വിപ്ലവം മുന്നോട്ടു കൊണ്ടു പോകാൻ തലശ്ശേരിയിൽനിന്ന് ആരും വരാനില്ലെന്നു നടുക്കത്തോടെയാണെങ്കിലും ഞങ്ങൾ മനസിലാക്കി. ആയുധങ്ങളൊന്നും ഇനി ഞങ്ങളുടെ കൈവശമില്ല. അറുപതോളം പേരുണ്ടായിരുന്ന സഖാക്കൾ 35 ആയി കുറഞ്ഞു. അവരിൽ പതിനഞ്ചോളം പേർക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ചിന്ത വന്നു. അവരതു തുറന്നു പറഞ്ഞു. എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളവർ എന്തു വന്നാലും സായുധ സമരത്തിലുള്ള വിശ്വാസം... Naxal Allungal Sreedharan

വിപ്ലവം മുന്നോട്ടു കൊണ്ടു പോകാൻ തലശ്ശേരിയിൽനിന്ന് ആരും വരാനില്ലെന്നു നടുക്കത്തോടെയാണെങ്കിലും ഞങ്ങൾ മനസിലാക്കി. ആയുധങ്ങളൊന്നും ഇനി ഞങ്ങളുടെ കൈവശമില്ല. അറുപതോളം പേരുണ്ടായിരുന്ന സഖാക്കൾ 35 ആയി കുറഞ്ഞു. അവരിൽ പതിനഞ്ചോളം പേർക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ചിന്ത വന്നു. അവരതു തുറന്നു പറഞ്ഞു. എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളവർ എന്തു വന്നാലും സായുധ സമരത്തിലുള്ള വിശ്വാസം... Naxal Allungal Sreedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപ്ലവം മുന്നോട്ടു കൊണ്ടു പോകാൻ തലശ്ശേരിയിൽനിന്ന് ആരും വരാനില്ലെന്നു നടുക്കത്തോടെയാണെങ്കിലും ഞങ്ങൾ മനസിലാക്കി. ആയുധങ്ങളൊന്നും ഇനി ഞങ്ങളുടെ കൈവശമില്ല. അറുപതോളം പേരുണ്ടായിരുന്ന സഖാക്കൾ 35 ആയി കുറഞ്ഞു. അവരിൽ പതിനഞ്ചോളം പേർക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ചിന്ത വന്നു. അവരതു തുറന്നു പറഞ്ഞു. എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളവർ എന്തു വന്നാലും സായുധ സമരത്തിലുള്ള വിശ്വാസം... Naxal Allungal Sreedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1968. പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം പദ്ധതികളെല്ലാം പരാജയപ്പെട്ട് വിപ്ലവം ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നു മനസ്സിലാക്കിയ നിമിഷം. സംഘത്തിൽ അവശേഷിക്കുന്ന വിപ്ലവകാരികൾ ചേർന്ന് അവസാനമായൊരു യോഗം ചേർന്നു. രാത്രി എരിഞ്ഞു കൊണ്ടിരിക്കുന്ന തീക്കനലിനു ചുറ്റും ചേർന്ന് തീരുമാനമെടുത്തു. വിപ്ലവം തൽക്കാലത്തേക്കു നിർത്തി കാടിറങ്ങി നാട്ടിലെത്തുക. സ്വന്തമായി ഒളിസങ്കേതം കണ്ടെത്തി ആരുമറിയാതെ അവിടെ അധ്വാനിച്ചു ജീവിക്കുക. അനുകൂലമായ സാഹചര്യം ഒത്തു ചേരുമ്പോൾ വീണ്ടും ഒരുമിച്ചു ചേരുക. ആയുധമെടുത്തു വിപ്ലവം പുനരാരംഭിക്കുക.

