പിണറായി സർക്കാരിനു നേരെ സൂനാമിയായി കടം;3.36 ലക്ഷം കോടി കടക്കും, എന്തുചെയ്യും?
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണിപ്പോൾ ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ സാഹചര്യത്തിലാണ് തന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അദ്ദേഹം അവതരിപ്പിക്കുന്നത്.. Kerala Budget 2022
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണിപ്പോൾ ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ സാഹചര്യത്തിലാണ് തന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അദ്ദേഹം അവതരിപ്പിക്കുന്നത്.. Kerala Budget 2022
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണിപ്പോൾ ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ സാഹചര്യത്തിലാണ് തന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് അദ്ദേഹം അവതരിപ്പിക്കുന്നത്.. Kerala Budget 2022
റഷ്യ-യുക്രെയ്ൻ സംഘർഷം ആഗോള യുദ്ധമായി വളരുമോ എന്ന ആശങ്ക ലോകത്തെ പൊതിഞ്ഞു നിൽക്കുമ്പോഴാണ്, ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ പ്രഥമ സമ്പൂർണ ബജറ്റ് സംസ്ഥാന നിയമസഭയിൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ യുദ്ധം തുടരുകയാണെങ്കിൽത്തന്നെ ബജറ്റിലെ പല പ്രഖ്യാപനങ്ങളും പ്രതീക്ഷകളും അപ്രസക്തമാകും. മോദി സർക്കാർ സാമ്പത്തിക ഫെഡറലിസം തകർത്തതോടെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വരുമാനങ്ങൾ നിലച്ച്, അവയുടെ നിത്യനിദാന ചെലവുകൾക്കുപോലും, കേന്ദ്രത്തിനു നേരെ കൈ നീട്ടേണ്ട അവസ്ഥയിലാണ്.
ജനങ്ങളുടെ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ക്ഷേമം തുടങ്ങി ഒരു സമൂഹത്തിന്റെ നിലനിൽപിന്റെ നെടുംതൂണുകളായ മേഖലകളുടെ നടത്തിപ്പ് സംസ്ഥാനങ്ങൾക്കാണ്. ഇതിനു പുറമെ സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വായ്പകളുടെ തിരിച്ചടവ്, വായ്പകളുടെ പലിശ അടവ് എന്നിവയ്ക്ക് വക കണ്ടെത്തണം. ഇതിനു പുറമേ, ജനത്തെ കയ്യിലെടുക്കാൻ നടപ്പാക്കിയ ക്ഷേമ പദ്ധതികൾ നടത്തിക്കൊണ്ടു പോകണം. അതുകൊണ്ടുതന്നെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടം മേടിച്ചു കൂട്ടുകയാണ്.
∙ അസാധാരണ പ്രതിസന്ധി!
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണിപ്പോൾ ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. ഈ കടവും സംസ്ഥാനത്തിന്റെ ജിഡിപിയും തമ്മിലുള്ള അനുപാതം ഒട്ടും ആശ്വാസകരമല്ല. അതിനെല്ലാമുപരിയായി ബാലഗോപാലിന്റെ മുന്നിലുള്ള വെല്ലുവിളി, കടങ്ങളുടെ തിരിച്ചടവ് ഷെഡ്യൂളും അതിന്റെ പലിശയുമാണ്.
ഏതായാലും, കടം സൂനാമിത്തിരമാല പോലെ രണ്ടാം പിണറായി സർക്കാരിന് നേരെ ആഞ്ഞടുക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു സംസ്ഥാനം വിപണിയിൽനിന്ന് ‘സ്റ്റേറ്റ് ഡവലപ്മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി (1,86,658 കോടി) കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചുതീർക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും. സ്റ്റേറ്റ് ഡവലപ്മെന്റ് ലോണുകൾ കടപ്പത്രങ്ങളായിട്ടായിരിക്കും ഇറക്കുക. ഇതിൽ ഭൂരിപക്ഷം കടപ്പത്രങ്ങളുടെയും കാലാവധി 10 വർഷമായിരിക്കും.
ആർബിഐ മാനേജ് ചെയ്യുന്ന ഈ കടപ്പത്രങ്ങൾ, ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയായിരിക്കും വാങ്ങുക. അർധവാർഷികമായി പലിശ നൽകണം. ഒരു സംസ്ഥാന സർക്കാരിന്റെ വരവും, ചെലവും ഒത്തുപോകാത്തപ്പോൾ, ചെലവുകൾ നടത്താനായാണ് ഈ കടപ്പത്രങ്ങൾ സർക്കാർ ഇറക്കുന്നത്. ഇങ്ങനെ ഇറക്കിയ പല കടപ്പത്രങ്ങളുടെയും കാലാവധി തീരാൻ പോകുന്നത് ബാലഗോപാലിനെ ഒട്ടൊന്നുമായിരിക്കില്ല അലട്ടുന്നത്.
