‘സുഖിപ്പിക്കുന്നവർ മതിയെന്ന രീതി മാറ്റണം, രാഹുൽ പ്രതിപക്ഷ നേതാവാകണം; ആന്റണിയെപ്പോലും പ്രയോജനപ്പെടുത്തുന്നില്ല’
2018 ൽ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തു. എന്റെ ജില്ലയായ പത്തനംതിട്ടയിൽ ഒതുങ്ങി പ്രവൃത്തിക്കാനാണ് നിശ്ചയിച്ചത്. ഒരു സ്ഥാനവും ഇനി ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൊടുക്കാൻ കൂടിയാണ് ആ തീരുമാനം എടുത്തത്....PJ Kurien Latest News and Updates, PJ Kurien Cross Fire, PJ Kurien Cross Fire Malayalam, Manorama Online
2018 ൽ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തു. എന്റെ ജില്ലയായ പത്തനംതിട്ടയിൽ ഒതുങ്ങി പ്രവൃത്തിക്കാനാണ് നിശ്ചയിച്ചത്. ഒരു സ്ഥാനവും ഇനി ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൊടുക്കാൻ കൂടിയാണ് ആ തീരുമാനം എടുത്തത്....PJ Kurien Latest News and Updates, PJ Kurien Cross Fire, PJ Kurien Cross Fire Malayalam, Manorama Online
2018 ൽ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തു. എന്റെ ജില്ലയായ പത്തനംതിട്ടയിൽ ഒതുങ്ങി പ്രവൃത്തിക്കാനാണ് നിശ്ചയിച്ചത്. ഒരു സ്ഥാനവും ഇനി ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൊടുക്കാൻ കൂടിയാണ് ആ തീരുമാനം എടുത്തത്....PJ Kurien Latest News and Updates, PJ Kurien Cross Fire, PJ Kurien Cross Fire Malayalam, Manorama Online
തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ കൂടി നിലം പരിശായതോടെ എന്താണു കോൺഗ്രസിന് സംഭവിക്കുന്നത് എന്നതാണ് ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു നിൽക്കുന്ന ചോദ്യം. അക്കാര്യം വിലയിരുത്തി സംസാരിക്കാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും സീനിയറായ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ കൂടിയായ പി.ജെ.കുര്യൻ. കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ വിരൽ ചൂണ്ടിയ പ്രഗത്ഭ നേതാക്കളുടെ സംഘമായ ജി–23 ൽ ശശി തരൂരിനെ കൂടാതെ കേരളത്തിൽ നിന്നു പി.ജെ.കുര്യൻ മാത്രമാണ് ഉള്ളത്.
കോൺഗ്രസിന് ഒരു മുഴുവൻ സമയ അധ്യക്ഷനെ വേണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടു വർഷം മുൻപ് ഹൈക്കമാൻഡിനു നൽകിയ കത്തിൽ ഒപ്പു വച്ച മുതിർന്ന നേതാക്കളിൽ കുര്യനും ഉൾപ്പെടും. കലാപ സ്വരങ്ങൾ ഉയർത്തുന്ന ശൈലി ഇല്ലെങ്കിലും പാർട്ടി വേദികളിൽ മുഖം നോക്കാതെ അഭിപ്രായം പറയുന്നതാണ് കുര്യന്റെ ശീലം. തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് ജി–23 നേതാക്കളുടെ അടുത്ത ചുവടുവയ്പ് എന്തായിരിക്കുമെന്ന ആകാംക്ഷ ഉയരുന്ന സന്ദർഭത്തിൽ പി.ജെ.കുര്യൻ മനസ്സു തുറന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ അദ്ദേഹം സംസാരിക്കുന്നു.
∙അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു.ഇത്രയും വലിയ തിരിച്ചടി കോൺഗ്രസിനു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വലിയ തിരിച്ചടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല,
∙ഭരണം ഉണ്ടായിരുന്ന പഞ്ചാബിൽ വൻ തോൽവിക്കു കാരണമായത് ഹൈക്കമാൻഡ് നടത്തിയ പരീക്ഷണങ്ങളാണോ?
ഇവിടെ ഇരുന്ന് പഞ്ചാബിലെ കാര്യങ്ങൾ വിലയിരുത്തുന്നത് എളുപ്പമല്ലെങ്കിലും സുഹൃത്തുക്കൾ മുഖനേ ചില കാര്യങ്ങൾ അറിയാം. അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ജനങ്ങളിൽ നിന്ന് അകന്നിരുന്നു. പക്ഷേ അദ്ദേഹത്തെ മാറ്റിയ രീതി ശരിയായില്ല.അതിനോട് അദ്ദേഹത്തെ എതിർക്കുന്നവർക്കു പോലും വിയോജിപ്പുണ്ടായി. അതിൽ കുറച്ചു വസ്തുതയുണ്ട്. അതു മാത്രമല്ല തോൽവിയുടെ കാരണം. പക്ഷേ അത് ഘടകമാണ്.
∙ യുപിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു തിരിച്ചുവരവിന്റെ സൂചന എങ്കിലും കോൺഗ്രസ് പ്രകടിപ്പിക്കുമെന്ന് കരുതിയവരില്ലേ?
