പാർട്ടിക്കായി ഉഴിഞ്ഞ ജീവിതം; മാന്യത മുഖമുദ്ര; നവതിയുടെ നിറവിൽ പാലോളി
പാലോളിയുടെ രണ്ട് ആൺമക്കളും ജോലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്നു മടങ്ങിവന്നപ്പോഴും മറിച്ചായിരുന്നില്ല പ്രതികരണം. ആരോടെങ്കിലും ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ അവർക്കു ജോലി കിട്ടിയേനേ. എന്നാൽ കൃഷി ചെയ്തു ജീവിക്കാനാണു മക്കളോടു പറഞ്ഞത്. മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാൽ ‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ’ എന്നാണു മറുപടി..Paloli Mohammed Kutty
പാലോളിയുടെ രണ്ട് ആൺമക്കളും ജോലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്നു മടങ്ങിവന്നപ്പോഴും മറിച്ചായിരുന്നില്ല പ്രതികരണം. ആരോടെങ്കിലും ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ അവർക്കു ജോലി കിട്ടിയേനേ. എന്നാൽ കൃഷി ചെയ്തു ജീവിക്കാനാണു മക്കളോടു പറഞ്ഞത്. മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാൽ ‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ’ എന്നാണു മറുപടി..Paloli Mohammed Kutty
പാലോളിയുടെ രണ്ട് ആൺമക്കളും ജോലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്നു മടങ്ങിവന്നപ്പോഴും മറിച്ചായിരുന്നില്ല പ്രതികരണം. ആരോടെങ്കിലും ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ അവർക്കു ജോലി കിട്ടിയേനേ. എന്നാൽ കൃഷി ചെയ്തു ജീവിക്കാനാണു മക്കളോടു പറഞ്ഞത്. മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാൽ ‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ’ എന്നാണു മറുപടി..Paloli Mohammed Kutty
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചിരിക്കുന്നു. ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും രജതജൂബിലി നിറവിലാണ്. പാലോളി മുഹമ്മദ് കുട്ടിയാണെങ്കിൽ നവതി വർഷത്തിലും. സമകാലിക ഇടതുരാഷ്ട്രീയത്തിൽ വെള്ളം ചേർക്കാത്ത മൂല്യങ്ങളുടെ ഒാർമപ്പെടുത്തലാണു പാലോളി മുഹമ്മദ് കുട്ടി. ജീവിതം നവതി പിന്നിടുമ്പോഴും ഒരു വിവാദത്തിലും തെന്നി വീഴാതെ ഉറച്ച ചുവടുകളോടെ നടക്കുന്ന സിപിഎം നേതാവും മുൻമന്ത്രിയുമാണു പാലോളി.
രാഷ്ട്രീയത്തിലും പുറത്തും ഏതു തർക്കത്തിലും സമവായത്തിന്റെ ദൂതനായി അദ്ദേഹമുണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ച് നാട്ടിലും പരിസരത്തും സജീവമാണ് അദ്ദേഹം. സൗമ്യതയാണു മുഖമുദ്ര, കരുത്തും. നവതി തന്റെ ജീവിതത്തിലെ ഒരു നിർണായഘട്ടമാകാമെന്നു പറയുമ്പോൾ തന്നെ ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും രജതജൂബിലി ആഘോഷിക്കുന്നതിന്റെ ആഹ്ലാദത്തിലാണു പാലോളി. നവതിയുടെ നിറവിൽ തന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെക്കുറിച്ച്, കാഴ്ചപ്പാടിനെയും നിലപാടുകളെയും കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കയാണ് പാലോളി മുഹമ്മദ് കുട്ടി.
മാപ്പിളച്ചെക്കൻ കമ്യൂണിസ്റ്റാവുകയോ!
