ഒറ്റക്കാര്യം മാത്രം പറയാം, എൻഎസ്എസിന്റെ ചങ്ങനാശേരി ഓഫിസിൽ ഒരു കാലത്തും ഞാൻ വോട്ടു പിടിക്കാൻ പോയിട്ടില്ല. നായർ വിഭാഗങ്ങൾ അടക്കം എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യാറുണ്ട്. എൻഎസ്എസ് പൊതുവിൽ എൽ‍ഡിഎഫിന് എതിരാണെന്നു വന്നതോടെ ഇത്തവണ നിർത്തിയ സഖാവിനെതിരെ ആന്റി സ്ക്വാഡ് ഇറങ്ങുമെന്നു വന്നു. അത് ഉണ്ടാകാതിരിക്കാനായി ജീവിതത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തോട് അതു ചെയ്യരുതെന്ന് അഭ്യർഥിച്ചു. അവർ അംഗീകരിച്ചു

ഒറ്റക്കാര്യം മാത്രം പറയാം, എൻഎസ്എസിന്റെ ചങ്ങനാശേരി ഓഫിസിൽ ഒരു കാലത്തും ഞാൻ വോട്ടു പിടിക്കാൻ പോയിട്ടില്ല. നായർ വിഭാഗങ്ങൾ അടക്കം എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യാറുണ്ട്. എൻഎസ്എസ് പൊതുവിൽ എൽ‍ഡിഎഫിന് എതിരാണെന്നു വന്നതോടെ ഇത്തവണ നിർത്തിയ സഖാവിനെതിരെ ആന്റി സ്ക്വാഡ് ഇറങ്ങുമെന്നു വന്നു. അത് ഉണ്ടാകാതിരിക്കാനായി ജീവിതത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തോട് അതു ചെയ്യരുതെന്ന് അഭ്യർഥിച്ചു. അവർ അംഗീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റക്കാര്യം മാത്രം പറയാം, എൻഎസ്എസിന്റെ ചങ്ങനാശേരി ഓഫിസിൽ ഒരു കാലത്തും ഞാൻ വോട്ടു പിടിക്കാൻ പോയിട്ടില്ല. നായർ വിഭാഗങ്ങൾ അടക്കം എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യാറുണ്ട്. എൻഎസ്എസ് പൊതുവിൽ എൽ‍ഡിഎഫിന് എതിരാണെന്നു വന്നതോടെ ഇത്തവണ നിർത്തിയ സഖാവിനെതിരെ ആന്റി സ്ക്വാഡ് ഇറങ്ങുമെന്നു വന്നു. അത് ഉണ്ടാകാതിരിക്കാനായി ജീവിതത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തോട് അതു ചെയ്യരുതെന്ന് അഭ്യർഥിച്ചു. അവർ അംഗീകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ 75 വയസ്സ് എന്ന പ്രായപരിധി വച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളുടെ നിരയിൽ പ്രമുഖനാണ് ജി.സുധാകരൻ. കേരള രാഷ്ട്രീയത്തിലെ എണ്ണം പറഞ്ഞ നേതാക്കളുടെ നിരയിലാണ് സുധാകരന് എന്നും സ്ഥാനം. പതിവ് രാഷ്ട്രീയക്കാരിൽനിന്നും എന്നും അദ്ദേഹം വ്യത്യസ്തനാണ്. തെറ്റുകൾക്കെതിരെ ശബ്ദിക്കാനും പറയാനുള്ളതു തുറന്നു പറയാനും എന്നും ജി.സുധാകരൻ ആർജവം കാട്ടാറുണ്ട്. വിഎസ് സർക്കാരിലും പിണറായി സർക്കാരിലും മന്ത്രിയായിരുന്ന അദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെ ആലപ്പുഴയിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. അതേ ആലപ്പുഴ ജില്ലയിലെ പാർട്ടിയിലെ പ്രബല വിഭാഗം അദ്ദേഹത്തിനെതിരെ തിരിയുന്നതും സമീപകാലത്ത് കണ്ടു.

സ്വന്തം സിറ്റിങ് സീറ്റായിരുന്ന അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, പിൻഗാമി എച്ച്.സലാമിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നതിൽ സുധാകരൻ അലംഭാവം കാട്ടിയെന്നു പാർട്ടിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അതിന്റെ പേരിൽ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി താക്കീത് ചെയ്തു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായുള്ള അഭിമുഖത്തിൽ അക്കാര്യത്തിൽ ആദ്യമായി അദ്ദേഹം വിശദമായ പ്രതികരണത്തിനു മുതിർന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തെപ്പറ്റിയും ഇനിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ‘ക്രോസ് ഫയറിൽ’ സുധാകരൻ സംസാരിക്കുന്നു. കൊച്ചി സംസ്ഥാന സമ്മേളനത്തിനു ശേഷം ജി.സുധാകരൻ നൽകുന്ന ആദ്യ അഭിമുഖം.

ജി.സുധാകരൻ. ചിത്രം: മനോരമ
ADVERTISEMENT

37 വർഷം ഭാഗമായിരുന്ന സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായപ്പോഴുള്ള വികാര വിചാരങ്ങൾ എന്താണ്? പ്രയാസം തോന്നിയോ?

1985ൽ എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എന്നെ സംസ്ഥാന കമ്മിറ്റിയിൽ എടുത്തത്. വികാര വിചാരങ്ങൾ ഒന്നുമില്ല. 75 വയസ്സ് എന്ന പ്രായപരിധി വച്ചതിനാൽ ഒഴിയണമെന്ന് നേരത്തേ അറിയാം. ഒഴിവാക്കണമെന്ന് അങ്ങോട്ട് നേരത്തേ അഭ്യർഥിക്കുകയും ചെയ്തു. അതുകൊണ്ട് മറ്റൊന്നും തോന്നിയില്ല. പ്രയാസമൊന്നും തോന്നേണ്ട കാര്യമില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രകാരം എനിക്ക് 75 വയസ്സായി. വയസ്സിനെ സംബന്ധിച്ച് ഒരു സന്ദേഹം തോന്നാതിരിക്കാനാണ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് അങ്ങോട്ടു കത്ത് നൽകിയത്.

75 വയസ്സ് യഥാർഥത്തി‍ൽ ആയിട്ടില്ല എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ. എന്നിട്ടും സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് എന്തുകൊണ്ടാണ്?

ഔദ്യോഗികമായി സർക്കാരിനും സമൂഹത്തിനും മുന്നിൽ പ്രായം സംബന്ധിച്ച രേഖ എന്നത് എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്. അതനുസരിച്ച് 75 വയസ്സായി. 1946 നവംബർ ഒന്നാണ് രേഖകളിൽ എന്റെ ജനനത്തീയതി. പിന്നീട് നവംബർ ഒന്ന് കേരളപ്പിറവി ദിനമായി. ഓണാട്ടുകര താമരക്കുളം പഞ്ചായത്തിലാണ് ഞാൻ ജനിച്ചത്. അവിടെയെല്ലാം നേരത്തേ തന്നെ പഠിത്തം തുടങ്ങും. 56 അക്ഷരം ഞാൻ 56 ദിവസം കൊണ്ടു പഠിച്ചു. മൂന്നര വയസ്സായപ്പോഴേക്കും അക്ഷരങ്ങളെല്ലാം അഭ്യസിച്ചു കഴിഞ്ഞതോടെ സ്കൂളിൽ ചേർക്കാറായി. ഏതു വയസ്സിൽ ചേർ‍ത്താലും രേഖയിൽ ആറു വയസ്സാണ്. അതൊന്നും ചൂണ്ടിക്കാട്ടി ഇപ്പോൾ വാദിക്കേണ്ട സമയമല്ല.

ADVERTISEMENT

യഥാർഥത്തിൽ അപ്പോൾ എത്ര വയസ്സായി?

