ആരും കണ്ടില്ല മോദിയുടെ ഭരണവീഴ്ച; ഇനി ബിജെപിയെ വീഴ്ത്താൻ കോൺഗ്രസുമില്ല?
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ വട്ടം രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചു. അതെല്ലാം ‘ആടി നിൽക്കുന്ന’ വോട്ടുകളെ ബിജെപിയുടെകീഴിലേക്കു കൂടുതൽ ഭദ്രമാക്കിയെന്നു വേണം കരുതാൻ. യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു ജനങ്ങളെ ഓർമിപ്പിച്ച ഒരു കാര്യം ..BJP, Modi News, Indira Gandhi, Sonia Gandhi
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ വട്ടം രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചു. അതെല്ലാം ‘ആടി നിൽക്കുന്ന’ വോട്ടുകളെ ബിജെപിയുടെകീഴിലേക്കു കൂടുതൽ ഭദ്രമാക്കിയെന്നു വേണം കരുതാൻ. യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു ജനങ്ങളെ ഓർമിപ്പിച്ച ഒരു കാര്യം ..BJP, Modi News, Indira Gandhi, Sonia Gandhi
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ വട്ടം രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചു. അതെല്ലാം ‘ആടി നിൽക്കുന്ന’ വോട്ടുകളെ ബിജെപിയുടെകീഴിലേക്കു കൂടുതൽ ഭദ്രമാക്കിയെന്നു വേണം കരുതാൻ. യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു ജനങ്ങളെ ഓർമിപ്പിച്ച ഒരു കാര്യം ..BJP, Modi News, Indira Gandhi, Sonia Gandhi
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സന്ദേശങ്ങൾ വ്യക്തമാണ്. ബിജെപിക്കെതിരായ ദേശീയ ബദൽ എന്ന അവകാശവാദം സ്ഥാപിക്കാൻ കോൺഗ്രസിന് ഇപ്പോഴുള്ള നേതൃത്വത്തെ വച്ചു സാധിക്കുകയില്ല. കോവിഡ്, സാമ്പത്തികമാന്ദ്യം, കൃഷി നിയമം എന്നിങ്ങനെയുള്ള ഭരണപ്രതിസന്ധികളോ വീഴ്ചകളോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.
യുപി വിജയം 2024ലെ തിരഞ്ഞെടുപ്പിലേക്കു ജനം തനിക്കു നൽകുന്ന മുൻകൂർ പിന്തുണയാണെന്ന വ്യാഖ്യാനവും മോദി നടത്തിക്കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നു മതനിരപേക്ഷത എന്ന നയം ഏതാണ്ടു പൂർണമായി വിരമിച്ചുകഴിഞ്ഞു. പകരം സുരക്ഷയിലും ജനക്ഷേമത്തിലുമൂന്നിയ ഹിന്ദുത്വ എന്ന മുദ്രാവാക്യം വ്യവസ്ഥാപിതമായിട്ടുണ്ട്. ബിജെപിയുടെ മുഖ്യവാഗ്ദാനമായ ഏകീകൃത സിവിൽകോഡ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ യാഥാർഥ്യമാക്കാനുള്ള നീക്കവും ഇനി വേഗത്തിലാകും.
∙ മോദിയുടെ ജനപ്രീതിയും അഖിലേഷിന്റെ ഭാവിയും
എന്തെല്ലാം ഭരണപരമായ വീഴ്ചകൾ സംഭവിച്ചാലും ഹിന്ദുത്വ ദേശീയത ബിജെപിയുടെ ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയായി ഭാവിയിലും അവരെ ഉയർത്തിനിർത്തുമെന്നാണു പൊതുവെ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. അതിനെ ചെറുക്കാനുള്ള ഒരു ബദൽ രാഷ്ട്രീയ പദ്ധതി നിലവിൽ ആരുടെ കയ്യിലുമില്ല. നെഹ്റു കുടുംബത്തിനെതിരെ മോദിയും അമിത്ഷായും അടക്കം ബിജെപി നേതാക്കൾ നടത്തുന്ന കടുത്ത വിമർശനങ്ങൾ അവർക്ക് വോട്ട് വർധിപ്പിക്കുകയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
5 സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ വട്ടം രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചു. അതെല്ലാം ‘ആടി നിൽക്കുന്ന’ വോട്ടുകളെ ബിജെപിയുടെകീഴിലേക്കു കൂടുതൽ ഭദ്രമാക്കിയെന്നു വേണം കരുതാൻ. യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു ജനങ്ങളെ ഓർമിപ്പിച്ച ഒരു കാര്യം, സമാജ് വാദി പാർട്ടി സർക്കാരിന്റെ കാലത്തെ മാഫിയ വാഴ്ചയും അഴിമതിയും താൻ ഇല്ലാതാക്കി എന്നായിരുന്നു. അഖിലേഷ് തിരിച്ചുവന്നാൽ ഭീകരതയാവും തിരിച്ചുവരിക എന്നും യോഗി പറഞ്ഞുവച്ചു. അതായത് ബിജെപിയുടെ രാഷ്ട്രീയ ആഖ്യാനങ്ങൾ ജനങ്ങൾ വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നാണ് ഫലസൂചനകള്‍. എസ്പിയുടെ ചിഹ്നമായ സൈക്കിളിൽ വച്ചാണു കഴിഞ്ഞ അഖിലേഷ് സർക്കാരിന്റെ കാലത്തു ബോംബുകൾ കൊണ്ടുപോയിരുന്നെന്നു മോദി പ്രസംഗിച്ചത് ഓർക്കുക.