വിദ്യാർഥി ഫെഡറേഷനായിരുന്നു രാഷ്ട്രീയകളരി. മാപ്പിളച്ചെക്കൻ കമ്യൂണിസ്റ്റുകാരനാകുന്നത് നാടിനെ സംബന്ധിച്ചു പൊറുക്കാവുന്നതായിരുന്നില്ല. അതിന്റെ പേരിൽ നേരിട്ട എതിർപ്പുകൾ ചില്ലറയായിരുന്നില്ല. 1931 നവംബർ 11ന് മലപ്പുറം കോഡൂരിലെ സാധാരണ കർഷക കുടുംബത്തിൽ പാലോളി ഹൈദ്രുവിന്റെയും കാട്ടിക്കുളങ്ങര ഖദീജയുടെയും മകനായി ജനനം. ഹൈസ്കൂൾ പഠിപ്പുകഴിഞ്ഞപ്പോൾ കുടുംബത്തിലെ സ്ഥിതി കണക്കിലെടുത്ത്, ഹൈദരാബാദ് നൈസാമിന്റെ പട്ടാളത്തിൽ ചേർന്നു. അധിക കാലം അവിടെ നിന്നില്ല. പിന്നീട് നാട്ടിൽ തിരിച്ചെത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി. 1951ൽ പാർട്ടി അംഗമായി. സെൽ സെക്രട്ടറി, വില്ലേജ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റായി.1965ൽ മങ്കടയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേർന്നില്ല.1967ൽ പെരിന്തൽമണ്ണയിൽ നിന്നു വൻഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി.1969ൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ഒളിവിലായിരുന്നു. 1970,77,80 വർഷങ്ങളിലെ പരാജയത്തോടെ പാർട്ടി ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.
15 വർഷത്തോളം കർഷക സംഘം പ്രസിഡന്റും പിന്നീട് സംസ്ഥാന സെക്രട്ടറിയും കിസാൻസഭയുടെ ദേശീയ വൈസ് പ്രസിഡന്റുമായി. 1996ലും 2006ലും പൊന്നാനിയിൽ നിന്നു നിയമസഭയിലെത്തി. 1996ലെ നായനാർ മന്ത്രിസഭയിൽ തദ്ദേശ വകുപ്പു മന്ത്രിയായി. 2006ൽ അച്യുതാനന്ദൻ മന്ത്രിസഭയിൽ തദ്ദേശവകുപ്പിനൊപ്പം ഗ്രാമവികസനം, വഖഫ്, ഹജ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ലോകം ശ്രദ്ധിച്ച അധികാരവികേന്ദ്രീകരണത്തിനും ജനകീയാസൂത്രണത്തിനും കുടുംബശ്രീക്കും തുടക്കമിട്ടതു പാലോളിയുടെ കാലത്താണ്. 2001ൽ എൽഡിഎഫ് കൺവീനറെന്ന നിലയിലും പ്രവർത്തിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യേക ക്ഷണിതാവാണ്. മകൾ നഫീസയ്ക്കും കുടുംബത്തിനുമൊപ്പം ശ്രീകൃഷ്ണപുരം കുലുക്കിലിയാടാണ് താമസം. നാലു മക്കളിൽ ഹൈദരലിയും അഷറഫും പ്രദേശത്തുതന്നെയാണ് താമസം. മറ്റൊരു മകൾ ജമീല മലപ്പുറം ആനമങ്ങാടും. പാർട്ടിക്കുള്ളിൽ വിഭാഗീയത കത്തിനിന്ന നാളുകളിൽ അനുരജ്ഞനത്തിന്റെ ദൂതനായിരുന്നു പാലോളി. തൊണ്ണൂറാം വയസിലും ആ റോൾ തുടരുന്നു. കോവിഡുകാലത്തെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു മലപ്പുറത്തെ വിഭാഗീയ പ്രശ്നങ്ങളിലും ഇതു കണ്ടു.
കമ്യൂണിസ്റ്റായത് പ്രസംഗം കേട്ടിട്ടാണെന്നു കഥയുണ്ടല്ലോ?
അങ്ങനെ പറയുന്നതിലും തെറ്റില്ല. മലപ്പുറം ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന കാലത്ത് സ്കൂളിന്റെ ഇടത് ഭാഗത്തുള്ള വയലിൽ ഒരു തിരഞ്ഞെടുപ്പു യോഗം നടന്നു. പാന്റും കോട്ടും ധരിച്ച മുഹമ്മദ് ഇസ്ഹാക്ക് എന്ന ആളിന്റെ പ്രസംഗത്തിന് നല്ല ചേലായിരുന്നു. അന്നൊക്കെ മലപ്പുറം ജില്ലയിലെ മുസ്ലീം പ്രമാണിമാർ ലീഗുകാരും ഹിന്ദു പ്രമാണിമാർ കോൺഗ്രസുകാരും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ജന്മിമാർക്കും നാട്ടിലെ മാടമ്പിമാർക്കുമെതിരെയായിരുന്നു. ആ പ്രസംഗം എനിക്ക് വല്ലാതെ ഇഷ്ടമായി.
കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എന്നെ എത്തിച്ചത് ആ പ്രസംഗമാണ് എന്നു പറയാം. 1946ലെ മദിരാശി നിയമസഭാ തിരഞ്ഞെടുപ്പിൽ വള്ളുവനാട്ടിൽ മൽസരിച്ച കണ്ണൻ, മുഹമ്മദ് ഇസഹാക്ക്, ഇഎംഎസ് എന്നീ മൂന്ന് പേരിൽ ഇഎംഎസ്സിനു മാത്രമാണ് അന്നു കെട്ടിവച്ച പണം കിട്ടിയത് എന്ന് പിന്നീട് കേട്ടു.
മധ്യസ്ഥം പിടിച്ച് പഞ്ചായത്ത് പ്രസിഡന്റായെന്നും കേട്ടിട്ടുണ്ട്...
1964ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവിചാരിതമായാണു മൽസരിക്കേണ്ടി വന്നത്. കോഡുരിലെ കുടുംബവീട് വിട്ട് ഞാൻ പുഴക്കാട്ടിരി പഞ്ചായത്തിൽ താമസമാക്കിയിട്ടു മൂന്നു മാസമേ ആയിരുന്നുള്ളൂ. പാർട്ടിക്ക് താരതമ്യേന സ്വാധീനമുള്ള മേഖലയാണ്. പുഴക്കാട്ടിരിയിൽ പാർട്ടിക്കാരായ രണ്ടു പ്രമാണിമാർ തമ്മിൽ സ്ഥാനാർഥി വിഷയത്തിൽ കടുത്ത തർക്കമുണ്ടായി. രണ്ടു പേരും വാശിയോടെ ഓരോ സ്ഥാനാർഥികളുടെ പേരു നിർദേശിച്ചു. അന്ന് പാലക്കാട് ജില്ലയിലായിരുന്നു പുഴക്കാട്ടിരി. പാർട്ടി ജില്ലാ സെക്രട്ടറി പി.ശങ്കറിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി കമ്മിറ്റി ചേർന്നെങ്കിലും ശമനമുണ്ടായില്ല ഒടുവിൽ ശങ്കർ തീർപ്പ് കൽപ്പിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു കൊണ്ട് എന്റെ പേരാണ് പ്രഖ്യാപിച്ചത്. എതിർപ്പുണ്ടായില്ല. തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റുമായി.
ആ സ്ഥാനത്തിരുന്നുകൊണ്ട് 1965ൽ അസംബ്ലി തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ മൽസരിക്കേണ്ടി വന്നതും യാദൃശ്ചികമായാണ്. കെ.കെ.എസ്. തങ്ങളോട് ഏറ്റുമുട്ടി ഞാൻ വിജയിച്ചു. എന്നാൽ ആ തവണ നിയമസഭ ചേരാതെ പിരിച്ചു വിട്ടു. തുടർന്ന് 1967ൽ അന്നത്തെ പാലക്കാട് ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ പെരിന്തൽമണ്ണയിൽ നിന്നു ജയിച്ചു. തുടർച്ചയായി മൂന്നുതവണ ജയിച്ച ഞാൻ 1971ൽ മങ്കടയിൽ പരാജയപ്പെട്ടു.
ഏറ്റവും വലിയ നേട്ടം
ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും നടപ്പാക്കുന്നതിൽ പങ്കാളിയാകാൻ കഴിഞ്ഞതു വലിയ നേട്ടമായി കാണുന്നു. എനിക്കും നിങ്ങൾക്കും നമ്മൾക്കും അധികാരം ഒരുപോലെയെന്ന ചിന്തയാണ് ജനകീയാസൂത്രണം ഊട്ടിയുറപ്പിച്ചത്. ഇന്ന ഇന്ന പദ്ധതികളും ആവശ്യങ്ങളുമാണു വേണ്ടതെന്നു ജനം സ്വയം പറയുന്നു. നടപടികൾക്കായി അവർ സ്വയം സ്ഥലം വീട്ടുതരുന്ന സാഹചര്യമുണ്ടായി.