പിറ്റേന്നു മലയിറങ്ങിയ സംഘത്തിന് പിന്നീടൊരിക്കലും വിപ്ലവത്തിന്റെ വഴിയിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല. എങ്കിലും നീണ്ട 40 വർഷം ആ ആഹ്വാനം നെഞ്ചിലേറ്റി ജീവിച്ച ഒരു വിപ്ലവകാരിയുണ്ടായിരുന്നു. അള്ളുങ്കൽ ശ്രീധരൻ. 40 വർഷം നിരപ്പേൽ തങ്കപ്പൻ എന്ന പേരിൽ അദ്ദേഹം ഇടുക്കിയിൽ ഒളിവിൽ കഴിഞ്ഞു. ജീവിതവും മരണവും വരെ അടിമുടി വിപ്ലവകാരിയായിത്തന്നെ. പുൽപ്പള്ളി ഓപറേഷനിടയ്ക്ക് സഖാക്കൾ പലരും ചഞ്ചല മനസ്കരായപ്പോൾ ഒരു തരിമ്പു പോലും ആശയക്കുഴപ്പമില്ലാതെ ഉറച്ചു നിന്നയാളാണ് അള്ളുങ്കൽ ശ്രീധരൻ. ആ ഉറപ്പ് ജീവിതാവസാനം വരെ ഉണ്ടായി. അവസാന ജനകീയ വിപ്ലവത്തിനു വേണ്ടി കാത്തിരിക്കാതെ ആ വിപ്ലവകാരി യാത്രയായി.

വയനാട്ടിലെ നക്‌സൽ വർഗീസ് സ്മാരകം.
ADVERTISEMENT

നക്‌സൽ വർഗീസിനും കെ.അജിതയ്ക്കുമൊപ്പം പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത അള്ളുങ്കൽ ശ്രീധരൻ 40 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് നിര്യാതനായത്. നിരപ്പേൽ തങ്കപ്പനെന്നു പേരുമാറ്റി സാധാരണ കർഷകനായി ഇടുക്കിയിൽ ജീവിച്ചു വരികയായിരുന്നു അദ്ദേഹം. വളരെ അടുത്ത സുഹൃത്തുക്കൾക്കു മാത്രം അറിയാവുന്ന ആ പാർട്ടി രഹസ്യം മരണ ശേഷമാണു സുഹൃത്തുക്കൾ പുറത്തു വിട്ടത്. നക്‌സൽ കാലത്തെ സഹപ്രവർത്തകയായിരുന്ന കെ.അജിതയുടെ അനുസ്മരണ വാക്കുകൾ സംസ്കാര ചടങ്ങിനിടെ കേൾപ്പിച്ചതോടെയാണ് അതുവരെ തങ്കപ്പൻ ചേട്ടൻ എന്നു വിളിച്ചിരുന്ന അദ്ദേഹം ഒരു കാലത്തെ തീപ്പൊരി നക്സൽ പ്രവർത്തകൻ അള്ളുങ്കൽ ശ്രീധരനാണെന്ന് നാടും നാട്ടുകാരും തിരിച്ചറിഞ്ഞത്.

‘ഇരിട്ടിയിലുള്ള കർഷകൻ’

അള്ളുങ്കൽ ശ്രീധരനെ കുറിച്ചും ഒരുമിച്ചു പങ്കെടുത്ത പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തെക്കുറിച്ചും കെ.അജിതയുടെ ഓർമക്കുറിപ്പുകൾ ഇങ്ങനെയാണ്: ‘1968 നവംബർ 24നാണു വയനാട്ടിലെ പുൽപ്പള്ളിയിൽ കുടിയേറ്റ കർഷകരോടുള്ള ദേവസ്വം ബോർഡ്– ഫോറസ്റ്റ്– ജന്മി–എംഎസ്പി പൊലീസ് കൂട്ടുകെട്ടിന്റെ നിരന്തര ക്രൂരതയ്ക്കെതിരായ പ്രതികരണമായി പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടത്തിയത്. 1968 നവംബറിലാണ് ഞാനും അമ്മയും മറ്റു സഖാക്കൾക്കൊപ്പം വയനാട്ടിലെത്തുന്നത്.