ഏറ്റവും തീവ്രമായ തോതിൽ സമുദായികവിഭജനം സംഭവിച്ച യുപിയിൽ, ഏതെങ്കിലും പിന്നാക്ക, ദലിത് വിഭാഗം രാഷ്ട്രീയ അധികാരം നേടുന്നതു തടയാനും ബിജെപിക്കു സാധിച്ചു. ഈ സാഹചര്യത്തിൽ മുഖ്യമായും യാദവ പാർട്ടിയായിരുന്ന സമാജ് വാദി പാർട്ടിയെ ആ സമുദായികരാഷ്ട്രീയത്തിന്റെ പരിമിതിയിൽനിന്നു പുറത്തേക്കു വ്യാപിപ്പിക്കാൻ അഖിലേഷ് കഠിന ശ്രമമാണു നടത്തിയത്. ബിജെപിയെ ചെറുക്കാൻ ശേഷിയുള്ള രാഷ്ട്രീയ ബദൽ തന്റേതു തന്നെയാണെന്നു അഖിലേഷ് സ്ഥാപിച്ചു എന്നതും ശ്രദ്ധേയമാണ്. അങ്ങനെ നോക്കുമ്പോൾ പരാജയത്തിലും അഖിലേഷിന്റെ പാർട്ടിക്കു പ്രതീക്ഷയ്ക്കു വകയുണ്ട്.
∙ എന്നിട്ടും തറപറ്റിയില്ല ബിജെപി
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ജയന്ത് ചൗധരിയുടെ ആർഎൽഡി, അഖിലേഷ് യാദവിന്റെ എസ്പി, മായാവതിയുടെ ബിഎസ്പി എന്നീ പാർട്ടികൾ വിശാലസഖ്യം ഉണ്ടാക്കിയിരുന്നു. ഒറ്റനോട്ടത്തിൽ ബിജെപിയെ തറപറ്റിക്കാൻ ഈ പ്രതിപക്ഷ ഐക്യം ധാരാളമാണെന്നു തോന്നിപ്പിച്ചുവെങ്കിലും തിരഞ്ഞെടുപ്പു ഫലം മറിച്ചായിരുന്നു. യുപിയിലെ വലിയ കക്ഷികളായ എസ്പിയും ബിഎസ്പിയും ഒരുമിച്ചപ്പോൾ യാദവ് ഇതര ഒബിസി വിഭാഗങ്ങളും ജാദവ് ഇതര ദലിത് വിഭാഗങ്ങളും ബിജെപിയുടെ അണിയിലേക്കു പോയതാണു കണ്ടത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ദലിത് വിഭാഗമാണ് ജാദവുകളെങ്കിൽ യാദവ് ഏറ്റവും വലിയ ഒബിസി വിഭാഗവും. ഇരുവിഭാഗവും ചേർന്നാൽ 10-12 ശതമാനം വോട്ടുകൾ വരും. ശക്തരായ രണ്ടു സമുദായങ്ങൾ കൈകോർക്കുമ്പോൾ സമൂഹത്തിലുണ്ടാകുന്ന ഒരുതരം സമുദായികഭീതിയാണ് 2019ൽ മറ്റു സമുദായികവിഭാഗങ്ങളെ കൂട്ടത്തോടെ ബിജെപിക്ക് അനുകൂലമാക്കിയത്. ഇതിലെല്ലാമുപരിയായി എല്ലാ ഹിന്ദുവിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കുന്ന മോദിയുടെ പൊതു രാഷ്ട്രീയ സ്വത്വമായ ഹിന്ദുത്വയുടെ ആകർഷണവും നിർണായകമായി.