72–73 വയസ്സായി. അമ്മ പറഞ്ഞതു പ്രകാരം. അമ്മ പറയുന്നതല്ലേ എനിക്കറിയൂ. അമ്മ ഇപ്പോഴില്ല. എന്താണെങ്കിലും അത് തർക്കവിഷയമല്ല. ഔദ്യോഗികമായി പ്രായം 75 ആയി. ഇതുവരെ പങ്കെടുത്ത എല്ലാ സംസ്ഥാന സമ്മേളനങ്ങളുടെയും ക്രഡൻഷ്യൽ റിപ്പോർട്ടുകളിൽ ജനന തീയതിയായ 1–11–1946 വച്ചു കൊണ്ട് ഔദ്യോഗിക രേഖ പ്രകാരമുള്ള വയസ്സാണ് രേഖപ്പെടുത്തിയത്. ആ രേഖകൾ പാർട്ടിക്കു മുന്നിൽ ഇല്ലേ. അതുകൊണ്ട് ഇപ്പോഴത്തെ തീരുമാനം ഒരു പ്രശ്നമേയല്ല.

ജി.സുധാകരൻ സുകുമാർ അഴീക്കോടിനൊപ്പം. ചിത്രം: മനോരമ

പാരമ്പര്യമുള്ള മുതിർന്ന നേതാവ്, രണ്ടു തവണ മന്ത്രി, ഇതെല്ലാം കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റിയിൽ‍ താങ്കളെ ക്ഷണിതാവാക്കി നിലനിർത്തുമെന്ന് പലരും കരുതിയിരുന്നല്ലോ?

സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയവരിൽ ചിലരെ ക്ഷണിതാവാക്കി. ഒരാളെ സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തി. സംസ്ഥാന കമ്മിറ്റിയിലെ 13 പേരെ ഒഴിവാക്കിയപ്പോൾ ആരെയും ക്ഷണിതാവാക്കിയില്ല. അങ്ങനെ ഒരു പരിഗണന എനിക്കു മാത്രമായി നൽകേണ്ട കാര്യമില്ല. ക്ഷണിതാവ് ആക്കാതിരുന്നതിൽ ഒരു തെറ്റുമില്ല. നന്നായി എന്നാണ് എന്റെ അഭിപ്രായം.

ADVERTISEMENT

75 എന്ന പ്രായപരിധി കർശനമാക്കിക്കൊണ്ട് നേതാക്കളെ ഒഴിവാക്കുന്ന രീതിയോട് യോജിപ്പുണ്ടോ? ആ പ്രായത്തിലും അതിനു ശേഷവും നേതൃപരമായ സംഭാവനകൾ ചെയ്യാവുന്നവരല്ലേ പലരും?

അതു സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനമല്ലേ. നേരത്തെ രണ്ടു തവണ തുടർച്ചയായി മത്സരിച്ചവരെ തിരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. പിന്നാലെ ഈ 75 വയസ്സും വന്നു. അംഗീകരിച്ച കാര്യം ഉചിതമായ സമയത്ത് നടപ്പാക്കുന്നതിൽ അഭിപ്രായ വ്യത്യാസമൊന്നും പറയേണ്ട കാര്യമില്ല. പ്രായോഗികമായ തീരുമാനമാണ് ഉണ്ടായത്.

പുതിയ ആളുകൾക്ക് അങ്ങനെ കൂടുതലായി വരാൻ കഴിയും. ഒരു കമ്മിറ്റിയിൽ ഒരാളെ എത്രാം വയസ്സിൽ എടുക്കണം, ഒഴിവാക്കണം എന്നു പറയുന്നതിൽ സിദ്ധാന്തമൊന്നുമില്ല, അതു പ്രായോഗിക തലത്തിലെ തീരുമാനമാണ്. മുതിർന്ന നേതാവായതുകൊണ്ട് ആ തീരുമാനം മാറ്റിവച്ച് വീണ്ടും എന്നെ എടുക്കുമെന്നെല്ലാം ആരും വിചാരിച്ചിട്ടു കാര്യമില്ല. ഞാൻ അങ്ങനെ ആലോചിച്ചിട്ടില്ല. ആരും വിയോജിപ്പ് പറഞ്ഞിട്ടുമില്ല.

പാർട്ടി താങ്കൾക്ക് നൽകണമെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? അതോ ആലപ്പുഴയിൽ ഒതുങ്ങി പ്രവർത്തിക്കാനാണോ താൽപര്യം?

എന്റെ മനസ്സിൽ ഒന്നുമില്ല. 75 വയസ്സ് എന്ന പ്രായപരിധി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ബാധകമാണ്. അതുകൊണ്ട് ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്താൻ കഴിയില്ല. എനിക്കൊരു സാധാരണ പാർട്ടി അംഗമായി കഴിയണം എന്നേയുള്ളൂ. 37 വർഷം ഞാൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നില്ലേ. അത്രയും ദീർഘമായ സംസ്ഥാന കമ്മിറ്റി പാരമ്പര്യമുള്ളവർ ഇരുപതിൽ താഴെയേ വരൂ. ഇപ്പോൾ മാനദണ്ഡം വന്നതുകൊണ്ടാണല്ലോ മാറിയത്. അതുകൊണ്ട് ഉത്തരവാദിത്തത്തെപ്പറ്റി ആലോചിച്ചിട്ടില്ല.

ജി.സുധാകരൻ. ചിത്രം: മനോരമ

എനിക്ക് ഇപ്പോൾ ന്യായമായും ലഭിക്കാവുന്നത് ബ്രാഞ്ചിലെ അംഗത്വമാണ്. സന്തോഷത്തോടെ അതിൽ അംഗമാകും. ഇനി അതു മതി. 56 വർഷമായി ഞാൻ പാർട്ടി അംഗമാണ്. എസ്എസ്എൽസി സമയത്ത് അംഗത്വം ലഭിച്ചെങ്കിലും 18 വയസ്സായില്ല എന്നതിനാൽ അന്ന് റദ്ദു ചെയ്തു. പിന്നീട് കൊല്ലം എസ്എൻ കോളജിൽ എംഎയ്ക്ക് പഠിക്കുമ്പോൾ കേരള വിദ്യാർഥി ഫെഡറേഷന്റെ ഭാഗമായി. അന്നത്തെ പാർട്ടി അംഗത്വമാണ് പിന്നീട് നിലനിൽക്കുന്നത്. പാർട്ടി എന്നെ എൽപ്പിച്ച ഒരു ചുമതലയും ഞാൻ നിർവഹിക്കാതിരുന്നിട്ടില്ല. അങ്ങനെ ഒരു വിമർശനം എനിക്കെതിരെ ഉന്നയിക്കാൻ കഴിയില്ല.

കുടുംബകാര്യങ്ങളൊന്നും ഞാൻ ഇതുവരെ അങ്ങനെ നോക്കിയിട്ടില്ല. ഭാര്യ കോളജ് അധ്യാപികയായിരുന്നു, മകന് ജോലി കിട്ടി, ഇതെല്ലാംകൊണ്ട് സാമ്പത്തികമായി വലിയ കുഴപ്പമില്ല. ഭൂവുടമയൊന്നുമല്ലെങ്കിലും നല്ല വിദ്യാഭ്യാസം സിദ്ധിച്ചിരുന്നു. എംഎയും എൽഎൽബിയും പാസായി. ആഡംബരമൊന്നുമില്ലെങ്കിലും മാന്യമായാണ് ഞങ്ങൾ ജീവിക്കുന്നത്. കുടുംബകാര്യങ്ങളിലെല്ലാം കൂടുതൽ മുഴുകണം, ഒപ്പം ആലപ്പുഴയിലെ പാർട്ടി ഏൽപിക്കുന്ന ജോലി എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യണം. ഒരു ബ്രാഞ്ച് അംഗമായി പ്രവർത്തിക്കാൻ മനസ്സിനെ ചിട്ടപ്പെടുത്തിക്കഴിഞ്ഞു.

ഒരു സാധാരണ ബ്രാഞ്ച് അംഗമായി ജി.സുധാകരൻ ഒതുങ്ങുന്നത് ആലപ്പുഴയിലെ സഖാക്കൾ അംഗീകരിക്കുമോ?