∙ ഇനിയും വാങ്ങരുത് കടം!
കാലാവധി തീരുന്ന കടപ്പത്രങ്ങൾ തിരിച്ചുവാങ്ങി അതു കൈവശം ഇരിക്കുന്നവർക്ക് അതിന്റെ മുതൽ (പ്രിൻസിപ്പൽ എമൗണ്ട്) തിരിച്ചു നൽകണം. ഈ സാമ്പത്തികവർഷം (2021-22) അവസാനിക്കുന്നതിനു മുൻപേ കാലാവധി തീർന്ന കടപ്പത്രങ്ങൾ തിരിച്ചുവാങ്ങുന്നതിനും കടപ്പത്രങ്ങളുടെ പലിശ നൽകാനുമായി 25,000 കോടി രൂപ സർക്കാർ കണ്ടെത്തണം. 2024 സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ഈ ബാധ്യത തീർക്കാൻ ഒരു ലക്ഷം കോടി രൂപ വേണ്ടിവരും. ഈ സർക്കാരിന്റെ അവസാന വർഷത്തിൽ (2025-26) ഇതിനായി സർക്കാർ 1.75 ലക്ഷം കോടി കണ്ടെത്തേണ്ടി വരുമെന്നും കണക്കാക്കുന്നു.
കാലാവധി തീർന്ന കടപ്പത്രിക തിരിച്ചു വാങ്ങാൻ വേണ്ടതിനേക്കാൾ, വളരെ അധികം പണം കാലാവധി തീരാത്ത കടപ്പത്രത്തിന്റെ പലിശ നൽകാൻ വേണം. ഇതാണ് ബാലഗോപാലിന്റെ മറ്റൊരു തലവേദന. കേരളത്തിന്റെ സാമ്പത്തിക നില പരുങ്ങലിലായതിനാൽ, കേരളത്തിന്റെ ഈ കടപ്പത്രങ്ങൾ വാങ്ങുന്നവർ മറ്റു സംസ്ഥാനങ്ങളുടെ കടപ്പത്രത്തേക്കാൾ കൂടുതൽ പലിശ ഈടാക്കുന്നതായി ആർബിഐ രേഖകൾ പറയുന്നു. ഇതുകൊണ്ടൊക്കെത്തന്നെ പല ഏജൻസികളും, ഇനിയും അധികം കടമെടുക്കരുതെന്നു കേരളത്തിന് മുന്നറിയിപ്പ് നൽകുന്നു.
∙ ഉറക്കം നഷ്ടപ്പെടുന്ന ധനമന്ത്രി!
രണ്ടറ്റവും എങ്ങനെയെങ്കിലും കൂട്ടിമുട്ടിക്കാൻ ബാലഗോപാൽ ശ്രമിക്കുമ്പോഴാണ്, കെഎസ്ആർടിസി, കെഎസ്ഇബി, കിഫ്‌ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ. ‘പുതിയ കേരളം’ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്ന സിൽവർ ലൈൻ പോലുള്ള എടുത്താൽ പൊങ്ങാത്ത പദ്ധതികൾ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകൾ വേറെയും. വരുമാനം ഉണ്ടാക്കുന്ന കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും കൊടുക്കാൻ ബാലഗോപാൽ പണം കണ്ടെത്തണം.
3499.05 കോടി ഓഹരി മൂലധനമുള്ള കെഎസ്ഇബിയുടെ സഞ്ചിത നഷ്‍ടം 14,588.58 കോടി. അതായത് അതിന്റെ മിച്ച ആസ്തി മൂലധനം മൈനസ് 11,089.53 കോടി. ഇതിനർഥം ജനത്തിന് വൈദ്യുതി കിട്ടണമെങ്കിൽ സർക്കാർ ഖജനാവിൽ അടുത്തുതന്നെ പണം ഇറക്കേണ്ടി വരും എന്നാണ്. കെഎസ്ഇബിയുടെ കണക്കനുസരിച്ച് അതിന്റെ 2020-21ലെ നഷ്ടം 1822.35 കോടി ആയിരുന്നു. എന്നാൽ ഓഡിറ്റേഴ്സിന്റെ അഭിപ്രായത്തിൽ കെഎസ്ഇബിയുടെ 2020-21ലെ നഷ്ടം 2512.74 കോടി എങ്കിലും ആയിരുന്നിരിക്കണം. ഇതൊക്കെ കാണുകയും, കേൾക്കുകയും ചെയ്യുന്ന ബാലഗോപാലിന് ഉറക്കം വരുമോ?
