ദുരന്തത്തിന്റെ വേദനകൾ പേറുന്ന ചെർണോബിലിലെ മണ്ണിൽ ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നതു കരുതലോടെ മാത്രമാണ്. ആളുകൾ ഉപേക്ഷിച്ചുപോയ ആ പ്രേതനഗരത്തിൽ, മരിച്ചവരുടെ ഓർമദിനത്തിൽ പോലും ബന്ധുക്കളെയോ മറ്റോ പ്രവേശിപ്പിക്കുന്നതിന് ഏറെ സുരക്ഷയൊരുക്കാറുണ്ട്...Ukraine News

ദുരന്തത്തിന്റെ വേദനകൾ പേറുന്ന ചെർണോബിലിലെ മണ്ണിൽ ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നതു കരുതലോടെ മാത്രമാണ്. ആളുകൾ ഉപേക്ഷിച്ചുപോയ ആ പ്രേതനഗരത്തിൽ, മരിച്ചവരുടെ ഓർമദിനത്തിൽ പോലും ബന്ധുക്കളെയോ മറ്റോ പ്രവേശിപ്പിക്കുന്നതിന് ഏറെ സുരക്ഷയൊരുക്കാറുണ്ട്...Ukraine News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുരന്തത്തിന്റെ വേദനകൾ പേറുന്ന ചെർണോബിലിലെ മണ്ണിൽ ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നതു കരുതലോടെ മാത്രമാണ്. ആളുകൾ ഉപേക്ഷിച്ചുപോയ ആ പ്രേതനഗരത്തിൽ, മരിച്ചവരുടെ ഓർമദിനത്തിൽ പോലും ബന്ധുക്കളെയോ മറ്റോ പ്രവേശിപ്പിക്കുന്നതിന് ഏറെ സുരക്ഷയൊരുക്കാറുണ്ട്...Ukraine News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിനു നേരെ ആയുധങ്ങളുമായി റഷ്യ പോരിനൊരുങ്ങിയ സമയത്ത് സമീപരാജ്യങ്ങൾ മാത്രമല്ല, യൂറോപ്പാകമാനം ഭീതിയോടെ ഓർത്ത ഒരു പേരുണ്ട്. നാറ്റോയുടെയും പുട്ടിന്റെയും സെലെൻസ്കിയുടെയുമെല്ലാം പേരിനുമപ്പുറത്തുള്ള ഒന്ന്–ചെർണോബിൽ ആണവനിലയം. 1986ൽ ലോകത്തെ ഞെട്ടിച്ച ആണവ ചോർച്ചയുണ്ടായ ഇടം. പതിറ്റാണ്ടുകൾക്കിപ്പുറവും ആശങ്കകളുടെ അണുവികിരണമവസാനിക്കാത്ത ആ ദുരന്തഭൂമിയിൽ അതിനേക്കാൾ കരുത്തുള്ള 2 പ്ലാന്റുകൾ അവശേഷിക്കുന്നുണ്ട് എന്നതാണ് യൂറോപ്യൻ രാജ്യങ്ങളിലെയും യുക്രെയ്നിലെയും റഷ്യയിലെയും പോലും ജനങ്ങളെ യുദ്ധഭീതിയോടൊപ്പംതന്നെ ആശങ്കാകുലരാക്കിയത്. 

1986 ഏപ്രിലിൽ ചെർണോബിൽ ആണവ പ്ലാന്റിലെ ഒരു റിയാക്ടറാണ് പൊട്ടിത്തെറിച്ചത്. അതിനേക്കാൾ കരുത്തുള്ള 15 റിയാക്ടറുകൾ ഇന്ന് ആ രാജ്യത്തുണ്ട്. മൂന്നോളം പ്ലാന്റുകൾ നിർമാണത്തിലിരിക്കുന്നുമുണ്ട്. യുദ്ധം ആരംഭിച്ച് ഏതാനും നാളുകൾക്കുള്ളിൽതന്നെ ചെർണോബിൽ വീണ്ടും ചർച്ചകളിലെത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ആ പ്ലാന്റിന്റെ നിയന്ത്രണം റഷ്യൻ സേന ഏറ്റെടുത്തു എന്നതായിരുന്നു കാരണം. അവിടേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടതോടെ ആണവ ഭീതി വീണ്ടുമുയർന്നു. 

