'മോദിയില്ലാതെ ഇത് നടക്കുക പോലുമില്ല'; ആ രണ്ട് കാര്യങ്ങള് ബിജെപിയുടെ ‘അദ്ഭുത മന്ത്രം’
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങൾ രാജ്യാന്തര തലത്തിൽപ്പോലും പ്രചരിച്ചു. ശ്വാസം കിട്ടാതെ പിടയുന്നവരുടെ കദന കഥകൾ ഭരണകൂടത്തോടു ചേർന്നു നടക്കുന്ന മാധ്യമങ്ങൾക്കു പോലും പറയേണ്ടി വന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ കഷ്ടത്തിലാക്കി. എന്നാൽ 6 മാസത്തിനിപ്പുറം രണ്ടിടത്തും അനായാസം ബിജെപി ജയിച്ചു കയറിയതെങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. അതിൽ രണ്ടു കാര്യങ്ങളാണ് പ്രധാനം.. Modi
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങൾ രാജ്യാന്തര തലത്തിൽപ്പോലും പ്രചരിച്ചു. ശ്വാസം കിട്ടാതെ പിടയുന്നവരുടെ കദന കഥകൾ ഭരണകൂടത്തോടു ചേർന്നു നടക്കുന്ന മാധ്യമങ്ങൾക്കു പോലും പറയേണ്ടി വന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ കഷ്ടത്തിലാക്കി. എന്നാൽ 6 മാസത്തിനിപ്പുറം രണ്ടിടത്തും അനായാസം ബിജെപി ജയിച്ചു കയറിയതെങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. അതിൽ രണ്ടു കാര്യങ്ങളാണ് പ്രധാനം.. Modi
ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങൾ രാജ്യാന്തര തലത്തിൽപ്പോലും പ്രചരിച്ചു. ശ്വാസം കിട്ടാതെ പിടയുന്നവരുടെ കദന കഥകൾ ഭരണകൂടത്തോടു ചേർന്നു നടക്കുന്ന മാധ്യമങ്ങൾക്കു പോലും പറയേണ്ടി വന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ കഷ്ടത്തിലാക്കി. എന്നാൽ 6 മാസത്തിനിപ്പുറം രണ്ടിടത്തും അനായാസം ബിജെപി ജയിച്ചു കയറിയതെങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. അതിൽ രണ്ടു കാര്യങ്ങളാണ് പ്രധാനം.. Modi
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ നാലിലും ബിജെപിയെ വിജയത്തിലേക്കു നയിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നേരെ പോയത് ഗുജറാത്തിലേക്കാണ്. അവിടെ രണ്ടു ദിവസം പര്യടനം നടത്തുന്ന മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് അംഗങ്ങളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സ്വന്തം സംസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം മാത്രമല്ല, അത്. അടുത്ത വർഷം തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു കാഹളമൂതുകയാണ് മോദി.
2014 മുതലിങ്ങോട്ട് ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളിൽ മോദിയും അമിത്ഷായും വരുത്തിയ സമൂല മാറ്റങ്ങളുടെ തെളിവുകൂടിയാണ് ഗുജറാത്ത് സന്ദർശനം. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ ഉണർന്നെണീറ്റ് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഇന്ത്യൻ രാഷ്ട്രീയ ശീലത്തിൽനിന്ന് മാറി നടക്കുന്നതാണ് ബിജെപിയുടെ കുതിപ്പിന്റെ രഹസ്യങ്ങളിലൊന്ന്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ഓരോ തിരഞ്ഞെടുപ്പും വിജയിക്കാനുള്ളതാണെന്ന തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത്. അങ്ങനെ, മുകളിൽ നിന്നുളള തീരുമാനങ്ങൾ എതിർപ്പിന്റെ ലാഞ്ചന പോലുമില്ലാതെ താഴേത്തട്ടു വരെ ചിട്ടയായി നടപ്പാക്കാനും ബിജെപിക്കു കഴിയുന്നു.
