യോഗി പറഞ്ഞു: ‘നീയിന്ന് അതീവ സുന്ദരി, കടൽത്തിരയിൽ നമുക്കൊന്നിച്ച് ആനന്ദിക്കാം’
2015 ഫെബ്രുവരി 18ന് യോഗി ചിത്രയ്ക്ക് അയച്ച ഒരു മെയിൽ ഇങ്ങനെ: ‘ഇന്നു നീ അതീവ സുന്ദരിയായിട്ടുണ്ട്. പലതരത്തിൽ മുടി കെട്ടുന്നതിനെപ്പറ്റി നീ പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുകൂടി പഠിച്ചാൽ നീ കൂടുതൽ സുന്ദരിയാകും, ആരെയും ആകർഷിക്കുന്നവളാകും. സെയ്‌ഷെൽസ് യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം. ഇന്നലെ നീയുമായി ചെലവിട്ട സമയം ഞാനേറെ ആസ്വദിച്ചു. നീ നിനക്കു വേണ്ടി ചെയ്യുന്ന ഇത്തരം..
2015 ഫെബ്രുവരി 18ന് യോഗി ചിത്രയ്ക്ക് അയച്ച ഒരു മെയിൽ ഇങ്ങനെ: ‘ഇന്നു നീ അതീവ സുന്ദരിയായിട്ടുണ്ട്. പലതരത്തിൽ മുടി കെട്ടുന്നതിനെപ്പറ്റി നീ പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുകൂടി പഠിച്ചാൽ നീ കൂടുതൽ സുന്ദരിയാകും, ആരെയും ആകർഷിക്കുന്നവളാകും. സെയ്‌ഷെൽസ് യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം. ഇന്നലെ നീയുമായി ചെലവിട്ട സമയം ഞാനേറെ ആസ്വദിച്ചു. നീ നിനക്കു വേണ്ടി ചെയ്യുന്ന ഇത്തരം..
2015 ഫെബ്രുവരി 18ന് യോഗി ചിത്രയ്ക്ക് അയച്ച ഒരു മെയിൽ ഇങ്ങനെ: ‘ഇന്നു നീ അതീവ സുന്ദരിയായിട്ടുണ്ട്. പലതരത്തിൽ മുടി കെട്ടുന്നതിനെപ്പറ്റി നീ പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുകൂടി പഠിച്ചാൽ നീ കൂടുതൽ സുന്ദരിയാകും, ആരെയും ആകർഷിക്കുന്നവളാകും. സെയ്‌ഷെൽസ് യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം. ഇന്നലെ നീയുമായി ചെലവിട്ട സമയം ഞാനേറെ ആസ്വദിച്ചു. നീ നിനക്കു വേണ്ടി ചെയ്യുന്ന ഇത്തരം..
‘20 വർഷം മുൻപാണ് ഗംഗാതീരത്തു വച്ച് ഞാൻ ആദ്യമായി സ്വാമിയെ കണ്ടുമുട്ടിയത്. അന്നുമുതലിങ്ങോട്ട് എന്റെ വ്യക്തിപരമായ കാര്യങ്ങളിലും തൊഴിൽപരമായ കാര്യങ്ങളിലും അദ്ദേഹം ഉപദേശം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ എപ്പോഴുമൊന്നും കാണാനാകില്ല. അദ്ദേഹം തീരുമാനിക്കുന്ന സമയത്താണ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുക..’
ചിത്ര രാമകൃഷ്ണയുടെ ഈ വാക്കുകൾ വിശ്വസിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിലാണ് സിബിഐ. രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റ സംവിധാനമായ നാഷനൽ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്ഇ) മേധാവിയായിരുന്ന വ്യക്തിയുടെ ഈ വാക്കുകളെ എങ്ങനെ അവിശ്വസിക്കാനാകും? അതിസങ്കീർണമായ ഓഹരി വ്യാപാരം പോലെത്തന്നെ കുഴഞ്ഞുമറിയുകയാണ് ചിത്ര ഉൾപ്പെട്ട എൻഎസ്ഇ കോ–ലൊക്കേഷൻ ക്രമക്കേട്.