ഇന്നിപ്പോൾ കുടുംബശ്രീ കൈവയ്ക്കാത്ത മേഖലകൾ കമ്മിയല്ലേ? അതു വീടിനകത്തും കുടുംബങ്ങളിലും സ്ത്രീകളിലുണ്ടാക്കിയ ആത്മവിശ്വാസവും അഭിമാനവും കരുത്തും ആർക്ക് നിഷേധിക്കാനാകും? അധികാരവികേന്ദ്രീകരണത്തിൽ ലക്ഷ്യമിട്ട കുറെ കാര്യങ്ങൾകൂടി നടപ്പാക്കേണ്ടതുണ്ട്. അതിനു സർക്കാർ തീർച്ചയായും ശ്രമിക്കണം. അതേ സമയം, കുറവുകൾ മാത്രം നോക്കിയാൽ എല്ലാത്തിലും പലതും കണ്ടുപിടിക്കാനാകും.
വിഭാഗീയത കത്തിനിന്ന കാലത്തെ ഇടപെടലുകൾ
സംസ്ഥാനത്തെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രോഗമായിരുന്നു വിഭാഗീയത. സംസ്ഥാന കമ്മിറ്റി രണ്ടെന്ന രീതിയിലായിരുന്നു അന്നത്തെ കാര്യങ്ങൾ. അത് വലിയ പോരാട്ടത്തിലേക്കു പോകാതിരിക്കാനുളള ഇടപെടലുകളിൽ പലപ്പോഴും പങ്കാളിയാകാനായി. വർഷങ്ങളായുള്ള ചില പ്രശ്നങ്ങളാണു അത്തരം വിഭാഗീയതയിലേയ്ക്ക് എത്തിച്ചതെന്നു തോന്നുന്നു.
ഐഎൻഎല്ലിനെ എൽഡിഎഫുമായി സഹകരിപ്പിക്കാനുളള നീക്കങ്ങൾക്കെതിരായ വിഎസിന്റെ നിലപാടും അതു പാർട്ടിക്കുള്ളിലുണ്ടാക്കിയ ഭൂകമ്പവും കുറച്ചല്ല. വി.എസിന്റേത് ഒരു പ്രത്യേക പ്രകൃതമാണല്ലോ. ഇപ്പോൾ വിഭാഗീയതയുടെ കനലുകൾ അണഞ്ഞു. നിലവിൽ പാർട്ടിയിൽ അത്തരം പ്രശ്നങ്ങളില്ല. പാർട്ടിയിലും ഭരണത്തിലും പുതിയ നിരയെ വളർത്തികൊണ്ടുവരാനും തുടക്കമിട്ടു. ഭരണത്തിന്റെ രണ്ടാമൂഴം കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഓരോ പ്രവർത്തകനും കൂടുതൽ ജാഗ്രതപാലിക്കേണ്ട കാലംകൂടിയാണിത്.
‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ’
സിപിഎമ്മുകാരനെന്നതിനാൽ ഗൾഫിലെ ജോലി പോയി നാട്ടിലെത്തി ജീവിക്കാൻ നെട്ടോട്ടമോടുന്ന അടുത്ത ബന്ധുവിന്റെ കാര്യത്തിൽ പാലോളി സ്വീകരിച്ച നിലപാട് അടുത്തവരിലൊക്കെ വലിയ ചർച്ചയായിരുന്നു. പാലോളിയുടെ നല്ല വിദ്യാഭ്യാസമുള്ള രണ്ട് ആൺമക്കളും ജോലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്നു മടങ്ങിവന്നപ്പോഴും മറിച്ചായിരുന്നില്ല പ്രതികരണം. ആരോടെങ്കിലും ഒരു വാക്കുപറഞ്ഞിരുന്നെങ്കിൽ അവർക്കു ജോലി കിട്ടിയേനേ. എന്നാൽ കൃഷി ചെയ്തു ജീവിക്കാനാണു മക്കളോടു പറഞ്ഞത്. മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാൽ ‘അതൊന്നും നമ്മൾക്കു ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ’ എന്നാണു മറുപടി.