വയനാട്ടിലെത്തിയപ്പോൾ കൊടുംതണുപ്പ് സഹിക്കാൻ‍ കഴിയാത്തതായി തോന്നി. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കാൽനടയായി മാത്രമേ പോകാൻ കഴിയൂ. മെയിൻ റോഡിൽ മാത്രം വല്ലപ്പോഴും ബസ്. സിറ്റിയിൽ ജീവിച്ച ഞങ്ങൾക്ക് ഇതെല്ലാം വലിയ വിഷമമായി തോന്നിയെങ്കിലും ഞങ്ങളുടെ മനസ്സിൽ പതഞ്ഞു പൊങ്ങിയ ആവേശത്തിന് ഇതിനെയെല്ലാം മറികടക്കാനുള്ള ശക്തിയുണ്ടായിരുന്നു. മാനന്തവാടിയിലും പരിസരത്തുമുള്ള പല വീടുകളിലും ഞങ്ങൾ താമസിച്ചു. യോഗം ചേർന്നു. പുൽപ്പള്ളിയിലെ പ്രവർത്തനത്തിന്റെ പ്രധാന ചുമതല സഖാവ് വർഗീസിനായിരുന്നു. സഖാവ് തേറ്റമല കൃഷ്ണൻ കുട്ടിയും ഫിലിപ് എം.പ്രസാദും സഖാവ് വർഗീസിന്റെ പ്രവർത്തനത്തിനു സഹായമെന്ന നിലയ്ക്ക് അവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

കെ.അജിത
ADVERTISEMENT

മാനന്തവാടിയിൽ നിന്നു പുൽപ്പള്ളിയിലേക്ക് ഞാനും സഖാക്കളും യാത്ര തിരിച്ചു. ഒടുവിൽ അൻപതോളം സഖാക്കൾ കൂടിയിരുന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേർന്നു. എത്രയോ നാളായി കാണാതിരുന്ന സുഹൃത്തുക്കൾ വീണ്ടും കണ്ടുമുട്ടിയതു പോലെ സഖാക്കൾ ഓരോരുത്തരായി ഞങ്ങളെ അഭിവാദ്യം ചെയ്തു സ്വീകരിച്ചു. അക്കൂട്ടത്തിൽ പലരും അന്യോന്യം തികച്ചും അപരിചിതരായിരുന്നെങ്കിലും ഒരേയൊരു ആദർശ ലക്ഷ്യത്തിലേക്കുള്ള വിശ്വാസം എല്ലാവെരയും ഞൊടിയിട കൊണ്ട് ഒന്നാക്കിച്ചേർത്തു കഴിഞ്ഞിരുന്നു.

400 ആദിവാസികൾ അടക്കമുള്ള കർഷക വൊളന്റിയർമാരെ പുൽപ്പള്ളിയിൽ റിക്രൂട്ട് ചെയ്തിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണനും സഖാവ് വർഗീസുമൊക്കെ ചേർന്നാണ് ഇവരെ റിക്രൂട്ട് ചെയ്തത്. അന്ന് ആ കൂട്ടത്തിൽ വെച്ചാണ് ചെറുപ്പക്കാരനായ അള്ളുങ്കൽ ശ്രീധരനെ കാണുന്നത്. ഇരിട്ടിയിലുള്ള കർഷകനാണെന്നാണു പരിചയപ്പെടുത്തിയത്. സത്യത്തിൽ അദ്ദേഹത്തിന്റെ നാടോ വീടോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. തലശ്ശേരി സ്റ്റേഷൻ ആക്രമിച്ച വിവരം കിട്ടിയതിനു ശേഷം പുൽപ്പള്ളി ആക്രമണം എന്നതായിരുന്നു തീരുമാനം. നവംബർ 22ന് ഉച്ചയ്ക്ക് തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചതായി റേഡിയോയിൽ ഉച്ചയ്ക്കു വാർത്ത വന്നു.