ഉത്തരാഖണ്ഡിലും യുപിയിലും ആറുമാസം മുൻപു വരെയുണ്ടായിരുന്ന അവസ്ഥ ബിജെപിക്ക് അനുകൂലമേ ആയിരുന്നില്ല. ഉത്തരാഖണ്ഡിൽ നാലുമാസത്തിനിടെ 3 മുഖ്യമന്ത്രിമാരെ മാറ്റിയതു കൊണ്ടുള്ള പാർട്ടിയിലെ അസ്വസ്ഥതകളായിരുന്നു പ്രധാനം. കേദാർനാഥും ഹരിദ്വാറുമുൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിക്കാനുള്ള ദേവസ്ഥാനം ബോർഡ് കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ ബ്രാഹ്മണസമൂഹത്തിനുണ്ടായ എതിർപ്പായിരുന്നു മറ്റൊന്ന്. പിന്നെ കോവിഡ് നേരിടുന്നതിലെ പ്രശ്നങ്ങളും.
സമാനമായിരുന്നു യുപിയിലും സ്ഥിതി. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങൾ രാജ്യാന്തര തലത്തിൽപ്പോലും പ്രചരിച്ചു. ശ്വാസം കിട്ടാതെ പിടയുന്നവരുടെ കദന കഥകൾ ഭരണകൂടത്തോടു ചേർന്നു നടക്കുന്ന മാധ്യമങ്ങൾക്കു പോലും പറയേണ്ടി വന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ കഷ്ടത്തിലാക്കി. എന്നാൽ ആറുമാസത്തിനിപ്പുറം രണ്ടിടത്തും അനായാസം ബിജെപി ജയിച്ചു കയറിയതെങ്ങനെ എന്ന് അദ്ഭുതപ്പെടുന്നവരുണ്ടാകാം. അതിൽ രണ്ടു കാര്യങ്ങളാണ് പ്രധാനം. 1) പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ജനപ്രീതി. 2) ഏതു പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കി മാറ്റിയെടുക്കാനുള്ള സംഘടനാ ശേഷി.
മോദി എന്ന വിശ്വസ്ത ബ്രാൻഡ്
സ്ഥിരതയുള്ള സർക്കാരിന്റെയും ഭരണ നിർവഹണത്തിന്റെയും പ്രതീകമായാണ് ബിജെപി നരേന്ദ്രമോദിയെ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്നത്. ഓരോ സംസ്ഥാനത്തിലും അവിടുത്തെ നേതാക്കളുണ്ടെങ്കിലും അവർ എത്ര ജനപ്രിയരാണെങ്കിലും മോദി എന്ന ബ്രാൻഡാണ് ബിജെപിയുടെ വിജയമന്ത്രം. അത് തുറന്നു സമ്മതിക്കുന്നതിൽ പാർട്ടിക്കു മടിയുമില്ല. യോഗി ആദിത്യനാഥ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ മുഖച്ചിത്രമായി ഉയർന്നു വന്നപ്പോഴും യുപിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയത് മോദിയായിരുന്നു. മോദി പറഞ്ഞാൽ പറഞ്ഞതു ചെയ്യുമെന്ന പാർട്ടിയുടെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുള്ള പ്രചാരണം ജനങ്ങളിലേക്ക് കൃത്യമായി എത്തി.
കോവിഡിനാൽ കഷ്ടപ്പെട്ടപ്പോൾ റേഷൻ തന്നത് മോദിയാണെന്ന പ്രചാരണം കുടുംബങ്ങളെ സ്വാധീനിച്ചു. പാവപ്പെട്ടവർക്ക് വീട്, ശൗചാലയങ്ങൾ എന്നിവ വാഗ്ദാനം ചെയ്തതു പോലെ നടപ്പാക്കുക മാത്രമല്ല, അതിന്റെ ഗുണഭോക്താക്കളെ നേരിട്ടു സന്ദർശിച്ച് ഇതെല്ലാം തന്നത് മോദിയുടെ നയങ്ങളാണെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുകയും ചെയ്തു. കോവിഡ്കാ\ലത്തെ കല്ലുകടികളും തൊഴിലില്ലായ്മയുമൊക്കെ മറികടക്കാൻ കരുതലിന് ഒരാളുണ്ട് എന്ന മട്ടിലുള്ള പ്രചാരണ രീതി ഫലം ചെയ്തു. യുപിയിലും ഉത്തരാഖണ്ഡിലും ജനങ്ങളെ കയ്യിലെടുത്തത് ആ തന്ത്രങ്ങളുടെ വിജയമാണ്.