ഉത്തരേന്ത്യൻ രാഷ്ട്രീയം നന്നായി മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളയാളാണ് ഞാൻ. കേരള രാഷ്ട്രീയത്തിൽ നിന്നു അതു തികച്ചും വ്യത്യസ്തമാണ്. ജാതിക്കും മതത്തിനും അവിടെ വലിയ പ്രാധാന്യമുണ്ട്. യുപിയിൽ ജാതീയമായ തിരിവുകൾ രൂപപ്പെട്ടപ്പോൾ മുതലാണ് കോൺഗ്രസിന് ക്ഷീണം സംഭവിച്ചു തുടങ്ങിയത്. ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഭാഗീയമായ ചിന്തകൾ കൂടുതലായി പ്രോത്സാഹിപ്പിച്ചു. അതിനെ നേരിടുക കോൺഗ്രസിന് എളുപ്പമായിരുന്നില്ല. ഹിന്ദിബെൽറ്റിൽ പരക്കെ ഈ സ്ഥിതി ഉണ്ട്. കോൺഗ്രസിനെ കുറ്റപ്പെടുത്താൻ മാത്രം ശ്രമിക്കുന്ന മതനിരപേക്ഷ കക്ഷികൾ അക്കാര്യം കൂടി കാണണം. കോൺഗ്രസിന്റെ മതനിരപേക്ഷതയെ ഒരു വിഭാഗം ജനങ്ങളോടുള്ള പക്ഷപാതിത്വമായാണ് ചിത്രീകരിക്കുന്നത്. ഉത്തരേന്ത്യൻ ജനതയുടെ വികാരങ്ങളെ മുതലെടുക്കുന്ന ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതല്ലാതെ പ്രിയങ്കയുടെ വ്യക്തിപരമായ തോൽവിയായി കാണാൻ സാധിക്കില്ല.വി.പി.സിങ് മണ്ഡൽ രാഷ്ട്രീയം ഉയർത്തിയപ്പോൾ മുതൽ കോൺഗ്രസിന് സംഭവിച്ച ക്ഷീണമാണ് കണക്കിലെടുക്കേണ്ടത്.
∙എന്താണ് ഈ തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പഠിക്കേണ്ട പാഠം?
നേതൃത്വം ശരിയായ ആത്മപരിശോധനനടത്തണം. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടും എല്ലാവരെയും സഹകരിപ്പിച്ചും മുന്നോട്ടു പോകണം.. കോൺഗ്രസുകാരെല്ലാം കൂട്ടായി ഇറങ്ങുന്ന സാഹചര്യം തിരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായില്ല.യുപിയിൽ തന്നെ എത്രയോ മുതിർന്ന നേതാക്കളെ പ്രചാരണ രംഗത്ത് ഇറക്കാമായിരുന്നു.എംപി ആയിരിരിക്കെ നാഗാലാൻഡിലെ ഒരു ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതല എനിക്ക് കിട്ടിയിരുന്നു. പിന്നീടൊരിക്കൽ തമിഴ്നാട്ടിലെ തിരുനൽവേലി ജില്ലയുടെ ചുമതല ലഭിച്ചു.രണ്ടിടത്തും കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ഒരു പങ്ക് വഹിക്കാൻ സാധിച്ചു.
അങ്ങനെ ഈ പാർട്ടിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. അവരെ ആരെയും പ്രയോജനപ്പെടുത്തിയതായി കണ്ടില്ല. എത്ര വലിയവരായാലും,രണ്ടോ മൂന്നോ പേർ വിചാരിച്ചാൽ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ കഴിയില്ല.അനുഭവ സമ്പത്തുള്ളവരെയും ചെറുപ്പക്കാരെയും കൂട്ടത്തോടെ ഇറക്കണം.പഞ്ചാബിൽ അമരീന്ദറിനെ കൂടി ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ സ്ഥിതി ഇതുപോലെ മോശമാകുമായിരുന്നില്ല. സീനിയറായവരെ മാറ്റി നിർത്തി തിരഞ്ഞെടുപ്പിൽ മുന്നേറാമെന്നു കരുതരുത്. മുൻപെല്ലാം അത്തരം ശൈലിയായിരുന്നു കോൺഗ്രസിന്റേത്. ആ രീതിയിൽ നിന്നു പാർട്ടി മാറി. എല്ലാവരെയും ഉൾക്കൊള്ളുന്ന ശൈലിയിലേക്ക് നേതൃത്വം തിരിച്ചുവരണം.
∙ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി, കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ പരാജയം. ഇതെല്ലാം കഴിഞ്ഞും ശരിയായ തിരുത്തൽ നടപടികൾ ഉണ്ടാകാഞ്ഞതല്ലേ അടുത്ത തിരിച്ചടിക്കു കാരണം?
പൂർണമായും യോജിക്കുകയാണ്. നേരത്തെ തോൽവി ഉണ്ടായപ്പോൾ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപു തന്നെ ഞാൻ ചൂണ്ടിക്കാട്ടിയ ചില ദൗർബല്യങ്ങളും തന്റെ റിപ്പോർട്ടിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ചർച്ചയോ നടപടിയോ ഉണ്ടായില്ല. സംഭവിച്ച തെറ്റ് പരിശോധിച്ച് അത് ആത്മാർഥമായി തിരുത്താനുള്ള ശ്രമം കോൺഗ്രസിൽ നടക്കുന്നില്ല. കുറേപ്പേർ എക്കാലത്തും നേതൃത്വത്തെ സന്തോഷിപ്പിക്കാൻ നോക്കുന്നു, അവർക്ക് ഇഷ്ടമുള്ളതു മാത്രം പറയുന്നു. അതു നേതൃത്വത്തെ വഴി തെറ്റിക്കുകയേയുള്ളൂ. യഥാർഥത്തിൽ നേതൃത്വത്തിന്റെ ഭാഗത്തെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താനുള്ള ആർജവം ഉള്ളവരെയാണ് കോൺഗ്രസിനു വേണ്ടത്. അങ്ങനെയുള്ളവരാണ് യഥാർഥ നേതാക്കൾ.
∙ നേതൃസ്തുതി പണ്ടേ കോൺഗ്രസിൽ ഉള്ളതല്ലേ? ഈ പറയുന്ന തിരുത്തൽ മുൻപും ഉണ്ടാകാറുണ്ടോ?