അതിന് അപ്പുറത്തുള്ള ഒരു കാര്യം ഞാൻ ആലോചിക്കേണ്ട കാര്യമില്ല. അതിന്റെ ആവശ്യവുമില്ല. എനിക്ക് അതാണ് ഇഷ്ടം. നേതൃത്വം എന്നോട് ചോദിച്ചാൽ അക്കാര്യം പറയും. പാർട്ടി വ്യവസ്ഥ പ്രകാരം ജി.സുധാകരന് ഇപ്പോൾ ബ്രാഞ്ച് അംഗമാകാനേ കഴിയൂ. അല്ലാതെ ഞാൻ സ്വയം തീരുമാനിച്ചതല്ലല്ലോ. എകെജി സെന്ററിലെ പാർട്ടി ബ്രാഞ്ചിൽ ഉന്നതരായ ആളുകൾ ഉണ്ടല്ലോ. ജില്ലാകമ്മിറ്റിയുടെ ബ്രാഞ്ചിൽ പല പ്രധാനപ്പെട്ടവരുമുണ്ട്. ആരെല്ലാമാണ് എന്നു ഞാൻ പറയുന്നില്ല.

ജി.സുധാകരൻ. ചിത്രം: മനോരമ

മരിക്കുന്നതു വരെ പാർട്ടിയിൽ തുടരുന്നതിനാണ് പ്രാധാന്യം. അല്ലാതെ സ്ഥാനമാനങ്ങൾക്കല്ല. എന്തെല്ലാം പദവികൾ ഞാൻ വഹിച്ചു! എല്ലാം പാർട്ടി തന്നതല്ലേ. 20 വർഷം എംഎൽഎ ആയിരുന്നു. അതിൽ പത്തു വർഷം മന്ത്രിയായി. രണ്ടു തവണ ജില്ലാ സെക്രട്ടറിയായിരുന്നു. സിൻഡിക്കറ്റ് അംഗമായിരുന്നു. 2004ൽ സിഎസ് സുജാത മാവേലിക്കരയിൽ മത്സരിക്കുമ്പോൾ അവരുടെ തിരഞ്ഞെടുപ്പ്കമ്മിറ്റി സെക്രട്ടറിയായി വരെ ജോലി ചെയ്തു മാവേലിക്കരയിൽ അന്ന് ആദ്യമായാണ് സിപിഎം സ്ഥാനാർഥി ജയിച്ചത്.

ഏറെക്കാലം ആഴപ്പുഴയിലെ പാർട്ടിയുടെ അവസാന വാക്കായിരുന്നു ജി. സുധാകരൻ. അതു ശത്രുക്കളെയും പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചോ? വേദന ഉണ്ടാക്കിയ ചില കാര്യങ്ങൾ ഒടുവിൽ സംഭവിച്ചല്ലോ?

അവസാന വാക്ക് എന്നെല്ലാം പറയുന്നത് മാധ്യമങ്ങൾ‍ പ്രയോഗിക്കുന്നതാണ്. ഈ പാർട്ടിയിൽ ആരും ഏകാധിപതികളല്ല. കേന്ദ്രീകൃത ജനാധിപത്യവും ഉൾപ്പാർട്ടി ജനാധിപത്യവുമാണ് പാർട്ടിയിൽ ഉള്ളത്. പക്ഷേ എപ്പോഴും നേതൃത്വത്തിനു പ്രാധാന്യമുണ്ട്. വ്യക്തികൾക്ക് പ്രാധാന്യമില്ല, സംഘടനയ്ക്കാണ് പ്രാധാന്യം എന്നതെല്ലാം ചുമ്മാ പറയുന്നതാണ്. സമൂഹത്തിനും സംഘടനയ്ക്കും മുകളിൽ വ്യക്തികൾ പറക്കാനും പറ്റില്ല. ‘ചരിത്രത്തിൽ വ്യക്തികളുടെ സ്ഥാനം’ എന്ന, റഷ്യൻ തത്വചിന്തകൻ പ്ലഖനോവിന്റെ പുസ്തകം വായിക്കണം. അദ്ദേഹത്തെ പാർട്ടി പുറത്താക്കിയെങ്കിലും പുസ്തകത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

വ്യക്തികൾക്ക് പ്രാമുഖ്യം ഇല്ലെങ്കിൽ ലെനിനിന്റെ കാര്യം പ്രത്യേകം പറയേണ്ട കാര്യമുണ്ടോ? ലെനിനിനെയും മാർക്സിനെയും എംഗൽസിനെയും കാസ്ട്രോയെയും നിരാകരിക്കാൻ ആർക്കെങ്കിലും കഴിയുമോ? വ്യക്തികളെ കണക്കാക്കരുതെന്നു പറഞ്ഞ് ഇഎംഎഎസിനെയും എകെജിയെയും മാറ്റിനിർത്താൻ കഴിയുമോ? പാർട്ടിയുടെയും സമൂഹത്തിന്റെയും ആഗ്രഹാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കൾ ഉണ്ടായേ തീരൂ. അവർ പ്രസ്ഥാനത്തിന്റെ വക്താക്കളാണ്. എന്നാൽ പ്രസ്ഥാനത്തിനും സമൂഹത്തിനും മുകളിലായി ഞാനാണ് വലുത് എന്ന് ആരും കരുതുകയും അരുത്.

ആലപ്പുഴയിലെ പാർട്ടിയിൽ വ്യക്തികേന്ദ്രീകൃതമായ പ്രശ്നങ്ങൾ ഉണ്ടായോ എന്നാണ് ചോദിച്ചത്?

പാർട്ടി പരിപാടി ഉൾക്കൊണ്ടും സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ കമ്മിറ്റിയുടെയും വിശ്വാസം ആർജിച്ചും 42 വർഷത്തോളം ആലപ്പുഴയിൽ ഞാൻ പ്രവർത്തിച്ചു. എനിക്ക് അവിടെ അംഗീകാരം ലഭിച്ചു. ഞങ്ങൾ എല്ലാവരും ചേർന്ന് പാർട്ടിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി. മുന്നിൽ നിന്നു പ്രവർത്തിച്ച കുറേപ്പേരിൽ ഒരാൾ ഞാനായിരുന്നു. പാർട്ടിക്കുള്ളിൽ എനിക്ക് ശത്രുക്കൾ ആരുമില്ല. അറിവില്ലാത്തവരും അനുഭവം ഇല്ലാത്തവരും ഉണ്ട്. കാര്യങ്ങൾ മനസ്സിലാകാത്തവരും ഉണ്ട്. അങ്ങനെയുള്ളവർ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ തിരുത്തുകയേ വഴിയുള്ളൂ. ആരും ശത്രുക്കൾ അല്ല, സഖാക്കളാണ്.

അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമിനൊപ്പം ജി.സുധാകരൻ. ചിത്രം: മനോരമ

അങ്ങനെ അറിവില്ലാതെ ആരെങ്കിലും ഉന്നയിച്ചതാണോ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ താങ്കൾ അലംഭാവം കാണിച്ചെന്ന പരാതി?

അത് അറിവില്ലാതെ ഒന്നും ഉണ്ടായതല്ല. അതേപ്പറ്റി ഒന്നും ഞാൻ പറയാറില്ല, ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എനിക്കെതിരെ താക്കീത് എന്ന അച്ചടക്ക നടപടി വന്നപ്പോൾ ഞാനും കൈ ഉയർത്തി അംഗീകരിച്ചു. എന്തായാലും അദ്ദേഹം ജയിച്ചല്ലോ. ആ പ്രിയപ്പെട്ട സഖാവ് 11,125 വോട്ടിനല്ലേ ജയിച്ചത്. ജയിച്ചാലും അന്വേഷണം ആകാം. ആയിക്കോട്ടെ. അതിലേക്ക് ‍ഞാൻ കടക്കുന്നില്ല. അത് ഞാൻ അടച്ച അധ്യായമാണ്.