പകരം വയ്ക്കാനില്ലാത്ത സംഘടനാ ശേഷി
വോട്ടർപ്പട്ടികയിലെ ഓരോ പേജിനും ഒരു ചുമതലക്കാരൻ (പന്ന പ്രമുഖ്) എന്ന മട്ടിലാണ് യുപിയിൽ ബിജെപി തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ഒരു പേജിലുള്ള വോട്ടർമാരെ ബൂത്തിലെത്തിക്കുകയും അവർ ബിജെപിക്കു വോട്ടു ചെയ്യുന്നുവെന്നുറപ്പാക്കുകയും ചെയ്യുകയാണ് പന്ന പ്രമുഖിന്റെ ജോലി. ബിജെപിയോടു താൽപര്യമുളള വോട്ടർമാരെ ചേർത്ത് നിരവധി വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികൾ ഓരോ വീട്ടിലുമുള്ളവർ കാണുന്നുവെന്ന് ഉറപ്പാക്കി. റാലികളിൽ ജനപങ്കാളിത്തമുറപ്പിക്കാൻ പാർട്ടി സംവിധാനം ഉപയോഗിച്ചു.
പെട്രോൾ ബങ്കുകൾ നിറഞ്ഞു കിടക്കുന്ന ബിജെപി പതാകയുള്ള ബൈക്കുകൾ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. അടുത്ത റാലി സ്ഥലത്തേക്കു പോകാനുള്ള പെട്രോൾ പണം പാർട്ടി കൊടുത്തു. ബിജെപിയല്ലാതെ ചിട്ടയോടെ പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയില്ലെന്ന ബോധം ജനങ്ങളിലേക്ക് എത്തിച്ചു. സാങ്കേതിക വിദ്യയും സ്മാർട് ഫോണുകളും ഇത്ര ഫലപ്രദമാക്കി പാർട്ടി പ്രചാരണത്തിനുപയോഗിച്ച വേറെ രാഷ്ട്രീയ കക്ഷിയുണ്ടാവില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാങ്കേതികവിദ്യ കൃത്യമായി ഉപയോഗിച്ചു. ഞങ്ങളിതു ചെയ്തു എന്നു പറയുക മാത്രമല്ല, അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നുവെന്ന് ഇടയ്ക്കിടെ ജനങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.
മുകളിൽ നിന്നെടുക്കുന്ന തീരുമാനങ്ങൾ അക്ഷരം പ്രതി നടപ്പാക്കുന്ന സംഘടനാ സംവിധാനവും അതിനു തുണയായി. യോഗിക്കെതിരെ ഉയർന്ന ശബ്ദങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടിടപ്പെട്ട് ഇല്ലാതാക്കി. മോദിയുടെ പിന്തുണ യോഗിക്കാണെന്നു വന്നതോടെ എതിർ ശബ്ദങ്ങളെല്ലാം താനേ അടങ്ങുകയായിരുന്നു. കോവിഡ് കാലത്ത് യോഗിയെ വിമർശിച്ചു കത്തെഴുതിയ മുൻ കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വാർ, ബിജെപി എംപിമാരായ വരുൺഗാന്ധി, അമ്മ മേനക ഗാന്ധി എന്നിവരൊക്ക പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങുകയോ പാർട്ടിയിൽ ഒതുക്കപ്പെടുകയോ ചെയ്തു. കൃത്യമായ സന്ദേശമാണ് അതിലൂടെയെല്ലാം പാർട്ടി നേതാക്കളിലേക്കും അണികളിലേക്കുമെത്തിയത്.
സാമൂഹിക എൻജിനീയറിങ്
കോൺഗ്രസ് ദുർബലമായതോടെ ബ്രാഹ്മണ വോട്ടർമാരിൽ വലിയൊരു പക്ഷം ബിജെപിയിലേക്കു ചാഞ്ഞിരുന്നു. എന്നാൽ ഠാക്കൂറായ യോഗി ആദിത്യനാഥ് തങ്ങളെ അവഗണിച്ചുവെന്ന തോന്നലിലാണ് അത് അവസാനിച്ചത്. അതു മുതലെടുക്കാൻ മായാവതിയും അഖിലേഷ് യാദവും ശ്രമിച്ചെങ്കിലും നടന്നില്ല. അധോലോക നായകൻ വികാസ് ദുബെയെ വെടിവച്ചു കൊന്നപ്പോഴടക്കം ബ്രാഹ്മണ സമൂഹത്തിൽനിന്ന് അസ്വസ്ഥതയുടെ സ്വരങ്ങളുയർന്നിരുന്നു.