ഇപ്പോഴത്തെ രീതിയായിരുന്നില്ല.ഒരു ഉദാഹരണം പറയാം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവിലാണ് വിപി സിങ്ങിനെ കോൺഗ്രസിൽ നിന്നു പുറത്താക്കണമെന്ന നിർദേശം അദ്ദേഹം ആദ്യം വച്ചത്. 27 അംഗ നിർവാഹകസമിതിയിൽ ആ നിർദേശത്തെ ഞാൻ എതിർത്തു. അതു കോൺഗ്രസിനു ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.ഗുജറാത്തിൽ നിന്നുള്ള ഒരു നേതാവ് മാത്രമാണ് എന്റെ അഭിപ്രായത്തിനൊപ്പം നിന്നത്. അദ്ദേഹം പിന്നീട് വിപി സിങ്ങിന്റെ കൂടെപോകുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ നിലപാടിനെ കമ്മിറ്റിയിൽ എതിർത്തതിന്റെ പേരിൽ അടുത്ത തിരഞ്ഞെടുപ്പിൽ എനിക്കു സീറ്റ് നിഷേധിക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ സീറ്റ് കിട്ടുക മാത്രമല്ല സംഭവിച്ചത്.
തിരഞ്ഞെടുപ്പിനു ശേഷം രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായപ്പോൾ പല സീനിയർ നേതാക്കളെയും മാറ്റി നിർത്തി എന്നെ ചീഫ് വിപ്പാക്കി.വസന്ത് സാഠെയും കമൽ നാഥിനെയും പോലുള്ള പ്രഗത്ഭർ ആഗ്രഹിച്ച കസേരയാണെന്ന് ഓർമിക്കണം. ഞാൻ അന്നു വളരെ സാധാരണക്കാരനായ എംപി മാത്രമാണ്. അതായിരുന്നു രാജീവ് ഗാന്ധിയുടെ സമീപനം. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു.ആ ശൈലി പിന്നീട് എവിടെയോ നഷ്ടപ്പെട്ടു. അതുകൊണ്ടെന്തായി? കാര്യങ്ങളൊന്നും ആരും തുറന്നു പറയില്ല.അങ്ങനെ ചെയ്യുന്നവരോട് വൈര നിര്യാതന സമീപനം എടുക്കുമെന്ന ശങ്ക ഉണ്ടെങ്കിൽ ആ രീതി തന്നെ ഉപേക്ഷിക്കണം.
∙ജി–23 നേതാക്കളുടെ കാര്യമാണോ താങ്കൾ സൂചിപ്പിക്കുന്നത്?
ജി–23 എന്നെല്ലാം പറഞ്ഞ് കളിയാക്കുന്നുണ്ട്. ഞാൻ ആ കത്തിൽ ഒപ്പിട്ടയാളാണ്. കോൺഗ്രസിന് ഒരു സ്ഥിരം പ്രസിഡന്റ് എത്രയും വേഗം ഉണ്ടാകണം എന്ന അഭിപ്രായം രേഖപ്പെടുത്തിയ കത്തിലാണ് ഒപ്പിട്ടത്. അത് ന്യായമായ കാര്യമല്ലേ. സോണിയ ഗാന്ധിക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല.രാഹുൽഗാന്ധി പ്രസിഡന്റുമല്ല. അദ്ദേഹം തീരുമാനങ്ങളെടുക്കുന്നുവെന്നേയുള്ളൂ. അതൊരു പോരായ്മയാണ്. അതു പരിഹരിക്കണം. അങ്ങനയുള്ള അഭിപ്രായങ്ങളുടെ മെറിറ്റ് നോക്കണമന്നാണ് എന്റെ അഭിപ്രായം.
∙ എന്നാൽ ജി–23 ൽ പെടുന്നവരോട് ശത്രുതാപരമായ സമീപനം എടുക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന വിമർശനമുണ്ടല്ലോ?
അവരെ സഹകരിപ്പിക്കുന്നില്ല എന്ന വിഷയത്തിൽ അഭിപ്രായം പറയുന്നില്ല.എന്നാൽ അവർ മുന്നോട്ടു വച്ചത് ഒരു അഭിപ്രായമാണ്. അതിൽ ഒരിടത്തും രാഹുൽഗാന്ധി പ്രസിഡന്റാകരുതെന്നു പറഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധ്യക്ഷൻ വരണമെന്നു മാത്രമാണ് ജി–23 പറഞ്ഞത്. അങ്ങനെ വരുന്ന പ്രസിഡന്റിന് വലിയ അംഗീകാരം ലഭിക്കും. ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. തോൽവിക്ക് നേതൃത്വത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല, അതു കോൺഗ്രസിന് പൊതുവിൽ സംഭവിച്ച തോൽവിയാണ.് എല്ലാവരും ഒരുമിച്ചു നിന്നു നേരിടുകയും വേണം.
∙തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, സംഘടനയെ ശക്തമാക്കുക എന്നീ രണ്ടു കാര്യങ്ങളിൽ കോൺഗ്രസ് തുടർച്ചയായി പരാജയപ്പെടുകയല്ലേ?
എല്ലാ സംസ്ഥാനത്തും ശക്തരായ നേതാക്കൾ കോൺഗ്രസിനുണ്ട്. പക്ഷേ അവരെ പ്രയോജനപ്പെടുത്തുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ എത്രയോ നേതാക്കൾ ഒന്നും ചെയ്യാതെ ഡൽഹിയിൽ ഇരുന്നു. നിരവധി തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുകയും വിജയിപ്പിക്കുകയും ചെയ്തവരെല്ലാം വെറുതെ ഇരിക്കുകയാണ്. എന്റെ കാര്യം തന്നെ പറയാം. ഞാൻ എന്തൊക്കെ ആയോ അതിനു കോൺഗ്രസിനോട് കടപ്പെട്ടവനാണ് തിരഞ്ഞെടുപ്പു വരുമ്പോൾ എന്റെ സേവനവും ഉപയോഗിക്കുകയല്ലേ വേണ്ടത്.ഇങ്ങനെ എത്രയോ പേരുണ്ട്!