ഞാൻ മുന്നിൽ നിന്ന് അദ്ദേഹത്തെ ജയിപ്പിച്ചു. എന്റെ പിൻഗാമിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞതാണ്. അവിടെ 19 മേഖലാ കമ്മിറ്റിയിൽ ഓരോന്നിലും രണ്ടരമണിക്കൂർ വീതം ഞാൻ പങ്കെടുത്തു. ഓരോ ബൂത്തും വിശകലനം ചെയ്തു. ഈ 19 യോഗങ്ങളിലും പൊതുയോഗങ്ങളിൽ സ്ഥാനാർഥിക്കു വേണ്ടി പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരം ജില്ലയിൽ 27 യോഗങ്ങളിൽ പങ്കെടുത്തു. എകെജി സെന്ററിൽ നിന്നു പറഞ്ഞത് അനുസരിച്ച് നാലു ജില്ലകളിലായി 9 യോഗങ്ങളിലും പങ്കെടുത്തിരുന്നു. ബാക്കി മുഴുവൻ സമയവും അമ്പലപ്പുഴ തന്നെയായിരുന്നു. അങ്ങനെ ജയിപ്പിച്ചു കൊടുത്തു.

എന്റെ സ്വാധീനം ഉപയോഗിച്ച്, ആരോടും പറയാതെ ഒരു പാട് കാര്യങ്ങൾ ചെയ്തു. ഒറ്റക്കാര്യം മാത്രം പറയാം, എൻഎസ്എസിന്റെ ചങ്ങനാശേരി ഓഫിസിൽ ഒരു കാലത്തും ഞാൻ വോട്ടു പിടിക്കാൻ പോയിട്ടില്ല. നായർ വിഭാഗങ്ങൾ അടക്കം എല്ലാ വിഭാഗങ്ങളും എനിക്ക് വോട്ടു ചെയ്യാറുണ്ട്. എൻഎസ്എസ് പൊതുവിൽ എൽ‍ഡിഎഫിന് എതിരാണെന്നു വന്നതോടെ ഇത്തവണ നിർത്തിയ സഖാവിനെതിരെ ആന്റി സ്ക്വാഡ് ഇറങ്ങുമെന്നു വന്നു. അത് ഉണ്ടാകാതിരിക്കാനായി ജീവിതത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വത്തോട് അതു ചെയ്യരുതെന്ന് അഭ്യർഥിച്ചു. അവർ അംഗീകരിച്ചു. എല്ലാ നായർ മേഖലകളിലും നമ്മുടെ സ്ഥാനാർഥിക്ക് ഭൂരിപക്ഷം വോട്ടു കിട്ടി. ജയിച്ചപ്പോൾ പക്ഷേ അവർക്ക് പരാതി ഉണ്ടായി. അതിന്റെ പേരിൽ നടത്തിയ അന്വേഷണത്തിൽ എനിക്ക് വീഴ്ച ഉണ്ടായെന്നു കണ്ടെത്തി.അതു സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ അടക്കം വന്നു. ആയിക്കോട്ടെ.

അങ്ങനെ ഒരു പിന്തുണ താങ്കൾ നൽകിയെങ്കിൽ എന്തുകൊണ്ടാണ് പരാതി വന്നത്? അതു തികച്ചും അപ്രതീക്ഷിതമായിരുന്നോ?

ആരോപണം അപ്രതീക്ഷിതമായിരുന്നു. അതു സത്യമാണ്. അതിന്റെ പേരിൽ പ്രയാസം ഒന്നും ഉണ്ടായില്ല. അദ്ദേഹത്തിന് സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കാം. ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല.

പിണറായി വിജയൻ, ജി.സുധാകരൻ

പക്ഷേ അദ്ദേഹത്തിന്റെ പരാതി പാർട്ടി കൂടി ശരിവച്ചില്ലേ?

അതെ. എനിക്ക് ഒരു വേദനയും തോന്നിയില്ല. എനിക്ക് പറയാനുള്ളത് വ്യക്തമായ ഭാഷയിൽ സംസ്ഥാനകമ്മിറ്റിയിൽ അന്ന് പറഞ്ഞിട്ടുണ്ട്.

ജി.സുധാകരനെ ആലപ്പുഴയിൽ ദുർബലനാക്കാനുള്ള ശ്രമമായിരുന്നോ ആ പരാതിയിലൂടെയും കമ്മിഷന്റെ അന്വേഷണത്തിലൂടെയും നടന്നത്?

എനിക്ക് അതിന്റെ ഉദ്ദേശ്യമൊന്നും അറിയില്ല. എന്റെ പ്രവർത്തനം തൃപ്തികരമല്ല, വീഴ്ച ഉണ്ടായി എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു. കമ്മിഷന് എതിരായോ പരാതിക്കാരന് എതിരായോ ഒരു വാക്കും ഞാൻ പറഞ്ഞിട്ടില്ലല്ലോ. ഞാൻ പുലർത്തുന്ന അച്ചടക്കം എന്താണെന്ന് 56 വർഷം എനിക്കൊപ്പം പ്രവർത്തിച്ച സഖാക്കൾക്ക് അറിയാം. ഒരു അച്ചടക്ക ലംഘനവും ഞാൻ നടത്തിയിട്ടില്ല. പക്ഷേ അഭിപ്രായം പറയുക എന്ന കമ്യൂണിസ്റ്റുകാരന്റെ ജോലി ചെയ്യും. ലോകത്തോട് പരമാർഥങ്ങൾ കമ്മ്യൂണിസ്റ്റുകാരൻ തുറന്നു പറയണമെന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നത്. അതു വായിച്ചാണ് ഞാൻ കമ്യൂണിസ്റ്റ് ആയത്

അപ്പോൾ അമ്പലപ്പുഴയിൽ ഒരു അലംഭാവവും താങ്കളുടെ ഭാഗത്ത‌ുനിന്ന് ഉണ്ടായിട്ടില്ല എന്നാണോ?

എന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന് എളമരം കരീം നേതൃത്വം നൽകിയ കമ്മിഷൻ‍ റിപ്പോർട്ട് പ്രകാരമാണ് എന്നെ താക്കീത് ചെയ്തത്. അത് ‍ഞാനും അംഗീകരിച്ചതല്ലേ. അതിന് എതിരായി ഞാനൊന്നും പറയില്ല, എന്തിന് പറയണം! എനിക്ക് പറയാനുളളത് ഞാൻ അവിടെ പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ അതിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല.

അമ്പലപ്പുഴയുടെ പേരിൽ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വീണ്ടും ക്രൂശിതനാക്കാൻ ശ്രമിച്ചോ? പിണറായി വിജയൻ ഇടപെട്ടു തടഞ്ഞെന്നാണല്ലോ വാർത്ത...

ആ വാർത്ത ആരും നിഷേധിച്ചില്ലല്ലോ. അതെല്ലാം പാർട്ടി പരിശോധിക്കട്ടെ. അവിടെ ഞാൻ ആരെയും ആക്ഷേപിച്ചിട്ടില്ല. അതു ചെയ്യാൻ‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഒരു സംഘവും എനിക്ക് ഉണ്ടായില്ല. ഒരു കമ്യൂണിസ്റ്റുകാരനെപ്പോലെ ആദ്യാവസാനം സമ്മേളനത്തിൽ പങ്കെടുത്തു. ദുഃഖിച്ചതുമില്ല, സന്തോഷിച്ചതുമില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതികളെല്ലാം അവിടെ ഉണ്ടായിരുന്ന സഖാവ് പിണറായി വിജയന് നന്നായി അറിയാം.