കോൺഗ്രസിൽനിന്ന് ജിതിൻ പ്രസാദയെ അടർത്തിയെടുത്ത് ബ്രാഹ്മണ മുഖമാക്കി നേരിട്ടിറക്കി വിട്ടു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ ചോർന്നു പോയപ്പോഴും അതേ തന്ത്രമാണ് സ്വീകരിച്ചത്. സ്വാമി പ്രസാദ് മൗര്യ എന്ന ശക്തനായ നേതാവിനെതിരെ കോൺഗ്രസിൽനിന്നു വന്ന ആർപിഎൻ സിങ്ങിന്റെ നേതൃത്വത്തിലാണ് ബിജെപി വീടുകൾ കയറി പ്രചാരണം നടത്തിയത്. സ്വന്തം മണ്ഡലം വിട്ടോടിയ സ്വാമി പ്രസാദ് മൗര്യ തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. ബ്രാഹ്മണ വോട്ടുകൾക്കു പ്രാമുഖ്യമുള്ള മധ്യ, കിഴക്കൻ യുപിയിലെ സീറ്റുകളിലൊക്കെ ബിജെപിക്കു തന്നെയാണ് മുൻതൂക്കം.
കർഷക പ്രക്ഷോഭത്തിന്റെ പേരിൽ ജാട്ടുകൾ മുസ്‌ലിംകളോട് അടുക്കുന്നുവെന്ന അവസ്ഥയുണ്ടായപ്പോൾ ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ നേരിട്ടിറങ്ങി. ഹിന്ദു കച്ചവടക്കാർക്ക് നാടുവിടേണ്ടി വന്നു എന്ന് ആരോപണമുയർന്ന ഖൈറാനയിലാണ് അമിത് ഷാ വീടു കയറി പ്രചാരണത്തിനു തുടക്കമിട്ടത്. യോഗി ആദിത്യനാഥ് വന്നപ്പോൾ ആർക്കും വീടു വിട്ടോടേണ്ടി വന്നില്ല എന്ന മട്ടിലായിരുന്നു ആദ്യ പ്രചാരണം. പിന്നീട് ജാട്ടുകളുടെ യോഗം വിളിച്ച് അവരുടെ പരിഭവം തീർക്കാനുള്ള ശ്രമം നടത്തി. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നു പറഞ്ഞു.
സമാജ് വാദി പാർട്ടിക്കൊപ്പം നിന്ന ജയന്ത് ചൗധരിയെന്ന ജാട്ട് നേതാവിനോടു മൃദു സമീപനംസ്വീകരിച്ചു. ജയന്തിന് എപ്പോൾ വേണമെങ്കിലും ബിജെപിക്കൊപ്പം വരാമെന്നു വാതിൽ തുറന്നു വച്ചു. ജാട്ട് മേഖലകളിൽ അതു പ്രതിഫലിക്കുകയും ചെയ്തു. അതോടൊപ്പംതന്നെ ജാട്ടുകളോട് എതിർപ്പുള്ള മറ്റ് ഒബിസി വിഭാഗക്കാരെ ഒപ്പം നിർത്താൻ സന്നാഹമൊരുക്കി. കേന്ദ്രമന്ത്രിസഭയുടെ വികസനത്തിൽ ഈ വിഭാഗങ്ങളിൽ നിന്നുള്ളവർക്കു പ്രാമുഖ്യം നൽകി. അവരിൽ പല സമുദായങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചു. ഫലം, പടിഞ്ഞാറൻ യുപിയിൽ കഴിഞ്ഞ തവണത്തേക്കാൾ എസ്പി–ആർഎൽഡി സഖ്യം നില മെച്ചപ്പെടുത്തിയെങ്കിലും ബിജെപിക്കു കോട്ടം തട്ടിയില്ല.
