ADVERTISEMENT

തിരുവനന്തപുരം ∙ മല എലിയെ പ്രസവിച്ചതു പോലെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും ദിശാബോധം നഷ്ടമായതുമായ ബജറ്റാണിത്. യാഥാര്‍ഥ്യവുമായി ഒരു പൊരുത്തവുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവച്ചെങ്കിലും ഏത് തരത്തിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വിലയിലൂടെ ലഭിക്കുന്ന അധിക നികുതിക്ക് പുറമേ മറ്റു മേഖലകളിലെ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ പിഴിയാനുള്ള നീക്കമാണ് സര്‍ക്കാരിന്റേത്. കടം എടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ പൊതുധനസ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കണം.

റവന്യു വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാണ് സംസ്ഥാനത്തിനുള്ളത്. അതിനു പുറമേ കടമെടുപ്പും കൂടിയാകുമ്പോള്‍ ട്രഷറി താഴിട്ട് പൂട്ടേണ്ട അവസ്ഥയാണ്. ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെയാണ് ക്ഷേമ പദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും തുടരാന്‍ സാധിക്കുന്നത്. കയ്യില്‍ പണമില്ലാതെ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തില്‍ പ്രതിവര്‍ഷം വര്‍ധന ഉണ്ടാകുന്നു. നാലു ലക്ഷം കോടി രൂപ കടന്ന് നില്‍ക്കുകയാണ് പൊതുകടം. കിഫ്ബിയില്‍ 30,000 കോടി മാത്രമുള്ളപ്പോള്‍ 80,000 കോടിയുടെ നിര്‍മാണ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് അവകാശവാദം. അങ്ങനെയെങ്കില്‍ 50,000 കോടി കടം എടുത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2000 കോടി നീക്കിവയ്ക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തിക്ക് 13,700 കോടിയാണ് വേണ്ടത്. അതും കടം എടുത്തെങ്കില്‍ മാത്രമേ ഈ തുക കണ്ടെത്താന്‍ കഴിയൂ.

അന്തവും കുന്തവും ഇല്ലാതെ കടം പെരുകുമ്പോള്‍ വായും പൊളിച്ച് നില്‍ക്കുകയാണ് ധനമന്ത്രി. ലൈഫ് മിഷന്‍ പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 4000 കോടി മാറ്റിവച്ചപ്പോള്‍ ഇത്തവണ 1871 കോടി  മാത്രമാണ് നീക്കിവച്ചത്. പുതുതായി 9.4 ലക്ഷം അപേക്ഷകള്‍ ലൈഫ് ഭവനനിര്‍മാണ പദ്ധതിയിലേക്ക് ലഭിക്കുമ്പോഴാണ് നാമമാത്രമായ തുക. മലയോര ഹൈവേ, കുട്ടനാട് പാക്കേജ്, വയനാട് പാക്കേജ് എന്നിവയെല്ലാം വെള്ളത്തില്‍ വരച്ച വരകളായി. തീര്‍ത്തും നിരാശജനകമായ ബജറ്റാണിതെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran on Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com