പിണറായി വിജയനും ജി.സുധാകരനും

ഇന്ന് ഈ പാർട്ടി മുന്നോട്ടു പോകുന്നത് പിണറായി വിജയന്റെയും കോടിയേരി ബാലൃഷ്ണന്റെയും ദീർഘവീക്ഷണം കൊണ്ടാണ്. എനിക്ക് അവരെ പുകഴ്ത്തിയിട്ട് ഒന്നും നേടാനില്ല. കാര്യം സാധിക്കാൻ വേണ്ടി ആകാശത്തോളം പൊക്കിയ ശേഷം സമയമാകുമ്പോൾ പിന്നിൽ കൂടി ചവിട്ടുന്ന സ്വാഭാവം എനിക്കില്ല. ഞാൻ ഉറച്ചു നിന്നാൽ ഉറച്ചുനിന്നതാ.. എനിക്കെന്തു കിട്ടുമെന്ന് നോക്കിയിട്ടില്ല. 1998 മുതൽ 24 വർഷത്തോളം പിണറായി സഖാവിന്റെ കീഴിൽ വിശ്വാസപൂർവം പ്രവർത്തിച്ച ആളാണ് ഞാൻ. അത് അവർക്കും അറിയാം, എനിക്ക് പ്രതിബദ്ധതയില്ലെന്ന് ആരും പറയാൻ ഇടവരുത്തിയിട്ടില്ല.

ആലപ്പുഴയിൽ വിഭാഗീയ പ്രശ്നങ്ങൾ അവശേഷിക്കുന്നുവെന്നാണല്ലോ സംസ്ഥാന സമ്മേളനം വിലയിരുത്തിയത്. വിഭാഗീയത ജില്ലയിൽ ഒരു തുടർ‍ക്കഥയാണല്ലോ. എന്താണു കാരണം?

ആലപ്പുഴയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നാണ് സംസ്ഥാന സമ്മേളനം കണ്ടെത്തിയത്. അതിൽ വിഭാഗീയതയുടെ അംശങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്, എന്നാൽ ആലപ്പുഴയിൽ ആകെ വിഭാഗീയതയാണെന്നു വെളിയിൽനിന്ന് ചിലർ ബോധപൂർവം പ്രചരിക്കുന്നതാണ്. ആലപ്പുഴ ഒരു പോരാട്ട ഭൂമിയല്ലേ! അഭിപ്രായം പറയുന്നവരാണ് ഇവിടെ ഉള്ളത്.

ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള നാല് എരിയാ സമ്മേളനങ്ങളിൽ മത്സരം വന്നു. അതേപ്പറ്റിയാണ് പറയുന്നത്. പക്ഷേ ബാക്കി പന്ത്രണ്ട് ഇടത്തും ഒന്നും സംഭവിച്ചില്ലല്ലോ. ആ നാലിടത്തെ കാര്യം പരിശോധിച്ചാൽ മതിയില്ലേ? ജില്ലാ സമ്മേളനത്തിൽ ആവശ്യമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. പിണറായി അത് ‘സ്റ്റോപ്പ്’ ചെയ്യിച്ചു. ഈ പാർട്ടിയുടെ ഭാവിയിൽ താൽപര്യം ഉള്ളതു കൊണ്ടും കർശനക്കാരനായതു കൊണ്ടും പിണറായി അതു ചെയ്തു.

‘അങ്ങനെ ആരെയും ആക്ഷേപിക്കാൻ പാടില്ല. അതു പാർട്ടിക്കു യോജിച്ചതല്ല. മേലാൽ ആവർത്തിക്കരുതെന്നാണ്’ പിണറായി വിജയൻ നൽകിയ താക്കീത്. സത്യവിരുദ്ധമായ ഒരു കാര്യവും ഏശില്ല. വലതുപക്ഷ വ്യതിയാനമോ ഇടതുപക്ഷ വ്യതിയാനമോ ഒരിഞ്ചു പോലും ഇക്കാലമത്രയും ബാധിക്കാത്ത ജില്ലയാണ് ആലപ്പുഴ. അത് ആലപ്പുഴയെപ്പറ്റി എല്ലാവരും ഓർത്തിരിക്കണം. ഞങ്ങൾ ആലപ്പുഴക്കാർ അങ്ങനെയാണ് ഇവിടെ പാർട്ടി വളർത്തുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽനിന്ന് വിഎസ് ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ സാഹചര്യം ഓർക്കുന്നുണ്ടാകുമല്ലോ? എത്ര വലിയ പ്രതിസന്ധിയാണ് അതേ ആലപ്പുഴയിൽ പാർട്ടി നേരിട്ടത്?

അതു പാർട്ടിയുടെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതിച്ചേർക്കേണ്ട സമ്മേളനമാണ്. അത്ര മികച്ചതായിരുന്നു സംഘാടനം. സമാപന സമ്മേളനത്തിൽ ചെറുപ്പക്കാരുടെ പ്രളയമായിരുന്നു. ‘എവിടെനിന്നാണ് ഈ ചെറുപ്പക്കാരെ എല്ലാം ലഭിക്കുന്നത്, ഡൽഹിയിലേക്ക് വന്ന് ഇങ്ങനെ ഒന്നു സംഘടിപ്പിക്കാൻ കഴിയില്ലേ’ എന്നാണ് സ്റ്റേജിലുണ്ടായിരുന്ന വൃന്ദ കാരാട്ട് എന്നോട് ചോദിച്ചത്. ‘ഞാൻ അങ്ങോട്ട് വരുന്നില്ല, നിങ്ങൾ അവിടെ ഉണ്ടല്ലോ, സംഘടിപ്പിക്കൂ’ എന്ന് ഞാൻ അവരോടു പറഞ്ഞു.

വിഎസ്, സീതാറാം യച്ചൂരി, ഉമ്മൻ ചാണ്ടി എന്നിവര്‍ക്കൊപ്പം ജി.സുധാകരൻ. ഫയൽ ചിത്രം: മനോരമ

വിഎസിന്റെ വീടിന്റെ അടുത്തുള്ള ഹാളിലാണ് അന്നു സമ്മേളനം നടന്നത്. പക്ഷേ വിഎസ് പ്രതിഷേധിച്ച് ഇറങ്ങി വീട്ടിലേക്കു പോയി. അവിടെ പത്തു പതിനഞ്ച് പേർ അപ്പോൾ കൂടി. ‘ഒന്നു ശ്രദ്ധിക്കണം’ എന്നു നേതൃത്വം പറഞ്ഞതു കൊണ്ട് ഞാനും സജി ചെറിയാനും നാസറും പുറത്തു പോയി. ആവശ്യമായ മുൻകരുതൽ എല്ലാം എടുത്തു. ഒന്നും ഉണ്ടായില്ല. വിഎസിനെപ്പോലെ മറ്റൊരാൾ ഇല്ല. അദ്ദേഹം ഇറങ്ങിപ്പോയത് പ്രയാസം ഉണ്ടാക്കി. എന്നിട്ടും അത് സമ്മേളനത്തെ ഒട്ടും ബാധിക്കാതെ നോക്കാൻ കഴിഞ്ഞത് ആലപ്പുഴയിലെ പാർട്ടിയെക്കുറിച്ചും ‍ഞാൻ അടക്കമുള്ള നേതൃത്വത്തെപ്പറ്റിയും വലിയ മതിപ്പ് ഉണ്ടാക്കി.

വിഎസിനും പിണറായി വിജയനും താങ്കൾ പ്രിയങ്കരനായിരുന്നു. ഈ രണ്ടു പേരെയും ചുരുങ്ങിയ വാക്കുകളി‍ൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ എന്താകും ഉള്ളറിഞ്ഞ ആ മറുപടി?

‘വിഎസിന്റെ രാഷ്ട്രീയ മാനസപുത്രൻ’ എന്ന് പത്രക്കാർ എന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയതിൽ വിഎസിന്റെ സ്ഥാനം മുൻനിരയിലാണ്. ഇഎംഎസ്, എകെജി, സിഎച്ച് കണാരൻ, വിഎസ്, കെ.ആർ. ഗൗരിയമ്മ എന്നിവരാണ് പ്രഥമ ക്രമത്തിൽ വരുന്നത്. ഏറ്റവും പരീക്ഷണ കാലഘട്ടത്തിലാണ് പിണറായി വിജയൻ പാർട്ടിയെ നയിച്ചത്. നിശ്ചയദാർഢ്യം, പ്രതിബദ്ധത, കാഴ്ചപ്പാട്, ആജ്ഞാശക്തി.. ഒരു നേതാവിനു വേണ്ട ഈ ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ട്. ശക്തനായ ഭരണാധികാരിയും മികച്ച സംഘാടകനുമാണ് പിണറായി.

