‘കോൺഗ്രസിൽ എവിടെ ഗാന്ധിസം? സിപിഎം ഇന്ന് സംസാരിക്കുന്നത് ബിജെപിയെപ്പോലെ’
നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികളിൽ എന്ത് മാർക്സിസവും കമ്യൂണിസവും ആണ് ഉള്ളത്? ഈയിടെ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ വിദേശ നിക്ഷേപത്തിന്റെയും സ്വകാര്യ മൂലധനത്തിന്റെയും കാര്യത്തിൽ തീവ്ര വലതുപക്ഷകക്ഷി ആയ ബിജെപി സംസാരിക്കുന്നതുപോലെ തന്നെയല്ലേ സിപിഎമ്മും സംസാരിക്കുന്നത്? പാശ്ചാത്യമൂലധനം കാത്തിരിക്കുന്ന സംഘപരിവാറിന് എന്ത് ഗോൾവാൾക്കറിസമാണ് ഇനി ബാക്കിയുള്ളത്? ഇടതുപക്ഷ–വലതുപക്ഷങ്ങൾ തമ്മിൽ..CPM BJP AAP Congress
നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികളിൽ എന്ത് മാർക്സിസവും കമ്യൂണിസവും ആണ് ഉള്ളത്? ഈയിടെ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ വിദേശ നിക്ഷേപത്തിന്റെയും സ്വകാര്യ മൂലധനത്തിന്റെയും കാര്യത്തിൽ തീവ്ര വലതുപക്ഷകക്ഷി ആയ ബിജെപി സംസാരിക്കുന്നതുപോലെ തന്നെയല്ലേ സിപിഎമ്മും സംസാരിക്കുന്നത്? പാശ്ചാത്യമൂലധനം കാത്തിരിക്കുന്ന സംഘപരിവാറിന് എന്ത് ഗോൾവാൾക്കറിസമാണ് ഇനി ബാക്കിയുള്ളത്? ഇടതുപക്ഷ–വലതുപക്ഷങ്ങൾ തമ്മിൽ..CPM BJP AAP Congress
നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികളിൽ എന്ത് മാർക്സിസവും കമ്യൂണിസവും ആണ് ഉള്ളത്? ഈയിടെ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ വിദേശ നിക്ഷേപത്തിന്റെയും സ്വകാര്യ മൂലധനത്തിന്റെയും കാര്യത്തിൽ തീവ്ര വലതുപക്ഷകക്ഷി ആയ ബിജെപി സംസാരിക്കുന്നതുപോലെ തന്നെയല്ലേ സിപിഎമ്മും സംസാരിക്കുന്നത്? പാശ്ചാത്യമൂലധനം കാത്തിരിക്കുന്ന സംഘപരിവാറിന് എന്ത് ഗോൾവാൾക്കറിസമാണ് ഇനി ബാക്കിയുള്ളത്? ഇടതുപക്ഷ–വലതുപക്ഷങ്ങൾ തമ്മിൽ..CPM BJP AAP Congress
ഇന്ത്യൻ രാഷ്ട്രീയത്തിലെ അസാധാരണമായ ചുവടുവയ്പായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി. അഴിമതിക്ക് എതിരെ ശബ്ദമുയർത്തിയും ജനകീയ ആവശ്യങ്ങൾ നിറവേറ്റിയും ഉയർന്നുവന്ന ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ എന്ന കൂട്ടായ്മയുടെ ജൈവികമായ തുടർച്ചയായിരുന്നു ആ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം. ആദ്യകാലം തൊട്ടേ അതേക്കുറിച്ച് എഴുതിയിട്ടുണ്ട് എഴുത്തുകാരനും ചിന്തകനുമായ സി.ആർ. പരമേശ്വരൻ. ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പ്രതിഭാസത്തോട് ദീർഘകാലമായി വിമർശനാത്മകമായി സംവദിക്കുന്ന അദ്ദേഹം, പഞ്ചാബിൽ സംഭവിച്ച വലിയ രാഷ്ട്രീയ വഴിത്തിരിവിന്റെ പശ്ചാത്തലത്തിൽ ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുന്നു...
∙ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി നേട്ടമുണ്ടാക്കുകയും ഡൽഹി പോലെ അഴിമതി നിറഞ്ഞ ഒരു സ്ഥലത്ത് നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളുടെ പേരിൽ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴും ഉയരുന്ന ഒരു വിമർശനമുണ്ട്. അവർക്കു കൃത്യമായൊരു പ്രത്യയശാസ്ത്രമില്ലെന്നതാണ് അത്. ഈ വിമർശനത്തെ എങ്ങനെയാണ് കാണുന്നത്?
പ്രത്യയശാസ്ത്രം എന്നതിന് മാർക്സും അനുയായികളും പറയുന്ന ഒരു സാങ്കേതികമായ അർഥമുണ്ട്.നാമിപ്പോൾ ദൈനംദിനചർച്ചകളിൽ ഉപയോഗിക്കുന്ന അർഥത്തിലാണ് പ്രത്യയശാസ്ത്രത്തെ കുറിച്ച് പറയുന്നത്. മാർക്സിസം, ഗാന്ധിസം, ഇസ്‌ലാമിസം, ഗോൾവാൾക്കറിസം എന്നൊക്കെ പറയുന്ന അർഥത്തിൽ. ആം ആദ്മി പാർട്ടിക്ക് അങ്ങനെ ഒരു പ്രത്യയശാസ്ത്രമില്ലെന്നു പറയുന്നത് നിരർഥകമാണ്. നിലവിലുളള കക്ഷി രാഷ്ട്രീയത്തിന് അനുസൃതമല്ലാത്ത രാഷ്ട്രീയപ്രക്രിയകൾ അവർ തുടങ്ങിയിട്ടേയുള്ളൂ എന്ന നിലയ്ക്ക് ഒരു പ്രത്യയശാസ്ത്രപ്പേരില്ലെന്നത് സ്വാഭാവികമാണ്.
പേരല്ല പ്രധാനം, പ്രവർത്തനങ്ങളാണ്. ഒരു കാര്യം ഓർക്കേണ്ടതുണ്ട്: സോഷ്യലിസ്റ്റ് ചിന്തകളും പ്രവർത്തനങ്ങളും ആയി മാർക്സ് കൊളോണിലും ബ്രസ്സൽസിലും പാരിസിലും ലണ്ടനിലും അലയുമ്പോൾ മാർക്സിസം എന്നൊരു പ്രത്യയശാസ്ത്രപ്പേരുണ്ടായിരുന്നില്ല.1915ൽ ഇന്ത്യയിൽ എത്തി ഗാന്ധിജി സ്വാതന്ത്ര്യസമരത്തിൽ സജീവമാകുമ്പോൾ, ഇംഗ്ലണ്ടിലെയും ആഫ്രിക്കയിലെയും ജീവിതാനുഭവങ്ങളും ആറു കൊല്ലം മുൻപ് എഴുതിയ ‘ഹിന്ദ് സ്വരാജ്’ എന്ന പുസ്തകവും ഒഴിച്ചാൽ, ഗാന്ധിസം എന്നൊരു പ്രത്യയശാസ്ത്രമില്ല. പിന്നീടുള്ള മുപ്പതിലേറെ വർഷത്തെ സംഘർഷഭരിതവും മൂർത്തവും ആയ രാഷ്ട്രീയപ്രക്രിയയുടെ ഒടുവിലാണ് നാമിന്നറിയുന്ന ഗാന്ധിസം എന്ന പ്രത്യയശാസ്ത്രം ഉണ്ടാകുന്നത് .
