മണിപ്പുരിലും ഒറ്റയ്ക്കു മത്സരിച്ച് ജെഡിയു; ലക്ഷ്യമിടുന്നത് ദേശീയ പാർട്ടി പദവിയോ?
Mail This Article
ഇംഫാൽ∙ ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷത്തിനു ശേഷം മണിപ്പുരിൽ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതു രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ബിജെപിയുമായുള്ള സീറ്റു വിഭജന ചർച്ച പൊളിഞ്ഞതിനെ തുടർന്നു യുപിയിൽ തനിച്ചു മത്സരിക്കുന്ന ജെഡിയു അതേ മാതൃകയിൽ മണിപ്പുരിലും രംഗത്തിറക്കുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം ചൂണ്ടിക്കാണിച്ചതും. എന്നാൽ ബിജെപിയെ ഞെട്ടിക്കുക എന്നതിനെക്കാൾ ഒരുപിടി രാഷ്ട്രീയ സ്വപ്നങ്ങളുമായാണ് നിതീഷ് കുമാറും കൂട്ടരും മണിപ്പുരിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയതെന്നു പിന്നാലെ വ്യക്തമാകുകയും ചെയ്തു.
ബിഹാറിലും അരുണാചൽ പ്രദേശിലും സംസ്ഥാന പാർട്ടി പദവി നേടിയ ജെഡിയു മണിപ്പുരിലും സംസ്ഥാന പാർട്ടി എന്ന പദവി ലക്ഷ്യമിടുന്നുണ്ട്. നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പദവി നേടിയെടുക്കാനായാൽ ദേശീയ പാർട്ടി എന്ന പദവിയിലേക്കുള്ള ദൂരം കുറയുമെന്നതും മണിപ്പുരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യവസ്ഥ അനുസരിച്ചു ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടണമെങ്കിൽ ചില വ്യവസ്ഥകൾ പൂർത്തികരിക്കേണ്ടതുണ്ട്. അവസാനം നടന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സാധുവായ വോട്ടിന്‍റെ ആറ് ശതമാനമെങ്കിലും ലഭിച്ചിരിക്കണം. ഇതു കൂടാതെ ഏതെങ്കിലും സംസ്ഥാനത്തു നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ആയി ചുരുങ്ങിയത് നാലംഗങ്ങളെ ലോക്സഭയിലേയ്ക്ക് ജയിപ്പിക്കണം എന്നതാണ് ഒന്നാമത്തേത്, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 11 അംഗങ്ങളെ എങ്കിലും വിജയിപ്പിക്കണം, ഇവര്‍ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ഉള്ളവര്‍ ആയിരിക്കണം എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ, നാല് സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരമുണ്ടാകണം എന്നത് മൂന്നാമത്തെ വ്യവസ്ഥയും. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ ദേശീയ പാർട്ടിയായി ഉയരാം.
ബിഹാറിലും അരുണാചൽ പ്രദേശിലും സംസ്ഥാന പാർട്ടി പദവി ജെഡിയുവിനുണ്ട്. ബിഹാറിൽ നിന്ന് 16 ലോക്സഭാ അംഗങ്ങളും പാർട്ടിക്കുണ്ട്. മണിപ്പുരിൽ ഇത്തവണ മികച്ച മത്സരം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സംസ്ഥാനത്തെ നിയമസഭയില്‍ കുറഞ്ഞത് മൂന്ന് സീറ്റ് എങ്കിലും ലഭിക്കുകയോ കുറഞ്ഞ പക്ഷം ആറ് ശതമാനം വോട്ട് എങ്കിലും കിട്ടുകയോ ചെയ്താൽ സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ കളമൊരുങ്ങും. 2018 ലെ നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു ശതമാനം വോട്ടു നേടിയ ജെഡിയു 2023 ലെ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താമെന്ന പ്രതീക്ഷയിലുമാണ്. ഇരുസംസ്ഥാനങ്ങളിലും സംസ്ഥാന പദവി നേടിയെടുക്കാൻ കഴിഞ്ഞാൽ സമീപഭാവിയിൽ തന്നെ ദേശീയപാർട്ടിയായി ഉയരാമെന്നാണ് കണക്കൂകൂട്ടൽ.
