റിസോർട്ട് ‘നിറച്ച്’ കോൺഗ്രസ്; വോട്ടെണ്ണും മുൻപേ നെട്ടോട്ടം; ബിജെപി തന്ത്രം വീണ്ടും?
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണുമ്പോൾ ആർക്കായിരിക്കും ആശങ്കയേറെ? എരിതീയിൽ എണ്ണ പകരും പോലെയായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തർപ്രദേശിൽ ബിജെപിയായിരിക്കും അധികാരത്തിലെത്തുകയെന്നു പ്രവചനമുണ്ടെങ്കിലും വോട്ടുയന്ത്രത്തിലെ ബീപ് ശബ്ദം മുഴങ്ങിത്തീരും വരെ ബിജെപി മുൾമുനയിലായിരിക്കും. അത്രയേറെ നിർണായകമാണ് പാർട്ടിക്ക് യുപി ഫലം. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ‘വിധി’ തീരുമാനിക്കുന്നത് യുപി തിരഞ്ഞെടുപ്പു ഫലമായിരിക്കും. 2024ലെ ലോക്സഭാ ഫെനലിന്റെ സെമിയുമാണ് യുപിയിൽ നടക്കുന്നത്.
പഞ്ചാബിൽ ആം ആദ്മി പാർട്ടി തൂത്തു വാരുമെന്ന എക്സിറ്റ് പോൾ ഫലം നെഞ്ചിടിപ്പേറ്റിയിരിക്കുന്നത് കോൺഗ്രസിന്റെയാണ്. ഗോവയിൽ തൂക്കുസഭ വരുമെന്നു പറയുമ്പോഴാകട്ടെ 2017ലെ ഓർമ കോൺഗ്രസിനെ വീണ്ടും വേട്ടയാടും. ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചാവും പോരാട്ടമെന്നു പ്രവചനങ്ങളുണ്ട്. മണിപ്പൂരിൽ എക്സിറ്റ് പോൾ ഫലം ബിജെപിക്ക് ഒപ്പമാണ്. നിലവിൽ പഞ്ചാബ് ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലാണു ഭരണം. പഞ്ചാബിലും അധികാരം പോയാൽ കോണ്‍ഗ്രസ് ഇന്ത്യയിലാകെ ഭരിക്കുക രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാകും!
ആ ‘വിധി’ ഇനി വേണ്ട!
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കഴിഞ്ഞു കേന്ദ്ര നേതൃത്വം. പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ്. സിങ്ദോയുമുൾപ്പെടെയാണ് മണിപ്പൂരിലെത്തിയിരിക്കുന്നത്. 2017ൽ ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും ബിജെപി മന്ത്രിസഭ രൂപീകരിച്ചത് കണ്ടുനിൽക്കേണ്ടി വന്ന ‘വിധി’യുടെ ഓർമയിലാണ് കോൺഗ്രസിന്റെ ഈ മുൻകരുതൽ.
എഎപിയും എംജിപിയും ഇതിനോടകം പിന്തുണ അറിയിച്ചതായാണ് ഗോവയിലെ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോഡൻകർ അറിയിച്ചിരിക്കുന്നത്. ബിജെപിയെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്ന് എംജിപിയും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനു മുൻപേതന്നെ എല്ലാ സ്ഥാനാർഥികളെയും പനജിക്കടുത്ത് ബാംബോലിമിലെ ആഡംബര റിസോർട്ടിലേക്കു മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. എക്സിറ്റ് പോൾ വന്നതിനു പിന്നാലെ ഡൽഹിയിലെത്തിയിരുന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സംസ്ഥാനത്തെ സാഹചര്യങ്ങളെപ്പറ്റി കേന്ദ്ര പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തു.
തൂക്കുമന്ത്രിസഭയാണെങ്കിൽ എഎപി. തൃണമൂൽ കോൺഗ്രസ് നിലപാട് നിർണായകമാകും. തൃണമൂലിനായി തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഗോവയിലുണ്ട്. ഇതാദ്യമായാണ് തൃണമൂൽ ഗോവയിൽ ഭാഗ്യം പരീക്ഷിക്കുന്നത്. കാടടച്ചുള്ള പ്രചാരണം ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണു പാർട്ടി. ജയസാധ്യതയുള്ള സ്ഥാനാർഥികളെ കോൺഗ്രസിനൊപ്പം എഎപിയും രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കോൺഗ്രസാകട്ടെ ഇടയ്ക്കിടെ റിസോർട്ട് മാറുന്ന രീതി പോലും അവലംബിക്കുന്നു.
40 സീറ്റുള്ള ഗോവയിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റു മതി. എന്നാൽ അതുപോലും ലഭിക്കാതിരുന്നിട്ടും 2017ൽ മന്ത്രിസഭ രൂപീകരിച്ചത് ബിജെപിയാണ്. സ്വതന്ത്രർ, മറ്റു പാർട്ടിക്കാര്‍, വിമതർ തുടങ്ങിയവർ ഇത്തവണയും ഭരണത്തിലേറാൻ സഹായിക്കുമെന്നുതന്നെയാണ് ബിജെപി പ്രതീക്ഷ. അങ്ങിനെയെങ്കിൽ ഗോവയിൽ ഹാട്രിക് ഭരണത്തിലേക്കും ബിജെപിയെത്തും.