2015ൽ അജ്ഞാതനായ ഒരു വ്യക്തി നൽകിയ വിവരങ്ങളിൽനിന്നായിരുന്നു എൻഎസ്ഇയിലെ ‘അസാധാരണ’ ക്രമക്കേടിനെപ്പറ്റിയുള്ള വിവരം ആദ്യമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയുന്നത്. സെർവർ തിരിമറിയിലൂടെ എൻഎസ്ഇ ചില വൻകിട ബ്രോക്കർമാർക്കു ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്ന കാര്യവും ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി വൈകാതെ കണ്ടെത്തി. അതിനെപ്പറ്റി അന്വേഷിക്കുന്നതിനിടെയാണ് എൻഎസ്ഇയുടെ ആദ്യ വനിതാ ഡയറക്ടർ കൂടിയായ ചിത്രയുടെ ചില നീക്കങ്ങൾ സെബിയുടെ കണ്ണിൽപ്പെടുന്നത്. 2013–16 കാലഘട്ടത്തിലായിരുന്നു ചിത്ര എൻഎസ്ഇ എംഡിയായിരുന്നത്.
എൻഎസ്ഇയിലെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വരെ ചിത്ര ഒരു അജ്ഞാതനുമായി പങ്കുവയ്ക്കുന്നു. മാത്രവുമല്ല, എൻഎസ്ഇയുമായി ബന്ധപ്പെട്ട പല നിർണായക തീരുമാനങ്ങളും ചിത്രയെടുത്തത് ‘ഹിമാലൻ യോഗി’ എന്നറിയപ്പെട്ടിരുന്ന അജ്ഞാതന്റെ ഉപദേശപ്രകാരമായിരുന്നു. ആരായിരുന്നു ഈ യോഗി? അന്വേഷണം ചെന്നെത്തി നിന്നത് എൻഎസ്ഇയുടെ മുൻ ചീഫ് ഓപറേറ്റിങ് ഓഫിസറും ചിത്രയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യനിലായിരുന്നു. ഇയാളെ ചട്ടം ലംഘിച്ചായിരുന്നു എൻഎസ്ഇയിൽ നിയോഗിച്ചതെന്നു സെബി കണ്ടെത്തി. സെബിക്കു പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചു. അവർ അടുത്തിടെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പറഞ്ഞത്, ആനന്ദ് തന്നെയാണ് ഹിമാലയൻ യോഗി എന്നാണ്.
ആനന്ദാണ് യോഗി എന്ന കാര്യത്തിൽ സെബിയും നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് ചിത്ര നൽകിയ മറുപടിയാണ് എല്ലാവരെയും കുഴക്കിയത്. അവരുടെ വാക്കുകൾ പ്രകാരം ഹിമാലയൻ യോഗി എന്നു പറയുന്നത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു സിദ്ധ–പുരുഷനോ പരമഹംസനോ ആണ്. അതായത്, അദ്ദേഹത്തിന് ആരുടെ രൂപം വേണമെങ്കിലും, സ്വന്തം ഇഷ്ടപ്രകാരം സ്വീകരിക്കാൻ സാധിക്കും. യോഗി മനുഷ്യരൂപം സ്വീകരിക്കുകയാണെങ്കിൽ അത് ആനന്ദിന്റെ രൂപമായിരിക്കും എന്ന് ഒരിക്കൽ പറഞ്ഞതാണ് സിബിഐയിൽ സംശയം ജനിപ്പിച്ചത്.
‘യോഗിക്കെന്തിനാണ് ഇന്റർനെറ്റ്!’