അവരെയൊക്കെ പട്ടിണി കൂടാതെ തന്നെ വളർത്താനായിട്ടുണ്ട്. എന്നാൽ നമുക്കു മുന്നിൽ വരുന്ന പല നിവേദനങ്ങളിലും എണീക്കാൻ വയ്യാതെ കിടക്കുന്ന അച്ഛൻ, തളർന്നു കിടക്കുന്ന മക്കൾ, മരുന്നു വാങ്ങാൻ കാശില്ലാത്തവർ, ഇന്നലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനായില്ലെന്നു പറയുന്നവർ, ഗുരുതരമായ രോഗത്തിന് ചികിത്സയ്ക്ക് പണമില്ലാത്തവർ എന്നിങ്ങനെ ദയനീയമായ എത്രയെത്ര കാര്യങ്ങളാണ്. അപ്പോൾ നമ്മൾ നമ്മുടെ മനഃസാക്ഷിക്കല്ലേ മുൻഗണന കൊടുക്കേണ്ടത്? മക്കളൊക്കെ ഇതൊക്കെ അറിയുന്നവരാണ്. അവർ ഗൾഫിൽ പോയി. പിന്നീട് തിരിച്ചുവന്നു. അതു കൊണ്ടൊന്നും ഇപ്പോൾ ആർക്കും മോശമൊന്നും ഉണ്ടായിട്ടില്ലല്ലോ...
ശുപാർശകളില്ലാത്ത ജീവിതം
മന്ത്രിയായാൽ പിന്നെ കുടുംബം മന്ത്രിമന്ദിരത്തിൽ എന്നാണു പൊതുശീലം. എന്നാൽ പാലോളി രണ്ടുതവണ മന്ത്രിയായപ്പോഴും ഭാര്യ ഖദീജയ്ക്ക് മന്ത്രിമന്ദിരത്തിൽ കഴിയാൻ സൗകര്യമൊത്തത് വിരലിലെണ്ണാവുന്ന ദിവസംമാത്രം. വീട്ടുകാരെ ഔദ്യോഗിക വസതിയിൽ താമസിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു പാലോളിയുടെ നിലപാട്. 2006ലാണ് അദ്ദേഹം അവസാനം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വത്തു സംബന്ധിച്ചു നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തമായി ഉണ്ടായിരുന്നത് വീടിരിക്കുന്ന രണ്ടരസെന്റ് ഭൂമിമാത്രമാണ്. രണ്ടാം പ്രാവശ്യം മന്ത്രിയായപ്പോൾ പേഴ്സനൽ സ്റ്റാഫിൽ അഞ്ച് ഒഴിവുണ്ടായി. എല്ലാവരും പരമാവധി പേരെ നിയമിച്ചെങ്കിലും പാലോളിയുടേത് ഒഴിഞ്ഞു തന്നെ കിടന്നു. അധികചെലവ് വേണ്ടെന്നായിരുന്നു നിലപാട്.
കോടതിയലക്ഷ്യത്തിൽ സുപ്രീംകോടതി കയറിയതിനെക്കുറിച്ച്?
അങ്ങനെയൊരു സംഗതിയും ജീവിതത്തിലുണ്ടായി. മന്ത്രിയായിരുന്ന കാലത്ത് സഹപാഠിയായിരുന്ന മുഹമ്മദ് ഹനീഫ തന്റെ കേസിന്റെ കാര്യം എന്നോടു പറഞ്ഞു. എല്ലാ തെളിവുകളും അനുകൂലമായിട്ടും കോടതി വിധി എതിരായെന്നു പറഞ്ഞ് അദ്ദേഹം കുറെ കരഞ്ഞു. ഞാൻ അന്വേഷിച്ചപ്പോഴും അയാൾ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതയാണെന്നു തോന്നി. എതിർകക്ഷി ജഡ്ജിയെ സ്വാധീനിച്ച് അനുകൂല വിധി നേടിയെന്നായിരുന്നു ചങ്ങാതിയുടെ ആക്ഷേപം. അതിനു തൊട്ടടുത്ത ദിവസം കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ഒരു പരിപാടിയിലെ പ്രസംഗത്തിനിടയിൽ നോട്ടുകെട്ടിന്റെ കനത്തിന് അനുസരിച്ചാണ് കോടതികൾ വിധി പറയുന്നതെന്നു ഞാൻ പരാമർശിച്ചു .ഹൈക്കോടതി എനിക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തു. പ്രത്യേകം ഒരു ജഡ്ജിയെ അല്ല ചില ആളുകൾ എന്നാണ് ഞാൻ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്ന വിശദീകരണമൊന്നും കോടതി അംഗീകരിച്ചില്ല.