ജി–23 ൽ ഗുലാംനബി ആസാദിനെയും കപിൽസിബലിനെയും പോലുള്ള പ്രഗത്ഭരായ നേതാക്കളുണ്ട്. ആരെയും ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചില്ല. എല്ലാവരും കോൺഗ്രസുകാരും കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുമല്ലേ. വ്യത്യസ്താഭിപ്രായം കോൺഗ്രസിൽ ഇന്നാണോ തുടങ്ങിയത്? എന്നും ഉള്ളതല്ലേ. അതു ചെയ്യുന്നുവരെയും ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്തു കൊണ്ടിരുന്നത്. ആ സമീപനത്തിൽ ചോർച്ച വന്നു.
∙രാഹുൽ ഗാന്ധിയിൽ ഇനി പ്രതീക്ഷ പുലർത്തിയിട്ടു കാര്യമില്ലെന്ന അഭിപ്രായം പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ടല്ലോ?
വളരെ പ്രതിബദ്ധതയുള്ള നേതാവാണ് രാഹുൽ. പ്രധാനമന്ത്രിയെ പാർലമെന്റിൽ നേരിട്ടു വെല്ലുവിളിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല.രാഹുൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അദ്ദേഹം പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്ന ആളായിരുന്നു.ഒന്നാന്തരം പ്രതിപക്ഷ നേതാവായി ശോഭിക്കാൻ അദ്ദേഹത്തിനു കഴിയും. രാഹുൽ ഗാന്ധി അടങ്ങുന്ന, തിരഞ്ഞെടുക്കപ്പെട്ട ഒരു കോൺഗ്രസ് പ്രസിഡന്റ് ഉള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃത്വമാണ് വേണ്ടത്. എല്ലാവർക്കും സ്ഥാനം കൊടുക്കണമെന്നില്ല. പക്ഷേ തങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് ഓരോരുത്തർക്കും തോന്നണം.
പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ലാത്തപ്പോഴും മഹാരാഷ്ട്രയിൽ അഞ്ചു വർഷം തിരഞ്ഞടുപ്പു ചുമതല ഞാൻ നിർവഹിച്ചിട്ടുണ്ട്. ഈ പാർട്ടി കൊണ്ട് നേതാക്കളായവരെ തിരിച്ചു പാർട്ടി പ്രയോജനപ്പെടുത്തണം. ഈ തിരഞ്ഞെടുപ്പുകളിൽ എ.കെ.ആന്റണിയെ പോലും വേണ്ട വിധം ഉപയോഗിച്ചോ. ആന്റണിക്കുള്ള ഒരു പ്രതിച്ഛായ മറ്റാർക്കുണ്ട്! മതനിരപേക്ഷത, ലളിത ജീവിതം, അഴിമതി വിരുദ്ധ നിലപാട്, നിഷ്പക്ഷത ഇതിൽ ആന്റണിക്ക് തുല്യനായി മറ്റാരുമില്ല. പക്ഷേ തിരഞ്ഞെടുപ്പിൽ ആന്റണിയെ എവിടെ എങ്കിലും കണ്ടോ.
∙ആന്റണിയെ പോലും മാറ്റിനിർത്തുന്നുവെന്നാണോ?
അങ്ങനെ ബോധപൂർവം ചെയ്യുന്നുവെന്നല്ല.അദ്ദേഹത്തെ പോലെ ഒരാൾക്ക് കേരളത്തിൽ മാത്രമല്ല അംഗീകാരമുളളത്. തമിഴ്നാട്ടിൽ, കർണാടകത്തിൽ.. ഇന്ത്യയിൽ ആകെ അംഗീകാരമുണ്ട്. രാജ്യസഭയിൽ അദ്ദേഹം ഉളളപ്പോൾ ഞാൻ അധ്യക്ഷനായിരുന്നല്ലോ. ആന്റണി അവിടെ ഒരു കാര്യം എഴുന്നേറ്റു നിന്നു പറഞ്ഞാൽ മുഴുവൻ ആളുകളും അംഗീകരിക്കും. അത്ര സ്വീകാര്യതയും വിശ്വാസ്യതയുമാണ് രാജ്യത്താകെ അദ്ദേഹത്തിനുള്ളത്. ആ ആന്റണിയെ ഉപയോഗിച്ചോ? പഞ്ചാബിലോ, യുപിയിലോ അദ്ദേഹത്തിന് എന്തുകൊണ്ട് പ്രസംഗിച്ചു കൂടാ. അതു പോലെ എത്രയോ ഉന്നതരായ നേതാക്കളുണ്ട്.അവരെയെല്ലാം അവഗണിച്ചു പോയാൽ ഈ പാർട്ടി, പാർട്ടി അല്ലാതാകും. എല്ലാവരെയും അങ്ങനെ പ്രയോജനപ്പെടുത്തുന്ന രീതി നിർഭാഗ്യവശാൽ കുറേ നാളുകളായി നടക്കുന്നില്ല.
∙രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു കൊണ്ട് നെഹൃ കുടുംബത്തിനു പുറത്തു നിന്ന് ഒരു മുഴുവൻ സമയ അധ്യക്ഷൻ വരുകയല്ലേ കരണീയം?
അങ്ങനെ വേണമെന്നും വേണ്ടെന്നും ഞാൻ പറയില്ല. രാഹുൽ പ്രതിപക്ഷ നേതാവാകാൻ പറ്റിയ ആളാണ്. കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുപ്പിലൂടെ ഒരാൾ വരികയും വേണം. അതു രാഹുൽ ഗാന്ധി തന്നെയാണെങ്കിലും കുഴപ്പമില്ല. പക്ഷേ രാഹുലിന് എറ്റവും നല്ലത് പ്രതിപക്ഷ നേതൃസ്ഥാനമാണെന്ന് ഞാൻ വിചാരിക്കുന്നു. അതേ സമയം തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം അധ്യക്ഷനായാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ മുഴുവൻ അംഗീകാരവും അദ്ദേഹത്തിന് സിദ്ധിക്കും.