എന്നാൽ തലശ്ശേരിയിലുണ്ടായ ദയനീയ പരാജയത്തെ കുറിച്ച് ഞങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ പുൽപ്പള്ളി ആക്രമണം നടക്കുമായിരുന്നോ? സംശയമാണ്.
എന്തായാലും 23നു രാത്രി ഞങ്ങൾ കരിമത്തേക്കു പുറപ്പെട്ടു. എല്ലാവരുടെയും കയ്യിൽ ഓരോ ആയുധങ്ങളുണ്ടായിരുന്നു. പൊലീസ് സ്റ്റേഷൻ നിരീക്ഷണത്തിന് അയച്ചിരുന്ന സഖാക്കൾ പന്ത്രണ്ടരയോടെ തിരിച്ചെത്തി. പൊലീസുകാരിൽ ഭൂരിഭാഗവും അന്നു സ്റ്റേഷനിലുണ്ടായിരുന്നില്ല. ആയുധങ്ങളുമായി ബത്തേരിയിലേക്കു പോയിരുന്നു. ഏതാനും പേർ മാത്രമാണ് പുൽപ്പള്ളിയിലുള്ളത് എന്നു പറഞ്ഞു. എന്തായാലും മുന്നോട്ടു തന്നെ എന്നു തീരുമാനിച്ചു.

ചന്ദനത്തടികൾക്കിടയിൽ ഒളിച്ച എസ്‌ഐ

ADVERTISEMENT

പുൽപ്പള്ളിയിലെ സീതാദേവി ക്ഷേത്രത്തിന്റെ സമീപത്താണ് അന്നു എംഎസ്പി ക്യാംപ് പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ ആക്രമണത്തിനു പുറപ്പെടുമ്പോൾ ഇടയ്ക്ക് ചില ആശയക്കുഴപ്പമുണ്ടായെങ്കിലും അൽപ സമയത്തിനകം ഞങ്ങൾ ആവേശം വീണ്ടെടുത്തു. ഞങ്ങളെല്ലാവരും സീതാ ദേവി ക്ഷേത്രത്തിന്റെ മുറ്റത്തു കൂടെ ക്യാംപിലേക്ക് ഓടിച്ചെല്ലാൻതുടങ്ങി. ഞങ്ങൾ എത്തിയെന്ന് പൊലീസുകാർക്കും എസ്ഐക്കും മനസിലായിക്കാണണം. അവരെല്ലാം ഭയന്ന് എവിടെയൊക്കെയോ ഒളിച്ചിരിക്കുകയായിരുന്നു.

ക്യാംപിന്റെ വരാന്തയിൽ കയറിച്ചെന്ന് കുറേപ്പേർ അവിടെയുണ്ടായിരുന്ന വയർലസ് യന്ത്രം തല്ലിത്തകർത്തു. വയർലസ് ഓപ്പറേറ്റരുടെ മുറി അടച്ചിരുന്നതിനാൽ കൈ ബോംബെറിഞ്ഞു വാതിൽ തകർത്തു. അകത്തു കടന്നപ്പോൾ‍ വയർലസ് ഓപ്പറേറ്റർ കട്ടിലിനടയിൽ ഒളിച്ചിരിക്കുന്നതാണു കണ്ടത്. കാലാകാലമായി മനസ്സിലൊതുക്കി വച്ചിരുന്ന പുൽപ്പള്ളി കർഷകരുടെ പ്രതികാരാഗ്നി ആളിക്കത്താൻ പിന്നെ അധിക സമയം വേണ്ടി വന്നില്ല. ‘അയ്യോ എന്നെ കൊല്ലല്ലേ’ എന്നു കേണപേക്ഷിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ വെട്ടിനുറുക്കി.

പ്രതീകാത്മക ചിത്രം

‘ഇതാണു നിനക്കൊക്കെയുള്ള മറുപടി. അധികാരം കയ്യിലുള്ളതു കൊണ്ട് എന്തും കാണിക്കാമെന്ന നിന്റെയൊക്കെ അഹങ്കാരത്തിന് ഇതു തന്നെയാണു ശിക്ഷ’. ഞങ്ങളുടെ കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. മറ്റൊരു സംഘം എസ്ഐ ശങ്കുണ്ണി മേനോന്റെ മുറിയിലേക്കു പോയി. അവിടെയാണെങ്കിൽ എസഐയുടെ പൊടി പോലുമില്ല. അയാൾ എവിടെപ്പോയി എന്നു കുറച്ചൊക്കെ പരതി നോക്കിയെങ്കിലും കണ്ടില്ല. ഒരു വലിയ കട്ടിലുണ്ടായിരുന്നതിന്റെ അടിയിൽ അയാൾ സമ്പാദിച്ചു വച്ച ചന്ദനത്തിന്റെ കുറേ റൂൾത്തടികളുണ്ടായിരുന്നു. അതിനുള്ളിലാണ് എസ്ഐ ഒളിച്ചത്.