ഇന്ത്യൻ ഭരണഘടന പ്രബുദ്ധരായ മനുഷ്യർ ഉണ്ടാക്കിയ ഒരു പ്രത്യയ ശാസ്ത്രപ്പുസ്തകമാണ്. തസ്കരാധിപതികളായ കക്ഷിരാഷ്ട്രീയക്കാർ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന മൂല്യങ്ങളെയെല്ലാം അഴിമതിയിലൂടെയും നിയമലംഘനങ്ങളിലൂടെയും പ്രഹസനമാക്കിയിരിക്കുന്നു. അഴിമതി നിർമാർജനം ചെയ്യാനും സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങളും ജീവിതത്തിന്റെ ഗുണവും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന എഎപി പോലെ സാമ്പ്രദായികമല്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനം ഭരണഘടനാ മൂല്യങ്ങൾ പുനഃസ്ഥാപിക്കാനും അതിന്റെ പ്രത്യയശാസ്ത്രം പിന്തുടരാനും ആണ് പരോക്ഷമായി ശ്രമിക്കുന്നത്. അതിനാൽ പ്രത്യേക പ്രത്യയശാസ്ത്ര ബോർഡ് വയ്ക്കാൻ അവർ സമയവും ഊർജവും മെനക്കെടുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
സാമൂഹിക വെല്ലുവിളികൾ ഉണ്ടാവുന്നത് അനുസരിച്ച്, അവയെ നേരിടുന്നത് അനുസരിച്ച് പ്രത്യയശാസ്ത്രം ക്രമാനുകൃതമായി ആവിഷ്കൃതമായിക്കൊള്ളും. ‘നിങ്ങളുടെ പ്രത്യയശാസ്ത്രം ഏതാണ്?’ എന്ന ചോദ്യം തന്നെ ക്ഷേമപ്രവർത്തനങ്ങൾ ഒക്കെ വിട്ട് ഇന്ത്യയുടെ സമ്പത്തും പകുതി ഊർജവും പാഴാക്കുന്ന മതസംഘർഷചർച്ചകളിൽ പക്ഷം ചേരാനോ മറുപക്ഷം ചേരാനോ ഉള്ള കുത്സിതമായ ക്ഷണമാണ്.
പ്രത്യയശാസ്ത്ര ബോർഡ് വച്ച പാർട്ടികളുടെ നില എന്താണ്? കോൺഗ്രസ് പാർട്ടി ഗാന്ധിയനോ നെഹ്‌റുവിയനോ അല്ലാതായിട്ട് എത്രയോ കാലമായി. നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികളിൽ എന്ത് മാർക്സിസവും കമ്യൂണിസവും ആണ് ഉള്ളത്? ഈയിടെ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ വിദേശനിക്ഷേപത്തിന്റെയും സ്വകാര്യമൂലധനത്തിന്റെയും കാര്യത്തിൽ തീവ്ര വലതുപക്ഷകക്ഷി ആയ ബിജെപി സംസാരിക്കുന്നതുപോലെ തന്നെയല്ലേ സിപിഎമ്മും സംസാരിക്കുന്നത്? ഇടതുപക്ഷ–വലതുപക്ഷങ്ങൾ തമ്മിൽ എന്തു പ്രത്യയശാസ്ത്ര വ്യത്യാസമാണുള്ളത്? പാശ്ചാത്യമൂലധനം കാത്തിരിക്കുന്ന സംഘപരിവാറിന് എന്ത് ഗോൾവാൾക്കറിസമാണ് ഇനി ബാക്കിയുള്ളത്?
വോട്ടുബാങ്കുകളെ സജീവമാക്കി നിർത്താൻ ഹിംസാത്മകമായ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിനു മാത്രമാണ് പ്രത്യയശാസ്ത്രം അവർ ഉപയോഗിക്കുന്നത്. അല്ലാത്തപ്പോൾ പങ്കുപറ്റൽ മുതലാളിത്തത്തിനു കീഴിൽ എല്ലാവരും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പു കാലമടുത്താൽ തമ്മിൽ കടുത്ത പ്രത്യയശാസ്ത്രഭിന്നതകളുണ്ടെന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽനിന്നു ബിജെപിയിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും ബിജെപിയിൽ നിന്നും തൃണമൂലിലേക്കും ഒക്കെ പതിറ്റാണ്ടുകളുടെ പ്രത്യയശാസ്ത്രദാർഢ്യം ഉള്ള നേതാക്കന്മാർ തന്നെ ഒഴുകുന്നതു കാണാം!
∙ ഈ പ്രത്യയശാസ്ത്രരാഹിത്യം അവരുടെ ചില നിലപാടുകളിലും നിലപാടില്ലായ്മകളിലും പ്രതിഫലിക്കുന്നില്ലേ? കേജ്‌രിവാളിനും കൂട്ടർക്കും എതിരെ ഉയരുന്ന ഒരു ആരോപണം, അവർ മൃദു ഹിന്ദുത്വം പയറ്റുന്നുവെന്നാണ്?
ആം ആദ്മി പാർട്ടി മൃദുഹിന്ദുത്വമാണ് പിന്തുടരുന്നതെന്ന ആരോപണത്തിലൊന്നും ഒരു കാര്യവുമില്ല. ആ ആരോപണം നിർഭാഗ്യവശാൽ ഇന്ത്യയിലെ എലീറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലിഷ് പത്രമാധ്യമങ്ങളിലും കേരളം പോലുള്ള സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമോ-ലെഫ്റ്റിസ്റ്റ് ആവാസവ്യവസ്ഥയുടെ സൃഷ്ടിയാണ്. 80% ഹൈന്ദവ ജനസംഖ്യയുള്ള ഒരിടത്ത് ഹിന്ദുവും ഹൈന്ദവികതയും ചീത്ത വാക്കുകൾ ആകണമെന്നത് സാധാരണ മുസ്‌ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ആവശ്യമല്ല. ഇവരാരാണ് എല്ലാവർക്കും വേണ്ടി ശരിതെറ്റുകൾ നിർണയിക്കാനും അവരോട് സമ്പൂർണമായി യോജിക്കാത്തവരെ ചാപ്പ കുത്താനും?