∙രാഹുലിന്റെ ഗുണവും ദോഷവും ചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ?
രാഹുലുമായി ഞാൻ വളരെ അടുത്തു പ്രവർത്തിച്ചിട്ടില്ല.രാജീവ് ഗാന്ധിയുമായി അങ്ങനെ ഉണ്ടായിട്ടുണ്ട്. തികഞ്ഞ സത്യസന്ധനും, മതേതരവാദിയുമാണ് രാജീവ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു. ഒരു പാട് ഗുണങ്ങളുടെ കേന്ദ്രമായിരുന്നു അദ്ദേഹം. രാഹുലിനെ കണ്ടു സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തെ വിലയിരുത്താൻ കഴിയില്ല.
∙ രാഹുലിന്റെ ഉപദേശകർക്കു പിഴയ്ക്കുന്നുണ്ടോ?
ഞാൻ ഒരു ഉപദേശകനെയും കുറ്റം പറയില്ല.ഓരോ വിഷയത്തിനും പറ്റിയ ഉപദേശകനെ തിരഞ്ഞെടുക്കേണ്ടത് ആരുടെ ജോലിയാണ്? ഡോ: പി.സി. അലക്സാണ്ടർ ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒരു വിഷയം വരുമ്പോൾ പ്രധാനമന്ത്രിയുടെ അഭിപ്രായം എന്തെന്നു നോക്കാതെ അതിന്റെ ഗുണവും ദോഷവും അദ്ദേഹം പറയും. ആദ്യം ദോഷമാകും പറയുക. അതു കൊണ്ടാണ് ഇന്ദിരയും പിന്നീട് കുറച്ചു നാൾ രാജീവും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയത്.
ഏഴു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒന്നിൽ തോൽക്കുകയും ചെയ്തയാളാണ് ഞാൻ. ജയിക്കുന്നതിന്റെയും തോൽക്കുന്നതിന്റെയും അനുഭവം എനിക്കു പറയാൻ കഴിയും. പക്ഷേ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തയാളുടെ ഉപദേശം ചോദിച്ചാലോ? പുസ്തകത്തിൽ വായിക്കുന്നത് വച്ചു പറയും. അതും ജീവിതാനുഭവവും തമ്മിൽ വ്യത്യാസമുണ്ട്. ഉപദേശകരെ തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം. മികച്ചവരെ കണ്ടെത്താൻ കഴിയണം.
∙ രാഹുലിന്റെ അടുത്ത സഹായിയായ എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ പടയൊരുക്കം ആരംഭിച്ചതായ സൂചനകളുണ്ട്. രാഹുലിൽ തെറ്റായ സ്വാധീനമാണ് വേണുഗോപാൽ ചെലുത്തുന്നതെന്ന ആക്ഷേപം താങ്കൾക്കുണ്ടോ?
രാഹുൽ അദ്ദേഹത്തെ ഒരു താക്കോൽ പദവിയിൽ വച്ചു. അദ്ദേഹം ആത്മാർഥമായി തന്റെ ജോലി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.അല്ലാതെ രാഹുലിന് തെറ്റായ ഉപദേശം നൽകി എന്ന അഭിപ്രായം എനിക്കില്ല. അതിനുള്ള തെളിവും എന്റെ പക്കൽ ഇല്ല. വേണുഗോപാലിന് എന്തു ചെയ്യാൻ കഴിയും? രാഹുൽ പറയുന്നത് നടപ്പാക്കാനല്ലേ സാധിക്കൂ. രാഹുലിന്റെ തീരുമാനത്തെ വിമർശിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനു രാഹുൽ നൽകിയിട്ടുണ്ടോയെന്ന് അറിയില്ല. എതു വിഷയത്തിലും സ്വതന്ത്രമായ അഭിപ്രായം പറയണമെന്ന് ചീഫ് വിപ്പായിരിക്കുമ്പോൾ രാജീവ് ഗാന്ധി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ പറയുകയും ചെയ്യുമായിരുന്നു. എന്റെ അഭിപ്രായം കേട്ട ശേഷം എടുത്ത തീരുമാനം അദ്ദേഹം മാറ്റിയിട്ടുമുണ്ട്.
ആ രീതി രാഹുൽഗാന്ധിക്ക് ഉണ്ടെങ്കിൽ കെ.സി.വേണുഗോപാലും അങ്ങനെ ചെയ്തിട്ടുണ്ടാകും. ഒരാളെ നിയമിക്കുമ്പോൾ നിയമിക്കുന്നവരാണ് അക്കാര്യം വ്യക്തമാക്കേണ്ടത്. അല്ലാതെ നിയമനം കിട്ടിയവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തീരുമാനങ്ങളെ വിലയിരുത്താനും വിമർശിക്കാനും തീരുമാനങ്ങൾ നടപ്പാക്കാനും എല്ലാം പ്രത്യേകം ആളുകൾ വേണം. കെ.സി.വേണുഗോപാൽ ഇതിൽ ഏതു വിഭാഗത്തിൽ പെട്ടതാണെന്ന് എനിക്കറിയില്ല. വ്യത്യസ്താഭിപ്രായം തന്നോട് പ്രകടിപ്പിക്കാൻ കഴിയുന്നവരെ രാഹുൽ നിയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യേണ്ടിയിരുന്നുവെന്നാണ് എന്റെ പക്ഷം.ഒരിക്കൽ അദ്ദേഹത്തോടു തന്നെ ഞാൻ അതു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
∙കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 19 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. കേരളം ഉൾപ്പെടെ ഒരിടത്തും കോൺഗ്രസിന് ജയിച്ചില്ല. കോൺഗ്രസിന്റെ കാലം കഴിയുകയാണോ?
