യുപിയെ യോഗി തകർത്തു തരിപ്പണമാക്കി. സർവമേഖലയിലും പിന്നാക്കം പോയി. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ തീ ആളിക്കത്തിച്ചു. അവർ വെറുപ്പു വിതയ്ക്കുമ്പോൾ ഞങ്ങൾ സ്നേഹം വിതയ്ക്കുന്നു. അത് ജനങ്ങളോടു പറയുമ്പോൾ അവരത് മനസ്സിലാക്കുന്നുണ്ട്. യോഗിയെ അവർക്കു പേടിയുണ്ട്. എന്നാലും അദ്ദേഹം ചെയ്ത കാര്യങ്ങളിൽ അവർക്ക് ദുഃഖവും വേദനയുമുണ്ട്. അത് അവർ പ്രകടിപ്പിക്കും...UP Election Special

യുപിയെ യോഗി തകർത്തു തരിപ്പണമാക്കി. സർവമേഖലയിലും പിന്നാക്കം പോയി. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ തീ ആളിക്കത്തിച്ചു. അവർ വെറുപ്പു വിതയ്ക്കുമ്പോൾ ഞങ്ങൾ സ്നേഹം വിതയ്ക്കുന്നു. അത് ജനങ്ങളോടു പറയുമ്പോൾ അവരത് മനസ്സിലാക്കുന്നുണ്ട്. യോഗിയെ അവർക്കു പേടിയുണ്ട്. എന്നാലും അദ്ദേഹം ചെയ്ത കാര്യങ്ങളിൽ അവർക്ക് ദുഃഖവും വേദനയുമുണ്ട്. അത് അവർ പ്രകടിപ്പിക്കും...UP Election Special

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിയെ യോഗി തകർത്തു തരിപ്പണമാക്കി. സർവമേഖലയിലും പിന്നാക്കം പോയി. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ തീ ആളിക്കത്തിച്ചു. അവർ വെറുപ്പു വിതയ്ക്കുമ്പോൾ ഞങ്ങൾ സ്നേഹം വിതയ്ക്കുന്നു. അത് ജനങ്ങളോടു പറയുമ്പോൾ അവരത് മനസ്സിലാക്കുന്നുണ്ട്. യോഗിയെ അവർക്കു പേടിയുണ്ട്. എന്നാലും അദ്ദേഹം ചെയ്ത കാര്യങ്ങളിൽ അവർക്ക് ദുഃഖവും വേദനയുമുണ്ട്. അത് അവർ പ്രകടിപ്പിക്കും...UP Election Special

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോരഖ്പുർ (യുപി)∙ ഗോരഖ്പുർ– ബാബാ ഗോരഖ്നാഥിന്റെ കാലടികളുള്ള ഗോരഖ്നാഥ് ക്ഷേത്രത്താൽ പ്രസിദ്ധമാണീ നഗരം. നാഥ് സന്യാസി പരമ്പരയുടെ ഇപ്പോഴത്തെ അധ്യക്ഷൻ യോഗി ആദിത്യനാഥാണ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി; ഗോരഖ്പുർ അർബൻ മണ്ഡലത്തിലെ സ്ഥാനാർഥി. 5 തവണ എംപിയായിരുന്ന അദ്ദേഹം കഴിഞ്ഞ 5 വർഷമായി യുപി സർക്കാരിനെ നയിക്കുന്നു. ആദ്യമായാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതും. 2017ൽ യുപിയില്‍ ബിജെപി മിന്നുംജയം നേടിയതോടെ, എംപി സ്ഥാനം രാജിവച്ച് നിയമസഭാ കൗൺസിൽ അംഗമാവുകയായിരുന്നു യോഗി. ആറാംഘട്ട തിരഞ്ഞെടുപ്പിൽ, മാർച്ച് മൂന്നിനായിരുന്നു ഗോരഖ്പുരിലെ പോളിങ്.

യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തറപറ്റിക്കുമെന്ന പ്രഖ്യാപനവുമായാണ് ആസാദ് സമാജ് പാർട്ടിയുടെയും (എഎസ്പി) ഭീം ആർമിയുടെയും നേതാവ് കേതാല ചന്ദ്രശേഖർ എത്തിയിരിക്കുന്നത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന ഭീതിയില്ലെന്നും തന്റെ മത്സരം അധർമത്തിനെതിരെയുള്ള യുദ്ധമാണെന്നും ചന്ദ്രശേഖർ പറയുന്നു. രാത്രി വൈകിയാലും പട്ടാളച്ചിട്ടയോടെ ചന്ദ്രശേഖറിന്റെ വാക്കുകൾ കേൾക്കാനിരിക്കുന്ന യുവാക്കളുടെ സംഘമാണ് ചന്ദ്രശേഖറിനൊപ്പമുള്ളത്.