തുടർച്ചയായി നാലാം തവണ ബിഹാറിൽ നിതീഷ് മുഖ്യമന്ത്രിയായെങ്കിലും 2020 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് നിറംമങ്ങിയിരുന്നു. 43 സീറ്റുകൾ മാത്രമാണ് ജെഡിയുവിനു നേടാനായത്. നിതീഷിനോട് ഇടഞ്ഞ് ചിരാഗ് പാസ്വാൻ എൻഡിഎ വിട്ട് 137 സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചതാണു നിർണായകമായത്. എൽജെപി ഒറ്റ സീറ്റിൽ ഒതുങ്ങി. 243 അംഗ സഭയിൽ എൻഡിഎ നേടിയത് 125 സീറ്റാണ് (122 സീറ്റാണ് കേവലഭൂരിപക്ഷം).
75 സീറ്റു നേടി തേജസ്വി പ്രതാപിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരു സീറ്റു മാത്രം പിന്നിൽ ഉജ്വല പ്രകടനവുമായി ബിജെപി 74 സീറ്റു നേടി. സീറ്റ് നിലയിൽ ബിഹാറിലെ എൻഡിഎയിൽ ജൂനിയർ പങ്കാളിയായി തുടർന്ന ബിജെപി മേൽക്കൈ നേടിയതും നിതീഷ് കുമാറിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. 2015 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു (70), ബിജെപി 53 എന്നിങ്ങനെയായിരുന്നു കക്ഷി നില.
2020 ഓഗസ്റ്റ് 29 നു പ്ടനയിൽ നടന്ന ജെഡിയു ദേശീയ കൗൺസിൽ മീറ്റിലായിരുന്നു ബിഹാറിനു പുറത്തു പാർട്ടിയെ വളർത്താനുള്ള കരുനീക്കങ്ങൾ സജീവമായത്. മണിപ്പുരിൽ തനിച്ചു മത്സരിക്കാനുള്ള തീരുമാനവും അന്ന് തന്നെയാണ് കൈകൊണ്ടതും. 2019 ൽ അരുണാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ മത്സരിച്ച് 15 സീറ്റിൽ ഏഴും വിജയിച്ച് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായതോടെ മണിപ്പുരിലും ഭാഗ്യം പരീക്ഷിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഒരു സംസ്ഥാനത്തും കൂടി സംസ്ഥാന പാർട്ടി എന്ന പദവി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടു തന്നെയാണ് പാർട്ടി മണിപ്പുരിൽ മത്സരിക്കുന്നതെന്ന് ജെഡിയു ദേശീയ ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറയുകയും ചെയ്തു. മണിപ്പുരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 38 സ്ഥാനാർഥികളെയാണ് നിതീഷ് കുമാർ അണിനിരത്തിയിരിക്കുന്നത്.
നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നിരിക്കെ ജെഡിയുവിന്റെ അപ്രതീക്ഷിത രംഗപ്രവേശനത്തിനു ബിജെപി തന്നെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണകക്ഷിയായ ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും ഒരേ പോലെ പ്രതിരോധത്തിലാക്കുന്ന തീരുമാനമെന്നായിരുന്നു നിതീഷ് കുമാറിന്റെ മണിപ്പുരിലെ രംഗപ്രവേശനത്തെ മാധ്യമങ്ങൾ വിശേഷപ്പിച്ചത് എന്നാൽ ബിഹാറിനു പുറത്തു പാർട്ടിക്കു രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് ജെഡിയു തന്നെ സമ്മതിക്കുന്നു.
English Summary: JD(U) contesting Manipur pollswith eye on national party status