പൗരത്വ ഭേദഗതി നിയമവും ആർട്ടിക്കിൾ 370യും മൂലമുള്ള സംഘർഷങ്ങൾ ഒക്കെ അൻപതുകളിലെ നേതാക്കളുടെ കുറ്റകരമായ വിളംബനങ്ങളുടെ ഫലമാണ് എന്ന് കരുതുന്നവരുണ്ട്. ഈ നിയമങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനോടോ ഇസ്‌ലാമോ ലെഫ്റ്റിസ്റ്റുകളോടോ പൂർണമായി യോജിക്കാൻ പറ്റാത്തവരുണ്ട്. മുത്തലാഖ് നിരോധനത്തിനും ഏകീകൃത സിവിൽ കോഡിനും എതിർ നിൽക്കുന്ന ഇടതു പുരോഗമനനാട്യക്കാർ കടുത്ത സ്ത്രീവിരുദ്ധർ ആണെന്ന് കരുതുന്നവർ ഉണ്ട്. കോൺഗ്രസോ ഇടതുപക്ഷം ഉൾപ്പെടുന്ന മൂന്നാംമുന്നണിയോ ആണ് എക്കാലത്തും ഇന്ത്യ ഭരിക്കുന്നതെങ്കിൽ ഖിയാമം നാളിന്റെ തലേന്നു പോലും പത്തു കോടി സ്ത്രീകൾക്ക് വിമോചനം നൽകുന്ന ഈ രണ്ട് പുരോഗമന നിയമങ്ങൾ പാസാകുമായിരുന്നില്ല എന്ന് കരുതുന്നവരുണ്ട്. ആളുകൾ പല അഭിവീക്ഷണങ്ങൾ ഉള്ളവരല്ലേ? ഇവരെയെല്ലാം ചാപ്പ കുത്താൻ ഇവരാരാണ്? വിയോജിക്കുന്നവരെ അധിക്ഷേപിക്കാൻ മാത്രം ഇസ്‌ലാമിസവും കമ്യൂണിസവും അപ്പടി പുരോഗമനമാണോ?
ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കേജ്‌രിവാൾ ക്ഷേത്രദർശനം നടത്തിയതും ഹനുമാൻ ചാലീസ ചൊല്ലിയതും ഇത്തരം ജനാധിപത്യ വിരുദ്ധതയോടുള്ള പ്രതിഷേധമായിട്ടാണ് എനിക്ക് തോന്നിയത്. ക്ഷേത്രാരാധകനല്ലാത്ത എനിക്കത് വലിയ കൗതുകം നൽകി. ഹിന്ദുമത വിശ്വാസിയാണെങ്കിൽ അതു പിന്തുടരുന്നതിനുള്ള അവകാശം കേജ്‌രിവാളിനുണ്ട്. ഭരണത്തിൽ അദ്ദേഹം വിഭാഗീയമായി മതവും ജാതിയും കലർത്തുന്നുണ്ടോ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ.
സംഘപരിവാർ പിന്തുടരുന്നത് ഹിന്ദുത്വയാണെങ്കിൽ വ്യക്തി എന്ന നിലയിൽ കേജ്‌രിവാൾ പിന്തുടരുന്നത് ഹൈന്ദവികതയാണ്. സംഘപരിവാറിന്റേത് തീവ്ര ദേശീയതയാണെങ്കിൽ കേജ്‌രിവാളിന്റേത് യഥാർഥ ദേശീയതയാണ്. കേജ്‌രിവാൾ പയറ്റുന്നത് സംഘപരിവാറിനെതിരെയുള്ള ഒരു രാഷ്ട്രീയ തന്ത്രമാകാം. ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ സംഘപരിവാർ ഏറ്റവും വിദ്രോഹപരമായി പെരുമാറുന്നത് കേജ്‌രിവാളിനോടാണ്. അയാളെ മൃദുഹിന്ദുവായി ചിത്രീകരിക്കുന്നത് അസംബന്ധമാണ്.
∙ പഞ്ചാബ് പോലെ ഒരു സംസ്ഥാനം എന്തുകൊണ്ട് ആം ആദ്മി പാർട്ടിയെ സ്വീകരിച്ചുവെന്നാണ് താങ്കൾ കരുതുന്നത്? രാജ്യത്തിന്റെ അതിർത്തിയിലുള്ള ഒരു സംസ്ഥാനം. പുറത്തുനിന്നെത്തുന്ന എന്തിനെയും സന്ദേഹത്തോടെ മാത്രം സമീപിക്കുന്നവരാണ്. എന്താകും ഈ രാഷ്ട്രീയ മനംമാറ്റത്തിനു പിന്നിൽ?
പഞ്ചാബിൽ എന്തുകൊണ്ട് ആം ആദ്മി അധികാരത്തിലെത്തി എന്ന ചോദ്യത്തിനുള്ള അടിസ്ഥാനപരമായ ഉത്തരം ക്ഷേമവും നിയമവാഴ്ചയും അഴിമതിരാഹിത്യവും ആഗ്രഹിക്കുന്ന മനുഷ്യർ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട് എന്നതാണ്. അവർ സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നേ ഉള്ളൂ. പഞ്ചാബ് ചരിത്രപരമായി മറ്റു സംസ്ഥാനങ്ങളേക്കാൾ യാഥാസ്ഥിതികത കുറഞ്ഞ സ്ഥലമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും ബംഗാളിനെ പോലെ തന്നെ വിപ്ലവകരമായ മാറ്റങ്ങൾക്കും ധീരന്മാരായ നിരവധി നേതാക്കൾക്കും ജന്മം നൽകിയ പാരമ്പര്യമുള്ള പ്രദേശമാണ് പഞ്ചാബ്. ആം ആദ്മി അവിടെ നവാഗതരല്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി 2014 മുതൽ ആം ആദ്മിക്ക് അടിത്തറയുള്ള പ്രദേശമാണ് പഞ്ചാബ്. ആ കൊല്ലത്തെ പൊതുതിരഞ്ഞെടുപ്പിൽ അവരുടെ നാലു സ്ഥാനാർഥികൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017ൽ സംസ്ഥാന നിയമസഭയിലേക്ക് 20 പേർ വിജയിച്ചു പ്രധാന പ്രതിപക്ഷം ആയി.
എഎപിയുടെ വിജയത്തിന് പല കാരണങ്ങൾ ഉണ്ട്. നിരവധി അഴിമതിക്കേസുകൾ ഉള്ള അകാലിദളിലെ ബാദൽ കുടുംബത്തോട് അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ലാത്ത ഭരണ കക്ഷിയായ കോൺഗ്രസ് ഒത്തുകളിക്കുന്നത് ജനത്തെ നിരാശപ്പെടുത്തിയിരുന്നു. മാൾവ മേഖലയിലെ കർഷക പ്രക്ഷോഭം കൊണ്ട് ഉണർന്ന ജനങ്ങളുടെ വോട്ട് ലഭിച്ചത് ആം ആദ്മിക്കാണ്. അവർക്ക് പ്രധാനമായും വോട്ടു ലഭിച്ചത് യുവാക്കളിൽനിന്നും സ്ത്രീകളിൽനിന്നും ആണ്. കാരണം അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന മൂർത്തമായ വാഗ്ദാനങ്ങൾ തന്നെ.
വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപയും ഡൽഹി മാതൃകയിൽ മൊഹല്ല ക്ലിനിക്കുകളും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതിയും ആം ആദ്മി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ഉണ്ടായ ഭരണാധികാരികളിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രത്യക്ഷരം നിറവേറ്റിയിട്ടുള്ള അപൂർവം പേരിൽ പ്രമുഖനാണ് കേജ്‌രിവാൾ എന്ന് സമീപസ്ഥമായ ഡൽഹിയിലെ അനുഭവങ്ങളിൽ നിന്ന് അവർക്കറിയാം.
∙ പഞ്ചാബിലെ വിജയം ആം ആദ്മിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയല്ലേ?
അതെ, വലിയ വെല്ലുവിളിയാആണ്. ഡൽഹി പോലെ ഒരു മെട്രോനഗരം മാത്രമായ സ്റ്റേറ്റ് ഭരിക്കുന്നത് പോലെ എളുപ്പമല്ല ക്രമസമാധാനച്ചുമതലയുള്ള ഒരു സംസ്ഥാനം ഭരിക്കുന്നത്. മത-ജാതി-ഭാഷാ-പ്രാദേശിക സ്വത്വപൂരിതങ്ങളാണ് സംസ്ഥാന രാഷ്ട്രീയങ്ങൾ. അതിർത്തി സംസ്ഥാനമായതിനാൽ പാക്കിസ്ഥാന്റെ കുത്തിത്തിരിപ്പുകൾ ഭയപ്പെടണം. കനത്ത വിദേശ ധനസഹായം ലഭിക്കുന്ന ഖാലിസ്ഥാൻ പ്രസ്ഥാനം പുനർജീവിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 20 കൊല്ലം കൊണ്ട് ലഹരിമരുന്നിന്റെ വ്യാപനം ഇന്ത്യയിലെ ഏറ്റവും കർമ്മോന്മുഖമായ പ്രവിശ്യയെന്ന പഞ്ചാബിന്റെ കീർത്തിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
സംഘപരിവാർ അതിന്റെ സകല കൗടില്യങ്ങളോടെയും എതിർക്കുന്ന പാർട്ടിയാണ് ആം ആദ്മി. എഎപി മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുമെന്ന ഭീതിയിൽ മറ്റ് അഴിമതിപ്പാർട്ടികളും പരിവാറിനോട് സഹകരിക്കും. കോടതിയടക്കമുള്ള സമസ്ത സ്ഥാപനങ്ങളുടെയും സംശുദ്ധി ബലികഴിച്ച്, ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ചാണ് സംഘപരിവാർ അഴിമതിക്കാരായ പ്രതിയോഗികളെ മെരുക്കിയിരിക്കുന്നത്. അതിനാൽ, അഴിമതിരഹിതമായി കണ്ണിൽ എണ്ണയൊഴിച്ച് സദാസമയവും ജനങ്ങളോടൊപ്പം നിന്നാലേ പഞ്ചാബിലെ വിജയം ആം ആദ്മിക്ക് നിലനിർത്താൻ ആവൂ .
∙ ഡൽഹിയും പഞ്ചാബും ആവർത്തിക്കാൻ ആം ആദ്മിക്ക് ആകുമെന്നു താങ്കൾ കരുതുന്നുണ്ടോ?
എല്ലായിടത്തും അഴിമതിക്കെതിരായ ജനരോഷം ഉണ്ട്. പഞ്ചാബിലെ ഭരണം വിജയകരമായാൽ ഉത്തരാഖണ്ഡും ഹരിയാനയും ഹിമാചലും പോലെ സമാന സാഹചര്യങ്ങൾ ഉള്ള ചെറിയ അയൽസംസ്ഥാനങ്ങളിൽ അത് ആവർത്തിക്കാൻ ആം ആദ്മി ശ്രമിക്കും. അനുകൂലസാഹചര്യങ്ങൾ ഉള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും പടരാൻ ശ്രമിക്കും. ഡൽഹി പോലെ അഴിമതി നിറഞ്ഞ ഒരിടത്ത് മാറ്റം കൊണ്ടുവരികയെന്നതും സൗജന്യ വൈദ്യുതി, വെള്ളം മുതലായ വാഗ്ദാനങ്ങൾ പാലിക്കുക എന്നതും അസാധ്യമാണെന്ന് ആം ആദ്മിയുടെ ഡൽഹിയിലെ ആദ്യവിജയത്തിൽ പലരെയും പോലെ ഞാനും കരുതിയിരുന്നു. ആ ആശങ്ക അസ്ഥാനത്താണെന്ന് തെളിയിച്ച് ഡൽഹിയിൽ തൃപ്തികരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേജ്‌രിവാളിനു കഴിഞ്ഞു.
അഴിമതിപ്പാർട്ടികളുടെ ജല്ലിക്കെട്ട് രാഷ്ട്രീയത്തിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാൻ വേണ്ടുന്ന കഴിവും ധാർമികതയും വിദ്യാഭ്യാസവും ആധുനികതയും ദർശനശേഷിയും ഉള്ള ആം ആദ്മി നേതാക്കൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആം ആദ്മിക്ക് കുറച്ച് സംസ്ഥാനങ്ങളിലെങ്കിലും മികച്ച ഭരണം കൊണ്ടുവരാൻ ആയാൽ അത് ഇന്ത്യയ്ക്കു മാത്രമല്ല, അഴിമതിയുടെയും നിയമവാഴ്ചാരാഹിത്യത്തിന്റെയും സമാനസാഹചര്യങ്ങൾ ഉള്ള ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്കു തന്നെ മാതൃകയാകും.
∙ എന്തുകൊണ്ട് കേജ്‌രിവാൾ ഇത്ര സ്വീകാര്യനാകുന്നു?
കേജ്‌രിവാളിന്റെ രാഷ്ട്രീയപ്രവേശനത്തിനു മുൻപ് അദ്ദേഹം വളരെ വലിയ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. 1999 മുതൽ ‘പരിവർത്തൻ’ എന്ന സന്നദ്ധസംഘടനയിലൂടെ സാധാരണ മനുഷ്യർക്കിടയിൽ പ്രവർത്തിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഉയർന്നുവന്ന ആളാണ് അരവിന്ദ് കേജ്‌രിവാൾ. തെറ്റുപറ്റിയെന്നു തോന്നിയപ്പോൾ അത് ജനത്തോട് ഏറ്റുപറയാനും തിരുത്താനും ആം ആദ്മി പാർട്ടി തയാറായി. ഇന്ത്യയിൽ പതിവുള്ളതല്ല അത്.