നെഞ്ചിടിപ്പിന്റെ യുപി
403 സീറ്റുള്ള ഉത്തർപ്രദേശിൽ ബിജെപി വിജയമുറപ്പിച്ചാൽ 3 പതിറ്റാണ്ടിനിടെ ഇതാദ്യമായിട്ടായിരിക്കും ഒരു പാർട്ടി തുടർച്ചയായി രണ്ടാം വർഷവും അധികാരത്തിലെത്തുന്നത്. കാലാവധി പൂർത്തിയാക്കിയ ഒരു മുഖ്യമന്ത്രി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നുവെന്ന റെക്കോർഡും യുപിയിൽ ഇതാദ്യമായി യോഗി ആദിത്യനാഥിനു സ്വന്തമാകും. നേരത്തേ 1985ൽ കോൺഗ്രസ് നേതാവ് എൻ.ഡി.തിവാരി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ആദ്യ ടേമിൽ ഏഴു മാസം മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്.
‘ബിജെപി ഓഫിസിൽ കാര്യമായ തയാറെടുപ്പുകളൊന്നുമില്ല. പക്ഷേ പ്രവർത്തകരെല്ലാം ആവേശത്തിലാണ്..’– യുപി ബിജെപി വക്താവ് രാകേഷ് ത്രിപാദി പറഞ്ഞു. കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത വിധമാണ് എക്സിറ്റ് പോൾ ഫലം. ബിജെപിക്കൊപ്പംനിന്നു പോരാടുന്നതാകട്ടെ അഖിലേഷ് യാദവിന്റെ എസ്‍പിയും. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തലേന്നും അഖിലേഷ് അണികൾക്ക് ആവേശം പകർന്ന് രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ വോട്ടിങ് യന്ത്രങ്ങളിൽ തിരിമറിയുണ്ടെന്ന ആരോപണവുമായാണ് അദ്ദേഹം ചൊവ്വാഴ്ച കളംപിടിച്ചത്. ആരോപണത്തെത്തുടർന്ന് വാരാണസിയിലും മീററ്റിലും വോട്ടെണ്ണലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചുകഴിഞ്ഞു.
ഉത്തരമില്ലാതെ ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ബിജെപി. മുഖ്യമന്ത്രി പുഷ്കർ സിങ്, മുൻ മുഖ്യമന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്ക് തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ചകൾ തുടരുകയാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ. ദീപേന്ദ്ര ഹൂഡയെയാണ് കോൺഗ്രസ് നിരീക്ഷകനായി ഉത്തരാഖണ്ഡിലേക്ക് അയച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ പാർട്ടിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദേവേന്ദ്ര യാദവും രംഗത്തുണ്ട്. പോൾ ക്യാംപെയ്ന്‍ തലവൻ ഹരീഷ് റാവത്തും പിസിസി പ്രസിഡന്റ് ഗണേഷ് ഗോഡിയയും യോഗങ്ങളുമായി സജീവമാണ്.
70 സീറ്റുള്ള നിയമസഭയിലേക്ക് ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടമാകുമെന്നാണ് എക്സിറ്റ് പോൾ ഫലം. തൂക്കുസഭയ്ക്കുള്ള സാധ്യത പോലും പ്രവചിക്കപ്പെട്ടതോടെയാണ് ഇത്രയേറെ കേന്ദ്ര നേതാക്കളുടെ തിരക്ക്. മാത്രവുമല്ല, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയാല്‍ അവസരോചിതമായി ഇടപെടാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും നിയോഗിച്ചു കഴിഞ്ഞു. എംഎൽഎമാരിൽ ഒരാൾ പോലും മറുകണ്ടം ചാടാതെ നോക്കുകയാണ് ബാഗേലിന്റെ ദൗത്യം.
തൂക്കുസഭയാണെങ്കിൽ, എഎപി, എസ്‌പി, ബിഎസ്പി എന്നീ ദേശീയ പാർട്ടികളുടെ മാത്രമല്ല യുകെഡി പോലുള്ള പ്രാദേശിക പാർട്ടികളുടെ സ്ഥാനാർഥികൾക്കും ഉത്തരാഖണ്ഡിൽ ‘വിലയേറും’. എഴുപതിൽ 45 സീറ്റിലേക്കും കോണ്‍ഗ്രസ്–ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. ശേഷിക്കുന്ന 25–30 സീറ്റുകളിൽ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ ചേരുന്നതോടെ ത്രികോണമത്സരത്തിലും കളമൊരുങ്ങി. വിമത ഭീഷണിയും അതിശക്തമായി കോൺഗ്രസും ബിജെപിയും ഉത്തരാഖണ്ഡിൽ നേരിടുന്നു. 13 ബിജെപി വിമതരാണ് ഉത്തരാഖണ്ഡിൽ മത്സരിക്കുന്നത്, ആറ് കോൺഗ്രസ് വിമതരും.
