'പ്രഫുൽ ഖോഡ പട്ടേലിനെ ലഫ്. ഗവർണറാക്കാനാണോ പദ്ധതി?' ട്വീറ്റുമായി കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഡൽഹി ലഫ്. ഗവർണറായി നിയമിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോയെന്ന ട്വീറ്റുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാനാണോ ഒരുക്കം?’-കേജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. ലക്ഷദ്വീപിൽ നടപ്പാക്കിയ ഭരണപരിഷ്കരണങ്ങളുടെ പേരിൽ പ്രദേശവാസികളുടെ എതിർപ്പ് നേരിടുകയാണ് പ്രഫുൽ പട്ടേൽ. കേജ്‌രിവാളിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴിവച്ചു.
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ ഗവർണറെ നിയമിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. മാർച്ച് ഒൻപതിന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാമെന്ന് ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റി. നിലവിൽ ഡൽഹി ലഫ്.ഗവർണറായ അനിൽ ബൈജൽ 2016ലാണ് പദവിയിൽ നിയമിതനായത്.
അതേസമയം തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തണമെന്നും വോട്ടിങ് തിരിമറികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു ആംആദ്മി പാർട്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
English Summary: Kejriwal asks a question on Twitter on Praful Patel, leaves it at that!