തോൽവിയിൽനിന്നു പഠിക്കാനും തെറ്റുകൾ തിരുത്താനും ശേഷിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കോൺഗ്രസുമൊത്തുള്ള ന്യൂനപക്ഷ സർക്കാർ തകർന്നതിനു ശേഷം അടുത്ത തിരഞ്ഞെടുപ്പു വരെ അദ്ദേഹം ചേരികളിൽ ജനങ്ങൾക്കിടയിൽ നിശ്ശബ്ദമായി പ്രവർത്തിക്കാനാണു പോയത്. 70 സീറ്റുകളിൽ 67ലും വിജയിച്ച് അദ്ദേഹം തിരിച്ചു വന്നു.
ഡൽഹിയിലെ വിജയത്തിന്റെ വെളിച്ചത്തിൽ, കോൺഗ്രസിനെയും ബിജെപിയെയുമെല്ലാം അടിയറവു പറയിച്ച് ദേശീയതലത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചുവിടാൻ കഴിയുമെന്ന് ഒരു കാലത്ത് അദ്ദേഹം വ്യാമോഹിച്ചിരുന്നു. അത്തരം വ്യാമോഹങ്ങളിൽനിന്നു മുക്തനായി, തീർത്തും പ്രായോഗികമായി പെരുമാറുന്ന കേജ‍്‌രിവാളിനെയാണ് പിന്നെ നാം കണ്ടത്. സംഘപരിവാറിനോടുള്ള എതിർപ്പിനു വേണ്ടിയുള്ള എതിർപ്പും ക്രമേണ അദ്ദേഹം ഉപേക്ഷിച്ചു. ഇടയ്ക്കു വരുത്തിയ രാഷ്ട്രീയപ്പിഴവുകളിൽനിന്ന് അദ്ദേഹം പാഠം പഠിച്ചു.
ആരോഗ്യകരമായ ദേശീയതയിൽ ഉള്ള ഊന്നലിന്റെ കാര്യത്തിൽ അദ്ദേഹം മറ്റു പ്രതിപക്ഷപാർട്ടികളിൽനിന്ന് വേറിട്ടു നിൽക്കുന്നു. സ്വാതന്ത്ര്യ സമരകാലത്തെ ആവേശം കൊള്ളിച്ച ഭാരത് മാതാ കി ജയ്,വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങളിൽനിന്ന് മറ്റ് ‘സെക്കുലർ പാർട്ടി’കൾ വോട്ടുബാങ്ക് ഭയത്താൽ അകന്നു പോയപ്പോൾ കേജ്‌രിവാൾ അഭിമാനപൂർവം അത് ഉച്ചത്തിൽ വിളിക്കുന്നത് പ്രതീകാത്മകമാണ് .
∙ ആം ആദ്മി വിജയിക്കുന്നിടത്ത് അതുപോലൊരു പ്രകടനം നടത്താനോ ശ്രമിക്കാനോ പോലും കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും കഴിയാത്തത് എന്തുകൊണ്ടാകും?
അധികാരവും സമ്പത്തും ഒഴികെ മറ്റു പാർട്ടികൾക്ക് വേറെ ലക്ഷ്യങ്ങളില്ല. എന്തായാലും, അഴിമതിക്കാരനോ സഹപ്രവർത്തകരുടെ അഴിമതിയോട് സഹിഷ്ണുവോ അല്ലാത്തവരായി ഒരാൾ പോലും ഇന്ത്യൻ കക്ഷിരാഷ്ട്രീയ മണ്ഡലത്തിൽ ഇന്ന് ഇല്ലെന്ന് ധൈര്യപൂർവം പറയാൻ ആകും. മുൻപു പറഞ്ഞതു പോലെ ചങ്ങാത്തമുതലാളിത്തം എന്ന ഒരൊറ്റ പ്രത്യയശാസ്ത്രമൊഴികെ മറ്റൊന്നും ഇവരെ ഭരിക്കുന്നില്ല.
അധികാരസമവാക്യങ്ങളുടെ ഭാഗമായോ ഇവരുടെയൊക്കെ പൊതുഉടമസ്ഥന്മാരായ കോർപറേറ്റുകളുടെ ആജ്ഞ അനുസരിച്ചോ മിക്കവാറും എല്ലാ അഴിമതിക്കാരും ഏതു പാർട്ടിക്കാരായാലും, ശിക്ഷിക്കപ്പെടാതെ പോകുന്നു. കോടതികളും ഭരണകൂടസ്ഥാപനങ്ങളും അന്വേഷണ ഏജൻസികളും ഭരണക്കാരാൽ തന്നെ നിർവീര്യമാക്കപ്പെട്ടിരിക്കുന്നു. അതതു കാലത്ത് അധികാരത്തിൽ ഉള്ളവർ പ്രതിയോഗികൾക്കെതിരെയുള്ള അഴിമതിക്കേസുകൾ ബ്ലാക്ക് മെയ്‌ലിങ്ങിനാണ് ഉപയോഗിക്കുന്നത്, നീതി നടപ്പാക്കാനല്ല. അതിൽ ഇടത്-വലത് വ്യത്യാസങ്ങൾ ഒന്നുമില്ല.
ക്രോണിമുതലാളിത്തവുമായി ചേർന്നുള്ള ഈ ചോരയൂറ്റലിന്റെ ഫലമായി ആണ് ‘ഗ്ലോബൽ ഹംഗർ ഇൻഡെക്‌സ്’ അടക്കമുള്ള ആഗോള മാനുഷിക വികസന സൂചികകളിൽ സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായിട്ടും നാം ഇപ്പോഴും വളരെ പിന്നിൽ നിൽക്കുന്നത്. ഏറെക്കുറേ സുഖജീവിതം നയിക്കുന്ന നമ്മുടെ മധ്യവർഗ സെൻസിബിലിറ്റിയെ ഇതൊന്നും സ്പർശിക്കുന്നില്ല എന്നു മാത്രം. തന്റെ ചോര വാർന്നു പോകുന്നു എന്ന് പാവപ്പെട്ടവൻ അറിയുന്നുണ്ടെങ്കിലും പണമോ മദ്യമോ മത-ജാതി-ഭാഷാസ്വത്വബന്ധങ്ങളോ അവനെ വോട്ട് ചെയ്യുമ്പോൾ നിസ്സഹായനാക്കുന്നു.