രൂപമില്ലാത്ത സ്വാമി ചിത്രയോടു സംസാരിച്ചത് ഇ–മെയിലുകളിലൂടെയായിരുന്നു. ചിത്രയുടെ മുടി കെട്ടുന്ന രീതികളിൽ അയാൾക്കു താൽപര്യമുണ്ടായിരുന്നു. രൂപമില്ലെങ്കിലും സെയ്ഷെൽസ് ദ്വീപിലെ കടൽത്തിരകളിൽ ചിത്രയ്ക്കൊപ്പം അവധി പങ്കിടാൻ ‘യോഗി’ ആഗ്രഹിച്ചിരുന്നു! ഹിമാലയസാനുക്കളിലെവിടെയോ ജീവിക്കുന്ന യോഗിക്ക് എങ്ങനെ ഇന്റർനെറ്റും കംപ്യൂട്ടറും ലഭിച്ചു എന്ന ചോദ്യവും സെബിയും സിബിഐയും ചിത്രയോടു ചോദിച്ചു. അതിനവർ നൽകിയ മറുപടി ഇങ്ങനെ–
‘എനിക്കെന്തെങ്കിലും ആവശ്യം വരുന്ന സമയത്ത് യോഗിയെ ബന്ധപ്പെടാൻ വഴികളൊന്നുമുണ്ടായിരുന്നില്ല. അതിനെപ്പറ്റി ഞാനൊരിക്കൽ അദ്ദേഹത്തോടു സങ്കടം പറഞ്ഞു. തുടർന്നാണ് എന്റെ ആവശ്യങ്ങളെല്ലം അറിയിക്കാനായി ഒരു ഇമെയിൽ ഐഡി തന്നത്’. മെയിൽ സ്വീകരിക്കാനുള്ള ഇന്റർനെറ്റ് ഹിമാലയത്തിലുണ്ടോ എന്ന ചോദ്യത്തിനും വന്നു ചിത്രയുടെ തക്ക മറുപടി–‘യോഗിയെപ്പോലെ അതീന്ദ്രിയ ജ്ഞാനമുള്ളവർക്ക് ഇന്റർനെറ്റ് പോലുള്ള ഭൗതിക സാഹചര്യങ്ങൾ ആവശ്യമുണ്ടോയെന്നു പോലും എനിക്കു സംശയമുണ്ട്...!’ എന്നായിരുന്നു അത്.
എന്തായാലും ഹിമാലയൻ യോഗി ചിത്രയ്ക്കു നൽകിയ ഇമെയിൽ വിലാസത്തിലാണ് ഇപ്പോൾ എൻഎസ്ഇയിലെ കോ–ലൊക്കേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട നിഗൂഢതകളെല്ലാം ഒളിഞ്ഞിരിക്കുന്നത്. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർത്തു തയാറാക്കിയ rigyajursama@outlook.com എന്ന ഇമെയിൽ ഐഡിയിലൂടെ നടന്ന കൈമാറ്റങ്ങൾക്കു പിന്നാലെയാണ് സിബിഐ ഇപ്പോൾ. ചിത്രയുമായി ആശയവിനിമയം നടത്താൻ ആനന്ദാണ് ഈ മെയിൽ ഐഡി രൂപീകരിച്ചതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ 2016ൽ എൻഎസ്ഇ വിട്ട് ചിത്ര പോകുന്നതിനു മുൻപേതന്നെ ഈ ഇമെയിലിലൂടെ നടത്തിയ ആശയവിനിമയങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. മാത്രവുമല്ല, ഇമെയിൽ കൈമാറ്റം നടത്തിയ കംപ്യൂട്ടറുകളും നശിപ്പിച്ചു. ഇനി മുന്നിലുള്ള വഴി മെയിൽ ഐഡി ക്രിയേറ്റ് ചെയ്യാൻ ഉപയോഗിച്ച പ്ലാറ്റ്ഫോമിന്റെ ഉടമകളായ മൈക്രോസോഫ്റ്റിന്റെ സഹായം തേടുകയെന്നതാണ്. അതിനുള്ള നടപടികളും സിബിഐ ആരംഭിച്ചു കഴിഞ്ഞു. ആനന്ദ് തന്നെയാണോ ഇമെയിൽ രൂപീകരിച്ചത്, അതോ മറ്റാരെങ്കിലും അയാളുടെ പേരും കംപ്യൂട്ടറും ഉപയോഗപ്പെടുത്തുകയായിരുന്നോ എന്നതും അന്വേഷണ പരിധിയിലുണ്ട്.
