മണിപ്പുരിൽ വോട്ടെടുപ്പ് പൂർത്തിയായി; പരക്കെ അക്രമം: വോട്ടിങ് ശതമാനം 78.03
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ 60 അംഗ നിയമസഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 38 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 78.03 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ഹിൻഗാങ്ങിൽ ജനവിധി തേടുന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, സിങ്ജാമൈയിൽ സ്പീക്കർ വൈ ഖേം ചന്ദ് സിങ്, ഉറിപോക് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാർ സിങ്, നമ്പോലിൽ കോൺഗ്രസ് അധ്യക്ഷൻ എൻ. ലോകേഷ് സിങ് എന്നിവരാണ് ജനവധി തേടുന്നവരിൽ പ്രധാനികൾ.
മണിപ്പുരിലെ ആദ്യ ഘട്ട പോളിങ് ദിനത്തിൽ സംസ്ഥാനത്ത് പരക്കെ സംഘർഷം റിപ്പോർട്ട് ചെയ്തു. ഇംഫാലിന് പടിഞ്ഞാറുള്ള കീതേൽമാൻ ബിയിൽ ബൂത്ത് പിടിച്ചെന്ന ആരോപണത്തെ തുടർന്ന് ബിജെപി– കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കീതേൽമാൻ ബിയിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ആരംഭിച്ച് സമയത്ത് ഒരു വോട്ടിങ് മെഷീൻ കേടുവരുത്തിയതായി ശ്രദ്ധയിൽപെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്.
മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചതാണ് മറ്റൊരു അനിഷ്ട സംഭവം. നവോറം ഇബോചൗബ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടിയാണ് മരണമെന്നു ചീഫ് ഇലക്ടറൽ ഓഫിസർ രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു.
ബിജെപിക്കു ഭൂരിപക്ഷം കിട്ടുമെന്നാണു മിക്ക തിരഞ്ഞെടുപ്പു സർവേകളും പ്രവചിച്ചതെങ്കിലും മ്യാൻമറിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനത്തു കോൺഗ്രസും പ്രതീക്ഷ പുലർത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സർക്കാർ രൂപീകരിച്ചതു ബിജെപിയാണ്. അന്നു ബിജെപിക്കു പിന്തുണ നൽകി സർക്കാരിന്റെ ഭാഗമായ നാഷനൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) ഇത്തവണയും വെവ്വേറെ മത്സരിക്കുകയാണ്. ജനതാദളും (യു) മത്സരരംഗത്തുള്ളപ്പോൾ അഞ്ചു പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലാണു പല മണ്ഡലങ്ങളിലും.
English Summary: Manipur assembly elections: 78.03 % turnout reported in first phase polling