പഞ്ചാബും ചൂലെടുത്തു, ‘തൂത്തുവാരി’ ആം ആദ്മി; ജയന്റ് കില്ലർ കേജ്‌രിവാളിന് ‘കയ്യടി’
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ചാണ് ആം ആദ്മിയും കേജ്‍രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്‌ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി പൊടുന്നനെ കേജ്‍രിവാൾ..Arvind Kejriwal
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ചാണ് ആം ആദ്മിയും കേജ്‍രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്‌ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി പൊടുന്നനെ കേജ്‍രിവാൾ..Arvind Kejriwal
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ചാണ് ആം ആദ്മിയും കേജ്‍രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്‌ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി പൊടുന്നനെ കേജ്‍രിവാൾ..Arvind Kejriwal
പഞ്ചാബിന്റെ മണ്ണിൽ പുതിയൊരു മരം കൂടി പടർന്നു പന്തലിച്ചിരിക്കുന്നു; പുതുകാറ്റും കായ്ഫലങ്ങളും വാഗ്ദാനം നൽകി ജനമസ്സിൽ വേരാഴ്ത്തിയ ആം ആദ്മി പാർട്ടി (എഎപി). രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് അതിർത്തി സംസ്ഥാനമായ പഞ്ചാബിലേക്ക് എഎപി പടരുമ്പോൾ, ഇളക്കം തട്ടുന്നത് കോൺഗ്രസിനാണ്. കേന്ദ്രഭരണപ്രദേശമായ ഡൽഹിയുടെ പരിമിതികളിൽനിന്നു സംസ്ഥാന ഭരണം പൂർണമായി ലഭിക്കുന്ന തലത്തിലേക്ക്, പഞ്ചാബിലേക്ക്, എഎപി വളർന്നിരിക്കുന്നു. കോൺഗ്രസാകട്ടെ കൈവശമുണ്ടായിരുന്ന ഒരു സംസ്ഥാനം കൂടി കൈവിട്ടുപോയതിന്റെ കടുത്ത നിരാശയിലും. ബിജെപിക്കും കോൺഗ്രസിനും പിന്നാലെ ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയായി എഎപി മാറി.
പഞ്ചാബിൽ പ്രചാരണത്തിൽ ആദ്യഘട്ടത്തിൽ മുന്നേറിയെന്നു വിലയിരുത്തിയ കോൺഗ്രസ്, പിന്നീട് എഎപിയും ഒപ്പമെത്തിയെന്നു മനസ്സിലാക്കി. പക്ഷേ, വിജയം കൈവിടുമെന്ന ആശങ്ക പുറമേയ്ക്കെങ്കിലും കോൺഗ്രസ് പ്രകടിപ്പിച്ചിരുന്നില്ല. കഴിഞ്ഞ തവണ അധികാരം പിടിച്ചെടുക്കാമെന്നു കരുതിയ എഎപി 20 സീറ്റുമായി രണ്ടാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഇത്തവണ 90 സീറ്റുകളിലാണ് എഎപി ഏകപക്ഷീയമായി ലീഡ് ചെയ്തു ഭരണമുറപ്പിച്ചത്. എഴുപതോളം സീറ്റുകൾ എഎപി അധികം പിടിച്ചെടുത്തപ്പോൾ, ഭരണകക്ഷിയായ കോൺഗ്രസിനു നഷ്ടമായത് അറുപതോളം മണ്ഡലങ്ങളാണ്.
കഴിഞ്ഞ തവണത്തെ കുറവുകളെല്ലാം പരിഹരിച്ചായിരുന്നു എഎപിയുടെ പ്രചാരണം. ദേശീയമുഖമായ അരവിന്ദ് കേജ്‍രിവാൾ നിത്യസന്ദർശകനായിരുന്നെങ്കിലും പഞ്ചാബിന്റെ മുഖമായി നാട്ടുകാരനായ ഭഗവന്ത് സിങ് മാനെ അവതരിപ്പിച്ചാണ് എഎപി വിമർശകരുടെ വായടിപ്പിച്ചത്. ഡൽഹിയിലെ സദ്ഭരണം വാഗ്ദാനം ചെയ്തായിരുന്നു പഞ്ചാബിൽ വോട്ടുപിടിത്തം. ലക്ഷ്യബോധവും ചിട്ടയായ പ്രവർത്തനവുമാണ് ആം ആദ്മിയുടെ അട്ടിമറി വിജയത്തിന്റെ ആണിക്കല്ല്.