ചുരുക്കത്തിൽ അധികാരത്തിനും സമ്പത്തിനും വേണ്ടി അഴിമതി നടത്തുകയും ഭരണകൂടസ്ഥാപനങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്ന കള്ളന്മാരുടെ ഒരു ഫെഡറലിസമാണ് ഇന്ന് ഇന്ത്യ. ഇത്തരമാളുകൾക്ക് മതവും ജാതിയും പ്രാദേശികതയും ഉപയോഗിച്ച്, ഇത്തിരി ക്ഷേമപ്രവർത്തനങ്ങളും നടത്തി അധികാരത്തിൽ എത്താൻ മാത്രമേ താൽപര്യമുള്ളു. ഈ അവസ്ഥയെ വളരെ ബോധപൂർവം തിരിച്ചറിഞ്ഞ്, ഒരു ചെറിയ പരീക്ഷണ വേദി ആയ ഡൽഹിയിൽ പാർട്ടിയിൽ നിന്നും ബ്യൂറോക്രസിയിൽ നിന്നും അഴിമതി ആകാവുന്നത്ര നിർമ്മാർജനം ചെയ്യുകയും വെള്ളം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ ജീവത്തായ കാര്യങ്ങളിൽ ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്തു എന്നതാണ് കേജ്‌രിവാളിന്റെ വ്യത്യസ്തമായ ഭരണമാതൃക. ഇത് പഞ്ചാബിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വിജയകരമായി വ്യാപിപ്പിക്കാൻ കഴിയുമോ എന്നതാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.
എഎപിയുടെ മറ്റൊരു നിയോഗം സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്ന ആരോഗ്യകരമായ ദേശീയബോധം തിരികെ കൊണ്ടു വരിക എന്നതാണ് എന്ന് എനിക്ക് തോന്നുന്നു .ദേശീയ–രാജ്യാന്തര സംഭവവികാസങ്ങളുടെ സ്വാധീനത്താൽ, എൺപതുകളോടെ മതാധിഷ്ഠിതമായ വോട്ടുബാങ്ക് രാഷ്ട്രീയം ഉപയോഗിക്കുന്ന സംഘപരിവാർ അതിദേശീയതയും ഇസ്‌ലാമോ-ഇടതു ശക്തികൾ അന്തർദേശീയതയുടെ മറ പിടിച്ചുള്ള ദേശവിരുദ്ധതയും ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ യഥാർത്ഥ ദേശീയത അസ്തപ്രഭമായി.
ഈ രണ്ടു ശക്തികൾക്കുമിടയിൽ യഥാർത്ഥ ദേശീയതയ്ക്ക് ഒരു സ്പേസ് കണ്ടെത്താനുള്ള ഉദ്യമം സ്വാതന്ത്ര്യസമരകാലത്ത് ഉപയോഗിച്ചിരുന്ന മുദ്രാവാക്യങ്ങളും വലിയ ദേശീയപതാകയും ഒക്കെ ആയി ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ സമരകാലത്തു തന്നെ കേജ്‌രിവാളിനും കൂട്ടർക്കും ഉണ്ടായിരുന്നു. ആ ഊന്നൽ ഇപ്പോഴും തുടരുന്നു.
നങ്ങളുടെ യഥാർഥ ആവശ്യങ്ങളിലുള്ള ഊന്നൽ, അഴിമതിരാഹിത്യം, യഥാർത്ഥ ദേശീയത–വ്യത്യസ്തത പുലർത്താൻ ആം ആദ്മി പാർട്ടി ശ്രദ്ധിക്കുന്ന ഈ മൂന്നു കാര്യങ്ങളും ജനമനസ്സുകളെ വളരെ സ്വാധീനിക്കുന്നുണ്ട് .
∙ആം ആദ്മി ഒരു പാൻ ഇന്ത്യൻ പാർട്ടിയാകാനുള്ള സാധ്യതയുണ്ടോ?
‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ സമരഘട്ടം മുതൽ, വിമർശനാത്മകത വിടാതെതന്നെ, അവരുടെ ഒരു അഭ്യുദയ കാംക്ഷി ആയിരുന്നിട്ടുള്ള ഞാൻ ഇക്കാര്യത്തിൽ പൂർണമായും ഒരു ശുഭാപ്തിവിശ്വാസിയല്ല . അതിനാൽ ആം ആദ്മി പാൻ ഇന്ത്യൻ പാർട്ടിയാകുമോ എന്നത് ഇപ്പോൾ പ്രവചിക്കാൻ ആവില്ല. ഒന്നാമതായി, അഴിമതിരാഹിത്യത്തിലും ജനാധിപത്യധാർമികതയിലും ഇപ്പോഴുള്ള കർശനത്വം പാർട്ടി മറ്റിടങ്ങളിലേക്ക് വ്യാപിക്കുമ്പോൾ അതിന് പുലർത്താൻ കഴിയുമോ എന്നതാണ് പ്രശ്നം.
വലിയ ഒത്തുതീർപ്പുകൾ ഇല്ലാതെ ആം ആദ്മിയെ ഒരു പാൻ ഇന്ത്യൻ പാർട്ടിയാക്കാൻ കഴിഞ്ഞാൽ കേജ്‌രിവാളിനെ നമുക്ക് വലിയ ഒരു അദ്ഭുതപ്രവർത്തകൻ ആയി കാണാം. അല്ലെങ്കിൽ മറ്റൊരു കക്ഷിയായി എഴുതിത്തള്ളാം. ഇന്ത്യൻ രാഷ്ട്രീയത്തിൽ പണത്തിന്റെയും മസിൽ പവറിന്റെയും അതിപ്രസരം വളരെ അധികമാണ്. മതവും, ജാതിയും, വലിയ കുറ്റകൃത്യങ്ങളും, വമ്പൻ രാജ്യാന്തര സാമ്പത്തിക താൽപര്യങ്ങളും ഒക്കെ കളിക്കുന്ന അതിസങ്കീർണമായ ഒരു സ്ഥലി ആണ് ഇന്ത്യയിലെ വിശാലരാഷ്ട്രീയം. അവിടെ ആദർശവാനായ ഒരാൾ മാത്രമല്ലല്ലോ കളിക്കാരൻ.
കേജ്‌രിവാളിനെ പോലെ തന്നെ വ്യക്തിപരമായി അഴിമതിരഹിതനും വിദ്യാസമ്പന്നനും ജനകീയനുമാണ് നിതീഷ്‌കുമാർ. അദ്ദേഹം ബിഹാർ പോലെ ഒരു സംസ്ഥാനം ഭരിക്കാൻ വേണ്ടി ഏർപ്പെട്ട ഒത്തുതീർപ്പുകൾ നിരവധിയാണ്. രണ്ടു മൂന്ന് ജില്ലകൾ അടക്കി ഭരിക്കുന്ന മാഫിയ തലവനും മൂന്നു വട്ടം മൊകാമ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും ആയ ആനന്ദ്സിങ്ങിന് അദ്ദേഹം കൊടുക്കുന്ന രക്ഷാകർതൃത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ നിതീഷ് പത്രലേഖകരോട് നിഷ്കളങ്കമായി പറഞ്ഞത് ‘പ്രയോഗികരാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെ മാത്രമേ നടക്കൂ’ എന്നാണ്.