പാർട്ടി സെക്രട്ടേറിയറ്റിലേക്കു പല തവണ താങ്കളെ പരിഗണിച്ചതാണ്. എന്തുകൊണ്ടാണ് ഒഴിവായത്?

തിരുവനന്തപുരം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോൾ തയാറാക്കിയ സെക്രട്ടേറിയറ്റിന്റെ പാനലിൽ ഞാനും ഉണ്ടായിരുന്നു. എന്നാൽ വളരെ ബഹുമാനപൂർവം ഞാൻ അതിൽനിന്ന് ഒഴിവായി. തിരുവനന്തപുരത്തു കേന്ദ്രീകരിച്ച് സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിൽ എന്റെ പ്രവർത്തന രീതി ക്രമീകരിക്കാൻ പ്രയാസമായിരിക്കും എന്നു ഞാൻ മനസ്സിലാക്കി. മനസ്സില്ലാ മനസ്സോടെയാണ് പിണറായി അത് അംഗീകരിച്ചത്. ആലപ്പുഴ സമ്മേളനം കഴിഞ്ഞപ്പോൾ പിണറായിയും അവിടെ വച്ച് സെക്രട്ടറിയായ കോടിയേരിയും വീണ്ടും ഇതേ കാര്യം വളരെ കാര്യമായി എന്നോട് സംസാരിച്ചു. അപ്പോഴും ബുദ്ധിമുട്ട് പറഞ്ഞത് അവർ അംഗീകരിച്ചു. വേറൊരാളെ എടുക്കാൻ ഇല്ലെങ്കിൽ നമ്മൾ ഒഴിഞ്ഞാൽ അപകടമാണ്. അങ്ങനെ ഒരു സ്ഥിതി ഇല്ലല്ലോ. പകരം ആൾ വന്നു.

തോമസ് ഐസക്കും ജി.സുധാകരനും ആലപ്പുഴയിൽ രണ്ടു തട്ടിലാണെന്ന് വിചാരിക്കുന്നവരോട് എന്താണ് മറുപടി?

ഇതെല്ലാം കുറച്ചു പേർ മനപ്പൂർവം സൃഷ്ടിച്ച്, ഉറപ്പിച്ചു വിടുന്നതാണ്, കുറച്ചു പേർ അതു വിശ്വസിക്കുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ ഒരു അടിസ്ഥാനവുമില്ല. എന്റെയും ഐസക്കിന്റെയും പാർട്ടിയിലേക്കുള്ള കടന്നുവരവ് രണ്ട് തരത്തിലാണ്. ഒരു സാമ്യവും ഇല്ല. ഞങ്ങളുടെ ജീവിതരീതികളും രണ്ടു തരത്തിലാണ്. സിഡിഎസിൽ അധ്യാപകനായിരിക്കുമ്പോഴാണ് ഐസക് പാർട്ടി ബ്രാഞ്ചിലേക്ക് വരുന്നത്.

ഡോ.തോമസ് ഐസക്

ഞാൻ ഒരു കാര്യം വെളിപ്പെടുത്തുകയാണ്. സംസ്ഥാനകമ്മിറ്റിയിൽ ഞാനും മറ്റും വന്ന ശേഷം വളരെക്കാലം അദ്ദേഹം സിഡിഎസിൽ ആയിരുന്നല്ലോ. ആ സാഹചര്യത്തിൽ ഒരു സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുൻപായി വിഎസിനോട് ഐസക്കിന്റെ കാര്യം ഞാൻ സൂചിപ്പിച്ചു. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റെല്ലാം ആയിരുന്ന ആളാണ് ഐസക് എന്ന് അദ്ദേഹത്തെ ഓർമിപ്പിച്ചു, അതിനുശേഷം അക്കാദമിക് മേഖലയിലേക്ക് പോയതാണെന്നും പറഞ്ഞു. തൊട്ടടുത്ത സമ്മേളനത്തിൽ വിഎസ് മുൻകൈ എടുത്ത് ഐസക്കിനെ സംസ്ഥാന കമ്മിറ്റിയിൽ കൊണ്ടുവന്നു.

ഞാൻ പറഞ്ഞതുകൊണ്ട് ഐസക്കിനെ സംസ്ഥാനകമ്മിറ്റിയിൽ എടുത്തു എന്നല്ല. പക്ഷേ ഐസക്കിന്റെ കാര്യം എനിക്ക് ഓർമിപ്പിക്കാനായി. ഞാൻ അങ്ങനെയാണ്. പിന്നീട് മാരാരിക്കുളത്ത് ആദ്യമായി ഐസക് മത്സരിക്കാൻ വന്നപ്പോൾ ആദ്യം വന്നത് എന്റെ വീട്ടിലാണ്. എല്ലാ സിപിഐ ഓഫിസിലും പോകണമെന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. അന്ന് ഐസക് ജയിച്ചു, ഞാൻ അമ്പലപ്പുഴയിൽ 124 വോട്ടിനു തോറ്റു. അന്നു സിപിഐയുടെ ഒരു പ്രവർത്തകൻ ഞങ്ങളുടെ സഖാക്കളുമായുള്ള സംഘട്ടനത്തിൽ മരിച്ചു. അതിൽ പ്രതിഷേധിച്ച് സിപിഐക്കാർ ആരും എനിക്ക് വോട്ടു ചെയ്തില്ല.

എന്നോടുള്ള വ്യക്തിപരമായ എതിർപ്പല്ല, പാർട്ടി തീരുമാനമായിരുന്നു. ആ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു കിടന്ന ചിത്രം മണ്ഡലം മുഴുവൻ അവർ പ്രചരിപ്പിച്ചു. തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിൽ റോസമ്മ പുന്നൂസിനു വേണ്ടി പ്രസംഗിക്കാൻ എത്തിയ പികെവി ഇവിടെ വന്നില്ല. ഏഴായിരത്തോളം വോട്ട് അമ്പലപ്പുഴയിൽ സിപിഐക്കുണ്ട്. ആരും വോട്ടു ചെയ്തില്ല. 32,000 വോട്ട് കിട്ടിയ റോസമ്മ ആലപ്പുഴയിൽ ജയിച്ചു, 48,000 വോട്ട് കിട്ടിയ ഞാൻ അമ്പലപ്പുഴയിൽ പരാജയപ്പെട്ടു.

ഐസക്കിനെ താങ്കൾ സഹായിച്ച കാര്യം അദ്ദേഹത്തിന് അറിയുമോ?

ഇല്ല. ഞാൻ എവിടെയും പറയാൻ പോയിട്ടില്ല. സംസ്ഥാന കമ്മിറ്റിയിൽ വന്നതിനു ശേഷം ഐസക് വളരെ മുന്നോട്ടുപോയി. ഞാൻ ചെയ്യുന്നതൊന്നും ആരോടും പറയാറില്ല. അദ്ദേഹവുമായി ഒരു തരത്തിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അതിന്റെ കാര്യവുമില്ല. സ്ഥാനമാനങ്ങൾ പിടിച്ചെടുക്കാൻ ആർത്തിയോടെ നീങ്ങുന്ന രീതി എനിക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ഒരു രീതി ഇല്ലാത്ത ഞാൻ എന്തിന് അദ്ദേഹത്തോട് വിരോധം പുലർത്തണം. എല്ലാം കെട്ടിച്ചമച്ച കടംകഥയാണ്. ഞാൻ താഴെനിന്നു പ്രവർത്തിച്ചു വന്നു, ഐസക് ഗവേഷണവും മറ്റുമായി വന്നു. പാർട്ടിയിലേക്ക് പല തരത്തിൽ കടന്നു വരാമല്ലോ. വന്നതിനു ശേഷം സമരങ്ങളിലും പ്രക്ഷോഭങ്ങളിലും എല്ലാം ഐസക്ക് പങ്കെടുക്കുന്നുണ്ടല്ലോ.

സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇത്തവണ വലിയ മാറ്റമാണ്. സെക്രട്ടേറിയറ്റിൽ പ്രത്യേകിച്ചും. ഇതൊരു തലമുറ മാറ്റമാണോ?

