ബിജെപിക്കു വേണ്ടി എസ്പിയുടെ 'വോട്ടു തട്ടി'; പിന്നിൽ മായാവതി, ഉവൈസി;എന്താണ് സത്യം?
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിൽ അസദ്ദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയും മായാവതിയുടെ ബിഎസ്പിയും വോട്ടു ഭിന്നിപ്പിച്ചതാണ് ബിജെപിയുടെ വൻ വിജയത്തിനു കാരണമെന്നാണ് ചിലർ വാദിക്കുന്നതും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതും. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്?.. Owaisi AIMIM . Mayawati BSP
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിൽ അസദ്ദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയും മായാവതിയുടെ ബിഎസ്പിയും വോട്ടു ഭിന്നിപ്പിച്ചതാണ് ബിജെപിയുടെ വൻ വിജയത്തിനു കാരണമെന്നാണ് ചിലർ വാദിക്കുന്നതും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതും. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്?.. Owaisi AIMIM . Mayawati BSP
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിൽ അസദ്ദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയും മായാവതിയുടെ ബിഎസ്പിയും വോട്ടു ഭിന്നിപ്പിച്ചതാണ് ബിജെപിയുടെ വൻ വിജയത്തിനു കാരണമെന്നാണ് ചിലർ വാദിക്കുന്നതും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതും. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്?.. Owaisi AIMIM . Mayawati BSP
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പിൽ അസദ്ദുദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയും മായാവതിയുടെ ബിഎസ്പിയും വോട്ടു ഭിന്നിപ്പിച്ചതാണ് ബിജെപിയുടെ വൻ വിജയത്തിനു കാരണമെന്നാണ് ചിലർ വാദിക്കുന്നതും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതും. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്? പ്രസ്തുത ആരോപണവും പ്രചാരണവും അടിസ്ഥാനമില്ലാത്തതാണെന്നാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന.
403 അംഗ നിയമസഭയിലെ 15 സീറ്റുകളിൽ ആയിരത്തിൽ താഴെയുള്ള വളരെ കുറഞ്ഞ ഭൂരിപക്ഷം എടുത്തുകാട്ടിയാണ് ഈ പ്രചാരണമെന്നതാണ് യാഥാർഥ്യം. പ്രചാരണ സമയത്ത് ഏറെ പടഹമുയർത്തിയെങ്കിലും 70 സീറ്റിൽ മാത്രം മത്സരിച്ച ഉവൈസിയുടെ പാർട്ടി കാര്യമായി ഒരു ചലനവുമുണ്ടാക്കിയില്ലെന്നും കണക്കുകൾ പറയുന്നു. 2017ലെ ഫലവുമായി താരതമ്യം ചെയ്താൽ പലയിടത്തും ഇത്തവണ ബിജെപി–സമാജ്‌വാദി പാർട്ടി (എസ്പി) നേർക്കുേനർ പോരാട്ടമാണു നടന്നത്. അതിനിടെ, വളരെ ചെറിയ ഭൂരിപക്ഷത്തിൽ ബിജെപിയും എസ്പിയും വിജയിച്ച നാലഞ്ചു മണ്ഡലങ്ങളിൽ ഉവൈസിയുടെ പാർട്ടിക്കു അതിനേക്കാൾ അൽപം വോട്ടു കിട്ടിയതാണ് ആരോപണങ്ങളുടെയെല്ലാം അടിസ്ഥാനം.
ആരും തടയാനില്ലാതെ ബിജെപി
അതേസമയം, ഇത്തവണ യുപിയിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെയും ബിഎസ്പിയുടെയും വോട്ട് വൻതോതിൽ എസ്പി സഖ്യത്തിനാണ് കിട്ടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വോട്ടുകളും, കഴിഞ്ഞ തവണ ആറ് ശതമാനം വോട്ടു നേടിയ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) ഒപ്പം ചേർന്നപ്പോൾ ലഭിച്ച വോട്ടകളുമുണ്ടായിട്ടും എസ്പിക്കു ബിജെപിയുടെ മുന്നേറ്റം തടയാനായില്ലെന്നതാണു സത്യം. പൊടിപാറിച്ച് എസ്‌പി നടത്തിയ പ്രചാരണവും ബിജെപിയെ മറികടക്കാൻ പോന്നതായിരുന്നില്ല.