ഇപ്പോഴുള്ള ആദർശാത്മകതയോടെ ആം ആദ്മി പാർട്ടി ഇന്ത്യയിൽ കുറച്ചു ഭാഗത്തെങ്കിലും സ്വീകരിക്കപ്പെടണം എങ്കിൽ നമുക്കിന്നുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യം കൂടുതൽ ഗുണനിലവാരം കൈവരിക്കണം. കാരണം പാർട്ടികൾക്കുള്ളിലും സമൂഹത്തിലും ജനമനസ്സിലും ഫ്യൂഡൽ മൂല്യങ്ങൾ രൂഢമൂലമാണ്. ഒരു പക്ഷേ സിപിഎം ഒഴികെ ഒരു പാർട്ടിയിലും ഉൾപ്പാർട്ടി തിരഞ്ഞെടുപ്പില്ല. സിപിഎമ്മിലാകട്ടെ ഇപ്പോൾ തിരഞ്ഞെടുപ്പ് ഒരു മനുഷ്യൻ സംവിധാനം ചെയ്യുന്ന അസംബന്ധനാടകമാണു താനും.
ആന്തരികജനാധിപത്യം ഇല്ലാത്ത പാർട്ടികൾ ഭരിക്കുന്ന സമൂഹത്തിൽ എങ്ങിനെയാണ് ജനാധിപത്യം സഫലമാകുക? പറഞ്ഞു വരുന്നത് ഗുണനിലവാരം നിലനിർത്തി ഒരു പാൻ-ഇന്ത്യൻ പാർട്ടി ആകാനും ആ സ്ഥിതി തുടരാനും കഴിയണമെങ്കിൽ ആം ആദ്മി പാർട്ടിക്ക് കടുത്ത പ്രതിരോധം നേരിടേണ്ടി വരും എന്നാണ്. മറ്റിടങ്ങളിലേതു പോലെ ക്രമാനുഗതമായി ദക്ഷിണേന്ത്യയിലും ആം ആദ്മി സാന്നിധ്യം ഉണ്ടാക്കിയേക്കാം. പക്ഷേ കേരളത്തിൽ അതുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.
∙ എന്താണ് കേരളത്തെ കുറിച്ചുള്ള അത്തരം ഒരു നിരീക്ഷണത്തിനു പിന്നിൽ?
കാരണം ഇവിടത്തെ സാധാരണ മനുഷ്യരിൽ പോലും അതിശക്തമായ ഇടതു കപടാവബോധമുണ്ട്. മാർക്സിന്റെ അനുയായികൾ ആണെന്ന് പറഞ്ഞാലും അഭ്യസ്തവിദ്യരുടെ ആലോചനകളിൽ പോലും വസ്തുനിഷ്ഠതയോ ലോജിക്കോ ഒന്നുമില്ല. ആദ്യകാല കമ്യൂണിസ്റ്റുകൾക്ക് ഉണ്ടായിരുന്ന പ്രത്യയശാസ്ത്ര ബോധ്യമല്ല , പകരം നേതാവിന് സമർപ്പിച്ച ഒരു തരം തീവ്രമതബോധമാണിപ്പോഴുള്ളത്. സിപിഎം പൊതുപണമുപയോഗിച്ച് നീതിന്യായവ്യവസ്ഥ മുതൽ സാംസ്കാരികനായകർ വരെ സർവ സേവനദാതാക്കൾക്കും കൃത്യമായി ഭൗതിക ഉത്തേജനം നൽകാൻ ശ്രദ്ധാലുക്കളാണ്.
എന്നാൽ, ഈ ഉത്തേജനം മാത്രമല്ല അന്ധമായ ഒട്ടിപ്പിടിക്കലിന് കാരണം. ഭൂരിപക്ഷം പേരിലും പ്രവർത്തിക്കുന്നത് മുൻപറഞ്ഞ കാലഹരണപ്പെട്ട ഇടതുകപടാവബോധമാണ്. സിപിഎമ്മിന്റെ ഏറ്റവും ആപൽക്കരമായ പോഷകസംഘടന എസ്എഫ്ഐ എന്ന ‘ചോപ്പൻ’ മൗലികവാദ പാഠശാലയാണെന്നാണ് ഞാൻ കരുതുന്നത്. കുഞ്ഞിലേ കുട്ടികളുടെ ബുദ്ധി മന്ദിപ്പിക്കുന്ന സിലക്ടീവ് തിങ്കിങ്ങും മുൻപറഞ്ഞ ഇടതുകപടാവബോധവും പഠിപ്പിക്കുന്ന ഒന്നാണ് അത് .
വെള്ളവും വൈദ്യുതിയും ഗതാഗതവും വിദ്യാഭ്യാസവും ആരോഗ്യരക്ഷയും അഴിമതിരാഹിത്യവും നിയമവാഴ്ചയും ഒക്കെ ‘അരാഷ്ട്രീയ’വും ലാവ്‌ലിനും റിവേഴ്സ് ഹവാലയും സ്ത്രീപീഡനങ്ങളും പിൻവാതിൽ നിയമനങ്ങളും നോക്കുകൂലിയും കൊലപാതകങ്ങളും ഉൽപാദിത ജാതി–മത സംഘർഷങ്ങളും പ്രതിവാര ബന്ദും ‘രാഷ്ട്രീയ’വുമായി കണക്കാക്കുന്ന വിധത്തിലുള്ളവരാണ് ഇന്ന് കേരളത്തിൽ ശബ്ദശക്തി ഉള്ളവർ.
ആം ആദ്മി പാർട്ടിക്ക് ഈ വിചിത്രമായ ‘സാംസ്കാരിക കോട്ട’യെ ഭേദിക്കാനാകുമെന്ന് എനിക്കു തോന്നുന്നില്ല. പത്ത് ആളുകളെ സംഘടിപ്പിക്കാൻ കഴിവുള്ള ദൃശ്യതയുള്ള ഒരു നേതൃത്വം ആം ആദ്മിക്ക് എന്നെങ്കിലും കേരളത്തിൽ ഉണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. ഇടയ്ക്കു വന്നുപോയവർ മുൻപറഞ്ഞ കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ തന്നെ ‘കണ്ടീഷൻഡ്’ ആയവർ തന്നെയായിരുന്നു എന്ന പരിമിതിയുണ്ടായിരുന്നു.
∙ ആം ആദ്മിയുടെ വിജയത്തോടെ ബിജെപിക്ക് എതിരായ ഒരു ദേശീയ ബദലിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. തൃണമൂലും ആം ആദ്മിയും ഇടതുപാർട്ടികളുമൊക്കെ കൈകോർക്കുന്ന ബദൽ. അതിനുള്ള സാധ്യത എത്രത്തോളമാണ്?