തലമുറ മാറ്റം എന്ന പ്രയോഗം മാധ്യമങ്ങളുടേതാണ്. എല്ലാക്കാലത്തും പുതിയ ആളുകൾ പാർട്ടി നേതൃത്വത്തിലേക്ക് വരുന്നുണ്ട്. കുറച്ചു കൂടുതൽ പേരെ എടുക്കുന്നത് ഇപ്പോഴായിരിക്കും. 75 വയസ്സ് എന്ന പ്രായപരിധി വച്ചതുകൊണ്ടാണ് അതു സാധ്യമായത്. ലോക പരിജ്ഞാനവും അനുഭവവും ഉള്ളവർ വേണ്ടെന്നാണോ! ഇഎംഎസും കെആർ ഗൗരിയമ്മയും അവസാന കാലം വരെ സജീവമായിരുന്നില്ലേ? വിഎസിന് ഇപ്പോൾ നൂറിന് അടുത്ത് എത്തിയില്ലേ പ്രായം.

ജി.സുധാകരൻ. ചിത്രം: മനോരമ

21–ാം വയസ്സിൽ ജില്ലാ കമ്മിറ്റിയിൽ ഞാൻ‍ എത്തി. അന്ന് തലമുറ മാറ്റം എന്ന് എഴുതിയില്ലല്ലോ. കൂട്ടനാട് താലൂക്കിൽ പാർട്ടിയെ കെട്ടിപ്പടുക്കാൻ വരെ പോയി പ്രവർത്തിച്ചിട്ടുണ്ട്. കർഷക തൊഴിലാളി യൂണിയന്റെയും സിഐടിയുവിന്റെയും ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. അങ്ങനെ ഒര പാട് ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. അല്ലാതെ വെറുതെ കയറി മന്ത്രിയായതല്ല. ഇരുത്തിയ ഒരിടത്തെങ്കിലും പേരുദോഷം ഞാൻ കേൾപ്പിച്ചോ? അതിന്റെ ഗുണം സമൂഹത്തിനും പാർട്ടിക്കും ഉണ്ടായി, എനിക്കും അഭിമാനം ഉണ്ടായി.

പാർട്ടിയിൽ പിണറായി വിജയൻ വിചാരിക്കുന്നയിടത്താണ് എല്ലാം എത്തിക്കുന്നതെന്ന വിമർശനത്തെ എങ്ങനെയാണ് കാണുന്നത്?

ചില പിണറായി വിരുദ്ധന്മാരും പാർട്ടിയെക്കുറിച്ച് മനസ്സിലാക്കാത്ത ചിലരും അങ്ങനെ പറഞ്ഞു നടക്കുന്നുണ്ട്. ചില മാധ്യമങ്ങളും എഴുതുന്നുണ്ട്. 30 വർഷത്തോളം പിണറായി വിജയനുമായി ഏറ്റവും അടുത്തു പ്രവർത്തിച്ച ആളാണ് ഞാൻ. എല്ലാം എല്ലാവരുമായി ആലോചിച്ചാണ് അദ്ദേഹം ചെയ്യുന്നത്. ഒറ്റയ്ക്ക് ഒന്നും അദ്ദേഹം ചെയ്യില്ല, അതു നല്ല ഉറപ്പുണ്ട്. എല്ലാം ചർച്ച ചെയ്യും. അതിനു ബഹളം വയ്ക്കില്ല. ഞാൻ ഇങ്ങനെ ആലോചിക്കാൻ പോകുന്നു എന്നെല്ലാം പറഞ്ഞു നടക്കില്ല. ഒരു കമ്യൂണിസ്റ്റുകാരന് ഉണ്ടായിരിക്കേണ്ട അച്ചടക്കം, സംയമനം എല്ലാം അദ്ദേഹത്തിനുണ്ട്. ഒരിക്കൽ പോലും ഒരു ഉടവ് തട്ടാത്ത ബഹുമാനമാണ് എനിക്ക് സഖാവ് പിണറായിയോട് ഉള്ളത്. വിഎസ് കഴിഞ്ഞപ്പോൾ അതേ ഗൗരവത്തോടെ അദ്ദേഹം പാർട്ടിയെ നയിച്ചു. ഇപ്പോൾ കോടിയേരി നല്ല നിലയിൽ നയിക്കുന്നു.

ജി.സുധാകരനു ചേർന്ന പിൻഗാമിയാണോ ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് കയ്യാളുന്ന മുഹമ്മദ് റിയാസ്?

അദ്ദേഹം എന്റെ പിൻഗാമിയല്ല, ഇതു രാജവാഴ്ച അല്ലല്ലോ. അദ്ദേഹം സംസ്ഥാനത്തെ മന്ത്രിയാണ്. സംസ്ഥാനകമ്മിറ്റി അംഗം എന്ന നിലയിലാണ് ആ പദവിയിൽ എത്തിയത്. തെറ്റില്ലാത്ത തരത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ ഞങ്ങൾ എടുത്ത എല്ലാ നല്ല നടപടികളും പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റേതായ വൈഭവവും കാണിക്കുന്നുണ്ട്. അഴിമതിക്കെതിരെ നിലപാട് എടുക്കുന്നുണ്ട്. മന്ത്രിയായി ഒരു വർഷം ആകുന്നതല്ലേ ഉള്ളൂ.

ജി.സുധാകരൻ. ഫയൽ ചിത്രം: മനോരമ

കൊച്ചിയിൽ 1985ലെ സംസ്ഥാന സമ്മേളനത്തിൽ എം.വി.രാഘവന്റെ നേതൃത്വത്തിൽ ബദൽ രേഖ അവതരിക്കപ്പെട്ടപ്പോൾ അതിനെതിരെ ആദ്യം നിലപാട് എടുത്തു സംസാരിച്ച ഒരാളാണ് താങ്കൾ‍ എന്നു കേട്ടിട്ടുണ്ട്. അന്നത്തെ കൊച്ചി അനുഭവം ഓർമിക്കാമോ?

ബദൽ രേഖ അവതരിപ്പിക്കപ്പെട്ടതിന്റെ തുടക്കത്തിൽ പ്രതിനിധികൾ കൂടുതലും എംവിആറിനൊപ്പമായിരുന്നു. പക്ഷേ ആലപ്പുഴ ജില്ലയിലെ ഒരു പ്രതിനിധി പോലും രാഘവന്റെ കൂടെയില്ല. അന്ന് ആലപ്പുഴയെ പ്രതിനിധീകരിച്ച് രേഖയ്ക്കെതിരെ സംസാരിച്ചത് ‍ഞാനാണ്. വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളിലൂടെ കടന്നു വന്ന പിണറായി വിജയൻ, എസ്.രാമചന്ദ്രൻപിള്ള, എം.എ ബേബി, ഞാൻ. ഈ നാലു പേരും ബദൽ രേഖയ്ക്കെതിരെ ശക്തമായ നിലപാട് എടുത്തു. ഒടുവിൽ ബദൽ രേഖ ദയനീയമായി തള്ളപ്പെട്ടു.

ഞാനും ബേബിയും സംസ്ഥാനകമ്മിറ്റിയിൽ വരുന്നത് ആ സമ്മേളനത്തിലാണ്. ബദൽ രേഖയുടെ വക്താക്കൾ ആ വാദം പാർട്ടി കോൺഗ്രസിലും അവതരിപ്പിച്ചു. കേരള പ്രതിനിധി സംഘത്തിനു വേണ്ടി അതിനെതിരെ ആദ്യം സംസാരിക്കാൻ ചുമതലപ്പെടുത്തിവരിൽ ഒരാൾ ഞാനായിരുന്നു അവിടെയും രേഖ തളളി. ബദൽ രേഖയെങ്ങാനും അംഗീകരിച്ചിരുന്നെങ്കിൽ ചെറുപ്പക്കാരെല്ലാം വഴിതെറ്റി പാർട്ടി നാനാവിധമാകുമായിരുന്നു. ഇഎംഎസിന്റെ നേത‍ൃത്വത്തിൽ ആ വ്യതിയാനത്തെ പാർട്ടി പൊരുതി തോൽപിച്ചു.