കേസ് അന്തിമമായി പരിഗണിക്കുന്നതിന്റെ തലേദിവസം പാർട്ടി സെക്രട്ടറി പിണറായി വിജയൻ എന്നെ വിളിച്ചു. ആലുവയിൽ മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നുണ്ടെന്നും കോടതിയെക്കുറിച്ചു പറഞ്ഞത് തെറ്റാണെന്നും അവിടെ വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു. അതിന് ഞാൻ പറഞ്ഞതാണല്ലോ, പിന്നെങ്ങനെ അതു തിരുത്തുമെന്ന എന്റെ സംശയത്തിന്, സഖാവ് ഇപ്പോൾ പാർട്ടി നേതാവ് മാത്രമല്ല മന്ത്രികൂടിയാണെന്ന് ഒാർമിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാൽ ഹൈക്കോടതി ഒന്നും പരിഗണിച്ചില്ല. പിണറായി മുൻകൈയ്യെടുത്ത് സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതിയിലാണു കേസ് തീർന്നത്
പാലക്കാട്ടേക്കുളള വരവിനു പിന്നിൽ?
മലപ്പുറത്ത് കോഡൂരിൽ അത്യാവശ്യം നല്ല തെങ്ങും കമുകുമൊക്കെയുള്ള കുറച്ചു പറമ്പുണ്ടായിരുന്നു. അതിൽ പണിയെടുത്താണ് ഒരു മുട്ടുമില്ലാതെ ജീവിച്ചതും കുട്ടികളെ പോറ്റിവലുതാക്കിയതും. പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്തം വന്നപ്പോൾ പറമ്പ് കാര്യമായി നോക്കാൻ കഴിയാതെയായി. വരുമാനം ഇടിഞ്ഞു. കുട്ടികളുടെ പഠനത്തിനും കുടുംബചെലവിനുമൊക്കെയായി പറമ്പ് കുറേശ്ശെ വിൽക്കേണ്ടിവന്നു. ഇനിയും അങ്ങനെ മുന്നോട്ടു പോയാൽ മക്കൾക്ക് ഇരിക്കകൂരപോലും ഉണ്ടാകില്ലെന്ന് തോന്നിയപ്പോൾ ബാക്കിയുണ്ടായിരുന്ന മണ്ണ് അവർക്കു നൽകി. അവർ അതെല്ലാംകൂടി വിറ്റ് പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്തു കുലുക്കിലിയാട് കൃഷിക്കു ചേർന്ന മറ്റൊരുസ്ഥലം വാങ്ങുകയായിരുന്നു.
കൂടെയുണ്ട് 48 വർഷമായി പ്രമേഹം
48 വർഷം മുൻപാണ് പ്രമേഹം കണ്ടെത്തിയത്. 35 വർഷമായി ഇൻസുലിനുണ്ട്. 3 നേരം ഗുളികയും കഴിക്കുന്നു. പ്രമേഹം ഏറെക്കാലമായി കൂടെയുണ്ടെങ്കിലും അത് ആരോഗ്യത്തെ മറികടക്കാതെ നോക്കുന്നതിൽ ഇതുവരെ വിജയിച്ചു. കുറച്ചുകാലമായി രാവിലെ റാഗി അല്ലെങ്കിൽ ചോളപ്പൊടി പുട്ടാണു കഴിക്കുന്നത്. ഇലക്കറിയും പച്ചക്കറിയും നന്നായി കൂട്ടി ഉച്ചയ്ക്ക് കുറച്ച് ചോറുണ്ണും. രാത്രിയിൽ ചിലപ്പോൾ ചപ്പാത്തി. അല്ലെങ്കിൽ രാവിലത്തെ സംഗതികൾകൊണ്ടുളള പുട്ടുതന്നെ. നമ്മൾ സ്വയം അറിഞ്ഞ് ജീവിക്കുന്നതാണല്ലോ നല്ലത്. എങ്കിൽ പുറത്തുള്ളോർക്കും അകത്തുള്ളോർക്കും ബുദ്ധിമുട്ടുണ്ടാവില്ല.