അയാളെ കാണാതെ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ പോയെന്ന തെറ്റിദ്ധാരണയോടെ അയാൾ മെല്ലെ വാതിൽ തുറന്നു പുറത്തേക്കോടാൻ ഒരു ശ്രമം നടത്തി. അതു ഞങ്ങളുടെ കൂട്ടത്തിലാരോ കണ്ടു. വീണ്ടും ആ മുറിയിലേക്കു തന്നെ കയറിച്ചെന്ന് അയാളെ കടന്നാക്രമിച്ചു. ഇത്തിരി കഴിഞ്ഞപ്പോൾ അയാളുടെ അനക്കം ഇല്ലാതായി. അവിടെ നിന്നും ഞങ്ങളിറങ്ങി. എന്തൊക്കെയോ കുറേ റിക്കോർഡുകളുണ്ടായിരുന്നു. അതെല്ലാം മുറ്റത്തിട്ടു കത്തിച്ചു കളഞ്ഞു. വഴിയിൽ ജന്മിമാരുടെ വീടുകൾ ആക്രമിച്ചു.

അള്ളുങ്കൽ ശ്രീധരൻ പകർന്ന ധൈര്യം

വന്നു ചേരാമെന്ന സമയമായിട്ടും തലശ്ശേരിയിൽനിന്നുള്ള സഖാക്കളെ കാണാത്തത് ഞങ്ങൾക്കു വലിയ പ്രയാസമുണ്ടാക്കി. 2 ദിവസം കഴിഞ്ഞപ്പോൾ തലശ്ശേരി സഖാക്കൾക്ക് എന്തു പറ്റി എന്നറിയാൻ ഞങ്ങൾ സഖാവ് കൃഷ്ണൻ കുട്ടിയെ അയച്ചു. ക്യാംപിൽ ഞങ്ങൾക്കൊപ്പം നിൽക്കാൻ താൽപര്യമില്ലാത്ത 3 പേരെ വീട്ടിലേക്കു പറഞ്ഞു വിടേണ്ടി വന്നു. പലരുടെയും ആവേശം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. പലർക്കും ‘ഇതൊന്നും വേണ്ടിയിരുന്നില്ല’ എന്ന മുഖഭാവം.

എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളസഖാക്കളുടെ അടക്കാനാവാത്ത ആവേശവും നിശ്ചയദാർഢ്യവും എല്ലാ സഖാക്കളെയും സ്വാധീനിക്കുന്നുണ്ടായിരുന്നു. ആ സ്വാധീനത്തിന്റെ സമ്മർദം കൊണ്ടേ, ഭീരുത്വത്തിന്റെ വക്താക്കൾ പോലും തങ്ങളുടെ മനസ്സിന്റെ അവസരവാദപരമായ ചിന്തകളെ വെളിച്ചത്തു കൊണ്ടു വരാൻ ലജ്ജിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറ‍ഞ്ഞു. ഈ ആവേശം ഞങ്ങളിൽ കുറച്ചു പേരെയെങ്കിലും ധൈര്യം നേടാൻ സഹായിക്കുന്നതായിരുന്നു.

