ഭൂമി വില കുതിച്ചു, സൗകര്യങ്ങളേറി; എന്നിട്ടും യോഗി അയോധ്യയിൽ മത്സരിച്ചില്ല; കാരണം?
ക്ഷേത്രനിർമാണം നടക്കുന്നയിടത്തേക്ക് പോകുമ്പോൾ മെറ്റൽ വസ്തുക്കളൊന്നും കൊണ്ടുപോകാനാവില്ല. പേന വരെ നിഷിദ്ധമാണ്. ആദ്യ ചെക്കിങ് പോയിന്റിനടുത്ത് സർക്കാർ വക സൂക്ഷിപ്പു കേന്ദ്രമുണ്ട്. അതാണ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതും. 3 തലത്തിലുള്ള പരിശോധന കഴിഞ്ഞാണ് അകത്തു കയറുന്നത്. നടവഴികൾക്ക് പഴയതിനേക്കാൾ വീതിയുണ്ട്. കുരങ്ങന്മാരുടെ ആക്രമണം തടയാൻ ശക്തിയുള്ള കമ്പിവലകളുണ്ട്.. UP Polls 2022 . Ayodhya Temple
ക്ഷേത്രനിർമാണം നടക്കുന്നയിടത്തേക്ക് പോകുമ്പോൾ മെറ്റൽ വസ്തുക്കളൊന്നും കൊണ്ടുപോകാനാവില്ല. പേന വരെ നിഷിദ്ധമാണ്. ആദ്യ ചെക്കിങ് പോയിന്റിനടുത്ത് സർക്കാർ വക സൂക്ഷിപ്പു കേന്ദ്രമുണ്ട്. അതാണ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതും. 3 തലത്തിലുള്ള പരിശോധന കഴിഞ്ഞാണ് അകത്തു കയറുന്നത്. നടവഴികൾക്ക് പഴയതിനേക്കാൾ വീതിയുണ്ട്. കുരങ്ങന്മാരുടെ ആക്രമണം തടയാൻ ശക്തിയുള്ള കമ്പിവലകളുണ്ട്.. UP Polls 2022 . Ayodhya Temple
ക്ഷേത്രനിർമാണം നടക്കുന്നയിടത്തേക്ക് പോകുമ്പോൾ മെറ്റൽ വസ്തുക്കളൊന്നും കൊണ്ടുപോകാനാവില്ല. പേന വരെ നിഷിദ്ധമാണ്. ആദ്യ ചെക്കിങ് പോയിന്റിനടുത്ത് സർക്കാർ വക സൂക്ഷിപ്പു കേന്ദ്രമുണ്ട്. അതാണ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതും. 3 തലത്തിലുള്ള പരിശോധന കഴിഞ്ഞാണ് അകത്തു കയറുന്നത്. നടവഴികൾക്ക് പഴയതിനേക്കാൾ വീതിയുണ്ട്. കുരങ്ങന്മാരുടെ ആക്രമണം തടയാൻ ശക്തിയുള്ള കമ്പിവലകളുണ്ട്.. UP Polls 2022 . Ayodhya Temple
അയോധ്യ∙ രണ്ടു വർഷം മുൻപ് ഹോട്ടൽ ബുക്കിങ് ആപ്പുകളിൽ അയോധ്യയിൽ താമസസ്ഥലം തിരയുമ്പോൾ കഷ്ടിച്ച് 20 ഹോട്ടലുകളേ തെളിയുമായിരുന്നുള്ളൂ. അതിനും 10 വർഷം മുൻപ് ചെറിയ സത്രങ്ങളും സന്യാസിമഠങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ നക്ഷത്ര സൗകര്യമുള്ളവയടക്കം അൻപതിലേറെ ഹോട്ടലുകൾ അയോധ്യയിലുണ്ട്. നിലവാരമുള്ളവയാണ് പകുതിയിലേറെയും. ഫൈസാബാദിലും നിരവധി ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഉയരുന്നുണ്ട്. ഗോരഖ്പുരിലേക്കു പോകുന്ന ദേശീയ പാതയുടെ ഇരുവശത്തും നിരവധി കെട്ടിടങ്ങൾ ഉയർന്നു വരുന്നുണ്ട്. ഭൂമിക്കു വില കുതിച്ചു കയറി. സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളും മറ്റും വിവിധ പദ്ധതികൾക്കായി അയോധ്യയിൽ നിക്ഷേപം നടത്തുകയാണ്.
ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണം 2023ൽ പൂർത്തിയാകുന്നതോടെ അയോധ്യ ഉത്തർപ്രദേശിലെ ഏറ്റവു തിളങ്ങുന്ന നഗരങ്ങളിലൊന്നായി മാറും. ഇപ്പോൾത്തന്നെ റോഡുകളുടെ മുഖഛായ മാറി. മഞ്ഞപ്പെയിന്റടിച്ച കെട്ടിടങ്ങൾ, എൽഇഡി തെരുവുവിളക്കുകൾ, എല്ലായിടത്തും സിസിടിവി ക്യാമറകൾ, ഇളകുന്ന ബെഞ്ചുകളുള്ള നാടൻ ചായക്കടകൾക്കു പകരം ദീപാലങ്കാരങ്ങൾ നിറഞ്ഞ കഫേകൾ, റസ്റ്ററന്റുകൾ, പാർക്കിങ് സ്ഥലങ്ങൾ, അയോധ്യ പഴയ അയോധ്യയല്ല.
ആളേറുന്നു അയോധ്യയിൽ
ഹനുമാൻഗഡിക്കു സമീപം വാഹനം നിർത്തുമ്പോൾത്തന്നെ ‘ഗൈഡുകൾ’ വട്ടമിട്ടു പറക്കാൻ തുടങ്ങി. തുടക്കമായതു കൊണ്ടാവണം രാമക്ഷേത്രവും പരിസരത്തെ ക്ഷേത്രങ്ങളും ചുറ്റിക്കാണിക്കാൻ 50 രൂപയേ വാങ്ങൂ. വേണ്ട എന്നു പറഞ്ഞാൽ അത് 20 രൂപ വരെ പോകും. ഹനുമാൻഗഡി ക്ഷേത്രത്തിലേക്കാണ് അയോധ്യയിലെത്തുന്നവർ ആദ്യമെത്തുന്നത്. പടികൾ കയറി മുകളിലേക്കു പോയാൽ ക്ഷേത്രത്തിലെത്താം. ചെരുപ്പു സൂക്ഷിച്ച് പൂജാവസ്തുക്കൾ വാങ്ങിപ്പിക്കുന്ന കച്ചവടക്കാരും ലഡ്ഡു പ്രസാദം വിൽക്കുന്നവരും നിരവധിയുണ്ട്. അയോധ്യയിലെ ലഡ്ഡു പ്രസിദ്ധമാണ്.
ക്ഷേത്രനിർമാണം നടക്കുന്നയിടത്തേക്ക് പോകുമ്പോൾ മെറ്റൽ വസ്തുക്കളൊന്നും കൊണ്ടുപോകാനാവില്ല. പേന വരെ നിഷിദ്ധമാണ്. വസ്തുക്കൾ സൂക്ഷിക്കാനുള്ള ലോക്കറുകൾ ഇരുവശത്തുമുണ്ട്. ആദ്യ ചെക്കിങ് പോയിന്റിനടുത്ത് സർക്കാർ വക സൂക്ഷിപ്പു കേന്ദ്രമുണ്ട്. ഇതാണ് കൂടുതൽ സുരക്ഷിതവും ചെലവു കുറഞ്ഞതും. 3 തലത്തിലുള്ള പരിശോധന കഴിഞ്ഞാണ് അകത്തു കയറുന്നത്. നടവഴികൾക്ക് പഴയതിനേക്കാൾ വീതിയുണ്ട്. കുരങ്ങന്മാരുടെ ആക്രമണം തടയാൻ ശക്തിയുള്ള കമ്പിവലകളുണ്ട്. ദർശനം നടത്തുന്നവരുടെ പ്രസാദമാണ് കുരങ്ങന്മാരുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളാണെന്നു തോന്നുന്ന എന്തും ആക്രമിക്കപ്പെട്ടേയ്ക്കാം.