വ്യക്തിജീവിതത്തിലുണ്ടായ മുറിവ്, ഉമ്മയുടെ കണ്ണീർ
രാഷ്ട്രീയപ്രവർത്തനത്തിനിടയിൽ വ്യക്തിജീവിതത്തിലുണ്ടായ മുറിവ് ഇപ്പോഴും ഒപ്പമുണ്ട്. പെങ്ങളുടെ കണ്ണീരും ഉമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിലുമാണത്. 1949 കാലത്താണ് ഉപ്പ മരിച്ചത്. ഞങ്ങൾ 7 മക്കളാണ്. ഞാനാണ് മൂത്തയാൾ. സാധാരണപോലെ എന്റെ ചുമലിലായി പിന്നീട് കുടുംബത്തിന്റെ നായകത്വം. കുറച്ച് നാളികേരവും കശുവണ്ടിയും ഒക്കെയായിരുന്നു വീടിന്റെ വരുമാനം. ഉള്ളതു കൊണ്ട് സന്തോഷത്തോടെ കഴിയാൻ ഞങ്ങൾ പഠിച്ചിരുന്നു. ബാപ്പ മരിച്ചതിന്റെ തൊട്ടടുത്ത വർഷം ഇളയ പെങ്ങൾക്കു പൊന്മളയിലെ ചൂനൂരിൽ നിന്ന് തരക്കേടില്ലാത്ത കല്യാണാലോചന വന്നു. അന്നു ചെക്കൻ പെണ്ണിനെ കാണുന്ന സമ്പ്രദായമില്ല. വീട്ടുകാരുവന്ന് കണ്ടുപോകും. അങ്ങനെ ഇരുവീട്ടുകാരും വരവും പോക്കുമെല്ലാം നടത്തി. നിശ്ചയ ദിവസം കുറിച്ചു. എല്ലാവരെയും ക്ഷണിച്ചു. നിശ്ചയത്തലേന്നു സൽക്കാരത്തിനു വേണ്ട ഇറച്ചിക്കും മറ്റു സാധനങ്ങൾക്കുമായി പുലർച്ചെ തന്നെ ഞാനും ചങ്ങാതിമാരും മലപ്പുറം അങ്ങാടിക്ക് പോയി. നെയ്ച്ചോറും പോത്തിറച്ചി വരട്ടിയതുമാണ് വിശേഷാൽ പരിപാടികൾക്ക് അവിടെയൊക്കെ അന്നത്തെ പ്രധാനവിഭവം.
രാവിലെ ഏതാണ്ട് എട്ടു മണിയോടെ സാധനങ്ങളുമായി തിരിച്ചെത്തി. വീട്ടിലേക്കു കയറുമ്പോൾ ആർക്കും മിണ്ടാട്ടമില്ല. സാധനങ്ങൾ അകത്തേക്ക് എടുത്തുവയ്ക്കാൻ ഞാൻ പറഞ്ഞിട്ടും ആർക്കുമില്ല മൂളൽ പോലും. അവ വയ്ക്കുന്നതിനിടെ ഉമ്മ എന്നെ നോക്കി ഒറ്റ അലർച്ചയായിരുന്നു. ‘അന്നെകൊണ്ട് കുടുങ്ങിയല്ലോ ഞങ്ങള്. ഇയ്യ് ഉള്ളിടത്തോളം കാലം എന്റെ കുഞ്ഞിനെ ആരും കെട്ടിക്കൊണ്ട് പോകില്ല...പോ എന്റെ കൺമുമ്പീന്ന്...!’ ഞാൻ ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ ഉമ്മാനെ കാണുന്നത്. സംഗതി എന്താണെന്നറിയാതെ ഇടിവെട്ടേറ്റപോലെ തരിച്ചു നിന്ന എന്നോട് അമ്മായി (ബാപ്പയുടെ സഹോദരി) വന്നു ചുരുങ്ങിയ വാക്കിൽ കനപ്പിച്ച് പറഞ്ഞു. ‘നീ കമ്യൂണിസ്റ്റുകാരനായത് കൊണ്ട് നിന്റെ പെങ്ങളെ അവർക്ക് വേണ്ടാന്ന് അറിയിച്ചിട്ടുണ്ട്... ഇജ് വല്യ സുഗായി തന്നെ നടന്നോ...!’
