‘തന്ത്രങ്ങൾ പിഴച്ചു’; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങൾ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടു നിർണായക പ്രവർത്തകസമിതി യോഗം ചേർന്നത്. പാർട്ടിയുടെ നിലവിലെ പോക്കിനെ വിമർശിക്കുന്ന ജി23 സംഘം നേതൃത്വമാറ്റം ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ക്ഷണിതാക്കൾ, രാജസ്ഥാൻ, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാർ എന്നിവരടക്കം 54 അംഗ വിശാല പ്രവർത്തക സമിതി യോഗമാണ് സോണിയ വിളിച്ചത്. മുകുൾ വാസ്‌നിക്കിനെ പാർട്ടി അധ്യക്ഷനായി നിർദേശിക്കാൻ ജി23 സംഘം തീരുമാനിച്ചെന്നും വാർത്തകൾ വന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവരും മുതിർന്ന മറ്റു ചില നേതാക്കളും യോഗത്തിൽനിന്നു വിട്ടുനിന്നെന്നാണു വിവരം.
English Summary: Sonia Gandhi Stays Chief, Congress Decides In 4-Hour Post-Mortem