ADVERTISEMENT

ദലിത് രാഷ്ട്രീയത്തിൽ മായാവതിക്കു പകരം ഉയർന്നു വന്ന താരമാണ് ചന്ദ്രശേഖർ. മായാവതിയടക്കമുള്ളവർ സംഘ്‌പരിവാർ രാഷ്ട്രീയത്തോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് ‘രാവൺ’ എന്നു വിളിപ്പേരുള്ള ചന്ദ്രശേഖർ. കരുത്തന്മാർ പതറി നിന്നപ്പോൾ യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ നേരിടാനെത്തിയ സാധാരണ പടയാളിയാണു താനെന്നും യോഗിയെ തറപറ്റിക്കുമെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ നേതാവായല്ല, മകനായി കണ്ട് വോട്ടു നൽകുമെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു. ചന്ദ്രശേഖറുമായുള്ള അഭിമുഖത്തിൽ നിന്ന്...

ഭീം ആർമി നേതാവും ഗോരഖ്‌‌പുർ സ്ഥാനാർഥിയുമായ ചന്ദ്രശേഖർ ആസാദ് പ്രവർത്തകർക്കൊപ്പം . ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

വലിയൊരു പോരാട്ടത്തിലാണ് താങ്കൾ; എന്തു കൊണ്ട് ഗോരഖ്പുർ തന്നെ തിരഞ്ഞെടുത്തു?

ഞാനൊരു സാധാരണക്കാരനാണ്. ഈ ദേശത്തെ സ്നേഹിക്കുന്നവൻ. ഈ രാജ്യം ഛിന്നഭിന്നമാകരുതെന്ന് ആഗ്രഹിക്കുന്നവൻ. ഈ രാജ്യത്തെ വിഭജിക്കാനും ജനങ്ങളെ തമ്മിൽത്തല്ലിക്കാനും നടക്കുന്ന രാഷ്ട്രീയത്തിന്റെ പ്രതീകമാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തെ അദ്ദേഹത്തിന്റെ തട്ടകത്തിൽ തോൽപിച്ച് വിദ്വേഷ രാഷ്ട്രീയത്തിന്റെ തല തകർക്കുകയാണ് എന്റെ ലക്ഷ്യം.

എത്രത്തോളം ആത്മവിശ്വാസമുണ്ട്?

ADVERTISEMENT

ഇത് സമരമാണ്. അടിച്ചമർത്തുന്ന, സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ സാധാരണക്കാരന്റെ പോരാട്ടം. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കു നേരെ മുഖം തിരിക്കുന്നവരാണ് അപ്പുറത്ത്. ദേശത്തെ തകർക്കുകയു വിൽക്കുകയും ചെയ്യുന്നവർ. സാഹോദര്യത്തിനു പകര ഭൂരിപക്ഷം, ന്യൂനപക്ഷമെന്നു വേർതിരിക്കുന്നവർ. അവരെ തുറന്നു കാണിക്കുമ്പോൾ ജനങ്ങൾ കാണിക്കുന്ന സഹകരണമാണ് എന്റെ ആത്മവിശ്വാസം. മാർച്ച് 10ന് വോട്ടെണ്ണുമ്പോൾ എന്റെ പോരാട്ടം സഫലമാകുമെന്നുതന്നെ കരുതുന്നു.

യോഗി ആദിത്യനാഥ്. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

യോഗി ആദിത്യനാഥിന്റെ കോട്ടയാണ് ഗോരഖ്പുർ. അവിടെ എത്രത്തോളം താങ്കളുടെ പോരാട്ടം സഫലമാകും?

1998 മുതൽ ഇവിടെ എംപിയാണ് അദ്ദേഹം. 5 കൊല്ലം മുഖ്യമന്ത്രിയുമായിരുന്നു. യുപിയെ തകർത്തു തരിപ്പണമാക്കി. സർവമേഖലയിലും പിന്നാക്കം പോയി. ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ തീ ആളിക്കത്തിച്ചു. അവർ വെറുപ്പു വിതയ്ക്കുമ്പോൾ ഞങ്ങൾ സ്നേഹം വിതയ്ക്കുന്നു. അത് ജനങ്ങളോടു പറയുമ്പോൾ അവരത് മനസ്സിലാക്കുന്നുണ്ട്. യോഗിയെ അവർക്കു പേടിയുണ്ട്. എന്നാലും അദ്ദേഹം ചെയ്ത കാര്യങ്ങളിൽ അവർക്ക് ദുഃഖവും വേദനയുമുണ്ട്. അത് അവർ പ്രകടിപ്പിക്കും.