ചെർണോബിൽ സ്മാരകത്തിലേക്ക്, പരമ്പരാഗത വസ്ത്രം ധരിച്ചു പോകുന്ന കീവ് നിവാസികൾ. ഫയൽ ചിത്രം: Sergei SUPINSKY / AFP
ADVERTISEMENT

വൻതോതില്‍ ആണവ മാലിന്യങ്ങൾ ഇപ്പോഴും ചോരാതെ ചെർണോബിലിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ സംവിധാനങ്ങൾ, വൈദ്യുതി വിതരണം തടസ്സത്തിലാവുന്നതോടെ അവതാളത്തിലാകുമെന്ന ഭീതിയാണ് യുക്രെയ്ൻ രാജ്യാന്തര ആണവോർജ ഏജൻസിയോട് (ഐഎഇഎ) പങ്കുവച്ചത്. നിലയവുമായുള്ള യുക്രെയ്നിന്റെ അവസാന ബന്ധവും നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള യുക്രെയ്നിന്റെ റിപ്പയറിങ് ടീമിനെഅനുവദിക്കാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെത്തന്നെ റഷ്യയുടെ അറിയിപ്പ് വന്നു– റഷ്യയിലെയും റഷ്യയോടു കൂറുള്ള യുക്രെയ്ൻ പ്രദേശങ്ങളിലെയും വിദഗ്ധരുടെ സഹായത്തോടെ നിലയത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന്. ഹൈ–വോൾട്ടേജ് വൈദ്യുതി വിതരണത്തിനായി ഒരു താൽക്കാലിക സംവിധാനം ഒരുക്കിയെന്നും.

ഡിസാസ്റ്റർ ടൂറിസം ഭൂമി!

ദുരന്തത്തിന്റെ വേദനകൾ പേറുന്ന ചെർണോബിലിലെ മണ്ണിൽ ഇപ്പോഴും ആളുകളെ പ്രവേശിപ്പിക്കുന്നതു കരുതലോടെ മാത്രമാണ്. ആളുകൾ ഉപേക്ഷിച്ചുപോയ ആ പ്രേതനഗരത്തിൽ, മരിച്ചവരുടെ ഓർമദിനത്തിൽ പോലും ബന്ധുക്കളെയോ മറ്റോ പ്രവേശിപ്പിക്കുന്നതിന് ഏറെ സുരക്ഷയൊരുക്കാറുണ്ട്. മേഖല കേന്ദ്രീകരിച്ച് ‘ഡിസാസ്റ്റർ ടൂറിസ’വും നാളുകളായി നടക്കുന്നു. പേരു പോലെത്തന്നെ, ദുരന്ത ഭൂമി ചുറ്റിക്കാണാനായി പ്രത്യേക അനുമതിയും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി സന്ദർശകരെ അനുവദിക്കുന്നതാണിത്. 

