യുപി നേടി, പിറ്റേന്ന് അടുത്ത ദൗത്യവുമായി പ്രധാനമന്ത്രി മോദി; ഗുജറാത്തിൽ റോഡ് ഷോ
Mail This Article
ന്യൂഡല്‍ഹി ∙ നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പിന്നാലെ അടുത്ത ദൗത്യത്തിനിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപി വീണ്ടും അധികാരമുറപ്പിച്ചതിനു തൊട്ടടുത്ത ദിവസംതന്നെ ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടന്നു. നൂറുകണക്കിന് ആളുകള്‍ അണിനിരന്ന പരിപാടിയിൽ കാവിത്തൊപ്പി ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്.
ഈ വർഷം അവസാനമാണു ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി നേരത്തേ പ്രചാരണം തുടങ്ങി. രണ്ടു ദിവസം മോദി ഗുജറാത്തിലുണ്ടാകും. അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗറിലെ ബിജെപിയുടെ സംസ്ഥാന ഓഫിസ് വരെയായിരുന്നു റോഡ് ഷോ. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ‘ഖേൽ മഹാകുംഭ്’ എന്ന കായിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിലെ ബിരുദദാന ചടങ്ങിലും മോദി സംസാരിക്കും.
അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപിയാണ് അധികാരത്തിലേറിയത്. ഉത്തർപ്രദേശില്‍ 403 ൽ 273 ഇടത്ത് വിജയിച്ചാണ് ബിജെപി ഭരണത്തുടർച്ച നേടിയത്. ഉത്തരാഖണ്ഡിൽ 47, മണിപ്പുരിൽ 32, ഗോവയില്‍ 20 എന്നിങ്ങനെ സീറ്റുകളും സ്വന്തമാക്കി ഭരണമുറപ്പിച്ചു. പഞ്ചാബിൽ ആം ആദ്മി തരംഗത്തിൽ ബിജെപിക്കു കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല.
English Summary: PM Modi holds roadshow in poll-bound Gujarat