കഠിനമായ ‘യുദ്ധ’ത്തിനൊടുവിൽ എഎസ്പിയുടെ ആദ്യ എംഎൽഎ ഉണ്ടാവുമെന്നു തന്നെയാണോ?

ADVERTISEMENT

സ്ഥാനത്തിനു വേണ്ടിയല്ല, ആശയത്തിനു വേണ്ടിയുള്ള പോരാട്ടമാണിത്. അതിൽ സ്ഥാനം ഒരു സഹായം മാത്രമാണ്. യുദ്ധം കഠിനമാണ്. എന്നാൽ അസാധ്യമല്ല. എവിടെ ദുർബലൻ ആക്രമിക്കപ്പെട്ടോ അവിടെ പോരാട്ടവുമായി എത്തുന്നയാളാണ് ഞാൻ. അയാളാണ് ഇവിടെ അനീതിക്കെതിരെ പോരാടാനെത്തുന്നത്– ചന്ദ്രശേഖർ പറഞ്ഞു നിർത്തുമ്പോൾ രാത്രി 12 കഴിഞ്ഞു. എന്നിട്ടും വിശ്രമമില്ലാതെ അദ്ദേഹം ജനക്കൂട്ടത്തിലേക്കിറങ്ങുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി ഗോരഖ്പുരിലെത്തുന്നത്.

ഗോരഖ്പുരിലെ പോരാട്ടം 

2022 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഗോരഖ്പുർ അർബൻ. മുൻകാല പ്രകടനം വിലയിരുത്തിയാൽ ബിജെപിക്ക് മുൻതൂക്കം ഉറപ്പാണെങ്കിലും 2022ൽ ഈ മണ്ഡലം ശ്രദ്ധ നേടുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇവിടെ മത്സരിക്കുന്നത് എന്ന കാരണം കൊണ്ടാണ്. അവിടെയും തീരുന്നില്ല, യോഗിക്കെതിരെ ‘ഇടിച്ചു നിൽക്കാൻ’ കെൽപുള്ള എതിർ സ്ഥാനാർത്ഥികളെയാണ് പ്രതിപക്ഷത്തെ പ്രധാന ശക്തിയായ സമാജ്‌വാദി പാർട്ടിയും സംസ്ഥാനത്തെ പുതു സാന്നിധ്യമായ ആസാദ് സമാജ് പാർട്ടിയും കളത്തിലിറക്കിയിരിക്കുന്നത്. 

യോഗി ആദിത്യനാഥ്. ചിത്രം: AFP

യോഗിയുമായി മുൻപ് പാർട്ടിക്കുള്ളിൽ കൊമ്പു കോർത്ത ചരിത്രമുള്ള ബിജെപി നേതാവാണ് ഉപേന്ദ്ര ദത്ത് ശുക്ല. സംസ്ഥാനത്തെ മുൻ ബിജെപി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. 2020ൽ അന്തരിച്ചു. ശുക്ലയുടെ അഭാവത്തിൽ ബിജെപി ടിക്കറ്റിൽ സ്വാഭാവികമായും ഉയർന്നുകേൾക്കേണ്ടിയിരുന്ന പേരുകളിൽ ഒന്നായിരുന്നു ഭാര്യ ശുഭാവതി ശുക്ലയുടേത്. ഉപേന്ദ്രയുടെ കാലത്ത്  രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്ന്, കുടുംബ ഉത്തരവാദിത്തങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ശുഭാവതി. 

എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ അമിത് ദത്ത് ശുക്ലയ്‌ക്കായി ബിജെപിയോട് സീറ്റ് അഭ്യർഥിച്ചു. എന്നാൽ ശുഭാവതിയുടെ അപേക്ഷ ബിജെപി പിന്തള്ളിയതോടെ ഈ വർഷം ജനുവരിയിൽ  ഇരുവരും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. യോഗിക്കെതിരെ എസ്‌പിയുടെ സ്ഥാനാർഥിയുമായി. ഭർത്താവിനു ബിജെപിയിൽനിന്നു നേരിട്ട അവഗണനകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ശുഭാവതിയുടെ പ്രചാരണം. ശുക്ലയുടെ മരണ ശേഷം കുടുംബത്തെ സന്ദർശിക്കാൻ പോലും യോഗി ആദിത്യനാഥ് കൂട്ടാക്കിയില്ല എന്ന ആരോപണവും ശുഭാവതി ഉന്നയിക്കുന്നു.     

അന്തിമവിജയം ആരുടെ?