കഴിഞ്ഞ തവണത്തേക്കാൾ 88 മണ്ഡലങ്ങളിൽ മാത്രമാണ് എസ്പി സഖ്യത്തിന് ഇത്തവണ ആധിപത്യം നേടാനായത്. അതിൽത്തന്നെ 11 എണ്ണം ബിഎസ്പിയും 4 എണ്ണം കോൺഗ്രസും കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങളാണ്. 2017ൽ എസ്പിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്ക് പൊരുതിയപ്പോൾ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 17 സീറ്റും 22 ശതമാനം വോട്ടും നേടിയ ബിഎസ്പി പതിവ് വോട്ടുബാങ്കും കൈവിട്ടതോടെ അടിത്തറ തകർന്നു നാമാവശേഷമായി. 403 അംഗ സഭയിൽ ബിജെപി സഖ്യം 273 സീറ്റു നേടിയപ്പോൾ എസ്പി സഖ്യത്തിന് 125 സീറ്റാണ് കിട്ടിയത്. കോൺഗ്രസ് രണ്ട് സീറ്റിലും ബിഎസ്പി ഒരു സീറ്റിലും ഒതുങ്ങി.
ബിജെപിയുടെ 66 സിറ്റിങ് സീറ്റുകൾ എസ്പി പിടിച്ചെങ്കിലും, മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് കാര്യമായ വോട്ടു ചോർച്ച ഉണ്ടായില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2017ലേതിനേക്കാൾ മിക്ക മണ്ഡലങ്ങളിലും വോട്ടു കൂടി. അതേസമയം, കോൺഗ്രസിനും ബിഎസ്പിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ടിൽ നല്ല പങ്കും സമാജ് വാദി സഖ്യത്തിലേക്കു പോയി എന്നും കണക്കുകൾ പറയുന്നു. ബിജെപിയുടെയും എസ്പിയുടെയും ശക്തമായ പ്രചാരണ തന്ത്രങ്ങൾക്കു മുന്നിൽ പലയിടത്തും പഴയ വോട്ടു കണക്കുകൾ അപ്രസക്തമായതായും കാണാം.
എല്ലാം പിരിച്ചുവിട്ട് ആർഎൽഡി
കഴിഞ്ഞ തവണ 39 ശതമാനം വോട്ടായിരുന്നത് ബിജെപിക്ക് ഇത്തവണ 41.29 ആയി ഉയർന്നു. എസ്പിയുടെ വോട്ട് 22.24ൽ നിന്ന് 32.1 ശതമാനമായിട്ടും ഇരുനൂനൂറോളം സീറ്റുകളിൽ വിജയം അകലെയായി. എസ്പിക്കു ലഭിച്ച വോട്ടിലെ 10 ശതമാനം വർധനയാണ് മിക്ക മണ്ഡലത്തിലും വോട്ടു കൂട്ടിയത്. എന്നാൽ എസ്‌പി ഉയർത്തിയ വെല്ലുവിളിയെ മറികടക്കാൻ വോട്ടിലെ രണ്ട് ശതമാനം വർധന മതിയായിരുന്നു ബിജെപിക്ക്. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ഉണ്ടാവാതെ വന്നതോടെ ആർഎൽഡി പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. പ്രശ്നം പഠിക്കാൻ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.
ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ അവസാന ഘട്ടത്തിലൊഴികെ ആറു ഘട്ടത്തിലും ബിജെപി സഖ്യം വ്യക്തമായ അധിപത്യം നേടി. ഒന്നാം ഘട്ടത്തിൽ 58ൽ 46 സീറ്റ് ബിജെപി നേടി. രണ്ടാം ഘട്ടത്തിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ റോഹിൽഖണ്ഡിൽ 55ൽ 32 സീറ്റ് നേടിയപ്പോൾ എസ്പി സഖ്യത്തിന് 23 സീറ്റുകിട്ടി. അതേ സമയം 2017ൽ ഈ മേഖലയിൽ 37 സീറ്റായിരുന്നു ബിജെപിക്ക്.
