആരോപിക്കാൻ വസ്തുതകളും ഇല്ലാത്ത സാഹചര്യത്തിൽ ഹർജിക്കാരനെതിരെയുള്ള കേസ് നടപടികൾ റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
English Summary: WhatsApp Group Admins not Liable for Objectionable Posts; Kerala High Court Verdict Explainer