2019ൽ മോദി കൊണ്ടുവന്ന പിഎം കിസാൻ പദ്ധതിയാണു മറ്റൊരു ഘടകം. ഇത് പാവപ്പെട്ട കർഷകർക്ക് ഒരു ചെറിയ തുക അവരുടെ കയ്യിലെത്തിക്കുന്ന പദ്ധതിയായിരുന്നു. ഇത്തവണ ബിജപി സഖ്യത്തിനു മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായെങ്കിലും കഴിഞ്ഞ തവണത്തേക്കാളും 6 ശതമാനം വോട്ടുകൾ കുറയുകയാണു ചെയ്തത്. അതേസമയം, മായാവതിയുടെയും കോൺഗ്രസിന്റെയു വലിയൊരു ശതമാനം വോട്ടുകൾ അടക്കം ബിജെപി വിരുദ്ധ വോട്ടുകൾ സമാജ് വാദി പാർട്ടി സ്വന്തമാക്കുകയും ചെയ്തു.
ഇനി അഖിലേഷിന്റെ അധ്വാന നാളുകൾ
2002നും 2014നുമിടയിൽ യുപിയിൽ മൂന്നു പ്രബല ശക്തികളായിരുന്നു-ബിജെപി, ബിഎസ്പി, എസ്പി. 2014നുശേഷം സ്ഥിതി മാറി. 2017ൽ നരേന്ദ്രമോദി നേരിട്ടിറങ്ങിയാണു യുപി പിടിച്ചത്. ഇതോടെ ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടു വിഹിതം 40 ശതമാനത്തിൽ താഴെയായി കുറഞ്ഞു. മാധ്യമങ്ങളെല്ലാം എതിരായിരുന്നിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തന്റെ കക്ഷിയുടെ വോട്ടുവിഹിതം ഉയർത്താൻ അഖിലേഷിനു കഴിഞ്ഞു.
ബിജെപിക്കും എസ്പിക്കുമിടയിലെ വോട്ടുവിഹിതത്തിലെ വ്യത്യാസം 2017ൽ 18 ശതമാനവും 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 32 ശതമാനമായിരുന്നു. ഇപ്പോഴത് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇത് വരും തിരഞ്ഞെടുപ്പിൽ സുപ്രധാനമായ ഒരു മുന്നേറ്റം അഖിലേഷിന് സാധിപ്പിച്ചു കൊടുക്കാൻ കഴിയുമെന്നതിന്റെ സൂചനയാണ്. വലിയ തോതിൽ മുസ്‌ലിം വോട്ടുകൾ ഏകോപിപ്പിച്ചതുപോലെ യാദവ ഇതര ഒബിസി വോട്ടുകൾ ബിജെപിയിൽ നിന്നു വീണ്ടെടുക്കാനായിരിക്കും ഇനി അഖിലേഷ് അധ്വാനിക്കേണ്ടിവരിക.
ബിജെപിയെ വിജയിപ്പിച്ച കോൺഗ്രസ് വിരുദ്ധത!
ഗോവയിൽ എല്ലാ സീറ്റിലും തനിച്ചു മത്സരിക്കുകയും സംസ്ഥാന ശക്തരായ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിനായി പത്തോളം സീറ്റുകൾ നീക്കിവയ്ക്കുകയും ചെയ്ത ബിജെപി, തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമായും കോൺഗ്രസ് വിരുദ്ധത, നെഹ്റു വിരുദ്ധത പ്രസംഗിക്കുക മാത്രമാണു ചെയ്തത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാനും ഭരണം പിടിക്കാനും ബിജെപിക്ക് അനായാസം കഴിഞ്ഞുവെന്നു വേണം കരുതാൻ.