മൂന്നും നാലും ഘട്ടം നടന്ന ബുന്ധേൽ ഖണ്ഡ്, അവധ് മേഖലകളിൽ ബിജെപി ആധിപത്യം വ്യക്തമായരുന്നു. മൂന്നാം ഘട്ടത്തിൽ 59ൽ 44 സീറ്റും നാലിൽ 59ൽ 49 സീറ്റും ബിജെപി നേടി. ആറാം ഘട്ടത്തിൽ മുൻ മന്ത്രി സ്വാമിപ്രസാദ് മൗര്യ ഉയർത്തിയ വെല്ലുവിളി ബിജെപിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ബിജെപി വിട്ട് ഇക്കഴിഞ്ഞ ജനുവരിയിലാണ് മൗര്യ എസ്‌പിക്കൊപ്പം ചേർന്നത്. അതേസമയം, മാർച്ച് ഏഴിലെ അവസാന ഘട്ടം സമാജ്‌വാദി പാർട്ടിയുടെ കുതിപ്പു കണ്ടു. 54ൽ 27 സീറ്റു വീതം ഇരു മുന്നണികളും പങ്കിട്ടു. അസംഗഢിലെ 10 സീറ്റും അംബേദ്കർ നഗരിലെ അഞ്ചും തൂത്തുവാരിയത് എസ്പി,
15 സീറ്റിൽ ഭൂരിപക്ഷം ആയിരത്തിൽ താഴെ!
403 അംഗ യുപി നിയമസഭയിൽ വെറും 15 മണ്ഡലങ്ങളിലെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. 86 മണ്ഡലങ്ങളിൽ രണ്ടായിരത്തിൽ താഴെ വോട്ടിനാണ് ബിജെപി ജയിച്ചതെന്നും അതിനു കാരണം ഉവൈസിയുടെ എഐഎംഐഎമ്മും ബിഎസ്പിയുമാണെന്നാണു പ്രധാന പ്രചാരണം. അല്ലായിരുന്നെങ്കിൽ എസ്പി ഭരണം പിടിക്കുമായിരുന്നുവെന്നും വാദിക്കുന്നവരേറെ. എന്നാൽ ഈ കഥകൾക്ക് അടിസ്ഥാനമില്ലെന്ന് തിരഞ്ഞെടുപ്പു ഫലം വിശദമായി പരിശോധിച്ചാൽ വ്യക്തമാവും.
15 സീറ്റുകളിൽ മാത്രമാണ് ആയിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായത്. ഈ 15 ഉൾപ്പെടെ 49 മണ്ഡലങ്ങളിൽ മാത്രമാണ് അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇരു മുന്നണിയുടെയും സ്ഥാനാർഥികൾ വിജയിച്ചത്. ഇതിൽ 28 പേർ ബിജെപിയും ഒരാൾ എൻഡിഎ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുമാണ്. എസ്പിയുടെ 18 പേരും ആർഎൽഡിയുടെ രണ്ടു പേരും കോൺഗ്രസിന്റെ ഒരാളുമാണ് വിജയിച്ച മറ്റുള്ളവർ. അതേസമയം, സംസ്ഥാനത്തെ 39 മണ്ഡലങ്ങളിൽ ഭൂരിപക്ഷം അര ലക്ഷത്തിനു മുകളിലാണ്. എട്ടുപേരുടെ ഭൂരിപക്ഷം ലക്ഷത്തിനു മുകളിലും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, ലക്ഷം വോട്ട് ഭൂരിപക്ഷം നേടിയ എട്ടുപേരും ബിജെപിയിൽ നിന്നാണ്.