ബിജെപിക്കുള്ള ബദൽ എന്നത് ഹ്രസ്വകാലം നിലനിൽക്കുന്ന ഒരു ഭരണമാറ്റം എന്നതിൽ അപ്പുറം ഒന്നുമല്ല. അതൊന്നും നമ്മുടെ രാഷ്ട്രീയത്തെ സമഗ്രമായി ശുദ്ധീകരിക്കാൻ ഒരു വിധത്തിലും പര്യാപ്തമല്ല. ഇതൊക്കെ 1977 മുതൽ ഇന്ത്യ പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുള്ളതാണ്. അഴിമതിയുടെയും അക്രമത്തിന്റെയും കാര്യത്തിൽ മാത്രമല്ല, വർഗീയത ഉപയോഗിക്കുന്ന കാര്യത്തിലും ബിജെപിയും പ്രതിപക്ഷ കക്ഷികളും തീർത്തും അഭിന്നരാണ്.
എല്ലാവരും വർഗീയത ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. ഉദാഹരണത്തിന്, ഇടതുധ്രുവത്തിൽ നിൽക്കുന്ന സിപിഎം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചത് മുസ്‌ലിം-ക്രിസ്ത്യൻ–ഹിന്ദു വർഗീയത സമൃദ്ധമായി ഉപയോഗിച്ചല്ലേ? വർഗീയത മറച്ചു വയ്ക്കാത്ത ബിജെപി, എസ്ഡിപിഐ മുതലായ കക്ഷികൾക്ക് കാപട്യം കുറച്ചു കുറവാണെന്ന വ്യത്യാസം മാത്രമേ ഞാൻ കാണുന്നുള്ളൂ .
ബിജെപിയും കോൺഗ്രസും കമ്യൂണിസ്റ്റും മറ്റു പ്രാദേശിക കക്ഷികളും ഉൾപ്പെടുന്ന തസ്‌കരപ്രഭുവാഴ്ചകൾക്കെതിരായുള്ള (Kleptocratic Oligarchies) ഒരു ബദൽ എന്ന നിലയിൽ ആണ് ആംആദ്മി പാർട്ടിയെ വിഭാവനം ചെയ്യേണ്ടത്. ഒരു കൂട്ടുകക്ഷി സംവിധാനത്തിലേക്ക് ആം ആദ്മിയും പോകുകയാണെങ്കിൽ അത് ആത്മഹത്യാപരമായിരിക്കും. അത്തരമൊരു പ്രവണത അവരിൽ മുൻപ് കണ്ടപ്പോൾ ഞാൻ അതിനെ വിമർശനാത്മകമായാണ് സമീപിച്ചത്. ആ ദിശയിലാണ് ആം ആദ്മി പാർട്ടിയും സഞ്ചരിക്കുന്നത് എങ്കിൽ മറ്റൊരു പത്തു വർഷത്തിനുള്ളിൽ അത് വേറെ ഒരു തസ്കരപ്രഭുവാഴ്ചയായി മാറും.
∙ ആം ആദ്മി പാർട്ടിക്ക് എത്രത്തോളം മുന്നോട്ടുപോകാനാകും? അവർക്കും ഒരുഘട്ടത്തിൽ ഒത്തുതീർപ്പുകൾ അനിവാര്യമായി വരില്ലേ?
ഡൽഹിയിൽ അവർ വാഗ്ദാനം ചെയ്തതിൽ നല്ലൊരളവ് തൃപ്തികരമായി നിറവേറ്റിയ പാർട്ടിയാണ് ആം ആദ്മി എന്നതുകൊണ്ട് എനിക്ക് അവരിൽ പ്രതീക്ഷയുണ്ട്. ഒരുകാലത്ത് കേജ്‌രിവാളിനെ തള്ളിപ്പറഞ്ഞ എഴുത്തുകാരൻ മനു ജോസഫിനെപ്പോലുള്ളവർ ഇപ്പോൾ നിലപാട് മാറ്റി ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നു. ജെഎൻയു പ്രഫസർമാർ പറയുന്നതല്ല യാഥാർഥ്യമെന്ന് ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞതാണ്.
അവർ എത്രത്തോളം മുന്നോട്ടുപോകും, ഒത്തുതീർപ്പുകൾക്കോ വഴങ്ങുമോ എന്നൊന്നുമുള്ള രാഷ്ട്രീയ പ്രവചനത്തിന് ഞാനില്ല. അങ്ങനെ സംഭവിച്ചാലും മുഴുവൻ ആ പാർട്ടിയുടെ കുഴപ്പം കൊണ്ടാണ് എന്ന് പറയാനാകില്ല. ഞാൻ മുൻപ് പറഞ്ഞ ഭീകരമായ ഇന്ത്യൻ സാഹചര്യങ്ങളുടെ കൂടി കുഴപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും തിരഞ്ഞെടുപ്പുകളെയും സസൂക്ഷ്മം വീക്ഷിക്കുന്ന Association for democratic reforms (ADR) എന്ന സംഘടനയുടെ സാമയികമായ റിപ്പോർട്ടുകളും മിലൻ വൈഷ്ണവിന്റെ ‘When Crime Pays’ പോലുള്ള പുസ്തകങ്ങളും വായിച്ചാൽ എത്ര ഭീകരന്മാരായ കുറ്റവാളികളും അഴിമതിക്കാരും ഭരിക്കുന്ന രാഷ്ട്രീയമണ്ഡലത്തിലേക്കാണ് കേജ്‌രിവാൾ തന്റെ ആദർശാത്മകരാഷ്ട്രീയവുമായി കടന്നു വരുന്നത് എന്ന് മനസ്സിലാകും .
ഞാൻ കസേരയിൽ സ്വസ്ഥമായിരുന്ന് എഴുതുന്നതു പോലെയല്ലല്ലോ ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുന്നത്. പ്രായോഗികരാഷ്ട്രീയത്തിന്റെ വളരെ കടുത്ത പരീക്ഷണങ്ങളാണ് അരവിന്ദ് കേജ്‌രിവാളിനെ കാത്തിരിക്കുന്നത്. ഗാന്ധിജി സ്വാതന്ത്ര്യസമരം വിജയിപ്പിച്ചത് ഒറ്റയ്ക്കല്ല. സമാനമായ ധാർമികതയുള്ള നൂറുകണക്കിന് അതികായർ പ്രവിശ്യകളിൽ ഉണ്ടായിരുന്നു. ആം ആദ്മി ജയിക്കാൻ അത്തരം മാനവവിഭവശേഷി ആവശ്യമുള്ള സമയമാണ് ഇപ്പോൾ. രാഷ്ട്രീയക്കാരാലും മതനേതാക്കളാലും ചൂഷിതരായ സാധാരണക്കാർ മതജാതിസ്വത്വബോധങ്ങൾക്ക് അതീതമായി ആം ആദ്മി പാർട്ടിയുടെ സന്ദേശം തിരിച്ചറിയുകയും വേണം.
English Summary: Future of AAP in Indian Politics; Interview with Writer CR Parameswaran