ബദൽ രേഖയുടെ സ്ഥാനത്ത് ഇത്തവണ വികസന രേഖയായിരുന്നു കൊച്ചി സമ്മേളനത്തിൽ. പ്രത്യയശാസ്ത്ര ഭാരം ഇറക്കിവച്ച് അധികാര രാഷ്ട്രീയം ഉറപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങളിലേക്കാണോ പാർട്ടി നീങ്ങുന്നത്?

കമ്യൂണിസ്റ്റുകാർക്ക് പ്രത്യയശാസ്ത്രം ഒരു ഭാരമല്ല, അതാണ് ജീവവായു. അതില്ലെങ്കിൽ കമ്യൂണിസ്ററുകാരൻ ചത്തു പോകും. ഞങ്ങളുടെ വിശ്വാസം പ്രത്യയശാസ്ത്രമാണ്. അതു ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കാലത്തിനു പറ്റിയ ഒരു വികസനരേഖ കൊച്ചിയിൽ ചർച്ച ചെയ്തു. അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇനിയും ഉണ്ടെങ്കിൽ അതു മാറ്റുകയും ചെയ്യും. നോക്കുകൂലി പാടില്ലെന്ന് ആദ്യമായി പറഞ്ഞത് കഴിഞ്ഞ പിണറായി സർക്കാരല്ലേ. പുതിയ കാലത്തിൽ കേരളം വളരാനുള്ള, തികച്ചും പ്രത്യയശാസ്ത്രാധിഷ്ഠിതമായ രേഖയാണ് പിണറായി അവതരിപ്പിച്ചത്.

പാർട്ടി സമ്മേളന വേദിയിൽ ജി.സുധാകരൻ. ചിത്രം: മനോരമ

എഴുത്തിൽ എന്നും താൽപര്യം കാട്ടാറുണ്ടല്ലോ. കവിതകൾ കൂടുതൽ പ്രതീക്ഷിക്കാമോ?

എനിക്ക് നന്നായി എഴുതാൻ കഴിയും. പക്ഷേ ഞാൻ എഴുതുന്നത് എനിക്കു തന്നെ വായിക്കാൻ കഴിയില്ല. അത്ര മോശമാണ് കയ്യക്ഷരം. ടൈപ്പ് ചെയ്തെല്ലാമാണ് ഉപയോഗിക്കുന്നത്. മനോരമ വാരികയും കലാകൗമുദി വാരികയുമാണ് ഏറ്റവും കൂടുതൽ എന്റെ കവിത പ്രസിദ്ധീകരിച്ചത്. എഴുത്ത് തുടരണം. ഞാൻ എഴുതുന്നതിൽ എപ്പോഴും മാർക്സിസത്തിന്റെ ഉള്ളടക്കം ഉണ്ടാകും. അതിൽ ഒരു തെറ്റും സംഭവിച്ചിട്ടില്ല.

മാർക്സിസ്റ്റ് ക്ലാസിക്കുകൾ എല്ലാം വായിച്ചിട്ടുണ്ടെന്നു മാത്രമല്ല, അതിൽനിന്ന് കുറിപ്പുകളും എടുത്തിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നു ചോദിച്ചാൽ ‘കമ്യൂണിസ്റ്റ് പാർട്ടി അംഗമായി’ എന്നാണെന്ന് സ്റ്റാലിൻ അദ്ദേഹം എഴുതിയ ‘ഹിസ്റ്ററി ഓഫ് ദ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ദ് സോവിയറ്റ് യൂണിയൻ (ബോൾഷെവിക്ക്സ്)’ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഞാനും അതേ സ്പിരിറ്റ് ഉൾക്കൊണ്ടവരിൽ ഒരാളാണ്.

രാഷ്ട്രീയ പ്രവർത്തനത്തിൽ നേരിന്റെ അടയാളങ്ങളിലൊന്നാണ് ജി.സുധാകരൻ. അങ്ങനെയുള്ളവരുടെ എണ്ണം എല്ലാ പാർട്ടിയിലും കുറയുന്നുണ്ടോ?

എണ്ണമെടുത്തു പറയാൻ കഴിയില്ല, പക്ഷേ ക്രിമിനൽവൽക്കരണം, അഴിമതിബോധം, സ്വജനപക്ഷപാതം, വലതുപക്ഷവൽക്കരണം ഇതെല്ലാം സമൂഹത്തിൽ വളർന്നു വരാനുള്ള അന്തരീക്ഷം ഉണ്ടെന്നാണ് ഞങ്ങളുടെ പാർട്ടി രേഖകൾതന്നെ ചൂണ്ടിക്കാട്ടുന്നത്. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കാലമാണ് ഇത്. സുഖാനുഭൂതി, ആഡംബര ജീവിതം, വരുമാനത്തിൽ കൂടുതൽ ചെലവഴിക്കുക, ഒരു പണിയും എടുക്കാതെ റിയൽ എസ്റ്റേറ്റുമായി നടക്കുക ഇതെല്ലാം ചെറുക്കണം.

ഇങ്ങനെയെല്ലാം ജീവിക്കുന്ന പലരും രാഷ്ട്രീയപാർട്ടികളിലും കടന്നുവരുന്നുണ്ട്. ഇതെല്ലാം ഉള്ള സമൂഹം ആയതുകൊണ്ട് ജാഗ്രത വേണമെന്നാണ് സിപിഎം പറയുന്നത്. സത്യസന്ധരുടെ എണ്ണം വർധിപ്പിക്കാൻ പ്രയാസമാണെന്നു തോന്നാം. എന്നാൽ പാർട്ടി കമ്മിറ്റികൾ ഗൗരവത്തോടെയുള്ള നിലപാട് സ്വീകരിച്ചാൽ അവരുടെ എണ്ണം കൂടും. എല്ലാ പാർട്ടി അംഗങ്ങളും സത്യസന്ധരാകാനുള്ള പരിശീലനമാണ് പാർട്ടി നൽകുന്നത്. ഞങ്ങൾ മാത്രമല്ലേ ഈ ജാഗ്രത പാലിക്കുന്നുള്ളൂ.

ലളിത ജീവിതം, വിനയത്തോടെയുള്ള പെരുമാറ്റം തുടങ്ങിയ ആശയ സംഹിതകളിൽനിന്ന് പുതിയ കാലത്തെ പാർട്ടിയും നേതാക്കളും വഴിമാറുന്നോ?

അങ്ങനെ ഉള്ളവരും ഉണ്ടാകാം. അത്തരക്കാരെ കണ്ടുപിടിച്ചു തിരുത്താനല്ലേ സാധിക്കൂ. ഈ പറഞ്ഞ ഒരു ദുർഗുണവും കമ്മ്യൂണിസ്റ്റുകാരനു പാടില്ല.

ജി.സുധാകരൻ നാളെ അറിയപ്പെടേണ്ടത് എങ്ങനെ ആയിരിക്കണം? ശക്തനായ മന്ത്രിയായി? അല്ലെങ്കിൽ സുതാര്യത കാത്തു സൂക്ഷിച്ച രാഷ്ട്രീയ പ്രവർത്തകനായി? മറ്റെന്തെങ്കിലും?

മന്ത്രിയായും മറ്റുമുള്ള എന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ. എന്നെക്കുറിച്ച് ‘നെഗറ്റിവ്’ ആയി ഒന്നും ആരും കരുതുന്നതായി കാണുന്നില്ല. അക്കാര്യത്തിൽ ഒരേ അഭിപ്രായമാണ് എല്ലാവർക്കും. സത്യസന്ധനായ ഒരു പൊതുപ്രവർത്തകനും കമ്യൂണിസ്റ്റുകാരനുമായി ജീവിച്ചയാൾ എന്നു മാത്രം അറിയപ്പെട്ടാൽ മതി. മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

English Summary: Cross Fire Exclusive Interview with CPM Leader G Sudhakaran