ഇത്തവണ ഈ മേഖലയിലെ 136 സീറ്റുകളിൽ 93 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. എസ്പി–ആർഎൽഡി സഖ്യത്തിന് 43 സീറ്റുകളാണ് ലഭിച്ചത്. കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരിയിലെ സീറ്റുകളിലും ബിജെപി മുന്നിട്ടു നിന്നു. ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് തേനിയെ ഒഴിവാക്കണമെന്ന സമ്മർദ്ദത്തിനു വഴങ്ങാതെ ബ്രാഹ്മണ സമൂഹത്തിന്റെ കൂടുതൽ എതിർപ്പു വാങ്ങാതെ ബിജെപി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
‘മോദിയില്ലെങ്കിൽ ഇതൊന്നും നടക്കുക പോലുമില്ല’
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും മുഖഛായ മാറ്റിയ കാശിധാം പദ്ധതി 2021 ഡിസംബർ 13നാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതി പൂർണമായും പണി കഴിഞ്ഞിട്ടില്ലെങ്കിലും യുപി തിരഞ്ഞെടുപ്പിനു മുൻപേ ഉദ്ഘാടനമെന്നത് പ്രഖ്യാപിത ലക്ഷ്യമായിരുന്നു. മുൻപൊരിക്കൽ കാശിയിൽ പോയവർ ഇനി പോകുമ്പോൾ അന്തംവിട്ടു നിൽക്കുന്ന വിധം മനോഹരമായ വിധത്തിലാണ് കാശി വിശ്വനാഥ ക്ഷേത്രവും പരിസരങ്ങളും മാറിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014ൽ വാരാണസിയിൽ നാമനിർദേശ പത്രിക നൽകാൻ വന്നതു തന്നെ വ്യക്തമായ ഉദ്ദേശ്യങ്ങളോടെയായിരുന്നു. അന്ന് മാധ്യമങ്ങളോടു മോദി പറഞ്ഞത്: ‘ഞാനിവിടെ വന്നതോ എന്നെ നിയോഗിച്ചതോ അല്ല. ഗംഗാ മാതാവാണ് എന്നെ വിളിച്ചത്’. ഹിന്ദുവിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനത്താണ് കാശിയുള്ളത്. കാശിയുടെ വികസനം നടപ്പാക്കുക വഴി മോദിയും ബിജെപിയും സ്ഥാനമുറപ്പിക്കുന്നത് വിശ്വാസത്തിന്റെ മടിത്തട്ടിലാണെന്ന് പാർട്ടിയുടെ തന്ത്രജ്ഞർ കരുതുന്നു. ജോലികൾ പൂർത്തിയാക്കാൻ ഇനിയും ബാക്കിയുണ്ടായിട്ടും തിരക്കിട്ട് ഉദ്ഘാടനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനു പിന്നിലും കാശിയുടെ വികസനത്തിലൂടെ ബിജെപി ഉണ്ടാക്കിയെടുക്കുന്ന രാഷ്ട്രീയ നേട്ടം തിരിച്ചറിഞ്ഞു തന്നെയാണ്.
രാജ്യം മുഴുവൻ ആഘോഷമാക്കി കാശി ധാം ഉദ്ഘാടനം മാറ്റിയതിനു പിന്നിലും കൃത്യമായ ആസൂതണമുണ്ടായിരുന്നു. ബിജെപിയുടെ 11 മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമൊക്കെ ദിവസങ്ങളോളം കാശിയിൽ കേന്ദ്രീകരിച്ചു. വിവിധ പദ്ധതികളും സെമിനാറുകളും ഒപ്പം നടത്തുകയും ചെയ്തിരുന്നു. കാശി ക്ഷേത്രപരിസര നവീകരണത്തിന് 1200ലേറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വന്നു. നിരവധി കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വന്നു. എതിർപ്പിന്റെ സ്വരങ്ങളെയെല്ലാം അതിജീവിക്കാൻ ഭരണകൂടത്തിനു കഴിഞ്ഞു. ഇപ്പോൾ നവീകരിച്ച കാശി തെരുവുകളിലൂടെ നടന്ന് വഴിയോരക്കച്ചവടക്കാരോടും എതിരെ വരുന്നവരോടും വെറുതേ ചോദിച്ചു നോക്കുക. അവർ നന്ദി പറയുന്നത് മോദിക്കാണ്.