എഎപി പഞ്ചാബ് തൂത്തുവാരുമെന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചപ്പോഴും ആവേശ പ്രതികരണങ്ങൾക്കൊന്നും പാർട്ടി മുതിർന്നില്ല. യഥാർഥ ഫലം വരുംവരെ ക്ഷമയോടെ കാത്തിരിക്കാനായിരുന്നു അണികൾക്കുള്ള നിർദേശം. പഞ്ചാബില്‍ തൂക്കുസഭ ഉണ്ടാകുമെന്ന പ്രവചനങ്ങളെയും കാറ്റിൽപ്പറത്തിയായിരുന്നു എഎപിയുടെ തേരോട്ടം. ശക്തമായ ചതുഷ്കോണ മത്സരം, കർഷക പാർട്ടിയുടെ സാന്നിധ്യം, ബിജെപി സഖ്യത്തിന് ദേരകളിൽനിന്നുള്ള പിന്തുണ എന്നിവയെല്ലാം കൂടി പ്രവചനാതീത പോരാട്ടമാക്കിയ മാറ്റിയ ഇടമാണ് എഎപി അനുകൂലമാക്കിയതെന്നതും ശ്രദ്ധേയം.
2015 ഫെബ്രുവരി 14ന് രണ്ടാം ആം ആദ്‌മി സർക്കാർ ഡൽഹിയിൽ അധികാരമേറ്റപ്പോൾ കേജ്‌രിവാൾ നടത്തിയ പ്രസംഗം രാഷ്ട്രീയക്കാർക്കൊരു പാഠപുസ്തകമാണ്. ‘ഒരു പ്രത്യേക മതത്തിന്റെ പിന്തുണ മാത്രമല്ല പാർട്ടിക്കു ലഭിച്ചത്. ഹിന്ദുക്കൾ, മുസ്‌ലിംകൾ, സിഖുകാർ, ക്രിസ്‌ത്യാനികൾ, ജൈനർ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവരുടെ വോട്ടുകൾ ലഭിച്ചു. ദരിദ്രരും സമ്പന്നരും വോട്ടു ചെയ്‌തു. ഇതു പ്രകൃതിയുടെ അനുഗ്രഹമാണ്. വലിയ വിജയം ലഭിക്കുമ്പോൾ മനുഷ്യരിൽ അഹങ്കാരം മുളയ്‌ക്കും, അപ്പോൾ എല്ലാം നശിക്കുന്നുവെന്ന് ഓർക്കുക. നിങ്ങളെല്ലാവരോടും, മന്ത്രിമാരോടും എംഎൽഎമാരോടും ഒരഭ്യർഥന മാത്രം; മനസ്സിൽ അഹങ്കാരമില്ലെന്ന് ഉറപ്പാക്കുക. അഹങ്കാരം പിടിമുറുക്കിയാൽ ദൗത്യം പൂർത്തിയാക്കാനാവില്ല’.
അഹങ്കാരമില്ലാതെ, ഏവരെയും ഉൾക്കൊണ്ട്, സാധാരണക്കാരുടെ കൂടെയാണ് എന്നു പറഞ്ഞും തോന്നിപ്പിച്ചുമായിരുന്നു ചൂലുമായി എഎപി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. പ്രധാനമായും 6 കാരണങ്ങളാണ് എഎപിയുടെ അസാധാരണ വിജയത്തിനു പിന്നിലെന്നാണു നിഗമനം. വൈകാരിക പ്രകടനം, ഭരണവിരുദ്ധ തരംഗം, മാറ്റത്തിനുള്ള ആഹ്വാനം, മുഖ്യമന്ത്രി സ്ഥാനാർഥി, കർഷക സമരം, വിശദമായ മണ്ഡലപഠനം തുടങ്ങിയവയാണ് അവ. താരപ്രചാരകൻ കേജ്‍രിവാളായിരുന്നു. ഏക് മൗക്ക കേജ്‌രിവാള്‍ (കേജ്‌രിവാളിന് ഒരു അവസരം നല്‍കൂ) എന്ന മുദ്രാവാക്യമാണു മുഴങ്ങിക്കേട്ടത്. കോണ്‍ഗ്രസിനും അകാലിദളിനും ഇഷ്ടംപോലെ അവസരം നല്‍കിയെന്നും ഇത്തവണ എഎപിയെ പിന്തുണയ്ക്കണമെന്നും പറഞ്ഞപ്പോൾ ജനം അതു മനസ്സാ ഏറ്റെടുത്തു.