‘ഇന്ന് നീ അതീവ സുന്ദരിയായിട്ടുണ്ട്’
ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫൊറൻസിക് ഓഡിറ്റിലൂടെ കണ്ടെത്തിയ സെബി നേരത്തേ ചിത്രയ്ക്ക് പിഴശിക്ഷയും വിധിച്ചിരുന്നു. അന്ന് സെബിയുടെ നോട്ടിസിനു ചിത്ര നൽകിയ മറുപടിയിലൂടെയായിരുന്നു യോഗിയെപ്പറ്റിയുള്ള പല വിവരവും പുറംലോകമറിഞ്ഞത്. പ്രശ്നം ഗുരുതരമാണെന്നു തിരിച്ചറിഞ്ഞതോടെ വിശദമായ അന്വേഷണത്തിലേക്കും സെബി മാറി. ഫൊറൻസിക് ഓഡിറ്റ് ഉൾപ്പെടെ നടത്തിയതോടെ പല ഇമെയിൽ വിവരങ്ങളും പുറത്തെത്തി.
യോഗി ‘രൂപമുള്ള’ ഒരു മനുഷ്യനാണെന്നു വ്യക്തമാക്കുന്ന തെളിവുകളായിരുന്നു മെയിൽ നിറയെ. 2015 ഫെബ്രുവരി 18ന് യോഗി ചിത്രയ്ക്ക് അയച്ച ഒരു മെയിൽ ഇങ്ങനെ: ‘ഇന്നു നീ അതീവ സുന്ദരിയായിട്ടുണ്ട്. പലതരത്തിൽ മുടി കെട്ടുന്നതിനെപ്പറ്റി നീ പഠിക്കേണ്ടത് അത്യാവശ്യമാണ്. അതുകൂടി പഠിച്ചാൽ നീ കൂടുതൽ സുന്ദരിയാകും, ആരെയും ആകർഷിക്കുന്നവളാകും. ഇതൊരു സൗജന്യ ഉപദേശമായി കണക്കാക്കുക. എനിക്കറിയാം നീയിത് ഉൾക്കൊള്ളുമെന്ന്. മാർച്ച് മധ്യത്തോടെ തിരക്കുകളില്‍നിന്ന് അൽപമൊന്ന് ഒഴിവായി നിൽക്കണം’. ഇ–മെയിലിൽ അവസാനമായി പറഞ്ഞ വാക്കുകൾ ഒരു ഓർമപ്പെടുത്തലായിരുന്നു.
അതു സംബന്ധിച്ച വിശദമായ സന്ദേശം 2015 ഫെബ്രുവരി 17ന് യോഗി അയച്ചിരുന്നു: ‘ബാഗുകൾ തയാറാക്കി വയ്ക്കുക. അടുത്ത മാസം (മാർച്ചിൽ) ഞാൻ സെയ്‌ഷെലിലേക്കു പോകുന്നുണ്ട്. നിന്നെക്കൂടി കൊണ്ടു പോകാനാകുമോയെന്നു നോക്കാം. കാഞ്ചനയ്ക്കും ഭാർഗവയ്ക്കുമൊപ്പം കാഞ്ചൻ ലണ്ടനിലേക്കു പോകുന്നതിനു മുൻപു വേണം ഇത്. രണ്ട് കുട്ടികളുമായി നീ ന്യൂസീലൻഡിലേക്കു പോകുന്നതിനു മുന്‍പും...’ എന്നായിരുന്നു മെയിലിൽ പറഞ്ഞത്. ഇതോടൊപ്പം സെയ്ഷെയ്‌ലിലേക്കു പോകുന്ന യാത്രാവഴിയെപ്പറ്റിയും വിശദമാക്കുന്നുണ്ട്.
‘യാത്രയ്ക്കിടയിലെ ട്രാൻസിറ്റ് വിമാനത്താവളമായി ഹോങ്കോങ്ങോ സിംഗപ്പൂരോ തിരഞ്ഞെടുക്കാം. യാത്രയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം. എന്റെ ടൂർ ഓപറേറ്റർ കാഞ്ചനുമായി ബന്ധപ്പെട്ട് എല്ലാ ടിക്കറ്റുകളും ശരിയാക്കും.’ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് ഒന്നുകൂടി കൂട്ടിച്ചേർത്താണ് യോഗിയുടെ മെയിൽ അവസാനിക്കുന്നത്: ‘ചിത്രയ്ക്ക് നീന്തൽ അറിയാമെങ്കിൽ സെയ്ഷെല്ലിലെ കടൽത്തിരകളിൽ നമുക്കൊരുമിച്ച് ആനന്ദിക്കാം’. ഹിമാലയൻ യോഗി മനുഷ്യനാണെന്നും ചിത്രയ്ക്ക് അടുത്തറിയാവുന്ന ആളാണെന്നുമെല്ലാം ഈ മെയിലുകളിൽനിന്നു വ്യക്തം.