ആയിരത്തിൽ താഴെ വോട്ടിനു വിജയിച്ച 15ൽ 9 പേർ ബിജെപിയും ആറു പേർ എസ്പിയുമാണ്. ആ ഭൂരിപക്ഷ കണക്കുകൾ ഇങ്ങനെ: ഷാഹ്ഗഞ്ച്–ബിജെപി: 719, ദൊമാരിയഗഞ്ച്–എസ്പി: 771,മൊറാദബാദ് നഗർ– ബിജെപി: 782, ജസ്റാണ– എസ്പി: 836. പതിനൊന്നു സീറ്റിൽ അഞ്ഞൂറിൽ താഴെ വോട്ടു മാത്രമാണ് ഭൂരിപക്ഷം. ദംപുർ–ബിജെപി (203), കുർസി– ബിജെപി (217), ചന്ദ്രപുർ–എസ്പി (234), നേത്തൂർ– ബിജെപി (258), രാംനഗർ–എസ്പി– (261), ഇസ്സുലി–എസ്പി–(269), ബിലാസ്പൂർ- ബിജെപി (307), നക്കുർ ബിജെപി (315), ബറോട്ട്– ബിജെപി (315) കട്റ- ബിജെപി (325), ദിബിയപുർ–എസ്പി 473 എന്നിവയാണ് ഈ മണ്ഡലങ്ങൾ. എട്ടു പേർക്ക് ആയിരത്തിനും 2000ത്തിനുമിടയിലാണ് ഭൂരിപക്ഷം. ഇവരിൽ അഞ്ചു പേർ ബിജെപിയും മൂന്നു പേർ എസ്പിയുമാണ്. മറ്റുള്ളവരെല്ലാം 2000ത്തിൽ പരം വോട്ടിനാണു വിജയികളായത്.
ഉവൈസിക്കു വെറും പേരുദോഷം?
കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെങ്കിലും, ബിജെപിയുടെ വിജയത്തിനു പിന്നിൽ ഉവൈസിയാണെന്ന ആരോപണത്തിനു കാരണമായത് പാർട്ടി സ്ഥാനാർഥികൾ ‘ചെറുതല്ലാത്ത’ വിധത്തിൽ നേടിയ വോട്ടുതന്നെയാണ്. പല മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തെക്കാൾ അൽപം കൂടുതൽ വോട്ട് എഐഎംഐഎം നേടിയതാണു വിവാദമായത്. എന്നാൽ ഉവൈസിയുടെ വോട്ടും ബിജെപിയുടെ വോട്ടും ഇരു മുന്നണികളുടെയും വിജയത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്ന കഥ.
നക്കൂറിൽ ബിജെപി 315നു വോട്ടിനു ജയിച്ചപ്പോൾ ഉവൈസിയുടെ പാർട്ടി 3591 വോട്ടും കുർസിയിൽ 217 വോട്ടിനു ബിജെപി ജയിച്ചപ്പോൾ എഐഎംഐഎം 8533 വോട്ടും നേടിയത് ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. അതേസമയം, എസ്പി 261 വോട്ടിനു വിജയിച്ച രാംനഗറിൽ 4940 വോട്ടാണ് എഐഎംഐഎമ്മിനുള്ളത്. 36,460 വോട്ടു കിട്ടിയ മുബാറക്‌പുരിൽ മാത്രമാണ് ഉവൈസിയുടെ പാർട്ടി സ്ഥാനാർഥിക്ക് കെട്ടിവച്ചു തുക തിരികെ കിട്ടിയത്.
എഐഎംഐഎമ്മിന് ഏഴു സീറ്റിൽ 500ൽ താഴെയാണ് വോട്ട്. 18 സീറ്റിൽ 2000ത്തിൽ താഴെയും എട്ടിടത്ത് 2000–3000ത്തിനും ഇടയിലാണു വോട്ട്. ബില്ലാരി– 9235, അസ്മോലി–13,024, റാണിഗഞ്ച്– 11,748, നഗീന– 9515, സംഭാൽ– 21,470, ഷാഹ്ഗഞ്ച്– 8128 സുൽത്താൻപുർ 5251, സോറോൺ– 5128, ഗോപാൽപുർ 8163, കുർസി– 8451, തുണ്ട– 7431, ഉൾറ–12,302, ഫിറോസബാദ് 18,958, കുന്താർകി 14,251, ജാംപുർ 6228 എന്നിവിടങ്ങളിൽ മാത്രമാണു എഐഎംഐഎമ്മിനു അയ്യായിരത്തിനു മേൽ വോട്ടു കിട്ടിയത്.