മുൻ സർക്കാരുകളുടെ ചെയ്തികൾ ജനങ്ങളുടെ പുരോഗതിയെ പിന്നോട്ടടിപ്പിച്ചെന്ന പ്രചാരണവും ആം ആദ്മി വ്യാപകമായി നടത്തി. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ കോൺഗ്രസിനു സാധിച്ചുമില്ല. സ്ത്രീകള്‍ക്കു പ്രതിമാസം 1000 രൂപ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സൗജന്യ വൈദ്യുതി തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനത്തെ ആകർഷിച്ചു. 2017ല്‍ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നതു വീഴ്ചയാണെന്നു തിരിച്ചറിഞ്ഞ എഎപി, ഇക്കുറി നേരംവൈകാതെ ഭഗവന്ത് മാനെ ആ സ്ഥാനത്തേക്കു നിയോഗിച്ചു. ജനകീയ വോട്ടെടുപ്പ് നടത്തിയാണു ഭഗവന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കേജ്‍രിവാൾ പ്രഖ്യാപിച്ചത്. ആഭ്യന്തരപഠനം നടത്തുകയും ജയസാധ്യതയുള്ളവരെ സ്ഥാനാർഥികളാക്കുകയും ചെയ്തപ്പോൾ സിറ്റിങ് എംഎല്‍എമാർക്കു പോലും സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ വിജയത്തിനു മാറ്റുകൂടി.
കർഷക സമരത്തിനു നൽകിയ വ്യാപക പിന്തുണയും എഎപിക്കു വോട്ടുകൾ കൂടാൻ കാരണമായി. ഡൽഹിയിലും പരിസരങ്ങളിലും സമരം ചെയ്ത കർഷകർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ആം ആദ്മി പ്രവർത്തകർ മുന്നിൽനിന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണു കേജ്‍രിവാൾ ഉന്നയിച്ചത്. സമരത്തിന്റെ പ്രഭവ കേന്ദ്രമായ പഞ്ചാബിന്റെ മനസ്സിലേക്ക് എഎപിയെ പ്രതിഷ്ഠിക്കുന്നതിൽ ഇതും പ്രധാന ഘടകമായി. എന്നാൽ, കര്‍ഷക സംഘടനകളുമായി സഖ്യമുണ്ടാക്കാൻ കേജ്‍രിവാൾ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ബിജെപിയുടെ ശക്തിപ്രകടനം പ്രചാരണത്തിൽ മാത്രം ഒതുങ്ങി. തമ്മിൽത്തല്ലും പടലപിണക്കവും കോൺഗ്രസിന്റെ പ്രതീക്ഷകളെ തകിടം മറിച്ചു.
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ചാണ് ആം ആദ്മിയും കേജ്‍രിവാളും ആദ്യം വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്‌ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി അന്നു കേജ്‍രിവാൾ. സൈബർ യുഗത്തിലെ ഇന്ത്യൻ മധ്യവർഗത്തിന്റെ നേതാവ്. ‘നല്ലൊരു ജോലി’ വലിച്ചെറിഞ്ഞായിരുന്നു നാടു നന്നാക്കാനുള്ള വരവ്. ഡൽഹിക്കു പിന്നാലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ കുതിപ്പിലൂടെ യാദൃച്ഛികതയല്ല, ആവർത്തിക്കുന്ന രാഷ്ട്രീയ പ്രതിഭാസമാണെന്ന് എഎപിയും കേജ്‌രിവാളും രാജ്യത്തോടു സാക്ഷ്യം പറയുന്നു; പുതിയ വിത്തുകളും വിളയുന്ന പശിമയുള്ള മണ്ണാണ് അഞ്ചു നദികളുടെ നാടെന്നു പഞ്ചാബും തെളിയിച്ചു.
English Summary: AAP Sweeps Punjab Polls; Big boost for Giant Killer Arvind Kejriwal; An Analysis