ഫിലിപ് എം പ്രസാദ്

പൊലീസ് സേന ഞങ്ങളെ തേടിയിറങ്ങിയതായി മനസ്സിലാക്കി ഞങ്ങൾ ക്യാംപ് മാറാൻ തീരുമാനിച്ചു. പല ദിവസങ്ങളായി കാട്ടിൽ പലയിടത്തായി മാറി മാറി സഞ്ചരിച്ചു കൊണ്ടിരുന്നു. വിപ്ലവം മുന്നോട്ടു കൊണ്ടു പോകാൻ തലശ്ശേരിയിൽനിന്ന് ആരും വരാനില്ലെന്നു നടുക്കത്തോടെയാണെങ്കിലും ഞങ്ങൾ മനസിലാക്കി. ആയുധങ്ങളൊന്നും ഇനി ഞങ്ങളുടെ കൈവശമില്ല. അറുപതോളം പേരുണ്ടായിരുന്ന സഖാക്കൾ 35 ആയി കുറഞ്ഞു. അവരിൽ പതിനഞ്ചോളം പേർക്ക് വീട്ടിലേക്കു മടങ്ങിപ്പോകണമെന്ന ചിന്ത വന്നു. കുറ്റബോധത്തോടെയാണെങ്കിലും അവരതു തുറന്നു പറഞ്ഞു.

എന്നാൽ അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ളവർ എന്തു വന്നാലും സായുധ സമരത്തിലുള്ള വിശ്വാസം തങ്ങൾ കൈവെടിയില്ലെന്നും തുടർന്നു പോകാൻ തന്നെയാണ് ഉറച്ചിരിക്കുന്നതെന്നും പ്രഖ്യാപിച്ചു. പിറ്റേന്നു രാവിലെ മറ്റുള്ളവരെ പണം കൊടുത്തു യാത്രയാക്കി. അള്ളുങ്കൽ ശ്രീധരൻ അടക്കമുള്ള ഞങ്ങൾ 15 പേർ മാത്രം ബാക്കിയായി. വളരെ ഗൗരവ ബോധത്തോടെ കാര്യങ്ങളെ വീക്ഷിക്കുകയും സായുധ വിപ്ലവത്തിന്റെ പാതയിൽ ആഴമേറിയ ഒരു വിശ്വാസം പുലർത്തുകയും ചെയ്ത മിതഭാഷിയായിരുന്നു സഖാവ് അള്ളുങ്കൽ ശ്രീധരൻ.

ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ തീർന്നു കൊണ്ടിരുന്നു. അന്നുപകൽ മുഴുവൻ ഞങ്ങൾ കാട്ടിനുള്ളിലേക്കു നീങ്ങി. തലശ്ശേരി സഖാക്കൾ വെട്ടിയുണ്ടാക്കിയിരുന്ന വഴി മാത്രമാണു ഞങ്ങൾക്കു വഴികാട്ടിയായി ഉണ്ടായിരുന്നത്. രാത്രിയായപ്പോൾ പരന്ന ഒരു സ്ഥലത്ത് അരുവിയുടെ കരയിലായി ക്യാംപ് അടിച്ചു. പിന്നെ അവസാനത്തെ ആ യോഗം ചേർന്നു. ഞങ്ങളുടെ അപ്പോഴത്തെ മാനസികാവാസ്ഥ വ്യക്തമായും പ്രകടിപ്പിക്കപ്പെട്ട ഒരു യോഗമായിരുന്നു അത്. കർഷകരുടെ ഉയർത്തെഴുന്നേൽപ്പിനുള്ള ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം താൽക്കാലികമായി തകർന്നു കഴിഞ്ഞിരിക്കുന്നു.

കുന്നിക്കൽ നാരായണൻ, അജിത (ഫയൽ ചിത്രം)

ഒരു ക്യാംപിൽ നിന്നു മറ്റൊരു ക്യാംപിലേക്ക്, അവിടെനിന്നു വീണ്ടും മറ്റൊരു ക്യാംപിലേക്ക്... എങ്ങോട്ടെന്നില്ലാതെ നീങ്ങിക്കൊണ്ടിരുന്ന ഞങ്ങൾക്ക് സമരം തുടർന്നു കൊണ്ടു പോകാൻ തൽക്കാലം സാധ്യമല്ലെന്നു വന്നിരിക്കുന്നു. പൊലീസ് വയനാട്ടിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ ചെറു സംഘം വയനാട്ടിലെ ഏതെങ്കിലും ഗ്രാമത്തിലിറങ്ങിയാൽ അവരുടെ കയ്യിൽ പെടുമെന്നു തീർച്ച. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ഇനിയും മറ്റൊരാക്രമണ പദ്ധതി തയാറാക്കാനും നടപ്പാക്കാനുമുള്ള ആരോഗ്യം ആർക്കുമില്ലായിരുന്നു. അതുകൊണ്ട് നാട്ടിലിറങ്ങാനും ഒളിസങ്കേതം കണ്ടെത്താനും തീരുമാനിച്ചു.