ഞാൻ വീടിന്റെ പിന്നിൽ പോയി ആരും കാണാതെ ഏറെ കരഞ്ഞു. സങ്കടം കെട്ടിനിൽക്കുന്ന മുഖവുമായി പെങ്ങൾ കൈപിടിച്ച് അപ്പുറത്തേക്കു കൊണ്ടു പോയി–‘അതു സാരമില്ല, ഇക്കാ’ എന്നുപറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. ദിവസങ്ങളോളം ഉമ്മയെ കാണാൻ എനിക്കായില്ല. വല്ലാത്ത നിരാശയും അരക്ഷിതാവസ്ഥയും എന്നെ പിടിച്ചടക്കിയ പോലെ തോന്നി. എന്നാലും കമ്യൂണിസ്റ്റുകാരനായി എന്നത് ഒരു തെറ്റായി എനിക്ക് തോന്നിയില്ല. പിന്നീട് പറപ്പൂരിൽ നിന്നെത്തിയ ആലോചനയിൽ സഹോദരിയുടെ വിവാഹം നടന്നു. ആ ദിവസങ്ങളിലും ഈ കല്യാണവും നടക്കില്ല എന്ന അറിയിപ്പുമായി ആരെങ്കിലും വരുമോ എന്നു ഞാൻ വല്ലാതെ പേടിച്ചിരുന്നു.
രണ്ടാമത്തേത് 1947ൽ ശരീരത്തിനേറ്റ മുറിവാണ്. വീടിനു സമീപം രാവിലെയും വൈകിട്ടും തുറക്കുന്ന ചായപ്പീടികയുണ്ടായിരുന്നു. പീടികയുടെ മുൻപിലെ ബഞ്ചിലിരുന്ന് പട്ടികജാതിക്കാരനായ നാണിക്കുട്ടി ചായകുടിച്ചതിനെ ഒരാൾ ചോദ്യം ചെയ്തു. പിന്നാലെ അഞ്ചെട്ടു പേർ അടിച്ചതോടെ അയാൾ വീണു. ഈ സമയത്ത് രണ്ടു-മൂന്നു ചങ്ങാതിമാരുമായി സ്ഥലത്തെത്തിയ ഞാൻ അദ്ദേഹത്തെ ഒരു വിധത്തിൽ സൈക്കിളിൽ ഇരുത്തി നാട്ടിലെ വൈദ്യനെക്കാണിച്ച് വീട്ടിലെത്തിച്ചു. നാണിക്കുട്ടിക്ക് സുഖമാകും വരെ ഞാൻ അവിടെ എത്തിക്കൊണ്ടിരുന്നു.
അയിത്തമനുഭവിക്കുന്ന അവരെപോലുള്ള കുടുംബങ്ങളുടെ സ്ഥിതി എന്നിൽ വലിയ രോഷമാണ് ഉണ്ടാക്കിയത്. മുൻപ് പോയ ചായപ്പീടികയിൽ എല്ലാവർക്കും കൂടി ഒരു ചായ കുടിക്കാമെന്ന് പറഞ്ഞപ്പോൾ അയാൾക്ക് വലിയ പേടിയായി. പറഞ്ഞ് പറഞ്ഞ് ആറു മാസത്തിനുശേഷം അതു സംഭവിച്ചു. നാണിക്കുട്ടിയുമായി ഞങ്ങൾ ആ പീടികയിലെത്തി. 9 ചായയ്ക്ക് പറഞ്ഞു. ആദ്യം മൂന്നു പേർ വന്നു നോക്കിപോയി. പിന്നാലെ ഇരുപതിലധികം പേരെത്തി. ആരടാ പിന്നെയും ഇവിടെയിരുന്നു ചായ കുടിക്കാൻ ധൈര്യം കാണിച്ചതെന്നു ചോദിച്ചു നാണിക്കുട്ടിയെ അടിച്ചു. ഞാൻ തടഞ്ഞു. പിന്നെ നടന്നത് ചേരിതിരിഞ്ഞ് പൊരിഞ്ഞ അടിയായിരുന്നു. ഇതിനിടെ ഒരാൾ ഈർന്ന മരത്തിന്റെ ഇരുതലമൂർച്ചയുളള കഷ്ണം കൊണ്ട് വലതുകാലിന് അടിച്ചതോടെ ഞാൻ വീണു. എല്ലിനു പരുക്കേറ്റു. ആറു മാസം പുറത്തിറങ്ങാതെ വീട്ടിൽ കഴിച്ചുകൂട്ടി. ഏറെ കാലം ആ വേദന പിന്തുടർന്നു.
English Summary: Veteran CPM Leader Paloli Mohammed Kutty talks about his Political Life as he turns 90