∙ എന്തുണ്ട് കയ്യില്‍?
30,000 കോടി കയ്യിലുള്ള കിഫ്‌ബി 80,000 കോടിയുടെ പണി നടത്തി. കരാറുകാരുടെ ബില്ലടയ്ക്കാൻ 50,000 കോടി വിപണിയിൽനിന്ന് കടമെടുക്കണം. അതിനു സർക്കാർ ജാമ്യം നിൽക്കണം. വരുമാനമില്ലാത്ത കിഫ്‌ബി എടുക്കുന്ന വായ്പയും അവസാനം സർക്കാർ അടക്കണം. സിൽവർ ലൈൻ പദ്ധതി നടപ്പാവുകയാണെങ്കിൽ, പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ വേണ്ട 13,700 കോടി സർക്കാർ നൽകണം. പദ്ധതിക്കുവേണ്ടി എടുക്കുന്ന വായ്പയുടെ ജാമ്യക്കാരനും കേരള സർക്കാരായിരിക്കും.
നടക്കുമോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പദ്ധതിക്കായി ഇപ്പോൾത്തന്നെ കോടികൾ സർക്കാർ മുടക്കികൊണ്ടിരിക്കുകയാണ്. ഇതു വല്ലതും പറഞ്ഞാൽ പണി പോകും എന്നതുകൊണ്ട്, ധനമന്ത്രിക്ക് മിണ്ടാതിരിക്കുകയേ വഴിയുള്ളൂ. കഷ്ടകാലം വരുമ്പോൾ നാലു വശത്തുകൂടി വരുമല്ലോ. ജിഎസ്ടി വരുമാനത്തിലെ നഷ്ടം നികത്താൻ കേന്ദ്രം നൽകുന്ന സഹായം മേയ് മാസത്തോടെ അവസാനിക്കും. കേന്ദ്ര നികുതി വിഹിതമാകട്ടെ 3 ശതമാനത്തിൽ നിന്ന് 1.95 ശതമാനമായി കുറച്ചു.
ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോൾ, സർക്കാരിന്റെ വരുമാനം എന്താണ്? പെട്രോൾ, ഡീസൽ വിൽപനയിലൂടെ കിട്ടുന്ന നികുതി, മദ്യക്കച്ചവടം, ലോട്ടറി ബിസിനസ്, പിന്നെ ഭൂമിയുടെയും മറ്റും റജിസ്ട്രേഷനിൽനിന്ന് കിട്ടുന്ന വരുമാനം. ഇതൊന്നും, ശ്വാശ്വതമായ ഒരു വലിയ വരുമാനമാണ് എന്നു പറയാൻ കഴിയുകയില്ല. വലിയ സ്ഥിരവരുമാനമുണ്ടെങ്കിലേ കേരളത്തിന് പെരുകുന്ന കടത്തിനു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയൂ. അതിനു കളിയും കളിക്കാരും മാറണം .
തൽക്കാലം പിടിച്ചു നിൽക്കാൻ, വരുമാനം അനുസരിച്ചു ചെലവുകൾ ചുരുക്കണം. അതിനു സർക്കാർ അതിന്റെ ആർഭാടങ്ങൾ കുറയ്ക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും മറ്റു അനുകൂല്യങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. സർക്കാർ പെൻഷനുകൾക്കു പരിധി നിശ്ചയിക്കണം. ഈ കയ്പ്പൻ കഷായം കുടിച്ചാലേ രോഗത്തിന് ഒരു ചെറിയ ശമനമെങ്കിലും കിട്ടൂ. ബാലഗോപാലിന്റെ ആദ്യ സമ്പൂർണ ബജറ്റിന് യാതൊരു ‘ഗുമ്മും’ ഉണ്ടാകാൻ ഇടയില്ല. കേന്ദ്രം നൽകുന്ന ഫണ്ടുകൾ എങ്ങനെയൊക്കെ വീതിക്കും എന്നു പറയുന്ന വെറുമൊരു കണക്കപ്പിള്ള പരിപാടി ആയി ബജറ്റ് മാറാനാണു സാധ്യത.
(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)
English Summary: What to Expect in Finance Minister KN Balagopal's First Complete Budget for Kerala- 2022?