‘ഞാനയച്ച മകര കുണ്ഡല ഗാനം നീ കേട്ടോ?’
എന്നാൽ അപ്പോഴും യോഗിയുടെ യഥാർഥ വ്യക്തിത്വം വിട്ടുപറയാൻ ചിത്ര തയാറായില്ല. 2015 ഫെബ്രുവരി 25ന് വീണ്ടും യോഗിയുടെ മെയിൽ എത്തി– ‘സെയ്‌ഷെലിലേക്കു പോകുന്നതിനെപ്പറ്റി നീ കാഞ്ചനോടു സംസാരിക്കുന്നത് ഞാൻ കേട്ടു. തയാറാവുക, കൗണ്ട് ഡൗൺ ആരംഭിക്കുകയാണ്. സെയ്‌ഷെലിലേക്ക് ഞാനും നിങ്ങൾക്കൊപ്പമുണ്ട്. നിനക്കേറെ ‘ചിൽ’ ചെയ്യാനാകും അവിടെ’. 2015 സെപ്റ്റംബർ 16ന് അയച്ച ഇമെയിലിൽ താൻ ചിത്രയ്ക്ക് അയച്ച ഒരു പാട്ടിനെപ്പറ്റിയും യോഗി പറയുന്നു–
‘ഞാനയച്ച മകര കുണ്ഡല ഗാനം നീ കേട്ടോ? ആ ഗാനത്തിന്റെ ആവർത്തനങ്ങളുടെ അനുരണനം നീ തീർച്ചയായും കേൾക്കണം. നിന്റെ മുഖത്തും ഹൃദയത്തിനും സന്തോഷം നിറയുന്നത് കാണുമ്പോൾ അത് എന്നെയും ആനന്ദിപ്പിക്കുന്നുണ്ട്. ഇന്നലെ നീയുമായി ചെലവിട്ട സമയം ഞാനേറെ ആസ്വദിച്ചു. നീ നിനക്കു വേണ്ടി ചെയ്യുന്ന ഇത്തരം ചെറിയ കാര്യങ്ങൾ നിന്നെ കൂടുതൽ ചെറുപ്പമാക്കും, ഊർജസ്വലയും’.
ഈ മെയിലുകളിലൂടെ കടന്നുപോയ സിബിഐക്കു മുന്നിൽ ഒട്ടേറെ ചോദ്യങ്ങളും ഉയർന്നു. കാഞ്ചൻ എന്നു പറയുന്നത് ആനന്ദ് ആണെന്നത് വ്യക്തം. കാഞ്ചന ആനന്ദിന്റെ ഭാര്യയാണ്. പക്ഷേ ഭാർഗവ ആരാണെന്നത് വ്യക്തമല്ല. ചിത്രയ്ക്കൊപ്പമുള്ള രണ്ട് കുട്ടികൾ ആരാണെന്നതിനും ഉത്തരമില്ല. ലഭിച്ച വിവരം അനുസരിച്ച് ചിത്രയ്ക്ക് ഒരു മകൾ മാത്രമാണുള്ളത്. പിന്നെന്തിനാണ് രണ്ടു കുട്ടികളുമായി ന്യൂസീലൻഡിലേക്കു പോകുന്നത്? ആനന്ദ് എന്തിനാണ് ലണ്ടനിലേക്കു പോകുന്നത്?
മറ്റൊരു പ്രതിസന്ധി കൂടെ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ സെയ്ഷെല്ലിലേക്ക് 2014 മുതൽ ഇന്ത്യയില്‍നിന്ന് നേരിട്ടു വിമാന സർവീസുണ്ട്. നാലു മണിക്കൂർ യാത്ര കൊണ്ട് ദ്വീപിലെത്താം. നേരിട്ടുള്ള വിമാനത്തിലല്ലെങ്കിൽ ദുബായും ശ്രീലങ്കയുമാണ് ഇന്ത്യയിൽനിന്ന് സെയ്‌ഷെലിലേക്ക് ആകെയുള്ള ട്രാൻസിറ്റ് പോയിന്റുകൾ. എന്നാൽ യോഗി ചിത്രയോട് ആവശ്യപ്പെട്ടത് ഹോങ്കോങ്ങിൽനിന്നോ സിംഗപ്പൂരിൽനിന്നോ സെയ്ഷെല്ലിലേക്കു പോകാനാണ്.