ഒരിക്കലും അല്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു മാത്രമാണോ വലിയ കാര്യം. ജനാധിപത്യത്തിൽ പ്രതിപക്ഷം ഭരണകക്ഷിയെപ്പോലെ പ്രസക്തമാണ്.പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസ് അല്ലേ മുഖ്യപ്രതിപക്ഷം. പ്രതിപക്ഷത്താകുന്നതോടെ തോറ്റു തുന്നം പാടി, തൂത്തുവാരി എന്നെല്ലാമുള്ള മാധ്യമവ്യാഖ്യാനത്തോട് യോജിപ്പില്ല. അതിനെ ഞാൻ ചോദ്യം ചെയ്യും. പ്രതിപക്ഷത്തിരിക്കുക വലിയ ഉത്തരവാദിത്തമാണ്. ഒരിക്കൽ ഇരിക്കാൻ പറഞ്ഞെന്നു കരുതി ലോകാവസാനം വരെ ഇരിക്കണമെന്നല്ലല്ലോ. അഞ്ചു വർഷം കൊണ്ട് പ്രവർത്തിച്ച് മുന്നോട്ടു വരേണ്ടത് കോൺഗ്രസിന്റെ കടമയാണ്. 1
977 ൽ വടക്കേ ഇന്ത്യ മുഴുവൻ പോയില്ലേ, എന്നിട്ടും കോൺഗ്രസ് തിരിച്ചുവന്നില്ലേ. ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ ഈ പാർട്ടി തിരിച്ചുവരും. ഇടുക്കിയിൽ ഒരിക്കൽ തോറ്റപ്പോൾ എന്നെ സാന്ത്വനപ്പെടുത്താൻ വന്നവർക്ക് ഓരോ ലഡ്ഢു കൊടുത്താണ് മടക്കി അയച്ചത്.തോൽവിയും ജയവും ഒരു പോലെയാണെന്ന് ഞാൻ പറഞ്ഞു. കോൺഗ്രസ് ധീരമായി മുന്നോട്ടു പോകണം. ഇന്ത്യയുടെ ആത്മാവ് ഉള്ള പാർട്ടി കോൺഗ്രസാണ്,ബിജെപി അല്ല.
∙പക്ഷേ ബിജെപി വിരുദ്ധ ചേരിക്ക് നേതൃത്വം കൊടുക്കാനുളള ശേഷി തന്നെ കോൺഗ്രസിനു നഷ്ടപ്പെട്ടെന്ന ചിന്താഗതി ശക്തമല്ലേ. പ്രതിപക്ഷത്തിന്റെ മുൻനിരയിലേക്ക് മറ്റേതെങ്കിലും പാർട്ടിയെ അല്ലെങ്കിൽ നേതാവിനെ പ്രതിഷ്ഠിക്കാനുള്ള സമയമായെന്നു ചിന്തിക്കുന്നവർ കൂടി വരികയാണല്ലോ?
രണ്ടു സംസ്ഥാനങ്ങളിൽ മാത്രമെ കോൺഗ്രസിന് ഭരണമുള്ളൂ എന്നതു ശരിയാണ്. ബാക്കിയെല്ലാം പ്രാദേശിക പാർട്ടികളാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ദേശീയ വീക്ഷണമുള്ള പാർട്ടി കോൺഗ്രസാണ്. ഇന്ത്യയുടെ ബഹുസ്വരതയെ ബഹുമാനിക്കുന്ന, മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു കക്ഷി ഉണ്ടോ. ദേവഗൗഡ ഒരിക്കൽ ഏറ്റെടുത്തിട്ട് എന്തായി. അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ ഭരണം കൂടി പോയാൽ പോലും പ്രതിപക്ഷ നേതൃനിരയെ നയിക്കാനുള്ള ധാർമിക ശക്തി കോൺഗ്രസിന് ഇല്ലാതാകുന്നില്ല.
∙ജി–23 നൽകിയ കത്തിൽ താങ്കൾ ഒപ്പുവച്ച കാര്യം പറഞ്ഞു. ഇപ്പോഴും ആ ഗ്രൂപ്പിന്റെ ഭാഗമാണോ താങ്കൾ?
പലരും എന്റെ സുഹൃത്തുക്കളാണ്.അവരോടെല്ലാം എനിക്ക് സമ്പർക്കമുണ്ട്. ജി–23 എന്നു പറഞ്ഞ് വിമത ഗ്രൂപ്പായി ഒരു പ്രശ്നം കോൺഗ്രസിന് ഉണ്ടാക്കണമെന്ന് ആരും കരുതുന്നില്ല. പ്രത്യേകിച്ചും പാർട്ടി കൂടുതൽ ക്ഷീണിച്ച ഈ സമയത്ത്.പാർട്ടിയുടെ നന്മയെ കരുതിയുള്ള അഭിപ്രായം പറയുന്നവരാണ് അവരെല്ലാം. അല്ലാതെ അതൊരു കോൺഗ്രസ് വിരുദ്ധ സംഘമല്ല. കോൺഗ്രസിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് ഉണ്ടാകണം എന്നതാണ് അപ്പോഴത്തെയും ഇപ്പോഴത്തെയും എന്റെ നിലപാട്. അതു രാഹുൽഗാന്ധി ആയാലും പരാതിയില്ല.
∙ കേരളത്തിൽ കെ.സുധാകരനും വി.ഡി.സതീശനും അടങ്ങുന്ന പുതിയ നേതൃത്വം വന്നിട്ട് ഒരു വർഷത്തോളമാകുന്നു? എന്താണ് വിലയിരുത്തൽ.