രാമജന്മഭൂമിയിൽ ചെരുപ്പിടുന്നതിന് ഇപ്പോൾ തടസ്സമില്ല. നൂറുകണക്കിന് ക്ഷേത്രങ്ങളാണ് രാമക്ഷേത്രത്തിനു ചുറ്റുമായുള്ളത്. 4 കിലോമീറ്റർ ചുറ്റളവിൽ സീതയുടെ അടുക്കള (സീതാ കീ രസോയി), ദശരഥന്റെ കൊട്ടാരം, കനകഭവൻ (സീതാ ക്ഷേത്രം), രാമകഥാ പാർക്ക്, തുളസീസ്മാരക ഭവൻ, സരയൂ ഘാട്ട്, നയാ ഘാട്ട്, ലക്ഷ്മൺ ഘാട്ട് തുടങ്ങിയവയുണ്ട്. 150 കോടി രൂപയിലേറെ ചെലവിടുന്ന രാമകഥാ പാർക്കിന്റെ പണികൾ നടക്കുന്നതേയുള്ളൂ. സരയൂവിൽ സഞ്ചാരത്തിലും ആരതി കാണുന്നതിനും ബോട്ട് സർവീസുണ്ട്. 200 രൂപ മുതൽ മുകളിലേക്കാണ് നിരക്ക്. ഇപ്പോൾ മുൻപത്തേതിനേക്കാൾ ബോട്ടുകളും എത്തുന്ന ആളുകളും കൂടിയെന്ന് ബോട്ട് സർവീസ് നടത്തുന്ന രാജു കുമാർ പറഞ്ഞു.
ഏറ്റെടുക്കുന്നത് 1100 ഏക്കർ ഭൂമി
വിവിധ പദ്ധതികൾക്കായി 1100 ഏക്കർ ഭൂമിയാണ് അയോധ്യയിൽ യുപി സർക്കാർ ഏറ്റെടുക്കുന്നത്. മര്യാദാ പുരുഷോത്തം ശ്രീറാം രാജ്യാന്തര എയർപോർട്ടും അയോധ്യ റെയിൽവേസ്റ്റേഷൻ വികസനവുമൊക്കെ ഇതിലുൾപ്പെടും. നിലവിൽ അയോധ്യയിലെ എയർ സ്ട്രിപ്പുള്ള ഇടത്താണ് പുതിയ വിമാനത്താവളം വരുന്നത്. ഇതിനു മാത്രം 550 ഏക്കറാണ് ഏറ്റെടുക്കുന്നത്. നിലവിലെ എയർസ്ട്രിപ്പും ടെർമിനലും ഉള്ള 182 ഏക്കറും ഇതിലുൾപ്പെടും. കേന്ദ്രസർക്കാർ 250 കോടിയും യുപി 325 കോടിയും വിമാനത്താവള നിർമാണത്തിനു നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ 1001.77 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിലും 101 കോടി വകയിരുത്തി.
നിലവിലെ അയോധ്യ ഫൈസാബാദ് റോഡുകളും അയോധ്യ നഗരത്തിനുള്ളിലെ റോഡുകളും നാലുവരിയാക്കി വീതി കൂട്ടും. ഇതിനായി ഒരു ഗ്രാമം തന്നെ അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നഗരത്തിലെ മിക്ക കെട്ടിടങ്ങളും കയ്യേറ്റമാണെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കും. രേഖകൾ ഉള്ളവർക്ക് നഷ്ടപരിഹാരം നൽകും. പകരം കെട്ടിടമോ സ്ഥലമോ നൽകുന്നതു സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണ്. യുപി സർക്കാർ രൂപീകരിച്ച അയോധ്യ ഡവലപ്മെന്റ് അതോറിറ്റിയാണ് ജോലികൾക്കു മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ മാസവും പുരോഗതി വിലയിരുത്തുന്നുണ്ട്.
രാമക്ഷേത്രം വരും 2023ൽ
രാമക്ഷേത്രത്തിന്റെ തറയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് മാർച്ചോടെ പൂർത്തീകരിക്കുമെന്നാണ് രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധികൃതർ പറയുന്നത്. രണ്ടാം ഘട്ടമാണിത്. 40 അടിയോളം കുഴിയെടുത്ത് മണലും ചെളിയും നീക്കം ചെയ്ത് ഒരടി കനത്തിൽ 47 കോൺക്രീറ്റ് പാളികൾ പാകിയാണ് ആദ്യഘട്ടം പൂർത്തീകരിച്ചത്. 2023ൽ ഭക്തർക്ക് ദർശനം നടത്താനാവുന്ന വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെയും(ഗർഭഗൃഹം) ക്ഷേത്രസമുച്ചയത്തിന്റെ തറ 15 അടി ഉയരത്തിലാണ് നിർമിക്കുന്നത്. സാൻഡ് സ്റ്റോണും രാജസ്ഥാനിൽ നിന്നുള്ള മുന്തിയ ഇനം മാർബിളും ഉപയോഗിച്ചാണ് തറ നിർമിക്കുന്നത്. ഇതിനായി 4 ലക്ഷം ക്യുബിക് അടി കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുക. സ്റ്റീലും ഇഷ്ടികയും ഉപയോഗിക്കുന്നില്ല. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്രം നിർമിക്കുന്നത്. തീർഥാടകർക്കുള്ള സത്രം, മ്യൂസിയം, ആർക്കൈവുകൾ, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ഗോശാല, പുരോഹിതർക്കു മുറികൾ തുടങ്ങിയവയും ക്ഷേത്ര സമുച്ചയത്തിലുണ്ടാകും.