അതേസമയം മുസ്ലിംകൾക്കു നിർണായക ശക്തിയുള്ള ഈ മണ്ഡലങ്ങളിൽ വിജയികൾക്കു ലഭിച്ച വൻ ഭൂരിപക്ഷം എഐഎംഐഎമ്മിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്നതിന്റെ കൂടി സൂചനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ പാർട്ടിക്കു പല മണ്ഡലങ്ങളിലും കിട്ടിയ വോട്ട് ഇത്തവണ ഒലിച്ചുപോയതായും കാണാം. 2017ൽ 59,303 വോട്ട് കിട്ടിയ സംഭാലിൽ ഇത്തവണ 21,470 വോട്ടു മാത്രമാണ് കിട്ടിയത്.
എഐഎംഐഎം സ്ഥാനാർഥിക്ക് ഇത്തവണ18,958 വോട്ടു കിട്ടിയ ഫിറോസാബാദിൽ ബിജെപിക്ക് 32,000 വോട്ടാണ് ഭൂരിപക്ഷം. എസ്പിക്ക് കുന്താർകിയിൽ 43,000 വോട്ടും നഗീനയിൽ 25,000 വോട്ടും മുബാറക് നഗറിൽ 28,000 വോട്ടും സംഭാലിൽ 42,000 വോട്ടും ഭൂരിപക്ഷമുണ്ട്. ഏഴോ എട്ടോ ഒഴികെ മിക്ക മണ്ഡലങ്ങളിലും ഇരു മുന്നണികളും എഐഎംഐഎമ്മിനു ലഭിച്ച വോട്ടിനേക്കാൾ വലിയ ഭൂരിപക്ഷത്തിലാണു വിജയിച്ചിട്ടുള്ളത്.
ലക്ഷങ്ങൾ ഭൂരിപക്ഷം!
എട്ട് മണ്ഡലങ്ങളിൽ ലക്ഷത്തിൽപരം വോട്ടിനാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്. അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ 31 സ്ഥാനാർഥികൾ ജയിച്ചു. ഇതിൽ മൂന്നിടത്ത് എസ്പിയും 28ൽ ബിജെപിയുമാണ് നേട്ടം കൊയ്തത്. ബിജെപിയുടെ 117 വിജയികൾക്ക് കാൽലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ബിജെപിയുടെ 59 സ്ഥാനാർഥികൾ 40,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ എസ്പിയുടെ 11 പേരാണ് ഈ പട്ടികയിലുള്ളത്. ബിജെപിയുടെ 32 പേർ 30,000ത്തിനും 40,000ത്തിനുമിടയിൽ ഭൂരിപക്ഷം നേടിയപ്പോൾ എസ്പിയുടെ 11 പേരും ഈ പട്ടികയിലുണ്ട്.
ഇരു മുന്നണികൾക്കും വോട്ടുകൂടി
തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും വോട്ട് ഉയർത്തിയതും ഇത്തവണത്തെ പ്രത്യേകതയാണ്. തോറ്റ മിക്ക മണ്ഡലങ്ങളിൽ പോലും ഇരു മുന്നണികളുടെയും വോട്ടുവിഹിതം കൂടിയതായി കാണാം. 403 സീറ്റിൽ 305ൽ ബിജെപിയും എസ്പിയും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. ഇതിൽ 206 സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ 99 ലാണ് എസ്പിക്ക് ജയം. ബിജെപി സ്ഥാനാർഥികൾ ശരാശരി 28,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ എസ്പിയുടെ ശരാശരി ഭൂരിപക്ഷം 17,800 മാത്രമാണ്
ഇരുനൂറോളം മണ്ഡലങ്ങളിൽ ബിജെപിയെ മറികടക്കാൻ എസ്പി സഖ്യത്തിനായില്ല. മഥുര പോലുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ടു വിഹിതം കൂട്ടി. 2017ലെ 1,43,361 വോട്ട് ഇത്തവണ 1,58,475 വോട്ടായി ബിജെപി ഉയർത്തിയപ്പോൾ കോൺഗ്രസിന് 49,056 വോട്ടും എസ്പിക്ക് 18,476 വോട്ടും മാത്രമാണ് കിട്ടിയത്. കഴിഞ്ഞ തവണ ആർഎൽഡി നേടിയ 29,080 വോട്ടു പോലും എസ്പിക്ക് നേടാനായില്ല.