പൊലീസിന്റെ കയ്യിൽ...

എല്ലാവരും കൂട്ടമായി പോകാതെ പല സംഘങ്ങളായി തിരിഞ്ഞ് ഒളി സങ്കേതം സ്വയം കണ്ടെത്തണം. കുറച്ചു കാലം പലയിടത്തായി അധ്വാനിച്ചു ജീവിച്ച ശേഷം വീണ്ടും ഒരുമിച്ചു ചേർന്നു സായുധകലാപം തുടരണം. ഇങ്ങനെ ചർച്ച ചെയ്ത ശേഷം ഞങ്ങൾ വീണ്ടും ഉറങ്ങാൻ കിടന്നു. ഇങ്ങനെ 3 ദിവസം കഴിഞ്ഞു. 3ാം ദിവസം തോക്കുകളും മറ്റും കുഴിച്ചിട്ട ശേഷം ഞങ്ങൾ വീണ്ടും നടപ്പു തുടങ്ങി. നടന്നു നടന്നു ‍ഞങ്ങൾ വയനാട്ടിലെ ഏതോ മലയുടെ തുമ്പിലാണ് എത്തിച്ചേർന്നത്. പിറ്റേന്നു രാവിലെ, വാങ്ങിവച്ചിരുന്ന അവസാനത്തെ തുള്ളി ചായപ്പൊടിയും ചേർത്ത് ചായ ഉണ്ടാക്കി കുടിച്ച് ഞങ്ങൾ മലയിറങ്ങിത്തുടങ്ങി. ഒടുവിൽ രാത്രിയോടെ ഞങ്ങൾ താഴെയെത്തി.

അവസാനമായി സഖാവ് വർഗീസ് കയ്യിൽ സൂക്ഷിച്ചിരുന്ന പണം അഞ്ചു സഖാക്കൾക്കായി വീതിച്ചു കൊടുത്തു. അഞ്ചു ബാച്ചുകളായി തിരിഞ്ഞ് ഞങ്ങൾ നടക്കാൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ അടയ്ക്കാത്തോട് എത്തിച്ചേർന്നു. ചായക്കടയിൽ തൂക്കിയിട്ടിരുന്ന പത്രത്തിൽ എന്റെ ചിത്രം കണ്ട് കൂടിയിരുന്നവർ എന്നെ തിരിച്ചറി‍ഞ്ഞു. ഞങ്ങൾ വളയപ്പെട്ടു. പൊലീസ് പിടിയിലായി. ആദ്യത്തെ പ്രാവശ്യം കോടതിയിൽ കേസിനു കൊണ്ടുപോയപ്പോഴാണു ഇരുപത്തഞ്ചിലേറെ സഖാക്കൾ പിടിക്കപ്പെട്ടെന്നു മനസ്സിലാക്കിയത്. അക്കൂട്ടത്തിൽ സഖാവ് അള്ളുങ്കൽ ശ്രീധരനുമുണ്ടായിരുന്നു. ഇരിട്ടിക്കടുത്തു വെച്ചാണ് സഖാവ് പിടിക്കപ്പെട്ടത്.

നക്‌സൽ വർഗീസ് സ്മാരകത്തിൽ സഖാവ് അജിത.