ഈ ദ്വീപുരാഷ്ട്രത്തിലേക്ക് രണ്ടിടത്തുനിന്നും നേരിട്ട് വിമാന സർവീസുമില്ല! 8–10 മണിക്കൂറിന്റെ യാത്രയുമുണ്ട്. ഇന്ത്യയിൽനിന്ന് സിംഗപ്പൂരിലേക്കോ ഹോങ്കോങ്ങിലേക്കോ എത്തണമെങ്കിൽ 3–4 മണിക്കൂർ യാത്രയുമുണ്ട്. വെറും 3–4 മണിക്കൂർ കൊണ്ട് സെയ്ഷെലിലേക്ക് എത്താമെന്നിരിക്കെ ചിത്രയ്ക്ക് എന്തിനാണ് യോഗി ഈ വളഞ്ഞ വഴി നിർദേശിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും സെബിക്കും സിബിഐയ്ക്കും ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഇമെയിൽ സന്ദേശങ്ങളിലൂടെ കോഡുകളാണോ ഒളിച്ചു കടത്തിയതെന്ന സംശയവും ശക്തം. ‘കുട്ടികൾ’ (Children) പോലുള്ള വാക്ക് ഉപയോഗിച്ചതാണ് സിബിഐയെ കൂടുതൽ കുഴക്കുന്നത്.
എന്തുകൊണ്ട് സെയ്ഷെൽസ്?
എന്തുകൊണ്ട് യാത്രയ്ക്ക് സെയ്ഷെലിനെ തിരഞ്ഞെടുത്തു എന്ന കാര്യവും തങ്ങളുടെ അന്വേഷണ പരിധിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സിബിഐ വ്യക്തമാക്കിയിരുന്നു. നികുതിവെട്ടിപ്പുകാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് സെയ്‌ഷെൽസ്. അപ്പോഴും പക്ഷേ നികുതിവെട്ടിപ്പിന്റെ കാര്യത്തിൽ, ഇന്ത്യക്കാർക്ക് സെയ്‌ഷെൽസിനേക്കാൾ കൂടുതല്‍ ‘മികച്ച’ ഓപ്ഷനുകളുണ്ട്. മൗറീഷ്യസ്, സിംഗപ്പൂർ, സ്വിസ് ആൽപ്‍സ് തുടങ്ങിയ ഇടങ്ങളാണ് ഇന്ത്യയിലെ കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും ആശ്രയിക്കുന്ന കേന്ദ്രങ്ങള്‍.
2015 ഫെബ്രുവരിയിൽ സെയ്ഷെൽസ് യാത്രയുമായി ബന്ധപ്പെട്ട ചർച്ചകൾ ചിത്രയും യോഗിയും തമ്മിൽ നടക്കുമ്പോൾ ഈ ദ്വീപുരാഷ്ട്രവും ഇന്ത്യയും തമ്മിൽ വിവര കൈമാറ്റ കരാറുകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 2015 ഓഗസ്റ്റിൽ ആ കരാർ നിലവില്‍ വന്നു. അതു പ്രകാരം കള്ളപ്പണ വിവരങ്ങൾ ഉൾപ്പെടെ ആവശ്യമെങ്കിൽ സെയ്ഷെൽസ് ഇന്ത്യയ്ക്കു കൈമാറണം. സെയ്ഷെല്‍സ് നികുതി വെട്ടിപ്പുകാരുടെ സുരക്ഷിത താവളമാകാനും കാരണമുണ്ട്.
ഈ ദ്വീപു രാഷ്ട്രത്തിലെ ബാങ്കുകളെ നിക്ഷേപത്തിന് ഉപയോഗിക്കുന്ന കമ്പനികൾക്ക് സെയ്ഷെൽസ് നികുതി ചുമത്തുകയില്ല. ഈ കമ്പനികൾ ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്കു പണം എത്തിക്കുന്നതിനും നികുതി ഈടാക്കില്ല. സെയ്ഷെൽസിൽ സ്ഥാപിക്കപ്പെടുന്ന ഒരു കമ്പനി (offshore company) രാജ്യത്തിനു പുറത്തെ പ്രവർത്തനങ്ങളിലൂടെ നേടുന്ന പണത്തിന് നികുതി നൽകേണ്ടതില്ലെന്നു ചുരുക്കം.