പഞ്ചാബിൽ ജനവികാരമറിയാൻ ശ്രമിക്കാതെ, തമ്മിലടിച്ച എല്ലാ നേതാക്കളും തോറ്റു. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മുഖ്യമന്ത്രിയെ പുറത്താക്കി നടത്തിയ ഹൈക്കമാൻഡ് പരീക്ഷണം കോൺഗ്രസിനെ ഏറ്റവും നാണം കെട്ട തോൽവിയിലേക്ക് എത്തിച്ചെങ്കിൽ, പഞ്ചാബ് രാഷ്ട്രീയത്തിലെ കുടുംബശക്തിയായി വാണ അകാലിദളിനെയും ജനം നിലംപരിശാക്കി. ഭരണ വീഴ്ചകളെ മറികടക്കാനുള്ള കൃത്യമായ അടവുകൾ ബിജെപിയുടെ കയ്യിലുണ്ട്. എല്ലാറ്റിനുമുപരിയായി ഹിന്ദുത്വ ദേശീയതയിലൂന്നിയ രാഷ്ട്രീയ പ്രത്യയശാസ്ത്രം അവർക്കു നൽകുന്ന അംഗീകാരം നാൾക്കുനാൾ ദൃഢമായി വരുന്നു.
മണിപ്പുരിൽ കഴിഞ്ഞ വട്ടം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ അവിടെ നാലാം സ്ഥാനത്താണ്. ഉത്തരാഖണ്ഡിൽ ഭരണമാറ്റത്തിന് അനുകൂലമായ അന്തരീഷമായിരുന്നു. അവിടെ ബിജെപി രണ്ടു വട്ടം മുഖ്യമന്ത്രിയെ മാറ്റി പ്രതിഷ്ഠിച്ചു. എന്നിട്ടും കോൺഗ്രസിന് അവിടെ ഒന്നും ചെയ്യാനായില്ല. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന എല്ലായിടത്തും ഇത്തരത്തിൽ സ്വന്തം ദൗർബല്യങ്ങളുടെയും ഉദാസീനതകളുടെയും ഭാരത്താൽ ആ കക്ഷി മുട്ടുമടക്കുന്നതാണു നാം കാണുന്നത്.
ഹിന്ദുത്വ സ്വത്വാഭിമാനത്തിൽ അധിഷ്ഠിതമായ വികസന-ജനക്ഷേമ നയങ്ങൾ ജനപ്രിയമാണെന്നു മോദി സർക്കാർ തെളിയിച്ചുകഴിഞ്ഞു. ജനാഭിരുചികളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന പ്രചാരണ പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ കരുത്ത് മോദി സർക്കാർ കൃത്യമായി വിളംബരം ചെയ്യുന്നു. പ്രതിപക്ഷ വിശാല ഐക്യം എന്ന സ്വപ്നം ദേശീയതലത്തിൽ യാഥാർഥ്യമാകായാലും ഇല്ലെങ്കിലും കോൺഗ്രസ് ഒഴിെകയുള്ള കക്ഷികൾ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുന്നതാണു ബിജെപിക്കു താൽപര്യം. പഞ്ചാബിൽ എഎപി നേടിയ വൻ വിജയം അവരെ അലട്ടുന്നില്ല.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, തമിഴ്നാട്ടിൽ ഡിഎംകെ, കേരളത്തിൽ എൽഡിഎഫ്, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, തെലങ്കാനയിൽ ടിആർഎസ്, മഹാരാഷ്ട്രയിൽ ശിവസേന സഖ്യം എന്നിങ്ങനെ നിലവിൽ ബിജെപി വിരുദ്ധ കക്ഷികൾ സംസ്ഥാനതലത്തിൽ ഭരണത്തിൽ തുടരുമ്പോൾ ദേശീയ സംസ്ഥാന തലങ്ങളിൽ കോൺഗ്രസ് മാഞ്ഞുപോകുന്നുവെന്നത് ബിജെപിക്ക് ആത്മവിശ്വാസമേറ്റുന്നു. ബിജെപിവിരുദ്ധ പ്രതിപക്ഷ ഐക്യം എന്നതു ദേശീയ തലത്തിൽ വിദൂരസ്വപ്നമായി തുടരുന്നതും, സ്വന്തം നിലയിൽ ഒരു തിരഞ്ഞെടുപ്പു പോലും വിജയിപ്പിക്കാൻ കഴിയാത്ത വിധം ദുർബലമായിട്ടും രാഹുൽ-പ്രിയങ്ക-സോണിയ കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്നതും ബിജെപിക്ക് ആശ്വാസം പകരുന്നു. മാർച്ച് 31നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള തിരക്കിലേക്കും ബിജെപിക്ക് ഇനി പ്രവേശിക്കാം.
English Summary: BJP Marks an Ideological Victory in 5 State Elections; What is Next for Other Parties including Congress?