തറ നിർമിക്കുമ്പോൾ നേരത്തേ വിവിധ ഇടങ്ങളിൽനിന്നു പൂജിച്ചു കൊണ്ടുവന്ന 2.75 ലക്ഷം ശിലകളും ഉപയോഗിച്ചിരുന്നു. 115 രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന മണ്ണ്, നദികളിലെയും അരുവികളിലെയും ജലം എന്നിവ ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രനിർമാണം പൂർത്തിയാകുമ്പോഴേക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിൽനിന്നുള്ള ജലവും മണ്ണും നിർമാണത്തിനുപയോഗിക്കും. ക്ഷേത്രസമുച്ചയത്തിനൊപ്പം അയോധ്യയുടെ സമഗ്രവികസനത്തിനും രാജ്യാന്തര ടൗൺഷിപ് നിർമാണത്തിനും യുപി സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
മസ്ജിദ് നിർമാണവും പുരോഗമിക്കുന്നു
സുപ്രീംകോടതി വിധി പ്രകാരം നൽകിയ ഭൂമിയിൽ മസ്ജിദ് സമുച്ചയത്തിന്റെ ജോലികൾ 25 കിലോമീറ്റർ അകലെ ധന്നിപുരിൽ പുരോഗമിക്കുന്നുണ്ട്. മസ്ജിദിനൊപ്പം സൂപ്പർ സ്പെഷൽറ്റി ആശുപത്രി, അശരണർക്കായി സമൂഹ അടുക്കള, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയടങ്ങിയ സമുച്ചയമാണ് ഇവിടെ നിർമിക്കുന്നത്. ഇന്തോ–ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനാണ് നിർമാണച്ചുമതല. ആരാധനാലയത്തിനൊപ്പം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സ്ഥാപനങ്ങളും കൂടി നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് വക്താവ് അത്താർ ഹുസൈൻ ‘മനോരമ’യോടു പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്ക
ഇന്ത്യൻ രാഷ്ട്രീയത്തെത്തന്നെ മാറ്റി മറിച്ചതാണ് രാമജന്മഭൂമി പ്രക്ഷോഭം. ഇതിനു പിന്നാലെ, 2 സീറ്റുകളുമായി ഒതുങ്ങിയിരുന്ന ബിജെപി വൻ ഭൂരിപക്ഷത്തോടെ 2 വട്ടം തുടർച്ചയായി ഇന്ത്യ ഭരിച്ചു. ക്ഷേത്രനിർമാണ പ്രക്ഷോഭം നയിച്ച പലരും കടന്നുപോയപ്പോൾ, അന്നു സമരത്തിൽ പങ്കെടുത്തിരുന്ന നരേന്ദ്ര മോദി എതിരാളികളെ നിഷ്പ്രഭരാക്കി പ്രധാനമന്ത്രിയായി. സമരം നയിച്ച യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി. ‘ഡബിൾ എൻജിൻ സർക്കാർ’ എന്ന് ഇരുവരും വിശേഷിപ്പിക്കുന്ന യുപി സർക്കാർ ഇപ്പോൾ അയോധ്യയെ രാജ്യാന്തര തീർഥാടന പദ്ധതിയാക്കാനുള്ള വൻ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.
തങ്ങളുടെ നഗരം രാജ്യം മുഴുവൻ ചർച്ചാ വിഷയമായിരുന്നപ്പോഴും അയോധ്യയിലെ താമസക്കാർക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. സംഘർഷമുണ്ടാക്കിയതൊക്കെ പുറത്തു നിന്നുള്ളവർ എന്ന നിലപാടാണ് അന്നും ഇന്നും എന്നും അയോധ്യക്കാർക്കുളളത്. ക്ഷേത്രനിർമാണം കഴിഞ്ഞതോടെ അയോധ്യ വിഷയം തീർന്നു എന്നു കരുതുന്നവരുണ്ട്. പക്ഷേ ഇപ്പോഴും ക്ഷേത്രനിർമാണം തന്നെയാണ് യുപി തിരഞ്ഞെടുപ്പിൽ കത്തി നിൽക്കുന്ന വിഷയങ്ങളിലൊന്ന്.