പല കമ്പനികളും തങ്ങളുടെ നിക്ഷേപം സൂക്ഷിക്കുന്നതിനായി സെയ്ഷെൽസിലെ ബാങ്കുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു പണം കൈമാറാനുള്ള മാർഗമായും സെയ്‌ഷെൽസിലെ ബാങ്കുകളെ കമ്പനികൾ ഉപയോഗിക്കുന്നു. ഇത്തരം ഇടപാടുകൾക്കൊന്നും ഈ ദ്വീപുരാഷ്ട്രം യാതൊരു നികുതിയും ഈടാക്കുന്നില്ല. അതോടെ കള്ളപ്പണക്കാരുടെയും നികുതിവെട്ടിപ്പുകാരുടെയും സുരക്ഷിത താവളമായി സെയ്ഷെൽസ് മാറുന്നു. ഇവിടുത്തെ ബാങ്കുകൾ ഒരു ‘ചാനലായി’ പ്രവർത്തിക്കുന്നുവെന്നു മാത്രം. ഇത്തരം കമ്പനികൾ വിദേശത്ത് എന്ത് ഇടപാട് നടത്തി കാശുണ്ടാക്കിയാലും നികുതി ചുമത്തപ്പെടില്ലെന്ന ഗുണമുണ്ട്. അതോടെ കള്ളപ്പണം വെളുപ്പിക്കാനും എളുപ്പം സാധിക്കും.
മൂലധന വർധന നികുതി, ഡിവിഡന്റ് നികുതി, പലിശയിന്മേലുള്ള നികുതി, വസ്തു നികുതി ഇങ്ങനെ യാതൊരു തരത്തിലുള്ള നികുതിയുടെ ഭാരവും സെയ്ഷെൽസിലെ കമ്പനികൾക്കു മേൽ പതിക്കുകയില്ലെന്നതും ഇവിടേക്ക് നികുതി വെട്ടിപ്പുകാരെ ആകർഷിക്കുന്നു. ഇന്ത്യയുടെ കണ്ണ് സ്വിസ് അക്കൗണ്ടുകളിലേക്കായിരിക്കും പ്രധാനമായും നീളുക എന്നറിയാവുന്ന ഒരാളാണ് സെയ്ഷെൽസിനെ നികുതി വെട്ടിപ്പിനായി തിരഞ്ഞെടുക്കുകയെന്ന് സിബിഐ കരുതുന്നു. രാഷ്ട്രീയത്തിൽ ഉൾപ്പെടെ നിർണായക സ്വാധീനമുള്ള വ്യക്തിയാണ് ഇയാളെന്ന നിഗമനവുമുണ്ട്.
അടുത്തിടെ അറസ്റ്റിലായ ചിത്രയെ കോടതി ഏഴു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച് നിലവിൽ തിഹാർ ജയിലിലാണ് ഈ അൻപത്തൊൻപതുകാരി. നേരത്തേ സെബി ഇവർക്ക് മൂന്നു കോടി പിഴ ചുമത്തിയിരുന്നു. വിപണിയിലെ ഇടപെടലുകളിൽനിന്ന് 3 വർഷത്തേയ്ക്ക് വിലക്കുകയും ചെയ്തു. ആനന്ദ് സുബ്രഹ്മണ്യനും കോ–ലൊക്കേഷൻ കേസിൽപ്പെട്ട് അഴിക്കുള്ളിലാണ്. സിബിഐ അന്വേഷണത്തിൽ വരുംനാളുകളിൽ തെളിയുന്നതെന്തായാലും ഇന്ത്യയുടെ ഓഹരി വിപണിയുടെ ഉള്ളറക്കളികളിലേക്കുൾപ്പെടെ വെളിച്ചം വീശുന്ന യാഥാർഥ്യങ്ങളായിരിക്കും അത്.
English Summary: The Mysterious Himalayan Yogi and the Co-location Case involving NSE's Former Director Chitra Ramakrishna