ചെർണോബിൽ പ്ലാന്റിന്റെ സാറ്റലൈറ്റ്‌ ദൃശ്യം. ചിത്രം: Maxar Technologies / AFP

എന്തിലും ഏതിലും വ്യവസായ സാധ്യത കണ്ടെത്തുന്ന ചൈനയിൽ നിന്ന്, ഒരു കമ്പനി ചെർണോബിൽ പ്രദേശത്ത് വലിയ സോളർപാടം ഒരുക്കി വൈദ്യുതി ശേഖരിക്കാൻ പദ്ധതിയുമായി 2018ൽ രാജ്യത്തെ സമീപിച്ചിരുന്നു. നിരപ്പായ ഭൂപ്രദേശമായതുകൊണ്ടുതന്നെ ഏതുകാലാവസ്ഥയിലും സൗരോർജം ഉൽപാദിപ്പിക്കാൻ സൗകര്യമെന്നതാണ് കമ്പനി ന്യായമായി ഉന്നയിച്ചത്. എന്നാൽ ഇവിടെ ഒട്ടേറെ തൊഴിലാളികളെ എത്തിച്ചാൽ മാത്രമേ പ്ലാന്റ് സ്ഥാപിക്കാനാകൂ എന്നതുകൊണ്ട് ആ വരുമാനക്കാര്യത്തിൽ പോലും തീരുമാനമെടുക്കാൻ യുക്രെയ്ന് കഴിഞ്ഞിരുന്നില്ല. 

ADVERTISEMENT

അടുത്തിടെ യുക്രെയ്നിലെ ഏറ്റവും വലിയ ആണവനിലയം റഷ്യ പിടിച്ചെടുത്തപ്പോൾ അവിടെയുള്ള ഐഎഇഎയുടെ നിയന്ത്രണം നഷ്ടമായിരുന്നു. ചെർണോബിലിൽ ഉൾപ്പെടെ അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ യുക്രെയ്ൻ, റഷ്യൻ വിദേശകാര്യ മന്ത്രിമാരെ നേരിട്ടു കാണാൻ  ഐഎഇഎ തലവൻ റാഫേൽ ഗ്രോസി തുർക്കിയിലും എത്തിയിരുന്നു. അത്രയേറെ ആശങ്കാജനകമാണ് യുക്രെയ്നിലെ ആണവനിലയങ്ങൾ ഉയർത്തുന്ന ഭീഷണി. യുദ്ധം തുടരുന്ന യുക്രെയ്നിന്മേൽ നാറ്റോയ്ക്കും സമീപ രാജ്യങ്ങൾക്കുമുള്ള ആശങ്കകൾക്കു കാരണം ഇതുകൂടിയാണ്. ചെർണോബിൽ പോലെ ഒരു ദുരന്തം യുദ്ധമുഖത്തുണ്ടായാൽ യൂറോപ്യൻ മേഖലയിലാകെ തിരിച്ചടി ഗുരുതരമായേക്കും. അതിന്റെ സാമ്പത്തിക ആഘാതം ലോകത്തെയാകെ അസ്ഥിരതാവസ്ഥയിലേക്കു തള്ളിവിടുകയും ചെയ്യും.

ഇന്നും മൂടി വയ്ക്കപ്പെട്ട ഭീതി

ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമാണ് 1986 ഏപ്രിൽ 26ന് പ്ലാന്റുകളിലൊന്നിലെ പൊട്ടിത്തെറിയെ തുടർന്ന് ചെർണോബിലിൽ ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാത്തിൽ മാത്രം റേഡിയേഷനേറ്റു മരിച്ചത് 36 പേരാണ്. അണുവികിരണം മൂലം തുടർന്നുള്ള നാളുകളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. 32 കിലോമീറ്റർ ചുറ്റളവിൽ താമസിച്ചിരുന്ന 1.35 ലക്ഷം പേരെ ഒഴിപ്പിച്ചു. സ്വന്തം ജീവൻ വരെ ത്യജിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ നിലയത്തിലെ തീ കെടുത്തിയതും റേഡിയേഷൻ അധികം പരക്കാതെ തടഞ്ഞതും. എന്നാൽ റിയാക്ടറിലെ താപനില താഴ്ത്താന്‍ പിന്നെയും കാലങ്ങൾ എടുത്തു. 