ദലിത് നേതാവും എഎസ്‌പി നേതാവുമായ ചന്ദ്രശേഖർ ആസാദുമായുള്ള യോഗിയുടെ ഏറ്റുമുട്ടൽ രണ്ടു വ്യക്തികൾ എന്നതിനുമപ്പുറം രണ്ടു ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്നതാണ് ഗോരഖ്പുരിനെ ശ്രദ്ധേയമാക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ശക്തമായ വോട്ടു സ്വാധീനമുള്ള ആസാദിന് യോഗിയെ വെല്ലുവിളിക്കാനാവുമോ എന്ന ചോദ്യം ദലിത് രാഷ്ട്രീയത്തിന് വേരോട്ടമുള്ള യുപിയിൽ പ്രസക്തമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും ദലിത് രാഷ്ട്രീയത്തിന്റെ പുതു ശബ്ദവും തമ്മിലുള്ള ഏറ്റുമുട്ടലിൽ അന്തിമവിജയം ആരു നേടും?  . സാമൂഹികപ്രവർത്തകനായ ചേതനാ പാണ്ഡെയാണ് ഗോരഖ്പുർ അർബനിൽ കോൺഗ്രസ് സ്ഥാനാർഥി. പ്രതിപക്ഷ കക്ഷിയും ഒരുകാലത്ത് ഉത്തർ പ്രദേശിൽ ശക്തമായ സാന്നിധ്യവുമായിരുന്ന ബിഎസ്‌പി ഇക്കുറി പുതുമുഖമായ ക്വാജ ഷംസുദീനാണ് അവസരം നൽകിയത്. 

ഗോരഖ്പുരിലെ വോട്ടുചിത്രം

പ്രതിപക്ഷ പാർട്ടികൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്ന മണ്ഡലമാണ് ഗോരഖ്പുർ അർബൻ എന്ന് 2017ൽ തിരഞ്ഞെടുപ്പുറാലിയിൽ അവകാശപ്പെട്ട യോഗി ആദിത്യനാഥിന്റെ വാക്കുകൾ തെറ്റല്ല എന്നാണ് തിരഞ്ഞെടുപ്പിലെ ബിജെപി മേധാവിത്വം വ്യക്തമാക്കുന്നത്. 1989 മുതൽ  ബിജെപിയുടെ സ്വന്തമാണ് ഗോരഖ്പുർ മണ്ഡലം. 2007 മുതൽ ബിജെപിക്ക് 50 ശതമാനമോ അതിനടുത്തോ വോട്ടു വിഹിതം ലഭിച്ച മണ്ഡലമാണിത്. 2007ൽ 55% വോട്ടുകൾ സ്വന്തമാക്കിയ ബിജെപിക്ക് 2012ൽ 49% വോട്ടാണു നേടാനായത്. ആ തവണയും വിജയം ബിജെപിയുടെ  ഒപ്പം നിന്നു. ഇതേത്തുടർന്ന് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ട് നേടി മണ്ഡലത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. 

ബിജെപി തിരഞ്ഞെടുപ്പു റാലിയിൽനിന്ന്. (ഫയൽ ചിത്രം)

1985ൽ 53 ശതമാനം വോട്ടോടെ ഗോരഖ്പുർ മണ്ഡലം പിടിച്ച കോൺഗ്രസിന് പിന്നീട് മണ്ഡലത്തിൽ കാലിടറിയ കാഴ്‌ചയാണ്ു കണ്ടത്. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം രാജ്യമാകെ അലയടിച്ച  കോൺഗ്രസ് അനുകൂല തരംഗമാണ് പാർട്ടിക്ക് അന്ന് ഗുണമായത്. 1977ൽ ആഭ്യന്തര അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ രാജ്യത്താകമാനം അലയടിച്ച ഭരണവിരുദ്ധ തരംഗത്തിന്റെ അലയൊലികളും ഗോരഖ്പുരിൽ അരങ്ങേറി. അന്ന് മണ്ഡലത്തിൽ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 71 ശതമാനം നേടി വിജയക്കൊടി പാറിച്ചത് ജനതാ പാർട്ടി. 

മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയകിരീടം ചൂടുമെന്നാണ് അവസാനം നടന്ന തിരഞ്ഞെടുപ്പുറാലിയിൽ യോഗി പ്രഖ്യാപിച്ചത്. യോഗിയും ശുഭവതിയും ചന്ദ്രശേഖറും തമ്മിലാണ് മണ്ഡലത്തിലെ പ്രധാന പോരാട്ടം. ഗോരഖ്പുരിൽ വാഴുന്നതാര്, വീഴുന്നതാര് എന്നറിയാൻ ഇനി കുറച്ചു ദിവസങ്ങൾ  മാത്രം കാത്തിരുന്നാൽ മതി- കാരണം മാർച്ച് 10 ഇനി അകലെയല്ല.

English Summary: UP Elections 2022: Gorakhpur Politics- Interview with ASP Leader Chandra Shekhar Azad