ഞാൻ അവരെ പൂർണമായും പിന്തുണയ്ക്കുന്നു. നേരത്തെ ഞാനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. പാർട്ടിയേക്കാൾ കൂടുതൽ പ്രാധാന്യം ഗ്രൂപ്പിനു നൽകുന്നുവെന്നു വന്നതോടെ പത്തു വർഷം മുൻപ് ഗ്രൂപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ വന്നപ്പോൾ ഗ്രൂപ്പില്ലാത്ത ഒരു പാർട്ടി ഉണ്ടാകണമെന്ന് ഞാനും അദ്ദേഹവും ആഗ്രഹിച്ചു. പക്ഷേ ഗ്രൂപ്പ് നേതൃത്വം അദ്ദേഹത്തെ വിഷമിപ്പിച്ചുകളഞ്ഞു. ഗ്രൂപ്പിന് അതീതമായി നീങ്ങാൻ ശ്രമിക്കുമെന്നു സതീശനും സുധാകരനും പറയുന്നതു കൊണ്ട് ഞാൻ അവർക്കൊപ്പമാണ്. വളരെ നല്ല പദ്ധതികൾ അവർ ആവിഷ്കരിക്കുന്നുണ്ട്. യൂണിറ്റ് കമ്മിറ്റി രൂപീകരണം ഉണ്ടാക്കുന്ന മാറ്റങ്ങൾ പലയിടത്തും കാണുന്നുണ്ട്. ഇന്നും അതിന്റെ ഭാഗായ രണ്ടു പരിപാടികളിൽ ഞാൻ പങ്കെടുത്തു.
∙ പുതിയ നേതൃത്വത്തിനായി മാറിക്കൊടുക്കേണ്ടി വന്നത് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിയുണ്ടോ? അതോ ആ മുതിർന്ന നേതാക്കളെ കൂട്ടിയിണക്കി കൊണ്ടു പോകുന്നതിൽ നേതൃത്വത്തിനാണോ വീഴ്ച?
മാറ്റം ഉണ്ടാകുമ്പോൾ പ്രയാസം ഉണ്ടാകും.പ്രത്യേകിച്ചും മാറിക്കൊടുക്കുന്നവർക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ. രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ എന്റെ അഭിപ്രായം പോലും തേടാതെ ആ സീറ്റ് കേരള കോൺഗ്രസിന്(എം) കൊടുക്കുകയും ആരോടും സീറ്റ് ചോദിക്കാതിരുന്ന എന്നെ യൂത്ത് കോൺഗ്രസുകാർ പരിഹസിക്കുകയും ചെയ്തത് എനിക്ക് പ്രയാസം ഉണ്ടാക്കി. എനിക്ക് സീറ്റ് വേണ്ടെന്നു ചൂണ്ടിക്കാട്ടിയും പകരക്കാരായി അഞ്ചു പേരെ നിർദേശിക്കുകയും ചെയ്തു കൊണ്ട് രാഹുലിനു കത്തു നൽകിയിട്ടും പുറത്ത് ആ അനുഭവമാണ് ഉണ്ടായത്.
സീറ്റ് വേണ്ടെന്ന നിലപാട് എടുത്ത എന്നോട് ഉമ്മൻചാണ്ടി ഫോൺ ചെയ്തു പോലും സംസാരിക്കാതിരുന്നത് പ്രയാസം ഉണ്ടാക്കി.രാഹുൽഗാന്ധിയും അതു ചെയ്തില്ല. ആ വിഷമം ഞാൻ തുറന്നു പറയുകയും ചെയ്തു. പിന്നീട് ഞാനും ഉമ്മൻചാണ്ടിയും അക്കാര്യം ദീർഘമായി സംസാരിച്ചു. പക്ഷേ അന്നു വിഷമം ഉണ്ടായി. സീറ്റ് കിട്ടാത്തതായിരുന്നില്ല പ്രശ്നം, മാറ്റുന്ന രീതിയിലാണ്.അതു പോലെ തന്നെയുള്ള പ്രയാസം രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായിക്കാണും. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറി നിൽക്കണമെന്ന് അദ്ദേഹത്തോട് മുൻകൂട്ടി പറഞ്ഞില്ല. പഞ്ചാബിൽ അമരീന്ദർ സിങ്ങിനെ മാറ്റിയതും അട്ടിമറിയായിരുന്നു. ആരെയും ഇരുട്ടിൽ നിർത്തി തീരുമാനം എടുക്കരുത്. ഉമ്മൻചാണ്ടിക്കും രമേശിനും അങ്ങനെ ഒരു വിഷമം ഉണ്ടായെങ്കിൽ അതിൽ തെറ്റു പറയാൻ കഴിയില്ല. പക്ഷേ ഒന്നു പറഞ്ഞു കഴിയുമ്പോൾ അതു തീരണം. അല്ലാതെ വച്ചോണ്ടിരിക്കാൻ പാടില്ല.എന്റെ വിഷമം തുറന്നു പറഞ്ഞു, അവിടെ തീർന്നു.
∙ ഡിസിസി പുന:സംഘടന പോലും സമയബന്ധിതമായി നടത്താൻ കഴിയാത്ത നേതൃത്വം എന്ന സ്ഥിതി എത്ര ആശാവഹമാണ്?
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയല്ലേ.സീനിയർ നേതാക്കൾ തന്നെ വ്യത്യസ്താഭിപ്രായം പറയുമ്പോൾ തീരുമാനം എടുക്കാൻ കുറച്ചു കാലതാമസം ഉണ്ടാകും.അത് എല്ലാവരെയും പരിഗണിക്കേണ്ടിയതു കൊണ്ടാണ്. പണ്ടും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഇതൊന്നും പുതിയ കാര്യമല്ല.
∙.നേരത്തെ രാജ്യസഭയെ തന്നെ നയിച്ച ആൾ എന്ന നിലയിൽ എ.കെ.ആന്റണിക്കു പകരക്കാരനായി രാജ്യസഭയിലേക്ക് ആരെയെങ്കിലും നിർദേശിക്കാനുണ്ടോ? അല്ലെങ്കിൽ എങ്ങനെയുള്ള ആൾ വേണം?
ഒരു കാര്യം വ്യക്തമാക്കട്ടെ. രാജ്യസഭാ സീറ്റിന് എന്നെ പരിഗണിക്കേണ്ടതില്ലെന്നു ഞാൻ നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നയാളെ നിശ്ചയിക്കണമെന്ന അഭിപ്രായം പറയുന്നില്ല. കാരണം എനിക്ക് അതിൽ റോൾ ഇല്ലല്ലോ. അർഹരായ അരഡസൻ ആളുകൾ എങ്കിലും ഉണ്ട്. കോൺഗ്രസിൽ നേതൃ ദാരിദ്ര്യമില്ല.