‘മോദിയില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കുക പോലുമില്ലായിരുന്നു’ എന്നു പറയുന്ന നിരവധി പേരെ വാരാണസിയിൽ കാണാം. പൗരാണിക നഗരങ്ങളുടെ പ്രൗഢി വീണ്ടെടുക്കാൻ ബിജെപിക്കും മോദിക്കുമേ കഴിയൂ എന്ന ധാരണ വ്യാപകമാക്കുക തന്നെയാണ് ബിജെപിയുടെ തന്ത്രജ്ഞരും ഉദ്ദേശിച്ചത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതു പോലുള്ള കടുത്ത നീക്കങ്ങൾ ഇനിയുള്ള കാലം പ്രാവർത്തികമല്ലെന്ന് ബിജെപിക്കറിയാം. അതുകൊണ്ടുതന്നെ കാശിയും മഥുരയും പോലുള്ള സ്ഥലങ്ങളിൽ വിവിധ വികസന പദ്ധതികളിലൂടെ ടൂറിസം വളർത്തിയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയുമൊക്കെയാണ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത്.
കാശിക്ഷേത്രത്തിന്റെ വികസനം പൂർത്തിയായപ്പോൾ ജ്ഞാൻവ്യാപി പള്ളി പ്രാധാന്യം കുറഞ്ഞ് ക്ഷേത്ര സമുച്ചയത്തിനു നടുവിൽ ഒളിച്ചുവച്ച പോലെയാണിപ്പോൾ. പള്ളിക്കമ്മിറ്റിക്ക് നഗരമധ്യത്തിൽ പകരം സ്ഥലം കൊടുത്താണ് വികസനത്തിനു സ്ഥലം ഏറ്റെടുത്തത്. അതുപോലെയാണ് മഥുര–വൃന്ദാവൻ വികസനവും ആലോചിക്കുന്നത്. ഇതിനായി വൃന്ദാവൻ ബ്രജ് തീർഥ് വികാസ് പരിഷത് എന്ന സമിതി ഉണ്ടാക്കിക്കഴിഞ്ഞു. വികസനത്തിന്റെ കുത്തൊഴുക്കാണ് മഥുരയേയും കാത്തിരിക്കുന്നത്. അയോധ്യയിൽ ക്ഷേത്രനിർമാണത്തോടനുബന്ധിച്ചു നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ മാതൃക യുപിയിലെ ജനങ്ങൾക്കു മുൻപിലുണ്ട്.
അതേസമയം, എങ്ങനെയെങ്കിലും സ്വസ്ഥമായി ജീവിച്ചു പോയാൽ മതി എന്ന സാധാരണക്കാരന്റെ മനോഗതിയിലൂടെയാണ് വികസനത്തിന്റെ മാതൃകയിൽ അജൻഡകൾ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നുണ്ട്. വികസനമുണ്ടെങ്കിൽ പിന്നെ ഹിന്ദുത്വ രാഷ്ട്രീയം പറയുന്നതെന്തിന് എന്ന ചോദ്യം എല്ലാ ബിജെപി നേതാക്കളും നേരിടുന്നതാണ്. കാലങ്ങളായി ബിജെപി ഉയർത്തുന്ന രാഷ്ട്രീയം അതാണെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം അതും ഉയർത്തിപ്പിടിക്കുന്നുവെന്നുമാണ് അവർ നൽകാറുള്ള ഉത്തരം. യുപിയിൽ ഇത്തവണ നടന്നതും അതിന്റെ നേർക്കാഴ്ചകൾ തന്നെയായിരുന്നു.
അയോധ്യ രാമക്ഷേത്രനിർമാണത്തിലൂടെ ഹിന്ദുത്വ അജൻഡയുടെ നടപ്പാക്കലിനൊപ്പം ആ പ്രദേശത്തിന്റെ വികസനത്തിലേക്കുള്ള മാർഗം കൂടിയായാണ് പാർട്ടി മുന്നോട്ടു വച്ചത്. കാശിധാം വികസനം, മഥുര ക്ഷേത്ര വികസനം എന്നിവയൊക്കെ യുപിയുടെ വികാസത്തിലേക്കുള്ള ചുവടു കൂടിയായാണ് ജനങ്ങളിലേക്കെത്തിച്ചത്. ഒപ്പം നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കലും എക്സ്പ്രസ് വേകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കേന്ദ്രവും സംസ്ഥാനവും ചേർന്ന ‘ഡബിൾ എൻജിൻ’ സർക്കാർ എന്ന മുദ്രാവാക്യം വോട്ടർമാരുടെ മനസ്സുകളിൽ പതിപ്പിച്ചു.