1970 ൽ കോഴിക്കോട് സെഷൻസ് കോടതിയിൽ ഞങ്ങളുടെ കേസ് വിചാരണ തുടങ്ങി. പുൽപ്പള്ളി കേസിൽ ഞങ്ങൾ 8 പേർ ഒഴികെ ബാക്കി അറുപതോളം പ്രതികളെ കോടതി വിട്ടയച്ചു. ഞങ്ങൾക്ക് 5 വർഷം വീതമായിരുന്നു ശിക്ഷ. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിന്റെ ഭാഗമായി 33 പേർക്കു ശിക്ഷ വിധിക്കുകയും അതിൽ 13 പേർക്ക് ജീവ പര്യന്തമാക്കുകയും ചെയ്തു. ജാമ്യം റദ്ദാക്കി ഞാൻ വീണ്ടും ജയിലിലെത്തി. പിന്നീട് അള്ളുങ്കൽ ശ്രീധരനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണ ശേഷം സഹപ്രവർത്തകർ അറിയിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.

അള്ളുങ്കൽ ശ്രീധരനു പിന്നീടെന്തു സംഭവിച്ചു?

പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം മറ്റൊരു കേസിലും ശ്രീധരനു ശിക്ഷ ലഭിച്ചു. അതിനെതിരെ അപ്പീൽ തള്ളിയതോടെ ഇടുക്കിയിലേക്കു കടക്കുകയായിരുന്നു. ആദ്യം തോട്ടങ്ങളിൽ കൂലിപ്പണി എടുത്തു. പിന്നീട് സ്ഥലം വാങ്ങി ഏലക്കൃഷി നടത്തി ജീവിക്കുകയായിരുന്നു. അതിനിടെ വിവാഹവും കഴിച്ചു. ഏതാനും വർഷം മുൻപു വരെ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിലിരിക്കെയാണു മരണം.

സിപിഎം പാറത്തോട് ലോക്കൽ സെക്രട്ടറി ജിജി വർഗീസാണു മരണ വിവരം അജിതയെ അറിയിച്ചത്. സംസ്കാരത്തിനിടെ അജിതയുടെ വാട്സാപ് സന്ദേശം ജിജി വായിച്ചു.
അജിതയുടെ ശബ്ദ സന്ദേശം മൈക്കിലൂടെ നാട്ടുകാരെ കേൾപ്പിക്കുകയും ചെയ്തു. അജിതയുടെ ആ സന്ദേശം ഇങ്ങനെയായിരുന്നു. ‘സഖാവ് അള്ളുങ്കൽ ശ്രീധരൻ, 1968 നവംബർ 24ന് പുലർച്ചെ വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന എംഎസ്പി ക്യാംപ് ആക്രമിച്ച ഒരു സംഘം കർഷക വിപ്ലവകാരികളോടൊപ്പം ധീരമായി പങ്കെടുത്ത സഖാവ് ആയിരുന്നു.

അജിതയുടെ അമ്മ മന്ദാകിനി നാരായണൻ

ആ കൂട്ടത്തിൽ സഖാക്കൾ വർഗീസ്, തേറ്റമല കൃഷ്ണൻകുട്ടി, ശങ്കരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഫിലിപ് എം.പ്രസാദ്, സുകുമാരൻ തുടങ്ങിയ സഖാക്കളോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്റെ ജയിൽ വാസം കഴിഞ്ഞു വീണ്ടും പ്രവർത്തന പഥത്തിൽ വന്നതിനു ശേഷം അള്ളുങ്കൽ ശ്രീധരനെ കുറിച്ചു ഞാനൊന്നും കേട്ടിട്ടില്ല. ഇന്നു രാവിലെ സഖാവ് ജിജി ഇടുക്കിയിൽ നിന്ന് അദ്ദേഹത്തിന്റെ നിര്യാണത്തെക്കുറിച്ച് അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഞാനും ദുഃഖത്തിൽ പങ്കെടുക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ…’

ഒരു കാലത്ത് കേരളത്തിൽ വിപ്ലവത്തിന്റെ വസന്തം വിരിയിക്കാനിറങ്ങി പാതി വഴിയിൽ പിൻമാറിയെങ്കിലും 40 വർഷം കമ്യൂണിസ്റ്റുകാരനായി തന്നെ ജീവിച്ചാണ് അള്ളുങ്കൽ ശ്രീധരൻ വിട വാങ്ങിയത്.

English Summary: 40 years in hiding; Unknown Story of Allungal Sreedharan, Once a Naxal Hero