ചെർണോബിൽ പ്ലാന്റിനെതിരെ കീവിൽ 1991ൽ നടന്ന പ്രതിഷേധം. ചിത്രം: Sergei SUPINSKY / AFP

സ്ഫോടനത്തിൽ തകർന്ന റിയാക്ടറിൽനിന്ന് ആണവ വികിരണം വമിക്കാതിരിക്കാൻ ഉരുക്കുകോട്ട പോലെ സുരക്ഷിത കവചം നിർമിച്ചിരിക്കുകയാണ്. ഇതിനുള്ളിലും ചുറ്റുമായി ഇന്ധന റോഡുകൾ നിർമിച്ച് അതിൽ കൂളന്റ് നിറച്ചുവച്ചിട്ടുമുണ്ട്. താപനില ഉയരുന്നുണ്ടോ എന്നത് പരിശോധിക്കാനുൾപ്പെടെ പ്രത്യേക കംപ്യൂട്ടർ സംവിധാനം. ചൂട് ഉയർന്നാൽ നദിയിൽനിന്ന് ജലമൊഴുക്കി താപനില താഴ്ത്താനും ക്രമീകരണം. 100 ടണ്ണോളം ആണവ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ ഇവിടെ ‘സ്ഫുടം’ ചെയ്തു സൂക്ഷിച്ചിരിക്കുന്നത്.  യുഎസ്‌എസ്ആറിന്റെ ഭാഗമായിരുന്നു ഈസ്ഥലം. സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ടപ്പോൾ യുക്രെയ്നിലായി.

ADVERTISEMENT

ചെർണോബിൽ അപകടത്തിൽ 27 കിലോഗ്രാം സീസിയം 137 അന്തരീക്ഷത്തിൽ കലർന്നിരുന്നു. അതാണ് ദുരന്തത്തിന്റെ ഭീകരത ഏറ്റവും വർധിപ്പിച്ചത്. ഇതിന്റെ ഫലമായി ഏതാണ്ട് 4000 ചതുരശ്രകിലോമീറ്റർ പ്രദേശം വാസയോഗ്യമല്ലാതെ, കൃഷിയോഗ്യമല്ലാതെ തലമുറകളോളം തുടരും. പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ ചെറിയ കൈപ്പിഴയുടെ ഫലമായിരുന്നു ചെർണോബിലിലെ ദുരന്തം. ആണവ പ്ലാന്റ് പ്രവർത്തനത്തോടൊപ്പം സോവിയറ്റ് യൂണിയന്റെ ചില പരീക്ഷണങ്ങളും ഇതോടനുബന്ധിച്ചു നടത്തിയിരുന്നു. അതിൽ സംഭവിച്ച പാളിച്ചയാണ് അപകടത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു. 

യുക്രെയ്ൻ പാർലമെന്റിനു മുൻപിൽ ചെർണോബിൽ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിലെ കാഴ്‌ച. ചിത്രം: Sergei SUPINSKY / AFP

ഹിരോഷിമയിലും നാഗസാക്കിയിലും നടന്നതിനേക്കാൾ ആഘാതമുള്ളതായിരുന്നു ചെർണോബിലിലെ ആണവ സ്ഫോടനം. റിയാക്ടറിനു മുകളിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വൻ കോൺക്രീറ്റ് കവചം ഉൾപ്പെടെ തകർന്നു. ആണവ ഇന്ധനവും റേഡിയോ പ്രസരമുള്ള ധൂളികളും നാലുപാടും പരന്നു. റിയാക്‌ടറിന്റെ കേന്ദ്ര ഊഷ്‌മാവ് 2000 ഡിഗ്രി സെൽഷ്യസിലും ഉയർന്നു. ഗ്രാഫൈറ്റ് ദണ്ഡുകൾക്കു തീപിടിക്കുക കൂടി ചെയ്‌തതോടെ അപകടത്തിന്റെ ഭീകരത കൂടി. ന്യൂക്ലിയർ അവശിഷ്ടമുള്ള പുക ആണവമേഘമായി സമീപരാജ്യങ്ങളിലേക്ക് ഉൾപ്പെടെ പടർന്നു. 