യോഗി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാണിക്കപ്പെടുന്ന ക്രമസമാധാന പാലനത്തിൽപ്പോലും അതുണ്ടായിരുന്നു. ഗുണ്ടകളെല്ലാം ഒരു വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് പറയാതെ പറയാൻ 80:20 എന്ന യോഗിയുടെ പ്രയോഗം ഉപകരിച്ചു. തീവ്രവാദികളെയും അക്രമികളെയും അടിച്ചമർത്തിയതിൽ 80 ശതമാനത്തിനും സംതൃപ്തിയാണെന്നും ബാക്കി 20 ശതമാനമാണ് അവരെ പിന്തുണയ്ക്കുന്നതെന്നും വിശദീകരണം വന്നെങ്കിലും ലക്ഷ്യം വ്യക്തമായിരുന്നു. അത് കൃത്യമായി ജനങ്ങളിലേക്കെത്തുകയും ചെയ്തു. 80 ശതമാനത്തിലും 20 ശതമാനത്തിലുമുള്ളവർ ക്രമസമാധാന പാലനം ഭംഗിയായിരുന്നുവെന്ന് സമ്മതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾ എല്ലാവരും
യോഗി ആദിത്യനാഥ് സർക്കാരും മോദി സർക്കാരും നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഭോക്താക്കൾ ന്യൂനപക്ഷങ്ങളാണ് എന്നതായിരുന്നു മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിൽ പാർട്ടി പ്രചാരണത്തിന്റെ ആണിക്കല്ല്. മോദി സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയുടെ നേട്ടം ലഭിച്ച 2 കോടിയിലേറെപ്പേരിൽ 31% ശതമാനം ന്യൂനപക്ഷങ്ങളാണ്. കിസാൻ സമ്മാൻ നിധി പ്രകാരം ആനുകൂല്യം ലഭിച്ച 12 കോടിയിൽ 33% പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരാണ്. ഒരു ക്ഷേമ പദ്ധതികളിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തുകയോ വേർതിരിക്കുകയോ ചെയ്യുന്നില്ല.
മുൻ സർക്കാരുകളേക്കാൾ കൂടുതൽ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നത് തങ്ങളാണെന്നും പാർട്ടി അവകാശപ്പെടുന്നു. മറ്റു പാർട്ടികൾക്ക് മത നിരപേക്ഷത എന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപാധി മാത്രമാകുമ്പോൾ ബിജെപിക്ക് അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും പാർട്ടി പറഞ്ഞു. മുത്തലാഖ് നിരോധനം നടപ്പാക്കിയതോടെ മുസ്‌ലിം വനിതകളുടെ പിന്തുണയും ബിജെപിക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ യോഗങ്ങളിൽ പറയാറുണ്ടായിരുന്നു.
അപ്രസക്തമാകുന്ന പ്രതിപക്ഷം
ബിജെപി വിരുദ്ധ മുന്നണി എന്ന ആശയം തന്നെ അപ്രസക്തമാക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ബിജെപിക്കു നൽകുന്ന വലിയ നേട്ടം. പ്രതിപക്ഷ പ്രാദേശിക കക്ഷികളുടെ നേതാക്കളെന്ന നിലയിൽ മമത ബാനർജിയും എം.കെ. സ്റ്റാലിനും നിൽക്കുന്നിടത്തേക്ക് എഎപിയുടെ അരവിന്ദ് കേജ്‌രിവാൾ കൂടി വരുന്നത് ബിജെപിക്ക് സന്തോഷമേ നൽകൂ. എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ദേശീയ കക്ഷിയെന്ന നിലയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് അശക്തരാകുമ്പോൾ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യത വർധിക്കുകയാണ്. സംഘടനാപരമായി ദുർബലമായ കോൺഗ്രസിന് ബിജെപിയെ നേരിടാനാവില്ലെന്ന വാദത്തിനും ശക്തിയേറും. വരും വർഷങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കയറാനും ഈ ഫലങ്ങൾ ബിജെപിക്കു ചവിട്ടു പടിയാവും.
Engish Summary: What is the 'Success Mantra' Behind BJP's Huge Victory in 2022 UP, Uttarakhand, Goa, Manipur Assemby Elections?