∙ രാജ്യസഭാ ഡപ്യൂട്ടി ചെയർമാനായിരിക്കെ ബിജെപിയുമായും താങ്കൾ നല്ല ബന്ധത്തിലായിരുന്നു. ബിജെപിയുടെ ഓഫറുകൾ താങ്കൾക്കും വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി തന്നെ ഒരു ലേഖനത്തിൽ താങ്കൾ ചോദിച്ച കാര്യം വിശദീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ നിഷ്പക്ഷനായി പ്രവർത്തിക്കുക എന്ന ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. അതു ഭരണഘടനാപരമായ കടമയാണ്. എന്റെ നിഷ്പക്ഷത മൂലം എല്ലാ പാർട്ടികളുമായും നല്ല ബന്ധത്തിലായിരുന്നു. സീതാറാം യച്ചൂരിയോടോ, പി.രാജീവിനോടോ ചോദിച്ചു നോക്കൂ. ഒരു കാര്യവും ഇല്ലാതെ ഒരിക്കൽ ഒരു പാട് വേദനിപ്പിച്ചവരാണ് സിപിഎമ്മുകാരെന്ന് ആ കസേരയിൽ ഇരുന്നപ്പോൾ ചിന്തിച്ചില്ല. ബിജെപിയുമായും എനിക്ക് നല്ല ബന്ധമായിരുന്നു. ആ സമയത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എന്റെ പേര് പരിഗണിക്കപ്പെട്ടു.ആർക്കും എന്നെക്കുറിച്ച് പരാതിയില്ലാത്തതു കൊണ്ടാണ് അങ്ങനെ വന്നത്. ബിജെപി എനിക്ക് ആ സ്ഥാനം വാഗ്ദാനം ചെയ്തു. കോൺഗ്രസും അംഗീകരിച്ചെങ്കിൽ ഒരു പക്ഷേ സാധ്യമാകുമായിരുന്നു. അതിൽ കൂടുതൽ ഇപ്പോൾ പറയില്ല.
∙ബിജെപിയുടെ ഓഫർ വന്നപ്പോൾ കോൺഗ്രസ് സമ്മതിച്ചില്ല എന്നാണോ?
ബിജെപിയുടെ ഓഫർ അവരുടെ പാർലമെന്ററി കാര്യമന്ത്രി മുഖേന രണ്ടു തവണ എന്നെ അറിയിച്ചു. വേണ്ട സമയത്ത് വേണ്ട രീതിയിൽ ഞാൻ അതിനോട് പ്രതികരിച്ചില്ല.അതിനു കാരണവും ഉണ്ട്. അതിന്റെ വിശദാംശങ്ങൾ പിന്നീട് ഞാൻ എഴുതുന്നുണ്ട് അതിൽ കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല.
∙കേരളത്തിൽ രാഷ്ട്രീയ കാര്യസമിതിയിൽ പങ്കെടുക്കുന്നതൊഴിച്ചാൽ നേതൃനിരയിൽ സജീവമായി താങ്കൾ രംഗത്തില്ലല്ലോ? പിൻവാങ്ങുകയാണോ?
2018 ൽ രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തു. എന്റെ ജില്ലയായ പത്തനംതിട്ടയിൽ ഒതുങ്ങി പ്രവൃത്തിക്കാനാണ് നിശ്ചയിച്ചത്. ഒരു സ്ഥാനവും ഇനി ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം കൊടുക്കാൻ കൂടിയാണ് ആ തീരുമാനം എടുത്തത്. കേരളത്തിൽ എല്ലായിടത്തും പ്രസംഗിച്ചു നടന്നാൽ വീണ്ടും എന്തൊക്കെയോ മോഹിക്കുന്നുവെന്നാകും വിമർശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കുറേപ്പേർ അങ്ങനെ പ്രചരിപ്പിച്ചു.തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു കൊണ്ട് ഞാൻ മത്സരിക്കണമെന്ന് അന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതാണ്. പക്ഷേ ഞാനില്ലെനും വേറെ ചിലരെ പരിഗണിക്കണമെന്നും അദ്ദേഹത്തിനു രേഖാമൂലം മറുപടി നൽകി. യഥാർഥത്തിൽ ഇടുക്കിയിൽ ഒരു വട്ടം തോറ്റപ്പോൾ ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കില്ലെന്നും തീരുമാനിച്ചിരുന്നു. ഇതൊന്നും പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.
ഈ പാർട്ടിയാണ് എന്നെ എല്ലാം ആക്കിയത്.അതുകൊണ്ട് പാർട്ടിക്കു വേണ്ടി സാധ്യമായ കാര്യങ്ങൾ എന്റെ നാട്ടിൽ തുടർന്നും ചെയ്യും. അല്ലാതെ നേതാവായി പ്രവർത്തിക്കാൻ ഇനി താൽപര്യമില്ല. ഇക്കാര്യമൊന്നും അറിയാത്ത ചിലർ ഞാൻ സ്ഥാനാർഥിയാകാൻ നടക്കുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കും, പരിഹസിക്കും. ചോദിച്ചവരോടെല്ലാം അർഥശങ്കയില്ലാതെ മത്സരിക്കില്ലെന്നു പറഞ്ഞിട്ടും കുറേപ്പർ അതു ചെയ്തുകൊണ്ടിരിക്കും,അധിക്ഷേപിച്ചു കൊണ്ടിരിക്കും. മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റിന് എഴുതിക്കൊടുത്താലും അങ്ങനെ ചെയ്യും.എന്തു ചെയ്യാനാണ്! വേദനാജനകമാണ്.
English Summary: Cross Fire Exclusive Interview with former Rajya Sabha Deputy Chairman PJ Kurien