‘ഇത് 2017ലും കേട്ടതാണ്..’
പഞ്ചാബിൽ എക്സിറ്റ് പോൾ വിജയം പ്രഖ്യാപിച്ചെങ്കിലും ആം ആദ്മി പാർട്ടി അമിത ആവേശത്തിനു തയാറായിട്ടില്ല. 2017ലും സമാനമായി പല എക്സിറ്റ് പോളുകളും ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിച്ചിരുന്നു. പക്ഷേ അധികാരത്തിലെത്തിയത്. കോൺഗ്രസ്. ആ അനുഭവം മനസ്സിലുള്ളതിനാൽ എല്ലാം കാത്തിരുന്നു കാണാമെന്ന നിലപാടിലാടിലാണ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നും പാർട്ടി തലവൻ അരവിന്ദ് കേജ്‌രിവാളും. ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദലും വിജയപ്രതീക്ഷയിലാണ്. ബിഎസ്പിയുമായി ചേർന്ന് മത്സരിക്കുന്ന അകാലിദള്‍ ആകെയുള്ള 117 ൽ 80 സീറ്റിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.
പഞ്ചാബ് ഇത്തവണ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ദലിത് നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത് സിങ് ഛന്നിയെയാണ് സംസ്ഥാനത്തെ കാര്യങ്ങൾ നിരീക്ഷിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ദേശീയ നേതാക്കളായ അജയ് മാക്കൻ, പവൻ ഖേര എന്നിവരെ ഹൈക്കമാൻഡ് ചണ്ഡീഗഡിലേക്ക് അയച്ചിട്ടുണ്ട്. ഫലം വരുന്നതിനു പിന്നാലെ അവിടുത്തെ പാർട്ടി ആസ്ഥാനത്തേക്ക് എത്താനാണ് എംഎൽഎമാർക്കു ലഭിച്ചിരിക്കുന്ന നിർദേശം.
പഞ്ചാബിൽ ഫലം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് കോൺഗ്രസ് തലവൻ നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പഞ്ചാബിനു പുറമെ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണസഖ്യത്തിൽ തുടരുന്നു. മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ പ്രതീക്ഷയിലാണ് ബിജെപി.
മണിപ്പൂരിലും ‘പണി’ കിട്ടുമോ?
മണിപ്പൂരിലെ ആകെയുള്ള 60 സീറ്റിലും ബിജെപി മത്സരിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളിൽ വിജയപ്രതീക്ഷ വന്നതോടെ അണികളും ആവേശത്തിലാണ്. എന്നാൽ മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബിജെപിയാണ്. കോൺഗ്രസ് എംഎൽഎമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിന്റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിക്കഴിഞ്ഞു.
എംഎൽഎമാർ കൂറുമാറാതിരിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മുകുൾ വാസ്നിക്കിനും സിങ്ദോയ്ക്കുമൊപ്പം മേഘാലയ പിസിസി പ്രസിഡന്റും എംപിയുമായ വിൻസന്റ് എച്ച്. പാലായും മണിപ്പൂരിലെത്തിയിട്ടുണ്ട്. കോൺഗ്രസ് നിരീക്ഷകൻ ജയ്റാം രമേശും ഇംഫാലിൽ തുടരുകയാണ്. എന്നാൽ നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിന്റെ കൺവീനർ കൂടിയായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിജെപിക്കു വേണ്ടി ചുക്കാൻ പിടിക്കുന്നത്.
എംഎൽഎമാരെ ബിജെപി റാഞ്ചുന്നതു തടയാൻ, ‘ഇത്തവണ വിജയിക്കുന്നവരെയെല്ലാം ഒരുമിച്ച് ഒരിടത്തേക്കു മാറ്റു’മെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് ഒഖ്‌റം സിങ്. കോൺഗ്രസിന് ഇക്കാര്യത്തിൽ നല്ല ‘ബിജെപിപ്പേടി’യുണ്ടെന്ന് ഈ വാക്കുകളിൽത്തന്നെ വ്യക്തം. സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജെഡി(എസ്) എന്നീ പാർട്ടുകളുമായിചേർന്നാണ് മണിപ്പൂരിൽ കോൺഗ്രസിന്റെ മത്സരം. ഇത്തരത്തിൽ അഞ്ച് സംസ്ഥാനങ്ങളിലും ഓരോ പാർട്ടിക്കും ആശങ്കയുടെ പിരിമുറുക്കമുണ്ട്. ആരായിരിക്കും അന്തിമ വിജയി? അധികം കാത്തിരിക്കേണ്ട; ഏതാനും മണിക്കൂറുകൾക്കപ്പുറത്തുണ്ട് ഉത്തരം.
English Summary: What to Know Before the Counting of 5 State Election- Goa, Manipur, Uttar Pradesh, Uttarakhand, Punjab; Live Graphics, Charts, Maps, Tables, Stats