തങ്ങളില്ലായിരുന്നെങ്കിൽ ക്ഷേത്രമുണ്ടാകില്ലായിരുന്നുവെന്ന് ബിജെപിയും സുപ്രീംകോടതിയാണ് അതിന് വഴിയൊരുക്കിയതെന്ന് പ്രതിപക്ഷവും പറയുന്നു. എന്നിരുന്നാലും അയോധ്യയിലെ തിരഞ്ഞെടുപ്പിൽ ഇത്തവണയും പുകഞ്ഞു നിന്നത് ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. പുരാതനമായ ഹനുമാൻ ഗഡി ക്ഷേത്രത്തിനും താൽക്കാലിക ക്ഷേത്രമുള്ള സ്ഥലത്തിനുമിടെ നൂറുകണക്കിന് വീടുകളും കടകളുമാണുള്ളത്. കാശി ക്ഷേത്രസമുച്ചയ നിർമാണത്തിനായി കടകളൊഴിപ്പിച്ചപ്പോൾ തന്ത്രപൂർവം ഇടപെട്ട യുപി സർക്കാരിന് ഇവിടെ കച്ചവടക്കാരെ വിശ്വാസത്തിലെടുക്കാനായിട്ടില്ല. നഗരം വികസിക്കുമ്പോൾ തങ്ങളൊക്കെ അയോധ്യയ്ക്കു പുറത്തായിപ്പോകുമോ എന്നതാണ് അവരുടെ ആശങ്ക.
‘തലമുറകളായി ഞങ്ങളിവിടെ കച്ചവടം ചെയ്യുന്നു. ഇത് ഹനുമാൻ ഗഡി ക്ഷേത്രം വക കെട്ടിടമായിരുന്നു. ഇപ്പോൾ അവരത് സർക്കാരിനു വിറ്റു. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഞങ്ങളെങ്ങോട്ടു പോകും?’ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ‘ജയ് ശ്രീരാം’ എന്ന് ആലേഖനം ചെയ്ത കൊടികളും മറ്റും വിൽക്കുന്ന വിനോദ് കുമാർ ചോദിക്കുന്നു. ‘ഞാനും 8 അംഗങ്ങളുള്ള കുടുംബവും ഈ കടയ്ക്കു പിന്നിലാണ് താമസിക്കുന്നത്. പകരം ഭൂമിയോ സംവിധാനങ്ങളോ തരില്ലെന്നു പറയുന്നു. രേഖകളുള്ളവർക്ക് നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. ഭാവി എന്താവുമെന്നറിയില്ല’– ആശങ്ക നിഴലിച്ച കണ്ണുകളോടെ വിനോദ് കുമാർ.
രണ്ടു കടകൾക്കപ്പുറത്ത് സിന്ദൂരവും വളകളും വിൽക്കുന്ന രമാദേവി എന്ന 80കാരിയുണ്ട്. അവരും മക്കളും മക്കളുടെ മക്കളുമായി 16 പേരാണ് കൊച്ചു കടയുടെ പിന്നാമ്പുറത്തുള്ളത്. പൊയ്ക്കോളാനാണ് പറഞ്ഞിരിക്കുന്നത്. നഷ്ടപരിഹാരമോ പകരം സ്ഥലമോ ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അവരുടെ കൊച്ചുമകൻ നന്ദൻ ശ്രീവാസ്തവ പറഞ്ഞു. ആശങ്കളുണ്ടെങ്കിലും സർക്കാർ കൈവിടില്ലെന്നാണ് കരുതുന്നതെന്ന് ചെറിയ ചായക്കട നടത്തുന്ന ശ്രീനാരായൺ ശ്രീവാസ്തവ കരുതുന്നു.
യോഗി അയോധ്യയിൽ മത്സരിക്കാതിരുന്നതെന്ത്?
യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കാതെ ഗോരഖ്പുരിലേക്കു പോയത് അതു കൊണ്ടാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കുറേപ്പേർ അയോധ്യയിലുണ്ട്. താൽക്കാലിക രാമക്ഷേത്രത്തിലെയും ഹനുമാൻഗഡിയിലെയും മുഖ്യപൂജാരിമാർ വരെ ആ അഭിപ്രായം നേരത്തേ പങ്കുവച്ചിരുന്നു. സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം വോട്ടായി ഇത്തവണ പ്രതിഫലിക്കുമെന്നാണ് അയോധ്യയിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയും മുൻ എംഎൽഎയുമായ തേജ് നാരായൺ പാണ്ഡെയും കരുതുന്നത്. സിറ്റിങ് എംഎൽഎ വേദ് പ്രകാശ് ഗുപ്തയാണ് ബിജെപി സ്ഥാനാർഥി.