ഒട്ടേറെ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ വോട്ടു വിഹിതം നന്നായി കൂട്ടിയതും കാണാം. കുശിനഗരിൽ 2017ലെ 97,132ൽ നിന്ന് 1,15,268 ആയി ഉയർന്നു. കനൗജിൽ 96,913ൽ നിന്ന് 1,20,876 ആയി. എസ്പി വിജയിച്ച കാൻപുർ കന്റോൺമെന്റിലും മെറ്റേരയിലും ബിജെപി വോട്ട് ഉയർന്നു. കാൻപുറിൽ 71,806ൽ നിന്ന് 74,742 ആയപ്പോൾ മെറ്റേരയിൽ 78,578ൽ നിന്ന് 91,827 ആയി.
ബിജെപിക്കുമേറ്റു തിരിച്ചടി
തലസ്ഥാനമായ ലക്നൗവിലെ രണ്ട് മണ്ഡലങ്ങൾ ബിജെപിക്കു നഷ്ടമായത് ബിഎസ്പി, കോൺഗ്രസ് വോട്ടുകൾ എസ്പിയിലേക്ക് പോയതോടെയാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ലക്നൗ വെസ്റ്റിൽ ബിഎസ്പിയുടെ വോട്ട് 2017ലെ 36,247ൽനിന്ന് 10,061ലേക്ക് കുറഞ്ഞപ്പോൾ എസ്പിയുടെത് 79,834ൽനിന്ന് 1,24,447 ആയി ഉയർന്നു. ബിജെപി വോട്ട് 1,16,314 ആയെങ്കിലും വിജയം എസ്പിക്കായിരുന്നു. ലക്നൗ സെൻട്രലിലും ഈ മാറ്റം കാണാം. ഇവിടെ ബിഎസ്പി വോട്ട് 24,231ൽ നിന്ന് 6181 ആയി. എസ്പിയുടെ വോട്ട് 1,04,488ൽ എത്തി. 2017 ൽ ഇവിടെ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 12,282 വോട്ടു നേടി. ഇത്തവണ കോൺഗ്രസിന് 2927 വോട്ടു മാത്രമാണു കിട്ടിയത്. ബിജെപി വോട്ട് 78,000ത്തിൽ നിന്ന് 95,553 ആയെങ്കിലും തോറ്റു.
പാർട്ടിയുടെ വോട്ടു കൂടിയിട്ടും ജയിക്കാൻ കഴിയാതെ പോയ ദുരനുഭവമാണ് ബിജെപിയുടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേത്. കഴിഞ്ഞ തവണ എസ്പി ജയിച്ച സിരാത്തുവിൽ ബിജെപി വോട്ട് 78,475ൽ നിന്ന് 98,745 ആക്കിയിട്ടും 7300ൽ പരം വോട്ടിന് തോൽക്കാനായിരുന്നു മൗര്യയുടെ വിധി. ഒട്ടേറെ മണ്ഡലങ്ങളിൽ ഇത്തരത്തിൽ ബിജെപി, സമാജ്‌വാദി സ്ഥാനാർഥികൾ വോട്ടുവിഹിതം കൂട്ടിയെങ്കിലും വിജയം അകലെത്തെന്നെ ആയിരുന്നു.
English Summary: Is Mayawati's BSP and Owaisi's AIMIM Helped BJP to Divide the SP/Congress Votes in UP Assembly Elections? A Statistical Analysis