എന്നാൽ റിയാക്ടർ പൊട്ടിത്തെറിച്ച വിവരം യുഎസ്എസ്ആർ പുറത്തുവിട്ടിരുന്നില്ല. ആണവവികിരണ തോത് ക്രമാതീതമായി ഉയർന്നതായി സമീപരാജ്യങ്ങളിൽ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണവും തുടർന്നു ദുരന്തവുമെല്ലാം വെളിപ്പെടുന്നത്. സ്വീഡനിലെ ഒരു ലാബിലായിരുന്നു ആദ്യമായി ഇതു സംബന്ധിച്ച സംശയമുണ്ടായത്. തുടർ പരിശോധനയിലാണ് മേഖലയിൽ അസാധാരണമാം വിധം റേഡിയേഷൻ സാന്നിധ്യം തിരിച്ചറിഞ്ഞത്. യുക്രെയ്ൻ മേഖലയിൽനിന്നായിരുന്നു കാറ്റിന്റെ സഞ്ചാരമെന്നതിനാൽ അന്വേഷണം അവിടേക്കുമെത്തി. പക്ഷേ സോവിയറ്റ് യൂണിയൻ കർശനമായി പറഞ്ഞു– ‘ഇവിടെ യാതൊരു ആണവ പ്രശ്നവുമില്ല’

ഇന്നും സജീവം, 4 നിലയങ്ങൾ

ചെർണോബിൽ ദുരന്തംകൊണ്ടു മാത്രം ആണവനിലയങ്ങളിലൂടെ വൈദ്യുതി എന്ന പദ്ധതി ഉപേക്ഷിച്ച രാജ്യങ്ങളുണ്ട്. അവർ കാറ്റും ചൂടും ഉപയോഗിച്ചുള്ള ബദൽ ഊർജോൽപാദന മാർഗങ്ങളിലേക്കു തിരിഞ്ഞു. എന്നാൽ യുക്രെയ്നിൽ ഇന്ന് ചെർണോബിലിനേക്കാൾ കരുത്തുള്ള 4 സജീവ ആണവോർജ പ്ലാന്റുകൾ ഉണ്ട്. എല്ലാം ചേർത്ത് ആക്ടീവായ 15 റിയാക്ടറുകൾ. ചെർണോബിലിൽ പൊട്ടിത്തെറിച്ച റിയാക്ടറിനേക്കാൾ ശേഷി കൂടിയവയാണ് ഇവ. യുക്രെയ്നിനു വേണ്ട വൈദ്യുതിയിൽ 50 ശതമാനത്തിലേറെ ഉൽപാദിപ്പിക്കുന്നത് ആണവോർജത്തിലാണ്. 

കീവിലെ ചെർണോബിൽ സ്‌മാരകത്തിൽ നടന്ന, ദുരന്തത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാചരണത്തിലെ കാഴ്‌ച. ചിത്രം: Sergei SUPINSKY / AFP

സാപൊറീഷ്യ ആണ് യൂറോപിലെ തന്നെ ഏറ്റവും വലിയ നിലയം. അവിടെ 6 റിയാക്ടറുകളുണ്ട്. റിവ്നെ, ക്മെല്നിറ്റ്സ്കി തുടങ്ങിയ പ്ലാന്റുകളും യുക്രെയ്നിൽ സജീവമാണ്.13 ഗിഗാവാട്ട്-ഇലക്ര്ടിക് (GWe) ആണ് ഊർജോൽപാദന ക്ഷമത (1 GWe= 100 Crore watts of electric capacity) ആണവ വൈദ്യുതോർജ ഉൽപാദനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് യുക്രെയ്ന്. സജീവമായ പ്ലാന്റുകൾക്ക് പുറമേ നിർമാണത്തിലിരിക്കുന്ന 4 പ്ലാന്റുകളുമുണ്ട് രാജ്യത്ത്. ഇവയിൽ പലതും ഹർകീവ് പോലെ, റഷ്യയുമായി പോരാട്ടം നടക്കുന്ന പ്രദേശങ്ങളിലാണ്.

ഇപ്പോഴെന്താണ് ചെർണോബിലിൽ സംഭവിക്കുന്നത്?