ഇത്തവണ അയോധ്യയിൽ പോരു കടുക്കുമെന്ന് ബിജെപി അനുകൂലികളായവരും സമ്മതിക്കുന്നുണ്ട്. അത് അസ്ഥാനത്താണെന്ന് 9 വർഷമായി സരയൂ ആരതി ചെയ്യുന്ന പുരോഹിതൻ ശക്തിദാസ് പറഞ്ഞു. യോഗി വന്നതോടെ സന്യാസി സമൂഹത്തിനു മാത്രമല്ല, എല്ലാവർക്കും ഒരുപോലെ ആശ്വാസം കിട്ടി. അദ്ദേഹം എവിടെ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം തീരുമാനിക്കുന്നതാണ്. അയോധ്യയിൽ നിന്നാലും യോഗി വൻ ഭൂരിപക്ഷത്തോടെ ജയിക്കും. കച്ചവടക്കാരിൽ ഒരു വിഭാഗം അനാവശ്യ ബഹളമുണ്ടാക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സർക്കാരിന് കാര്യങ്ങൾ നടത്തുന്നതിന് മാർഗങ്ങളുണ്ട്. സർക്കാർ ഭൂമി കയ്യേറി അവിടെ നിന്ന് ഒഴിപ്പിക്കുമ്പോൾ നഷ്ടപരിഹാരം വേണമെന്ന് പറയുന്നതിൽ എന്തു കാര്യമാണ്?
കയ്യേറ്റക്കാരാണ് കാശു കിട്ടിയില്ലെന്ന പേരിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് രാം കി പീടിയിൽ കച്ചവടം നടത്തുന്ന സോമനാഥ് പറയുന്നു. ബിജെപി വന്നതോടെ അയോധ്യയുടെ മുഖം മാറി. ‘നേരത്തേ ഇവിടെ ഒരു കവാടമുണ്ടാക്കാൻ നോക്കിയിരുന്നു. അത് കുറേക്കാലം നീണ്ടു. പിന്നെ പൊളിച്ചു കളഞ്ഞു. അതിനനുവദിച്ച പണമൊക്കെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തിന്നു മുടിച്ചു. ഇപ്പോൾ അങ്ങനെയല്ല, യോഗിജി 50 തവണയിലേറെ ഇവിടെ വന്നു. കള്ളത്തരം കാണിച്ചാൽ പിടിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർക്കു പേടിയുണ്ട്’– സോമനാഥ് പറഞ്ഞു.
സരയൂ തീരത്തുനിന്ന് ഹനുമാൻഗഡിയിലേക്കുള്ള റോഡരികിൽ മെതിയടികൾ നിർമിക്കുന്ന നിരവധി കടകളുണ്ട്. സന്യാസിമാർക്കുള്ളതാണ്. മുസ്‌ലിങ്ങളാണ് ഇതുണ്ടാക്കുന്നത്. ‘എത്രയോ തലമുറകളായി ഞങ്ങളിവിടെയുണ്ട്. ഇപ്പോൾ റോഡ് വീതി കൂട്ടാൻ ഇറങ്ങിപ്പോകാൻ പറയുമ്പോൾ ഞങ്ങളെന്തു ചെയ്യും’ കുടുംബത്തലവനായ സുബൈർ ചോദിക്കുന്നു. അദ്ദേഹത്തിന്റെ മാമന്മാരും അവരുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി എൺപതോളം പേർ കടകൾക്കു പിന്നിലെ ഒറ്റമുറി വീടുകളിലുണ്ട്.
ക്ഷേത്രം വരുന്നതിലും അയോധ്യ വികസിക്കുന്നതിലും ഞങ്ങൾക്കും സന്തോഷമേയുള്ളൂ. ഞങ്ങൾക്കും അതുപകാരപ്പെടുമല്ലോ. പക്ഷേ ഒറ്റയടിക്ക് ഇവിടെനിന്ന് ഇറക്കി വിട്ടാൽ എവിടേക്കു പോകും’ എന്ന സുബൈറിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.
English Summary: UP Elections 2022; Reporter's Diary from Ayodhya