നിലവിൽ പ്രവർത്തനമില്ലാതെ നിർജീവമാണെങ്കിലും ചെർണോബിൽ പ്ലാന്റിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ഇവിടെ സ്ഥിതി മോശമാണെന്ന് യുക്രെയ്ൻ തുടർച്ചയായി മുന്നറിയിപ്പു നൽകുന്നു. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് റഷ്യ പറയുന്നത്. കീവിലെ ആണവ ഏജൻസി ആവർത്തിച്ചു പറയുന്നത് ഇവിടെ ചോർച്ചയ്ക്കു സാധ്യതയുണ്ടെന്നാണ്. ഇന്ധനം തണുപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഏജൻസി നൽകുന്ന വിവരം. വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് കാരണം. 

റഷ്യ പിടിച്ചെടുത്ത സാപൊറീഷ്യ ആണവനിലയത്തിലെ ഗവേഷകർ, റഷ്യൻ സൈനികരുടെ ഇടപെടലിൽ മാനസികമായി തകർന്നിരിക്കുകയാണെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെയ്നിലെ ആണവോർജ പ്ലാന്റുകളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന നടപടികളിൽനിന്ന് പിൻവാങ്ങണമെന്ന് ആണവോർജ ഏജൻസി റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും യുദ്ധവുമായി റഷ്യ മുന്നോട്ട് പോകുന്നത് യുഎന്നിന്റെ ഉൾപ്പെടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഡീകമ്മിഷൻ ചെയ്ത ചെർണോബിൽ ന്യൂക്ലിയർ പവർ പ്ലാന്റിൽ നിന്നുള്ള വികിരണം തടയൽ പ്രവർത്തനത്തെ ബാധിക്കുന്ന ഏതുതരം നടപടിയും വിനാശകരമാണെന്നും സുരക്ഷയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ച അരുതെന്നും ഐഎഇഎ തലവൻ ഗ്രോസി അഭ്യർഥിച്ചിട്ടുണ്ട്. നിലയവുമായുള്ള ഐഎഇഎയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടതും തിരിച്ചടിയായിട്ടുണ്ട്.

നിലവിൽ അറുനൂറിലേറെ റഷ്യൻ സൈനികരാണ് സാപൊറീഷ്യയിലുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ ഈ ആണവനിലയത്തിന്റെ നടത്തിപ്പ് എന്നന്നേക്കുമായി ഏറ്റെടുക്കുകയാണെന്ന് റഷ്യ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ചെർണോബിലിൽ സൈനിക ആവശ്യത്തിനായുള്ള വസ്തുക്കൾ സൂക്ഷിക്കാനുള്ള കേന്ദ്രവും റഷ്യ ആരംഭിച്ചു. ചെർണോബിലിന്റെ ഇനിയുള്ള നിയന്ത്രണം റഷ്യയുടെ കീഴിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്‌ഷൻ ആൻഡ് ഡവലപ്‌മെന്റും വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. 1995 മുതൽ ഇതുവരെ 250 കോടി യൂറോയിലേറെ ബാങ്ക് വഴി രാജ്യാന്തര സമൂഹം ചെർണോബിലിലെ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. സമാധാനപരമായി മുന്നോട്ടു പോയിരുന്ന ആ ദൗത്യത്തെ അട്ടിമറിക്കുകയാണ് റഷ്യ ചെയ്തിക്കുന്നതെന്ന് ബാങ്കും കുറ്റപ്പെടുത്തുന്നു. ഇവർക്കെല്ലാം ഒപ്പം, ഇനിയൊരു ആണവ ദുരന്തത്തിന് ഇടയാക്കല്ലേ എന്ന പ്രാർഥനയിലാണ് യുക്രെയ്നിനും സമീപ രാജ്യങ്ങൾക്കുമൊപ്പം ലോകജനത.

English Summary: Why Chernobyl Nuclear Power Plant is Creating Panic in Ukraine after 36 Years of Explosion?